കുട്ടികൾക്കും ഇന്റർനെറ്റ് മൗലികാവകാശം; ചൈൽഡ് മോഡ് നിർദേശിച്ച് സുപ്രീംകോടതി

കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയാൽ അവർ ഓൺലൈൻ ലോകം ഉപേക്ഷിക്കുമെന്ന് കരുതാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പകരം, നിയന്ത്രണങ്ങളില്ലാത്തതും കൂടുതൽ അപകടസാധ്യതയുള്ളതുമായ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും വെബ്‌സൈറ്റുകളിലേക്കും അവർ മാറിയേക്കാമെന്ന് സുപ്രീം കോടതി.

News Desk

ഇന്റർനെറ്റ് കുട്ടികൾക്ക് കേവലം വിനോദത്തിനുള്ള ഉപാധിയല്ല, അറിവിലേക്കും വിദ്യാഭ്യാസത്തിലേക്കും അഭിപ്രായപ്രകടനത്തിലേക്കും വഴിതുറക്കുന്ന നിർണായക മാധ്യമമാണെന്ന് സുപ്രീംകോടതി. കുട്ടികൾക്കും മുതിർന്നവരെപ്പോലെ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും സംബന്ധിച്ച വിവരങ്ങൾ (CSEAM ) റിപ്പോർട്ട് ചെയ്യുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പരാജയപ്പെടുന്നുവെന്ന് ആരോപിച്ച് ചൈൽഡ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ് എന്ന സംഘടന സമർപ്പിച്ച അപേക്ഷകൾ കേൾക്കുന്നതിനിടെയാണ് കോടതിയുടെ ഈ നിരീക്ഷണം.

“ഭരണഘടനയുടെ 21-ാം അനുച്ഛേദവും 19(1)(a) അനുച്ഛേദവും ചേർത്തുവായിക്കുമ്പോൾ, ഇന്റർനെറ്റ് ലഭ്യമാക്കാനും ഉപയോഗിക്കാനുമുള്ള അവകാശം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് പറയാതിരിക്കാൻ സാധിക്കില്ല. പ്രായഭേദമന്യേ കുട്ടികൾക്കും ഇതേ അവകാശങ്ങളുണ്ട്. ഈ അവകാശം പൂർണമായി നിഷേധിക്കുന്നത് തികച്ചും അസംബന്ധമായിരിക്കും,” എന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും വിനോദ് കെ. ചന്ദ്രനും അടങ്ങിയ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

പൂർണ്ണമായ നിരോധനത്തിന് പകരം, മാതാപിതാക്കളുടെ സമ്മതം, മാർഗ്ഗനിർദ്ദേശം, മേൽനോട്ടം തുടങ്ങിയ സുരക്ഷാ മാർഗങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കായി ഒരു "ചൈൽഡ് മോഡ്" സംവിധാനവും ബെഞ്ച് നിർദ്ദേശിച്ചു.
പൂർണ്ണമായ നിരോധനത്തിന് പകരം, മാതാപിതാക്കളുടെ സമ്മതം, മാർഗ്ഗനിർദ്ദേശം, മേൽനോട്ടം തുടങ്ങിയ സുരക്ഷാ മാർഗങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കായി ഒരു "ചൈൽഡ് മോഡ്" സംവിധാനവും ബെഞ്ച് നിർദ്ദേശിച്ചു.

പ്രായത്തിന്റെ പേരിൽ കുട്ടികൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം പൂർണമായി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്. കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടതും അവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ ഓൺലൈൻ സുരക്ഷാ ശക്തിപ്പെടുത്തുന്നതിന് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചൈൽഡ് മോഡ് പോലെയുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇന്റർനെറ്റ് പൂർണ്ണമായി നിരോധിക്കരുതെന്നും ബെഞ്ച് നിർദേശിച്ചു.

പൂർണ്ണമായ നിരോധനത്തിന് പകരം, മാതാപിതാക്കളുടെ സമ്മതം, മാർഗ്ഗനിർദ്ദേശം, മേൽനോട്ടം തുടങ്ങിയ സുരക്ഷാ മാർഗങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കായി ഒരു "ചൈൽഡ് മോഡ്" സംവിധാനവും ബെഞ്ച് നിർദ്ദേശിച്ചു. കുട്ടികളുടെ അക്കൗണ്ടുകൾ സ്വകാര്യമാക്കുക, അജ്ഞാതരായ മുതിർന്നവരിൽ നിന്നുള്ള കോൺടാക്റ്റുകളും സന്ദേശങ്ങളും നിയന്ത്രിക്കുക, കുട്ടികൾക്ക് ആക്‌സസ് ചെയ്യാവുന്ന പരസ്യങ്ങളും ഉള്ളടക്കവും മോഡറേറ്റ് ചെയ്യുക എന്നിവഇതിൽ ഉൾപ്പെടാം .

ഇന്റർനെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട മൗലികാവകാശത്തെക്കുറിച്ച് നേരത്തെയും സുപ്രീംകോടതി നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അനുരാധ ഭാസിൻ വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 2020-ൽ പുറപ്പെടുവിച്ച വിധിയിൽ, ഇന്റർനെറ്റിലൂടെ അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും വിനിയോഗിക്കുന്നതിനും വ്യാപാരമോ ബിസിനസോ നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യത്തിന് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 19(1)(a), 19(1)(g) അനുച്ഛേദങ്ങളാണ് ഇതിന് അടിസ്ഥാനമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഇന്റർനെറ്റ് ലഭ്യതയ്ക്കുള്ള അവകാശം സ്വതന്ത്രമായി തന്നെ ഒരു മൗലികാവകാശമാണോ എന്ന കാര്യത്തിൽ അന്ന് കോടതി വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല.

അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ വിവരങ്ങൾ അറിയാനും സ്വീകരിക്കാനും ആശയങ്ങളും വിവരങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമുള്ള അവകാശവും ഉൾപ്പെടുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

പ്രഗ്യ വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ (2025) കേസിൽ ഡിജിറ്റൽ പ്രവേശനത്തിനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ പരിധിയിൽ മൗലികാവകാശമായി കോടതി അംഗീകരിച്ചിരുന്നു. ഈ വിധികളുടെ അടിസ്ഥാനത്തിലാണ് കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന നിലപാടിലേക്ക് കോടതി എത്തിയത്.

കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽനിന്ന് സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, ആ സംരക്ഷണം അവരുടെ അറിവുനേടാനുള്ള അവസരങ്ങളെയും അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാകരുത്.
കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽനിന്ന് സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, ആ സംരക്ഷണം അവരുടെ അറിവുനേടാനുള്ള അവസരങ്ങളെയും അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാകരുത്.

ഇന്നത്തെ ഇന്റർനെറ്റ് ലോകം കുട്ടികൾക്ക് പൂർണമായും സുരക്ഷിതമല്ലെന്ന് കോടതി അംഗീകരിച്ചു. എന്നാൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഹാനികരമായ ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിൽ പരാജയപ്പെടുന്നതിന്റെ പേരിൽ കുട്ടികളെ ഇന്റർനെറ്റിൽനിന്ന് അകറ്റുന്നത് പ്രശ്‌നത്തിന്റെ യഥാർഥ ഉത്തരവാദികളെ തിരിച്ചറിയുന്നതിന് പകരം ഇരകളെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയാൽ അവർ ഓൺലൈൻ ലോകം ഉപേക്ഷിക്കുമെന്ന് കരുതാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പകരം, നിയന്ത്രണങ്ങളില്ലാത്തതും കൂടുതൽ അപകടസാധ്യതയുള്ളതുമായ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും വെബ്‌സൈറ്റുകളിലേക്കും അവർ മാറിയേക്കാം. അതിനാൽ, വിലക്കുകൾ മാത്രം മുന്നോട്ടുവയ്ക്കുന്നതിനുപകരം സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന സന്ദേശമാണ് കോടതിയുടെ നിരീക്ഷണത്തിലുള്ളത്.

ആശയങ്ങളുടെയും സർഗാത്മകമായ ആവിഷ്‌കാരത്തിന്റെയും വിവരങ്ങളുടെയും വിശാലമായ ഇടമായാണ് കോടതി ഇന്റർനെറ്റിനെ വിശേഷിപ്പിച്ചത്. വീട്ടിൽ നിന്നും മാറി വിട്ട് താമസിക്കുന്ന കുട്ടികൾക്ക് പഠനത്തിനും വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള ഏക മാർഗം പലപ്പോഴും ഇന്റർനെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽനിന്ന് സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, ആ സംരക്ഷണം അവരുടെ അറിവുനേടാനുള്ള അവസരങ്ങളെയും അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാകരുത്. നിയന്ത്രണങ്ങൾക്കൊപ്പം ഡിജിറ്റൽ സുരക്ഷയും ഉത്തരവാദിത്വമുള്ള പ്ലാറ്റ്‌ഫോമുകളും ഫലപ്രദമായ പരാതിപരിഹാര സംവിധാനങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ ഉയർത്തിക്കാട്ടുന്നത്.

Comments