കോടതി തന്നെ പ്രതിയായാൽ?

അതിജീവിത അവസാനം സമർപ്പിച്ച ഹരജിയിൽ നീതിപീഠത്തിൽ ആരോപിച്ചിരിക്കുന്ന വീഴ്ചകൾ ഗുരുതരമാണ്. ഭരിക്കുന്നവർക് അടിതെറ്റിയാൽ നമ്മൾ സമീപിക്കുന്ന സ്ഥാപനമാണ് കോടതി. അവിടെ നിന്ന്​ പ്രതീക്ഷയില്ലെങ്കിൽ ഒരു സാധാരണ പൗര പിന്നെ എങ്ങോട്ടു പോകും?

ജാനകി

തിജീവിത എന്ന പദത്തിന് ഒരു കാന്തശക്തി ഉണ്ട്.
പക്ഷെ അതിജീവിയ്ക്കുക എന്നത് അത്ര എളുപ്പമല്ലെന്ന്​ നമ്മൾ അറിഞ്ഞു കൊണ്ടിരിക്കുകയാണ്.

മെയ് 27ന്, ഒരിക്കൽ കൂടി എറണാകുളത്തെ ഹൈക്കോടതി പരിസരം കേരള സമൂഹത്തിന്റെ നൈതിക ഊർജ്ജത്തിന്​ സാക്ഷിയാവുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ നീതി നടപ്പാകുമോ എന്ന ആശങ്ക ഒരു വലിയ പൗരസമൂഹത്തെ കോടതി മുൻപാകെ എത്തിക്കുകയാണ്. അഞ്ചു വർഷമായി മുറിവേൽക്കപ്പെട്ട ഒരു സ്ത്രീ നടത്തികൊണ്ടിരിക്കുന്ന നിയമയുദ്ധത്തിന്റെ സുപ്രധാന വഴിത്തിരിവിലാണ് നാമിപ്പോൾ. ആ അപൂർവ്വമായ ആത്മവീര്യത്തിനു മുന്നിൽ നമിച്ച്​ പറയട്ടെ, അവരുടെ പോരാട്ടം അവർക്കുവേണ്ടി മാത്രമല്ല. അവർക്കു നീതി കിട്ടുമ്പോൾ നമുക്ക് ഓരോരുത്തർക്കുമാണ് നീതി ലഭിക്കുന്നത്. നമ്മൾ ഓരോരുത്തരുമാണ് അതിജീവിക്കുന്നത്.

മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചക്കുശേഷം, അവർ റിപ്പോർട്ടർ ടി.വിയുമായി നടത്തിയ അഭിമുഖത്തിൽ, തന്റെ കടപ്പാട് രേഖപ്പെടുത്തുന്നത് സങ്കടത്തോടെയാണ് കണ്ടതും, കേട്ടതും- പിന്തുണച്ച കേരള സമൂഹത്തോട്, മാധ്യമങ്ങളോട്, ആക്ടിവിസ്റ്റുകളോട്, പ്രാർത്ഥനകളോടെ ആത്മബലമേകിയ ആയിരക്കണക്കിന് സാധാരണ ജനങ്ങളോട്. പക്ഷെ കടപ്പാടുണ്ടാവേണ്ടത് നമ്മൾക്കാണ്. കാരണം അവർ നടത്തുന്ന യുദ്ധം, സമൂഹത്തിനും കൂടിയാണ്. അതിജീവിക്കുന്ന ഒരു വ്യക്തിയും ആരോടും നന്ദി പറയേണ്ടതില്ല. കാരണം, അതിജീവിക്കുന്നത്​ ഒരൊറ്റ വ്യക്തിയല്ല. ഒരു നൈതിക സമൂഹമാണ്.

ഓരോ തവണയും ഈ അപൂർവമായ, കേട്ടുകേൾവിയില്ലാത്ത എന്ന് പറയപ്പെടുന്ന ആക്രമണത്തിന്റെ വിശദാംശങ്ങൾ വായിക്കുമ്പോഴും തീരാത്ത ഞെട്ടലിലൂടെ ഓരോ സ്ത്രീയും കടന്നുപോകുന്നുണ്ട്. എന്നാൽ, കോടതിക്കകത്തും പുറത്തും അതിജീവിത അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ ആഘാതം അതിലും ഒട്ടും കുറവല്ല. അവർ അനുഭവിച്ച ക്രൂരതയുടെ ദൃശ്യങ്ങൾ ചോർന്നു പോയാലുണ്ടാവുന്ന അപവാദത്തെ കൂസാതെ, പൊതുസമൂഹത്തിനുമുന്നിൽ നടന്നതെല്ലാം വെളിപ്പെടുത്തിയത് സ്വയം ഭയത്തിൽനിന്നും, ഭീഷണിയിൽ നിന്നും മുക്തയാകാനാണെന്ന്​ അവർ പറയുന്നത് കേട്ടിരുന്നു. എത്ര വലിയ, ദൃഢമായ പിന്തുണ ഉണ്ടായാലും ആ തീരുമാനം ഉരുത്തിരിയേണ്ടത് ഒരു വ്യക്തിയുടെ ഉള്ളിൽ നിന്നാണ്. ആ നിശ്ചയദാർഢ്യത്തിനോടും മനക്കരുത്തിനോടും കേരളസമൂഹം അതിജീവിതയോടാണ് കടപ്പെട്ടിരിക്കുന്നത്.

സ്ത്രീയുടെ ഉടൽദൃശ്യങ്ങളെ വെച്ച് വിലപേശുന്നവരുടെ മുന്നിൽ, ഉയിരും ഉശിരും ഉള്ള ഉടലോടെ തന്നെ അവർ വന്നുനിൽക്കുകയാണ് -സുവ്യക്തമായി, യുക്തിഭദ്രമായി, തനിക്കുവേണ്ടി, തന്നെപ്പോലുള്ള ആയിരക്കണക്കിന് സ്ത്രീകൾക്കായി സ്വയം വാദിക്കുകയാണ്. വിചാരണക്കൂട്ടിൽ നമ്മൾ അവരെ കാണുന്നില്ലെങ്കിലും പൊതുസമൂഹത്തിനു മുന്നിൽ അവർ വാദിക്കുന്നു- നിസ്സംശയം, സധൈര്യം.
ഓരോ തവണ കേസ് അട്ടിമറിക്കപ്പെടാനുള്ള സാദ്ധ്യതകൾ ഉയരുമ്പോഴും അടിതെറ്റാതെ അവർ ഇടപെടുന്നു. ആ ഇടപെടലിന് ഇടം നൽകുന്ന, അതിനു ശക്തി പകരുന്ന മാധ്യമങ്ങളും, മാധ്യമ ചർച്ചകളിൽ പങ്കെടുത്ത്​ നേർവഴി കാട്ടുന്നവരും തരുന്ന ആശ്വാസം ചെറുതല്ല!

ഭരണനേതൃത്വത്തിന്റെ സുമനസ്സിൽ തൂങ്ങിയാടേണ്ട ഒന്നാണോ ഒരു ജനതയുടെ നീതിബോധം? കേട്ടുകേൾവിയില്ലാത്ത കേസിന്റെ തുടർന്നുള്ള ഘട്ടങ്ങളും അമ്പരിപ്പിച്ചുകൊണ്ടിരിക്കുന്നു. വിധി കൈയ്യെത്തും ദൂരത്താണെന്നു തോന്നുമ്പോഴും കൈയിൽ നിന്ന്​വഴുതിപ്പോകുന്നു.

മാതൃകാപരമായി ശിക്ഷ നടപ്പാക്കുക എന്നതാണ് നീതിപീഠത്തിന്റെ ധർമം എന്ന് നമ്മൾ വിശ്വസിക്കുന്നു. പക്ഷെ ശിക്ഷ മാത്രമല്ല മാതൃകാപരം ആകേണ്ടത്. നീതിനടത്തിപ്പിന്റെ പ്രക്രിയ കൂടി മാതൃകാപരം ആകേണ്ടതുണ്ട്. അവിടെയാണ് നമുക്കു പിഴച്ചുപോയത്. കുറച്ചു ദിവസങ്ങളായി ഉണ്ടായ സംഭവവികാസങ്ങൾ ഏറെ വേദനാജനകമാകുന്നതും അതുകൊണ്ടാണ്. സങ്കല്പിക്കാൻ പോലും കഴിയാത്ത പിരിമുറുക്കങ്ങളിലൂടെ കടന്നുപോയ നടി മുഖ്യമന്ത്രിയെ കണ്ട്​ നീതി ഉറപ്പുവരുത്തേണ്ടി വരിക എന്നത് ഒട്ടും ആശാവഹമല്ലല്ലോ.

ഒരു സുപ്രധാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആയുധമായി ഈ കേസ് മാറിയത് മത്സരിക്കുന്ന പാർട്ടികൾക്ക് ഗുണകരമായിരിക്കും. ഒരു സിവിൽ സമൂഹത്തിന്​ അത് ഭൂഷണമല്ല. ജഡ്ജി അടക്കമുള്ള നീതിപീഠത്തിന്റെ കാവലാളുകളിൽ തനിക്കു പ്രതീക്ഷയില്ല എന്നുപറഞ്ഞ്​ അതിജീവിത ഭരണത്തലവനെ സമീപിക്കുമ്പോൾ ചിന്തിച്ചുപോകുന്നു- നമ്മൾ ഒരു ജനാധിപത്യ സംവിധാനത്തിൽ തന്നെയാണോ ജീവിക്കുന്നത്? കാരണം, കോടതിയിൽ സംസാരിക്കുന്നത്​ തെളിവുകളാണ്. ആ തെളിവുകൾ നശിപ്പിക്കാനുള്ള കളികളാണ് നടന്നിരിക്കുന്നത്. ഈ കേസിന്റെ ഗതിവിഗതികളെ നിയന്ത്രിച്ചു എന്നുപറയപ്പെടുന്ന ഘടകങ്ങൾ -
ധനശേഷി ,ആൾബലം, ധാർഷ്ട്യം- എല്ലാ കേസുകളിലും നിർണായക പങ്കു വഹിക്കുന്നുണ്ടാവണം. പക്ഷെ, ഈ കേസിന്​ അപൂർവ്വമായ പ്രതീകാത്മക പ്രാധാന്യം കൈവന്നിരിക്കുന്നു. ഇവിടെ അതിജീവിതയിലൂടെ വിസ്തരിക്കപ്പെടുന്നത് ഓരോ സ്ത്രീയുമാണ്.

കേസിന്റെ സാങ്കേതികതകളെ കുറിച്ച് സംസാരിക്കാനുള്ള നിയമപരിജ്ഞാനം സാധാരണക്കാർക്കില്ലെങ്കിലും നമുക്കു ഒന്ന് മനസ്സിലാക്കാം; അതിജീവിത അവസാനം സമർപ്പിച്ച ഹരജിയിൽ നീതിപീഠത്തിൽ ആരോപിച്ചിരിക്കുന്ന വീഴ്ചകൾ ഗുരുതരമാണ്. ഭരിക്കുന്നവർക് അടിതെറ്റിയാൽ നമ്മൾ സമീപിക്കുന്ന സ്ഥാപനമാണ് കോടതി. അവിടെ നിന്ന്​ പ്രതീക്ഷയില്ലെങ്കിൽ ഒരു സാധാരണ പൗര പിന്നെ എങ്ങോട്ടു പോകും? ഭരണനേതൃത്വത്തിന്റെ സുമനസ്സിൽ തൂങ്ങിയാടേണ്ട ഒന്നാണോ ഒരു ജനതയുടെ നീതിബോധം? കേട്ടുകേൾവിയില്ലാത്ത കേസിന്റെ തുടർന്നുള്ള ഘട്ടങ്ങളും അമ്പരിപ്പിച്ചുകൊണ്ടിരിക്കുന്നു. വിധി കൈയ്യെത്തും ദൂരത്താണെന്നു തോന്നുമ്പോഴും കൈയിൽ നിന്ന്​വഴുതിപ്പോകുന്നു. തെളിവുകളിൽ നിന്ന് തെളിച്ചത്തിലേക്കല്ല, കൂടുതൽ കലക്കവെള്ളത്തിലേക്കാണ് നമ്മൾ ഊളിയിടുന്നത്.

ഇന്നും കേരളം സ്ത്രീസൗഹൃദ സമൂഹമായിട്ടില്ല. അതിലേക്കാണ് നമ്മുടെ പ്രയാണം എങ്കിൽ ഈ കേസ് ഒരു പ്രധാന നാഴികക്കല്ലായിരിക്കും.

ഒരു ആൺകോയ്മാ സമൂഹത്തിൽ സ്ത്രീക്ക് നീതി ലഭിക്കുക എന്നത് എന്നും ശ്രമകരമായിരുന്നു. ഇന്നും അത് തുടരുകയാണ്. ഇന്നും കേരളം സ്ത്രീസൗഹൃദ സമൂഹമായിട്ടില്ല. അതിലേക്കാണ് നമ്മുടെ പ്രയാണം എങ്കിൽ ഈ കേസ് ഒരു പ്രധാന നാഴികക്കല്ലായിരിക്കും. സിനിമയുടെ ആഗോളചരിത്രത്തിൽ തന്നെ, നിയമ ചരിത്രത്തിൽ തന്നെ, ഒരു റഫറൻസ് പോയിൻറ്​. കുഞ്ഞുങ്ങൾ മുതൽ വൃദ്ധകൾ വരെ, അതിജീവിതകളും അതിജീവിക്കാത്തവരും നമ്മുടെ സമൂഹത്തിലുണ്ട്. അതുകൊണ്ടു, ഒരു പ്രശസ്ത വ്യക്തിയായ, സെലിബ്രിറ്റിയായ സ്ത്രീക്ക് നീതി ലഭിക്കുക ഇത്ര ദുഷ്‌കരമാണെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും എന്ന ആകുലത ഈ കേസിന്റെ ചർച്ചകളിൽ കേൾക്കുന്ന ഒന്നാണ്.

നമുക്കൊന്നു മാറി ചിന്തിക്കാൻ തുടങ്ങിയാലോ?
​ഏതൊരു സാധാരണ സ്ത്രീക്കും നീതി ലഭ്യമാകുന്ന, ലിംഗനീതിയിലുറച്ച ഒരു വ്യവസ്ഥയും കാഴ്ചപ്പാടും മൂല്യസംഹിതയും ഇവിടെ മുന്നേ ഉണ്ടായിരുന്നെങ്കിൽ പ്രശസ്തയായ ഈ നടിക്കും നീതി ലഭിക്കാൻ ഇത്ര പ്രയാസമാകുമായിരുന്നില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ജാനകി

കോഴി​ക്കോട്​ സർവകലാശാലയിൽ ഇംഗ്ലീഷ്​ അധ്യാപിക.

Comments