ഏദൻ തോട്ടം മുതൽ കോടതിവിധി വരെ:
​മനുഷ്യപതനത്തിന്റെ കഥകൾ തുടരുകയാണ്

ബൈബിൾ ടെക്​സ്​റ്റ്​ ആയാലും കോടതിവിധിയുടെ ടെക്​സ്​റ്റ്​ ആയാലും പുരുഷാധിപത്യം നഗ്‌നസത്യം ആയി തന്നെ നിലനിൽക്കുന്നു. ലൈംഗികാക്രമണക്കേസിൽ ഫ്രാ​ങ്കോയെ വെറുതെവിട്ട കോടതിവിധിയുടെ മനഃശ്ശാസ്​ത്ര വായന

മരത്തിന്റെ പഴം ആസ്വാദ്യവും കണ്ണിനു കൗതുകകരവും അറിവേകാൻ കഴിയുമെന്നതിനാൽ അഭികാമ്യവും ആണെന്നുകണ്ട്​ അവൾ പറിച്ചുതിന്നു. തന്റെ ഭർത്താവായ ആദത്തിനും കൊടുത്തു, അവനും തിന്നു. ഉടനെ തന്നെ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്‌നരാണെന്ന് തിരിച്ചറിഞ്ഞ അവർ അത്തിയിലകൾ തുന്നിച്ചേർത്ത് നാണം മറച്ച് മരങ്ങൾക്കിടയിൽ ഒളിച്ചു.
ദൈവം ആദത്തിനെ വിളിച്ചു; നീ എവിടെയാണ്?
‘നഗ്‌നനായതുകൊണ്ട് ഞാൻ ഒളിച്ചതാണ്’, അവൻ പറഞ്ഞു.
‘ഞാൻ തിന്നരുതെന്ന് കൽപ്പിച്ച മരത്തിലെ പഴം നീ തിന്നുവോ?’
‘എനിക്ക് കൂട്ടിനുതന്ന സ്ത്രീ മരത്തിലെ പഴം എനിയ്ക്കുതന്നു. ഞാൻ തിന്നു.’
ദൈവം സ്ത്രീയോട് ചോദിച്ചു, ‘നീ എന്താണ് ചെയ്തത്?’
അവൾ പറഞ്ഞു, ‘സർപ്പം എന്നെ വഞ്ചിച്ചു, ഞാൻ തിന്നു.’
ദൈവം സ്ത്രീയോട് പറഞ്ഞു, ‘നിന്റെ ഗർഭാരിഷ്ടതകൾ ഞാൻ വർധിപ്പിക്കും, നീ വേദനയോടെ കുട്ടികളെ പ്രസവിക്കും, എങ്കിലും നിനക്ക് ഭർത്താവിൽ അഭിലാഷം ഉണ്ടായിരിക്കുകയും അവൻ നിന്നെ ഭരിക്കയും ചെയ്യും.’

ബൈബിൾ സൃഷ്ടിക്കുന്ന കഥയായാലും കോടതി നിർമിക്കുന്ന കഥയായാലും, കഥ സത്യമാകുകയാണ് അല്ലെങ്കിൽ ആക്കുകയാണ്. നമ്മൾ ആ കഥകൾക്കകത്തോ പുറത്തോ ആകാം നിലകൊള്ളുന്നത്.

ഈ ബൈബിൾ കഥയിൽനിന്ന് പ്രശസ്ത കലാനിരൂപകനായ ജോൺ ബർജർ കണ്ടെടുക്കുന്നത് രണ്ടുകാര്യങ്ങളാണ്. ഒന്ന് കുറ്റം എല്ലായ്പ്പോഴും സ്ത്രീയുടേതാണ്. രണ്ട്, സ്ത്രീയുടെ മുന്നിൽ പുരുഷൻ ദൈവത്തിന്റെ പ്രതിരൂപമായി മാറി. അന്നുതൊട്ട് ഇന്നുവരെ ഇതുതന്നെയാണ് കഥ. ബൈബിൾ ടെക്​സ്​റ്റ് ആയാലും കോടതിവിധിയുടെ ടെക്​സ്​റ്റ്​ ആയാലും പുരുഷാധിപത്യം നഗ്‌നസത്യം ആയി തന്നെ നിലനിൽക്കുന്നു.

പുതിയ കഥയിൽ, ‘ദൈവത്തിന്റെ പ്രതിപുരുഷൻ’ കുറവിലങ്ങാട്ട് മഠത്തിൽ റൂം നമ്പർ 20-ൽ വെച്ച് കർത്താവിന്റെ മണവാട്ടിയെ ലൈംഗികമായി ആക്രമിക്കുന്നു. പലതവണ പല കാലങ്ങളിൽ. അതുണ്ടാക്കിയ നാണക്കേടും ഭയവും കുറ്റബോധവും മൂലം സിസ്റ്റർ വിവരം പുറത്തുപറയുന്നില്ല. പ്രതിപുരുഷൻ ആകട്ടെ തനിക്ക് കിട്ടിയ അധികാരമുപയോഗിച്ച് സിസ്റ്ററിനെ ഭരിക്കാൻ ശ്രമിക്കുന്നു.

ബർജർ പറയുന്നത് റിനൈസൻസ് കാലഘട്ടങ്ങളിലെ പെയിന്റിങ്ങുകളിൽ ഈ ബൈബിൾ കഥയുടെ സാരംശമായി വരച്ചുചേർക്കുന്ന നിമിഷം (moment) ഹവ്വയും ആദവും അനുഭവിക്കുന്ന നാണക്കേടിന്റെ നിമിഷം ആണെന്നാണ്. കുറച്ചുകൂടി കഴിയുമ്പോൾ നാണം മറയ്ക്കുന്നതിന്റെ ആവശ്യം കഥകളിലും പെയിന്റിങ്ങുകളിലും സ്ത്രീയുടെ മാത്രം ആവശ്യമായി മാറുന്നു.
ഇവിടെയും ലൈംഗികാക്രമണത്തിനുശേഷം സിസ്റ്ററിനെ തകർത്ത്​ ‘ദൈവത്തിന്റെ പ്രതിപുരുഷൻ’ എതിരെ നിൽക്കുന്നു. നാണം മറയ്‌ക്കേണ്ട അവസ്ഥ സ്ത്രീയുടേതുമാത്രമാകുന്നു. അവസാനം എവിടുന്നെല്ലാമോ കിട്ടിയ ധൈര്യം കൈമുതലാക്കി സ്വന്തം ശക്തി കണ്ടെടുക്കുന്ന സിസ്റ്റർ, രാജാവ് നഗ്‌നനാണെന്ന് വിളിച്ചുപറയുന്നു.

Painting: The Fall and the Expulsion from Paradise by Limbourg brothers

ബർജർ തുടരുന്നു. ഇവിടെ പെയിന്റിങ്ങുകളിൽ കാഴ്ചക്കാരൻ / നിരീക്ഷകൻ ആണ് കേന്ദ്രബിന്ദു. അയാളിൽനിന്ന് നാണം മറയ്ക്കേണ്ട അവസ്ഥയാണുള്ളത്. ഇവിടെ കോടതിയാണ് നിരീക്ഷകൻ. കോടതിയുടെ പുരുഷകാഴ്ചകളാണ് നമ്മളിനി നിരീക്ഷിക്കാൻ പോകുന്നത്.

പുരുഷ കാഴ്ചകളെക്കുറിച്ച്

‘Men look at women. Women watch themselves being looked at'.-John Berger.

കേരളത്തിൽ ജീവിച്ച അല്ലെങ്കിൽ ജീവിക്കുന്ന ഒരു സ്ത്രീക്കും പുരുഷന്റെ തുറിച്ചുനോട്ടങ്ങളിൽ നിന്ന് രക്ഷനേടാം എന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾക്ക് ഇനിയും സംശയം ഉണ്ടെങ്കിൽ ചുറ്റുവട്ടത്തുള്ള സ്ത്രീകളോട് വെറുതെ ചോദിച്ചുനോക്കൂ. ദുഷിച്ച നോട്ടങ്ങളെ ഭയന്നാണ് താൻ പൊതുപരിപാടികളിൽ നിന്ന് പിൻവാങ്ങി വീട്ടിൽ ഒതുങ്ങിക്കൂടിയതെന്ന് ഡോ. റഹീന ഖാദർ ഒരു വിധവയുടെ അറിയപ്പെടാത്ത ജീവിതം എന്ന പുസ്തകത്തിൽ പറയുന്നു.
പുരുഷകാഴ്ചകൾ ഒരു പുരുഷാധിപത്യസമൂഹത്തിന്റെതാണ്. അത് പുരുഷന്റെ കാഴ്ച തന്നെ ആവണമെന്നില്ല. അതിനാൽ പുരുഷ ജഡ്ജി കാണുന്ന കാഴ്ചയുടെ പ്രശ്‌നം ആയിട്ടല്ല അതിനെ കാണേണ്ടത്, മറിച്ച് ആ വ്യവസ്ഥ കാണുന്ന കാഴ്ചയുടെ പ്രശ്‌നമാണ് എന്ന് പറയേണ്ടിവരും. ഹേമ കമീഷൻ റിപ്പോർട്ട് പുറത്തുവിടണ്ട എന്നുപറയുന്നത് അത് അന്വേഷിച്ച മുൻ വനിതാ ജഡ്ജി തന്നെയാണ് എന്നതും വനിതാ കമീഷൻ അധ്യക്ഷ പി. സതീദേവി ആ നിലപാടിനെ പിന്താങ്ങുന്നതും വ്യവസ്ഥയുടെ പ്രശ്‌നമായതുകൊണ്ടാണ്.

കോടതിവിധി ഒരു ടെക്​സ്​റ്റാണ്​. അതിൽ കോടതി എന്താണ് കാണുന്നത്?
പ്രതി കുറ്റക്കാരൻ അല്ല. കോടതി എവിടെനിന്നാണ് കാണുന്നത് എന്നതാണ് പ്രസക്തിയുള്ള ചോദ്യം.

കാഴ്ചയും ഒരു വ്യവസ്ഥയാണ്. Evolutionary psychology പറയുന്നത് കാഴ്ച രണ്ട് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ്. എന്താണ് നിങ്ങൾ കാണുന്നതെന്നും എവിടെനിന്നാണ് നിങ്ങൾ കാണുന്നതെന്നും വലിയ പ്രാധാന്യമുണ്ട്. പരിണാമത്തിന്റെ ദശകളിൽ ഇരയും വേട്ടക്കാരനും പരസ്പരം എതിരെ വന്നുനിൽക്കുമ്പോൾ എന്താണ് കാണുന്നതെന്നും താൻ എവിടെ നിന്നാണ് എതിരെ നിൽക്കുന്ന ജീവിയെ കാണുന്നതെന്നും രണ്ട് ജീവികൾക്കും ബോധ്യം ഉണ്ടാവേണ്ടതുണ്ട്, താന്താങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്‌നമായതുകൊണ്ടുതന്നെ.

കോടതിവിധി ഒരു ടെക്​സ്​റ്റാണ്​. അതിൽ കോടതി എന്താണ് കാണുന്നത്?
പ്രതി കുറ്റക്കാരൻ അല്ല. കോടതി എവിടെനിന്നാണ് കാണുന്നത് എന്നതാണ് പ്രസക്തിയുള്ള ചോദ്യം.
കോടതിയ്ക്കുമുന്നിൽ മൂന്നു സാധ്യതകളുണ്ട്.
വസ്തുനിഷ്ഠമായി പുറത്തുനിന്ന് കാര്യങ്ങളെ നിരീക്ഷിച്ച് പഠിക്കാം. ഇരയുടെ പക്ഷത്തുനിന്ന് നോക്കാം. കുറ്റാരോപിതന്റെ പക്ഷത്തുനിന്ന് നോക്കാം

ജോൺ ബെർജർ

ജഡ്ജ്‌മെൻറ്​ ഒരു തീസിസായി പരിഗണിക്കുകയാണെങ്കിൽ കോടതി രണ്ടുഭാഗത്തിന്റെയും വാദപ്രതിവാദങ്ങൾ വസ്തുനിഷ്ഠമായി കേൾക്കുകയും ക്രിട്ടിക്കൽ അനാലിസിസ്​ നടത്തി തീരുമാനം എടുക്കുകയും ചെയ്യാം. അങ്ങനെയല്ല ഉണ്ടായത്. ഇനി, അതിജീവിതയുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ അവർ അനുഭവിച്ച വേദനയും നാണക്കേടും ഭയവും മനസ്സിലാക്കി കുറ്റാരോപിതന്റെ പ്രവൃത്തിയെ തെളിവുകളുടെ അടിസ്ഥാനത്തിൽ വായിക്കാം. അങ്ങനെയും ഉണ്ടായില്ല.
ഈ വിധി കുറ്റാരോപിതന്റെ കണ്ണിലൂടെ ആക്രമിക്കപ്പെട്ടവരെ നോക്കിക്കാണുന്ന രീതിയാണ്. അതിജീവിതയുടെ പ്രവർത്തിയെയും മൊഴിയെയും കീറിമുറിച്ച് അവരുടെ ക്രെഡിബിലിറ്റി ഇല്ലായ്മ ചെയ്യുന്ന രീതി. തെളിവില്ലാത്തതുകാരണം പ്രതിയെ വെറുതെ വിട്ടുവെന്നല്ല വിധി. ആക്രമിക്കപ്പെട്ടവരുടെയും സാക്ഷികളുടെയും മൊഴികൾ വിശ്വസനീയമല്ല, ആയതിനാൽ പ്രതിയെ വെറുതെവിട്ടു എന്നാണ് വിധി.

1. അധികാരി: വിധിന്യായത്തിൽ ഉയർത്തുന്ന 10 ചോദ്യങ്ങളിൽ ആദ്യത്തേതാണ് കുറ്റാരോപിതന് ഈ സിസ്റ്ററുടെമേൽ അധികാരം ഉണ്ടോ എന്ന ചോദ്യം. വാദപ്രതിവാദങ്ങൾക്കുശേഷം കോടതി തന്നെ പറയുന്നുണ്ട്, കുറ്റാരോപിതന് ആക്രമിക്കപ്പെട്ട വ്യക്തിയുടെമേൽ കൃത്യമായ അധികാരങ്ങളുണ്ട് എന്നത്.
എന്നാൽ, പിന്നീടങ്ങോട്ട് ഈ അധികാരത്തെപ്പറ്റിയോ അധികാര ദുർവിനിയോഗത്തെപ്പറ്റിയോ വിധിയിൽ എവിടെയും പരാമർശിക്കുന്നതേ ഇല്ല.

2. കുറ്റം സ്ത്രീയുടേതാണ്: ബാക്കിയുള്ള ചോദ്യങ്ങളിലെ വാദപ്രതിവാദങ്ങൾക്കുശേഷം കോടതി കണ്ടെത്തുന്നത്, കുറ്റം സ്ത്രീയുടെ ആണ് എന്നാണ്. അത് മൊഴികളിലെ വൈരുധ്യം ആയിക്കോട്ടെ, അവരുടെ ക്രെഡിബിലിറ്റി ആയിക്കോട്ടെ, പരാതി കൊടുക്കാൻ നേരിട്ട കാലതാമസം ആയിക്കോട്ടെ, കുറ്റം സ്ത്രീയുടെ തന്നെ.

മൊഴിയിലെ വൈരുദ്ധ്യം: കുറ്റാരോപിതന്റെ കാഴ്ചയിൽ സാക്ഷികളുടെ മൊഴികൾ തമ്മിലുള്ള വൈരുദ്ധ്യം കാണുക സ്വാഭാവികമാണ്. എന്നാൽ അതിജീവിതയുടെ പക്ഷത്തുനിന്ന് നോക്കിയാൽ മാത്രമേ അവ പരസ്പരപൂരകങ്ങൾ ആണെന്ന തിരിച്ചറിവ് കോടതിക്കുണ്ടാവൂ. തന്റെ ശരീരത്തിനുമേലുണ്ടായ അക്രമത്തിനുശേഷം ഇര അനുഭവിക്കുന്ന നാണക്കേടും കുറ്റബോധവും തിരിച്ചറിഞ്ഞുവേണം കോടതി മൊഴികളെ പഠിക്കാൻ. അല്ലാതെ ആദ്യാവസാനം സാക്ഷികൾ അച്ചടിഭാഷയിൽ മൊഴി നൽകണമെന്ന് വിചാരിക്കരുത്.

മറ്റ് സാക്ഷികൾ: രണ്ടാം സാക്ഷിയായ സിസ്റ്റർ ലിസിയെ ഭയപ്പെടുത്തി ആന്ധ്രയിൽ കൊണ്ടുപോവുകയും മാനസികമായി പീഡിപ്പിച്ചതൊന്നും മനസ്സിലാക്കാതെ, അവർ തന്റെ സൂപ്പിരിയറിനയച്ച പരാതിയിൽ ലൈംഗികാക്രമണം പരാമർശിച്ചിട്ടില്ല എന്നുപറഞ്ഞ് മൊഴികളിൽ വൈരുദ്ധ്യം സ്ഥാപിക്കുന്ന കോടതി, എന്നാൽ സിസ്റ്റർ അതെഴുതാനുണ്ടായ സാഹചര്യവും കാരണവും എക്‌സ്‌പ്ലെയിൻ ചെയ്തിട്ടും കോടതിക്ക് വിശ്വസനീയമാകുന്നില്ല.

സിസ്റ്റർ ലിസി വടക്കേൽ

സിസ്റ്റർ അനുപമയുടെയും സിസ്റ്റർ നീനയുടെയും മൊഴികളും കോടതി അവിശ്വസിക്കുന്നു. അവരുടെ പ്രവൃത്തികളും മൊഴികളും മഠത്തിനും ബിഷപ്പിനുമെതിരായ ഗൂഢാലോചനയായി കാണുന്ന കോടതി ഒരു വാർത്താചാനലിന്​ സിസ്റ്റർ അനുപമ കൊടുത്ത അഭിമുഖം അവർക്കെതിരായി തന്നെ പ്രയോഗിക്കുന്നു. അഭിമുഖത്തിൽ ബിഷപ്പ് കൂടെ കിടക്കാൻ നിർബന്ധിക്കുന്ന കാര്യം സിസ്റ്റർ പറഞ്ഞതേയുള്ളൂ എന്ന് അനുപമ പറയുമ്പോൾ അവർ കോടതിയിൽ നൽകിയ സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ട് എന്ന് കോടതി നിരിക്ഷിക്കുന്നു. എന്നാൽ, അതിജീവിതയുടെ സാക്ഷിമൊഴിയോട് ചേർത്തുവെക്കുമ്പോൾ പരസ്പര പൂരകമാണുതാനും.

ഇനി, അനുപമ പറയുന്നത് വൈരുദ്ധ്യമായി അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്. ഓർമകളെപ്പറ്റിയുള്ള നമ്മുടെ ധാരണാപിശകുകൊണ്ട് കൂടിയാണത്. ഓർമ ഒരു പ്രക്രിയ കൂടിയാണ്. കാലാന്തരത്തിൽ അതിന് കൂട്ടിച്ചേർക്കലുകളും കുറവുകളും ഉണ്ടാകാം. അപ്പോൾ, സിസ്​റ്ററോട്​ ബിഷപ്പിന്റെ കൂടെ കിടക്കാൻ പറഞ്ഞ കാര്യങ്ങൾ, തങ്ങളോട്, ലൈംഗികാക്രമണത്തെപ്പറ്റി വെളിപ്പെടുത്തിയ നിമിഷമായി, സിസ്റ്റർ അനുപമയുടെ ഓർമയിൽ രേഖപ്പെട്ടേക്കാം. ഓർമകളെയും eye witness testimony കളെയും പറ്റിയുള്ള റിസർച്ച്​ ആർട്ടിക്കിളുകൾ കൂടി കോടതി ഇവിടെ പരിശോധിക്കേണ്ടതുണ്ട്.

മദർ സുപ്പീരിയർ അല്ല, മദർ ജനറൽ ആയാൽ പോലും സാധാരണ വൈദികർ വന്നാൽ എഴുന്നേൽക്കുന്ന സിസ്റ്റത്തിനകത്ത് ലിംഗസമത്വം എത്രമാത്രം ഉണ്ട് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഇനി ജയ എന്ന കസിൻ സിസ്റ്റർ കൊടുത്ത പരാതി പ്രാധാന്യമർഹിക്കുന്നു എന്ന് പറയുന്ന കോടതി, ആക്രമിക്കപ്പെട്ട സിസ്​റ്റർ കൊടുത്ത പരാതിയെ എങ്ങനെയാണ് കാണുന്നത്. ജയ തന്നെ പിന്നീട് കോടതിയിൽ പറയുന്നുണ്ട്, താൻ സിസ്റ്ററെ വ്യക്തിഹത്യ ചെയ്യാൻ കൊടുത്ത വ്യാജപരാതി ആണെന്ന്. എന്നാൽ കോടതി അവർ കൊടുത്ത വ്യാജപരാതിയെ സഗൗരവം പരിഗണിക്കുകയും സിസ്​റ്ററുടെ പരാതിയെ വൈരുദ്ധ്യങ്ങളായി മാറ്റുകയും ചെയ്യുന്നത് വിരോധാഭാസം എന്നല്ലാതെ എന്തുപറയാൻ.

കാലതാമസം: ഒരു കന്യകാസ്ത്രീക്ക് പ്രിവിലേജ് എത്രയുണ്ട്?
മദർ സുപ്പീരിയർ അല്ല, മദർ ജനറൽ ആയാൽ പോലും സാധാരണ വൈദികർ വന്നാൽ എഴുന്നേൽക്കുന്ന സിസ്റ്റത്തിനകത്ത് ലിംഗസമത്വം എത്രമാത്രം ഉണ്ട് എന്ന് തിരിച്ചറിയേണ്ടതുണ്ട്. അക്രമത്തിന്റെ ആഘാതത്തിൽ നിന്ന്​ പുറത്തുകടക്കാൻ അതിജീവിതയ്ക്ക്​ എത്ര സമയം വേണം? താനല്ല, തന്നെ ഉപദ്രവിച്ച ആളാണ് യഥാർഥത്തിൽ കുറ്റവാളി എന്ന് തിരിച്ചറിഞ്ഞ് പരാതി പറയാനുള്ള ധൈര്യം കാലതാമസമെടുത്തുമാത്രം കണ്ടെത്തുന്നവരെ ഇനിയും കോടതിയ്ക്ക് മനസ്സിലാകേണ്ടതുണ്ട്. താൻ ഇനി ചുമക്കേണ്ട കുരിശിനെക്കുറിച്ചോർത്തുള്ള ഭയം, വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ പാപിനിയായ സ്ത്രീ അനുഭവിക്കേണ്ട നാണക്കേട് എന്നിവ തിരിച്ചറിയാതെ, കാലതാമസത്തിന് കൃത്യമായ വിശദീകരണം ലഭിച്ചില്ല എന്ന് കോടതി പറയുന്നത് കാഴ്ചയുടെ പ്രശ്‌നം തന്നെയാണ്. ഇന്ത്യയിൽ ആദ്യമായാണ് ഒരു കന്യാസ്ത്രി ബിഷപ്പിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി പറയുന്നത് എന്ന് തിരിച്ചറിയുമ്പോഴാണ് കാലതാമസം എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിന്റെ മറ്റൊരു വശം മനസ്സിലാകുക.

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകൾ.

വിധിയിലെ ഭാഷ

ബലാത്സംഗം ഒരു അക്രമം ആയിട്ടാണ് പരിഗണിക്കേണ്ടത്. കോടതി അതിജീവിതയുടെ ഭാഗം വിവരിക്കുമ്പോൾ, അവരുടെ ശരീരത്തിനെതിരായ അക്രമം എന്നതിലുപരി ഒരു ലൈംഗികപ്രവൃത്തി (sexual act) നടന്നതെങ്ങനെ എന്ന് വിവരിക്കാനാണ് ശ്രമിച്ചത് എന്നുതോന്നും. അങ്ങനെ എവിടെയൊക്കെയോ അക്രമം ലഘൂകരിക്കപ്പെടുന്ന അവസ്ഥയുണ്ട് കോടതിവിധി വായിക്കുമ്പോൾ.
അതിജീവിതയുടെ ഭാഷ ഒരു സമയത്തുപോലും മനസ്സിലാകാത്ത കോടതിയ്ക്ക് ബിഷപ്പ് കൂടെ കിടക്കാൻ നിർബന്ധിക്കുന്നു എന്ന് തുടക്കത്തിൽ പറയുന്നതുതൊട്ട് ഡോക്ടറോടും കോടതിയിലെ ക്രോസ് വിസ്താരത്തിനിടയിലും ബിഷപ്പ് ലിംഗപ്രവേശനം നടത്തി എന്നു പറയുന്നതുവരെയുള്ള കാര്യങ്ങളെ മൊഴിയുടെ വൈരുദ്ധ്യമായേ കാണാൻ സാധിക്കുന്നള്ളൂ. അവർ നടത്തിയ യാതനാപൂർണമായ യാത്രയ്ക്കിടയിൽ സംഭവിക്കുന്ന / സംഭവിച്ച ഭാഷാപരിണാമത്തെപ്പറ്റി കോടതിയ്ക്ക് ഒരറിവുമില്ല. ഭാഷ ആയുധം ആണെങ്കിലും അതിന്റെ ശക്തി പോലും സാവധാനം കൈവരുന്നതാണ് എന്ന് തിരിച്ചറിയണം. അതിന്റെ വൈരുദ്ധ്യങ്ങളെ അല്ല, മറിച്ച് അതിന്റെ കൂടിച്ചേരലുകളെയാണ് നമ്മൾ കണ്ടെത്തേണ്ടത്.

കാൽപനികതയും യാഥാർഥ്യവും (Ideal vs Real)

കാൽപനികതകളെ കണ്ടെത്താനും ആർജിക്കാനും മനുഷ്യന്​ എല്ലായ്പ്പോഴും ത്വരയുണ്ട്. യാഥാർഥ്യം കണ്മുന്നിലുണ്ടെങ്കിലും ഇത്തരം കാൽപനിതകൾ മനുഷ്യൻ നിർമിച്ചുകൊണ്ടേയിരിക്കും. ഇന്ത്യൻ കോടതികളും ഇത്തരം കാൽപനികമായ ‘ബലാൽസംഗ ഇര’കളെ തേടാറുണ്ടെന്ന് ഫെമിനിസ്റ്റും അഡ്വക്കേറ്റുമായ വൃന്ദ ഗ്രോവർ, ധന്യ രാജേന്ദ്രനുമായുള്ള അഭിമുഖത്തിൽ പറയുന്നു. അവയിൽ നിന്ന്​ വ്യതിചലിക്കുന്ന അതിജീവിതമാർക്ക്​ പലപ്പോഴും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു.

സംഭവത്തിന് പിറ്റേദിവസം ബിഷപ്പിന്റെ കൂടെ ഒരേ കാറിൽ യാത്രചെയ്യുന്നു. പരാതി പറയാൻ കാലതാമസം എടുക്കുന്നു. കോടതി നിരീക്ഷണത്തിൽ ഇതൊന്നും ‘ideal ഇര’യ്ക്ക് ചേരുന്നതല്ലത്രെ. ഇങ്ങനെ സംഭവിച്ചാൽ, ‘ഇര’യുടെ വിശ്വാസ്യതയെ ബാധിക്കുമത്രെ.

യഥാർഥത്തിൽ സംഭവം നടക്കുമ്പോൾ അതിജീവിത മദർ സുപ്പീരിയർ ആയിരുന്നു. രാത്രി ഒറ്റയ്ക്ക് ബിഷപ്പിന്റെ റൂമിൽ പോകുന്നു. സംഭവം നടക്കുമ്പോൾ മറ്റാരും അറിയുന്നില്ല. സംഭവത്തിന് പിറ്റേദിവസം ബിഷപ്പിന്റെ കൂടെ ഒരേ കാറിൽ യാത്രചെയ്യുന്നു. പരാതി പറയാൻ കാലതാമസം എടുക്കുന്നു. കോടതി നിരീക്ഷണത്തിൽ ഇതൊന്നും ‘ideal ഇര’യ്ക്ക് ചേരുന്നതല്ലത്രെ. ഇങ്ങനെ സംഭവിച്ചാൽ, ‘ഇര’യുടെ വിശ്വാസ്യതയെ ബാധിക്കുമത്രെ.

മറ്റൊരു കഥ പറഞ്ഞ് ഇത് അവസാനിപ്പിക്കാം.
​രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ജോസഫ് എന്ന മനുഷ്യനും സമാനമായ അനുഭവത്തിലൂടെ കടന്നുപോയിരുന്നു. വിവാഹം കഴിക്കാനിരുന്നവൾ തന്നിലൂടെയല്ലാതെ ഗർഭിണിയായതറിഞ്ഞ് അയാളും തകർന്നുപോയിരിക്കണം. സ്വന്തം മനഃസ്സാക്ഷിയുടെ കോടതിയിലും സമൂഹത്തിന്റെ മുമ്പിലും അവൾ ‘Ideal victim’ അല്ലെന്നുകണ്ട് അയാൾക്കും ഉപേക്ഷിക്കാമായിരുന്നു. പക്ഷെ ജോസഫ് അവളെ വിധിക്കുന്നതിനുപകരം അവളെ വിശ്വസിച്ച് ചേർത്തുനിർത്തി. അവളാണ് ഇന്ന് ക്രിസ്ത്യൻ സമൂഹത്തിന്റെ മുഴുവൻ മാതൃകയായ കന്യകാമറിയം.

ഈ സത്യാന്തരകാലത്ത് എല്ലാവരും കഥകൾ നിർമിക്കുക മാത്രമല്ല, കഥകൾ സത്യമാക്കുക കൂടിയാണ്. അതിപ്പോൾ, ബൈബിൾ സൃഷ്ടിക്കുന്ന കഥയായാലും കോടതി നിർമിക്കുന്ന കഥയായാലും, കഥ സത്യമാകുകയാണ് അല്ലെങ്കിൽ ആക്കുകയാണ്. നമ്മൾ ആ കഥകൾക്കകത്തോ പുറത്തോ ആകാം നിലകൊള്ളുന്നത്. എന്നാലും ആധുനിക പൗരരെന്ന നിലയിൽ ആ കഥകളിലെ നെല്ലും പതിരും വേർതിരിച്ചെടുക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കും തന്നെയാണ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ജെറിൽ ജോയ്​

മൈസൂർ യൂണിവേഴ്​സിറ്റിയിലെ സൈക്കോളജി ഡിപ്പാർട്ടുമെൻറിൽ റിസർച്ച്​ സ്​കോളർ.

Comments