പോക്​സോ​കൊണ്ടും രക്ഷയില്ലാത്ത നമ്മുടെ കുഞ്ഞുങ്ങൾ

ലൈംഗികാക്രമണങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ കൊണ്ടുവന്ന പോക്​സോ നിയമം, പ്രയോഗത്തിൽ എങ്ങനെയാണ്​ വഴിമാറിപ്പോയത്​ എന്ന്​ പരിശോധിക്കപ്പെടുന്നു

പാലത്തായി ലൈംഗികാക്രമണക്കേസ് പ്രതിയ്ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ ഉയർന്നുവന്ന പ്രധാന വിമർശനങ്ങളിലൊന്ന് കേസിൽ പോക്​സോ ചുമത്താത്ത പൊലീസ് നടപടിയായിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ ദുർബല വകുപ്പുകൾ പ്രകാരം കേസെടുത്തതാണ് പ്രതിയ്ക്ക് ജാമ്യം ലഭിക്കാൻ കാരണമെന്നാണ് വാദം. എന്താണ് പോക്​സോ നിയമം, ഏതുതരം കുറ്റകൃത്യങ്ങൾക്കാണ് പോക്​സോ ചുമത്താറുള്ളത്, അതിലെ നടപടിക്രമങ്ങൾ എന്തൊക്കെ, കേരളത്തിൽ പോക്​സോ ചുമത്തപ്പെട്ട കേസുകളുടെ അവസ്ഥയെന്ത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

കുട്ടികളെ സംരക്ഷിക്കാൻ

ലൈംഗികാക്രമണങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയെന്നതാണ് 2012 ലെ പോക്​സോ നിയമം ലക്ഷ്യമിടുന്നത്. സെക്ഷ്വൽ അബ്യൂസ്, സെക്ഷ്വൽ ഹരാസ്മെന്റ്, പോണോഗ്രഫി തുടങ്ങിയവയാണ് പൊതുവിൽ കുട്ടികൾക്കെതിരായ ലൈംഗികാക്രമണങ്ങളിൽ ഉൾപ്പെടുന്നത്. ഈ നിയമപ്രകാരം 18 വയസിൽ താഴെയുള്ള ഏതൊരു വ്യക്തിയും കുട്ടികളാണ്. 2012 ജൂൺ 19നാണ് നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. 2012 ജൂൺ 20ന് ഗസറ്റിൽ നിയമം വിജ്ഞാപനം ചെയ്തു. 2012 നവംബറിലെ ശിശുദിനത്തിലാണ് ‘ദ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൺ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് 2012' എന്ന പോക്​സോ നിയമവും ബന്ധപ്പെട്ട ചട്ടങ്ങളും നിലവിൽ വന്നത്.

പോക്​സോ നിയമം വരുന്നതിന് മുമ്പ് ബലാത്സംഗം ഉൾപ്പെടെ കുട്ടികൾക്കെതിരായ എല്ലാ ലൈംഗിക ആക്രമണങ്ങളെയും കൃത്യമായി സമീപിക്കുന്ന നിയമം ഉണ്ടായിരുന്നില്ല

Penetrative sexual assault, sexual assault, sexual harasment എന്നീ കുറ്റകൃത്യങ്ങളെ കൃത്യമായി നിർവചിക്കുന്നതാണ് 2012ലെ പോക്​സോ നിയമം. ഇതേ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരോ, സർക്കാർ ജീവനക്കാരോ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ, ജയിൽ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരോ, സായുധ, സുരക്ഷാ സേനയിലെ ജീവനക്കാരോ ആണെങ്കിൽ പോക്​സോ പ്രകാരം കുറ്റകൃത്യത്തിന്റെ ഗൗരവം വർധിക്കും. നിയമവ്യവസ്ഥയ്ക്കു കീഴിൽ കുട്ടികൾ വീണ്ടും ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള ചട്ടങ്ങളും ഈ നിയമം വിഭാവനം ചെയ്യുന്നുണ്ട്.
എന്തിനാണ് ഈ നിയമം?
കുട്ടികൾക്കെതിരായ ലൈംഗികാക്രമണം ഓരോ വർഷവും വർധിക്കുന്ന സാഹചര്യത്തിലാണ്, ഇതിനെതിരെ കർശന നിയമം ലക്ഷ്യമിട്ട് പോക്​സോ കൊണ്ടുവരുന്നത്. പോക്​സോ നിയമം വരുന്നതിന് മുമ്പ് ബലാത്സംഗം ഉൾപ്പെടെ കുട്ടികൾക്കെതിരായ എല്ലാ ലൈംഗിക ആക്രമണങ്ങളെയും കൃത്യമായി സമീപിക്കുന്ന നിയമം ഉണ്ടായിരുന്നില്ല. ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി) പ്രകാരം ലൈംഗികാക്രമണ കുറ്റകൃത്യങ്ങളിൽ കുട്ടികൾ, മുതിർന്നവർ എന്ന വേർതിരിവ് ഉണ്ടായിരുന്നില്ല. അതുപോലെ ആൺകുട്ടികൾക്കെതിരായ ബലാത്സംഗം എന്ന കാര്യവും ഐ.പി.സി പരിഗണിച്ചിരുന്നില്ല. എന്നാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന ലൈംഗികാക്രമണങ്ങൾ പോക്​സോ നിയമത്തിന്റെ പരിധിയിൽ വരും.
വിചാരണക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ പോക്​സോ നിയമത്തിൽ വ്യവസ്ഥയുണ്ട്. തെളിവ് രേഖപ്പെടുത്തുന്നതിലും അന്വേഷണത്തിലും വിചാരണയിലും റിപ്പോർട്ടിങ്ങിലും ശിശുസൗഹാർദ്ദപരമായ നടപടികൾ പോക്​സോ നിയമം വിഭാവനം ചെയ്യുന്നു. ആക്രമിക്കപ്പെട്ട കുട്ടിയ്ക്ക് വിദ്യാഭ്യാസമോ തൊഴിലവസരമോ നഷ്ടമായോ, ലൈംഗികാക്രമണത്തെ തുടർന്ന് രോഗമോ വൈകല്യമോ പ്രഗ്‌നൻസിയോ ഉണ്ടായോ എങ്കിൽ ഇടക്കാല നഷ്ടപരിഹാരമുൾപ്പെടെ നഷ്ടപരിഹാരം നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

കുറ്റകൃത്യങ്ങളും ശിക്ഷയും:

Penetrative Sexual Assault: കുട്ടിയ്ക്കുമേൽ ഏതെങ്കിലും ശരീരഭാഗമോ വസ്തുവോ കടത്തുക, അല്ലെങ്കിൽ മറ്റൊരാളുമായി ഇങ്ങനെ ചെയ്യുക എന്നതാണ് Penetrative Sexual Assault. ഏഴുവർഷത്തിൽ കുറയാത്ത തടവുശിക്ഷ, ചിലപ്പോൾ ജീവപര്യന്തം വരെയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം.

കുട്ടികൾക്കെതിരെ കുറ്റകൃത്യങ്ങൾ നടക്കുന്നതായി നേരിട്ടോ അല്ലാതെയോ ബോധ്യമുണ്ടായിട്ടും റിപ്പോർട്ടു ചെയ്യാതിരിക്കുന്നതും കുറ്റകരമാണ്

Aggravated Penetrative Sexual Assault: പോക്​സോ നിയമപ്രകാരം പൊലീസ് ഓഫീസർ, സായുധ സേനാ അംഗം, സർക്കാർ ജീവനക്കാർ, റിമാൻഡ് ഹോമിലെ, ജയിലിലെ, ആശുപത്രിയിലെ അല്ലെങ്കിൽ സ്‌കൂളിലെ ജീവനക്കാരോ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ഗൗരവം കൂടുമെന്നു പറഞ്ഞല്ലോ. ഇവരിൽ നിന്നുണ്ടാകുന്ന Penetrative Sexual Assault, മാരകായുധങ്ങൾ, തീ, ചൂടായ വസ്തുക്കൾ, ദ്രവിച്ച വസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള Penetrative Sexual Assault എന്നിവ Aggravated Penetrative Sexual Assault ആയാണ് പരിഗണിക്കുക. ഇതിനു പുറമേ ഗ്യാങ് Penetrative Sexual Assault കാരണം അംഗഭംഗം വരികയോ മാനസികാരോഗ്യത്തെ ബാധിക്കുകയോ ലൈംഗികാവയവങ്ങൾക്ക് പരുക്കേൽക്കുകയോ പെൺകുട്ടികളിൽ ഗർഭാവസ്ഥയ്ക്ക് കാരണമാകുകയോ ഐച്ച്.ഐ.വി അല്ലെങ്കിൽ ജീവന് ഭീഷണിയായ മറ്റേതെങ്കിലും രോഗത്തിന് കാരണമാകുകയോ ചെയ്താൽ അത് Aggravated Penetrative Sexual Assault ആയാണ് പരിഗണിക്കുക. 12 വയസിൽ താഴെയുള്ള കുട്ടിയെ അടുത്ത ബന്ധുവോ, കുട്ടികൾക്ക് സേവനം നൽകുന്ന സ്ഥാപനത്തിന്റെ (സ്‌കൂൾ പോലുള്ള സ്ഥാപനങ്ങളുടെ) മേധാവിയോ ജീവനക്കാരോ, അല്ലെങ്കിൽ കുട്ടിയ്ക്കുമേൽ അധികാരമോ വിശ്വാസ്യതയോ ഉള്ള വ്യക്തിയോ, ഒന്നിലേറെ തവണ Penetrative Sexual Assault നടത്തിയാലും അത് കൂടുതൽ ഗൗരവത്തോടെ പരിഗണിക്കും.

കുട്ടികൾ ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ അധ്യാപകരും മാനേജ്മെന്റും തൊഴിലാളികളും പോക്​സോ നിയമത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം

കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞുകൊണ്ട് Penetrative Sexual Assault നടത്തുക, നേരത്തെ ലൈംഗികാക്രമണക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വ്യക്തി കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിക്കുക, വർഗീയ സംഘർഷത്തിനിടയിലെ penetrative sexual assault, കുട്ടിയെ പൊതുമധ്യത്തിൽ നഗ്‌നരായി നടത്തിക്കുക എന്നിവ Aggravated Penetrative Sexual Assautl ആയി പരിഗണിക്കും. പത്തുവർഷത്തിൽ കുറയാത്ത തടവുശിക്ഷ, ചിലഘട്ടത്തിൽ ജീവപര്യന്തം തടവും പിഴയും ശിക്ഷയായി ലഭിക്കും.
Sexual Assault: ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് Sexual Assault ആണ്. മൂന്നുവർഷത്തിൽ കുറയാത്ത ഏഴുവർഷം വരെയുള്ള തടവും പിഴയുമാണ് ശിക്ഷ.
Aggravated Sexual Assault : പൊലീസ് ഓഫീസർ, സായുധന സേന അംഗം, സർക്കാർ ജീവനക്കാർ, ജയിൽ, റിമാൻഡ് ഹോം, ആശുപത്രി, സ്‌കൂൾ എന്നിവിടങ്ങളിലെ ജീവനക്കാർ അല്ലെങ്കിൽ മേൽപറഞ്ഞ ഗൗരവം കൂടിയ വിഭാഗത്തിൽപ്പെടുന്ന ഏതെങ്കിലും വ്യക്തികളോ നടത്തുന്ന Sexual Assault. അഞ്ച് വർഷത്തിൽ കുറയാത്ത, ഏഴുവർഷം വരെയുള്ള തടവും പിഴയുമാണ് നിയമപ്രകാരമുള്ള ശിക്ഷ.
സെക്ഷ്വൽ ഹരാസ്​മെൻറ്​: ശരീരഭാഗമോ ഏതെങ്കിലും വസ്തുവോ കാണിക്കുക, കുട്ടിയെ ലക്ഷ്യമിട്ട് മോശമായ ആംഗ്യം കാണിക്കുക, കുട്ടിയെ പോണോഗ്രാഫിക്കുവേണ്ടി ഭീഷണിപ്പെടുത്തുക, കുട്ടിയെക്കൊണ്ട് ശരീരം പ്രദർശിപ്പിക്കുക എന്നിവ സെക്ഷ്വൽ ഹരാസ്മെന്റിന്റെ പരിധിയിൽ വരും. മൂന്നുവർഷം വരെ തടവും പിഴയും ഈടാക്കാവുന്ന കുറ്റം.
പോണോഗ്രാഫിക്ക് കുട്ടിയെ ഉപയോഗിക്കുന്നതും പോക്​സോ നിയമത്തിന്റെ പരിധിയിൽവരും. അഞ്ചുവർഷംവരെ തടവും പിഴയും ലഭിക്കും.

ഏതെങ്കിലും കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ ചുമതലയുള്ള വ്യക്തി കുറ്റകൃത്യം ചെയ്തിട്ടും റിപ്പോർട്ട് ചെയ്യാതിരിക്കുകയാണെങ്കിൽ കീഴ് ജീവനക്കാരന് ഒരുവർഷംവരെ തടവു ശിക്ഷയും പിഴയും ലഭിക്കും

വീണ്ടും ഇതേകുറ്റത്തിന് പിടിക്കപ്പെട്ടാൽ ഏഴുവർഷംവരെ പിഴയും തടവും ലഭിക്കും. പോണോഗ്രാഫിക് പ്രവർത്തനങ്ങൾക്കുവേണ്ടി Penetrative Sexual Assault ന് വിധേയനാക്കുന്നത് പത്തുവർഷത്തിൽ കുറയാത്ത തടവും ചിലപ്പോൾ ജീവപര്യന്തവും പിഴയും ഈടാക്കാവുന്ന കുറ്റമാണ്. വാണിജ്യ ലക്ഷ്യങ്ങൾക്കായി കുട്ടി ഉൾപ്പെട്ട പോണോഗ്രാഫിക് മെറ്റീരിയൽ സൂക്ഷിക്കുന്നത് പോക്​സോ നിയമപ്രകാരം മൂന്നുവർഷംവരെ തടവ് അല്ലെങ്കിൽ പിഴ ഈടാക്കാവുന്ന കുറ്റമാണ്.
കുട്ടികൾക്കെതിരെ മേൽപ്പറഞ്ഞ കുറ്റകൃത്യങ്ങൾ നടക്കുന്നതായി നേരിട്ടോ അല്ലാതെയോ ബോധ്യമുണ്ടായിട്ടും റിപ്പോർട്ടു ചെയ്യാതിരിക്കുന്നതും കുറ്റകരമാണ്. റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് കുട്ടികളാണെങ്കിൽ അവർക്ക് നിയമം ബാധകമല്ല. ഏതെങ്കിലും വ്യക്തിയോ, ഏതെങ്കിലും കമ്പനിയുടേയോ സ്ഥാപനത്തിന്റെയോ ചുമതലയുള്ള വ്യക്തിയോ കേസ് റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ആറുമാസത്തെ തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുട്ടികൾ ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ അധ്യാപകരും മാനേജ്മെന്റും തൊഴിലാളികളും പോക്​സോ നിയമത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഏതെങ്കിലും കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ ചുമതലയുള്ള വ്യക്തി കുറ്റകൃത്യം ചെയ്തിട്ടും റിപ്പോർട്ട് ചെയ്യാതിരിക്കുകയാണെങ്കിൽ കീഴ് ജീവനക്കാരന് ഒരുവർഷംവരെ തടവു ശിക്ഷയും പിഴയും ലഭിക്കും.
പോക്​സോ നിയമം ദുരുപയോഗം ചെയ്താലും ശിക്ഷിക്കപ്പെടും. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ, അപകീർത്തിപ്പെടുത്താനോ ലക്ഷ്യമിട്ട് കുറ്റകൃത്യം ആരോപിച്ചതായി കണ്ടെത്തിയാൽ ആറുവർഷംവരെ തടവിനും പിഴയ്ക്കും അല്ലെങ്കിൽ ഇതിനു രണ്ടിനുമോ ശിക്ഷിക്കാം.

കുട്ടികളാണ് കേസ് റിപ്പോർട്ടു ചെയ്യുന്നതെങ്കിൽ അവർക്ക് മനസിലാവുന്ന ലളിതമായ ഭാഷയിൽ അത് രേഖപ്പെടുത്തണം

കുട്ടിയ്ക്കെതിരെ അറിഞ്ഞുകൊണ്ട് തെറ്റായി പരാതി നൽകുകവഴി ഈ നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങൾ കുട്ടിക്കെതിരെ നടത്തിയതായി കണ്ടെത്തിയാൽ ഒരുവർഷംവരെ തടവും അല്ലെങ്കിൽ പിഴയും ഇവ രണ്ടുമോ ലഭിക്കും.
2019ലെ നിയമ ഭേദഗതി: 2019 ആഗസ്റ്റ് ആറിനാണ് പോക്​സോ നിയമത്തിൽ ഭേദഗതിവരുത്തി ഉത്തരവ് വന്നത്. ഇതുപ്രകാരം 16 വയസിൽ താഴെയുള്ള കുട്ടികളെ penetrative sexual assault, ന് വിധേയരാക്കുന്നത് 20 വർഷത്തിൽ കുറയാത്ത തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ചിലപ്പോൾ ഇത് ജീവപര്യന്തം, അതിനർത്ഥം ആ വ്യക്തിയുടെ ജീവിതാവസാനം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കും. aggravated penetrative sexual assault ആണെങ്കിൽ വധശിക്ഷവരെ ലഭിക്കും.
എവിടെയാണ് പരാതി നൽകേണ്ടത്?
പോക്​സോ പ്രകാരമുള്ള കുറ്റകൃത്യം നടന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത് നിർബന്ധമായും റിപ്പോർട്ട് ചെയ്യാൻ ഏതൊരു വ്യക്തിക്കും ബാധ്യതയുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തു ശ്രദ്ധയിൽപ്പെട്ടാൽ അത് റിപ്പോർട്ടു ചെയ്യാനുള്ള ബാധ്യത മാധ്യമപ്രവർത്തകർ, ഹോട്ടൽ, ലോഡ്ജ്, ആശുപത്രി, ക്ലബ്, സ്റ്റുഡിയോ സ്റ്റാഫുകൾക്കുണ്ട്. ഇത് ചെയ്യാതിരിക്കുന്നത് പോക്​സോ നിയമപ്രകാരം കുറ്റകൃത്യമാണെന്നു പറഞ്ഞല്ലോ.
കുട്ടികൾക്കെതിരായ ലൈംഗികാക്രമണങ്ങൾ സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റിനോ, ലോക്കൽ പൊലീസിനോ മുമ്പാകെയാണ് റിപ്പോർട്ടു ചെയ്യേണ്ടത്. ഇങ്ങനെ പരാതി നൽകിയാൽ പൊലീസോ, എസ്.ജെ.പി.യുവോ ഇത് നിർബന്ധമായും എഴുതി രേഖപ്പെടുത്തുകയും എൻട്രി നമ്പർ നൽകുകയും റിപ്പോർട്ടു ചെയ്തയാൾക്കുമുമ്പാകെ ഇത് വായിച്ച് കേൾപ്പിച്ച് വെരിഫൈ ചെയ്യുകയും ബുക്കിൽ എന്റർ ചെയ്യുകയും വേണം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം അതിന്റെ കോപ്പി റിപ്പോർട്ട് ചെയ്തയാൾക്ക് സൗജന്യമായി നൽകുകയും വേണം.

ആരോപണ വിധേയന്റെ സാമീപ്യത്തിൽ കുട്ടിയുടെ മൊഴിയെടുക്കാൻ പാടില്ല. രക്ഷിതാക്കളുടെ അല്ലെങ്കിൽ കുട്ടിക്ക് വിശ്വാസമുള്ള ഏതെങ്കിലും വ്യക്തിയുടെ സാന്നിധ്യത്തിലായിരിക്കണം മൊഴിയെടുക്കേണ്ടത്

കുട്ടികളാണ് കേസ് റിപ്പോർട്ടു ചെയ്യുന്നതെങ്കിൽ അവർക്ക് മനസിലാവുന്ന ലളിതമായ ഭാഷയിൽ അത് രേഖപ്പെടുത്തണം. കുട്ടികൾക്ക് മനസിലാവാത്ത ഭാഷയിലാണ് റിപ്പോർട്ടു ചെയ്തതെങ്കിൽ അവർക്ക് വായിച്ച് കാര്യം ബോധ്യപ്പെടുത്തി നൽകാൻ പരിഭാഷകനെ നിയോഗിക്കണം.
കുട്ടികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങൾ: കുട്ടിയുടെ വീട്ടിലോ അവൻ/അവൾ സ്ഥിരമായി താമസിക്കുന്ന ഇടത്തോ അല്ലെങ്കിൽ അവർ പറയുന്ന സ്ഥലത്തോവെച്ചാണ് മൊഴി രേഖപ്പെടുത്തേണ്ടത്. ഇതിന്റെ ശബ്ദവും-ദൃശ്യവും കുറഞ്ഞത് ശബ്ദമെങ്കിലും റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് മൊഴിയെടുക്കുന്ന പൊലീസ് ഓഫീസർ ഉറപ്പുവരുത്തണം.
സാധ്യമായിടത്തോളം മൊഴി രേഖപ്പെടുത്തേണ്ടത് സബ്-ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയായിരിക്കണം. മൊഴിയെടുക്കുന്ന സമയത്ത് അവർ യൂണിഫോമിലായിരിക്കരുത്. രക്ഷിതാക്കളുടെ അല്ലെങ്കിൽ കുട്ടിക്ക് വിശ്വാസമുള്ള ഏതെങ്കിലും വ്യക്തിയുടെ സാന്നിധ്യത്തിലായിരിക്കണം മൊഴിയെടുക്കേണ്ടത്. ആരോപണ വിധേയന്റെ സാമീപ്യത്തിൽ കുട്ടിയുടെ മൊഴിയെടുക്കാൻ പാടില്ല. കുട്ടിയുടെ താൽപര്യം പരിഗണിച്ച് പ്രത്യേക കോടതി മറിച്ചൊരു നിർദേശം നൽകാത്തപക്ഷം കുട്ടിയുടെ വ്യക്തിവിവരങ്ങൾ മാധ്യമങ്ങളിൽ നിന്നും സംരക്ഷിക്കണം.
ഭിന്നശേഷിയുള്ള കുട്ടികളിൽ നിന്ന് മൊഴിയെടുക്കുമ്പോൾ യോഗ്യരായ എഡ്യുക്കേറ്ററുടെ അല്ലെങ്കിൽ കുട്ടി ഉപയോഗിക്കുന്ന ആശയവിനിമയ രീതിയുമായി പരിചയമുള്ള വ്യക്തിയുടെ അല്ലെങ്കിൽ ഈ രംഗത്തെ വിദഗ്ധരുടെ സഹായം തേടണം.
മജിസ്ട്രേറ്റ് കുട്ടികളുടെ മൊഴിയെടുക്കുമ്പോൾ: ക്രിമിനൽ നടപടി ക്രമത്തിലെ സെക്ഷൻ 164 പ്രകാരം കുട്ടി സംസാരിക്കുന്ന അതേ ഭാഷയിൽ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തണം. രക്ഷിതാക്കളുടെയോ കുട്ടിയുടെ വിശ്വസ്തനായ ആളുടെയോ സാന്നിധ്യത്തിൽ മാത്രമേ മൊഴി രേഖപ്പെടുത്താൻ പാടുള്ളൂ. യോഗ്യരായ പരിഭാഷകരുടെ സഹായം മൊഴി രേഖപ്പെടുത്തുന്ന വേളയിൽ സ്വീകരിക്കാം. മൊഴിയുടെ ഓഡിയോയും ദൃശ്യവും റെക്കോർഡ് ചെയ്തിരിക്കണം. ഈ വിഷയത്തിൽ പൊലീസ് റിപ്പോർട്ടിന്റെ ഒരു കോപ്പി കുട്ടിയുടെ രക്ഷിതാക്കൾക്കോ പ്രതിനിധികൾക്കോ നൽകിയിരിക്കണം.
കുട്ടിയെ വൈദ്യപരിശോധന നടത്തുമ്പോൾ: ലൈംഗികാക്രമണം സംബന്ധിച്ച പരാതി ലഭിച്ചയുടൻ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണം. കുറ്റകൃത്യം സംബന്ധിച്ച് വിവരം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഇത് നടത്തിയിരിക്കണം. സർക്കാർ ആശുപത്രിയിലെയോ അല്ലെങ്കിൽ പ്രാദേശിക ഭരണകൂടം നടത്തുന്ന ആശുപത്രിയിലെ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ മാത്രമേ വൈദ്യപരിശോധന നടത്താൻ പാടുള്ളൂ. അത്തരമൊരാളെ ലഭ്യമല്ലെങ്കിൽ കുട്ടിയുടെയോ കുട്ടിയുടെ രക്ഷിതാവിന്റെയോ അനുമതിയോടെ മറ്റേതെങ്കിലും രജിസ്ട്രേറ്റ് മെഡിക്കൽ പ്രാക്ടീഷണറെ സമീപിക്കാം.

കഴിയുന്നിടത്തോളം, കുറ്റകൃത്യം റിപ്പോർട്ടു ചെയ്യപ്പെട്ട് ഒരുവർഷത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണം

ആക്രമിക്കപ്പെട്ടത്​ പെൺകുട്ടിയാണെങ്കിൽ പരിശോധന നടത്തേണ്ടത് വനിതാ ഡോക്ടർ ആയിരിക്കണം. മാതാപിതാക്കളുടെയോ കുട്ടിയ്ക്ക് വിശ്വാസമുള്ള മറ്റേതെങ്കിലും വ്യക്തിയുടേയോ സാന്നിധ്യത്തിൽ മാത്രമേ പരിശോധന നടത്താവൂ. അങ്ങനെ ആരും ഇല്ലെങ്കിൽ ആശുപത്രി മേധാവി നിർദേശിക്കുന്ന വനിതയുടെ സാന്നിധ്യത്തിൽ പരിശോധന നടത്താം.
കേസ് നടപടികൾ: പോക്​സോ കേസുകളുടെ വേഗത്തിലുളള വിചാരണയ്ക്കായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൺസൽട്ട് ചെയ്ത് ഓരോ ജില്ലകളിലും പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ പ്രത്യേക കോടതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കണം. ഇതിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ അത് രേഖപ്പെടുത്തിവെയ്ക്കണം. കഴിയുന്നിടത്തോളം, കുറ്റകൃത്യം റിപ്പോർട്ടു ചെയ്യപ്പെട്ട് ഒരുവർഷത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
പോക്​സോയ്ക്കുശേഷം സംഭവിച്ചത്
2012ലെ പോക്​സോ നിയമം വന്നതിനുശേഷം ഓരോ വർഷവും കുട്ടികൾക്കെതിരായ ലൈംഗികാക്രമണകേസുകളിൽ വൻതോതിൽ വർധനവാണുണ്ടായത്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുപ്രകാരം 2018ൽ ഇന്ത്യയിൽ ഓരോദിവസവും 109 കുട്ടികളാണ് ലൈംഗികാക്രമണങ്ങൾക്ക് ഇരയായത്. 2017ൽ 32608 കേസുകളാണ് റിപ്പോർട്ടു ചെയ്തതെങ്കിൽ 2018ൽ 39827 കേസുകളായി വർധിച്ചു. എന്നാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണം വളരെ കുറവാണ്. 2016ന്റെ അവസാനം വരെ 28% മാത്രമാണ് പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന നിരക്ക്.
പൊതുവേ കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്ന കേരളത്തിലെ സ്ഥിതിയും മറിച്ചല്ല.

As on Friday 17th of April 2020 11:54:34 PM / keralapolice.gov.in

കേരള പൊലീസിന്റെ വെബ്സൈറ്റിൽ നൽകിയ പോക്​സോ കേസുകളുടെ കണക്ക് 2012 മുതൽ 2020വരെ കേരളത്തിൽ റിപ്പോർട്ടു ചെയ്ത കേസുകളുടെ എണ്ണം ഇങ്ങനെയാണ്:
2012- 77
2013- 1016
2014- 1325
2015- 1583
2016- 2122
2017- 2697
2018- 3179
2019- 3609

പ്രതികൾ ശിക്ഷിക്കപ്പെട്ടത് 18 ശതമാനം കേസുകളിൽ മാത്രം
ചൈൽഡ് ലൈൻ കണക്കുകൾ പ്രകാരം 18 ശതമാനം കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. 2013 മുതൽ 2018 വരെ വിചാരണ പൂർത്തിയായ 1255 കേസുകളിൽ 230 എണ്ണത്തിൽ മാത്രമാണ് കുറ്റവാളി ശിക്ഷിക്കപ്പെട്ടതെന്ന് ചൈൽഡ് ലൈൻ പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ച് 2019 ഒക്ടോബർ 30ന് ദ ഹിന്ദു തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ശിക്ഷിക്കപ്പെടുന്ന നിരക്ക് 18.32%. ഏറ്റവും കൂടുതൽ കേസുകളിൽ വിചാരണ നടന്ന കോഴിക്കോട് ജില്ലയിൽ 282 കേസുകളുടെ വിചാരണ പൂർത്തിയായതിൽ 23 എണ്ണത്തിൽ മാത്രമാണ് കുറ്റവാളി ശിക്ഷിക്കപ്പെട്ടത്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ശിക്ഷിക്കപ്പെട്ടത്. ആലപ്പുഴയിലാണ് ഏറ്റവും കുറവ്.

2013 മുതൽ 2018 വരെ വിചാരണ പൂർത്തിയായ 1255 കേസുകളിൽ 230 എണ്ണത്തിൽ മാത്രമാണ് കുറ്റവാളി ശിക്ഷിക്കപ്പെട്ടതെന്ന് ചൈൽഡ് ലൈൻ കണക്കുകൾ പറയുന്നു

കോടതിക്കു പുറത്ത് ഒത്തുതീർപ്പായ കേസുകൾ ഒഴികെയുള്ള കണക്കാണിത്. 2019 മാർച്ച് 31വരെ 7600 പോക്സോ കേസുകൾ പരിഗണിക്കാനുണ്ടെന്നാണ് കേരളത്തിൽ പുതിയ പോക്സോ കോടതികൾ ഉദ്ഘാടനം ചെയ്തതായി അറിയിച്ച് ജൂൺ 30ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്ത പോക്​സോ കേസുകളിൽ നാലിലൊന്നിൽ പോലും പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നില്ലെന്നാണ് കോഴിക്കോട് തിരുവങ്ങൂർ സ്വദേശിയും ചൈൽഡ് ലൈൻ പ്രവർത്തകനുമായ കെ.കെ മുഹമ്മദ് അഫ്സലിന് പോക്സോ കോടതികളും ജില്ലാ കോടതികളും വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയെ അടിസ്ഥാനമാക്കിയുളള മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്. വകുപ്പ് ഏഴ് പ്രകാരം രജിസ്റ്റർ ചെയ്ത 15 കേസുകളിലും വകുപ്പ് ഒമ്പത് പ്രകാരം രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലും വകുപ്പ് 11 പ്രകാരം രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിലും വിചാരണ പൂർത്തിയാക്കിയെങ്കിലും എല്ലാ കേസുകളിലും പ്രതികൾ രക്ഷപ്പെട്ടു.
പോക്​സോ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന പിഴവാണ്. ഈയിടെ ചർച്ചയായ ചില കേസുകൾ പരിശോധിക്കാം.
വാളയാർ കേസിൽ സംഭവിച്ചതെന്ത്?52 ദിവസത്തെ ഇടവേളയിൽ വാളയാറിൽ പതിമൂന്നും ഒമ്പതും വയസുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസാണിത്. 2017 ജനുവരി 13നാണ് മൂത്തപെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇളയകുട്ടിയായിരുന്നു ഇത് ആദ്യം കണ്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിക്കുനേരെ ലൈംഗിക പീഡനം നടന്നിട്ടുണ്ടാവാം എന്നു പരാമർശിച്ചിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലെ അണുബാധ ഒന്നുകിൽ എന്തെങ്കിലും അസുഖമാകാം, അല്ലെങ്കിൽ കുട്ടി ലൈംഗികാക്രമണത്തിന് ഇരയായിരിക്കാമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പരാമർശം. ഫോറൻസിക് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ പോലും ലൈംഗിക പീഡനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലയെന്ന് റിപ്പോർട്ടിൽ അടിവരയിട്ടിരുന്നു. സംഭവത്തിൽ പ്രദേശവാസിയായ മധുവിനെതിരെ പെൺകുട്ടിയുടെ അമ്മ

ശിശുക്ഷേമ സമിതിയുടെ പാലക്കാട് ജില്ലയിലെ അധ്യക്ഷനായ എൻ. രാജേഷാണ് ഈ കേസിൽ കുറ്റാരോപിതർക്കുവേണ്ടി ആദ്യം കോടതിയിൽ ഹാജരായത്

മൊഴികൊടുത്തിരുന്നു. എന്നാൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വലിയ അന്വേഷണമൊന്നും നടത്തിയില്ല.
രണ്ടുമാസത്തിനുശേഷം 2017 മാർച്ച് നാലിന് അനുജത്തിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 129 സെന്റീമീറ്റർ ഉയരമുള്ള ഈ പെൺകുട്ടിയെ വീടിന്റെ തറ നിരപ്പിൽ നിന്ന് 292 സെന്റീമീറ്റർ ഉയരമുള്ള ഉത്തരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇത് പല സംശയങ്ങളും ഉയർത്തി. പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജൻ പി.ബി ഗുജറാലും, കൊന്ന് കെട്ടിത്തൂക്കിയതാവാനുള്ള സാധ്യത തള്ളിക്കളയരുത് എന്ന് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഈ കുട്ടിക്കുനേരെയും പലതവണ ലൈംഗികാക്രമണം നടന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുടർന്ന് പൊതുസമൂഹത്തിൽ വൻപ്രതിഷേധങ്ങൾ ഉയർന്നു. ഇതേത്തുടർന്ന് പൊലീസ് പോക്​സോ കൂടി ചുമത്തി ബലാത്സംഗ കേസെടുത്ത്​ അന്വേഷണം തുടങ്ങി.
അഞ്ച് പ്രതികളാണുണ്ടായിരുന്നത്. വി. മധു, ഷിബു, എം. മധു, പ്രദീപ് കുമാർ, ജുവനൈലായ മറ്റൊരാൾ എന്നിവർ. ഇതിൽ വി മധുവും എം. മധുവും കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കളായിരുന്നു. എന്നാൽ വിചാരണയ്ക്കൊടുവിൽ രണ്ട് ഘട്ടങ്ങളിലായി കേസിലെ നാലു പ്രതികളെയും പാലക്കാട് പോക്​സോ കോടതി വിട്ടയക്കുകയാണുണ്ടായത്.
പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടുവെന്ന പരാമർശത്തോടെയായിരുന്നു കോടതി വിധി. വിധി വന്നപ്പോൾ അന്വേഷണത്തിലെ പൊലീസ്​ വീഴ്ചകൾ പ്രതിഭാഗം അഭിഭാഷകൻ തന്നെ മാധ്യമങ്ങൾക്കു മുമ്പിൽ പറഞ്ഞിരുന്നു. ‘എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഇത് പ്രോസിക്യൂഷന്റെ ന്യൂനതയല്ല. പൊലീസ് അന്വേഷണത്തിന്റെ ന്യൂനതയാണ്. പൊലീസ് അന്വേഷണത്തിൽ വരുത്തിയ വീഴ്ചയുടെ ഫലമായാണ് ഇങ്ങനെയുണ്ടായിരിക്കുന്നത്. ഇതിൽ ഒരുപാട് രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട്. അതായിരിക്കാം പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്ക് കാരണം. സാഹചര്യ തെളിവുകളുണ്ടായിരുന്നില്ല. ഡയറക്ട് എവിഡൻസ് ഉണ്ടായിരുന്നില്ല. മെഡിക്കൽ എവിഡൻസ് ഉണ്ടായിരുന്നില്ല.' എന്നാണ് കേസിൽ പ്രതിയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ സുരേഷ് പറഞ്ഞത്.
സംഭവം വിവാദമായതിനു പിന്നാലെ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷനും അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലാണ് നടത്തിയത്. മുൻ ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനുമായ പി.കെ ഹനീഫയായിരുന്നു ജുഡീഷ്യൽ കമീഷൻ. അദ്ദേഹം നൽകിയ റിപ്പോർട്ടിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി വ്യക്തമാക്കിയിരുന്നു. ആദ്യം കേസ് അന്വേഷിച്ച എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും ആദ്യം കേസ് വാദിച്ച സർക്കാർ അഭിഭാഷകയ്ക്കും കാര്യമായ വീഴ്ചയുണ്ടായെന്നാണു പ്രധാന കണ്ടെത്തൽ. വാളയാർ എസ്.ഐ ആയിരുന്ന പി.സി ചാക്കോ, സി.ഐ പ്രേമാനന്ദ കൃഷ്ണൻ എന്നിവരായിരുന്നു അദ്ദേഹം കേസ് അന്വേഷിച്ചത്. ലത ജയരാജ് ആയിരുന്നു ആദ്യം സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ശിശുക്ഷേമ സമിതിയും കേസിൽ സംശയത്തിന്റെ നിഴലിൽ നിർത്തപ്പെട്ടിരുന്നു. ശിശുക്ഷേമ സമിതിയുടെ പാലക്കാട് ജില്ലയിലെ അധ്യക്ഷനായ എൻ. രാജേഷാണ് ഈ കേസിൽ കുറ്റാരോപിതർക്കുവേണ്ടി ആദ്യം കോടതിയിൽ ഹാജരായത്. ശിശുക്ഷേമ സമിതിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം പ്രതികളുടെ വക്കാലത്ത് ഒഴിഞ്ഞത്.
പാലത്തായി കേസിൽ സംഭവിച്ചത്?
പാലത്തായി യു.പി സ്‌കൂൾ അധ്യാപകനും ബി.ജെ.പി നേതാവുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയിൽ ലൈംഗികാക്രണത്തിന് ഇരയാക്കിയെന്നതാണ് കേസ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പെൺകുട്ടി ലൈംഗികാക്രമണത്തിന് ഇരയായത്. മാർച്ച് 17ന് പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകിയെങ്കിലും അറസ്റ്റുണ്ടായില്ല. അറസ്റ്റ് വൈകുന്നതിനെതിരെ സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു. പരാതി നൽകി ഒരുമാസം ആകാനിരിക്കെ ഏപ്രിൽ 15നാണ് പാനൂർ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. അറസ്റ്റു വൈകിപ്പിച്ച പാനൂർ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആക്ഷേപമുയർന്നതോടെ ഏപ്രിൽ 22ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു.

കുട്ടി മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയും, പൊലീസിനു കൊടുത്ത മൊഴിയും, പൊലീസിൽ നൽകിയ പരാതിയും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടെന്നതായിരുന്നു പോക്സോ ഒഴിവാക്കാൻ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറഞ്ഞത്

അറസ്റ്റിലായി 90 ദിവസം പൂർത്തിയായ ജൂലൈ 14ന് ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചു. ക്രിമിനൽ നടപടി ചട്ടപ്രകാരം അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിയ്ക്ക് ജാമ്യം ലഭിക്കും. കുറ്റപത്രം വൈകിയതോടെ പത്മരാജനെ രക്ഷിക്കാനുള്ള ശ്രമമാണിതെന്ന വിമർശനം ഉയർന്നതോടെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
പോക്​സോ പ്രകാരം പാനൂർ പൊലീസ് ചാർജ് ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്സോ ഒഴിവാക്കി. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75, 82 വകുപ്പുകൾ മാത്രമാണ് പത്മരാജനെതിരെ ചുമത്തിയിരുന്നത്. കുട്ടിയെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ആൾ ഏതെങ്കിൽ തരത്തിൽ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയെന്ന കുറ്റമാണ് 75നു കീഴിൽ വരുന്നത്. സ്‌കൂൾ പോലെ കുട്ടികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരോ മറ്റോ അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായി അവരെ മർദ്ദിക്കുന്നത് കുറ്റമരമാക്കുന്ന വകുപ്പാണ് ജുവനൈൽ ആക്ടിലെ സെക്ഷൻ 82.
കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ ജൂലൈ 16ന് തലശേരി സെഷൻസ് കോടതി പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കുകയും ചെയ്തു. ഏതാണ്ട് ഇതേസമയത്ത്, വയനാട്ടിൽ ഗോത്രാചാരപ്രകാരം വിവാഹം കഴിക്കാനായി പെൺകുട്ടിയെ കൊണ്ടുപോയതിന്റെ പേരിൽ അറസ്റ്റിലായ യുവാവിന് രണ്ടുമാസത്തിനുശേഷമാണ് പുറത്തിറങ്ങാൻ കഴിഞ്ഞതെന്നോർക്കണം.
കുട്ടി മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയും, പൊലീസിനു കൊടുത്ത മൊഴിയും, പൊലീസിൽ നൽകിയ പരാതിയും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടെന്നതായിരുന്നു പോക്സോ ഒഴിവാക്കാൻ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറഞ്ഞത്. കൗൺസിലേഴ്സ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സഹായത്തോടെ ഈ കുട്ടിയുടെ മൊഴി വീണ്ടും എടുക്കേണ്ടതുണ്ടെന്നും അങ്ങനെ മൊഴിയെടുത്തശേഷം ശാസ്ത്രീയമായ തെളിവുകളടക്കം വിശദമായ കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പോക്​സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതിൽ തെറ്റില്ലെന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം മറികടന്നാണ് ക്രൈംബ്രാഞ്ച് പോക്​സോ ഒഴിവാക്കിയത്.
കേസിന്റെ അന്വേഷണ ഘട്ടത്തിൽ കുട്ടിയുടെ മാതാവ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ, പത്മരാജൻ കുട്ടിയെ ബൈക്കിൽ കയറ്റി ഒരുവീട്ടിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് വേറൊരാൾ കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും ചെയ്തതായി പറഞ്ഞിരുന്നു. ഈ ആരോപണം സംബന്ധിച്ച് പൊലീസോ ക്രൈംബ്രാഞ്ചോ ഒരു ഘട്ടത്തിലും അന്വേഷിച്ചിട്ടില്ലായെന്ന വിമർശനവും ഉയരുന്നുണ്ട്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റേതെന്ന തരത്തിൽ പുറത്തുവന്ന ഫോൺ സംഭാഷണവും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങൾ പ്രതിക്ക് അനുകൂലമായി മാറാവുന്ന പോയിന്റുകൾ അടക്കം ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഫോണിൽ വിശദീകരിച്ചു നൽകിയ അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടി നിയമലംഘനമാണെന്ന വിമർശനം ശക്തമാണ്

അന്വേഷണം പൂർത്തിയാകാത്ത കേസിൽ, അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങൾ പ്രതിക്ക് അനുകൂലമായി മാറാവുന്ന പോയിന്റുകൾ അടക്കം ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഫോണിൽ വിശദീകരിച്ചു നൽകിയ അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടി നിയമലംഘനമാണെന്ന വിമർശനം ശക്തമാണ്. ഐ.ജിയെ നീക്കണമെന്നും കേസിന്റെ മേൽനോട്ട ചുമതല വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് ഹെെക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. കേസിൽ തുടരന്വേഷണത്തിന് തലശേരി അഡീഷണൽ ജില്ല സെഷൻസ്(രണ്ട്) കോടതി ഉത്തരവിട്ടിട്ടുണ്ട്. കുറ്റപത്രം പൂർണമല്ല പോക്‌സോ ചുമത്തിയില്ല എന്നതടക്കമുള്ള വീഴ്ച്ചകൾ ക്രൈം ബ്രാഞ്ചിന് സംഭവിച്ചു എന്ന് പ്രോസിക്യൂഷൻ അറിയിച്ചതനുസരിച്ചുള്ള അപേക്ഷയിലാണ് കോടതി ഉത്തരവ്.

കൊട്ടിയൂരിൽ നടന്നുകൊണ്ടിരിക്കുന്നത്
മാനന്തവാടി രൂപത വൈദികനായിരുന്ന റോബിൻ, കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയൻ പള്ളിയിൽ വികാരിയായിരിക്കെ കമ്പ്യൂട്ടർ പഠിക്കാൻ എത്തിയ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പള്ളിമുറിയിൽ എത്തിച്ച് ലൈംഗികാക്രമണത്തിന് ഇരയാക്കിയെന്നതാണ് കേസ്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടർന്ന് ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചതിനുശേഷമാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതോടെ പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ കുറ്റം കെട്ടിവയ്ക്കാനും ശ്രമം നടന്നിരുന്നു.
ചൈൽഡ് ലൈനിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് റോബിൻ പിടിയിലായത്. പെൺകുട്ടി പ്രസവിച്ച ആൺകുഞ്ഞിനെ വയനാട് വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രത്തിൽ ഏൽപ്പിച്ചതുമായി ബന്ധപ്പെട്ടു തെളിവു നശിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിന് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടന്നിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഇവരെ വിട്ടയക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്​സോ കുറ്റം ചുമത്തിയാണ് കോടതി റോബിനെ ശിക്ഷിച്ചത്. 2019 ഫെബ്രുവരിയിലാണ് തലശേരി പോക്‌സോ കോടതി റോബിന് 20 വർഷം കഠിന തടവിനും മൂന്നു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. വിചാരണയ്ക്കിടെ പെൺകുട്ടിയും മാതാപിതാക്കളും ഫാ.റോബിന് അനുകൂലമായി മൊഴിമാറ്റിയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്നുമായിരുന്നു കോടതിയിൽ നൽകിയ മൊഴി. ഇതിനു പുറമേ വിചാരണ വേളയിൽ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിരുന്നു. എന്നാൽ ഡി.എൻ.എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ കുറ്റംതെളിയിക്കാൻ സഹായകരമായി.
എന്നാലിപ്പോൾ പെൺകുട്ടിയെ വിവാഹം ചെയ്ത് സംരക്ഷിക്കാമെന്നും അതിനായി രണ്ടുമാസത്തെ താൽക്കാലിക ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് റോബിൻ. വിവാഹത്തെ എതിർക്കുന്നില്ലെന്നും എന്നാൽ മുൻ വൈദികന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാടെടുത്തത്. വൈദികന് വേണമെങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കാമായിരുന്നു. പെൺകുട്ടിയേയോ കുഞ്ഞിനേയോ സംരക്ഷിക്കാൻ തയ്യാറായിട്ടില്ലെന്നിരിക്കെ കോടതിയുടെ അനുമതിയോടെ വിവാഹം കഴിക്കുന്നതിന് പിന്നിൽ ശിക്ഷാ ഇളവ് നേടാനുള്ള നീക്കമടക്കം സംശയിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തിട്ടുണ്ട്.

വീണ്ടും ആക്രമിക്കപ്പെടുന്ന കുട്ടികൾ
അടുത്തിടെ കേരളത്തിൽ വലിയ തോതിൽ ചർച്ചയായ, പോക്​സോ കേസുകൾക്ക് സംഭവിച്ചത് ഇതാണ്. ചെറിയ കുട്ടികൾക്കെതിരായ ലൈംഗികാക്രമണങ്ങൾ വാർത്തയാകുമ്പോൾ, പ്രത്യേകിച്ച് പെൺകുട്ടികൾക്കെതിരെയുള്ളത്, അവരെ പൊതുബോധം പ്രതിസ്ഥാനത്തുനിർത്തുകയാണ് ചെയ്യാറുള്ളത്.

ചെറിയ കുട്ടികൾക്കെതിരായ ലൈംഗികാക്രമണങ്ങൾ വാർത്തയാകുമ്പോൾ, പ്രത്യേകിച്ച് പെൺകുട്ടികൾക്കെതിരെയുള്ളത്, അവരെ പൊതുബോധം പ്രതിസ്ഥാനത്തുനിർത്തുകയാണ് ചെയ്യാറുള്ളത്

വാളയാർ കേസിലും കൊട്ടിയൂർ കേസിലുമെല്ലാം ഇതുണ്ടായിട്ടുണ്ട്. കുട്ടികൾക്ക് നിയമപരമായ എല്ലാ സംരക്ഷണവും ഉറപ്പുവരുത്താൻ ബാധ്യസ്ഥരായ പൊലീസിന്റെ ഭാഗത്തുനിന്നുവരെ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാവാറുണ്ട്. ആക്രമിക്കപ്പെടുന്നത് കുട്ടിയാണെങ്കിൽ പോലും ആ സമയം മുതൽ അവരെ കുട്ടിയല്ലാതെ കാണുന്ന, വീണ്ടും വാക്കുകൾ കൊണ്ട് ആക്രമിക്കുന്ന പ്രവണത. കുട്ടികൾക്കെതിരായ ലൈംഗികാക്രമണം എന്താണെന്ന് പൊതുസമൂഹത്തിൽ വലിയൊരു വിഭാഗത്തിന് അറിയില്ലയെന്നാണ് ഇത്തരം ആക്രമണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കുട്ടികൾക്കെതിരെ ഭാവിയിൽ ഉണ്ടാവാനിടയിലുള്ള ഇത്തരം ആക്രമണങ്ങൾ ഭയന്നും ഇതുപോലുള്ള കാര്യങ്ങൾ മൂടിവെക്കപ്പെടുന്നുണ്ട്.

സ്ത്രീപക്ഷ വീക്ഷണത്തിന്റെ അഭാവം
സ്ത്രീപക്ഷ വീക്ഷണത്തിന്റെ അഭാവം പോക്​സോ ഉൾപ്പെടെയുള്ള കേസുകളുടെ പരാജയത്തിന് കാരണമാകുന്നുണ്ടെന്നാണ് അഡ്വ. പ്രീത പറയുന്നത്. ‘നിയമമുണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല. അത് നടപ്പിലാക്കുമ്പോൾ സ്ത്രീപക്ഷത്തുനിന്നുകൊണ്ട് അതിനെ നോക്കിക്കാണാത്ത ജുഡീഷ്യറിയോ പൊലീസ് സംവിധാനമോ വരുമ്പോൾ അത് പരാജയപ്പെടാനിടയുണ്ട്. എല്ലാ നിയമങ്ങൾക്കും ഈയൊരു പ്രശ്നമുണ്ട്.

ഗാർഹിക പീഡനക്കേസിലാണെങ്കിൽ സ്ത്രീകൾ ഇതൊക്കെ സഹിക്കേണ്ടവരാണെന്നും, വീട്ടുജോലി ചെയ്യേണ്ടവരാണെന്നുമൊക്കെ കരുതുന്ന ഒരു ജുഡീഷ്യറിയിൽ നിന്നും പെണ്ണുങ്ങൾക്ക് നീതി പ്രതീക്ഷിക്കാൻ കഴിയില്ല

ഉദാഹരണത്തിന് ഗാർഹിക പീഡനക്കേസിലാണെങ്കിൽ സ്ത്രീകൾ ഇതൊക്കെ സഹിക്കേണ്ടവരാണെന്നും, വീട്ടുജോലി ചെയ്യേണ്ടവരാണെന്നുമൊക്കെ കരുതുന്ന ഒരു ജുഡീഷ്യറിയിൽ നിന്നും പെണ്ണുങ്ങൾക്ക് നീതി പ്രതീക്ഷിക്കാൻ കഴിയില്ല.' ശിക്ഷിക്കപ്പെടുന്ന നിരക്ക് കുറയാനുള്ള ഒരു കാരണം ഇതാണെന്നും അവർ പറയുന്നു. ചില കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കപ്പെടുന്നു. അങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ്. പക്ഷേ അതും നടക്കുന്നുണ്ടെന്നും അവർ പറയുന്നു.

കുട്ടികളോട് സംസാരിക്കാനറിയാത്ത പൊലീസ്
പോക്​സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന നിരക്ക് കുറയുന്നതിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ സംബന്ധിച്ച് ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആന്റ് ഡവലപ്പ്മെന്റുമായി ചേർന്ന് സെന്റർ ഫോർ ക്രിമിനോളജി ആന്റ് പബ്ലിക് പോളിസി ദേശീയ തലത്തിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ ചില നിരീക്ഷണങ്ങൾ ‘ദ ടെലിഗ്രാഫ്’ മുന്നോട്ടുവെച്ചിരുന്നു. അതിൽ പറയുന്ന ഒരു കാര്യം പരമ്പരാഗത രീതിയിൽ തന്നെ കുട്ടികളെയും ചോദ്യം ചെയ്യുന്ന പൊലീസ് സമീപനമാണ്. പലപ്പോഴും നടന്ന കാര്യങ്ങൾ മുഴുവനായി കുട്ടികളെക്കൊണ്ട് പറയാൻ ഈ ചോദ്യം ചെയ്യൽ രീതിക്ക് കഴിയാറില്ല. ലൈംഗികാതിക്രമം നേരിട്ട, വൈകാരികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളോട് ഇടപെടാനുള്ള പരിശീലനം പല പൊലീസ് ഓഫീസർമാർക്കും ലഭിച്ചിട്ടില്ലയെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു.
പ്രോസിക്യൂഷൻ അഭിഭാഷകർക്ക് നല്ല രീതിയിൽ വാദിക്കാൻ കഴിയാത്തതാണ് മറ്റൊരു കാരണമായി പറയുന്നത്. കുട്ടികളുടെ മനശാസ്​ത്രത്തെക്കുറിച്ചും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും അവരെ ക്രോസ് എക്സാമിൻ ചെയ്യേണ്ട രീതിയെ സംബന്ധിച്ചും ഇവർക്കും പരിശീലനം ആവശ്യമുണ്ട്.

ഞെട്ടിക്കുന്ന കൂറുമാറ്റങ്ങൾ
മറ്റൊരു പ്രശ്നം, വിചാരണ വേളയിൽ സാക്ഷികൾ കൂറുമാറുന്നതാണ്. 2013നും 2015നും ഇടയിൽ നടന്ന 667 പോക്​സോ വിധി ന്യായങ്ങൾ പരിശോധിച്ച ബാംഗ്ലൂർ ലോ സ്‌കൂളിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. ഇതിൽ 67.5 ശതമാനം കേസുകളിലും വിചാരണ വേളയിൽ സാക്ഷികൾ കൂറുമാറി. 26.7 ശതമാനം കേസുകളിൽ മാത്രമാണ് പ്രതിയ്ക്കെതിരെ സാക്ഷികൾ മൊഴി നൽകിയത്. കേസ് നടപടികൾ വൈകുന്നതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ ആരോപണ വിധേയർക്ക് ഒരുപാട് സമയം ലഭിക്കുന്നുവെന്നതാണ് ഇതിന് ഒരു കാരണമായി വിദഗ്ധർ പറയുന്നത്.

പ്രായപൂർത്തിയാവാത്ത രണ്ടുപേർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സാഹചര്യമുണ്ടായാൽ നിയമപരമായി എന്തു ചെയ്യാമെന്ന് നിയമം വിശദീകരിക്കുന്നില്ല

മറ്റൊന്ന് പോക്​സോ കേസുകളിൽ പലപ്പോഴും കുറ്റാരോപിതർ ആക്രമിക്കപ്പെട്ടവരുടെ അടുത്ത ബന്ധുക്കളോ അല്ലെങ്കിൽ ആക്രമിക്കപ്പെട്ടവർ സാമ്പത്തികമായി താഴേക്കിടയിൽ നിൽക്കുന്നവരോ ആയിരിക്കും. ഇത്തരം സാഹചര്യങ്ങളിലും പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണ്.
ഇതിനു പുറമേ ചില സാഹചര്യങ്ങളിൽ പോക്​സോ കേസുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. കുഞ്ഞിന്റെ സംരക്ഷണാവകാശ തർക്കങ്ങളിൽ പോക്​സോ കേസുകൾ കൂടുതലായി ദുരുപയോഗം ചെയ്യുന്നതായി ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു.
ആദിവാസികൾക്കുമേലുള്ള പോക്​സോ പ്രയോഗം
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാൻ മാതൃകാപരമായ നിയമമാണ് പോക്​സോയെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. എന്നാൽ ചില പ്രശ്നങ്ങൾ അതിനുള്ളിലുമുണ്ട്. അതിലൊന്ന് 18 വയസിന് താഴെയുള്ള എല്ലാവരേയും ഈ നിയമം ഒരേ പോലെ കാണുന്നുവെന്നതാണ്. ഒരു ഉദാഹരണം പറയാം. പതിനേഴു വയസുള്ള പെൺകുട്ടിയ്ക്ക് പത്തൊൻപത് വയസുള്ള ഒരു ലൈംഗിക പങ്കാളി ഉണ്ടെന്നു കരുതുക. നിയമപ്രകാരം ഈ ലൈംഗിക പങ്കാളിയ്ക്കുമേൽ പോക്​സോ ചുമത്താം. കേരളത്തിലടക്കമുള്ള പല ഗോത്രവിഭാഗങ്ങളിലും പെൺകുട്ടികൾക്ക് ഇപ്പോഴും 18 വയസിൽ താഴെയാണ് വിവാഹപ്രായം. ഇവരെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്കെതിരെ പോക്​സോ ചുമത്തിയ ഒരുപാട് സംഭവങ്ങളുണ്ട്. ഈ പ്രശ്നത്തെക്കുറിച്ച് അഡ്വ. പ്രീത പറയുന്നു- ‘ഗോത്ര, ആദിവാസി വിഭാഗങ്ങൾക്ക് പ്രത്യേക ഭൂപ്രദേശം, ഭാഷ, ആചാരം, ജീവിത രീതി എന്നിവയുള്ളതുകൊണ്ടാണ് ഭരണഘടന അവരെ പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നത്. ആചാര രീതി അനുസരിച്ച് ഗോത്രവർഗക്കാർ ഹിന്ദുക്കളല്ല. അവരുടെ വിവാഹവും, വിവാഹമോചനവും, വിവാഹ ജീവിതവും ഹിന്ദു ആചാരപ്രകാരമല്ല. നമ്മുടെ നിയമപ്രകാരം പെൺകുട്ടിക്ക് 18 വയസാകണം. എന്നാൽ ഋതുമതിയാവുകയെന്നതാണ് ഗോത്രവർഗക്കാരായ പെൺകുട്ടികളുടെ വിവാഹപ്രായം. അതുകൊണ്ടുതന്നെ നമ്മുടെ നിയമപ്രകാരം ഇത് തെറ്റാണ്. ഇത് തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തുന്ന സംവിധാനം ഇവിടെയില്ല. നിയമത്തിനു മുമ്പിൽ നിയമം അറിയില്ലയെന്നു പറയുന്നത് ഒരു എക്സ്‌ക്യൂസ് അല്ല. ഇവിടെ ആദിവാസികളുടെ ഗോത്രസംസ്‌കാരം അനുസരിച്ച് അവർക്കത് തെറ്റല്ലാതിരിക്കുകയും പൊതുസമൂഹത്തിന് അത് തെറ്റായിരിക്കുകയും ചെയ്യുമ്പോഴാണ് പോക്​സോ നിയമവും ആദിവാസികളും തമ്മിലുള്ള സംഘർഷം വരിക. അങ്ങനെ വരുമ്പോഴാണ് അവർ വർഷങ്ങളോളം ഇതിന്റെ പേരിൽ ജയിലിൽ കഴിയേണ്ടിവരുന്നത്. ഇതിന് ഒന്നാമത്തെ കാരണം ആദിവാസികൾക്കിടയിൽ ഇതുസംബന്ധിച്ച് സാമൂഹ്യ അവബോധം ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ അഭാവമാണ്. മറ്റൊരു കാരണം ട്രൈബൽപക്ഷ വീക്ഷണമില്ലാത്ത ജുഡീഷ്യൽ സംവിധാനമില്ലാത്തതാണ്. മൂന്നാമത്തെ കാരണം നിയമപരമായി നേരിടാനുള്ള സാഹചര്യമില്ലായ്മയാണ്. നല്ല അഭിഭാഷകരെ വെച്ച് വാദിക്കാനോ വലിയ ഫീസ് നൽകി വാദിക്കാനൊ ഒന്നും ഇവർക്ക് കഴിയാറില്ല. അതേസമയം, ആദിവാസി പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന, റെയ്പ് ചെയ്യുന്ന ഇതര സമുദായക്കാർ ഇതുപോലെ ശിക്ഷിക്കപ്പെടുന്നതായി കാണാറില്ല.'
മറ്റൊന്ന് പ്രായപൂർത്തിയാവാത്ത രണ്ടുപേർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സാഹചര്യമുണ്ടായാൽ നിയമപരമായി എന്തു ചെയ്യാമെന്ന് നിയമം വിശദീകരിക്കുന്നില്ല. ആക്രമിക്കപ്പെട്ടവരുടെ പ്രായം തെളിയിക്കുന്നതുമായി ബന്ധപ്പെട്ടതാണ് അടുത്ത പ്രശ്നം. ഏതു രേഖയാണ് ഇതിന് സ്വീകാര്യമാകുകയെന്നത് പോക്​സോ നിയമത്തിൽ പരാമർശിക്കുന്നില്ല. നിലവിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലുമാണ് രേഖയായി സ്വീകരിക്കുക. എന്നാൽ ഇതല്ലാത്ത രേഖകൾ ഹാജരാക്കേണ്ടി വരുന്നവർക്ക് മറ്റ് പരിശോധനകൾക്ക് വിധേയരാകേണ്ടി വരുന്നുണ്ട്.

Comments