കപിൽ സിബൽ

കപിൽ സിബൽ, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ…

ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ പരമോന്നത കോടതിയുടെ തൊട്ടുതാഴെയുള്ള ബാർ അസോസിയേഷൻ എന്ന നിലയിൽ സുപ്രീംകോടതി ബാർ അസോസിയേഷന്റെ പ്രാധാന്യം വളരെ വലുതാണ്. പ്രത്യേകിച്ച് ദേശീയതലത്തിലെ നിയമപരമായ പ്രശ്നങ്ങളിൽ ബാർ അസോസിയേഷൻ പ്രസിഡൻ്റിൻ്റെ ഇടപെടലുകൾക്ക് പ്രാധാന്യമുണ്ട്. അതിന്റെ പ്രസിഡന്റായുള്ള കപിൽ സിബലിൻ്റെ വിജയം ഈയൊരു സാഹചര്യത്തിലാണ് സവിശേഷമാകുന്നത്.

സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തെരഞ്ഞെടുക്കപ്പെട്ടത് ഏറെ സമകാലിക പ്രാധാന്യമുള്ള ഒന്നാണ്. പ്രത്യേകിച്ച്, ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ നിയമങ്ങളെയും ശരിയായ രീതിയിൽ പ്രതിനിധീകരിക്കുന്ന ഒരാ​ളെന്ന നിലയ്ക്ക് ഈ നേതൃത്വം പ്രധാനപ്പെട്ട ഒന്നാകുന്നു.

ക്രൂരമായ പോലീസ് സ്വേച്ഛാധികാരത്തോട് പൊരുതി, പൗരസ്വാതന്ത്ര്യത്തെ വിജയകരമായി സംരക്ഷിച്ച പ്രബീർ പുർകായസ്ത കേസിൽ വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് സിബലിന്റെ ഈ വിജയം എന്നത് ചരിത്രപരമായ യാദൃച്ഛികതയായിരിക്കാം. മനുഷ്യാവകാശ സംരക്ഷകനും, മതേതര മൂല്യങ്ങളിൽ ഉറച്ചുവിശ്വസിക്കുന്ന പൗരനെന്ന നിലയിലും അദ്ദേഹത്തിന് സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ പിന്തുണ, നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള പ്രതീക്ഷയെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു.

ഭീകരമായ ധ്രുവീകരണ അന്തരീക്ഷത്തിലായിരുന്നു സുപ്രീം കോടതിയിലെ തെരഞ്ഞെടുപ്പ് നടന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ‘മതേതര ശക്തികളെ തോൽപ്പിക്കുക’ എന്ന പേരിൽ ഒരു വിഭാഗം എതിർ സ്ഥാനാർത്ഥിക്കുവേണ്ടി വോട്ട് തേടി. മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണെങ്കിൽ, ‘മതേതര ശക്തികളെ തോൽപ്പിക്കാൻ’ വോട്ട് അഭ്യർത്ഥിക്കുന്നത് യഥാർത്ഥത്തിൽ ഭരണഘടനയ്‌ക്കെതിരായ ഒരു അപ്പീൽ കൂടിയാണ്. അത്തരമൊരു പ്രചരണം വിജയിച്ചിരുന്നെങ്കിൽ യഥാർത്ഥത്തിൽ അത് ഭരണഘടനയുടെയും പരാജയമാകുമായിരുന്നു. അതുകൊണ്ടുതന്നെ സിബലിൻ്റെ ഈ വിജയം ഇത്തരം ഭരണഘടനാ വിരുദ്ധർക്കെതിരായ വിജയം കൂടിയാണ്.

മാത്രവുമല്ല, ബഞ്ചിന്റെ അന്തസ്സിനു കളങ്കമുണ്ടാക്കുന്ന, കോടതിയുടെ വിശ്വാസത്തെ തകർക്കുന്ന രീതിയിലുള്ള സ്വയം പ്രസ്താവനകളായിരുന്നു മുൻ പ്രസിഡൻ്റായിരുന്ന മുതിർന്ന അഭിഭാഷകൻ ആദിഷ് സി. അഗർവാലയുടെത്. പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ സ്വമേധയാ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയതിലൂടെ, സഹ അംഗങ്ങളുമായി കൂടിയാലോചിക്കാൻ തയ്യാറാകാതെ തൻ്റെ ഔദ്യോഗിക പദവിയെ ദുരുപയോഗം ചെയ്യുകയായിരുന്നു ആദിഷ്.

ആദിഷ് സി അഗർവാല
ആദിഷ് സി അഗർവാല

ഏകപക്ഷീയമായ ഇത്തരം നീക്കങ്ങളെ വിമർശിച്ച് ബാറിലെ മറ്റു അംഗങ്ങൾ അദ്ദേഹത്തെ വിമർശിച്ചിരുന്നു. കൂടാതെ ഡാറ്റ വെളിപ്പെടുത്തുന്നത് കോർപ്പറേറ്റ് ദാതാക്കളെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ഇലക്ടറൽ ബോണ്ട് വിധിക്കെതിരെ പരാമർശം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതിയതും വിധി സ്വമേധയാ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രസ്തുത വിഷയത്തിൽ ഇടപെടാൻ ശ്രമിച്ചതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

ഇതിനെല്ലാമുപരി, തുറന്ന കോടതിയിൽ അഗർവാലയെ ശാസിച്ചുകൊണ്ട് തത്സമയം സ്ട്രീം ചെയ്ത നടപടികളിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേമാണ്: “Dr. Aggarwala, apart from being a senior advocate, you are the president of the Supreme Court Bar Association. You have written a letter to me asking me to invoke my suo motu jurisdiction. You have no locus. These are all publicity-oriented. We will not permit it. Please keep it at that, otherwise I will have to say something distasteful”.

സുപ്രീംകോടതി ബാർ അസോസിയേഷൻ്റെ പ്രസിഡൻ്റ് പദവിക്ക് ചരിത്രത്തിൽ ഇത്രയും മോശമായ അപമാനമുണ്ടായിട്ടുണ്ടോ എന്നത് സംശയാസ്പദമാണ്. ഈയൊരു അവസരത്തിൽ, എസ്‌.സി.ബി.എ പ്രസിഡൻ്റ് സ്ഥാനത്തിൻ്റെ അന്തസ്സ് വീണ്ടെടുക്കുന്നതിന് സിബൽ നേടിയ മിന്നും വിജയം നിർണായകവും പ്രതീക്ഷാജനകവുമാണ്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

പ്രൊഫഷണൽ മികവ്, നിയമപരമായ മിടുക്ക്, നിയമവാഴ്ചയോടുള്ള പ്രതിബദ്ധത തുടങ്ങിയ കാര്യങ്ങളിൽ സിബൽ തന്റെ കഴിവും പ്രതിബദ്ധതയും തെളിയിച്ചിട്ടുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറ്റമുണ്ടാകുമ്പോൾ, ഭരണഘടനയെ വരെ തകർക്കാൻ ശ്രമം നടക്കുമ്പോൾ നീതി തേടുന്ന പൊതുസമൂഹം ആശ്രയിക്കുന്നത് നീതി നിർവഹണത്തിന്റെ അവശേഷിക്കുന്ന ഈ തൂണുകളെയാണ്. ഈ അവസരത്തിൽ ഒരു തിരുത്തൽ ശക്തിയായി വേണം ബാർ അസോസിയേഷൻ നിലനിൽക്കാൻ.

ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ പരമോന്നത കോടതിയുടെ തൊട്ടുതാഴെയുള്ള ബാർ അസോസിയേഷൻ എന്ന നിലയിൽ എസ്‌.സി.ബി.എ.യുടെ പ്രാധാന്യം വളരെ വലുതാണ്. പ്രത്യേകിച്ച് ദേശീയതലത്തിലെ നിയമപരമായ പ്രശ്നങ്ങളിൽ ബാർ അസോസിയേഷൻ പ്രസിഡൻ്റിൻ്റെ ഇടപെടലുകൾക്ക് പ്രാധാന്യമുണ്ട്. സിബലിൻ്റെ ഈ വിജയം ഈയൊരു സാഹചര്യത്തിലാണ് സവിശേഷമാകുന്നത്. പൗരരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിരന്തരം ജുഡീഷ്യറിയോട് കലഹിക്കുകയും ജുഡീഷ്യറിയുടെ വീഴ്ചകൾക്കെതിരെ നിർഭയമായി സംസാരിക്കുകയും ഹനിക്കപ്പെടേണ്ടിയിരുന്ന പല അവകാശങ്ങളെയും നേടിയെടുക്കാൻ ധൈര്യപൂർവ്വം മുന്നിട്ടിറങ്ങുകയും ചെയ്ത സിബിൽ ഒരു ഘട്ടത്തിൽ, സുപ്രീം കോടതിയിൽ ഇനി പ്രതീക്ഷയില്ലെന്ന് പറയുന്ന അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു. ഈ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ചോർന്നുപോകുകയാണെന്ന് അദ്ദേഹം ജഡ്ജിമാരുടെ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. പൗരരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ജുഡീഷ്യറിക്ക് സംഭവിച്ച നിരന്തര വീഴ്ചകളുടെ ഭയാനകതയെ പ്രകടിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും ഇടപെടലുകളും.

സാഹിറ ഷെയ്ഖ്, ടീസ്റ്റ സെതൽവാദ്, സിദ്ദിഖ് കാപ്പൻ, പ്രബീർ പുർകയസ്ത
സാഹിറ ഷെയ്ഖ്, ടീസ്റ്റ സെതൽവാദ്, സിദ്ദിഖ് കാപ്പൻ, പ്രബീർ പുർകയസ്ത

നീതി ലഭിക്കേണ്ടിടത്ത് അനിതീയുടെ കരങ്ങളിലമരേണ്ടിവന്ന സാഹിറ ഷെയ്ഖ്, ടീസ്റ്റ സെതൽവാദ്, സിദ്ദിഖ് കാപ്പൻ, പ്രബീർ പുർകായസ്ത തുടങ്ങിയവർക്കുവേണ്ടിയും മഹാരാഷ്ട്ര- ശിവസേന വിള്ളൽ കേസ്, ഇലക്ടറൽ ബോണ്ട് കേസ്, ആർട്ടിക്കിൾ 370 റദ്ദാക്കൽ, ഹിജാബ് നിരോധനം, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ ന്യൂനപക്ഷ പദവി തുടങ്ങിയ രാഷ്ട്രീയ പ്രാധ്യാനമുള്ള കേസുകൾക്കുവേണ്ടിയും അദ്ദേഹം സുപ്രധാനമായ വാദങ്ങൾ നടത്തിയിട്ടുണ്ട്.

കരിയറിലെ നീണ്ട 23 വർഷങ്ങൾക്കുശേഷം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തൻ്റെ തീരുമാനം ബാറിന് മാത്രമല്ല മറിച്ച് രാജ്യത്തിന് എന്തെങ്കിലും ചെയ്യാനുള്ള തൻ്റെ ആഗ്രഹമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ലൈവ് ലോയുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. സുപ്രീം കോടതിയുടെ അഭിഭാഷകർ അഭിമുഖീകരിക്കുന്ന പ്രായോഗിക പ്രശ്‌നങ്ങളിൽ ഇടപെടുന്നതിനുപുറമെ, ജുഡീഷ്യൽ സ്വാതന്ത്ര്യത്തിൻ്റെയും ഭരണഘടനാമൂല്യങ്ങളുടെയും സംരക്ഷകനായി പ്രവർത്തിക്കാൻ ബാറിനെ പ്രചോദിപ്പിക്കുന്നതിന് ഇത്തരം പദവികൾ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ തെളിവാണ്.

Comments