ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് യഥാർത്ഥത്തിൽ വിചാരണയ്ക്ക് നിർത്തിയിരിക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥിതിയെയാണ്. അന്വേഷണ ഏജൻസികൾക്ക് അനന്തവും അനിർവചിതവുമായ അധികാരങ്ങൾ കൊടുക്കുന്ന കള്ളപ്പണ നിയമത്തിന്റെ കിരാത വകുപ്പുകളെല്ലാം ശരിവെച്ച്, നീതിയെ സംബന്ധിച്ചുള്ള പ്രാഥമിക ധാരണകളെ പോലും കാറ്റിൽ പറത്തുന്ന നിലപാടെടുത്തത് ദൗർഭാഗ്യവശാൽ നമ്മുടെ സുപ്രീംകോടതിയാണ്. ഇപ്പോൾ ലോക്പാൽ തലവൻ ആയിരിക്കുന്ന ജസ്റ്റിസ് ഖാൻവിൽക്കർ ആണ് സുപ്രീംകോടതിയിൽ കള്ളപ്പണ നിയമം (പി എം എൽ എ ആക്ട്) സംബന്ധിച്ച ഭരണഘടനാ വിഷയങ്ങളിൽ തീർപ്പ് കൽപ്പിച്ചത്.
കള്ളപ്പണ നിയമം ഇന്ന് ഭരണാധികാരികളുടെ കയ്യിലെ ഏറ്റവും വലിയ ആയുധമാണ്. എതിർ രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാരെ, വിയോജിപ്പുകൾ ഉന്നയിക്കുന്നവരെ, വിമർശകരെ, ഒക്കെ വേട്ടയാടുന്ന സമീപനത്തിന്റെ ഭാഗമാണിത്.
ഈ നിയമപ്രകാരം ആകെ ചാർജ്ജ് ചെയ്യപ്പെടുന്ന കേസുകളിൽ കേവലം മൂന്ന് ശതമാനത്തിൽ മാത്രമാണ് ശിക്ഷാവിധി ഉണ്ടാവുന്നത്. ഏതുവിധേനയും ദുരുപയോഗം ചെയ്യാനും വേട്ടയാടുവാനും സാധ്യതകൾ തുറന്നിടുന്ന നിയമമാണ് പി.എം.എൽ.എ. സാധാരണ പോലീസ് കേസൊക്കെ വരുമ്പോൾ കുറ്റാരോപിതർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇതിലില്ല.
നിയമത്തിലെ നീതികേട് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഭരണകൂടത്തിന് അനുകൂലമായ സമീപനമാണ് കോടതി സ്വീകരിച്ചത്. ഒരാൾ സ്വയം തനിക്കെതിരെ സാക്ഷി പറയേണ്ടതില്ലെന്ന, ഭരണഘടനയുടെ അനുച്ഛേദം 20(3) നൽകുന്ന സംരക്ഷണവും ഇ.ഡി. കേസുകളിൽ ബാധകമാകില്ലെന്ന നിലപാടിലായിരുന്നു സുപ്രീംകോടതി.
അതായത് ഒരു വ്യക്തി ഇ.ഡി. ഉദ്യോഗസ്ഥർക്ക് മുന്നിൽ നൽകിയ മൊഴി പോലും തെളിവായി സ്വീകരിക്കാമെന്ന വ്യവസ്ഥ പോലും കോടതി അംഗീകരിച്ചു. അനുച്ഛേദം 20(3) ലെ ഭാഷാ പ്രയോഗത്തിലെ സങ്കേതികത്വത്തിലാണ് ഈ നീതികേടിനുള്ള പഴുത് കോടതി കണ്ടെത്തിയത്.
ഒരു വ്യക്തിയെയും അയാൾക്കെതിരെ തന്നെ സാക്ഷി പറയാൻ നിർബന്ധിക്കരുത് എന്നല്ല, ‘ഒരു കുറ്റാരോപിതരെ’യും അയാൾക്കുതന്നെ എതിരെ സാക്ഷി പറയാൻ നിർബന്ധിക്കരുതെന്ന പ്രയോഗമാണ് ഭരണഘടനയിലുള്ളത്. ഭരണകൂടവും പൗരരും തമ്മിലുള്ള ഭീമമായ അധികാര അസമത്വം പരിഗണിച്ച്, പൗരർക്ക് ഭരണഘടന നൽകിയിട്ടുള്ള സംരക്ഷണമാണിത്.
അന്വേഷണ ഏജൻസികൾക്കും ഭരണകൂടത്തിനും ഏതു സമ്മർദ്ദം വഴിയും ഒരാളെകൊണ്ടു ആവശ്യമായ മൊഴി നൽകിപ്പിക്കുവാൻ കഴിയും എന്നുള്ള ബോധ്യത്തിൽ നൽകിയിട്ടുള്ള സംരക്ഷണം. എന്നാൽ ഒരാൾ ‘കുറ്റാരോപിതർ’ ആകുമ്പോൾ മാത്രമാണ് ഈ അനുച്ഛേദം പ്രവർത്തിച്ചു തുടങ്ങുകയുള്ളൂ എന്ന ഗവൺമെന്റിന്റെ വാദം അംഗീകരിച്ച്, ഒരാൾ എപ്പോഴാണ് കുറ്റാരോപിതരാകുന്നത് എന്ന സാങ്കേതികത്വം തേടുകയാണ് കോടതി ചെയ്തത്.
ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണോ, ആ വ്യക്തി അറസ്റ്റിലാകുമ്പോഴാണോ, അതോ കോടതി ആ വ്യക്തിയെ റിമാൻഡ് ചെയ്യുമ്പോഴാണോ അവർ കുറ്റാരോപിതനാകുന്നത് എന്നതൊക്കെയാണ് തർക്കം. പോലീസിന് മുന്നിലെ കുറ്റസമ്മതം, തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് പറയുന്ന, തെളിവ് നിയമത്തിലെ വകുപ്പ് 25 ‘കേവലം തെളിവുകളെ സംബന്ധിച്ച ചട്ടം’ മാത്രമാണെന്നാണ് കോടതി പറയുന്നത്. അതിൽ, കൂടുതൽ മൗലികമായ അനുച്ഛേദം 21, 20, എന്നിവ ഉൾച്ചേർന്നിട്ടുണ്ട് എന്ന കാര്യം സൗകര്യപൂർവം മറക്കുകയും ചെയ്യുന്നു.
‘ആനുമാനിക നിരപരാധിത്വം’ (കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാൾ നിരപരാധിയാണ് എന്ന തത്വം) എന്ന പ്രാഥമിക നിയമതത്വം പോലും ഇവിടെ ബാധകമല്ല. കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ബാധ്യതയാണ്.
ഇത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വം), 22 എന്നിവയുടെ ലംഘനമാണ് എന്ന ഹർജിക്കാരുടെ വാദം തള്ളിക്കൊണ്ട്, കള്ളപ്പണ നിയമത്തിന്റെ സെക്ഷൻ 24 ഭരണഘടനാപരമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ആനുമാനിക നിരപരാധിത്വം ചില പ്രത്യേക കേസുകളിൽ മാറ്റിവയ്ക്കപ്പെടാറുണ്ടെങ്കിലും അടിസ്ഥാനപരമായ ഒരു തെളിവുമില്ലാതെ അത് നിഷേധിക്കുന്നത് ഈ നിയമത്തിൽ മാത്രമാണ്. യു.എ.പി.എ.നിയമത്തിൽ പോലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലുള്ള കുറ്റ സമ്മതം തെളിവായി സ്വീകരിക്കുന്നില്ല എന്നോർക്കണം.
കള്ളപ്പണ നിയമത്തിന്റെ വകുപ്പ് 50 അനിയന്ത്രിതമായ അധികാരങ്ങളാണ് ഇക്കാര്യത്തിൽ അന്വേഷണ എജൻസിയ്ക്ക് നൽകുന്നത്. ആരുടെയും സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി. യെ അധികാരപ്പെടുത്തുന്ന കള്ളപ്പണ നിയമം ഒരു ‘ശിക്ഷാനിയമം’ അല്ല എന്ന് വരെ സാങ്കേതികമായി സ്ഥാപിച്ചെടുക്കുന്നുണ്ട് കോടതി. അതുകൊണ്ടുതന്നെ സാധാരണ ക്രിമിനൽ നടപടിക്രമങ്ങൾ പാലിക്കേണ്ടതില്ലത്രേ.
അങ്ങനെ വരുമ്പോൾ ക്രിമിനൽ നടപടിക്രമങ്ങൾ നൽകുന്ന സംരക്ഷണങ്ങളും അപ്രസക്തമാണ്. ഉദാഹരണത്തിന് സാധാരണ ഗതിയിൽ പോലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ.-ന്റെ പകർപ്പ് കുറ്റാരോപിതർക്ക് ലഭ്യമാക്കേണ്ടതാണ്. എന്നാൽ കള്ളപ്പണ നിയമത്തിൽ അങ്ങനെയല്ല. അതിനുള്ള കാരണവും കേവല സാങ്കേതികത്വമാണ്. ഇ.ഡി.-യ്ക്ക് എഫ് ഐ ആർ ഇടുകയെന്ന നടപടിക്രമമില്ല. പകരം ഇ.സി.ഐ.ആർ. എന്ന ആഭ്യന്തര രേഖയാണുള്ളത്. എഫ് ഐ ആർ അല്ലാത്തതുകൊണ്ട് ഇതിന്റെ പകർപ്പ് കുറ്റാരോപിതർക്ക് നൽകേണ്ടതില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഇ.ഡി.-യ്ക്ക് മുന്നിൽ ഹാജരാകുന്ന, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക്, തന്റെ മേൽ ചാർത്തിയിട്ടുള്ള കുറ്റകൃത്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാനുള്ള അവകാശം നൽകണമെന്ന് കോടതിയ്ക്ക് തോന്നിയില്ല. ഇന്ന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് മാത്രമാണ് നോട്ടീസിൽ കൊടുത്തിട്ടുണ്ടാവുക. ചെയ്ത കുറ്റമെന്തെന്ന് അറിയാൻ കഴിയില്ല.
ഇ.സി.ഐ.ആറും എഫ്.ഐ. ആറും ഒന്നല്ല എന്ന സാങ്കേതികത്വത്തിൽ ഊന്നിയാണ് കോടതി നീങ്ങിയത്. ഇതിന് പിൻബലമാകുന്ന പഴയ ചില കോടതി വിധികളും ഉണ്ട്. പോലീസിന്റേതിന് സമാനമായ അധികാരങ്ങളും പ്രവർത്തികളും ആണെങ്കിലും ഇ.ഡി. പൊലീസല്ല എന്നായിരുന്നു കോടതി നിലപാട്. കുറ്റപത്രം ചാർജ്ജ് ചെയ്യുന്ന ഏജൻസികളാണ് ‘പോലീസ്’, ഇ.ഡി. ഫയൽ ചെയ്യുന്നത് ‘കമ്പ്ലൈന്റ്’ ആണ് എന്ന സാങ്കേതികവാദം കോടതി അംഗീകരിക്കുകയായിരുന്നു.
രാജ്യത്തിൻ്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യമാണ് കള്ളപ്പണമിടപാട് എന്നാവർത്തിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ നിയമത്തിലെ കഠിനവ്യവസ്ഥകളെയെല്ലാം ന്യായീകരിക്കുന്നത്. പാർലമെന്റിന്റെ ഉദ്ദേശ്യം അതാണെന്നാണ് യുക്തി. അങ്ങനെയെങ്കിൽ ഭരണഘടനാപരമായ ഏതു സംരക്ഷണത്തെയും മറികടക്കാൻ പാർലമെന്റിന്റെ ഇച്ഛ മാത്രം മതിയെന്ന സാഹചര്യമല്ലേ ഉണ്ടാവുക? അത് ആർക്കെങ്കിലും അംഗീകരിക്കാൻ കഴിയുമോ? ഇത്ര ഭീഷണമായ കുറ്റകൃത്യമാണ് എന്ന് പറയുമ്പോഴും പോക്കറ്റടി മുതലിങ്ങോട്ട് ഏതു കുറ്റവും വേണമെങ്കിൽ നിയമത്തിന്റെ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പെടുത്താനാകുന്ന സാഹചര്യമുണ്ട് എന്ന വസ്തുതയും ഒരു പ്രശ്നമായി സുപ്രീംകോടതിയ്ക്ക് തോന്നിയില്ല.
കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ ജാമ്യം ലഭിക്കുകയില്ല എന്നുറപ്പു വരുത്തുന്ന ‘ഇരട്ട നിബന്ധന’കളും സുപ്രീംകോടതി ശരിവച്ചു. നിയമത്തിന്റെ വകുപ്പ് 45 അനുസരിച്ച്, (i) പ്രോസിക്യൂട്ടർക്ക് ജാമ്യാപേക്ഷയെ എതിർക്കാനുള്ള അവസരം ലഭിക്കണം (ii) കുറ്റാരോപിതർ, ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഇനി പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുകയില്ല എന്നുകൂടി ബോധ്യപ്പെട്ടാൽ മാത്രമേ കോടതിയ്ക്ക് കള്ളപ്പണക്കേസിൽ ജാമ്യം അനുവദിക്കാനാവൂ.
ഇതാണ് ഏറെ ചർച്ചയാവുന്ന ‘ഇരട്ട നിബന്ധനകൾ’. 2018-ൽ നികേഷ് താരാചന്ദ് കേസിൽ ഈ നിബന്ധനകൾ ഐച്ഛികമാണെന്നു കണ്ട് സുപ്രീംകോടതി റദ്ദു ചെയ്തതാണ്. അന്ന്, 3 വർഷത്തിലേറെ തടവ് ശിക്ഷയ്ക്ക് അർഹതയുള്ള ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങൾക്കായിരുന്നു ഈ നിബന്ധനകൾ. ഈ വിഭജനമായിരുന്നു കോടതി അനുച്ഛേദം 14-ന്റെ ലംഘനമായി കണക്കാക്കിയത്. പുതിയ ഭേദഗതിയിൽ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ, ‘എ’, ‘ബി’ എന്നിങ്ങനെ രണ്ടു ലിസ്റ്റുകൾ മാറി ഒറ്റ ലിസ്റ്റായി. അതോടെ ഈ വകുപ്പ് വീണ്ടും പ്രാബല്യത്തിൽ വരുത്തുന്നതാണ് പുതിയ ഭേദഗതി.
മാത്രമല്ല അതിനു മുൻകാല പ്രാബല്യമുണ്ടെന്നും ഭേദഗതിയിൽ ഉണ്ടായിരുന്നു. ‘ക്രിമിനൽ നിയമങ്ങൾക്ക് മുൻകാല പ്രാബല്യം ഇല്ല’ എന്ന അടിസ്ഥാന നിയമ തത്വം പോലും മറന്നുകൊണ്ടാണ് ഇരട്ടഉപാധികൾ പുനഃസ്ഥാപിച്ച നടപടി കോടതി അംഗീകരിച്ചത്. ഇത്തരത്തിൽ കൂറ്റാരോപിതൻ ഇപ്പോൾ കുറ്റം ചെയ്തിട്ടില്ലെന്ന് മാത്രമല്ല ഇനി കുറ്റം ചെയ്യുകയുമില്ല എന്നു ബോധ്യപ്പെട്ടാൽ മാത്രമേ കോടതിക്ക് ജാമ്യം അനുവദിക്കാൻ കഴിയൂ എന്നൊക്കെ നിബന്ധനയുള്ള ഒരു നിയമം അധികാരികൾക്ക് എതിർപക്ഷത്തുള്ളവരെ ജാമ്യം ലഭിക്കാതെ എത്ര കാലം വേണമെങ്കിലും തുറുങ്കിലടയ്ക്കുവാനുള്ള ഉപാധിയായി പരിണമിച്ചതിന്റെ കാഴ്ചകളാണ് നമ്മൾ ഇന്ന് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്.
കോടതിക്കുമുന്നിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ചോദ്യം ഈ ഭേദഗതികൾ ‘ധന ബില്ല്’ ആയി അവതരിപ്പിച്ചത് ശരിയാണോ എന്നായിരുന്നു. ഒരു ശിക്ഷാ നിയമത്തിന് ഒരിക്കലും ധനബില്ലാകാൻ കഴിയില്ല. അതുകൊണ്ടാവും ഇത് ശിക്ഷാനിയമം അല്ല എന്ന ഗവണ്മെന്റ് വാദം അംഗീകരിക്കപ്പെട്ടത്. എന്നാലും ധനബില്ല് ആയി വിഭാഗീകരിച്ചത് ശരിയാണോയെന്ന് അന്വേഷണത്തിലേക്ക് കോടതി കടന്നില്ല. ധനബിൽ സംബന്ധിച്ച പ്രശ്നങ്ങൾ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലായതുകൊണ്ട് ഇക്കാര്യത്തിൽ ഇപ്പോൾ തീർപ്പുകൽപ്പിക്കാനാകില്ല എന്നായിരുന്നു നിലപാട്. ആധാർ ബിൽ ധനബില്ലായി അവതരിപ്പിച്ചതിൽ തെറ്റില്ലെന്ന് വിധിയെഴുതിയ ആളാണ് ജസ്റ്റിസ്. ഖാൻവിൽക്കർ എന്നുമോർക്കണം.
അങ്ങനെ ഇ.ഡി.യ്ക്ക് ആരെയും ചോദ്യം ചെയ്യാനും, അറസ്റ്റ് ചെയ്യാനും, സ്വത്തു കണ്ടുകെട്ടാനും, കുറ്റസമ്മതം നടത്തിപ്പിക്കാനും എല്ലാമുള്ള അധികാരം സംരക്ഷിക്കുകയും, ജാമ്യം ഒരു കാരണവശാലും ലഭിക്കുകയില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്ന വിധിയായിരുന്നു വിജയ് മദൻലാൽ ചൗധരി കേസിൽ ജസ്റ്റിസ്. ഖാൻവിൽക്കർ നയിച്ച സുപ്രീംകോടതി ബഞ്ച് പുറപ്പെടുവിച്ചത്.
അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്ത അരവിന്ദ് കെജ്രിവാളിനെപ്പോലൊരു വ്യക്തി, ഒരു മൊഴിക്കപ്പുറം, പണം കൈമാറിയതിന്റേതുൾപ്പെടെ മറ്റൊരു തെളിവും ഇല്ലാതിരുന്നിട്ടുപോലും സംസ്ഥാന മുഖ്യമന്ത്രി കസേരയിലിരിക്കെ അറസ്റ്റിലായിയെന്നത്, ഒരു തിരിച്ചറിവിൻ്റെ നിമിഷം കൂടിയാണ്. നീതിരഹിതമായ നിയമങ്ങളും, ധാർമികതയേതുമില്ലാത്ത അന്വേഷണ ഏജൻസികളും അധികാര താല്പര്യങ്ങളുടെ ഉപകരണങ്ങൾ മാത്രമാകുന്ന സാഹചര്യം ഇപ്പോഴെങ്കിലും കോടതികൾ തിരിച്ചറിയേണ്ടതുണ്ട്. നീതിയെ സംബന്ധിച്ച സാമാന്യബോധ്യങ്ങളെല്ലാം നിരാകരിച്ച്, വിധിന്യായങ്ങളിൽ ഭരണകൂടഭാഷയെഴുതിയ പരമോന്നത നീതിപീഠം തന്നെ വിചാരണ നേരിടുന്ന സമയമാണിത്.