ചുവപ്പുനാടയിൽ കേരളം ബന്ധിച്ച
അന്ധവിശ്വാസ നിരോധന നിയമം

അന്ധവിശ്വാസങ്ങൾ നിരോധിക്കാൻ നിയമം വേണമെന്ന ആവശ്യം, രണ്ടു പതിറ്റാണ്ടിനിടെ, വീണ്ടും ശക്തമായി ഉയരുന്നുണ്ട്. ജനകീയ സംഘടനകളുടെയും ജനപ്രതിനിധികളുടെയും ഔദ്യോഗിക സംവിധാനങ്ങളുടെയും പഠനങ്ങളും അന്വേഷണങ്ങളും കേരളീയ പൊതുസമൂഹത്തിനുമുന്നിലുണ്ട്. നിരവധി ബില്ലുകൾ സർക്കാറുകൾക്കുമുന്നിലുമുണ്ട്. എന്നാൽ, ഈ ബില്ലുകൾ പൊതുജനങ്ങൾക്കിടയിൽചർച്ച ചെയ്ത് അഭിപ്രായരൂപീകരണം നടത്താൻ ഒരു സർക്കാറിനും ധൈര്യമുണ്ടായില്ല. അന്ധവിശ്വാസ നിരോധന ബില്ലുകളുടെ ഭൂതകാലം പരിശോധിച്ചാൽ ഇത്തരമൊരു നിയമത്തെക്കുറിച്ച് ഒരു ​​പ്രതീക്ഷക്കും വകയില്ല- കെ. കണ്ണൻ എഴുതുന്നു.

14ാം കേരള നിയമസഭയുടെ 15-ാം സമ്മേളനത്തിൽ എം. മുകേഷ്, പുരുഷൻ കടലുണ്ടി, കെ.യു. അരുണൻ, പി. ഉണ്ണി എന്നിവർ ചോദിച്ച നക്ഷത്രചിഹ്‌നമിട്ട ചോദ്യത്തിൽനിന്ന് (ജൂൺ 10, 2019): ''രോഗബാധിതരെ ശാസ്ത്രീയമുറ പ്രകാരം ചികിത്സക്ക് വിധേയരാക്കാതെ മാന്ത്രിക ഏലസ്സുകളും ആഭിചാരക്രിയകളും രോഗശാന്തി ശുശ്രൂഷകളും ഉപയോഗിച്ച് രോഗം ഭേദപ്പെടുത്താൻ ശ്രമിക്കുന്ന തലത്തിലേക്ക് പൊതു യുക്തിബോധം അധഃപ്പതിച്ചതിനാൽ മഹാരാഷ്ട്ര മാതൃകയിൽ അന്ധവിശ്വാസ ഉന്മൂലന നിയമം രൂപീകരിക്കാൻ നടപടിയെടുക്കുമോ?''

നിയമവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എ.കെ. ബാലൻ നൽകിയ മറുപടി: ''ആഭിചാരക്രിയ, രോഗശാന്തി ശുശ്രൂഷകൾ തുടങ്ങിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സമൂഹത്തിൽനിന്ന് ഉന്മൂലനം ചെയ്യാൻ ശക്തമായ ബോധവൽക്കരണം അനിവാര്യമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുഖാന്തിരം ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയുന്നതിനാവശ്യമായ നിയമനിർമാണം നടത്തുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിന്റെ നിർദേശം ഇപ്പോൾ നിയമപരിഷ്‌കരണ കമീഷന്റെ പരിഗണനയിലാണ്''.

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സമഗ്രമായി പരിശോധിക്കുന്ന ബില്ലായിരുന്നു കെ.ഡി. പ്രസേനൻ 2021-ൽ നിയമസഭയിൽ അവതരിപ്പിച്ചത്.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സമഗ്രമായി പരിശോധിക്കുന്ന ബില്ലായിരുന്നു കെ.ഡി. പ്രസേനൻ 2021-ൽ നിയമസഭയിൽ അവതരിപ്പിച്ചത്.

അഞ്ചു വർഷത്തിനുശേഷം.
ജൂൺ 21, 2024.
അതേ സർക്കാർ.
15ാം കേരള നിയമസഭ.
11ാം സമ്മേളനം.

ആലത്തൂരിൽനിന്നുള്ള സി.പി.എം എം.എൽ.എ കെ. ഡി. പ്രസേനൻ: അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വളർച്ച തടയാനും നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിനും 2021-ലെ കേരള അന്ധവിശ്വാസ അനാചാര നിർമാർജന ബിൽ അനിവാര്യമാണ്. സംസ്ഥാനത്ത് അന്ധവിശ്വാസ പ്രവൃത്തികളും അനാചാരങ്ങളും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അവയെ പ്രതിരോധിക്കേണ്ടതുണ്ട്. ഇക്കാര്യം ഉറപ്പാക്കേണ്ടത് സർക്കാറിന്റെ കർത്തവ്യമാണ്.

മന്ത്രി വി. ശിവൻകുട്ടിയുടെ മറുപടിയിൽനിന്ന്: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിർമാർജനം ചെയ്യുന്നതിനുള്ള നിയമനിർമാണത്തോട് സർക്കാറിന് യോജിപ്പാണുള്ളത്. ഇതുസംബന്ധിച്ച് നിയമ പരിഷ്‌കാര കമീഷൻ ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണ്. അത് സർക്കാറിന്റെ പരിശോധനയിലുള്ള വിഷയമായതിനാൽ ഈ ബിൽ പരിഗണിക്കേണ്ടതില്ല.

അഞ്ചു വർഷമായി ‘പരിഗണിച്ചുകൊണ്ടിരിക്കുകയും’ ‘പരിശോധിച്ചുകൊണ്ടിരിക്കുകയും’ ​ചെയ്യുന്നു എന്ന് എൽ.ഡി.എഫ് സർക്കാർ പറയുന്ന ബിൽ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമീഷൻ തയാറാക്കിയതാണ്: 'ദ കേരള പ്രിവൻഷൻ ആന്റ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യുമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആന്റ് ബ്ലാക് മാജിക് ബിൽ- 2019'.

എന്തെങ്കിലും നടക്കുമോ?
ഇല്ല എന്നുപറപ്പിച്ചു പറയാം, അന്ധവിശ്വാസ നിരോധന ബില്ലുകളുടെ ഭൂതകാലം പരിശോധിച്ചാൽ.

അന്ധവിശ്വാസങ്ങളെ കൃത്യമായി നിർവചിച്ച് അവ തടയാനുള്ള നിയമനിർമാണങ്ങൾ രൂപീകരിച്ച് നടപ്പാക്കാനുള്ള ഇച്ഛാശക്തി, നവോത്ഥാനത്തിന്റെയും അത് സൃഷ്ടിച്ച യുക്തിബോധത്തിന്റെയുമെല്ലാം തുടർച്ച അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾക്കോ അവയുടെ ഭരണകൂടങ്ങൾക്കോ ഇല്ല.

പതിനഞ്ചു വർഷമായി നിയമസഭയിലും പുറത്തും യു.ഡി.എഫ്- എൽ.ഡി.എഫ് സർക്കാറുകൾക്കുമുന്നിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചോദ്യവും മറുപടിയും കൂടിയാണിത്. ഈ ബില്ലു മാത്രമല്ല, കേരള പൊലീസിൽനിന്നടക്കമുള്ളതും എം.എൽ.എമാരും ശാസ്ത്രസാഹിത്യപരിഷത്തും കേരള യുക്തിവാദി സംഘവും അടക്കമുള്ള സംഘടനകളും തയാറാക്കിയ ബില്ലുകളും അതാതുകാലത്തെ സർക്കാറുകളുടെ മേശവലിപ്പിലിരിപ്പുണ്ട്. അന്ധവിശ്വാസങ്ങൾ നിരോധിക്കപ്പെടേണ്ട കുറ്റകൃത്യമാണെന്ന്, സമീപകാലത്തുപോലും നരബലി നടന്ന, കേരളീയ സമൂഹത്തെ ഇനിയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ആഭ്യന്തര- നിയമ വകുപ്പുകൾക്കും മുഖ്യമന്ത്രിമാർക്കുമെല്ലാം അതേക്കുറിച്ച് ഉത്തമബോധ്യവുമുണ്ട്. പ്രത്യയശാസ്ത്രഭേദമേന്യ രാഷ്ട്രീയകക്ഷികളും ജാതിമതഭേദമേന്യ സമുദായ സംഘടനകളും അന്ധവിശ്വാസം എന്നു കേട്ടാലുടൻ ഉറഞ്ഞുതുള്ളുന്ന ഒരു സംസ്ഥാനത്ത്, ദുരൂഹമായ കാരണങ്ങളാൽ അന്ധവിശ്വാസ നിരോധന നിയമത്തിനുവേണ്ടിയുള്ള മുറവിളികളെല്ലാം നിശ്ശബ്ദമാക്കപ്പെടുന്നു.

1954-ൽ പാർലമെന്റ് പാസാക്കിയ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് (ഒബ്ക്ഷനബിൾ അഡ്വൈർടൈസ്മെന്റ് ആക്റ്റ്- 1954) നിയമം അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരസ്യങ്ങളും ഉൽപ്പന്നങ്ങളും കുറ്റകരമാക്കുന്നതാണ്. രോഗങ്ങളുടെ പ്രവചനം, അശാസ്ത്രീയ ചികിത്സ, വ്യാജ മരുന്നുകൾ തുടങ്ങിയവയും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. എന്നാൽ, ഇന്നും മലയാള പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും മാന്ത്രിക ഏലസ്സുകളുടെയും രോഗശാന്തി ചികിത്സകളുടെയും ഭാഗ്യനക്ഷത്രക്കല്ലുകളുടെയും മറ്റും പരസ്യങ്ങൾ നിർബാധം തുടരുന്നു, അന്ധവിശ്വാസങ്ങൾക്കെതിരെ ചെറുവിരലനക്കാനുള്ള ത്രാണി പോലും ഭരണകൂടങ്ങൾക്കില്ല എന്നതിന്റെ പരിഹാസ്യമായ ഉദാഹരണമായി. നിലവിലുള്ള നിയമം പോലും നടപ്പാക്കാത്ത ഭരണകൂട സംവിധാനങ്ങൾ പുതിയൊരു നിയമത്തെക്കുറിച്ച് ചിന്തിക്കുമോ?

കെ. ഡി. പ്രസേനൻ 2021-ൽ നിയമസഭയിൽ അവതരിപ്പിച്ച അന്ധവിശ്വാസ നിരോധന ബില്ലിൽനിന്ന്.
കെ. ഡി. പ്രസേനൻ 2021-ൽ നിയമസഭയിൽ അവതരിപ്പിച്ച അന്ധവിശ്വാസ നിരോധന ബില്ലിൽനിന്ന്.

അന്ധവിശ്വാസങ്ങളെ കൃത്യമായി നിർവചിച്ച് അവ തടയാനുള്ള നിയമനിർമാണങ്ങൾ രൂപീകരിച്ച് നടപ്പാക്കാനുള്ള ഇച്ഛാശക്തി, നവോത്ഥാനത്തിന്റെയും അത് സൃഷ്ടിച്ച യുക്തിബോധത്തിന്റെയുമെല്ലാം തുടർച്ച അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾക്കോ അവയുടെ ഭരണകൂടങ്ങൾക്കോ ഇല്ലെന്നുമാത്രമല്ല, ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നതിൽ കേരളീയ പൊതുസമൂഹവും കുറ്റകരമായ വിമുഖത കാണിച്ചുവരികയാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ 'കൂടോത്രം' നടത്തുന്ന നേതാക്കളുള്ള കോൺഗ്രസിനെ തൽക്കാലം വിടാം. 'കൂടോത്ര'ത്തെ എതിർക്കാനുള്ള 'പ്രത്യയശാസ്ത്രപദ്ധതി' തന്നെ കൈവശമുള്ള പാർട്ടിയാണല്ലോ സി.പി.എം, എന്നിട്ടും, 'പരിഗണിച്ചുകൊണ്ടിരിക്കുകയാണ്' എന്ന് ആവർത്തിക്കുന്നതല്ലാതെ ആരെയാണ് എൽ.ഡി.എഫ് സർക്കാർപേടിക്കുന്നത്?

സമാന്തര അധികാര വ്യവസ്ഥ സ്ഥാപിച്ചുകഴിഞ്ഞ ആൾദൈവങ്ങളെ, ഇവയുടെ ഗുണഭോക്താക്കളായ ഭരണകൂടങ്ങളും രാഷ്ട്രീയ പാർട്ടികളും, ഇത്തരമൊരു ബില്ലിനെ മുൻനിർത്തി എങ്ങനെയാണ് നിർവചിക്കുക?

അന്ധവിശ്വാസങ്ങൾ നിരോധിക്കാൻ നിയമം വേണമെന്ന ആവശ്യം, രണ്ടു പതിറ്റാണ്ടിനിടെ ശക്തമായി ഉയരുന്നുണ്ട്. അതിനായി, ജനകീയ സംഘടനകളുടെയും ജനപ്രതിനിധികളുടെയും ഔദ്യോഗിക സംവിധാനങ്ങളുടെയും പഠനങ്ങളും അന്വേഷണങ്ങളുമുണ്ടായി. നിരവധി ബില്ലുകൾ സർക്കാറുകൾക്കുമുന്നിൽ സമർപ്പിക്കപ്പെട്ടു. എന്നാൽ, ഈ ബില്ലുകൾ പൊതുജനങ്ങൾക്കിടയിൽ ചർച്ച ചെയ്ത് അഭിപ്രായരൂപീകരണം നടത്താൻ ഒരു സർക്കാറിനും ധൈര്യമുണ്ടായില്ല.

നാല് പ്രധാന ബില്ലുകളാണ് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടത്.

2014-ൽ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, അന്ധവിശ്വാസ നിരോധന ബിൽ കൊണ്ടുവരുമെന്ന് നിയമസഭയിൽ പ്രഖ്യാപിക്കുകയും എ.ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രൻ ബില്ലിന്റെ കരട് തയാറാക്കി ('അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയൽ ബിൽ- 2014) സമർപ്പിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും ചർച്ച ചെയ്താണ് ബിൽ തയാറാക്കിയത്. വിവിധ തലങ്ങളിൽ ചർച്ച ചെയ്ത് നിയമം കൊണ്ടുവരുമെന്ന രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ പ്രഖ്യാപനത്തോടെ, ആ ബില്ലിന്മേലുള്ള നടപടി കഴിഞ്ഞു.

വിവിധ തലങ്ങളിൽ ചർച്ച ചെയ്ത് നിയമം കൊണ്ടുവരുമെന്ന, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ പ്രഖ്യാപനത്തോടെ, എ.ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രൻ തയാറാക്കിയ 2014-ലെ കരട് ബില്ലിന്റെ കഥ കഴിഞ്ഞു.
വിവിധ തലങ്ങളിൽ ചർച്ച ചെയ്ത് നിയമം കൊണ്ടുവരുമെന്ന, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ പ്രഖ്യാപനത്തോടെ, എ.ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രൻ തയാറാക്കിയ 2014-ലെ കരട് ബില്ലിന്റെ കഥ കഴിഞ്ഞു.

2018-ൽ എം.എൽ.എയായിരുന്ന പി.ടി. തോമസ്, ആൾദൈവങ്ങൾ അടക്കമുള്ളവർക്കെതിരെ നടപടിക്ക് നിർദേശിക്കുന്ന അന്ധവിശ്വാസ നിരോധന ബിൽ കൊണ്ടുവന്നു. 'യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവയെച്ചൊല്ലിയുള്ള ആചാരങ്ങളും' എന്നാണ് പി.ടി. തോമസിന്റെ ബില്ലിൽ അന്ധവിശ്വാസത്തെ നിർവചിച്ചിരിക്കുന്നത്. ഒരു സമിതി രൂപീകരിക്കാനും സർക്കാർ വിജ്ഞാപനത്തിലൂടെ ചട്ടങ്ങൾ രൂപീകരിക്കാനും നിർദേശിക്കുന്നതാണ് ബിൽ. സംസ്ഥാനത്ത് വർധിച്ചുവരുന്ന ദുർമന്ത്രവാദവും അന്ധവിശ്വാസ പ്രവർത്തനങ്ങളും അതിന്റെ കാരണങ്ങളും സംബന്ധിച്ചും അത് നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചുമുള്ള ശുപാർശകൾ സർക്കാറിന് സമർപ്പിക്കുക, ഇവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയ നിർദേശങ്ങളും ബില്ലിലുണ്ടായിരുന്നു.
അന്ന് ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും അഞ്ചുപേർ വീതം ബില്ലിനെ അനുകൂലിച്ച് സംസാരിച്ചു. സ്വകാര്യബില്ലായതിനാൽ പരിഗണിക്കേണ്ടതില്ല എന്ന നിഷേധാത്മക നിലപാടാണ് അന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.സി. മൊയ്തീൻ സഭയിൽ പറഞ്ഞത്. എന്നാൽ, ഈ ബിൽ ഔദ്യോഗിക ബില്ലായി പരിഗണിക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർദേശിച്ചിരുന്നു. സമഗ്ര നിയമം കൊണ്ടുവരുമെന്ന ഉറപ്പിൽ പി.ടി. തോമസിന്റെ ബിൽ സൂത്രത്തിൽ സർക്കാർ ചുവപ്പുനാടയിൽ ബന്ധിച്ചു.

2019-ൽ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമീഷൻ തയാറാക്കിയ 'ദ കേരള പ്രിവൻഷൻ ആന്റ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യുമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആന്റ് ബ്ലാക് മാജിക് ബിൽ- 2019' എന്ന കരടുബില്ലാണ് സമാന ഹത്യക്കിരയായ മറ്റൊന്ന്.
മന്ത്രവാദം, കൂടോത്രം, നഗ്നരാക്കി നടത്തിക്കൽ, പ്രേതബാധ ഒഴിപ്പിക്കൽ, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയൽ, മന്ത്രവാദത്തിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ശിക്ഷാർഹമാക്കുന്നതാണ് ഈ ബിൽ. എന്നാൽ, ഈ കരടിൽ പറഞ്ഞിരിക്കുന്ന ആചാരങ്ങൾ സംബന്ധിച്ച് മതസംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയതോടെ സർക്കാർ പിൻവലിഞ്ഞു. ബില്ലിലെ നിർദേശങ്ങൾ അംഗീകരിച്ചാൽ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ടം, തൂക്കം, രോഗശാന്തി ശുശ്രൂഷകൾ, മലബാറിൽ നടക്കുന്ന തീയാട്ടം തുടങ്ങിയവ നിരോധിക്കേണ്ടിവരുമെന്നും ഇത് വിശ്വാസ സംരക്ഷണത്തിന് ഹാനികരമാകമെന്നുമുള്ള വാദം സർക്കാർ തലത്തിൽനിന്നുതന്നെ ഉയർന്നു. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വേർതിരിവ് സംബന്ധിച്ച് അവ്യക്തതയുള്ളതിനാൽ ഈ കരടിനുപകരം പുതുക്കിയ ബിൽ തയാറാക്കണമെന്നാണ്, പിന്നീട് ഈ വിഷയം ചർച്ച ചെയ്ത മന്ത്രിസഭായോഗം തീരുമാനിച്ചത്.

സമഗ്ര നിയമം കൊണ്ടുവരുമെന്ന ഉറപ്പിലാണ് 2018-ൽ പി.ടി. തോമസ് കൊണ്ടുവന്ന അന്ധവിശ്വാസ നിരോധനബിൽ സൂത്രത്തിൽ സർക്കാർ ചുവപ്പുനാടയിൽ ബന്ധിച്ചത്.
സമഗ്ര നിയമം കൊണ്ടുവരുമെന്ന ഉറപ്പിലാണ് 2018-ൽ പി.ടി. തോമസ് കൊണ്ടുവന്ന അന്ധവിശ്വാസ നിരോധനബിൽ സൂത്രത്തിൽ സർക്കാർ ചുവപ്പുനാടയിൽ ബന്ധിച്ചത്.

2021-ൽ നിയമസഭയിൽ കെ.ഡി. പ്രസേനൻ നോട്ടീസ് നൽകി, 'കേരള അന്ധവിശ്വാസ- അനാചാര നിർമാർജന ബിൽ-2021' അവതരിപ്പിച്ചു. അനാചാരം, അന്ധവിശ്വാസം, മന്ത്രവാദം തുടങ്ങിയ കാര്യങ്ങളെ നിർവചിക്കുന്നതും കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഇവയിൽ ഏതിനെയൊക്കെ ഉൾപ്പെടുത്തണമെന്നും സൂചിപ്പിക്കുന്ന ബില്ലായിരുന്നു ഇത്, ഈ ബില്ലിലും ഒന്നും സംഭവിച്ചില്ല.

പ്രസേനന്റെ ബില്ലിൽ അന്ധവിശ്വാസത്തെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്: കാര്യകാരണ ചിന്തക്ക് ഉചിതമല്ലാത്തതും ശാസ്ത്രീയമായ അടിത്തറയില്ലാത്തതും സാമൂഹിക പുരോഗതിക്ക് വിഘാതമായതുമായ വിശ്വാസങ്ങൾ.
അനാചാരം: വ്യക്തിക്കും സമൂഹത്തിനും ദോഷകരവും മാരവുമായ ഫലങ്ങളുളവാക്കുന്ന എല്ലാ ആചാരങ്ങളും കർമങ്ങളും.
മന്ത്രവാദം: പ്രകൃത്യാതീത ശക്തികളും പ്രേത- ഭൂതങ്ങളും ഉണ്ടെന്നും അവയെ നിയന്ത്രിക്കാമെന്നും വിശ്വസിപ്പിച്ച് ചെയ്യുന്ന പൂജാദി കർമങ്ങൾ.
അൽഭുത രോഗശാന്തി: അംഗീകൃതമായ ശാസ്ത്രീയപരിശോധനകൾ വഴി രോഗനിർണയം നടത്താതെ പ്രാർഥന, മന്ത്രം, ഓതിക്കൊടുക്കൽ, മാന്ത്രിയ യന്ത്രങ്ങൾ ജപിച്ചുനൽകൽ, സ്പർശന ആശ്ലേഷങ്ങൾ, ഉറുക്ക്, ഏലസ്, മധ്യസ്ഥ പ്രാർഥന, ദിവ്യശക്തികളുടെ പേരിലുള്ള ചികിത്സ.
പ്രചരിപ്പിക്കൽ: ആൾദൈവങ്ങൾ, മന്ത്രവാദം, ദുരാചാരം, ജ്യോത്സ്യം, ഫലസിദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന യാഗയജ്ഞ പൂജാദികർമങ്ങൾ, ധ്യാനം, അൽഭുത രോഗശാന്തി, അശാസ്ത്രീയ ചികിത്സാ സമ്പ്രദായങ്ങൾ എന്നിവ സംബന്ധിച്ച പരസ്യങ്ങൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ, അനുഭവ സാക്ഷ്യങ്ങൾ, പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള പ്രവൃത്തികൾ.
കുറ്റകൃത്യങ്ങളുടെ പട്ടിക: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഒരാളെ കയറോ ചങ്ങലയോ കൊണ്ട് ബന്ധിക്കുന്നത്, കമ്പോ ചാട്ടയോ കൊണ്ട് അടിക്കുന്നത്, കെട്ടിത്തൂക്കുന്നത്, തലമുടി പിഴുതെടുക്കുന്നത്, ശരീരത്തിൽ ചൂടു വക്കുന്നത്, ലൈംഗികവേഴ്ചക്ക് പ്രേരിപ്പിക്കുന്നത്, ബലം പ്രയോഗിച്ച് മലമൂത്രങ്ങൾ വായ്ക്കുള്ളിലാക്കുന്നത്, ശാരീരിക ബലപ്രയോഗം, സ്പർശനം.
- ദിവ്യാൽഭുതങ്ങളെന്ന് പറയപ്പെടുന്നവ പ്രകടിപ്പിക്കുന്നതും അത്തരം കാര്യങ്ങൾ പ്രകടിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയും ഭീഷണിപ്പെടുത്തുകയും പണം സമ്പാദിക്കുകയും ചെയ്യുന്നത്.
- പ്രകൃത്യാതീത ശക്തികളുടെ അനുഗ്രഹത്തിനെന്ന പേരിൽ ജീവന് ഹാനിയുണ്ടാക്കുന്നതോ മുറിവേൽപ്പിക്കുന്നതോ ആയ കർമങ്ങൾ ചെയ്യുന്നതും അത്തരം കൃത്യങ്ങൾ ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും.
- നിധി, ജലസ്രോതസ്സുകൾ, കെട്ടിട സ്ഥാനം നിർണയിക്കൽ മുതലായവക്ക് നരബലിയും മൃഗ- പക്ഷി ബലിയും പൂജകളും നടത്തുന്നത്.
- ആരുടെയെങ്കിലും ശരീരത്തിൽ ഏതെങ്കിലുമൊരു ദിവ്യാത്മാവ് അവശേഷിച്ചിട്ടുണ്ടെന്ന് പരസ്യപ്പെടുത്തി മറ്റുള്ളവരുടെ മനസ്സിൽ ഭീതി ജനിപ്പിക്കുന്നതും അവരെ അനുസരിച്ചില്ലെങ്കിൽ അത് അപകടകരമാണെന്ന് ഭീഷണിപ്പെടുത്തുന്നതും.
- ഒരാൾക്ക് മന്ത്രവാദം നടത്തുന്നുവെന്നോ അവർക്ക് പ്രേതബാധയുണ്ടെന്നോ മറ്റുള്ളവരിൽ രോഗബാധയുണ്ടാക്കാൻ അവർ കാരണമാകുന്നുവെന്നോ പ്രചരിപ്പിക്കുന്നത്.
- മന്ത്രവാദി എന്ന നിലയിൽ ഒരാളെ മർദ്ദിക്കുന്നതും നഗ്‌നനാക്കി നടത്തുന്നതും അവരുടെ ദൈനംദിന ജീവിതത്തിന് തടസം സൃഷ്ടിക്കുന്നതും.
- മന്ത്രം കൊണ്ട് ഭൂതപ്രേതാതികളെ ആവാഹിക്കുകായണെന്ന ധാരണ ജനിപ്പിച്ച് ജനങ്ങളുടെ മനസ്സിൽ ഭീതിയുളവാക്കുന്നതും മന്ത്രതന്ത്രങ്ങൾ കൊണ്ട് ഒരാളെ ഭീഷണിപ്പെടുത്തുന്നതും.
- നായ, പാമ്പ്, തേൾ മുതലായവ കടിച്ചാൽ ശാസ്ത്രീയ ചികിത്സ നിഷേധിക്കുന്നതും മന്ത്രതന്ത്രങ്ങളും മറ്റും പ്രയോഗിക്കുന്നതും.
- വിരലുകൾ കൊണ്ട് ശസ്ത്രക്രിയ നടത്താനും ഗർഭസ്ഥശിശുവിന്റെ ലിംഗമാറ്റത്തിന് കഴിയുമെന്ന് അവകാശപ്പെടുന്നതും ഗർഭം അലസിപ്പിക്കുന്നതും.
- ദിവ്യശക്തിയുണ്ടെന്നോ മറ്റൊരാളുടെ അവതാരമാണെന്നോ ദിവ്യാവതാരമാണെന്നോ അവകാശപ്പെടുന്നതും കഴിഞ്ഞ ജന്മത്തിൽ തന്റെ ഭാര്യയോ ഭർത്താവോ ആയിരുന്നുവെന്ന് അവകാശപ്പെട്ട് അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും.
- ഗർഭധാരണശേഷിയില്ലാത്ത സ്ത്രീയിൽ ദിവ്യശക്തികൊണ്ട് ഗർഭം ധരിപ്പിക്കാമെന്ന് അവകാശപ്പെട്ട് അവരുമായി ലൈംഗികവേഴ്ചയിലേർപ്പെടുന്നതും അതിനായി പ്രേരിപ്പിക്കുന്നതും ദിവ്യമരുന്ന് നൽകുന്നതും.
- ബുദ്ധിവളർച്ചയില്ലാത്തതും പ്രായപൂർത്തിയാകാത്തതുമായ ഒരാൾക്ക് ദിവ്യശക്തിയുണ്ടെന്ന ധാരണ ജനിപ്പിച്ച് സ്വാർഥലാഭത്തിന് പ്രയോജനപ്പെടുത്തുന്നത്.
- ജ്യോത്സ്യപ്രവചനങ്ങൾ വഴി ജനങ്ങളെ വഞ്ചിക്കുന്നതും അതിന്റെ മന്ത്രങ്ങൾ വഴി ചൂഷണം ചെയ്യുന്നതും.
- ശാസ്ത്രീയ ചികിത്സ നിഷേധിച്ച് പ്രാർഥനാരോഗ ചികിത്സ നടത്തുന്നതും രോഗികൾക്ക് അപകടം വരുത്തുന്നതും അതിന്റെ പേരിൽ നേർച്ചക്കാഴ്ചകൾ വാങ്ങുന്നതും.
- ദിവ്യതയുടെ മറവിൽ മയക്കുമരുന്നും ആയുധങ്ങളും സംഭരിക്കുന്നതും പ്രയോഗിക്കുന്നതും.
- മതത്തിന്റെ പേര് ദുരുപയോഗപ്പെടുത്തി, അന്ധവിശ്വാസങ്ങളുടെ മറവിൽ വിദേശപ്പണം വാങ്ങുന്നതും വിദേശികളെ അനധികൃതമായി താമസിപ്പിക്കുന്നതും.
- മരിച്ചുപോയ പുരോഹിതരുടെ കുഴിമാടങ്ങളും ഖബറുകളും വിശ്വാസത്തിന്റെ പേരിൽ സാമ്പത്തിക ചൂഷണത്തിനുപയോഗിക്കുന്നതും അന്ധവിശ്വാസത്തിന്റെ മറവിൽ ബലം പ്രയോഗിച്ചും പ്രീണിപ്പിച്ചും സ്വന്തം വിശ്വാസത്തിനൊപ്പം നടത്തുന്നതും.
- വിശ്വാസത്തിന്റെ മറവിൽ നടത്തപ്പെടുന്ന സ്ത്രീപീഡനങ്ങൾ.

ശാസ്ത്രസാഹിത്യ പരിഷത്ത് തയാറാക്കിയ അന്ധവിശ്വാസ നിരോധന ബില്ലിൽനിന്ന്.
ശാസ്ത്രസാഹിത്യ പരിഷത്ത് തയാറാക്കിയ അന്ധവിശ്വാസ നിരോധന ബില്ലിൽനിന്ന്.

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സമഗ്രമായി പരിശോധിക്കുന്ന ഒരു ബില്ലായിരുന്നു കെ.ഡി. പ്രസേനന്റേത്. അതുകൊണ്ടുതന്നെ, ബിൽ അവതരിപ്പിച്ചതിനുശേഷം, വിവിധ കോണുകളിൽനിന്ന് എം.എൽ.എക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. ഈ ബിൽ, സർക്കാർ പരിഗണനയിലുള്ള സമാന ബില്ലുകളുടെ ഭാഗമാക്കാമെന്നും തുടർ ചർച്ചകൾ നടത്താമെന്ന് സർക്കാർ ഉറപ്പുനൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിയമപരിഷ്‌കാര കമീഷൻ ബില്ലിലും എം.എൽ.എമാർ നിയമസഭയിൽ കൊണ്ടുവന്ന ബില്ലുകൾ പൊതുശ്രദ്ധയിലെത്തിച്ച് ആരോഗ്യകരമായ സംവാദത്തിന് കളമൊരുക്കുന്നതിൽ ദുരൂഹമായ നിസ്സംഗതയാണ്, ഇരു മുന്നണി സർക്കാറുകളും പുലർത്തിപ്പോന്നത്.

പി.ടി. തോമസ് നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ നിന്ന്.
പി.ടി. തോമസ് നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ നിന്ന്.

പരിഷത്തിന്റെ ജനകീയ കാമ്പയിൻ

കേരള ശാസ്ത്രസാഹിത്യപരിഷത്താണ് അന്ധവിശ്വാസ നിരോധന നിയമത്തിനായി സംസ്ഥാന തലത്തിൽ ജനകീയ കാമ്പയിന് നേതൃത്വം നൽകിയത്. കൊല്ലപ്പെട്ട യുക്തിവാദ പ്രചാരകനായിരുന്ന നരേന്ദ്ര ധബോൽക്കറുടെ ഒന്നാം ചരമവാർഷികമായ 2014 ആഗസ്റ്റിൽ 'കേരളത്തിലും അന്ധവിശ്വാസ നിർമാർജന ബിൽ' എന്ന ആവശ്യവുമായി പരിഷത്ത് കാമ്പയിൻ നടത്തി. ജില്ലാ കേന്ദ്രങ്ങളിൽ ജനകീയ കൺവെൻഷനുകൾ നടത്തി. നിയമനിർമാണത്തിനായി ഒപ്പുശേഖരണം നടത്തി. ഒരു ലക്ഷത്തിലേറെ പേർ ഒപ്പിട്ട നിവേദനവും മാതൃകാബില്ലിന്റെ കരടും സർക്കാറിനും എം.എൽ.എമാർക്കും നൽകി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആൾദൈവവിശ്വാസവും പ്രചരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അത്തരം പ്രവർത്തനങ്ങൾ നടത്തുന്നതും തടയാനും ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്രബോധമുള്ള ഒരു സമൂഹമായി കേരളത്തെ മാറ്റുന്നതിനുമുള്ള ബില്ലാണ് പരിഷത്ത് രൂപം നൽകിയത്. അന്ധവിശ്വാസങ്ങൾ ജീവിതത്തിൽ സ്വാധീനം ചെലുത്താനിടയാക്കുന്ന സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾ വിശകലനം ചെയ്യുന്ന ഈ ബിൽ, അന്ധവിശ്വാസ നിരോധനവും നിയന്ത്രണവും ജനങ്ങളുടെ പങ്കാളിത്തത്തോടെ തന്നെ വേണമെന്ന് പ്രത്യേകം നിഷ്‌കർഷിക്കുന്നു.

ഉമ്മൻചാണ്ടിയുടെ സർക്കാർ പരിഷത്തിന്റെ കരടുബിൽ ഭദ്രമായി സൂക്ഷിച്ചുവച്ചു. 2017-ൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരിഷത്ത് ബില്ലിനെക്കുറിച്ച് വിശദീകരിച്ചു. ഒന്നും സംഭവിച്ചില്ല.

പരിഷത്തിന്റെ ബില്ലിലുള്ള കുറ്റകൃത്യങ്ങളുടെ പട്ടിക:

1. പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ നടത്തുന്ന എല്ലാവിധ ശാരീരിക, മാനസിക പീഡനങ്ങൾ, ലൈംഗികവേഴ്ച, മനുഷ്യരുടെയും മൃഗങ്ങളുടെയും മലമൂത്ര വിസർജ്യങ്ങൾ ഭക്ഷിപ്പിക്കൽ തുടങ്ങിയ എല്ലാവിധ നീചപ്രവർത്തനങ്ങളും.

2. ഒരാൾ, തന്നിൽ ദൈവിക സിദ്ധി കുടികൊള്ളുന്നു എന്നും അന്തരിച്ച പുണ്യാത്മാക്കളുടെ പുനർജന്മമാണ് എന്നും അവകാശപ്പെട്ടും അതിനെ തന്ത്രപൂർവം പ്രചരിപ്പിച്ചും മറ്റുള്ളവരെക്കൊണ്ട് തന്റെ അഭീഷ്ടത്തിനനുസരിച്ച് പ്രവർത്തിപ്പിക്കാനും അതിനു വിസമ്മതിച്ചാൽ ഭീഷണിപ്പെടുത്താനും ശ്രമിക്കുക.

3. പ്രേതം, പിശാച്, ഒടിയൻ എന്നുതുടങ്ങി വിവിധ നാട്ടുഭാഷകളിൽ അറിയപ്പെടുന്ന അനേകതരം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതും ഇവയെ ഒഴിവാക്കുന്നതിനുവേണ്ടി എന്നവകാശപ്പെട്ട് നടത്തുന്ന മന്ത്രവാദം, ചരടുകെട്ടൽ, ജപിച്ചു നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ.

4. ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന മന്ത്രവാദങ്ങൾ, ചരടുകെട്ടൽ, ജപിച്ചുനൽകൽ, മഷിനോട്ടം, ഇലനോട്ടം, ഊതിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ.

5. ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന യന്ത്രങ്ങൾ, ഏലസ്സുകൾ, വലംപിരിശംഖുകൾ, വെള്ളിമൂങ്ങ തുടങ്ങി എല്ലാ വസ്തുക്കളുടെയും വിൽപന.

ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ട  ഒന്നാം പ്രതി ഷാഫി, ഭഗവല്‍ സിംഗ്, ലൈല
ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ഒന്നാം പ്രതി ഷാഫി, ഭഗവല്‍ സിംഗ്, ലൈല

6. മറ്റുള്ളവരിൽ പിശാച്, പ്രേതം, ചെകുത്താൻ തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ബാധകളുണ്ടെന്ന് ആരോപിക്കൽ. അതിന്റെ ഭാഗമായി സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തൽ, വീട്ടുതടങ്കൽ മറ്റു തരത്തിലുള്ള തടങ്കൽ, കെട്ടിയിടൽ, തളയ്ക്കൽ, വിവസ്ത്രരാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ.

7. ആധുനിക ചികിത്സാരീതി സ്വീകരിക്കാൻ പോകുന്നവരെ തടഞ്ഞ് മന്ത്രതന്ത്രങ്ങളിലൂടെയോ തന്റെ പ്രത്യേക സിദ്ധിയിലൂടെയോ പ്രാർത്ഥനയിലൂടെയോ രോഗം മാറ്റാം എന്ന് പ്രചരിപ്പിക്കലും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടലും.

8. തന്റെ അമാനുഷിക സിദ്ധിയിലൂടെ രോഗം മാറുമെന്നും ശത്രുക്കളെ ഇല്ലായ്മ ചെയ്യാമെന്നും ശത്രുദോഷം ഇല്ലായ്മ ചെയ്യും എന്നുമുള്ള പ്രചരണവും പ്രവർത്തനങ്ങളും.

9. മറ്റുള്ളവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തന്റെ സ്വന്തം സിദ്ധി കൊണ്ട് സഫലമാക്കുന്നതിന് സാധിക്കും എന്ന് പ്രചരിപ്പിക്കലും അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടലും.

10. തന്റെ സിദ്ധി കൊണ്ട് ഒരാളുടെ വിവാഹം നടക്കുന്നതിനും ഇഷ്ടസന്താനം പിറക്കുന്നതിനും ബിസിനസിൽ ലാഭമുണ്ടാകുന്നതിനും ധനസമ്പാദനം നടത്തുന്നതിനും സാധിക്കുമെന്ന് പ്രചരിപ്പിക്കലും അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടലും. കൂടാതെ അനുചരന്മാരാകാൻ മറ്റുള്ളവരെ പ്രേരിപ്പിക്കലും.

11. മേൽപറഞ്ഞ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരണവും വിവിധ മാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചാരണങ്ങളും.

സർക്കാർ ശമ്പളം പറ്റുന്നവരോ ജനപ്രതിനിധികളോ പട്ടികയിൽ പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ പ്രചാരകരോ വിശ്വാസികളോ ആകാൻ പാടില്ലെന്ന നിർദേശമടക്കമുള്ള ബിൽ, സർക്കാർ- അർധ സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഈ നിയമം പ്രതിപാദിക്കുന്ന കുറ്റകൃത്യം ചെയ്താൽ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അവരെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നും വ്യക്തമായി പറയുന്നു.

2017-ൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് അന്ധവിശ്വാസ നിരോധന ബില്ലിനെക്കുറിച്ച് വിശദീകരിച്ചു. ഒന്നും സംഭവിച്ചില്ല, പരിഷത്ത് തയാറാക്കി സർക്കാറിന് സമർപ്പിച്ച കരട് ബിൽ ഇപ്പോഴും സുരക്ഷിതമായി ഏതോ സർക്കാർ ഫയലിൽ ഉറങ്ങുന്നുണ്ട്.
2017-ൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് അന്ധവിശ്വാസ നിരോധന ബില്ലിനെക്കുറിച്ച് വിശദീകരിച്ചു. ഒന്നും സംഭവിച്ചില്ല, പരിഷത്ത് തയാറാക്കി സർക്കാറിന് സമർപ്പിച്ച കരട് ബിൽ ഇപ്പോഴും സുരക്ഷിതമായി ഏതോ സർക്കാർ ഫയലിൽ ഉറങ്ങുന്നുണ്ട്.

ഉമ്മൻചാണ്ടിയുടെ സർക്കാർ പരിഷത്തിന്റെ കരടുബിൽ ഭദ്രമായി സൂക്ഷിച്ചുവച്ചു. 2017-ൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരിഷത്ത് ബില്ലിനെക്കുറിച്ച് വിശദീകരിച്ചു.
ഒന്നും സംഭവിച്ചില്ല, പരിഷത്ത് തയാറാക്കി സർക്കാറിന് സമർപ്പിച്ച കരട് ബിൽ ഇപ്പോഴും സുരക്ഷിതമായി ഏതോ സർക്കാർ ഫയലിൽ ഉറങ്ങുന്നുണ്ട്.

യുക്തിവാദി സംഘത്തിന്റെ ബിൽ

2014-ൽ കേരള യുക്തിവാദി സംഘം അന്ധവിശ്വാസ നിർമാർജന ജാഥ നടത്തി, അന്ധവിശ്വാസ- ദുരാചാര നിർമാർജന ബിൽ- കേരളം- 2014- കൊണ്ടുവന്നു. 2008-ൽ സർക്കാറിനു സമർപ്പിച്ച ബില്ലിൽ ഒരു നടപടിയുമില്ലാതിരുന്നതിനെതുടർന്നാണ് അതേ ബിൽ 2014-ൽ വീണ്ടും സർക്കാറിന് നൽകിയത്. ഈ ബില്ലിലും അന്ധവിശ്വാസം, ദുരാചാരം, മന്ത്രവാദം, അൽഭുത രോഗശാന്തി എന്നിവയെ നിർവചിക്കുന്നുണ്ട്. ദുരാചാരകർമങ്ങൾ വഴി ആർജിച്ച സ്വത്തുക്കൾ അഴിമതി നിരോധന നിയമത്തിലെ വകുപ്പിനു സമാനമായി സർക്കാറിലേക്ക് കണ്ടുകെട്ടുക, കുറ്റത്തിന് വിധേയനായ വ്യക്തി പരാതി നൽകിയില്ല എന്നതിന്റെ പേരിൽ കേസെടുക്കാതിരിക്കരുത്, പൊതുപ്രവർത്തകർ നൽകുന്ന പരാതിയുടെയും മാധ്യമവാർത്തകളുടെയും അടിസ്ഥാനത്തിൽ കേസെടുക്കണം തുടങ്ങിയ നിർദേശങ്ങളടങ്ങിയതായിരുന്നു ഈ ബിൽ. പ്രേതബാധ ഒഴിപ്പിക്കാനുള്ള ചികിത്സ, ദിവ്യാൽഭുത പ്രകടനങ്ങൾ, നരബലി, മന്ത്രവാദത്തിന്റെ പേരിലുള്ള ചികിത്സയും മർദ്ദനങ്ങളും, ശാസ്ത്രീയ ചികിത്സ നിഷേധിക്കൽ, ദിവ്യാവതാരമാണെന്ന അവകാശവാദം, ജ്യോത്സ്യപ്രവചനങ്ങൾ വഴിയുള്ള തട്ടിപ്പ്, പുരോഹിതരുടെ കുഴിമാടങ്ങളും ഖബറുകളും സാമ്പത്തിക ചൂഷണത്തിന് ഉപയോഗിക്കുക, ദൈവഹിതം കണ്ടെത്താനെന്ന പേരിലുള്ള ദേവപ്രശ്‌നങ്ങൾ, ആൾദൈവ മാഫിയകൾ, ജ്യോത്സ്യ- യജ്ഞ- യാഗങ്ങൾ എന്നിവയെല്ലാം കുറ്റകൃത്യങ്ങളുടെ പട്ടിയിൽ പെടുത്തുന്നു ഈ ബിൽ. ആൾദൈവ- ട്രസ്റ്റ് മാഫിയാകേന്ദ്രങ്ങളിൽ അന്വേഷണം നടത്തി അനധികൃത സ്വത്ത് പിടിച്ചെടുക്കാനും ഈ ബില്ലിൽ നിർദേശമുണ്ട്. യുക്തിവാദി സംഘം ഈ ബിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും നൽകിയിരുന്നു.
എന്തു സംഭവിച്ചു? ഒന്നും സംഭവിച്ചില്ല.

ഇലന്തൂരിലെ നരബലിയുടെ പാശ്ചാത്തലത്തിൽ അന്ധവിശ്വാസ നിരോധന നിയമം വേണമെന്ന് ആവശ്യം ശക്തമായപ്പോൾ തന്ത്രിമാരും ജ്യോതിഷികളുമെല്ലാം ചേർന്ന കൂട്ടായ്മയായ അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ മുപ്പതിലേറെ 'ആചാര്യ സംഘടനകൾ' രംഗത്തുവന്നു. ഈ നിയമം ഹിന്ദു വിശ്വാസങ്ങളെ തകർക്കാനുള്ളതാണെന്നും വിശ്വാസികളുടെ മനസ്സിനെ മുറിവേൽപ്പിക്കുന്നതുമാണ് എന്നായിരുന്നു അവരുടെ ആരോപണം. പിന്തിരിപ്പൻ വിശ്വാസങ്ങളിലധിഷ്ഠിതമായ ഇത്തരം കൂട്ടായ്മകളുടെ മനസ്സാണ്, അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ പൊതുസമൂഹവും ഏറിയും കുറഞ്ഞും പങ്കിടുന്നത്. ആ ഒരു 'ഐക്യദാർഢ്യ'മാണ്, അന്ധവിശ്വാസബിൽ നടപ്പാക്കാതിരിക്കാനുള്ള ഭരണകൂടങ്ങളുടെ പിടിവള്ളിയും.

കേരള യുക്തിവാദി സംഘം കൊണ്ടുവന്ന അന്ധവിശ്വാസ- ദുരാചാര നിർമാർജന ബിൽ- കേരളം- 2014- ൽനിന്ന്.
കേരള യുക്തിവാദി സംഘം കൊണ്ടുവന്ന അന്ധവിശ്വാസ- ദുരാചാര നിർമാർജന ബിൽ- കേരളം- 2014- ൽനിന്ന്.

രാജ്യവ്യാപക നിയമം വേണോ?

ഭരണഘടനയുടെ 14, 21 ആർട്ടിക്കിളുകൾ അനുസരിച്ച്, ചൂഷണത്തിനെതിരായ സംരക്ഷണവും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നതിനെതിരെ രാജ്യവ്യാപകമായി അന്ധവിശ്വാസ നിരോധന നിയമം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതോടൊപ്പം, ഇന്ത്യ ഒപ്പിട്ടിട്ടുള്ള അന്താരാഷ്ട്ര കരാറുകൾ അനുസരിച്ചും -Universal Declaration of Human Rights-1948, The International Covenant on Civil and Political Rights-1966, Convention on the Elimination of All Forms of Discrimination against Women 1979- അന്ധവിശ്വാസനിരോധന നിയമം സാധ്യമാണ്. എന്നാൽ, ദേശീയതലതതിൽ ഇത്തരമൊരു നിയമത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം, മത യാഥാസ്ഥിതികതയും പിന്തിരിപ്പൻ വിശ്വാസങ്ങളും ആചാരങ്ങളും ശാസ്ത്രവിരുദ്ധതയും അധികാരകേന്ദ്രങ്ങളെ പോലും നിയന്ത്രിച്ചുനിർത്തിയിരിക്കുകയാണ്. ബിഹാർ, ഛത്തീസ്ഗഢ്, ജാർക്കണ്ഠ്, ഒഡീഷ, രാജസ്ഥാൻ, ആസാം, മഹാരാഷ്ട്ര, കർണാടക എന്നീ എട്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് അന്ധവിശ്വാസങ്ങൾക്കെതിരായ നിയമനിർമാണങ്ങളുള്ളത്.

അന്ധവിശ്വാസ നിരോധന നിയമത്തിനുള്ള ഏറ്റവും വലിയ പ്രതിബന്ധം, മതസ്വാതന്ത്ര്യത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും ഏതെല്ലാം മാനദണ്ഡങ്ങൾ വച്ച് നിർവചിക്കുമെന്ന ആശയക്കുഴപ്പമാണ്.

നരേന്ദ്ര ധാബോൽക്കർ കൊല്ലപ്പെട്ടതിനെതുടർന്നാണ് 2013 ആഗസ്റ്റിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ്- എൻ.സി.പി സർക്കാർ നിയമം പാസാക്കിയത്- The maharashtra prevention and eradication of human sacrifice and other in human, evil and aghori practices and black magic Act 2013.
മന്ത്രവാദം, പിശാചുബാധ, മാന്ത്രികക്കല്ലുകൾ, തകിടുകൾ, ആകർഷകയന്ത്രങ്ങൾ എന്നിവ നിരോധിക്കാനും കുറ്റവാളികൾക്കെതിരെ ജാമ്യമില്ലാത്ത കേസെടുക്കാനും ആറു മാസം മുതൽ ഏഴു വർഷം വരെ തടവുശിക്ഷയും 50,000 രൂപ വരെ പിഴയും നൽകാനും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.
പിശാച് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കെട്ടിയിട്ടു പീഡിപ്പിക്കുക, തലമുടി പിഴുതെടുക്കുക, ചെരിപ്പു കഴുകിയ വെള്ളം കുടിപ്പിക്കുക, തുറന്ന സ്ഥലത്ത് ലൈംഗിക ബന്ധത്തിനു നിർബന്ധിക്കുക, മനുഷ്യവിസർജ്യങ്ങൾ ബലം പ്രയോഗിച്ചു വായിലൊഴിക്കുക, അമാനുഷിക ശക്തികളുടെ അനുഗ്രഹം ലഭിക്കുവാൻ നീചമായ ആഘോരികർമ്മങ്ങൾ നടത്തുക, പിശാച് ബാധയുണ്ടെന്നു ആരോപിച്ചു ഒരാളെ നഗ്നനാക്കി തെരുവിൽ നടത്തുക, അവന്റെ അതിജീവനം തടയുക, ദുർമന്ത്രവാദിനി എന്നാരോപിച്ചു പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുക, പ്രേതബാധയുണ്ടെന്നു പറഞ്ഞു ശാരീരിക പീഡനത്തിനു വിധേയമാക്കുക, ദിവ്യശക്തിയുണ്ടെന്നും കഴിഞ്ഞ ജന്മത്തിൽ തന്റെ ഭാര്യയോ, ഭർത്താവോ ആയിരുന്നുവെന്നു അവകാശപ്പെട്ടു അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക തുടങ്ങിയവയാണ് നിരോധിക്കപ്പെട്ട ദുരാചാരങ്ങൾ. ഏഴു വർഷംവരെ തടവും 50,000 രൂപ വരെ പിഴയും വിധിക്കാമെന്നും വ്യവസ്ഥ ചെയ്തു. ഒന്നോ അതിലധികമോ പോലീസ് സ്റ്റേഷനുകൾക്കു പോലീസ് ഇൻസ്‌പെക്ടറുടെ റാങ്കിൽ കുറയാത്ത ഒരു വിജിലൻസ് ഓഫീസറുടെ സേവനം ഇത്തരം കുറ്റകൃത്യങ്ങൾ തടയുവാൻ ഉറപ്പാക്കി.
ഒരു ഡസനിലധികം അന്ധവിശ്വാസ-ദുരാചാരങ്ങളെ നിയമവിരുദ്ധമാക്കിയ ഈ ആക്ട് ചില മതാചാരങ്ങളെ ഒഴിവാക്കുകയും ചെയ്തു.

നരേന്ദ്ര ധാബോൽക്കർ
നരേന്ദ്ര ധാബോൽക്കർ

ഈ നിയമം മാതൃകയാക്കിയാണ് മറ്റു പലയിടങ്ങളിലും നിയമങ്ങളെക്കുറിച്ച് ആലോചന നടന്നതെങ്കിലും, മഹാരാഷ്ട്രയിൽ തന്നെ അത് ഫലപ്രദമായി നടപ്പാക്കാനായില്ല. നിയമം നിലവിൽവന്നയുടൻ പൊലീസുകാർക്ക് പരിശീലനപരിപാടികൾ നടത്തിയെങ്കിലും തുടർനടപടിയിൽനിന്ന് സർക്കാറുകൾ വിട്ടുനിന്നു. ചുരുങ്ങിയ കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അവയിൽ തന്നെ ശിക്ഷയും അപൂർവമായിരുന്നു. 2022 വരെ ഈ നിയമമനുസരിച്ച് 250 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആയിരത്തോളം പരാതികളും കിട്ടി. ചട്ടങ്ങളും വ്യവസ്ഥകളും ഇല്ലാത്തതുമൂലം കേസ് എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുക എന്നതിനെക്കുറിച്ച് പൊലീസിനുതന്നെ ആശയക്കുഴപ്പമുണ്ടായി.

കർണാടക ഗവൺമെന്റ് 2017-ൽ ‘മനുഷ്യത്വരഹിതമായ ദുരാചാരങ്ങളും ദുർമന്ത്രവാദവും നിരോധിക്കാനുള്ള നിയമം’ കൊണ്ടുവന്നു. ഇത് കൂടുതൽ ശക്തവും വിപുലവുമായിരുന്നു. ആഭിചാര കൊലകൾ, എച്ചിലിലയിൽ താഴ്ന്ന ജാതിക്കാർ ഉരുളുനേർച്ച നടത്തുന്ന മടേസ്‌നാന പോലുള്ള ദുരാചാരങ്ങൾ എന്നിവ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വന്നു.
മഹാരാഷ്ട്ര ആക്ടിൽ നിരോധിക്കപ്പെട്ട ദുരാചാരങ്ങൾക്കൊപ്പം മറ്റു ചില ദുരാചാരങ്ങൾ കൂടി കർണാടകയിൽ നിരോധിച്ചു. മനുഷ്യന്റെ അന്തസ്സിനെ ഇല്ലാതാക്കുന്ന എച്ചിലിലയിൽ ഉരുണ്ട് രോഗശാന്തിക്കുവേണ്ടി ക്ഷേത്രപരിസരം ഉപയോഗിക്കുക, മൃഗങ്ങളുടെ കഴുത്തിനു കടിച്ചു കൊല്ലുവാൻ പ്രേരിപ്പിക്കുക, ശരീരത്തിൽ കുത്തിയിറക്കിയ കമ്പി ഉപയോഗിച്ചു തേരു വലിക്കുക, അഗ്നിയിൽ കൂടി നിർബന്ധിച്ചുനടത്തുക, കവിളുകളെ തുളച്ചുകൊണ്ട് കമ്പി കയറ്റുക, ആരാധനയുടെ പേരിൽ സ്ത്രീകളെ നഗ്നരാക്കി ഓടിക്കുക, നഗ്നപൂജ (bettale seva) നടത്തുക, സ്ത്രീകൾക്കെതിരായി ദുരാചാരക്രിയകൾ നടത്തുക. തുടങ്ങിയ ദുരാചാരങ്ങളാണു വിലക്കിയത്. ഇവിടെയും ഒരു വിജിലൻസ് ഓഫീസറുടെ സേവനം പ്രത്യേകമായി അനുവദിച്ചു.
വാസ്തു, ജ്യോതിഷം, വിശ്വാസത്തിന്റെ ഭാഗമായ തല മൊട്ടയടിക്കൽ, കാതുകുത്ത് വഴിപാടുകൾ തുടങ്ങിയവരെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി.

ഈ നിയമങ്ങൾ ഒരു സംസ്ഥാനത്തും, പൂർണാർഥത്തിൽ പ്രയോഗിക്കപ്പെടുന്നില്ല. സ്ത്രീകളും കുട്ടികളുമാണ് അന്ധവിശ്വാസത്തിന്റെ ഏറ്റവും വലിയ ഇരകൾ എന്നതുകൊണ്ടുതന്നെ, നിയമനിർമാണത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ ഇച്ഛാശക്തിയോ സാമൂഹിക സമ്മർദ്ദമോ പ്രകടവുമല്ല.

കർണാടകയിൽ, എച്ചിലിലയിൽ താഴ്ന്ന ജാതിക്കാർ ഉരുളുനേർച്ച നടത്തുന്ന മടേസ്‌നാന എന്ന ദുരാചാരം
കർണാടകയിൽ, എച്ചിലിലയിൽ താഴ്ന്ന ജാതിക്കാർ ഉരുളുനേർച്ച നടത്തുന്ന മടേസ്‌നാന എന്ന ദുരാചാരം

അന്ധവിശ്വാസത്തെ എങ്ങനെ നിർവചിക്കും?

അന്ധവിശ്വാസ നിരോധന നിയമത്തിനുള്ള ഏറ്റവും വലിയ പ്രതിബന്ധം, മതസ്വാതന്ത്ര്യത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും ഏതെല്ലാം മാനദണ്ഡങ്ങൾ വച്ച് നിർവചിക്കുമെന്ന ആശയക്കുഴപ്പമാണ്. നരബലി കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്നതിനെക്കുറിച്ച് തർക്കമുണ്ടാകാനിടയില്ല. എന്നാൽ, ആറ്റുകാൽ ക്ഷേത്രത്തിൽ 12 വയസ്സുള്ള കുട്ടികളെ ശാരീരികവും മാനസികവുമായ പീഡനത്തിനിരയാക്കുന്ന കുത്തിയോട്ടം എന്ന ദുരാചാരത്തിന്റെ കാര്യത്തിൽ ഈ ‘പൊതു സമ്മതി’ ഇല്ല. 'ദേവീദാസൻ' ആകാനെന്ന വിശ്വാസത്തിൽ, ഏഴു ദിവസം കുട്ടികളെ വ്രതമെടുത്ത് ക്ഷേത്രത്തിൽ താമസിപ്പിക്കുക, ഇടുപ്പിലെ പുറംതൊലിയിൽ സ്വർണത്തിലോ വെള്ളിയിലോ തീർത്ത നൂൽ കോർത്തെടുക്കുക തുടങ്ങി ശാരീരികവും മാനസികവുമായി പീഡനമാണിത്. ബാലാവകാശ ലംഘനത്തിന്റെ പരിധിയിൽ വരുന്ന ദുരാചാരമാണിതെന്നു ചൂണ്ടിക്കാട്ടി ബാലാവകാശ കമീഷൻ 2018-ൽ കേസെടുത്തിരുന്നു. പൊതുസമൂഹത്തിൽനിന്ന് വലിയ വിമർശനവുമുണ്ടായി. എന്നാൽ, ഈ വർഷവും 10നും 12നും ഇടയ്ക്ക് പ്രായമുള്ള 600- ഓളം കുട്ടികളെ ഈ വിശ്വാസ പീഡനത്തിനിരയാക്കി. 2018-ലുണ്ടായ ചർച്ചകളോട് അധികാര സ്ഥാപനങ്ങൾ മുഖം തിരിച്ചു, സർക്കാർ കേട്ടില്ലെന്നു നടിച്ചു, കുത്തിയോട്ടം എന്ന ബാലാവകാശലംഘനം തുടരുന്നു.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിലപാടെടുത്ത ഇടതുപക്ഷ രാഷ്ട്രീയം കമ്യൂണിസ്റ്റ് പാർട്ടികൾക്കുമാത്രമല്ല, ഇവിടുത്തെ കോൺഗ്രസിനും പൗരസമൂഹത്തിനും സാമൂഹിക പ്രസ്ഥാനങ്ങൾക്കും മീഡിയക്കുമെല്ലാം അവകാശപ്പെടാൻ കഴിയുന്നത്ര വിശാലമാണ്.

സമാനമായി, കേരളത്തിലെ പല മതങ്ങളുടെയും ആരാധനാലയങ്ങളിലും തൂക്കം, ശരീരത്തിൽ ലോഹദണ്ഡുകൾ തുളച്ചുകയറ്റൽ, മാനസികരോഗത്തിനെന്ന പേരിലുള്ള വ്യാജ ചികിത്സകൾ എന്നിവ നിർബാധം നടക്കുന്നുണ്ട്. കൃത്യമായും കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്ന ആചാരങ്ങളാണിതെല്ലാം. അതേസമയം, ഇവയെല്ലാം ‘വിശ്വാസ സ്വാതന്ത്ര്യ’ത്തിന്റെ ​അളവുകോൽ വച്ച്, വിശ്വാസിപക്ഷത്തുനിന്ന് ന്യായീകരണങ്ങളുമുയരും. പുരോഹിതരുടെ കുഴിമാടങ്ങളും ഖബറുകളും സാമ്പത്തിക ചൂഷണത്തിന് ഉപയോഗിക്കുക എന്നത് അന്ധവിശ്വാസത്തിന്റെ നിർവചനത്തിൽ പെടുത്തുന്നുണ്ട്, മേൽ സൂചിപ്പിച്ച ഒരു ബില്ല്. എന്നാൽ, പ്രബലമായ ഇത്തരം പൗരോഹിത്യ മതാചാരങ്ങൾക്കെതിരെ ഏകപക്ഷീയമായ നടപടി അതിസങ്കീർണമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ‘ന്യായീകരണ’മാണ് ഭരണകൂടങ്ങളെ വിറപ്പിക്കുന്നത്.

ആൾദൈവങ്ങളാണ് മറ്റൊരു ‘പ്രശ്ന’മേഖല. എല്ലാ ബില്ലുകളിലും, ആൾദൈവങ്ങളായി ചമഞ്ഞുകൊണ്ടുള്ള തട്ടിപ്പിനെ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പെടുത്തുന്നുണ്ട്. അതിശക്തമായ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക സ്വാധീനം ചെലുത്തുകയും അതുവഴി അധികാരകേന്ദ്രങ്ങളിലും ഭരണകൂടങ്ങളിലും അവിഹിത ബന്ധമുണ്ടാക്കിയെടുക്കുകയും ചെയ്യുന്ന ആൾദൈവങ്ങൾ കേരളത്തിലടക്കം സുരക്ഷിതരാണ്. ദൈവാവതാരമാണ് എന്നവകാശപ്പെടുകയും അത്തരം പിന്തിരിപ്പൻ വിശ്വാസങ്ങളുടെ പിൻബലത്തിൽ ആൾക്കൂട്ട വിശ്വാസി സമൂഹങ്ങളെ സൃഷ്ടിച്ചെടുക്കുകയും സാമ്പത്തിക സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുകയും സമാന്തര അധികാര വ്യവസ്ഥ സ്ഥാപിക്കുകയും ചെയ്യുന്ന ആൾദൈവങ്ങളെ, ഇവയുടെ ഗുണഭോക്താക്കളായ ഭരണകൂടങ്ങളും രാഷ്ട്രീയ പാർട്ടികളും, ഇത്തരമൊരു ബില്ലിനെ മുൻനിർത്തി എങ്ങനെയാണ് നിർവചിക്കുക?

ആറ്റുകാൽ ക്ഷേത്രത്തിൽ 12 വയസ്സുള്ള കുട്ടികളെ പ​​ങ്കെടുപ്പിച്ച് നടത്തുന്ന കുത്തിയോട്ടത്തിന്റെ ഭാഗമായുള്ള ഒരുക്കം. ഏഴു ദിവസം കുട്ടികളെ വ്രതമെടുത്ത് ക്ഷേത്രത്തിൽ താമസിപ്പിക്കുക, ഇടുപ്പിലെ പുറംതൊലിയിൽ സ്വർണത്തിലോ വെള്ളിയിലോ തീർത്ത നൂൽ കോർത്തെടുക്കുക തുടങ്ങി ശാരീരികവും മാനസികവുമായി പീഡനമാണിത്. / Phoo: R Sreelekha
ആറ്റുകാൽ ക്ഷേത്രത്തിൽ 12 വയസ്സുള്ള കുട്ടികളെ പ​​ങ്കെടുപ്പിച്ച് നടത്തുന്ന കുത്തിയോട്ടത്തിന്റെ ഭാഗമായുള്ള ഒരുക്കം. ഏഴു ദിവസം കുട്ടികളെ വ്രതമെടുത്ത് ക്ഷേത്രത്തിൽ താമസിപ്പിക്കുക, ഇടുപ്പിലെ പുറംതൊലിയിൽ സ്വർണത്തിലോ വെള്ളിയിലോ തീർത്ത നൂൽ കോർത്തെടുക്കുക തുടങ്ങി ശാരീരികവും മാനസികവുമായി പീഡനമാണിത്. / Phoo: R Sreelekha

ചത്തുമലച്ച രാഷ്ട്രീയ ഇടതുപക്ഷം

ഏത് മതവിഭാഗങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും അവയുടെ നിർവചനങ്ങളും പലതരം ആശയക്കുഴപ്പങ്ങൾക്കിടയാക്കും. അതുകൊണ്ടുതന്നെ, അന്ധവിശ്വാസനിരോധന നിയമത്തിന് ജനകീയമായ ബോധവൽക്കരണം അനിവാര്യമാണ്. മതങ്ങളെയും വിശ്വാസങ്ങളെയും ഏകപക്ഷീയമായി നിഷേധിച്ചുകൊണ്ടല്ല, ആ പക്ഷത്തുനിൽക്കുന്ന ​വിവേചനശേഷിയുള്ള മനുഷ്യരെ കൂടി ഉൾക്കൊണ്ടുവേണം ഇതിന് തുടക്കമിടാൻ. അതിന് കേരളീയ പൊതുബോധത്തെ പല സന്ദർഭങ്ങളിലും മുന്നോട്ടുനയിച്ചിട്ടുള്ള ശാസ്ത്രീയതയുടെയും പുരോഗമനാത്മകതയുടെയും അടിസ്ഥാനങ്ങളെ ബലപ്പെടുത്തിയെടുത്തിയെടുക്കേണ്ടതുണ്ട്. അതിന് നേതൃത്വം നൽകാൻ മനുഷ്യവിരുദ്ധമായ അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ ആശയക്കുഴപ്പമോ വിട്ടുവീഴ്ചകളോ ഇല്ലാത്ത സാമൂഹിക- രാഷ്ട്രീയ ഇടപെടൽ ആവശ്യമാണ്.
സർക്കാറിനുമുന്നിൽ ജനപ്രതിനിധികളും സംഘടനകളും സമർപ്പിച്ച കരടു നിർദേശങ്ങൾ പൊതുസംവാദത്തിന് സമർപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിൽ, ഔദ്യോഗികമായ നിയമത്തിന്റെ കരട് തയാറാക്കണം. അതിന്മേലുള്ള നിർദ്ദേശങ്ങളിലൂടെയും ഭേദഗതികളിലൂടെയും, ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട്, അന്ധവിശ്വാസം എന്ന കുറ്റകൃത്യത്തെ നിയമപരമായി തന്നെ നേരിടാനുള്ള അടിയന്തര ശ്രമമാണ് വേണ്ടത്.

മതം വിമോചനമാർഗമല്ല എന്ന് തിരിച്ചറി​ഞ്ഞ​പ്പോൾ വേദപുസ്തകം കത്തിച്ച് ആ മതത്തിൽനിന്ന് പുറത്തുവന്ന പൊയ്കയിൽ അപ്പച്ചൻ മുതലുള്ളവരുടെ പലതരം സമരങ്ങളിലൂടെ പരിപാകമായി വന്ന കേരളീയമായ റാഡിക്കലിസമാണ് രാഷ്ട്രീയമായ ഒരിടതുപക്ഷബോധനിർമിതി സാധ്യമാക്കിയത്.
മതം വിമോചനമാർഗമല്ല എന്ന് തിരിച്ചറി​ഞ്ഞ​പ്പോൾ വേദപുസ്തകം കത്തിച്ച് ആ മതത്തിൽനിന്ന് പുറത്തുവന്ന പൊയ്കയിൽ അപ്പച്ചൻ മുതലുള്ളവരുടെ പലതരം സമരങ്ങളിലൂടെ പരിപാകമായി വന്ന കേരളീയമായ റാഡിക്കലിസമാണ് രാഷ്ട്രീയമായ ഒരിടതുപക്ഷബോധനിർമിതി സാധ്യമാക്കിയത്.

എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ, കേരളത്തെ സംബന്ധിച്ച് ഈയൊരു ദൗത്യം അത്യന്തം ശ്രമകരമായ ഒന്നായി മാറിയിരിക്കുന്നു. കേരളം ആധുനികമായ ഒരു ജനാധിപത്യ സമൂഹമായി മാറിയതിൽ, മത- സാമുദായിക പരിഷ്കരണ ​ശ്രമങ്ങൾക്ക് വലിയ പങ്കുണ്ട്. മതങ്ങൾക്കും വിശ്വാസങ്ങൾക്കും അകത്തുനിന്നും പുറത്തുനിന്നും നടന്നിട്ടുള്ള നവീകരണശ്രമങ്ങൾ പൊതുസ്വീകാര്യതയുമുണ്ടാക്കി. ജാതിക്കും സവർണതക്കും വരേണ്യതക്കുമെതിരായ കലാപങ്ങൾ കേരളത്തിന്റെ മുഖ്യധാരാ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്, അത് ഓരം ചേർന്നുള്ള ചരിത്രമെന്ന നിലയിൽ പിന്നീട് തമസ്കരിക്കപ്പെട്ടുവെങ്കിലും. അതിന്റെ കേന്ദ്ര പ്രമേയങ്ങളിലൊന്ന് അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരായ ഇടപെടലുകളായിരുന്നു. മതം വിമോചനമാർഗമല്ല എന്ന് തിരിച്ചറി​ഞ്ഞ​പ്പോൾ വേദപുസ്തകം കത്തിച്ച് ആ മതത്തിൽനിന്ന് പുറത്തുവന്ന പൊയ്കയിൽ അപ്പച്ചൻ മുതൽ ഗുരുവായൂർ സത്യഗ്രഹത്തിനിടെ, സോപാനത്തിൽ കയറി മണിയടിച്ച് പ്രതിഷേധിച്ച കമ്യൂണിസ്റ്റ് പി. കൃഷ്ണപിള്ളവരെയുള്ളവരുടെ പലതരം സമരങ്ങൾ. അതിലൂടെ പരിപാകമായി വന്ന കേരളീയമായ റാഡിക്കലിസമാണ് രാഷ്ട്രീയമായ ഒരിടതുപക്ഷബോധനിർമിതി സാധ്യമാക്കിയത്. ആ ഇടതുപക്ഷരാഷ്ട്രീയം കമ്യൂണിസ്റ്റ് പാർട്ടികൾക്കുമാത്രമല്ല, ഇവിടുത്തെ കോൺഗ്രസിനും പൗരസമൂഹത്തിനും സാമൂഹിക പ്രസ്ഥാനങ്ങൾക്കും മീഡിയക്കുമെല്ലാം അവകാശപ്പെടാൻ കഴിയുന്നത്ര വിശാലവുമാണ്.

പി. കൃഷ്ണപിള്ള
പി. കൃഷ്ണപിള്ള

എന്നാൽ, ആ രാഷ്ട്രീയ ഇടതുപക്ഷം കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നു പറയാം. ‘രണ്ടാം നവോത്ഥാനം’ എന്ന പേരിലൊക്കെ സമീപകാലത്ത് കേരളം കണ്ട പരിഹാസ്യമായ കെട്ടുകാഴ്ചകളും നവോത്ഥാന സമിതി പോലുള്ള സംഘാടനങ്ങളുമെല്ലാം ജീർണിച്ച രാഷ്ട്രീയ ഇടതുപക്ഷമൃതദേഹത്തിൽനിന്നുള്ള ദുർഗന്ധങ്ങളായിരുന്നു.
മതത്തിന്റെ ജാതീയവും വംശീയവുമായ പുനഃസംഘാടനത്തിന് വഴി വെട്ടാൻ എങ്ങനെയാണോ നി​യോ ലിബറലിസം ഒരു സഖ്യകക്ഷിയായത്, അതേ മുന്നണിയിൽ ഇടതുപക്ഷവും അണിനിരക്കുന്ന ദുരന്തത്തിന്റെ ഇരയാണ് കേരളീയ സമൂഹവും. വൈദികമതബോധവും എല്ലാതരം സവർണതകളും ആധിപത്യം ചെലുത്തുന്ന തരത്തിലുള്ള തിരിച്ചുപോക്കിനിടെ എങ്ങനെയാണ് ചോദ്യം ചെയ്യലിന്റെയും തിരുത്തലിന്റെയും പരിവർത്തനത്തിന്റെയും പൊതുബോധത്തെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ്, അന്ധവിശ്വാസ നിരോധന നിയമത്തിനുമുന്നി​ലെ ഏറ്റവും വലിയ വെല്ലുവിളി.

Comments