'ലിവിങ് ടുഗെതർ' നിയമവ്യവസ്​ഥയ്ക്ക്​ അകത്തോ പുറത്തോ?

വളരെക്കാലം 'ലിവിങ് ടുഗെതർ' ആയി ജീവിച്ചതിന്റെ പേരിൽ കുടുംബക്കോടതിയിൽ വിവാഹത്തർക്കം ഉന്നയിക്കുന്നതിനുള്ള നിയമപരമായ അവകാശം നൽകാനാവില്ലെന്നും നിയമാനുസൃതം വിവാഹം ചെയ്താൽ മാത്രമേ കുടുംബക്കോടതിയിൽ ദാമ്പത്യ വ്യവഹാരങ്ങളുന്നയിക്കാൻ കഴിയൂവെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ ലിവിങ് റിലേഷൻഷിപ്പുകളിലെ അവകാശ സംരക്ഷണങ്ങളുടെ പ്രസക്തി വിലയിരുത്തപ്പെടുന്നു.

നിയമപ്രകാരം വിവാഹിതരാകാതെ ദീർഘകാലം ഒരുമിച്ചു ജീവിച്ചതിന്റെ പേരിൽ കുടുംബക്കോടതിയിൽ വൈവാഹിക തർക്കങ്ങൾ ഉന്നയിക്കാനാകില്ലെന്ന മദ്രാസ് ഹൈക്കോടതി വിധി, ലിവിങ് ടുഗെതർ ബന്ധങ്ങളിലേർപ്പെടുന്നവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്.

1869-ലെ വിവാഹമോചന നിയമത്തിലെ 32-ാം വകുപ്പനുസരിച്ചുള്ള ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നായിരുന്നു കോയമ്പത്തൂർ സ്വദേശി ആർ. കലൈശെൽവിയുടെ ആവശ്യം. 2013-ൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ മോതിരം മാറി വിവാഹിതയായെന്നും 2016-ൽ യുവാവ് പിരിഞ്ഞുതാമസിക്കാൻ തുടങ്ങിയതിനാൽ ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നുമായിരുന്നു അവർ കുടുംബക്കോടതിയിൽ നൽകിയ കേസിൽ ആവശ്യപ്പെട്ടത്. 2019-ൽ കുടുംബക്കോടതി ഈ ആവശ്യം നിരസിച്ചതിനെതുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ദീർഘകാലം ഒരുമിച്ച് താമസിച്ചിട്ടുണ്ടെങ്കിലും ആ ബന്ധം നിയമപ്രകാരമുള്ള വിവാഹമല്ലെങ്കിൽ കുടുംബക്കോടതിയിൽ ദാമ്പത്യവ്യവഹാരങ്ങൾ ഉന്നയിക്കാനാവില്ലെന്നായിരുന്നു ജസ്റ്റിസുമാരായ എസ്. വൈദ്യനാഥൻ, ആർ. വിജയകുമാർ എന്നിരവടങ്ങിയ ബെഞ്ചിന്റെ വിധി.
ഈ വിധിയുടെ അടിസ്ഥാനത്തിൽ മുമ്പ് സുപ്രീം കോടതിയുടേതടക്കം ലിവ് - ഇൻ റിലേഷൻഷിപ്പുകൾക്ക് അനുകൂലമായും പ്രതികൂലമായും വന്ന നിലപാടുകൾ പ്രസക്തമാകുകയാണ്.

നിയമപരമായി വിവാഹിതരാകാതെ രണ്ടുപേർ തമ്മിലുള്ള ലിവ് - ഇൻ ബന്ധത്തിന് ഇന്ത്യൻ സാമൂഹികവ്യവസ്ഥയിൽ ധാർമികമായ "അംഗീകാരം' ഇല്ല. പക്ഷേ, ഇന്ത്യൻ ജുഡീഷ്യറി ഇത്തരം ബന്ധങ്ങൾ നിയമപരമായിത്തന്നെ അംഗീകരിക്കുന്നുണ്ട്.

'നിയമം വേണ്ടെന്നു വയ്ക്കുന്നവർ’ക്ക്​ നിയമപരിരക്ഷയോ?

യഥാർത്ഥത്തിൽ ലിവ് - ഇൻ റിലേഷൻഷിപ്പുകൾ മുന്നോട്ടുവയ്ക്കുന്ന ആശയം എന്തെന്ന് കൃത്യമായി നിർവചിക്കുക അസാധ്യമായേക്കാം. വ്യത്യസ്ത ആശയങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിലും ഇത്തരം റിലേഷൻഷിപ്പുകളിലുള്ളവർ ഭൂരിഭാഗവും വിവാഹമെന്ന സമ്പ്രദായത്തിലെ ചട്ടക്കൂടുകളും നിയമപരിരക്ഷയും ഒന്നും വേണ്ടെന്ന അഭിപ്രായക്കാരാണ്. ലിവ് - ഇൻ റിലേഷൻഷിപ്പുകൾ മലയാളികൾക്ക് പരിചിതമാകുന്നതിനും മുന്നേ കേരളത്തിൽ ഇങ്ങനെ ഒരുമിച്ച് ജീവിച്ചവരിൽ ഒരാളായ ഡോ. എ.കെ. ജയശ്രീ അഭിപ്രായപ്പെടുന്നത്, ‘ഇത്തരം ബന്ധങ്ങൾ തെരഞ്ഞെടുക്കുന്നതിനു പിന്നിൽ തന്നെ, പുരുഷൻ സ്ത്രീയുടെ ചെലവ് വഹിക്കൽ, വിവാഹബന്ധം വേർപെടുത്തിയ ശേഷം ജീവനാംശം നൽകൽ തുടങ്ങി വിവാഹബന്ധം നിയമപരമായി നൽകുന്ന ആനുകൂല്യങ്ങൾ വേണ്ടെന്ന് വയ്ക്കുന്നതുകൊണ്ടാണ്. അല്ലാത്തപക്ഷം, അതാഗ്രഹിക്കുന്നവരാണെങ്കിൽ അവർ വിവാഹം കഴിക്കട്ടെ' എന്നാണ്. ഈ ഒരു കോണിലൂടെ നോക്കുമ്പോൾ മദ്രാസ് ഹൈക്കോടതി വിധി ശരിയാണെന്ന് വരുന്നു. അതേസമയം, ഇത്തരം ബന്ധങ്ങളിലൂടെ വഞ്ചിക്കപ്പെട്ടവർക്ക് ആ വ്യക്തിയുടെ സാഹചര്യം പരിഗണിച്ച് നിയമപരിരക്ഷ നൽകേണ്ടതുണ്ടെന്നും അവർ പറയുന്നു.

നിയമപരമായി വിവാഹിതരാകാതെ രണ്ടുപേർ തമ്മിലുള്ള ലിവ് - ഇൻ ബന്ധത്തിന് ഇന്ത്യൻ സാമൂഹികവ്യവസ്ഥയിൽ ധാർമികമായ "അംഗീകാരം' ഇല്ല. പക്ഷേ, ഇന്ത്യൻ ജുഡീഷ്യറി ഇത്തരം ബന്ധങ്ങൾ നിയമപരമായിത്തന്നെ അംഗീകരിക്കുന്നുണ്ട്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരു പൊതുബന്ധം പങ്കിടുന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള ദീർഘകാല സഹവാസമാണ് ലിവ് - ഇൻ റിലേഷൻഷിപ്പ്. അവിവാഹിതരാണെങ്കിലും അവർ പങ്കാളികളായി ജീവിക്കുന്നു. സുപ്രീംകോടതി പല കേസുകളുടെയും പശ്ചാത്തലത്തിൽ ലിവ് - ഇൻ ബന്ധങ്ങളുടെ ആശയം വിശദീകരിക്കുകയും അത്തരം ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

ഡോ. എ.കെ. ജയശ്രീ
ഡോ. എ.കെ. ജയശ്രീ

പ്രതിക്കൂട്ടിലാക്കപ്പെടുന്ന ബന്ധങ്ങൾ

കുറച്ചു വർഷങ്ങളായി വ്യക്തികൾ തമ്മിലുള്ള സഹവാസത്തിന്റെ കാര്യത്തിൽ, യാഥാസ്ഥിതിക കുടുംബ സംവിധാനത്തെ മറികടക്കാനുള്ള പ്രവണത വ്യാപകമാണ്. വിവാഹപൂർവ സെക്‌സിലേക്കും ലിവ് - ഇൻ ബന്ധങ്ങളിലേക്കും ആളുകൾ പതുക്കെപ്പതുക്കെ വികസിക്കുന്നു. എന്നാലും, ഇത്തരം ബന്ധങ്ങളെ പൂർണമായി അംഗീകരിക്കുന്ന നിയമങ്ങളോ സാമൂഹിക സ്വീകാര്യതയോ ഇല്ലാത്തതിനാൽ, ഇത്തരം പാരസ്പര്യങ്ങൾ സാമൂഹികവിരുദ്ധമെന്ന നിലയ്ക്ക് നിരന്തരം പ്രശ്‌നവൽക്കരിക്കപ്പെടുകയും മൊറാലിറ്റിയാൽ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം സമ്മർദങ്ങൾ പല ലിവിങ് ബന്ധങ്ങളെയും വിവാഹബന്ധത്തിന്റെ ഒരു പാരഡിയായി ചുരുക്കുന്നുമുണ്ട്.

വിവാഹം ‘പവിത്ര'മായി കണക്കാക്കപ്പെടുന്ന ഒരു പരമ്പരാഗത സമൂഹത്തിൽ, ലിവ് - ഇൻ ബന്ധം തെരഞ്ഞെടുക്കുന്ന പങ്കാളികളുടെ എണ്ണം വർദ്ധിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒരു സാമൂഹിക മാറ്റമാണ്

ഇന്ത്യയിൽ, പലപ്പോഴും ലിവ് - ഇൻ ബന്ധം തെരഞ്ഞെടുക്കുന്ന പങ്കാളികൾക്ക്​, നിയമപരമായി വിവാഹിതരാകുന്നതിനു മുമ്പ്​ ഇരുവരും തമ്മിലുള്ള ചേർച്ച പരിശോധിക്കുക എന്ന ലക്ഷ്യമാണുള്ളത്​. അതോടൊപ്പം, പങ്കാളികൾ വേർപിരിയാൻ തീരുമാനിക്കുന്ന സാഹചര്യത്തിൽ കുടുംബ നാടകങ്ങളുടെയും നീണ്ട കോടതി നടപടികളുടെയും വ്യവഹാരങ്ങളിൽനിന്ന് ഇത് പങ്കാളികളെ രക്ഷിച്ചെടുക്കുകയും ചെയ്യുന്നു. വിവാഹത്തിലടങ്ങിയിട്ടുള്ള നിയമപരമായ നിയന്ത്രണങ്ങളില്ലാതെ, ഉപാധിരഹിതമായ ഒരു പങ്കാളിത്തം വ്യക്തികൾ ആഗ്രഹിക്കുന്നുണ്ട്. സ്വതന്ത്രമായി കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ചിലർ ഇത്തരം ബന്ധങ്ങൾ ഇഷ്ടപ്പെടുന്നു. നമ്മുടെ സമൂഹത്തിൽ ലിവ് - ഇൻ റിലേഷൻഷിപ്പുകൾ പുതിയതല്ല. ഒരേയൊരു വ്യത്യാസം, ഇപ്പോൾ ആളുകൾ അത് തുറന്നു പറയുന്നു എന്നതാണ്.

പ്യൂ റിസർച്ച് സെന്ററിന്റെ കണക്കനുസരിച്ച്, 2007 മുതൽ 2016 വരെ ഇത്തരം പങ്കാളികളുടെ എണ്ണം 29% വർദ്ധിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ ലിവ് - ഇൻ റിലേഷൻഷിപ്പിന് നിയമ - സാമൂഹിക അംഗീകാരമുണ്ട്. യു.കെയിൽ ലിവ് - ഇൻ റിലേഷൻഷിപ്പിനെ നിയന്ത്രിക്കുന്നത് 2004ലെ സിവിൽ പാർട്ണർഷിപ്പ് ആക്ട് ആണ്. യു.എസ്.എയിൽ, ലിവ് - ഇൻ ബന്ധങ്ങൾ നിയന്ത്രിക്കുന്നത് പ്രീനപ്ഷ്യൽ കരാറുകളും പൊതുനിയമവുമാണ്. ആസ്ട്രേലിയയിൽ, കുടുംബ നിയമം ലിവ് - ഇൻ ബന്ധങ്ങളെ അംഗീകരിക്കുന്നു. കാനഡയിൽ അത്തരം ബന്ധങ്ങളെ പൊതുനിയമ വിവാഹങ്ങൾ എന്ന് വിളിക്കുന്നു. എന്നാൽ ഇന്ത്യയിൽ ഇത്തരം ബന്ധങ്ങൾ സാമൂഹിക - ധാർമിക പ്രശ്നങ്ങളിലേയ്ക്ക് നയിക്കപ്പെടുന്നതിനാൽ അത്തരം ബന്ധങ്ങളിലേർപ്പെടുന്നവരുടെ അവകാശസംരക്ഷണത്തിന് കൃത്യമായ നിയമങ്ങൾ അനിവാര്യമായിരിക്കുകയാണ്. പങ്കാളികൾക്ക് നിയമപരമായ അംഗീകാരം നൽകുന്നതിലൂടെ അവർക്ക് സമൂഹത്തിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ബലം ലഭിക്കും.

വിവാഹം ‘പവിത്ര'മായി കണക്കാക്കപ്പെടുന്ന ഒരു പരമ്പരാഗത സമൂഹത്തിൽ, ലിവ് - ഇൻ ബന്ധം തെരഞ്ഞെടുക്കുന്ന പങ്കാളികളുടെ എണ്ണം വർദ്ധിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒരു സാമൂഹിക മാറ്റമാണ്. ഈ സാഹചര്യമാണ്, ഇതുമായി ബന്ധപ്പെട്ട നിയമപരവും സാമൂഹികവുമായ പ്രശ്‌നങ്ങൾ സങ്കീർണമാകുന്നതിന് ഒരു കാരണം.

ഇന്ത്യയിൽ ലിവ് - ഇൻ ബന്ധത്തിന്റെ നിയമ സാധുത

ഇന്ത്യയിൽ ലിവ് - ഇൻ റിലേഷൻഷിപ്പുകൾ നിയമവിധേയമാക്കിയിട്ടില്ല; അതിനർത്ഥം ഇത്തരം ബന്ധങ്ങളുടെ കാര്യത്തിൽ പ്രത്യേക നിയമനിർമ്മാണം നടത്തണം എന്നതാണ്. നിലവിൽ, ലിവ്- ഇൻ ബന്ധങ്ങളുമായി ബന്ധപ്പെട്ട് പിന്തുടർച്ച, പരിപാലനം, രക്ഷാകർതൃത്വം എന്നീ കാര്യങ്ങൾ പ്രത്യേകമായി നിയന്ത്രിക്കുന്ന നിയമങ്ങളില്ല. വിവാഹിതരാകാനുള്ള നിയമപരമായ പ്രായമുണ്ടെങ്കിൽ പരസ്പര സമ്മതത്തോടെയുള്ള ലിവ്- ഇൻ ബന്ധം ഇന്ത്യൻ നിയമപ്രകാരം സാധ്യമാണ്. അത്തരം ബന്ധങ്ങൾ അനുവദിക്കുന്നതിനോ നിഷേധിക്കുന്നതിനോ പ്രത്യേകമായി നിയമം നിലവിലില്ല.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരുമിച്ച് ജീവിക്കുന്നത്, ജീവിക്കാനുള്ള അവകാശമാണെന്ന് സുപ്രീംകോടതി ലിവിങ് റിലേഷനുകളുമായി ബന്ധപ്പെട്ട കേസുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, സമൂഹം അധാർമികമായി കണക്കാക്കുന്നുണ്ടെങ്കിലും അത് നിയമത്തിന്റെ കണ്ണിൽ കുറ്റമല്ല. അത്തരമൊരു ബന്ധത്തിൽ നിന്ന് ജനിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ അനന്തരാവകാശം ലഭിക്കും. എന്നാൽ അത്തരം ബന്ധം ലൈംഗിക ആവശ്യങ്ങൾക്കായി മാത്രമാണെങ്കിൽ, പങ്കാളികൾക്ക് നിയമപരമായ വിവാഹത്തിന്റെ ആനുകൂല്യങ്ങൾ അവകാശപ്പെടാൻ കഴിയില്ല.
നിയമപരമായ നിർവചനമില്ലെങ്കിലും വിവിധ വിധികളിലൂടെ ലിവ്- ഇൻ ബന്ധം എന്താണെന്ന് കോടതി വിശദീകരിച്ചിട്ടുണ്ട്. അത്തരം ബന്ധങ്ങളുടെ സാമൂഹിക നിലയെക്കുറിച്ച് നിയമത്തിന് വ്യക്തതയില്ലെങ്കിലും നിലവിലുള്ള നിയമനിർമാണങ്ങൾ വ്യാഖ്യാനിച്ചും ഭേദഗതി ചെയ്തും കുറച്ച് അവകാശങ്ങൾ അനുവദിച്ചിട്ടുണ്ട്. അങ്ങനെ അത്തരം ബന്ധങ്ങളിലെ ദുരുപയോഗം പങ്കാളികൾക്ക് തടയാൻ കഴിയും.

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിനുകീഴിൽ ഇപ്പോൾ ലിവ്- ഇൻ ബന്ധങ്ങൾ വിവാഹത്തോടൊപ്പം പരിഗണിക്കപ്പെടുന്നു. ലിവ്-ഇൻ ബന്ധങ്ങളിൽ ഗാർഹിക പീഡനത്തിനിരയായവരെ സംരക്ഷിക്കുന്നതിനാണ് ഭേദഗതികൾ ഉദ്ദേശിക്കുന്നത്.

ഗാർഹിക പീഡന നിയമം, 2005: വൈവാഹിക ബന്ധത്തിൽ ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിന് വിധേയയായ ഒരു സ്ത്രീക്ക് ഐ.പി.സി 498 എ വകുപ്പ് പ്രകാരം പരാതി നൽകാം. ഗാർഹിക പീഡന നിയമത്തിലെ 18 മുതൽ 23 വരെയുള്ള വകുപ്പുകൾ ഉദ്ധരിച്ച് സംരക്ഷണ ഉത്തരവുകൾ, നഷ്ടപരിഹാരം, ഇടക്കാല ഉത്തരവുകൾ എന്നിവയിലൂടെ അവർക്ക് ആശ്വാസം തേടാം.
2005ലെ ഗാർഹിക പീഡന നിയമത്തിലെ വ്യവസ്ഥകൾ ഇപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിലുള്ളവർക്കും ബാധകമാണ്. ഗാർഹിക പീഡനത്തിനിരയായ സ്ത്രീകളുടെ സംരക്ഷണ നിയമത്തിലെ, സെക്ഷൻ 2 (എഫ്) പി.ഡബ്ല്യു.ഡി.വി. ആക്റ്റ് 2005, വിവാഹിതരായിട്ടില്ലെങ്കിലും ഒരു പുരുഷനോടൊപ്പം താമസിക്കുന്ന സ്ത്രീക്ക് അവകാശങ്ങളും സംരക്ഷണവും നൽകി ലിവ്- ഇൻ ബന്ധങ്ങൾ അംഗീകരിച്ചിട്ടുണ്ട്. എന്നാലും ഭാര്യയുടേതിന് തുല്യമല്ല ഈ ബന്ധം എന്ന് ഇതിലൂടെ നിരീക്ഷിക്കുന്നു.

വിവാഹം ‘പവിത്ര'മായി കണക്കാക്കപ്പെടുന്ന ഒരു പരമ്പരാഗത സമൂഹത്തിൽ, ലിവ് - ഇൻ ബന്ധം തെരഞ്ഞെടുക്കുന്ന പങ്കാളികളുടെ എണ്ണം വർദ്ധിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒരു സാമൂഹിക മാറ്റമാണ്. ഈ സാഹചര്യമാണ്, ഇതുമായി ബന്ധപ്പെട്ട നിയമപരവും സാമൂഹികവുമായ പ്രശ്‌നങ്ങൾ സങ്കീർണമാകുന്നതിന് ഒരു കാരണം. / Photo: Unsplash
വിവാഹം ‘പവിത്ര'മായി കണക്കാക്കപ്പെടുന്ന ഒരു പരമ്പരാഗത സമൂഹത്തിൽ, ലിവ് - ഇൻ ബന്ധം തെരഞ്ഞെടുക്കുന്ന പങ്കാളികളുടെ എണ്ണം വർദ്ധിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒരു സാമൂഹിക മാറ്റമാണ്. ഈ സാഹചര്യമാണ്, ഇതുമായി ബന്ധപ്പെട്ട നിയമപരവും സാമൂഹികവുമായ പ്രശ്‌നങ്ങൾ സങ്കീർണമാകുന്നതിന് ഒരു കാരണം. / Photo: Unsplash

കോടതി വ്യാഖ്യാനങ്ങളിലെ സങ്കീർണതകൾ

ലിവ്- ഇൻ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെക്കുറിച്ച് വ്യത്യസ്ത കോടതി വിധികൾ ഉണ്ടായിട്ടുണ്ട്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിനുകീഴിൽ ഇപ്പോൾ ലിവ്- ഇൻ ബന്ധങ്ങൾ വിവാഹത്തോടൊപ്പം പരിഗണിക്കപ്പെടുന്നു. ലിവ്-ഇൻ ബന്ധങ്ങളിൽ ഗാർഹിക പീഡനത്തിനിരയായവരെ സംരക്ഷിക്കുന്നതിനാണ് ഭേദഗതികൾ ഉദ്ദേശിക്കുന്നത്. ഗാർഹിക ബന്ധം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഏതുസമയത്തും ഒരേ കുടുംബം പങ്കിട്ട് ഒരുമിച്ച് താമസിക്കുന്നവരോ ജീവിക്കുന്നവരോ ആയ രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധമാണ്. അവർ രക്തബന്ധം, വിവാഹം, ദത്തെടുക്കൽ അല്ലെങ്കിൽ കുടുംബാംഗങ്ങൾ എന്നിവയിലൂടെ ബന്ധപ്പെട്ടിരിക്കുന്നു. ലിവ്- ഇൻ ബന്ധം, മേൽപ്പറഞ്ഞ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ, ‘വിവാഹത്തിന്റെ സ്വഭാവത്തിലുള്ള ബന്ധം' എന്ന പ്രയോഗമായി കോടതി വ്യാഖ്യാനിക്കുന്നു.
മേൽപ്പറഞ്ഞ നിയമത്തിലെ സെക്ഷൻ 2 (ജി) പ്രകാരം ഒരുമിച്ചു ജീവിക്കുന്ന, അല്ലെങ്കിൽ മുമ്പ് ഒരുമിച്ച് ജീവിച്ച രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം ഒരു ഗാർഹിക ബന്ധമായി കണക്കാക്കുന്നു. ലിവ്- ഇൻ റിലേഷൻഷിപ്പിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്ത്രീക്ക് തന്റെ പങ്കാളിയിൽ നിന്ന് ദുരുപയോഗവും ഉപദ്രവവും ഉണ്ടായാൽ നിയമപരിരക്ഷ തേടാം. കൂടാതെ, വഞ്ചനാപരമായ അല്ലെങ്കിൽ അസാധുവായ വിവാഹങ്ങളിൽ കുടുങ്ങിയ സ്ത്രീകളെയും പുതിയ നിയമം സംരക്ഷിക്കുന്നു.

1973-ലെ ക്രിമിനൽ നടപടിച്ചട്ടം (Criminal Procedure Code - CrPC), സെക്ഷൻ 125 പ്രകാരം ഈ വിഭാഗത്തിൽ തന്നെ ‘നിയമപരവും നിയമവിരുദ്ധവുമായ കുട്ടി' എന്ന് വ്യക്തമായി പരാമർശിക്കുന്നതിനാൽ അത്തരം ബന്ധങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികൾക്ക് മെയിന്റനൻസ് ക്ലെയിം ചെയ്യാൻ കഴിയും.
ഇത്തരം ബന്ധത്തിലുള്ള സ്ത്രീ നിയമപരമായി പുരുഷനെ വിവാഹം കഴിച്ചിട്ടില്ലെന്നും സെക്ഷൻ 125 Cr പ്രകാരം മെയിന്റനൻസ് ക്ലെയിം ചെയ്യാൻ അർഹതയില്ലെന്നുമായിരുന്നു നേരത്തെയുള്ള കാഴ്ചപ്പാട്. എന്നാൽ, 2005-ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിലെ സെക്ഷൻ 20 (3) പ്രകാരം താൻ വിവാഹബന്ധത്തിലുള്ള പോലെ പുരുഷനുമായി ഗാർഹിക ബന്ധത്തിലായിരുന്നുവെന്ന് തെളിയിച്ചാൽ മാത്രമേ മെയിന്റനൻസ് ക്ലെയിം ചെയ്യാൻ കഴിയൂ.

2021 മെയ് 18 ലെ ശ്രദ്ധേയ വിധിയിൽ, ലിവ്​- ഇൻ ബന്ധങ്ങൾ എല്ലാവർക്കും സ്വീകാര്യമായേക്കില്ല, പക്ഷേ അത് കുറ്റകരമല്ല എന്ന് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് ജയ്ശ്രീ താക്കൂറിന്റെ ബെഞ്ച് നിരീക്ഷിച്ചു.
2021 മെയ് 18 ലെ ശ്രദ്ധേയ വിധിയിൽ, ലിവ്​- ഇൻ ബന്ധങ്ങൾ എല്ലാവർക്കും സ്വീകാര്യമായേക്കില്ല, പക്ഷേ അത് കുറ്റകരമല്ല എന്ന് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് ജയ്ശ്രീ താക്കൂറിന്റെ ബെഞ്ച് നിരീക്ഷിച്ചു.

2000-ൽ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിന്റെ പരിഷ്‌കാരങ്ങൾക്ക് നിയോഗിച്ച മളീമഠ് കമ്മിറ്റി, സെക്ഷൻ 125 Cr ഭേദഗതി ചെയ്യണമെന്ന് ശുപാർശ ചെയ്തു. ‘ഭാര്യ' എന്ന പ്രയോഗം പുനരവലോകനം ചെയ്യുകയും ഈ പ്രയോഗത്തിൽ ലിവ്- ഇൻ ബന്ധത്തിലുള്ള സ്ത്രീകളെ കൂടി ഉൾക്കൊള്ളിക്കുകയും ചെയ്തു. അതിനാൽ, ഒരു സ്ത്രീ ദീർഘകാലമായി ഒരു ലിവ്-ഇൻ ബന്ധത്തിലാണെങ്കിൽ, സെക്ഷൻ 125 Cr.PC പ്രകാരം അവൾക്ക് മെയിന്റനൻസ് ക്ലെയിം ചെയ്യാം. ഈ സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ പുതിയ വിധിക്ക് പ്രാധാന്യമേറുന്നു.

വ്യക്തികൾ തമ്മിലുള്ള സ്ഥിരവും ‘ന്യായ'മായതുമായ ദീർഘകാല ബന്ധത്തിനുമാത്രമേ 2005 ലെ നിയമത്തിന്റെ പ്രയോജനം ലഭിക്കൂ. മുമ്പ് ഒരു കേസിന്റെ വിധി പ്രസ്താവനക്കിടെ ലിവ്- ഇൻ ബന്ധലേർപ്പെടുന്നവർക്ക് സംരക്ഷണം നൽകിയാൽ സാമൂഹിക ഘടന താറുമാറാകുമെന്ന് ജസ്റ്റിസ് ക്ഷേതർപാൽ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി. എന്നാൽ 2020-ൽ, പ്രിയ പ്രീത് കൗർ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിൽ, മാതാപിതാക്കൾക്ക് അവരുടെ നിബന്ധനകൾക്കനുസൃതമായ ജീവിതം നയിക്കാൻ കുട്ടികളെ നിർബന്ധിക്കാനാവില്ലെന്ന് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി വിധിക്കുകയുണ്ടായി.

2019 ൽ, രാജസ്ഥാൻ മനുഷ്യാവകാശ കമ്മിഷൻ, ലിവ്​- ഇൻ ബന്ധം സ്ത്രീകളുടെ അന്തസ്സിനു വിരുദ്ധമായതാണെന്ന് വിശേഷിപ്പിക്കുകയും അതിനെതിരെ നിയമം ഉണ്ടാക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു

2021 മെയ് 18 ന്, മറ്റൊരു ശ്രദ്ധേയ വിധിയിൽ, ഇത്തരം ബന്ധം എല്ലാവർക്കും സ്വീകാര്യമായേക്കില്ല, പക്ഷേ അത് കുറ്റകരമല്ല എന്ന് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് ജയ്ശ്രീ താക്കൂറിന്റെ ബെഞ്ച് നിരീക്ഷിച്ചു. കൂടാതെ, ഒരു വ്യക്തിക്ക് വിവാഹത്തിലൂടെ പങ്കാളിയുമായി ബന്ധം സ്ഥാപിക്കുന്നതിനോ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം ഒരു ലിവ്- ഇൻ ബന്ധത്തിലൂടെ അനൗപചാരിക ബന്ധം സ്വീകരിക്കുന്നതിനോ അവകാശമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ലിവ്-ഇൻ ദമ്പതികൾക്ക് സംരക്ഷണം നൽകാൻ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി വിസമ്മതിച്ചതിന് ദിവസങ്ങൾക്കുശേഷമായിരുന്നു ഈ സുപ്രധാന നിരീക്ഷണം.

2019 ൽ, രാജസ്ഥാൻ മനുഷ്യാവകാശ കമ്മിഷൻ, അത്തരമൊരു ബന്ധം സ്ത്രീകളുടെ അന്തസ്സിനു വിരുദ്ധമായതാണെന്ന് വിശേഷിപ്പിക്കുകയും അതിനെതിരെ നിയമം ഉണ്ടാക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. ഈ തീരുമാനത്തിന് മനുഷ്യാവകാശ പ്രവർത്തകരിൽ നിന്ന് പ്രതിഷേധവും കടുത്ത വിമർശനവും നേരിട്ടു.
2015 ഏപ്രിലിൽ സുപ്രീംകോടതി ജസ്റ്റിസ് എം.വൈ ഇക്ബാൽ, ജസ്റ്റിസ് അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച്, ലിവ് -ഇൻ റിലേഷൻഷിപ്പിൽ ജീവിക്കുന്ന ദമ്പതികൾ നിയമപരമായി വിവാഹിതരാണെന്ന് അനുമാനിക്കാമെന്ന് തീരുമാനിച്ചു. പങ്കാളിയുടെ മരണശേഷം ഈ ബന്ധത്തിലുള്ള സ്ത്രീക്ക് സ്വത്ത് അവകാശമാക്കാൻ അർഹതയുണ്ടാകുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ലിവിങ് ബന്ധത്തിലുള്ള സ്ത്രീ ന്യായമായ കാലയളവിൽ ജീവിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഭാര്യയുടെ പദവി നൽകാൻ മഹാരാഷ്ട്ര സർക്കാറും ശുപാർശ ചെയ്യുന്നുണ്ട്. ഈ കാലയളവ് ഓരോ കേസിന്റെയും വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്താണ് നിശ്ചയിക്കുന്നത്.

പ്രശസ്ത തെന്നിന്ത്യൻ നടി ഖുശ്ബു 2005-ൽ വിവിധ മാസികകൾക്ക് നൽകിയ അഭിമുഖങ്ങളിൽ വിവാഹത്തിന് മുമ്പുള്ള ലൈംഗികതയെ അനുകൂലിച്ചൊരോപിച്ച് അവർക്കെതിരെ 22 ക്രിമിനൽ കേസുകൾ ചുമത്തിയിരുന്നു. വിവാഹത്തിനുമുമ്പുള്ള ലൈംഗികതയെ അനുകൂലിക്കുന്നതായി ആരോപിക്കപ്പെടുന്ന അവരുടെ അഭിപ്രായങ്ങൾ യുവാക്കളുടെ മനസ്സിനെ പ്രതികൂലമായി ബാധിക്കുമെന്നും അത് ധാർമിക മൂല്യങ്ങളും രാജ്യത്തിന്റെ ധാർമികതയും തകരാൻ ഇടയാക്കുമെന്നുമായിരുന്നു അവർക്കെതിരെ അഭിഭാഷകന്റെ വാദം. എന്നാൽ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും മൗലികാവകാശമായി കണക്കാക്കുന്ന ആർട്ടിക്കിൾ 21 പരാമർശിച്ച് സുപ്രീം കോടതി ഈ വാദങ്ങളെ പൊളിച്ചു.

വ്യത്യസ്തമായ അല്ലെങ്കിൽ ഒരേ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങൾ ഇന്ത്യയിലെ ലിവ് - ഇൻ ബന്ധങ്ങളുടെ നിയമസാധുതയെയും സ്വീകാര്യതയെയും കുറിച്ച് നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്നു. സമൂഹത്തിന്റെ പൊതുബോധവും മൊറാലിറ്റിയും കെട്ടിയേൽപ്പിക്കുന്ന മാനദണ്ഡങ്ങളുടെ ഭാരം നീതിന്യായസംവിധാനത്തിന്റെ സമീപനങ്ങളിൽ പ്രകടമാണ്.
ഇത്തരം ബന്ധങ്ങളുടെ നിയമസാധുതയെക്കുറിച്ച് സുപ്രീംകോടതി വിവിധ വിധിന്യായങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, അത് അംഗീകരിക്കുന്ന ഒരു നിയമം ഉണ്ടായാലേ അതിന് പൂർണമായ സ്വീകാര്യത ലഭിക്കൂ.
ഗാർഹിക പീഡനത്തിന് കീഴിലുള്ള സ്ത്രീകളുടെ സംരക്ഷണത്തിനായി ‘വിവാഹത്തിന്റെ സ്വഭാവത്തിലുള്ള ബന്ധം' എന്ന പദപ്രയോഗത്തിനുള്ളിൽ ലിവ് ഇൻ ബന്ധം കൊണ്ടുവരുന്നതിന് സുപ്രിം കോടതി ചില മാർഗ്ഗനിർദ്ദേശങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത്തരം വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകൾ കോടതികളിൽ നിന്നുണ്ടാകുന്നുണ്ട്.

ഖുശ്ബു
ഖുശ്ബു

കുട്ടികളുടെ നിയമസാധുതയും അവകാശങ്ങളും

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമത്തിന്റെ വിശാലമായ വ്യാഖ്യാനമാണ് കോടതി വിധികൾ എപ്പോഴും നൽകുന്നത്. പ്രത്യേകിച്ച് ലിവിങ് റിലേഷൻഷിപ്പുകളിൽ കുട്ടികളുടെ അവകാശ സംരക്ഷണം പ്രധാനമാണെന്ന് കോടതി വിധികൾ ചൂണ്ടിക്കാണിക്കുന്നു. 2008 ജനുവരിയിൽ ജസ്റ്റിസ് അരിജിത് പസായത്തിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച്, ലിവിങ് ബന്ധങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികളെ നിയമവിരുദ്ധമായി കണക്കാക്കില്ലെന്ന് വിധിച്ചു.

1955-ലെ ഹിന്ദു വിവാഹ നിയമത്തിന്റെ 16-ാം വകുപ്പും സ്‌പെഷ്യൽ മാരേജ് ആക്ടിന്റെ സെക്ഷൻ 26-ഉം ലിവിങ് റിലേഷൻഷിപ്പുകളിൽനിന്ന് ജനിക്കുന്ന കുട്ടികൾക്ക് നിയമസാധുത നൽകുന്നു. എന്നാൽ നിയമത്തിലെ അതേ വകുപ്പുകളിലെ ഉപവകുപ്പ് (3) പ്രകാരം, അത്തരം കുട്ടികളുടെ അനന്തരാവകാശം മാതാപിതാക്കളുടെ സ്വത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനാൽ, അത്തരം കുട്ടികൾക്ക് ഹിന്ദു അവിഭക്ത കുടുംബത്തിന്റെ സ്വത്തിൽ 'കോപ്പർസെനറി' അവകാശമില്ല, മാത്രമല്ല അവർ ജനിക്കുമ്പോൾ മാതാപിതാക്കൾ നിയമപരമായി പരസ്പരം വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ അനന്തരാവകാശമായി ലഭിക്കുന്ന കുടുംബസ്വത്ത് അവകാശപ്പെടാൻ കഴിയില്ല. ഒരു പുരുഷനും സ്ത്രീയും തുടർച്ചയായി ദീർഘകാലം ഒരുമിച്ച് താമസിക്കുമ്പോൾ, ഇന്ത്യൻ എവിഡൻസ് ആക്ടിലെ സെക്ഷൻ 114 പ്രകാരം ദമ്പതികൾ ഭാര്യാഭർത്താക്കന്മാരായി ജീവിക്കുന്നുവെന്നും അവർക്ക് ജനിക്കുന്ന കുട്ടികൾ നിയമാനുസൃതമാണെന്നും അനുമാനിക്കുന്നു. എന്നാലും, അത്തരം അനുമാനം തള്ളിക്കളയാവുന്നതാണ്.

ഒരു ‘അവിഹിത'മെന്ന നിലയ്ക്ക് കണക്കാക്കുന്നതിനാൽ ലിവ്- ഇൻ ബന്ധം സദാ സമൂഹത്തിന്റെ ഒളിഞ്ഞുനോട്ടങ്ങൾക്കും ആക്രമണങ്ങൾക്കും വിധേയമാണ്. ഇത്തരം ബന്ധങ്ങൾ നിരോധിക്കുന്ന നിയമമില്ലാത്തതിനാൽ ഇതൊരു കുറ്റമായി കണക്കാക്കാനാവില്ല എന്നതു മാത്രമാണ് ലിവ്- ഇൻ റിലേഷൻഷിപ്പിലുള്ളവർക്കുള്ള ആശ്വാസം.

2010 ആഗസ്റ്റിൽ, വളരെക്കാലമായി നിലനിൽക്കുന്ന ഒരു ലിവ്- ഇൻ ബന്ധം വിവാഹമായി കണക്കാക്കുമെന്നും അത്തരം ദമ്പതികൾക്ക് ജനിക്കുന്ന കുട്ടികൾ അവിഹിതമായിരിക്കില്ലെന്നും സുപ്രീം കോടതിയിലെ ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസ് ബി. എസ്. ചൗഹാൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. അത്തരം ബന്ധങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടിക്ക് നിയമപരമായ വിവാഹങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികൾക്ക് ലഭ്യമായ എല്ലാ അവകാശങ്ങൾക്കും പ്രത്യേകാവകാശങ്ങൾക്കും അർഹതയുണ്ടെന്ന് വ്യക്തവുമാണ്- 1955ൽ ഭേദഗതി ചെയ്ത ഹിന്ദു വിവാഹ നിയമത്തിലെ 16(3) വകുപ്പിന്റെ ഉള്ളടക്കം ഇതാണ്. ഇത് ലിവ്- ഇൻ പങ്കാളികൾക്ക് ജനിക്കുന്ന കുട്ടികളുടെ നിയമസാധുതയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ശക്തമായ സ്വാധീനം ഉണ്ടാക്കും. അതേസമയം, കുട്ടികളെ ദത്തെടുക്കുന്നതിനെ നിയന്ത്രിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ലിവ്- ഇൻ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാൻ അനുവാദമില്ല.

ലിവിങ് റിലേഷൻഷിപ്പും സമൂഹവും

ഒരു ‘അവിഹിത'മെന്ന നിലയ്ക്ക് കണക്കാക്കുന്നതിനാൽ ലിവ്- ഇൻ ബന്ധം സദാ സമൂഹത്തിന്റെ ഒളിഞ്ഞുനോട്ടങ്ങൾക്കും ആക്രമണങ്ങൾക്കും വിധേയമാണ്. ഇത്തരം ബന്ധങ്ങൾ നിരോധിക്കുന്ന നിയമമില്ലാത്തതിനാൽ ഇതൊരു കുറ്റമായി കണക്കാക്കാനാവില്ല എന്നതു മാത്രമാണ് ലിവ്- ഇൻ റിലേഷൻഷിപ്പിലുള്ളവർക്കുള്ള ആശ്വാസം.

മാറുന്ന സാമൂഹിക സാഹചര്യങ്ങളും മനുഷ്യബന്ധങ്ങളിൽ സംഭവിക്കുന്ന പുരോഗമനപരവും ജനാധിപത്യപരവുമായ വികാസവും പ്രതിഫലിക്കുന്ന നിയമനിർമാണങ്ങളുണ്ടാകണമെന്ന് ഉറപ്പുവരുത്തേണ്ടത് നിയമനിർമാണ- നീതിന്യായ സംവിധാനങ്ങളാണ്. ഇതുവരെയുണ്ടായ വിധികൾ ഏറെക്കുറെ ലിവ്-ഇൻ ബന്ധങ്ങളെ സമചിത്തതയോടെയാണ് കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ടുള്ളതെന്ന് കാണാം. എന്നാൽ, ബന്ധങ്ങളെക്കുറിച്ചും കുടുംബസംവിധാനത്തെക്കുറിച്ചുമുള്ള സാമൂഹിക പരികൽപനകൾ പിന്തിരിപ്പനായതിനാൽ, നിയമപരമായ ഒരു പൊളിച്ചെഴുത്തുകൊണ്ടുമാത്രം പരിഹാരമുണ്ടാകണമെന്നില്ല. എങ്കിലും, ഈ വിഷയം, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും വിവേചനരഹിതമായ നീതിന്യായബോധത്തിന്റെയും അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്ന പ്രത്യേക നിയമം അത്യാവശ്യമാണ്. അതുവഴി പങ്കാളികളുടെയും അവർക്ക് ജനിക്കുന്ന കുട്ടികളുടെയും ഇത്തരം ബന്ധങ്ങളാൽ ബാധിക്കപ്പെടാൻ സാധ്യതയുള്ള എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ▮

​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments