മുത്തങ്ങ സമരക്കാലത്ത്, നിയമസഭയിൽ സ്പീക്കർ ചോദിച്ചു, റിപ്പബ്ലിക്കിനകത്ത് ഒരു റിപ്പബ്ലിക്കോ?

ഭരണഘടന എന്ന സോഷ്യൽ ഡോക്യുമെൻറ്​ ഒരു ലിവിങ് ഡോക്യുമെൻറ്​ ആകുന്നത് അത് ചർച്ച ചെയ്യപ്പെടുമ്പോഴും വിമർശിക്കപ്പെടുമ്പോഴുമാണ്. പക്ഷെ, അതിന്റെ നിഷേധം കുറ്റകരമാണ്. ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ അതിനെ നിഷേധിക്കുന്നതാണ് ഇവിടുത്തെ പ്രശ്നം. അധികാരത്തിലിരുന്ന് ഭരണഘടനാനിഷേധം നടത്തുന്നത് സ്ഥാപിതതാൽപര്യം വച്ചുകൊണ്ടാണ്. എം. കുഞ്ഞാമൻ എഴുതുന്നു.

Truecopy Webzine

‘‘ഭരണഘടന പ്രസക്തമാകേണ്ടത് പ്രയോഗങ്ങളിലൂടെയാണ്, സർക്കാറിന്റെ നയരൂപീകരണം തുടങ്ങിയ കാര്യങ്ങളുടെ ദൈനംദിന നടത്തിപ്പിലൂടെയാണ്.
നയരൂപീകരണം നടത്തുന്നത് ഉയർന്ന തലത്തിലാണ്. അത് നടപ്പാക്കപ്പെടേണ്ടത് ഗ്രാസ് റൂട്ട് ലെവിലാണ്. പലപ്പോഴും ഈ നയങ്ങൾ നടപ്പാക്കപ്പെടുന്നില്ല’’- ഭരണഘടനയുമായി ബന്ധപ്പെട്ട ചർച്ചകളുടെ പാശ്​ചാത്തലത്തിൽ എം. കുഞ്ഞാമൻ എഴുതിയ ലേഖനം ട്രൂ കോപ്പി വെബ്​സീനിൽ.

‘‘ആർട്ടിക്കിൾ 244 അനുസരിച്ച് ആദിവാസികളുടെ വിഭവാധികാരം അംഗീകരിച്ചിട്ടുണ്ടെങ്കിലും സർക്കാറുകൾ ഇത് പ്രായോഗികമാക്കുന്നില്ല. അഞ്ചാം ഷെഡ്യൂൾ പ്രദേശത്ത്, ഏതെങ്കിലും സംസ്ഥാന അസംബ്ലി നിയമനിർമാണം നടത്തുമ്പോൾ, ആ നിയമം ആദിവാസികൾക്ക് പ്രതികൂലമാകുമെങ്കിൽ, ആദിവാസി പ്രദേശങ്ങളെ ആ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള അധികാരം ഭരണഘടന ഗവർണർമാർക്ക് നൽകുന്നുണ്ട്. എന്നാൽ, മിക്ക ഗവർണർമാരും ഈ അധികാരം ഉപയോഗിക്കാറില്ല. ഈ അധികാരം ശക്തമായി ഉപയോഗിച്ച ഗവർണറാണ് ദ്രൗപതി മുർമു.

2017ൽ, അവർ ജാർക്കണ്ഡ് ഗവർണറായിരുന്ന സമയത്ത്, 1908ലെ ടെനൻസി ആക്റ്റിലും 1949ലെ സന്താൾ ഫർഗാന ടെനൻസി ആക്റ്റിലും സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഭേദഗതി ബില്ലുകൾ, ആദിവാസികളുടെ താൽപര്യത്തിന് വിരുദ്ധമാണെന്നുകണ്ട് അവർ തിരിച്ചയച്ചിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ മാറ്റം വരുത്താതെ, ആദിവാസി ഭൂമി വികസനകാര്യങ്ങൾക്ക് ഉപയോഗിക്കാം എന്ന ബി.ജെ.പി സർക്കാറിന്റെ ഭേദഗതിയെയാണ് അവർ എതിർത്തത്. ഇത്, സംസ്ഥാനത്തെ 23 ശതമാനം വരുന്ന ആദിവാസി ജനതയുടെ താൽപര്യത്തിന് വിരുദ്ധമാണെന്നു കണ്ടാണ് ദ്രൗപതി മുർമു ഭേദഗതിയിൽ ഒപ്പിടാൻ വിസമ്മതിച്ചത്. ആദിവാസികളല്ലാത്തവർ, ആദിവാസി ഭൂമി വാങ്ങുന്നത് തടയുന്ന നിയമങ്ങളാണിവ.’’

ദ്രൗപതി മുർമു / Photo: Wikimedia Commons
ദ്രൗപതി മുർമു / Photo: Wikimedia Commons

‘‘മുത്തങ്ങ സമരക്കാലത്ത്, നിയമസഭയിൽ സ്പീക്കർ ചോദിച്ചത്?, റിപ്പബ്ലിക്കിനകത്ത് ഒരു റിപ്പബ്ലിക്കോ എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ചാനൽ ചർച്ചയിൽ ഞാൻ ചില കാര്യങ്ങൾ വിശദീകരിച്ചു: റിപ്പബ്ലിക്ക് ആദിവാസികളുടെ കാര്യത്തിൽ അനുവദനീയമാണ്. ആദിമ ജനവിഭാഗങ്ങളുള്ള രാജ്യങ്ങളിലെല്ലാം ആദിവാസികൾക്ക് പ്രത്യേക സംരക്ഷണമുണ്ട്. ഇന്ത്യൻ ഭരണഘടനയും നൽകുന്നുണ്ട്?. തിരുവിതാംകൂർ സംസ്ഥാനം 1903ൽ ഹിൽമെൻറ്​ സെറ്റിൽമെൻറ്​ പ്രകാരം ആദിവാസികൾക്ക് പ്രത്യേക അധികാരം നൽകിയിരുന്നു.

ആദിവാസി മേഖലകളെ സംരക്ഷിക്കാൻ തിരുവിതാംകൂർ സർക്കാർ പ്രത്യേക നടപടികളെടുത്തിരുന്നു. ആദിവാസി ഭൂമിയും വനാവകാശവും സംരക്ഷിക്കപ്പെടുന്നത്? ഉറപ്പുവരുത്താൻ സായുധ പൊലീസിനെ തിരുവിതാംകൂർ സർക്കാർ നിയമിച്ചിരുന്നു. അന്ന്, ആദിവാസികളുമായി കച്ചവടബന്ധത്തിലേർപ്പെടുന്നതിനുപോലും ഡി.എഫ്.ഒയുടെ രേഖാമൂലമുള്ള അനുവാദം ആവശ്യമായിരുന്നു. അതുകൊണ്ട്?, ആദിവാസികൾക്ക് സംരക്ഷണം പുതിയ കാര്യമല്ല. അകാരണമായ ഒരാവശ്യമല്ല അവരുയർത്തുന്നത്.’’

മുത്തങ്ങ സമരത്തിന് നേരെ നടന്ന പൊലീസ് അതിക്രമം
മുത്തങ്ങ സമരത്തിന് നേരെ നടന്ന പൊലീസ് അതിക്രമം

‘‘പൗരന് വളരെയധികം അവകാശങ്ങൾ ഭരണഘടന നൽകുന്നുണ്ട്. അമിതമായ അവകാശങ്ങൾ എന്നു പറയാം. ശരിക്കും ഒരു പൗരന്റെ ഉത്തരവാദിത്തം എന്നു പറയുന്നതുതന്നെ ഈ അവകാശങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തലാണ്. എന്നാൽ, സ്റ്റേറ്റിന് അങ്ങനെയല്ല, സ്റ്റേറ്റ് സംരക്ഷണം നൽകണം. സ്റ്റേറ്റിന് അവകാശങ്ങൾക്കപ്പുറമുള്ളത് ഈ ഉത്തരവാദിത്തമാണ്. പൗരന്മാർക്ക് ഉത്തരവാദിത്തങ്ങൾക്കപ്പുറമുള്ളത് അവകാശങ്ങളാണ്.

അവകാശങ്ങൾ അർഥപൂർണമായി സംരക്ഷിക്കുന്നതാണ് സ്റ്റേറ്റിന്റെ ഉത്തരവാദിത്തം. ഈ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെങ്കിൽ ജനാധിപത്യപരമായി തെരഞ്ഞെടുപ്പിലൂടെ ഭരണകൂടത്തെ മാറ്റാം. എന്നാൽ, തെരഞ്ഞെടുപ്പുകൾ എന്നാൽ ജാതി- മത- പ്രാദേശിക പരിഗണനകൾ വരുന്നതാണ്. തന്ത്രങ്ങളാണ്, രാഷ്ട്രീയമല്ല അവിടെ ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണത്തിന്?, തുടർഭരണം ലഭിച്ച സർക്കാറിനെ നോക്കൂ. അത്തരം സർക്കാറുകൾ പലപ്പോഴും ഒരുതരം വാശിയോടെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. കാരണം, അവർക്ക് മാൻഡേറ്റ് കിട്ടിയിട്ടുണ്ട് എന്ന ന്യായത്തിൽ. ഇത് നമ്മുടെ പരിമിതിയായി വേണം കാണാൻ.’’

‘‘ഭരണഘടന ചർച്ച ചെയ്യുകയും വിശകലനം ചെയ്യുകയും വിമർശിക്കപ്പെടുകയും വേണം. ഭരണഘടന എന്ന സോഷ്യൽ ഡോക്യുമെൻറ്​ ഒരു ലിവിങ് ഡോക്യുമെൻറ്​ ആകുന്നത് അത് ചർച്ച ചെയ്യപ്പെടുമ്പോഴും വിമർശിക്കപ്പെടുമ്പോഴുമാണ്. പക്ഷെ, അതിന്റെ നിഷേധം കുറ്റകരമാണ്. ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ അതിനെ നിഷേധിക്കുന്നതാണ് ഇവിടുത്തെ പ്രശ്നം. അധികാരത്തിലിരുന്ന് ഭരണഘടനാനിഷേധം നടത്തുന്നത് സ്ഥാപിതതാൽപര്യം വച്ചുകൊണ്ടാണ്. വിമർശനവും നിഷേധവും രണ്ടായി തന്നെ കാണണം. ഭരണഘടനയെ നിഷേധിക്കുന്ന, അംഗീകരിക്കാത്ത വിഭാഗങ്ങളും വ്യക്തികളും ഇന്ത്യയിലുണ്ടല്ലോ. അവർ പോലും ശിക്ഷിക്കപ്പെടുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾക്കനുസരിച്ചാണ്. കാരണം ഇവിടെ ജീവിക്കുമ്പോൾ ഇവിടുത്തെ നിയമത്തിനനുസരിച്ചേ പറ്റൂ, നമ്മൾ അതിൽ വിശ്വസിക്കുന്നുണ്ടോ എന്നത് പ്രശ്നമല്ല. എന്നാൽ, നിഷേധം, ഭരണഘടന സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ അധികാരികൾ നടത്തുന്നതാണ് പ്രശ്നം.’’

എം. കുഞ്ഞാമൻ
ഭരണഘടന വിമർശിക്കപ്പെടണം,
എന്നാൽ നിഷേധിക്കപ്പെടരുത്
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 85
വായിക്കാം,​ കേൾക്കാം


Summary: ഭരണഘടന എന്ന സോഷ്യൽ ഡോക്യുമെൻറ്​ ഒരു ലിവിങ് ഡോക്യുമെൻറ്​ ആകുന്നത് അത് ചർച്ച ചെയ്യപ്പെടുമ്പോഴും വിമർശിക്കപ്പെടുമ്പോഴുമാണ്. പക്ഷെ, അതിന്റെ നിഷേധം കുറ്റകരമാണ്. ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ അതിനെ നിഷേധിക്കുന്നതാണ് ഇവിടുത്തെ പ്രശ്നം. അധികാരത്തിലിരുന്ന് ഭരണഘടനാനിഷേധം നടത്തുന്നത് സ്ഥാപിതതാൽപര്യം വച്ചുകൊണ്ടാണ്. എം. കുഞ്ഞാമൻ എഴുതുന്നു.


Comments