ധാർമികത എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ നാലിടത്ത് കാണാമെങ്കിലും ഭരണഘടനാ ധാർമികത എന്ന് എവിടെയുമില്ല. എന്നാൽ ഡോ. അംബേദ്കർ ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിൽ ഊന്നിപ്പറയുന്ന ഒരു ആശയമാണത്. അംബേദ്കർ ഈ ആശയം സ്വീകരിക്കുന്നത് ഗ്രീസിലെ ജനാധിപത്യത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച ചരിത്രകാരനായ ജോർജ് ഗ്രോറ്റേയിൽ നിന്നാണ്. ഒരു ഭരണഘടന എഴുതുന്നതോളം തന്നെ പ്രധാനമാണ് ഭരണഘടനയോടും അതിന്റെ ഉദ്ദേശശുദ്ധിയോടും പരമമായ ആദരവും തീക്ഷ്ണമായ അഭിനിവേശവും വളർത്തിയെടുക്കുക എന്ന് വിശദീകരിക്കുന്നുണ്ട്. "അപൂർവവും ദുഷ്‌കരവുമായ' ഒരു വികാരം എന്നാണ് ഗ്രോറ്റേ ഭരണഘടനാ ധാർമികതയെ വിശേഷിപ്പിച്ചിരിക്കുന്നത്.
""ഭരണഘടനാ ധാർമികത ഒരു സ്വാഭാവിക വികാരമല്ല, വളർത്തിയെടുക്കേണ്ട ഒന്നാണ്'' എന്ന് അംബേദ്കറും അഭിപ്രായപ്പെടുന്നുണ്ട്. ജനാധിപത്യത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നായിട്ടാണ് അംബേദ്കർ ഭരണഘടനാ ധാർമികത എന്ന ആശയത്തെ മുന്നോട്ടുവെക്കുന്നത്. അടിസ്ഥാനപരമായ ജനാധിപത്യവിരുദ്ധമായ ഇന്ത്യൻ മണ്ണിൽ ജനാധിപത്യവും ഒരു മേൽവളം മാത്രമാണെന്നും ഇന്ത്യയിലെ ജനങ്ങൾ ജനാധിപത്യത്തെ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നുമുള്ള സുപ്രധാനമായ നിരീക്ഷണം അംബേദ്കർ 1948-ൽ ഭരണഘടനാ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ പറയുന്നുണ്ട്. ഭരണഘടന നിലവിൽവന്ന് മുക്കാൽ നൂറ്റാണ്ടാകാറാകുമ്പോൾ ജനാധിപത്യം ഇന്ത്യയിൽ വികസിക്കുകയല്ല കൂടുതൽ ശോഷിക്കുകയാണ് ചെയ്തത് എന്നുകാണാം.
ഗ്രോറ്റേ വിശദീകരിക്കുന്നതുപോലെ ഭരണഘടനയോട് പരമമായ ആദരവും തീവ്രമായ അഭിനിവേശവും വളർത്തുകയെന്നാൽ എന്താണ്?
ഭരണഘടനയുടെ പ്രാമാണികത അംഗീകരിച്ചും അതിന് വിധേയമായും മാത്രം പെരുമാറുന്ന സംസ്കാരവും മനോഭാവവും സൃഷ്ടിക്കലാണത്.
ആത്യന്തികമായി ജനങ്ങളുടെ താൽപര്യങ്ങൾക്ക് കീഴ്‌പ്പെടുക എന്നതുമാണ് അതിനർഥം. കാരണം ഭരണഘടന ഇന്ത്യയിലെ ജനങ്ങൾ അവർക്കായി നൽകിയതാണ്. ഭരണഘടനയിലൂടെ ജനങ്ങൾ രാഷ്ട്രത്തിലെ പരമാധികാരികളാവുകയാണ് സംഭവിക്കുന്നത്. മൂർത്തമായ അർഥത്തിൽ, ഭരണഘടനയോടുള്ള ആദരവിന്റെ ഉരകല്ല് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളോടുള്ള കൂറും അത് വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയുമാകുന്നു. ഭരണഘടനയെന്നാൽ കേവലം ഒരു നിയമസംഹിത മാത്രമല്ല, അത് പ്രതിനിധീകരിക്കുന്ന മഹത്തായ ആശയങ്ങളും മൂല്യങ്ങളുമെല്ലാമാണ്. ഇവ രൂപപ്പെടുന്നതും വികസിച്ചുവരുന്നതും ജനങ്ങളുടെ കൊളോണിയൽ ആധിപത്യത്തിനെതിരായ പോരാട്ടങ്ങളിലൂടെയും സഹനങ്ങളിലൂടെയുമാണ്. ഇങ്ങനെ വികസിച്ചുവരുന്ന മൂല്യങ്ങളും ആശയങ്ങളുമാണ് ഭരണഘടനയെ പ്രചോദിപ്പിക്കുന്നതും അതിനോടുള്ള ആദരവിന് കാരണമാകുന്നതും.
ഭരണഘടനയുടെ അടിസ്ഥാനാശയങ്ങൾ, മൂല്യങ്ങൾ, ലക്ഷ്യങ്ങൾ എന്നിവയെല്ലാം ആമുഖത്തിൽ സംഗ്രഹിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവും സത്തയും തന്നെയാണ് ആമുഖം. ഭരണഘടനയുടെയും രാഷ്ട്രസങ്കൽപത്തിന്റെയും ആധാരശിലകൾ മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം, പരമാധികാരം എന്നിവയാണ്. ഭരണഘടനാ ധാർമികതയുടെ മാനദണ്ഡങ്ങളിൽ പ്രധാനം ഇവയോടും സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നീ ലക്ഷ്യങ്ങളോടുമുള്ള പ്രതിബദ്ധതയാണ്. ഈ പ്രതിബദ്ധതയിൽ നിന്നുള്ള കേവല വ്യതിചലനം മാത്രമല്ല, ഈ ഭരണഘടനാതത്വങ്ങൾക്കും ലക്ഷ്യങ്ങൾക്കും വിപരീതദിശയിൽ രാഷ്ട്രം നീങ്ങുന്നു എന്നതാണ് ഭരണഘധടനാ ധാർമികത നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മതനിരപേക്ഷ ജനാധിപത്യസങ്കൽപത്തെ ഭൂരിപക്ഷത്തിന്റെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഹിന്ദുരാഷ്ട്രം കൊണ്ട് പകരംവെക്കുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ഭൂരിപക്ഷവാദവും ഹിന്ദുരാഷ്ട്രവീക്ഷണവും ന്യൂനപക്ഷത്തെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ന്യൂനപക്ഷത്തിന്റെ അസ്തിത്വത്തെ ഭൂരിപക്ഷം അംഗീകരിക്കാതിരിക്കുന്നതും ന്യൂനപക്ഷത്തിനുമേൽ ഭൂരിപക്ഷത്തിന്റെ ആധിപത്യം സ്ഥാപിക്കുന്നതും ജനാധിപത്യത്തിന് നിരക്കുന്നതല്ല എന്ന് അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. ജനാധിപത്യത്തിൽ ന്യൂനപക്ഷത്തിന് സുരക്ഷിതത്വം അനുഭവപ്പെടണമെന്നും അവർക്കെതിരായ വിവേചനം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഭൂരിപക്ഷം തങ്ങളുടെ കടമയായിക്കാണണമെന്നും അംബേദ്കർ സമർഥിക്കുന്നത് ഐറിഷ് ചരിത്രം ഉദ്ധരിച്ചുകൊണ്ടാണ്. അയർലൻഡിന്റെ വിഭജനം ഒഴിവാക്കാനായി പ്രൊട്ടസ്റ്റൻറ് ന്യൂനപക്ഷത്തിന് എന്ത് സുരക്ഷ വേണമെങ്കിലും ആവശ്യപ്പെടാമെന്ന വാഗ്ദാനം, നിങ്ങളുടെ ഭരണം ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ന്യൂനപക്ഷം തള്ളിക്കളഞ്ഞത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളാരും അത്തരമൊരു നിലപാടെടുത്തിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അംബേദ്കർ ഭൂരിപക്ഷത്തിന്റെ കടമയെക്കുറിച്ച് ഓർമിപ്പിക്കുന്നത്.
എന്നാൽ ഇന്ത്യൻ അനുഭവം എന്താണ്? ഭരണഘടനാപരമായ ധാർമികത ഭൂരിപക്ഷത്തിനിടയിൽ വളർത്താൻ ശ്രമിക്കുന്നതിനുപകരം അതിന് നേർവിപരീതരമായ ന്യൂനപക്ഷ വിരുദ്ധതയും വിദ്വേഷവും പടർത്താനാണ് ശ്രമം. അടുത്തിടെ ഹരിദ്വാറിൽ മതപാർലമെന്റ് എന്ന് പേരിട്ട് നടത്തിയ കൂട്ടായ്മയിൽ ഉയർത്തിയ ആഹ്വാനം ന്യൂനപക്ഷങ്ങളെ തുടച്ചുനീക്കാ (cleanliness drive) നുള്ളതായിരുന്നു. അതിനായി ആയുധമെടുക്കാൻ ഹിന്ദുക്കളെ പരസ്യമായി പ്രേരിപ്പിക്കുന്ന ആ വിദ്വേഷ കൂട്ടായ്മ ഭരണഘടനയുടെ സർവതത്വങ്ങൾക്കും രാഷ്ട്രത്തിന്റെ ഐക്യത്തിനും എതിരായ നഗ്നമായ ആക്രമണമായിരുന്നു. എന്നിട്ടും നിയമത്തിന് അത് ചെയ്തവരെ തൊടാനായില്ലെന്നു മാത്രമല്ല, സമാനമായ അടുത്ത ഒത്തുചേരലിന്റെ വേദിയും തീയതിയും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ. ന്യൂനപക്ഷങ്ങൾക്കെതിരായി ഹിന്ദുത്വ ആശയങ്ങളാൽ ഉത്തേജിതരായ ആൾക്കൂട്ടങ്ങൾ വിശ്വാസം, ഭക്ഷണം, വേഷം, പ്രണയം തുടങ്ങിയ വ്യക്തിസ്വാതന്ത്ര്യത്തിലധിഷ്ഠിതമായ തെരഞ്ഞെടുപ്പുകളുടെ പേരിൽ നിരന്തരം നടത്തിവരുന്ന ആക്രമണപരമ്പരകളെ ഒരു വംശഹത്യയുടെ ഭീതിദമായ തലത്തിലേയ്ക്ക് വളർത്തിയെടുക്കാനുള്ള നിശ്ചയിച്ചുറപ്പിച്ച നീക്കമായിട്ടിത് കാണേണ്ടതാണ്. ഇത് ഭരണഘടനയുടെ പ്രാമാണികതയെ നിഷേധിക്കൽ മാത്രമല്ല, അതുറപ്പുനൽകുന്ന സുരക്ഷയ്ക്കുനേരെയുള്ള യുദ്ധാഹ്വാനമാണ്. ഭരണകൂടം മൗനവും നിഷ്‌ക്രിയത്വവും വഴി ഭരണഘടനാബാധ്യതയെ അവഗണിക്കുകയും ചെയ്യുന്നു.
ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾക്കെതിരായ കൈയേറ്റം ഭരണകൂടത്തിൽ നിന്നുതന്നെയുണ്ടാകുന്ന പ്രവണതയും ശക്തിപ്പെട്ടിരിക്കുന്നു. വിമർശിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിലുൾപ്പെടുന്നതാണ്. എന്നാൽ അതിന്റെ പേരിൽ, മതിയായ തെളിവുകളില്ലാതെയും വ്യാജമെന്നും കെട്ടിച്ചമച്ചതെന്നും ആരോപിക്കപ്പെടുന്ന ദുർബലമായ തെളിവുകളുടെ മാത്രം പേരിലും ബുദ്ധിജീവികളും അക്കാദമിക്കുകളും വർഷങ്ങളായി തുറുങ്കിലടയ്ക്കപ്പെട്ടിരിക്കുന്നു എന്നത് ജനാധിപത്യത്തിൽ ചിന്തിക്കാനാവാത്ത അന്യായമാണ്, ഭരണഘടന ഉറപ്പുനൽകുന്ന നീതിയുടെ നഗ്നമായ നിഷേധവും. വിമർശനവും വിയോജിപ്പും കുറ്റകൃത്യമായിത്തീരുകയും യു.എ.പി.എ. പോലുള്ള കരിനിയമങ്ങൾ അവയ്‌ക്കെതിരെ ദുരുപയോഗിക്കുകയും ചെയ്യുന്നു.
ഭരണഘടനാപരമായ പൗരൻമാരുടെ അവകാശങ്ങളോടുള്ള ശത്രുതാ മനോഭാവം ഭരണകൂടത്തിന്റെ മുഖമുദ്രയാണിന്ന്. ഈ ശത്രുതാ മനോഭാവത്തിന്റെ പ്രഖ്യാപനമാണ് ""രാജ്യം അവകാശങ്ങൾക്കായി പൊരുതി ഏറെ സമയം പാഴക്കുകയും കടമകളെ വിസ്മരിക്കുകയും ചെയ്തു'' എന്ന പ്രധാനമന്ത്രിയുടെ അലോസരപ്പെടുത്തുന്ന പ്രസ്താവന. ജനങ്ങൾ അവരുടെ അവകാശങ്ങൾക്കും അന്തസ്സിനും വേണ്ടി നടത്തിയ സമരമാണ് സ്വാതന്ത്യത്തിലേയ്ക്കും ഭരണഘടനയിലേയ്ക്കും നയിച്ചത്. ഭരണഘടന ആ അവകാശങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ളതാണ്. ഭരണകൂടത്തിന് അത് ജനങ്ങൾക്ക് ലഭ്യമാകുന്നുവെന്നുറപ്പ് വരുത്താനുള്ള ഉത്തരവാദിത്തമുണ്ട്.
72 വർഷം പിന്നിടുമ്പോഴും ഭരണഘടന ഉറപ്പുനൽകിയ അവകാശങ്ങൾ നിഷേധിക്കപ്പെട്ട കോടിക്കണക്കിന് മനുഷ്യർ ഇപ്പോഴും ഇന്ത്യയിലുണ്ട്. അതായത് അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ ഇനിയും തുടരേണ്ടതുണ്ട് എന്നർഥം. ഇന്ത്യയിലെ കർഷകരും തൊഴിലാളികളും പാർശ്വവത്കൃത ജനവിഭാഗങ്ങളുമെല്ലാം ആ പോരാട്ടങ്ങളിൽ കൂടുതലായി അണിനിരക്കുന്ന കാലമാണിത്. അതുളവാക്കുന്ന അസ്വസ്ഥതയാണ് അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ പാഴ്ശ്രമങ്ങളെന്ന് ഇകഴ്ത്താൻ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുന്നുണ്ടാവുക. അവകാശങ്ങളുടെ വിരുദ്ധപക്ഷത്ത് കടമകളെ പ്രതിഷ്ഠിക്കുന്നതും പൗരൻമാരുടെ അവകാശങ്ങളിൽ നിന്ന് കടമകളിലേയ്ക്ക് ഊന്നൽ മാറ്റാൻ ശ്രമിക്കുന്നതും ഭരണഘടനാ ധാർമികതയ്ക്ക് നിരക്കുന്നതല്ല. പൗരർക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലഭ്യമാക്കുക എന്ന സ്വന്തം കടമ നിർവഹിക്കുമ്പോൾ മാത്രമെ ജനങ്ങളുടെ കടമകളെക്കുറിച്ച് ഓർമപ്പെടുത്തുന്നതിൽ അർഥമുള്ളൂ. അവകാശങ്ങൾക്കെതിരെയും കടമകളെക്കുറിച്ചുമാത്രവും ഒരു ഭരണകൂടം സംസാരിക്കുന്നതിൽ ഒളിച്ചിരിക്കുന്നത് ഏകാധിപത്യത്തിന്റെ മനോഗതിയാണ്.
ഭരണഘടനയുടെ ഭാഗം നാല് ഇന്ത്യയിലെ എല്ലാ പൗരൻമാരുടെയും മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് എന്നത് ശരിയാണ്. അത് ഭരണകൂടത്തിനെ നയിക്കുന്നവർക്കും ബാധകമാണ്. അതിൽ പ്രധാനപ്പെട്ട ചിലത് ഈ സന്ദർഭത്തിൽ ഓർക്കുന്നത് ഉചിതമായിരിക്കും. ഭരണഘടനയെയും അതിന്റെ ആശയങ്ങളെയും സ്ഥാപനങ്ങളെയും ദേശീയപതാക, ദേശീയഗാനം എന്നിവയെയും ആദരിക്കുക എന്നതാണ് ഒന്ന്. ഭരണഘടനയോടും അതിന്റെ ആദർശങ്ങളോടുമുള്ള ആദരവ് ഭരണഘടനാ ധാർമികതയുടെ അടിത്തറയാണെന്ന് ജോർജ് ഗ്രോറ്റേ പറഞ്ഞത് ഈ ഘട്ടത്തിൽ പ്രസക്തമാണ്. അതിന്റെ അഭാവത്തെക്കുറിച്ചാണ് നേരത്തെ ചൂണ്ടിക്കാണിച്ചത്. ""ഭരണഘടനാസ്ഥാപനങ്ങൾ ജനാധിപത്യമൂല്യങ്ങളെ വളർത്തുവിധം പ്രവർത്തിക്കുമ്പോഴാണ് ഭരണഘടനാ ധാർമികത പുലരുക'' എന്ന് അംബേദ്കർ പറഞ്ഞതും ഇത്തരുണത്തിൽ പ്രസക്തമാണ്. പാർലമെന്റടക്കമുള്ള ഭരഘടനാസ്ഥാപനങ്ങൾ ജനാധിപത്യമൂല്യങ്ങളെ ബുൾഡോസ് ചെയ്യുന്നുവെന്ന വ്യാപക വിമർശനങ്ങൾ സമകാലിക ഇന്ത്യയിൽ ഭരണഘടനാ ധാർമികതയുടെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്. എല്ലാ മത-ഭാഷാ-പ്രാദേശിക വൈവിധ്യങ്ങൾക്കും അതീതമായി സൗഹാർദവും സാഹോദര്യ മനോഭാവവും വളർത്തുക [51-A(e)], ബഹുസ്വര സംസ്‌കാരത്തിന്റെ പാരമ്പര്യത്തെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുക [51-A(f)], ശാസ്ത്രബോധവും മാനവികതയും അന്വേഷണാത്മകതയും പരിഷ്‌കരണ മനോഭാവവും വികസിപ്പിക്കുക എന്നിവയും സുപ്രധാന മൗലിക കടമകളായി ഭരണഘടന കാണക്കാക്കുന്നു. ഈ മൗലിക കടമകളോട് ഭരണകൂടത്തിന്റെ സമീപനമെന്താണ് എന്ന് വ്യക്തമാക്കുന്നതാണ് രാജ്യവ്യാപകമായി ആസൂത്രിതമായി അരങ്ങേറുന്ന വിദ്വേഷ പ്രചരണവും ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങളും അശാസ്ത്രീയതയുടെ ആഘോഷങ്ങളുമെല്ലാം. ഭരണഘടന നിഷ്‌കർഷിക്കുന്ന ഈ മൗലിക കടമകളാണ് യഥാർഥത്തിൽ ഭരണഘടനാ ധാർമികതയുടെ ഉരകല്ല്. ആ മൗലിക കടമകളുടെ ലംഘനത്തിന് ഭരണകൂടം തന്നെ പങ്കുവഹിക്കുമ്പോൾ ഭരണഘടനാ ധാർമികതയാണ് കാറ്റിൽപറക്കുന്നത്.
ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ എങ്ങനെ അതിന്റെ സത്തയെ ചോർത്തിക്കളയാമെന്നും അർഥശൂന്യമാക്കാമെന്നുമാണ് സമകാലിക ഇന്ത്യൻ അനുഭവം നൽകുന്ന പാഠം. ഈ അപകടത്തെക്കുറിച്ചും ദീർഘവീക്ഷണത്തോടെ അംബേദ്കർ മുന്നറിയിപ്പുനൽകിയിരുന്നു. ഭരണപരമായ വ്യവസ്ഥകളുടെയും സംവിധാനത്തിന്റെയും വിശദാംശങ്ങൾ കരട് ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനുള്ള ന്യായമായി അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ ഇപ്രകാരം പറയുകയുണ്ടായി: ""ഭരണഘടനയുടെ രൂപത്തിൽ മാറ്റം വരുത്താതെ തന്നെ ഭരണസംവിധാനത്തിലെ മാറ്റങ്ങൾകൊണ്ടും ഭരണസംവിധാനത്തെ ഭരണഘടനയുടെ സത്തയോട് പൊരുത്തപ്പെടാത്തതും വിരുദ്ധവുമാക്കുകയും വഴി ഭരണഘടനയെ വികൃതമാക്കാനാകുംം''. ഇതാണിപ്പോൾ ഇന്ത്യയിൽ സംഭവിക്കുന്നത്. ഭരണഘടനയുടെ നടത്തിപ്പുകാർ ഭരണഘടനാ ധാർമികതയിൽ നിന്ന് വ്യതിചലിക്കുന്നതിന്റെ ഫലമാണിത്.
എങ്ങനെയാണ് ഭരണഘടനയുടെ നടത്തിപ്പുകാർ ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിക്കേണ്ടത് എന്ന് ജോർജ് വാഷിങ്ടണിന്റെ നിലപാടിനെ മുൻനിർത്തി അംബേദ്കർ വിശദീകരിക്കുന്നുണ്ട്. അമേരിക്കയിലെ പ്രഥമ പ്രസിഡന്റായിരുന്ന ജോർജ് വാഷിങ്ടണിന്റെ ആദ്യ ഊഴത്തിനുശേഷം വീണ്ടും മത്സരിക്കാൻ അനുയായികൾ അദ്ദേഹത്തെ നിർബന്ധിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് നിർബന്ധത്തിന് അദ്ദേഹം വഴങ്ങി. മൂന്നാം ഊഴത്തിന് വീണ്ടും അദ്ദേഹത്തെ നിർദേശിച്ചപ്പോൾ അദ്ദേഹം നിരസിച്ചു. ""പരമ്പരാഗത രാജാധികാരത്തിനെ തള്ളിക്കളഞ്ഞാണ് നാം ഈ ഭരണഘടനയുണ്ടാക്കിയത്. എന്നെ നിങ്ങൾ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവിന്റെ സ്ഥാനത്ത് നിങ്ങൾ എന്നെ പ്രതിഷ്ഠിക്കുന്നുവെന്നേയുള്ളൂ. അപ്പോൾ ഇംഗ്ലണ്ടിലെ രാജാവിനെതിരായ പോരാട്ടത്തിന് എന്ത് അർഥമാണുള്ളത്? അധികാരം പരമ്പരാഗതമാകരുതെന്ന തത്വം ആവിഷ്‌കരിച്ച ഞാൻ നിങ്ങളുടെ വൈകാരികതയ്ക്ക് ഒരിക്കലും കീഴ്‌പ്പെട്ടുകൂടാ'' എന്നാണത്രെ ജോർജ് വാഷിങ്ടൺ പറഞ്ഞത്.
ഇന്ത്യയുടെ പ്രഥമ പ്രസിഡൻറ് ഡോ. രാജേന്ദ്രപ്രസാദും മറ്റു വാക്കുകളിൽ ഭരണകൂട തലപ്പത്തിരിക്കുന്നവർ പുലർത്തേണ്ട ഭരണഘടനാ ധാർമികതയെക്കുറിച്ച് ഓർമിപ്പിക്കുകയുണ്ടായി. 1949 നവംബർ 26-ന് ഭരണഘടന അംഗീകരിച്ചശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു; ""സർവോപരി ഭരണഘടന ഒരു യന്ത്രം കണക്കെ ജീവനില്ലാത്ത വസ്തുവാണ്. അതിന് ജീവൻ വെക്കുന്നത് അതിനെ നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നവരിൽ നിന്നാണ്. രാജ്യത്തിന്റെ താൽപര്യം ഉയർത്തിപ്പിടിക്കുന്ന ഒരുകൂട്ടം സത്യസന്ധരായ ആളുകളെയാണിപ്പോൾ ഇന്ത്യക്ക് ആവശ്യം.'' അങ്ങനെയുള്ള സത്യസന്ധരും ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിക്കുന്നവരുമായ മനുഷ്യരുണ്ടായില്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യവും ജനതയും അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന ആശങ്ക കൂടി രാജേന്ദ്രപ്രസാദിന്റെ വാക്കുകളിൽ അന്തർലീനമാണ്. ഗ്രീസിലെ ജനാധിപത്യത്തിന്റെ തകർച്ചയെക്കുറിച്ചുള്ള ഒരു നിരീക്ഷണം ""അധിനിവേശക്കാരുടെ കുന്തങ്ങളല്ല സ്വന്തം പൗരൻമാർ ഭരണഘടനാ ധാർമികതയ്ക്ക് തെല്ലും വിലകൽപിക്കാത്തതാണ് ഗ്രീസിലെ ജനാധിപത്യത്തിന് അന്ത്യംകുറിച്ചത്'' എന്നാണ്. ഇന്ത്യ ഇന്ന് ഒരിക്കലും വിസ്മരിച്ചുകൂടാത്ത ഒരു പാഠമാണിത്.