പഠനം കഴിഞ്ഞ് നേരെ പുറത്തിറങ്ങുന്നവരുടെ പരിചയക്കുറവ് ജുഡീഷ്യൽ സർവീസിൽ നിരവധി പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ജുഡീഷ്യൽ സർവീസിൽ പ്രവേശിക്കാൻ 3 വർഷം പ്രാക്ടീസ് വേണമെന്ന് സുപ്രീം കോടതി

ജൂനിയർ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി.

News Desk

ജുഡീഷ്യൽ സർവീസിൽ പ്രവേശിക്കുന്നതിന് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ആവശ്യമാണെന്ന നിബന്ധന പുനസ്ഥാപിച്ച് സുപ്രീം കോടതി. പ്രൊവിഷണൽ എൻറോൾമെൻറ് മുതലുള്ള കാലഘട്ടം പ്രവൃത്തിപരിചയമായി കണക്കാക്കാം. പുതിയ നിബന്ധന ഹൈക്കോടതികളുടെ കീഴിൽ ഇപ്പോൾ ആരംഭിച്ചിട്ടുള്ള നിയമനങ്ങളെ ബാധിക്കില്ല. ഭാവിയിലുള്ള നിയമനങ്ങൾക്ക് മാത്രമേ ഇത് ബാധകമാവുകയുള്ളൂ. ജുഡീഷ്യൽ ഓഫീസർ അംഗീകരിച്ചിട്ടുള്ളതും കുറഞ്ഞത് പത്ത് വർഷം പ്രവൃത്തിപരിചയമുള്ളതുമായ ഒരു അഭിഭാഷകൻെറ/അഭിഭാഷകയുടെ കയ്യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് തെളിവായി അംഗീകരിക്കുന്നതാണ്. നിയമ ക്ലാർക്കായിട്ടുള്ള മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും കണക്കിലെടുക്കും. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ എ.ജി. മാസിഹ്, വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

പഠനം കഴിഞ്ഞ് നേരെ പുറത്തിറങ്ങുന്നവരുടെ പരിചയക്കുറവ് ജുഡീഷ്യൽ സർവീസിൽ നിരവധി പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. “നിയമപഠനം കഴിഞ്ഞ് നേരെ പുറത്തിറങ്ങി, ഒരു ദിവസം പോലും പരിചയമില്ലാത്തവർ ജുഡീഷ്യൽ ഓഫീസർമാരാവുന്നത് പലവിധ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. ജഡ്ജിമാരായി ജോലി ചെയ്ത് തുടങ്ങുന്നത് മുതൽ സ്വാതന്ത്ര്യം, സ്വത്തുവകകൾ, വസ്തുക്കൾ തുടങ്ങീ നിരവധി പ്രധാനപ്പെട്ട വിഷയങ്ങളാണ് ഇവർ കൈകാര്യം ചെയ്യേണ്ടി വരുന്നത്. നിയമപുസ്തകങ്ങൾ വായിക്കുന്നതിലൂടെയോ ട്രെയിനിങ് പീരിയഡിലൂടെയോ ആവശ്യത്തിനുള്ള പരിചയം ലഭിച്ചെന്നുവരില്ല. കോടതിയുടെ പ്രവർത്തനരീതിയുമായി ബന്ധപ്പെട്ട് നേരിട്ട് ഇടപെട്ടാൽ മാത്രമേ പരിചയസമ്പത്ത് ഉണ്ടാവുകയുള്ളൂ. ജഡ്ജിമാരും അഭിഭാഷകരമെല്ലാം എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് പഠിച്ച് മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്,” കോടതി വ്യക്തമാക്കി. “ഒരു ജഡ്ജി കേസ് പരിഗണിക്കുമ്പോൾ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കിയിരിക്കണം. അതിനാൽ എല്ലാ ഹൈക്കോടതികളിലും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് കോടതികളുടെ പ്രവർത്തനരീതിയെക്കുറിച്ച് വ്യക്തമായ അറിവ് വേണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു,” കോടതി കൂട്ടിച്ചേർത്തു.


Summary: Supreme Court announces important judgement on judicial service. Minimum three years mandatory as advocate to become junior judge.


Comments