റവന്യൂ വകുപ്പിൻെറ ഉത്തരവുകൾക്ക് പുല്ലുവില കൽപ്പിച്ച് അട്ടപ്പാടിയിൽ വൻതോതിൽ അനധികൃത ഭൂമിവിൽപന തുടരുന്നു. മൂപ്പിൽ നായർ കുടുംബത്തിന്റെ നേതൃത്വത്തിൽ 2025 മെയ് 29-ന് 20 ആധാരങ്ങളാണ് അഗളി സബ് രജിസ്റ്റാർ ഓഫീസിൽ രജിസ്റ്റർ ചെയ്തത്. മെയ് 12-ന് 40 ആധാരങ്ങളും രജിസ്റ്റർ ചെയ്തിരുന്നു. മെയ്, ജൂൺ മാസങ്ങളിലായി 19 പേർക്കാണ് ഭൂമി കൈമാറിയത്. എന്നാൽ ഈ ഭൂമി കൈമാറ്റങ്ങളിൽ പോക്കുവരവ് നടത്തിയിട്ടില്ലെങ്കിലും മറ്റ് നടപടികളിലേക്ക് റവന്യു വകുപ്പ് കടന്നിട്ടില്ല.
സർക്കാർ സംവിധാനങ്ങളുടെ ഒത്താശയോടെ നടക്കുന്ന ഭൂമിക്കൊള്ള എന്തുകൊണ്ടാണ് ചർച്ചയാകാത്തത്? ആരാണ് മൂപ്പിൽ നായർ കുടുംബം? അട്ടപ്പാടിയിലെ ആദിവാസി ഭൂമിയടക്കം ആധാരം ചെയ്യാൻ ഒരൊറ്റ കുടുംബത്തിന് എങ്ങനെ സാധിക്കും? ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കപ്പെട്ട ഒരു സംസ്ഥാനത്ത് എങ്ങനെയാണ് ഇത്തരത്തിലൊരു ഭൂമിക്കൊള്ള സാധ്യമാകുന്നത്?
പഴയ ജന്മിത്വത്തിന്റെയും നാടുവാഴിത്ത സമ്പ്രദായങ്ങളുടെയും തുടർച്ചയാണ് മണ്ണാർക്കാട് മൂപ്പിൽ നായർ കുടുംബം. സാമൂതിരി ഭരണകാലത്ത് മലബാറിലുടനീളം നായർ മാടമ്പിമാരുണ്ടായിരുന്നു. പഴയ നെടുങ്ങനാട് ഭരിച്ചിരുന്ന നായർപ്രഭുവായിരുന്നു കവളപ്പാറ മൂപ്പിൽ നായർ. സാമൂതിരിയുടെ കാലത്ത് ലക്ഷക്കണക്കിന് ഭൂമിയുടെ മേൽനോട്ടമാണ് അവർക്ക് ഉണ്ടായിരുന്നത്.

സാമൂതിരികാലത്തിനുശേഷം ബ്രിട്ടീഷ് കാലത്ത് അട്ടപ്പാടിയിലെ ഭൂമിയെ സംബന്ധിച്ചുംമേൽനോട്ടത്തെ സംബന്ധിച്ചുംചില ആശയക്കുഴപ്പങ്ങൾ ഉണ്ടായി. അട്ടപ്പാടിയിലെ വനമേഖലകകളിൽ നിന്നും തടിമുറിച്ച് കടത്ത് പ്രധാന വരുമാനമാർഗമാക്കിയിരുന്ന പാലാത്ത് കുടുംബം, ഏരാൽപ്പാട് രാജ, മൂപ്പിൽ നായർ എന്നിങ്ങനെ മൂന്ന് നായർ പ്രമാണിമാർ തമ്മിലാണ് ആശയക്കുഴപ്പം ഉണ്ടാകുന്നതും പിന്നീടത് തർക്കമായി മാറുന്നതും. ഇവർ തമ്മിൽ രക്തച്ചൊരിച്ചിൽ നടന്നുവെന്ന് പോലും മലബാർ ചരിത്രരേഖകളിലും ഗസറ്റിലും പറയുന്നു. ഇത്തരത്തിൽ വളർന്നുവന്ന തർക്കങ്ങളെയും സംഘർഷങ്ങളെയും തുടർന്ന് ബ്രീട്ടീഷ് നേതൃത്വത്തിൽ ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. 40 മലകളുടെ പൂർണാവകാശവും 5 മലകളുടെ ഭാഗിക നേതൃത്വവും മൂപ്പിൽ നായർക്കും 10 മലകൾ ഏറാൽപ്പാട് രാജക്കും 15 മലകൾ പാലാട്ട് കുടുംബത്തിനും ബ്രിട്ടീഷുകാർ നൽകിയെന്നാണ് മലബാർ ഗസറ്റ് രേഖകളിൽ എഴുതിയിരിക്കുന്നത്. അങ്ങനെ ബ്രിട്ടീഷ് കാലത്ത് അട്ടപ്പാടിയിലെ ഭൂരിഭാഗം മലകളുടെയും മേൽന്നോട്ടക്കാരനായി മൂപ്പിൽ നായർ മാറി. ബ്രിട്ടീഷ് ഭരണക്കാലത്ത് പതിച്ചുകിട്ടിയ ആ അവകാശമാണ് മൂപ്പിൽ നായർ കുടുംബം ഇപ്പോഴും അട്ടപ്പാടിയിലെ റവന്യു ഭൂമിക്കുമേൽ ആരോപിക്കുന്നത്.
ഇത്തരത്തിൽ രാജഭരണകാലത്ത് നിലനിന്നിരുന്ന മേൽനോട്ട അവകാശത്തിന്റെ പേരിലാണ് മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബം ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭൂപരിഷ്‌കരണ നിയമം വകുപ്പ് 83 പ്രകാരം ഭൂപരിധി കഴിഞ്ഞുള്ള സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ അട്ടപ്പാടിയിൽ ഈ വ്യവസ്ഥക്ക് വിരുദ്ധമായാണ് ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഒത്താശയോടെ മൂപ്പിൽ നായർ കുടുംബം ഭൂമി കയ്യേറ്റം നടത്തിപ്പോന്നത്. ഭൂപരിഷ്‌ക്കരണ നിയമം നിലനിൽക്കുന്നതുകൊണ്ടുതന്നെ അട്ടപ്പാടിയിൽ വൻതോതിൽ ഭൂമിയുണ്ടെന്ന മൂപ്പിൽ നായർ കുടുംബത്തിന്റെ നിലവിലെ അവകാശികളുടെ വാദത്തിന് നിയമസാധുതയില്ല. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിൻ 2024 ജൂലൈ 11-ന് പുറത്തിറക്കിയ ഉത്തരവിലും അട്ടപ്പാടിയിൽ ഭൂമിയുണ്ടെന്ന മൂപ്പിൽ നായർ കുടുംബത്തിന്റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിന്റെ അവകാശവാദങ്ങൾ നിലനിൽക്കില്ലെന്ന് കണ്ടെത്തിയതിനുശേഷവും അവർ 575 ഏക്കർ ഭൂമി വിറ്റിട്ടുണ്ട്. അതിനെതിരെ റവന്യൂ വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

കാറ്റാടി നിർമ്മാണത്തിനായി സുസ്ലോൺ കമ്പനി അട്ടപ്പാടിയിൽ വ്യാപകമായി ഭൂമി വാങ്ങിയതിനെ തുടർന്നാണ് അട്ടപ്പാടിയിലെ ഭൂമിക്കുമേൽ അവകാശ വാദമുന്നയിച്ച് മണ്ണാർക്കാട് മൂപ്പിൽ നായർ കുടുംബം രംഗത്ത് വന്നതെന്നും എന്നാൽ ഭൂമിക്കുമേൽ തങ്ങളുടെ അവകാശം സ്ഥാപിക്കാൻ മതിയായ രേഖകൾ അവരുടെ പക്കലില്ലെന്നും മാധ്യമപ്രവർത്തകൻ ഡോ. ആർ. സുനിൽ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“13-ാം നൂറ്റാണ്ട് മുതൽ അട്ടപ്പാടി അടക്കിവാണിരുന്നതാണ് മൂപ്പിൽ സ്ഥാനമെന്നും അതുകൊണ്ട് തങ്ങൾക്ക് ആ ഭൂമിയിൽ അവകാശമുണ്ടെന്നുമാണ് കുടുംബം വാദിക്കുന്നത്. അവരിൽ മൂത്ത നായരും ഇളയ നായരുമുണ്ടായിരുന്നു. ഭൂപരിഷ്കരണത്തിനുശേഷം ഇളയ നായർ മണ്ണാർക്കാടിലെ അവരുടെ മിച്ചഭൂമി സർക്കാരിന് വിട്ടുകൊടുത്തുവെന്നാണ് വാദിക്കുന്നത്. ഒരുപക്ഷെ അങ്ങനെ നടന്നിട്ടുണ്ടാകാം. കാറ്റാടി ഭൂമി വിൽക്കുന്ന കാലത്താണ് മൂപ്പിൽ നായർ കുടുംബം രംഗത്ത് വന്നത്. അക്കാലത്ത് അട്ടപ്പാടിയിൽ സുസ്ലോൺ കമ്പനി വ്യാപകമായി ഭൂമി വാങ്ങി. ഏകദേശം 604 ഏക്കർ ഭൂമി സുസ്ലോൺ കമ്പനിയുടെ കൈവശമുണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അതിനെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കാറ്റാടി കമ്പനിക്ക് വിറ്റതിലേറെയും കോട്ടത്തറ വില്ലേജ് ഓഫീസിലെ എ ആൻഡ് ബി രേഖയിൽ ജന്മി മൂപ്പിൽ നായർ വക അൺ സർവൈഡ് ഭൂമി എന്നാണ് എഴുതിയിരിക്കുന്നത്. ഈ ഭൂമി പലരും വ്യാജ രേഖയുണ്ടാക്കി സുസ്ലോൺ കമ്പനിക്ക് വിറ്റ് കോടികൾ നേടിയിട്ടുണ്ട്. ഇതിനുശേഷമാണ് തങ്ങൾക്ക് അട്ടപ്പാടിയിലെ ഭൂമിയുടെമേൽ അവകാശമുണ്ടെന്ന് പറഞ്ഞ് മൂപ്പിൽ നായരുടെ കുടുംബം വീണ്ടും രംഗത്ത് വന്നത്. ഈ വിഷയം ഉന്നയിച്ചുകൊണ്ട് കുടുംബം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ സർക്കാർ നടപടി സ്വീകരിക്കാതെ വന്നതോടെയാണ് അവർ 2013-ൽ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ വിഷയത്തിൽ ഉടനടി തീരുമാനമെടുക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. പിന്നീട് ഈ കേസ് മറ്റൊരു ജഡ്ജിന്റെ അടുത്തെത്തുകയും ചെയ്തു,” - ആർ. സുനിൽ വ്യക്തമാക്കി.
അട്ടപ്പാടിയിൽ ഭൂമി അന്യധീനപ്പെടുന്നതിനെ കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എഴംഗ സമിതിയുടെ റിപ്പോർട്ടിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മൂപ്പിൽ നായർ കുടുംബാംഗമായ ശശീന്ദ്രൻ ഉണ്ണി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ വാദം കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് 2024 ജനുവരിയിലാണ് നിർദ്ദേശം നൽകിയത്. ഹർജിക്കാരന്റെ വാദം വീഡിയോ കോൺഫറൻസിലൂടെ റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി കേൾക്കുകയും ചെയ്തു. സർക്കാർ ആവശ്യപ്പെട്ട പ്രകാരം ഭൂമിയുടെ അവകാശം തെളിയിക്കുന്ന രേഖകൾ ഹരജിക്കാരന് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ മൂപ്പിൽ നായർ കുടുംബത്തിന് അട്ടപ്പാടിയിൽ വൻതോതിൽ ഭൂമി സ്വന്തമായുണ്ട് എന്ന് തെളിയിക്കാൻ മതിയായ രേഖകളൊന്നും അതിലില്ലെന്ന് റവന്യു വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മൂപ്പിൽ സ്ഥാനത്തെ കുറിച്ച് വ്യക്തമാക്കുന്ന ഗസറ്റ് വിജ്ഞാപനത്തിന്റെ രേഖകൾ മാത്രമാണ് ഹരജിക്കാരൻ സമർപ്പിച്ചത്.
“ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് 2024-ൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ശശീന്ദ്രൻ ഉണ്ണിയെ ഹിയറിങ്ങിന് വിളിച്ചു. എന്നാൽ തങ്ങളുയർത്തുന്ന വാദത്തെ വിശദീകരിക്കാനോ അതുമായി ബന്ധപ്പെട്ട് വിശദമായി സംസാരിക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. തുടർന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞതനുസരിച്ച് കയ്യിലുള്ള എല്ലാ രേഖകളും അദ്ദേഹം സമർപ്പിച്ചു. ആ രേഖകൾ പരിശോധിച്ചതിനുശേഷമാണ് ഈ കുടുംബത്തിന് അട്ടപ്പാടിയിൽ നിലവിൽ ഭൂമിയുണ്ടെന്ന് സ്ഥാപിക്കുന്ന ഒരു രേഖയും ഇല്ലെന്നും അതിന് തെളിവില്ലെന്നും ഉത്തരവിറക്കേണ്ടി വന്നത്. ഭൂപരിഷ്‌കരണ നിയമം നടപ്പിലായതിനുശേഷം ഇവരുടെ കയ്യിൽ ഭൂമിയുടെ അവകാശമുണ്ടെന്ന് തെളിയിക്കാനാവശ്യമായ രേഖകളൊന്നും മൂപ്പിൽ നായർ കുടുംബത്തിന്റെ കൈവശമില്ല. നിലവിൽ ഭൂപരിഷ്‌കരണ നിയമത്തിനനുസരിച്ച് മാത്രമെ ഇവർക്ക് ഭൂമി അനുവദിക്കാൻ കഴിയൂ. അതായത് ആ കുടുംബത്തിന് 15 ഏക്കർ ഭൂമി നാലെണ്ണത്തിൽ കൂടുതൽ ഉണ്ടെങ്കിൽ 20 ഏക്കർ ഭൂമിക്ക് അപ്പുറത്തേക്ക് നിയമം മറികടന്ന് ഭൂമി അനുവദിക്കാൻ പറ്റില്ലായെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് പൊടിപിടിച്ച് റവന്യു വകുപ്പിൽ ഇരിക്കുകയാണ്.

575 ഏക്കർ ഭൂമിക്ക് ആധാരമുണ്ടാക്കി മൂപ്പിൽ നായർ കുടുംബം വിറ്റുകഴിഞ്ഞു. അതിനുശേഷവും സ്ഥലം വിൽപ്പന തുടരുന്നുവെന്നാണ് അട്ടപ്പാടിയിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഞാൻ സബ് രജിസ്ട്രാർ ഓഫീസറെ വിളിച്ചിരുന്നു. അവിടെ നിന്നും പറഞ്ഞത് ഈ കുടുംബത്തിന് കോടതി ഉത്തരവുണ്ടെന്നാണ്. എന്ത് കോടതി ഉത്തരവാണെന്ന് നമുക്കറിയില്ല. ഇത്തരത്തിലൊരു കോടതി ഉത്തരവുള്ളതുകൊണ്ടാണ് ഇവർക്ക് ആധാരം ചെയ്ത് കൊടുത്തതെന്നാണ് സബ് രജിസ്ട്രാർ പറയുന്നത്. അന്നിരുന്ന വില്ലേജ് ഓഫീസറല്ല നിലവിൽ കോട്ടത്തറയിലിരിക്കുന്നത്. ആ വില്ലേജ് ഓഫീസർ ഇവർക്ക് കൈവശ സാക്ഷ്യപത്രം എഴുതി കൊടുത്തുവെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് നിയമസഭയിൽ പറഞ്ഞത്. അതുകൊണ്ടാണ് രജിസ്‌ട്രേഷൻ നടത്തിയതെന്നാണ് മന്ത്രി വിശദീകരിച്ചത്. റവന്യൂ മന്ത്രി കെ. രാജനാകട്ടെ രജിസ്‌ട്രേഷൻ വകുപ്പിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് ഇത് സംഭവിച്ചതെന്നുമാണ് പറഞ്ഞത്. ഈ വിഷയത്തിൽ ആരും തന്നെ ഗൗരവപൂർവം ഒരു അന്വേഷണം നടത്തിയിട്ടില്ല. ഇതിൽ നടപടിയും സ്വീകരിച്ചിട്ടില്ല,”- സുനിൽ പറഞ്ഞു.
1970-ലെ ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിച്ചുകൊണ്ടാണ് മൂപ്പിൽ നായർ കുടുംബം അട്ടപ്പാടിയിലെ സർക്കാർ ഭൂമി നിലവിൽ വിറ്റുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഭൂമിയാണ് നിലവിൽ വിറ്റുകഴിഞ്ഞിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നിയമവിരുദ്ധമായ ഈ പ്രവർത്തി നടക്കുന്നത്. ഈ ഭൂമിയുടെ കേസിൽ മാത്രമല്ല അട്ടപ്പാടിയിൽ നടക്കുന്ന എല്ലാ ആദിവാസി ഭൂതർക്കങ്ങളിലും വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായ പ്രവർത്തങ്ങൾ നടക്കുന്നുണ്ടെന്ന് അട്ടപ്പാടിയിലെ ഭൂസമരങ്ങളുമായി ബന്ധപ്പെട്ട് ട്രൂകോപ്പി നടത്തിയ ഗ്രൗണ്ട് റിപ്പോർട്ടുകളിലൊക്കെ അട്ടപ്പാടിയിലുള്ളവർ നേരിട്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
“മൂപ്പിൽ നായർ കുടുംബം അവകാശവാദമുന്നയിക്കുന്നത് സർവ്വേ നടത്താത്ത ഭൂമിയിലാണ്. അത് എവിടെയാണെന്ന് പോലും ആർക്കും അറിയില്ല. സർവ്വേ കല്ലിട്ടിട്ടില്ല, കുറ്റിയടിച്ചിട്ടില്ല, സർവ്വേ പോലും നടത്തിയിട്ടില്ലാത്ത ഭൂമിയാണിത്. ഈ ഭൂമി വാങ്ങിയവരെല്ലാം നാളെ കോടതിയിൽ പോയി ആധാരവും കൈവശരേഖയും നികുതിരസീതും വാങ്ങും. ഇവരുടേത് ദീർഘകാല ലക്ഷ്യമാണ്. ഇപ്പോൾ പ്രമാണം നടത്തിയാലും അവരിലാരും അടുത്തൊന്നും രംഗത്ത് വരില്ല. കുറേക്കാലം കഴിഞ്ഞ് അവർ ഭൂമിമറിച്ച് വിൽക്കും. അട്ടപ്പാടിയിൽ കാലങ്ങളായി അങ്ങനെയാണ് നടന്നുവരുന്നത്. മൂന്നാല് കൈവഴി മറിച്ചുവിറ്റതിന് ശേഷമായിരിക്കും ഇവരൊക്കെ രംഗത്ത് വരുക. ഇവരൊക്കെ ഒരുപക്ഷെ പരസ്പരം കച്ചവടം ചെയ്യുകയും ചെയ്യും. പിന്നീട് കോടതിയെ സമീപിക്കുക എന്നതാണ് ലക്ഷ്യം. കോടതിയിൽ പോയാൽ കേസ് എങ്ങും എത്തില്ല. വർഷങ്ങളോളം കേസ് മുന്നോട്ടുപോവുകയും ചെയ്യും.”- സുനിൽ പറഞ്ഞു.
ഭൂപരിഷ്കരണത്തെ അട്ടിമറിക്കാൻ രജിസ്‌ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരും കൂട്ടുനിന്നു എന്നരോപിച്ച് ആദ്യം രംഗത്ത് വരുന്നതും പരാതി നൽകുന്നതും ആധാരം എഴുത്ത് അസോസിയേഷനായിരുന്നു. ചെങ്ങറ ഭൂസമരക്കാർക്ക് പതിച്ച് നൽകിയ ഭൂമിയും ഇ.കെ. നായനാർ സർക്കാരിന്റെ കാലത്ത് ആദിവാസികൾക്ക് പതിച്ച് നൽകിയ ഭൂമിയും മൂപ്പിൽ നായർ കുടുംബം കൈമാറ്റം ചെയ്ത ഭൂമിയിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും ആധാരം എഴുത്ത് അസോസിയേഷൻ അഗളി യൂണിറ്റ് സെക്രട്ടറി രവീന്ദ്രദാസ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“മൂപ്പിൽ നായർ കുടുംബം അട്ടപ്പാടിയിൽ തങ്ങൾക്ക് 2000 ഏക്കർ ഭൂമി സ്വന്തമായുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയ ഒരു സംസ്ഥാനത്ത് ഒരു കുടുംബത്തിന് കൈവശം വെക്കാവുന്നതിൽ കൂടുതൽ ഭൂമി എങ്ങനെയാണ് ഈ കുടുംബം കൈവശം വെച്ചിരിക്കുന്നത്? തങ്ങൾക്ക് ഭൂമിയിൽ അവകാശമുണ്ടെന്ന് പറയുന്നത് തന്നെ ശരിയല്ല. ആ വാദം അംഗീകരിക്കണമെങ്കിൽ ഈ നാട്ടിൽ ഭൂപരിഷ്‌കരണം നടന്നിട്ടില്ലെന്ന് നമ്മൾ പറയേണ്ടിവരും. ചെങ്ങറ ഭൂസമരക്കാർക്ക് പതിച്ചുകൊടുത്ത ഭൂമിയും ഇവർ അവകാശവാദം ഉന്നയിക്കുന്ന ഭൂമിയിൽ ഉൾപ്പെടുന്നുണ്ട്. നായനാർ സർക്കാറിന്റെ കാലത്ത് ഭൂമി നഷ്ടപ്പെട്ടുപോയ ആദിവാസികൾക്ക് പകരം ഭൂമി നൽകിയിരുന്നു. അത്തരത്തിൽ അവർക്ക് പട്ടയം ചെയ്ത് കൊടുത്ത ഭൂമിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഈ നൽകിയ ഭൂമിയിൽ വന്യമൃഗങ്ങളുടെ ശല്യമുള്ളതുകൊണ്ട് ആദിവാസികളും ചെങ്ങറ സമരക്കാരും അങ്ങോട്ടേക്ക് വരുന്നില്ലായിരുന്നു.

അത്തരത്തിൽ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയാണ് യഥാർത്ഥത്തിൽ ഇവർ ആധാരം ചെയ്തുകൊണ്ടരിക്കുന്നത്. അതിനോടൊപ്പം അനധികൃതമായി ഭൂമിക്ക് തണ്ടപ്പേർ പിടിച്ച് ആധാരം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ വരുമ്പോൾ യഥാർഥ അവകാശികൾക്ക് തണ്ടപ്പേര് പിടിക്കാനുള്ള അടങ്കൽ റവന്യു രേഖയിലുണ്ടാവില്ല. ഇത്തരത്തിലുള്ള ഭൂമിയെല്ലാം സർക്കാറിന്റേതായി മാറേണ്ടതാണ്. എന്നാൽ ഈ ഭൂമിക്കാരും ഭൂനികുതി പിരിക്കുന്നില്ലായെന്ന് വില്ലേജ് ഓഫീസർ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റാണ് അവർ ആധികാരികമായ റവന്യു രേഖയായി ഉപയോഗിക്കുന്നത്. നാളെ നിയമസഭക്ക് ആരും നികുതി അടക്കുന്നില്ലെന്ന് അവിടുത്തെ വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് എഴുതി നൽകിയാൽ പഴയ ജന്മിക്ക് വീണ്ടും രജിസ്റ്റർ ചെയ്യാവുന്ന ഒരു സാഹചര്യം സ്വാഭാവികമായിട്ടും ഉണ്ടാകാമല്ലോ? ഇത്തരം രേഖകളുടെ ആധികാരികത തുറന്നുകാട്ടണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയിൽ ആദ്യം ഒരു പാർട്ടീഷ്യൻ സ്യൂട്ട് കൊടുത്തിരുന്നു. അതാകട്ടെ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിന് മുമ്പ് കൊടുത്തതാണ്. 33 അവകാശികൾക്കും സ്വത്ത് ഭാഗിച്ച് കിട്ടണമെന്ന ആവശ്യമായിരുന്നു അതിനുണ്ടായിരുന്നത്. അതനുസരിച്ച് ഭൂമി വീതംവെക്കാൻ കോടതി അന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഒരു നടപടികളും തുടർന്നുണ്ടായിട്ടില്ല. ഒരു പ്രാഥമിക വിധി മാത്രമെ ഉണ്ടായിട്ടുള്ളു. അത് ഫൈനൽ വിധിയായിരുന്നില്ല. സമീപകാലത്ത് ഹൈക്കോടതിയിൽ അവർ ഒരു റിട്ട് ഫയൽ ചെയ്തിരുന്നുവെന്ന് പറയുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട് ഞങ്ങൾ വിവരാവകാശം ഫയൽ ചെയ്തുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അതൊക്കെയാണ് അവർ നിലവിൽ ഹാജരാക്കുന്ന രേഖകളിൽ ക്വോട്ട് ചെയ്യുന്നത്. സാധാരണഗതിയിൽ അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെടുന്നവർക്ക് ഒരു ഭൂമി അവിടെ രജിസ്റ്റർ ചെയ്യണമെങ്കിൽ ആധാരം അല്ലെങ്കിൽ ഒറിജിനൽ പട്ടയം, അടിയാധാരം, ഭൂനികുതി അടച്ച രസീത് അതും ഏറ്റവും പുതിയത്, വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവയൊക്കെ വേണം. എന്നാൽ മൂപ്പിൽ നായരുടെ ആധാരങ്ങൾക്ക് ഇതൊന്നും തന്നെ ഉപയോഗിക്കുന്നില്ല. വില്ലേജ് ഓഫീസറുടെ ഒരു സർട്ടിഫിക്കറ്റ് മാത്രമാണുള്ളത്. സാധാരണ വില്ലേജ് ഓഫീസർ നൽകുന്ന കൈവശാവകാശ സർട്ടിഫിക്കറ്റിന് ആറു മാസം മാത്രമാണ് കാലാവധി. എന്നാൽ ഇവിടുത്തെ സർട്ടിഫിക്കറ്റിന് രണ്ട് വർഷത്തോളം പഴക്കമുണ്ട്. അന്നത്തെ ഒരു സർവ്വേ സൂപ്രണ്ട് നൽകിയ സ്‌കെച്ചാണ് അവർ ഉപയോഗിക്കുന്നത്. ഔദ്യോഗികമായി നൽകിയ സ്കെച്ചുമല്ല ഇത്. അദ്ദേഹം ഓഫീസ് സീൽ അനധികൃതമായി ഉപയോഗിച്ചാണ് താലൂക്ക് ഓഫീസിന്റെ സീൽ വെച്ച് സ്‌കെച്ച് നൽകിയത്. അതുമായി ബന്ധപ്പെട്ട് പരാതി ഉയരുകയും സർവ്വേ സൂപ്രണ്ട് അന്വേഷണവിധേയമായി നിലവിൽ സസ്‌പെൻഷനിലുമാണ്. എന്നിട്ടും അന്വേഷണം നടക്കുമ്പോഴും പലതവണയായി ഭൂമി വിൽപ്പന നടക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.