കോവിഡ് കാലത്ത് കെട്ടിക്കിടക്കുന്ന കേസുകളും അഭിഭാഷകരും

ലോകത്തിൽ ഏറ്റവുമധികം കേസുകൾ കെട്ടിക്കിടക്കുന്ന രാജ്യം എന്ന ഖ്യാതി ഇന്ത്യയ്ക്കുണ്ട്. 2018-19 ലെ ഇക്കണോമിക് ആൻഡ് ലീഗൽ സർവ്വേ പ്രകാരം മൂന്നരക്കോടിയിലധികം കേസുകളാണ് ഇന്ത്യയിലെ കീഴ്‌ക്കോടതികളിൽ മാത്രം കെട്ടിക്കിടക്കുന്നത്. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ മൂന്നുമാസമായി കോടതികൾ അടഞ്ഞുകിടക്കുകയാണെന്നതിനാൽ ഇപ്പൊഴത്തെ കണക്ക് ഇതിലും ഏറും. അടഞ്ഞു കിടക്കുന്ന കോടതികൾ, നീതി കാത്തിരിക്കുന്നവർക്കുന്നവർക്കൊപ്പം വലിയൊരു വിഭാഗം അഭിഭാഷകരേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അഭിഭാഷകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം കോവിഡ് സാഹചര്യത്തിലും നീതിന്യായ വ്യവസ്ഥയെ ചലിപ്പിക്കാൻ ചില നിർദേശങ്ങൾകൂടി മുന്നോട്ടുവെയ്ക്കുകയാണ് അഭിഭാഷകനായ ലേഖകൻ

ത്ര മാധ്യമങ്ങളിലും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും നിറഞ്ഞു നിൽക്കുന്ന അഭിഭാഷകർ വളരെ ചെറിയ ശതമാനം മാത്രമാണ്. സുപ്രീം കോടതിയിലെയും മറ്റു ഉയർന്ന കോടതികളിലെയും അഭിഭാഷകരിൽ ചിലരാണ് ഇപ്രകാരം പൊതുശ്രദ്ധയിൽ നിൽക്കുന്നതിൽ കൂടുതലും. അവരിൽ ചിലർ ഇന്ത്യയിൽ വ്യക്തിപരമായി ഏറ്റവുമധികം ആദായനികുതി അടക്കുന്നവരുമാണ്. എന്നാൽ നമ്മുടെ രാജ്യത്തെ മൊത്തം അഭിഭാഷകരെ അപ്രകാരം വിലയിരുത്തുവാൻ കഴിയില്ലല്ലോ. വിജയിച്ചു (അഥവാ ലീഡിങ്) എന്നുപറയുന്ന അഭിഭാഷകർ ന്യൂനപക്ഷം മാത്രമാണ്. ബഹുഭൂരിപക്ഷവും, വിശേഷിച്ച് ജൂനിയർ അഭിഭാഷകർ നിത്യജീവിതത്തിലെ യാഥാർഥ്യങ്ങളുമായി നിരന്തരം യുദ്ധം ചെയ്യുന്നവരാണ്. ജീവിതയാത്രയിലെ ഒരു ശരാശരിക്കാരന്റെ എല്ലാ പ്രാരാബ്ധങ്ങളും കടന്നു കയറുവാൻ അത്യധികം പ്രയാസപ്പെടുന്നവർ വളരെ അധികമുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മൂന്നു മാസമായി അടഞ്ഞു കിടക്കുന്ന കോടതി മുറികൾ അഭിഭാഷക സമൂഹത്തെ എപ്രകാരം നിസ്സഹായകരാക്കി മാറ്റിയിരിക്കുന്നു എന്ന് ചിന്തിക്കേണ്ടത്. ഭൂരിപക്ഷം ആളുകൾക്കും തീർത്തും വരുമാനമില്ലാതായി മാറിയിട്ട് മാസങ്ങളായി. സർക്കാരും സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ പല കോടതികളും പിന്നീട് ഒരു സൗകര്യമായി കണ്ടു എന്ന് സംശയിച്ചാൽ അതു സ്വാഭാവികം മാത്രമാണ്.

സർക്കാരും സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ പല കോടതികളും പിന്നീട് ഒരു സൗകര്യമായി കണ്ടു എന്ന് സംശയിച്ചാൽ അതു സ്വാഭാവികം മാത്രമാണ്.

ലോകത്തിൽ തന്നെ ഏറ്റവുമധികം കേസുകൾ കെട്ടിക്കിടക്കുന്ന രാജ്യം എന്ന ഖ്യാതി നമ്മുടെ നാടിനുണ്ട്. 2018-19 കാലത്തെ ഇക്കണോമിക് ആൻഡ് ലീഗൽ സർവ്വേ പ്രകാരം മൂന്നരകോടിയിലധികം കേസുകൾ രാജ്യത്തെ കീഴ്‌ക്കോടതികളിൽ മാത്രമായി കുന്നുകൂടി കിടക്കുന്നുണ്ട്. സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും സംഭരിക്കപ്പെട്ടിട്ടുള്ള കേസുകൾ വേറെയും. താഴെ കോടതികളിൽ ഒരു കേസ് ഫയൽ ചെയ്ത് നടപടിക്രമങ്ങളിലൂടെ കടന്ന് വിചാരണ ചെയ്ത് വിധി പറയുവാനുള്ള ഇന്ത്യൻ ശരാശരി കാലം മൂന്നു വർഷമാണ്. അത് അപ്പീലിലേക്കും രണ്ടാം അപ്പീലിലേക്കും ചിലപ്പോൾ സുപ്രീം കോടതിയിലേക്കും എത്തികഴിഞ്ഞാൽ നീളുന്നത് അനന്ത വർഷങ്ങളിലേക്കാണ്. അത് സംബന്ധിച്ച ഒരു തീർച്ച ആർക്കും പറയുവാൻ കഴിയുകയില്ല. മുപ്പതു നാൽപ്പതു വയസ്സുകളിൽ വിവാഹമോചന ഹർജി നൽകുന്ന ഒരാൾ ആ ബന്ധത്തിൽ നിന്ന് മോചിതനാകുമ്പോൾ ഒരു പക്ഷെ ശാരീരികശേഷി നശിച്ചു വാർദ്ധക്യത്തിലെത്തിയിരിക്കും. വളരെ കുട്ടി ആയിരിക്കുമ്പോൾ കസ്റ്റഡിക്കായി കുടുംബ കോടതിയിൽ തർക്കിക്കപ്പെട്ട ഒരു കുട്ടി, ഇയ്യിടെ ഒരു ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഓടിച്ചുകൊണ്ട് കാണാൻ വന്നത് ഓർമ്മിക്കുന്നു. അയാളിപ്പോൾ ഡിഗ്രിക്കോ മറ്റോ പഠിക്കുകയാണ്. കസ്റ്റഡി സംബന്ധിച്ച അപ്പീൽ ഇപ്പോഴും ഹൈക്കോടതിയിൽ ഉണ്ടത്രേ. ഏതാനും വർങ്ങൾക്കു ശേഷം ഈ "മൈനർ' വിവാഹപ്രായത്തിൽ എത്തിയിരിക്കും. വിവാഹ സംബന്ധമായ അപ്പീലുകൾക്കു മാത്രം ഒരു മുഴുവൻ സമയ ബഞ്ച് ഹൈക്കോടതികളിൽ ഉണ്ടാവുക എന്ന ആവശ്യം പലപ്പോഴായി പല വേദികളിലും ഉന്നയിക്കപ്പെട്ടത് അഭിഭാഷകർക്ക് എന്തെങ്കിലും ലാഭത്തിനു വേണ്ടി ആയിരുന്നില്ല. മറിച്ച് നിർബന്ധിത ബ്രഹ്മചര്യവും (compelled Celibacy) സന്തതീ വിയോഗവും അനുഭവിക്കുന്ന നമ്മുടെ സമൂഹത്തിലെ ഒരു വലിയ ശതമാനം ആളുകൾക്ക് നീതി കിട്ടാൻ വേണ്ടിയായിരുന്നു. അതിനേക്കാൾ "വലിയ വിഷയങ്ങൾ' ഉളളത് കൊണ്ടാവാം അവസാനമായിപ്പോലും ഇത് പരിഗണിക്കപ്പെട്ടു കണ്ടില്ല.

ഇപ്രകാരം അനന്തമായി തീരുമാനം ആവാതെ കിടക്കുന്ന കേസുകൾക്ക് കക്ഷികളോട് സമാധാനം പറയേണ്ടത് കീഴ് കോടതിയിൽ കേസ് നടത്തിയ അഭിഭാഷകരാണ്. നമ്മുടെ ജുഡീഷ്യറിക്ക് വേണ്ടി ഇവരുടെ കണ്ണീരും ശാപവും ഏറ്റു വാങ്ങുന്നതും ഇവർ തന്നെ. ഇപ്രകാരം ഓരോ മേഖലകളിലും സമൂഹവുമായി സംഘർഷത്തിലേർപ്പെടുകയും അതിന്റെ മനോവ്യഥ താങ്ങുകയും ചെയ്യുക എന്നത് നിസ്സാരകാര്യമല്ല. തൊഴിൽ രംഗത്തെ മത്സരം അനാരോഗ്യകരമായി മാറുന്ന ഇക്കാലത്തു ജീവിച്ചു പോവുക എന്നത് എത്ര പ്രയാസകരമാണ് എന്നാലോചിക്കുന്നത് മനുഷ്യത്വപരം മാത്രമാണ്. Justice Delayed is Justice denied എന്നൊക്കെ പ്രസംഗ വേദികളിൽ പലരും ആക്രോശിക്കുന്നത് ആവേശം കൊള്ളിക്കുമ്പോൾ പോലും. വിജയകരമായി നടത്തിയ കേസുകളിൽ പോലും, അർഹിക്കുന്ന പ്രതിഫലം നൽകാതെ മുങ്ങാംകുഴികൾ ഇടുന്ന കക്ഷികൾ ഏറെ ഉണ്ടെന്നതും ഓർക്കുക. ബാർ കൗൺസിൽ പോലെയുള്ള "ഉഗ്രശേഷി'യുള്ള സംഘടനകൾ ഉണ്ടെങ്കിലും അവരാരും അഭിഭാഷകർ നേരിടുന്ന ഇത്തരം നിത്യേനയുള്ള വിഷയങ്ങൾ അഭിമുഖീകരിച്ചു കാണാറില്ല.

കോവിഡ് സാഹചര്യത്തിൽ വീഡിയോ കോൺഫറൻസ് വഴി വാദം കേൾക്കുന്ന സുപ്രീം കോടതി

നിർഭാഗ്യകരം എന്ന് പറയട്ടെ കോവിഡ്- ലോക്ക്ഡൗൺ കാലത്ത് ദാരിദ്ര്യത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന അഭിഭാഷകരെ എങ്ങിനെ തൊഴിൽപരമായ സജീവതയിലേക്കു തിരിച്ചു കൊണ്ടുവരാം എന്ന് പോലും ചർച്ച ചെയ്യപ്പെടുന്നില്ല. വെർച്വൽ ജുഡീഷ്യറിയെക്കുറിച്ചാണ് പുതിയ നിർദേശങ്ങൾ രംഗത്ത് വരുന്നത്. നികുതി വിഷയങ്ങൾ, കമ്പനികാര്യങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ട്രിബ്യൂണലുകളിൽ ഒരു പക്ഷെ ഇത് പ്രയോഗികമായേക്കാം. എന്നാൽ കോടതിമുറിക്കുള്ളിൽ അഭിഭാഷകരും ജഡ്ജിമാരും നേരിട്ട് പങ്കെടുത്ത് സംവദിച്ച് ചർച്ച ചെയ്തു തീരുമാനിക്കേണ്ട മനുഷ്യ വിഷയങ്ങൾ ഈ സാങ്കല്പിക നീതിന്യായ വ്യവസ്ഥയിൽ വിലപ്പോവില്ല എന്ന് അറിയാത്തവരല്ല ഇതിനു വേണ്ടി വാദിക്കുന്നത്. കക്ഷികൾ കോടതിമുറികളിൽ വരുന്നത് തികച്ചും വിലക്കിയിരിക്കുകയാണല്ലോ. ആൾക്കൂട്ടമുണ്ടാകുന്നത് അപകടകരം എന്ന ആരോഗ്യ രംഗത്തെ കാഴ്ചപ്പാടിനെ മാനിച്ചുകൊണ്ട് തന്നെ പറയട്ടെ പ്രായോഗികമായ നിബന്ധനകൾക്കുള്ളിൽ നിന്നുകൊണ്ട് ഈ വിഷയവും പരിഹരിക്കാവുന്നതാണ്. കോടതികളിൽ വിളിക്കേണ്ട കേസുകൾ അതിന്റെ പ്രായഗണന പ്രകാരം തരംതിരിച്ച് വിചാരണ സാധാരണപോലെ നടത്തിക്കൊണ്ടു പോവുവാനുള്ള തടസ്സം എന്തെന്ത് ഇനിയും മനസ്സിലാവുന്നില്ല. ഹൈക്കോടതിയിലാവട്ടെ കക്ഷിശല്യവുമില്ല. ന്യായാധിപൻ ഇരിക്കുന്ന ഡയസും, സാക്ഷിക്കൂടും അഭിഭാഷകർ ഇരിക്കേണ്ട സ്ഥലങ്ങളും ഒക്കെ തന്നെ വളരെയധികം അകലത്തിൽ ക്രമീകരിച്ച് ഈ വിഷയം വേണമെങ്കിൽ പരിഹരിക്കാം. ആ കേസ് സംബന്ധമായമായി ബന്ധമുള്ള അഭിഭാഷകർ മാത്രം കോടതിമുറികളിൽ ഉണ്ടായാൽ മതിയെന്ന തികച്ചും ന്യായമായ നിബന്ധനകളോട് കൂടി. വേണമെങ്കിൽ ആരോഗ്യ വിദഗ്ദ്ധരുടെ നിരീക്ഷണത്തോടെ കോടതി മുറികൾ ഇപ്രകാരം സജീകരിക്കാവുന്നതുമാണല്ലോ. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ നൂറു കണക്കിനായ കേസുകൾ വിളിക്കപ്പെടേണ്ട കോടതികളിൽ പോലും പേരിനുമാത്രം അഞ്ചോ പത്തോ കേസുകൾ വിളിച്ചു എന്ന് വരുത്തി അരമണിക്കൂറിനുള്ളിൽ കടമകൾ നിർവഹിച്ചു എന്ന രീതിയിൽ കടമ നിർവഹിക്കുന്നത് വലിയ ഒരു ജനവിഭാഗത്തോടുള്ള ഉത്തരവാദിത്വമില്ലായ്മയാണ്. ഇത്തരം ഒരു രക്ഷപ്പെടൽ (escapism) ഏതു യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല.

നൂറു കണക്കിനായ കേസുകൾ വിളിക്കപ്പെടേണ്ട കോടതികളിൽ പോലും പേരിനുമാത്രം അഞ്ചോ പത്തോ കേസുകൾ വിളിച്ചു എന്ന് വരുത്തി അരമണിക്കൂറിനുള്ളിൽ കടമകൾ നിർവഹിച്ചു എന്ന രീതിയിൽ കടമ നിർവഹിക്കുന്നത് വലിയ ഒരു ജനവിഭാഗത്തോടുള്ള ഉത്തരവാദിത്വം ഇല്ലായ്മയാണ്.

കുടുംബ കോടതികളിൽ സംയുക്തമായി ഫയൽ ചെയ്യപ്പെട്ട വിവാഹമോചന ഹർജികൾ ആറുമാസത്തെ "നിയമ കാത്തിരിപ്പിനു'ശേഷം വിചാരണക്ക് വരുമ്പോൾ ആ കേസ് തീർക്കുന്നതിലെ തടസ്സം മനസ്സിലാവുന്നില്ല. സത്യത്തിൽ ഇരു വിഭാഗവും നൽകുന്ന സത്യവാങ്മൂലം ബോധ്യപ്പെടുക മാത്രമാണല്ലോ ആ സമയത്തു കോടതികളുടെ ജോലി. ദാരിദ്ര്യത്തിന്റെ പടുകുഴികളിൽ പെട്ടിരിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ചിലവിനു കിട്ടുവാനുള്ള നടപ്പിലാക്കൽ ഹർജികളും ഇപ്രകാരം തീർപ്പാക്കാവുന്നതാണ്. ഇരു വിഭാഗത്തെയും അഭിഭാഷകർ മുഖാന്തിരം തുക കൈമാറി കോടതികളിൽ കക്ഷികൾ ഒപ്പിട്ട രശീതി ഹാജരാക്കിയാൽ മതി എന്ന ഒരു നിബന്ധന കോമൺസെൻസിൽ നിന്നും വളരെ അകലയൊന്നുമല്ല. നിരവധി കുടുംബങ്ങളും അനാഥത്വത്തിൽപ്പെട്ട സ്ത്രീകളും കുട്ടികളും വീട്ടിൽ അരി വാങ്ങുന്നത് കൊണ്ട് ആർക്കും വലിയ വിഷമത്തിന്റെ കാര്യമൊന്നും ഇല്ലല്ലോ. സാക്ഷി വിസ്താരമടക്കമുള്ള സാധാരണ കോടതി നടപടികൾ ഈ കോവിഡു കാലത്തും ശാസ്ത്രീയമായ സമീപനത്തിലൂടെയും ആരോഗ്യ മേഖലയിലെ മേൽനോട്ടത്തോടുകൂടിയും നടപ്പിലാക്കാം എന്നതാണ് പറഞ്ഞതിന്റെ സാരം.

ഇയ്യിടെ ചില "തമാശകൾ' ശ്രദ്ധയിൽപ്പെട്ടു. ജാമ്യാപേക്ഷകൾ ഇ-മെയിൽ വഴി ഫയൽ ചെയ്യുന്നതിന് മുമ്പായി, ഫയൽ ചെയ്യുവാനുള്ള അനുമതി തേടി അപേക്ഷ കൊടുക്കണം. ചില കോടതികൾ ഇത്തരം അനുമതികൾ നിഷേധിച്ചത്, പ്രതിയെ ഇയ്യിടെയാണ് അറസ്റ്റു ചെയ്തത്, അതുകൊണ്ടു ജാമ്യാപേക്ഷ വാങ്ങുവാൻ നിർവാഹമില്ല എന്ന മറുപടിയോടെയാണ് (Accused recently arrested only so permission to file bail application cannot be granted). അന്യായമായോ ആള് മാറിയോ ഉള്ള ഒരു അറസ്റ്റായിരുന്നോ അത് എങ്കിൽ ഈ നീതി നിഷേധത്തിനു ആര് മറുപടി പറയും? ഒരു പക്ഷെ പ്രോസിക്യൂട്ടർ തന്നെ നേരിട്ട് കോടതിയിൽ, ഈ പ്രതി കുറ്റപത്രത്തിൽ ഉൾപ്പെടുത്താനുള്ള സാഹചര്യമില്ല എന്ന് വാദിക്കില്ല എന്ന് ആര് കണ്ടു. മുൻകൂർ ജാമ്യാപേക്ഷയാണ് എങ്കിൽ ഫയലിലേ സ്വീകരിക്കുന്നില്ല എന്ന നിലപാടുകളും ചില കോടതികൾ ദിവസങ്ങൾക്കു മുമ്പ് കൈക്കൊണ്ടതായി കണ്ടു. ഇതൊക്കെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന ശിലകൾക്കു മാത്രമല്ല, മൊത്തം സമൂഹത്തിനും എതിരാണ്. ജാമ്യാപേക്ഷകൾ പരിഗണിക്കേണ്ടതിനെ കുറിച്ചും നിരപരാധികൾ ജയിലുകളിൽ അകപ്പെടുന്നതിനെ കുറിച്ചും ജസ്റ്റിസ് കൃഷ്ണയ്യരെ പോലെയുള്ള പൂർവസൂരികൾ എഴുതിവെച്ചിട്ടുള്ളത് വല്ലപ്പോഴുമായി ട്രൈനിങ്ങിന്റെ ഭാഗമായി പറഞ്ഞു കൊടുക്കാവുന്നതാണ്. മധ്യവേനലവധി, ഓണം ക്രിസ്മസ് അവധികൾ മറ്റവധികൾ ഇവയൊക്കെ ഇല്ലാതാക്കുകയോ പരിമിതപ്പെടുത്തുകയോ വേണമെന്ന കാലങ്ങളായുള്ള ചർച്ചകളിലേക്കൊന്നും ഇപ്പോൾ വിശദമായി കടക്കുന്നില്ല.

അന്യായമായോ ആള് മാറിയോ ഉള്ള ഒരു അറസ്റ്റായിരുന്നോ അത് എങ്കിൽ ഈ നീതി നിഷേധത്തിനു ആര് മറുപടി പറയും? ഒരു പക്ഷെ പ്രോസിക്യൂട്ടർ തന്നെ നേരിട്ട് കോടതിയിൽ, ഈ പ്രതി കുറ്റപത്രത്തിൽ ഉൾപ്പെടുത്താനുള്ള സാഹചര്യമില്ല എന്ന് വാദിക്കില്ല എന്ന് ആര് കണ്ടു.

ആൾക്കൂട്ടങ്ങൾക്കിടയിൽ ജീവിച്ചിരുന്ന ഒരു വിഭാഗം അഭിഭാഷകർ നമുക്കുണ്ടായിരുന്നു. പലരും ചരിത്രത്തിന്റെ അനശ്വരതയിലേയ്ക്ക് മോക്ഷത്തിന്റെ കവാടങ്ങൾ കടന്ന് മറഞ്ഞുപോയി. സ്വാതന്ത്ര്യ സമരങ്ങൾക്ക് നേതൃത്വം നൽകിയവരും, തുടർന്ന് വന്ന തലമുറകളിൽപ്പെട്ടവരും. രാഷ്ട്രീയവും പൊതുപ്രവർത്തനവും അഭിഭാഷക വൃത്തിയുമൊക്കെ ഒരുപോലെ കൈകാര്യം ചെയ്തിരുന്നവർ. മുപ്പത്താറ് വർഷം പാർലമെന്റ് അംഗമായും ദീർഘകാലം കേന്ദ്രമന്ത്രിയായും പ്രവർത്തിക്കുകയും അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ-സഞ്ജയ് ഗാന്ധിമാർക്കെതിരെ തനിച്ച് പട നയിക്കുകയും ചെയ്ത റാം ജഠ്മലാനിയുമായി ഒരു ദിവസം ചിലവിടേണ്ടിവന്നപ്പോൾ അദ്ദേഹം പറഞ്ഞത് ഓർമ്മവരുന്നു. അർഹമായ നീതി

റാം ജഠ്മലാനി

അന്വേഷിച്ചുവരുന്നവർ ഭക്ഷണം നിഷേധിക്കപ്പെട്ടവരേക്കാൾ ദരിദ്രരാണ്! നീതി നിഷേധം ഒരു മനുഷ്യന്റെ സ്വത്വം നശിപ്പിക്കുന്ന അക്രമപ്രവൃത്തിയാണ്. അത് വിശപ്പിനേക്കാൾ അസഹനീയമാണ് എന്ന മനുഷ്യത്വത്തിന്റെ തത്വശാസ്ത്രം. പേര് വിളിക്കപ്പെടുമ്പോൾ അപകർഷതാബോധം പേറി കൂട്ടിൽ കയറി നിൽക്കുന്ന, സ്വയം ചെറുതാക്കപ്പെടുന്നവർ നീതി തേടുന്ന സഞ്ചാരിയാണ് എന്ന ഓർമ്മയാണ് ഒരു ന്യായാധിപനെ സാധാരണ മനുഷ്യനിൽ നിന്നും ഉയർത്തുന്നത്. ഇന്നത്തെ നിയമന രീതികളും, പിന്നീട് രൂപപ്പെട്ടുവരുന്ന വ്യവസ്ഥാപിത രൂപീകരണവും (Institutionalized conditioning) ഇത്തരം ഔന്നത്യമുള്ള എത്രയാളുകളെ സൃഷ്ടിക്കുന്നുവെന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്.

വലിയ എഴുത്തുകാർ അഭിഭാഷകർക്കിടയിൽ നിന്ന് ഉണ്ടായിട്ടുണ്ട്. തകഴി, സി.വി ശ്രീരാമൻ, യൂസഫലി കേച്ചേരി തുടങ്ങി എത്രയോപേർ നമ്മുടെ നാട്ടിൽതന്നെ. ഇവരൊക്കെ പൊതുപ്രവർത്തകരും ആൾക്കൂട്ടങ്ങൾക്കിടയിൽ ജീവിച്ചവരും കൂടിയാണ്. ഇത്തരം വ്യക്തിത്വങ്ങൾ ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ, സാഹചര്യംകൊണ്ടാണെങ്കിലും നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന "ജുഡീഷ്യൽ നിസംഗതയെ' എങ്ങനെ നേരിടുമായിരുന്നുവെന്ന് ഓർത്തുപോകുന്നു. ആളുകളിൽ നിന്നും അകലുന്നത് അവർ സഹിക്കുമായിരുന്നില്ല. അഭിഭാഷക വൃത്തിയെ സമർപ്പണമായിക്കാണുന്ന വക്കീലന്മാർ പൂർണ്ണമായും അന്യംനിന്ന് പോയിട്ടില്ല. തന്റെ മുന്നിൽ വന്ന് നിൽക്കുന്ന പേരറിയാത്ത അപരിചിതൻ നീതി അന്വേഷിച്ചു വന്നതാണെങ്കിൽ ലോകത്തിൽ എല്ലായിടത്തും അയാൾക്ക് ഒരേ പേരും ഒരേ മുഖവുമാണ്. കണ്ണുനീരിന്റെ രസവും ഒന്നുതന്നെ. നിസ്സഹായതയിൽ നിന്നും നിസ്സഹായതയിലേക്കുള്ള സഞ്ചാരമായി ജീവിതം മാറിപ്പോയവർ. അതും തങ്ങൾക്ക് നിയന്ത്രണമില്ലാത്ത സാഹചര്യങ്ങളാൽ. സാക്ഷിമൊഴികൾക്കും, രേഖകൾക്കും അപ്പുറമാണല്ലോ ജീവിത യാഥാർത്ഥ്യങ്ങൾ. അത് അന്വേഷിച്ചു പോവേണ്ട ബാധ്യത സാങ്കേതികമായി കോടതികൾക്ക് ഇല്ലെങ്കിൽ പോലും. മനുഷ്യത്വത്തിനായി പോരാടിയതിന്റെയും നീതി നടപ്പാക്കലിനായി ത്യാഗം സഹിച്ചതിന്റെയും വലിയ മാതൃകകൾ നമുക്ക് മുമ്പിലുണ്ട്. അവരെ വലപ്പോഴുമെങ്കിലും ഓർമ്മിക്കുന്നത് അവനവനെ കൂടുതൽ നല്ല മനുഷ്യന്മാരാക്കും. നീതിക്കായി അനന്തമായി കാത്തിരിക്കുന്നവന്റെ നിസ്സഹായതയും വേദനകളും ചിലപ്പോൾ മനസ്സിലാവുകയും ചെയ്യും.

നിയമം നടപ്പാക്കൽ എന്നത് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി നടപ്പാക്കൽ കൂടിയാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ സാധാരണക്കാരന്റെ ഏക ആശ്രയം കോടതി മുറികൾ മാത്രമാണ്. അത് എത്ര മാത്രം നീതി പൂർവമായി നടപ്പാക്കുന്നു എന്നത് വേറെ കാര്യം. പക്ഷെ ഈ സങ്കൽപം ഇപ്പോഴും പ്രസക്തമായി നിൽക്കുന്നു. വിവിധങ്ങളായ സാംസ്‌കാരിക മേഖലകളിലേക്ക് (Cultural diversity) ന്യായാധിപന്മാരുടെ മനസ്സ് തുറക്കപ്പെടുകയും അതുവഴി വിവിധങ്ങളായ മനുഷ്യ ജീവിത പ്രതിസന്ധികൾ ഉൾക്കൊള്ളാൻ കഴിയുന്നിടത്തുമാണ് നീതിന്യായ വ്യവസ്ഥയുടെ വിജയം. പരിശീലന ക്യാമ്പുകളിൽ ചില മുൻകാല കോടതിവിധികൾ കാണാപ്പാഠം പഠിപ്പിച്ചതു കൊണ്ട് ഇത് നടപ്പാവുമെന്നു തോന്നുന്നില്ല. Multi Disciplinary training ആണ് ആവശ്യം. പ്രതിബദ്ധത വേണ്ടത് സമൂഹത്തോടാണ്. അപ്പോൾ മാത്രമാണ് പൗരമാർക്ക് ന്യായാധിപരെ കുറിച്ച് ആത്മവിശ്വാസമുണ്ടാവുന്നത്. സമീപകാലത്ത് പുറപ്പെടുവിക്കപ്പെട്ട, സമൂഹത്തെ വലിയ തോതിൽ ബാധിക്കുന്ന ചില വിധിന്യായങ്ങളെക്കുറിച്ചു കുറിച്ചും ഇപ്പോൾ ചർച്ച ചെയ്യുന്നില്ല.

പേര് വിളിക്കപ്പെടുമ്പോൾ അപകർഷതാബോധം പേറി കൂട്ടിൽ കയറി നിൽക്കുന്ന, സ്വയം ചെറുതാക്കപ്പെടുന്നവർ നീതി തേടുന്ന സഞ്ചാരിയാണ് എന്ന ഓർമ്മയാണ് ഒരു ന്യായാധിപനെ സാധാരണ മനുഷ്യനിൽ നിന്നും ഉയർത്തുന്നത്.

ഭൂരിഭാഗം വരുന്ന അഭിഭാഷകരുടെയും ദൈനംദിന പ്രതിസന്ധിയിലേക്ക് തിരിച്ചുവരാം. ഗൃഹ നിർമാണം, വാഹനം തുടങ്ങിയവയുടെ പേരിലുണ്ടായ കടബാധ്യതകൾ മക്കളുടെ വിദ്യാഭ്യാസം രോഗികളായ കുടുംബാംഗങ്ങൾ (അഭിഭാഷകർക്ക് reimbursement ഒന്നും ഇല്ല ) തുടങ്ങിയ നിത്യജീവിത യാഥാർത്ഥ്യങ്ങൾ മഹാഭൂരിപക്ഷത്തേയും വലയ്ക്കുകയാണ്. വലിയ ശമ്പളങ്ങളും അനുബന്ധ സൗകര്യങ്ങളും ആസ്വദിക്കുന്നവർക്ക് (അതിൽ അസൂയയൊന്നും ഇല്ല ) ഇത് എത്രമാത്ര മാത്രം ഉൾക്കൊള്ളാൻ കഴിയുമെന്ന് അറിയില്ല. അത്ഭുതകരമെന്നു പറയട്ടെ, ഇന്നലെവരെ അഭിഭാഷകരായി സജീവമായി ജീവിച്ചവർ പോലും ഒരു ദിവസം ന്യായാധിപനായി വാഴുമ്പോൾ ഇത്തരം കാര്യങ്ങൾ മാത്രം മനസ്സിലാവാതെ പോവുന്നത് ഏതോ രീതിയിലുള്ള പരകായ പ്രവേശം കൊണ്ടാണെന്നു ധരിക്കേണ്ടി വരും. ആത്യന്തികമായി സമൂഹവും ജുഡീഷ്യറിയെ നിലനിർത്തുന്ന അഭിഭാഷകരും നൽകുന്ന ബഹുമാനമാണ് നീതിന്യായവ്യവസ്ഥയുടെ വിജയം എന്നുള്ളത് മറക്കാതിരിക്കുക. നീതി നടപ്പാക്കൽ എന്നത് പരമമായ മനുഷ്യത്വത്തിന്റെ വിജയം തന്നെയാണ്. ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ അഭിഭാഷകർക്കും അവരെ ആശ്രയിക്കുന്ന വക്കീൽ ഗുമസ്ഥന്മാർക്കും അവരുടെ കുടുംബങ്ങൾക്കും കൂടി ജീവിക്കാനുള്ള സാഹചര്യം ഉടനടി പുനഃസ്ഥാപിക്കപ്പെടേണ്ടതാണ്. നീതി വന്നുചേരേണ്ട ഒരു നിധിയാണ്. കാരണം അത് ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ്. അതിനെ അകലങ്ങളിലാക്കുവാൻ ആർക്കും അവകാശമില്ല.

Comments