വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ബാങ്കേഴ്‌സ് സമിതി യോഗത്തിൽ നിർദ്ദേശം

ദുരന്ത ബാധിതരുടെ വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം. കാർഷിക വായ്പകൾക്ക് അഞ്ച് വർഷത്തെ സാവകാശം അനുവദിക്കും. വായ്പകൾ പൂർണമായും എഴുതിതള്ളുന്ന കാര്യത്തിലെ തീരുമാനം അതത് ബാങ്കുകളെടുക്കും.

News Desk

യനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ നടത്തിയ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ ദുരന്ത ബാധിതരുടെ വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചു. കാർഷിക വായ്പകൾക്ക് അഞ്ച് വർഷത്തെ സാവകാശം അനുവദിക്കും. വായ്പകൾ പൂർണമായും എഴുതിതള്ളണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സമിതിക്ക് അധികാരമില്ല. വായ്പ എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
എല്ലാവരും മരിച്ച കുടുംബങ്ങളുടെയും കുടുംബനാഥൻ മരിച്ച കുടുംബങ്ങളുടെയും വായ്പകൾ എഴുതി തള്ളണം, കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പകൾ എഴുതി തള്ളണം തുടങ്ങിയവയാണ് സമിതിയുടെ ശുപാർശകൾ. ആകെ 12 ബാങ്കുകളിലാണ് ദുരന്തബാധിതർക്ക് വായ്പയുള്ളത്. അതിൽ ഏറ്റവും അതികം വായ്പ നൽകിയത് ഗ്രാമീൺ ബാങ്കാണ്.
3220 പേരാണ് 12 ബാങ്കുകളിൽ നിന്നായി വായ്പ എടുത്തിട്ടുള്ളത്. 35.32 കോടി രൂപയാണ് വായ്പയുള്ളത്. 2460 പേർ 19.81രൂപ കോടി കാർഷിക വായ്പ എടുത്തിട്ടുണ്ട്. ചെറുകിട സംരംഭകരായ 245 പേർ 3.4 കോടി രൂപയും വായ്പയായി എടുത്തിട്ടുണ്ട്.

ദുരന്തബാധിതരുടെ കടബാധ്യത പരിഹരിക്കുന്ന കാര്യം ചർച്ച ചെയ്യാനായിയി തിരുവന്തപുരം റെസിഡൻസി ടവറിലാണ്  സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗം നടന്നത്
ദുരന്തബാധിതരുടെ കടബാധ്യത പരിഹരിക്കുന്ന കാര്യം ചർച്ച ചെയ്യാനായിയി തിരുവന്തപുരം റെസിഡൻസി ടവറിലാണ് സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗം നടന്നത്

സർക്കാർ ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ള ധനസഹായം ദുരിതബാധിതരുടെ അക്കൗണ്ടിലേക്കെത്തിയതിന് പിന്നാലെ കേരളാ ഗ്രാമീൺ ബാങ്ക് വായ്പാ ഇ.എം.ഐ തിരിച്ചു പിടിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ദുരന്തമുണ്ടാക്കിയ ആഘാതങ്ങളിൽ നിന്ന് പുറത്തുകടക്കാൻ കഷ്ടപ്പെടുന്ന മനുഷ്യർക്ക് ലഭിച്ച ധനസഹായത്തിൽ നിന്ന് വായ്പ തിരിച്ചു പിടിച്ച നടപടിക്കെതിരെ യുവജന സംഘടനകൾ ബാങ്കിലേക്ക് മാർച്ച് നടത്തി. ദുരിതബാധിതരിൽ നിന്നും ഇ.എം.ഐ പിടിച്ചത് സാങ്കേതിക പിഴവാണെന്നാണ് കേരള ഗ്രാമീൺ ബാങ്ക് പ്രതികരിക്കുകയും പിടിച്ച ഇ.എം.ഐ തുക മൂന്ന് പേർക്ക് തുക തിരികെ നൽകിയെന്നും മറ്റുള്ളവർക്ക് ബുധനാഴ്ചക്കകം നൽകുമെന്നുമാണ് ബാങ്ക് അറിയിച്ചു.
ദുരന്തബാധിതരുടെ കടബാധ്യത പരിഹരിക്കുന്ന കാര്യം ചർച്ച ചെയ്യാനായി തിരുവന്തപുരം റെസിഡൻസി ടവറിലാണ് ബാങ്കേഴ്സ് സമിതി യോഗം നടന്നത്. യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതബാധിതരുടെ അക്കൗണ്ടിലെത്തിയ ധനസഹായത്തിൽ നിന്നും ഇ.എം.ഐ ഈടാക്കിയതിനെതിരെ പ്രതികരിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ബാങ്ക് നടപടികൾ യാന്ത്രികമായി മാറരുതെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു. വായ്പകൾ എടുത്തവർക്ക് അത് തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതിയാണ്. അവധി നീട്ടി നൽകിയത് കൊണ്ടോ പലിശയിൽ ഇളവ് നൽകിയത് കൊണ്ടോ കാര്യമില്ല. വായ്പ എടുത്ത പലരും ഇന്ന് ജീവനോടെയില്ല. മറ്റ് പലർക്കും എല്ലാം നഷ്ടപ്പെട്ടു. അത് കൊണ്ട് വായ്പകൾ എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.

വായ്പകൾ എടുത്തവർക്ക് അത് തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതിയാണ്. അവധി നീട്ടി നൽകിയത് കൊണ്ടോ പലിശയിൽ ഇളവ് നൽകിയത് കൊണ്ടോ കാര്യമില്ല. വായ്പ എടുത്ത പലരും ഇന്ന് ജീവനോടെയില്ല. മറ്റ് പലർക്കും എല്ലാം നഷ്ടപ്പെട്ടു.

ബാങ്ക് വായ്പകൾ ഉടൻ തിരിച്ചു പിടിക്കില്ലെന്ന സർക്കാരിന്റെയും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെയും ഉറപ്പ് നിലനിൽക്കെ ആയിരുന്നു ഇ. എം.ഐ പിടിച്ചത്. ദുരിത ബാധിതർക്ക് സർക്കാർ ധനസഹായമായി നൽകിയ 10000 രൂപയിൽ നിന്ന് പിടിച്ചെടുത്ത ഇ.എം.ഐ ഉടൻ തിരികെ നൽകണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ ഡി.ആർ. മേഘശ്രീ ഉത്തരവിറക്കിയിരുന്നു. ഉരുൾപൊട്ടലുണ്ടായ ജൂലൈ 30 ന് ശേഷം പിടിച്ചെടുത്ത എല്ലാ ഇ.എം.ഐ തുകയും തിരികെ നൽകണമെന്നാണ് കളക്ടറുടെ ഉത്തരവ്. ദുരിതബാധിതർക്ക് അനുവദിച്ച തുകയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഇ.എം.ഐയോ മറ്റ് അടവുകളോ തിരികെ പിടിക്കാൻ പാടില്ലെന്ന് ഉത്തരവിലുണ്ട്.

വീടുകളും കെട്ടിടങ്ങളുമടക്കം ഇതിനോടകം അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒറ്റ രാത്രിയിൽ ഒലിച്ചു പോയതിന്റെ ഞെട്ടലിൽ നിന്ന് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യർ ഇനിയും പുറത്തു വന്നിട്ടില്ല.
വീടുകളും കെട്ടിടങ്ങളുമടക്കം ഇതിനോടകം അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒറ്റ രാത്രിയിൽ ഒലിച്ചു പോയതിന്റെ ഞെട്ടലിൽ നിന്ന് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യർ ഇനിയും പുറത്തു വന്നിട്ടില്ല.

ഉരുൾപൊട്ടലിൽ നാനൂറിലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടു. ജീവിതം ബാക്കി ലഭിച്ചവർക്ക് എല്ലാം ഒന്നിൽ നിന്നും തുടങ്ങേണ്ട അവസ്ഥയിലാണ്. വീടുകളും കെട്ടിടങ്ങളുമടക്കം ഇതിനോടകം അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒറ്റ രാത്രിയിൽ ഒലിച്ചു പോയതിന്റെ ഞെട്ടലിൽ നിന്ന് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യർ ഇനിയും പുറത്തു വന്നിട്ടില്ല. കടകളും വീടുകളും കൃഷി ഭൂമിയും വാഹനങ്ങളുമെല്ലാം ഒലിച്ചു പോയി. ഉപജീവനമാർഗമാകെ ഇല്ലാതെയായ ഈ മനുഷ്യരുടെ നഷ്ടങ്ങളുടെ കണക്കുകൾ ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് മുണ്ടക്കൈയിലും ചൂരൽമലയിലും നഷ്ടം സംഭവിച്ചവരിൽ അധികവും. സർക്കാർ- സർക്കാരിതര ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ സ്വകാര്യ ഇടപാടുകാരോ നൽകുന്ന വായ്പകൾ വഴിയാണ് അവരിൽ പലരും ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
സ്വർണ പണയ വായ്പ , ഭവനവായ്പകൾ, കാർഷിക വായ്പകൾ, വാഹന വായ്പകൾ, എസ്.എച്ച്.ജി വായ്പകൾ, മുദ്ര ഉൾപ്പെടെയുള്ള എം.എസ്.എം.ഇ വായ്പകൾ തുടങ്ങി വലിയ പലിശ നിരക്ക് ഈടാക്കി നൽകുന്ന വ്യക്തിഗത വായ്പകൾ വരെ ഉള്ളവരാണ് ഈ മനുഷ്യർ.

Comments