സുപ്രീംകോടതി വിമർശിച്ചു, മാപ്പപേക്ഷാ പരസ്യത്തിന്റെ വലുപ്പം കൂട്ടി ബാബാ രാംദേവ്

കഴിഞ്ഞ ദിവസം ചെറിയ സൈസിൽ പത്രങ്ങളിൽ മാപ്പപേക്ഷ നൽകിയതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചതിനു പുറകേയാണ് പതഞ്ജലി ആയുർവേദ് ലിമിറ്റഡിനുവേണ്ടി ബാബാ രാംദേവും ആചാര്യ ബാൽകൃഷ്ണയും പത്രങ്ങളിൽ ഇന്ന് കാൽപേജ് വലിപ്പത്തിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചത്.

National Desk

തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കൽ പരസ്യങ്ങൾങ്ങൾക്കെതിരായ കേസിൽ, തീരെ ചെറിയ സൈസിൽ പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചതിനെതുടർന്ന് സുപ്രീംകോടതി വിമർശനം ഏറ്റുവാങ്ങിയ പതഞ്ജലി ആയുർവേദ് ലിമിറ്റഡ്, കാൽപേജ് വലുപ്പത്തിൽ പത്രങ്ങളിൽ പുതിയ മാപ്പപേക്ഷാപരസ്യം പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ ദിവസം ചെറിയ സൈസിലാണ് പത്രങ്ങളിൽ ബാബാ രാംദേവും ആചാര്യ ബാൽകൃഷ്ണയും മാപ്പപേക്ഷ പ്രസിദ്ധീകരിച്ചത്. ‘നിങ്ങൾ സാധാരണ നൽകുന്ന പരസ്യങ്ങളുടെ വലുപ്പം ഇതാണോ’ എന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും എ. അമാനുള്ളയും അടങ്ങിയ ബെഞ്ച് ചോദിച്ചു. ‘എവിടെയാണിത് പ്രസിദ്ധീകരിച്ചത്’ എന്ന് കോടതി ചോദിച്ചപ്പോൾ ‘രാജ്യത്തെ 67 പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു’വെന്ന് കമ്പനിക്കുവേണ്ടി ഹാജരായ മുകുൾ രോഹ്തഗി അറിയിച്ചു. 'പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ടോ' എന്ന് കോടതി ചോദിക്കുകയും അത് രേഖാമൂലം ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മാപ്പപേക്ഷാ പരസ്യം മൈക്രോസ്‌കോപ്പിലൂടെ കാണണോ എന്നും കോടതി പ്രതികരിച്ചു. ഇതേതുടർന്നാണ്, കാൽപേജ് വലുപ്പത്തിൽ പത്രങ്ങളിൽ പുതിയ പരസ്യം പ്രസിദ്ധീകരിച്ച് തടിയൂരിയത്.

സുപ്രീംകോടതിയുടെ വിമര്‍ശനത്തിനിടയാക്കിയ പതഞ്ജലിയുടെ ആദ്യ മാപ്പപേക്ഷ

സുപ്രീം കോടതി ഉത്തരവും നിർദേശങ്ങളും പാലിക്കാത്തതിനും 2023 നവംബറിൽ നടത്തിയ വാർത്താസമ്മേളത്തിനും നിരുപാധികം മാപ്പ് ചോദിക്കുന്നു എന്നാണ് പുതിയ മാപ്പപേക്ഷയിൽ പറയുന്നത്. കോടതിയുടെ മഹത്വം ഉയർത്തിപിടിക്കാനും നിയമങ്ങൾ പാലിക്കാനും പ്രതിജ്ഞാബദ്ധരാണെന്നും പറയുന്നുണ്ട്. ‘‘ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ സുപ്രീംകോടതി മുന്നോട്ടുവെച്ച ഉത്തരവുകളും നിർദേശങ്ങളും പാലിക്കാത്തതിന് വ്യക്തിപരമായ പേരിലും സ്ഥാപനത്തിന്റെ പേരിലും മാപ്പ് ചോദിക്കുന്നു. 2023 നബംബർ 22ന് വാർത്താ സമ്മേളനം നടത്തിയതിനും, ഞങ്ങളുടെ പരസ്യങ്ങളിൽ പ്രസിദ്ധീകരിച്ച തെറ്റുകൾക്കും മാപ്പ്. ഇനിയും ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. കോടതിയുടെ മഹത്വം ഉയർത്തിപ്പിടിക്കാനും നിയമങ്ങൾ പാലിക്കാനും കോടതിയുടെ നിർദേശങ്ങൾ പാലിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’’- ബാബാ രാംദേവും ആചാര്യ ബാൽകൃഷ്ണയും മാപ്പപേക്ഷയിൽ പറയുന്നു.

പത്രങ്ങളിൽ കാൽപേജ് വലുപ്പത്തിൽ പത‍ഞ്ജലി പ്രസിദ്ധീകരിച്ച പുതിയ മാപ്പപേക്ഷാപരസ്യം

സുപ്രീം കോടതിക്ക് പല സമയങ്ങളിലായി നൽകിയ ഉറപ്പ് ലംഘിച്ച് തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കൽ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനാണ് പതഞ്ജലി ആയുർവേദ് ലിമിറ്റഡിന് കോടതിയലക്ഷ്യ കേസിൽ മാപ്പപേക്ഷിക്കേണ്ടി വന്നത്. പതഞ്ജലി ആയുർവേദ ഉൽപ്പന്നങ്ങളുടെയും മരുന്നുകളുടെയും തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരായ കേസിൽ ഇരുവരും ഏപ്രിൽ 16ന് സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു. ഇതുസംബന്ധിച്ച് നിർവ്യാജം മാപ്പപേക്ഷ പ്രസിദ്ധീകരിക്കാനായിരുന്നു ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും എ. അമാനുള്ളയും അടങ്ങിയ ബെഞ്ച് നിർദേശിച്ചത്.

പതജ്ഞലി ആയുർവേദ് സഹസ്ഥാപകരായ ബാബാ രാംദേവും ആചാര്യ ബാൽകൃഷ്ണയും

പതജ്ഞലി നടത്തുന്ന വ്യാജ കാമ്പയിനുകൾക്കും മോഡേൺ മെഡിസിനുകൾക്കതിരെ നടത്തുന്ന പ്രചരണത്തിനെതിരെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് ഹർജി നൽകിയത്.

Comments