ആധാർ റിവ്യൂ കേസ്: ഭൂരിപക്ഷ വിധിയുടെ പ്രശ്‌നങ്ങൾ

ആധാറിന് നിയമസാധുതയുണ്ടെന്ന 2018ലെ ഭരണഘടനാബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ ആധാർ ബിൽ മണി ബില്ലായി കേന്ദ്രം ലോക്‌സഭയിൽ പാസാക്കുകയായിരുന്നു. ആധാർ നിയമം മണിബില്ലായി അംഗീകരിച്ച സ്പീക്കറുടെ നടപടിയെ എതിർത്ത ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢിന്റെ വിയോജിപ്പോടെയാണ് പുനഃപരിശോധനാ ഹർജികൾ തള്ളിയത്. ആധാർ വിധിയിൽ മണിബില്ലുകളെ സംബന്ധിച്ച നിഗമനങ്ങൾ ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട് എന്ന് ലേഖകൻ

ന്ത്യൻ നിയമ വൈജ്ഞാനിക ചരിത്രത്തിൽ എ.ഡി.എം. ജബൽപ്പൂരിനോടൊപ്പം ചേർത്തു വായിക്കാവുന്നതാണ് ആധാർ കേസിലെ സുപ്രീംകോടതി വിധി. വിധിയിലുടനീളം നിയമപരമായ വൈരുദ്ധ്യങ്ങളും വസ്തുതാപരമായ പിശകുകളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആധാർ പുനഃപരിശോധനാ ഹർജികൾ ചേംബറിൽ പരിഗണ‌നക്കെടുത്തു തള്ളിയിരിക്കുന്നു. ജസ്റ്റിസ് ഖാൻവാൽകർ, ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢ്, ജസ്റ്റിസ് അശോക് ഭൂഷൻ, ജസ്റ്റിസ് ഗവായി എന്നിവരടങ്ങുന്ന 5 അംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. റിവ്യൂ ഹർജികൾ തള്ളിയ തീരുമാനത്തോട് ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢ് വിയോജിച്ചു.

ആധാർ കേസിലെ മണി ബിൽ സംബന്ധിച്ച നിരീക്ഷണത്തിൽ മറ്റൊരു അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് സംശയം പ്രകടിപ്പിക്കുകയും വിഷയം ഏഴംഗ ബെഞ്ചിന് വിടുകയും ചെയ്തിരുന്നു. ഇതിൽ തീരുമാനമാകും വരെ ആധാർ റിവ്യൂ ഹർജി മാറ്റി വയ്ക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ മറ്റൊരു കേസിൽ ഉയർന്നുവന്ന പ്രശ്‌നങ്ങൾ ഈ വിധി പുനഃപരിശോധിക്കാനുള്ള കാരണമല്ല എന്നായിരുന്നു ഭൂരിപക്ഷത്തിന്റെ അഭിപ്രായം.

ആധാർ വിധി

ലോകചരിത്രത്തിലാദ്യമായി ഒരു വാട്‌സ്ആപ്‌ മെസേജിൽ നിന്ന്​ ആരംഭിക്കുന്ന സുപ്രീംകോടതി വിധി ആധാർ കേസിലേതായിരിക്കും. ജസ്റ്റിസ് ഖാൻവാൾക്കാർ എഴുതിയ ഭൂരിപക്ഷ വിധി ആരംഭിക്കുന്നത് ഒരു മനുഷ്യന്റെ വിരലടയാളമാണ് അയാളുടെ വ്യതിരിക്തതയെ നിർവചിക്കുന്നത് എന്ന അസംബന്ധത്തിൽ നിന്നുമാണ്. ശേഷിക്കുന്ന ഭാഗം മുഴുവൻ ആധാർ പദ്ധതിയെ ഏതുവിധേനയും സംരക്ഷിച്ചെടുക്കാനായി എഴുതിയതാണ് എന്ന പ്രതീതി സൃഷ്ടിക്കുന്നു.

വിധിയിൽ ഏറ്റവും ആശ്ചര്യകരമായ കാര്യം ആധാർ നിയമം ഒരു മണി ബിൽ ആയി പാസാക്കിയ നടപടി സുപ്രീംകോടതി അംഗീകരിച്ചു എന്നതാണ്. 2016-ൽ ആധാർ നിയമം പാസാക്കിയപ്പോൾ തന്നെ സമർപ്പിക്കപ്പെട്ട ഈ ഹർജി, എന്തിനാണ് ആധാറിന്റെ പ്രധാന കേസുമായി കൂട്ടിക്കുഴച്ചത് എന്നത് അവ്യക്തമാണ്. കാരണം ഇവിടെ തർക്കം ആധാർ മൗലികാവകാശങ്ങളെ ലംഘിക്കുന്നുണ്ടോ എന്നതായിരുന്നില്ല, മറിച്ച് ഭരണഘടനയുടെ 110ാം അനുച്ഛേദപ്രകാരം ആധാർ ബില്ലിനെ മണി ബിൽ ആയി സാക്ഷ്യപ്പെടുത്തിയ സ്പീക്കറുടെ നടപടി മാത്രമാണ് ചോദ്യം ചെയ്യപ്പെട്ടത്.

സാധാരണഗതിയിൽ ഒരു ബിൽ നിയമമാകാൻ പാർലമെന്റിന്റെ
ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. എന്നാൽ, ഇന്ത്യ ഗവൺമെന്റിന്റെ സഞ്ചിതനിധിയിൽനിന്നുള്ള മണി വിനിയോഗത്തെ മാത്രം സംബന്ധിച്ച നിയമങ്ങൾക്ക് രാജ്യസഭയുടെ അംഗീകാരം അനിവാര്യമല്ല. അത്തരം കാര്യങ്ങൾ ഒരു "മണി ബിൽ' ആയി പരിഗണിച്ചു ലോക്​സഭക്ക്​പാസാക്കാം. രാജ്യസഭക്ക് ബില്ലിൽ ഭേദഗതി വരുത്താനോ തിരിച്ചയക്കാനോ കഴിയില്ല. ലോക്‌സഭ സ്പീക്കർ ആണ് ഒരു ബിൽ മണി ബിൽ ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്. നികുതിനിരക്കുകൾ, ഗവൺമെന്റിന്റെ ബാധ്യതപരിധി, സഞ്ചിത നിധിയിൽനിന്നുള്ള ധനവിനിയോഗം തുടങ്ങി ഭരണഘടനയുടെ സെക്ഷൻ110 (1) (എ) മുതൽ 110 (1) (ജി) വരെയുള്ള കാര്യങ്ങളെമാത്രം ബാധിക്കുന്ന ബില്ലുകളാണ് മണി ബിൽ.

ആധാർ കേസിൽ ഒരു ബില്ലിനെ മണി ബില്ലായി സാക്ഷ്യപ്പെടുത്തുന്ന സ്പീക്കറുടെ നടപടി കോടതിക്ക് പരിശോധിക്കാവുന്നതാണെന്ന് എല്ലാ ജഡ്ജിമാരും വിധിയെഴുതി. എന്നാൽ, അനുച്ഛേദം 110(1) എങ്ങനെ വ്യാഖ്യാനിക്കണമെന്നും ഒരു നിയമം മണി ബില്ലായി പാസാക്കിയത് ശരിയായ നടപടിയാണോ എന്ന് എങ്ങനെ പരിശോധിക്കണമെന്നുമുള്ള കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുയർന്നു. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയും മറ്റു മൂന്നുപേരും ആധാർ ആക്ട് മണി ബിൽ ആയി അവതരിപ്പിച്ചതിൽ തെറ്റില്ല എന്നു വിധിച്ചപ്പോൾ ജസ്റ്റിസ് ചന്ദ്രചൂ​ഢ് ആധാർ ബിൽ മണി ബിൽ അല്ലെന്ന് കണ്ടെത്തി നിയമം റദ്ദുചെയ്യണം എന്നു വിധിയെഴുതി.

ദീപക് മിശ്ര

ആധാറിനെ മണി ബിൽ ആയി കണക്കാക്കിയ വിധി നീതിന്യായ യുക്തിയെ തലതിരിച്ചിടുന്ന നടപടിയാണ്. കാരണം, ആധാർ മണി ബിൽ ആണോ എന്ന കാര്യമല്ല കോടതി ആദ്യം പരിശോധിച്ചത്. ആധാർ മണി ബില്ലല്ല എന്നു വന്നാൽ പദ്ധതിയ്ക്ക് ഭരണഘടനാപരമായി നിലനിൽക്കാനാകില്ല. പൗരരുടെ മൗലികാവകാശങ്ങളെ ബാധിക്കുന്ന പദ്ധതികൾ നിയമമില്ലാതെ ഗവൺമെന്റിന് നടപ്പിലാക്കാനാകില്ലല്ലോ. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനായിരിക്കണം കേസിന്റെ പരിഗണനാക്രമത്തിൽ തന്ത്രപരമായ മാറ്റം വരുത്തിയത്. പത്തു ചോദ്യങ്ങളായാണ് ആധാറിനെതിരെയുള്ള ആക്ഷേപങ്ങളെ കോടതി പരിശോധിച്ചത്. ആദ്യം ചോദിക്കേണ്ടിയിരുന്ന "ആധാർ മണി ബിൽ ആണോ?' എന്ന ചോദ്യം പക്ഷേ കോടതി പരിശോധിച്ചത് ആറാമതായാണ്.

അതിന് മുൻപ് അഞ്ച് കാര്യങ്ങൾ പരിഗണിച്ചു.
• ആധാർ സർവൈലൻസിന്‌ കാരണമാകുമോ?
• ആധാർ സ്വകാര്യതയെ ലംഘിക്കുന്നുവോ?
• കുട്ടികളെ ആധാർ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കഴിയുമോ?
• ആധാർ നിയമത്തിലെ, പരാതിക്കാർ ഉന്നയിച്ച പതിനെട്ടു വകുപ്പുകൾ ഭരണഘടനാ വിരുദ്ധമാണോ?
• പരിമിതമായ ഗവൺമെന്റ്, ഉത്തമ ഭരണം, ഭരണഘടനാപരമായ വിശ്വസ്തത എന്നിവയ്ക്കെതിരാണോ ആധാർ?

അങ്ങനെ ഭൂരിപക്ഷവിധിയിൽ, സ്പീക്കറുടെ നടപടി ജുഡീഷ്യൽ റിവ്യൂവിന് വിധേയമാണോ എന്നു പരിശോധിക്കുന്നതിനും ബിൽ മണി ബില്ലാണോ എന്നു നോക്കുന്നതിനും മുമ്പു തന്നെ, ആധാർ ആക്ട് പരിശോധിക്കുകയും അതിലെ സെക്ഷൻ രണ്ട് (ഡി) ക്കു കീഴിലുള്ള ചട്ടം 26 (സി), 27, സെക്ഷൻ 33 (1 ) (ഭാഗികമായി), സെക്ഷൻ 33 (2 ), 47, 57 (ഭാഗികമായി) തുടങ്ങി നിരവധി വകുപ്പുകളും ചട്ടങ്ങളും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങൾക്കുകൂടി ആധാർ ഉപയോഗിക്കാനുള്ള അനുമതി നൽകുന്ന സെക്ഷൻ 57. ഇതൊക്കെ റദ്ദാക്കിയ ശേഷം ഇപ്പോൾ ഇതൊന്നും നിയമത്തിന്റെ ഭാഗമല്ല, അതുകൊണ്ട് മണി ബിൽ ആണെന്ന വ്യാഖ്യാനമാണ് നടത്തിയത്. എന്നാൽ, സ്പീക്കർ സാക്ഷ്യപ്പെടുത്തിയത് ഈ വകുപ്പുകൾകൂടി ഉള്ള ബിൽ ആണെന്ന കാര്യം ഭൂരിപക്ഷവിധിയിൽ പരിഗണിച്ചില്ല.

മറ്റു വകുപ്പുകളെല്ലാം സബ്‌സിഡികൾക്കും ഗവൺമെൻറ്​ ആനുകൂല്യങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അധികാരപ്പെടുത്തുന്ന സെക്ഷൻ ഏഴിന്റെ
അനുബന്ധങ്ങളായാണ് കോടതി കണ്ടത്. "സെക്ഷൻ ഏഴ് ആണ്,നിയമത്തിന്റെ
ഹൃദയഭാഗം. അത് ഭരണഘടനയുടെ 110ാം അനുഛേദത്തിന്റെ പരിധിയിൽ വരുന്നതാണ്' എന്ന് കോടതി പറയുന്നു. അതുപോലെ, ആധാർ അതോറിറ്റിക്ക് രൂപം കൊടുക്കുകയും അതിന്റെ ഘടനയും പ്രവർത്തനവുമൊക്കെ നിർണയിക്കുകയും ചെയ്യുന്ന സെക്ഷൻ 24 നെക്കുറിച്ചു പറയുന്നത്; അതോറിറ്റിയുടെ രൂപവത്കരണവും പ്രവർത്തനവും, ദൈനംദിന കാര്യനിർവഹണ പരിശോധനകളും, ശിക്ഷാനടപടികളും, സോഫ്റ്റ്‌വെയറും തുടങ്ങി എല്ലാം ഇന്ത്യ ഗവൺമെന്റിന്റെ സഞ്ചിതനിധിയിൽനിന്നുള്ള പണം കൊണ്ടാണ് നടത്തപ്പെടുന്നത്; അതുകൊണ്ട് അത് മണി ബില്ലിന്റെ പരിധിയിൽ വരുന്നതാണ് എന്നാണ് (ഖണ്ഡിക 411).

ഇതിനെല്ലാം ഇന്ത്യയുടെ സഞ്ചിതനിധിയിലെ ധനവിനിയോഗവുമായി ഗണ്യമായ ബന്ധമുണ്ട് എന്നും സമർഥിക്കുന്നു ഭൂരിപക്ഷവിധി. ഈ മാനദണ്ഡം വെച്ചുനോക്കിയാൽ ഗവൺന്റിന്റെ എന്തു പ്രവർത്തനമാണ് മണി ബില്ലിന്റെ പരിധിയിൽ വരാത്തത്? മാത്രമല്ല, ആർട്ടിക്കിൾ 110 കൃത്യമായി പറയുന്നത് 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പെടുന്ന കാര്യങ്ങൾ മാത്രമാണ് മണിബിൽ ആകുക എന്നാണ്. ഭൂരിപക്ഷവിധിയിൽ പറയുന്നതുപോലെ "ധനവിനിയോഗവുമായി ഗണ്യമായ ബന്ധം' ഉള്ള കാര്യങ്ങൾക്കല്ല.

അതുപോലെ തന്നെയാണ് ആധാർ ആക്ട് ആർട്ടിക്കിൾ 110 (ഇ)യുടെ കീഴിൽ വരുന്നതാണെന്ന ജസ്റ്റിസ് അശോക് ഭൂഷന്റെ കണ്ടെത്തൽ. യഥാർഥത്തിൽ 110 (ഇ) ഗവൺമെന്റിന്റെ സഞ്ചിതനിധിയിൽനിന്നുള്ള എല്ലാ ചെലവുകളെയും സംബന്ധിക്കുന്നതല്ല. ഇന്ത്യ ഗവൺമെന്റിന്റെ സഞ്ചിതനിധിയിൽനിന്ന് "ചാർജ്' ചെയ്യാവുന്ന ചെലവുകൾ സംബന്ധിക്കുന്ന കാര്യങ്ങൾ മാത്രമേ 110 (ഇ) യുടെ പരിധിയിൽ വരൂ. അതായത് പാർലമെന്റ് വോട്ടിനിട്ട് അനുമതി നൽകേണ്ടതില്ലാത്ത ചെലവുകൾ. ഭരണഘടനയുടെ അനുച്ഛേദം 112 (3) പ്രകാരം രാഷ്ട്രപതിയുടെ വേതനം, ഓഫിസ് ചെലവുകൾ; രാജ്യസഭയുടെയും ലോക്​സഭയുടെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷരുടെയും വേതനം; ഇന്ത്യ ഗവൺമെന്റിന്റെ കടബാധ്യതകളുമായി ബന്ധപ്പെട്ട ചെലവുകൾ; സുപ്രീം കോടതി ജഡ്ജിമാരുടെ വേതനം, പെൻഷൻ; ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ, സി.എ.ജിയുടെ വേതനം, പെൻഷൻ; ഏതെങ്കിലും കോടതിവിധികൾ നടപ്പാക്കാനുള്ള ചെലവുകൾ; നിയമപ്രകാരം ചാർജ് ചെയ്യാവുന്ന ചെലവുകൾ എന്നിങ്ങനെയാണ്. ആധാർ ആക്ട് ഇതുമായൊന്നും ബന്ധപ്പെട്ടതല്ല.

ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢ് തന്റെ വിയോജന വിധിന്യായത്തിൽ തലതിരിയാത്ത നിയമവഴിയിലൂടെ ഇക്കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. വായിക്കുക: "(ആധാർ) നിയമത്തിന്റെ വകുപ്പുകൾ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളിൽ ഒതുങ്ങുന്നതല്ല. അനുച്ഛേദം 110(1) -ൽ നിർവചിക്കപ്പെട്ടിരിക്കുന്ന മണി ബില്ലിന്റെ പരിധിക്കും വളരെയപ്പുറത്താണത്. ജനസംഖ്യാപരവും ജൈവപരവുമായ വിവരങ്ങളുടെ ശേഖരണം, ആധാർ നമ്പറുകൾ നൽകൽ, വിവരശേഖരണത്തിനു മുൻപ് ആളുകളുടെ സമ്മതപത്രം വാങ്ങൽ, അത് നടപ്പിലാക്കാനും പരിശോധിക്കാനായി നിയമപരമായ ഒരു സ്ഥാപനത്തിന്റെ രൂപീകരണം, ശേഖരിച്ച വിവരങ്ങളുടെ സംരക്ഷണം, വിവരത്തിന്റെ ഉപയോഗം, കുറ്റങ്ങളും ശിക്ഷാവിധികളും നിർവ്വചിക്കുന്നത്, ആധാരിന്റെ ഉപയോഗം അങ്ങനെയുള്ള കാര്യങ്ങളൊക്കെ അനുച്ഛേദം 110-നു വെളിയിലുള്ള കാര്യങ്ങളാണ്. ഇതൊന്നും 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പറയുന്ന കാര്യങ്ങൾക്ക് അനുബന്ധമായി വരുന്നതുമല്ല. സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ ഉപയോഗിക്കാൻ അനുമതി നൽകുന്ന വകുപ്പ്- 57 നിശ്ചയമായും അനുച്ഛേദം 110 നു കീഴിൽ വരില്ല. ഇന്ത്യാനിവാസികളുടെ മൗലീകാവകാശങ്ങളെ കാര്യമായ തരത്തിൽ ബാധിക്കുന്ന നിയമ സംവിധാനമാണ് ആധാറിന്റേത്.

ഡി.​വൈ. ചന്ദ്രചൂ​ഢ്

ആധാർ നിയമത്തിലെ സെക്ഷൻ 7 പോലും മണി ബില്ലിന്റെ പരിധിയിൽ വരുന്നതല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്: "സഞ്ചിതനിധിയിൽ നിന്നുമുള്ള സബ്‌സിഡികൾക്കും സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കുകയാണ് സെക്ഷൻ 7 ചെയ്യുന്നത്. ഈ സേവനങ്ങളെ സഞ്ചിത നിധിയിൽ നിന്ന് ചാർജ്ജ് ചെയ്യുന്ന ചെലവുകളാണ് എന്ന് ഈ നിയമം നിർണയിക്കുന്നില്ല, നിലവിൽ സഞ്ചിതനിധിയിൽ പെടുന്ന സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിരബന്ധമാക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് സെക്ഷൻ 7 ഏതെങ്കിലും ചെലവിനെ സഞ്ചിതനിധിയിൽ നിന്നും ചാർജ്ജ് ചെയ്യാവുന്നത് എന്ന് പറയുകയല്ല, ഒരു തിരിച്ചറിയൽ പ്രക്രിയയുടെ ആവശ്യകത സ്ഥാപിച്ചെടുക്കുകയാണ്. അതുകൊണ്ട് സെക്ഷൻ-7 ഉം അനുച്ഛേദം 110 (1)-ന്റെ പരിധിക്കുമപ്പുറത്താണ്' (ഖണ്ഡിക 109 ).

ആധാർ വിധിയിൽ മണി ബില്ലുകളെ സംബന്ധിച്ച നിഗമനങ്ങൾ ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട് എന്ന് സാരം. ഒരു ജനാധിപത്യ സംവിധാനത്തിൽ ഈ വിധി ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാജ്യസഭയെ അപ്രസക്​തമാക്കി, ലോകസഭയിൽ ഭൂരിപക്ഷമുള്ള ഏത് ഗവൺമെൻറിനും ഏതൊരു നിയമവും നടപ്പിൽ വരുത്താം എന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കാരണം അങ്ങനെ ഒരു ബിൽ കൊണ്ടുവന്നാൽ അതിലെ പ്രശ്‌നമുള്ള വകുപ്പുകൾ റദ്ദാക്കിയതിനു ശേഷം മാത്രം അതിനെ വിലയിരുത്തുന്ന ഒരു കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുന്നു നീതി പീഠം. പ്രസ്തുത നിയമത്തിന് ഗവണ്മെന്റിന്റെ സഞ്ചിതനിധിയിൽ നിന്നുള്ള ധന വിനിയോഗവുമായി ബന്ധപ്പെട്ടത് മാത്രമാകണം എന്ന ഭരണഘടനാപരമായ നിഷ്‌കർഷ, ബില്ലിന് ധനവിനിയോഗവുമായി ‘ഗണ്യമായ ബന്ധം' ഉണ്ടായാൽ മതി എന്ന തരത്തിൽ ലഘൂകരിച്ച ഭൂരിപക്ഷ ബഞ്ച്, അതോടൊപ്പം സഞ്ചിത നിധിയിൽ നിന്നുള്ള ചെലവുകളും സഞ്ചിത നിധിയിൽ നിന്ന് ചാർജ്ജ് ചെയ്യാവുന്ന ചെലവുകളും ഒന്നാണെന്ന തരത്തിലും തെറ്റായി വായിക്കുന്നു.

ഇത് തിരുത്തപ്പെട്ടില്ലെങ്കിൽ ഭാവിയിൽ വലിയ പ്രതിസന്ധികളും നിയമപ്രശനങ്ങൾക്കും കാരണമായേക്കാം. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ഘടകങ്ങളായ രണ്ടുസഭകളിൽ ഒന്നിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിയേക്കാവുന്ന വിധത്തിൽ അധോസഭയിലെ ഭൂരിപക്ഷത്തിന്റെ ധാർഷ്ട്യം കൊണ്ട് ഉപരിസഭയെ അപ്രസക്തമാക്കുംവിധം ദുരുപയോഗം ചെയ്യാൻ സാധ്യതകൾ അവശേഷിപ്പിക്കുന്ന ഈ സവിശേഷ സാഹചര്യത്തിന് ത്വരിതഗതിയിലുള്ള ഒരു തിരുത്തൽ അനിവാര്യമാണ്. അല്ലെങ്കിൽ ഇനിയും "മണി ബില്ലുകൾ' ധാരാളം വരും. രാജ്യസഭ നോക്കുകുത്തിയാവും. ഭരണഘടന ദുർബലപ്പെടും. ജനാധിപത്യം പ്രതിസന്ധിയിലാകും. ഇതു സംഭവിച്ചു കഴിഞ്ഞു.

രാജ്യത്തെ ട്രൈബ്യൂണലുകളുടെ പ്രവർത്തനത്തെയും സ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുന്ന തരത്തിൽ കഴിഞ്ഞ വർഷം ഗവൺമെന്റ് കൊണ്ടുവന്ന ഭേദഗതികൾ അതിന്റെ ഉദാഹരണമാണ്. ഫിനാൻസ് ആക്ടിന്റെ ഭേദഗതിയായിട്ടാണ് നിയമം കൊണ്ടുവന്നത്. രാജ്യസഭയിൽ ഉയർന്നുവരാവുന്ന എതിർപ്പുകൾ മറികടക്കാനായി ആധാർ ബില്ലിന്റെ കാര്യത്തിൽ ചെയ്തതുപോലെ "മണി ബിൽ' ആയാണ് ഇതും ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഈ നടപടിയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഫിനാൻസ് ബിൽ ഭേദഗതികൾ മണി ബില്ലായി സാക്ഷ്യപ്പെടുത്തിയ ലോക്‌സഭ സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാനാവുമോ, കഴിയുമെങ്കിൽ പ്രസ്തുത ബിൽ മണിബിൽ ആണോ, കേന്ദ്രസർക്കാറിന്റെ അധികാരങ്ങൾ വിപുലപ്പെടുത്തുന്ന ഫിനാൻസ് ആക്ടിന്റെ സെക്ഷൻ 184 ഭരണഘടനാപരമാണോ, അതുപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങൾ നിലനിൽക്കുമോ തുടങ്ങിയ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിലെ അപകടം സുപ്രീംകോടതി ശരിയാംവണ്ണം മനസിലാക്കി എന്നുവേണം കരുതാൻ. അതുകൊണ്ട് ഇക്കാര്യങ്ങൾ ഏഴംഗ ബെഞ്ച് പരിഗണിച്ചു തീർപ്പു കൽപ്പിക്കേണ്ടതാണ് എന്നാണ് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് വിധിയെഴുതിയത്​. ഈ തീരുമാനത്തിന് കാത്തിരിക്കണം എന്നാണ് ആധാർ റിവ്യൂ പരിഗണിക്കവേ, ഡി.​വൈ. ചന്ദ്രചൂ​ഢ് ആവശ്യപ്പെട്ടത്, പക്ഷേ മറ്റു നാലു ജഡ്ജിമാരും അത് വേറൊരു കേസാണെന്നും റിവ്യൂവിന് അതു പരിഗണിക്കേണ്ടതില്ല എന്നുമായിരുന്നു വിലയിരുത്തിയത്​.

എന്നാൽ ഇതിന് കടകവിരുദ്ധമായ രീതിയാണ് ശബരിമല റിവ്യൂ ഹർജിയിൽ ഇതേ സുപ്രീംകോടതി സ്വീകരിച്ചത്. മുസ്​ലിം സ്ത്രീകളുടെ മസ്ജിദ് പ്രവേശം, ദാവൂദ ബോറ വിഭാഗത്തിൽ പെട്ട സ്ത്രീകളുടെ ചേലാകർമം, പാഴ്സി ഫയർ ടെമ്പിളിന്റെ പ്രശ്‌നം എന്നിങ്ങനെ മറ്റു ചില കേസുകളിൽ ഉയർന്നുവരാൻ സാധ്യതയുണ്ട് എന്നു കോടതി കരുതുന്ന അനുച്ഛേദനം 25-ന്റെ വ്യാഖ്യാനത്തിലെ ചില വ്യക്തതകൾക്കായി ശബരിമല വിഷയം തൽക്കാലം മാറ്റി വച്ചിരിക്കുകയാണ്. കോടതിയ്ക്ക് മുന്നിൽ ഇപ്പോഴുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ചല്ല പ്രതിപാദിച്ചിരിക്കുന്നത്, ശബരിമല വിധിയിലെ വ്യാഖ്യാനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെന്ന് തോന്നിയതുകൊണ്ടും അല്ല, ഇനി വരാവുന്ന കാര്യങ്ങളെ പ്രതിയാണ് ആവലാതി.

കോടതിയുടെ പരിഗണനയിൽ പോലുമില്ലാത്ത, ഭാവിയിൽ "ഉയർന്നുവരാൻ സാധ്യതയുള്ള', വിഷയങ്ങൾ സ്വയം ഏറ്റെടുത്ത് മറ്റൊരു വിശാലബെഞ്ചിനു റഫർ ചെയ്തുകൊണ്ടാണ് കോടതി ശബരിമല പുനഃപരിശോധനാ ഹർജിയിൽ തീരുമാനമെടുക്കാതെ മാറ്റിവച്ചത്. അതേ കോടതിയാണ് ഇപ്പോൾ ആധാർ കേസിൽ ശരിക്കും മറ്റൊരു അഞ്ചംഗ ബഞ്ച് സംശയം പ്രകടിപ്പിച്ച മണി ബിൽ സംബന്ധിച്ച വിധിയുടെ പുനഃപരിശോധനാ ഹർജി നിരാകരിച്ചത്.

സ്വകാര്യതയും സർവൈലൻസും അനുബന്ധ പ്രശ്‌നങ്ങളുമെല്ലാം പരിശോധിക്കുമ്പോഴും ഇതുപോലെയുള്ള വസ്തുതാപരമായ പിശകുകൾ വിധിയിലുടനീളം ആവർത്തിക്കപ്പെടുന്നുണ്ട്. ഒരു ഘട്ടത്തിൽ ഹർജിക്കാർ പോലും ആധാറിന്റെ വിവര ശേഖരണത്തെ എതിർക്കു​ന്നില്ല, വിവരസഞ്ചയത്തിന്റെ സുരക്ഷയും ഉപയോഗവും സംബന്ധിച്ചു മാത്രമാണ് ആശങ്ക എന്ന് പറയുന്നു. ഈ പ്രസ്താവന വസ്തുതാപരമല്ല. മറ്റൊരു കാര്യം ആധാറിന് പകരം വയ്ക്കാൻ മറ്റു മാർഗങ്ങളില്ല എന്ന വാദമാണ്. ഹർജിക്കാർക്കുപോലും ബദൽ മാർഗം ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിട്ടില്ല എന്നും പറയുന്നു. രണ്ടു കാര്യങ്ങളാണ് ഇതിലുള്ളത് ഒന്ന്, ബദൽ മാർഗങ്ങളില്ല എന്ന് ബോദ്ധ്യപ്പെടുത്തേണ്ട ബാധ്യത ഗവണ്മെന്റിനോ അതോ ഹർജിക്കാർക്കോ എന്നതാണ്. രണ്ട്, പദ്ധതിയ്ക്ക് ബദലുകൾ- സ്മാർട്ട് കാർഡുകളും, വിതരണശ്രംഖലകളുടെ പരിഷ്‌കരണവുമെല്ലാം- ഹർജിക്കാർ കോടതിയ്ക്ക് മുന്നിൽ സമർപ്പിച്ചിരുന്നുവെന്നും ഓപ്പൺ കോർട്ടിൽ വാദിക്കുകയും ചെയ്തിരുന്നുവെന്നതുമാണ്. ഇതുപോലെ നിരവധി തെറ്റുകൾ ആധാർ വിധിയിൽ ചൂണ്ടിക്കാണിക്കാം. ഇക്കാര്യങ്ങളെല്ലാം ജസ്റ്റിസ്. ഡി.​വൈ. ചന്ദ്രചൂ​ഢിന്റെ വിയോജന വിധിന്യായം ചർച്ചചെയ്യുന്നുണ്ട്.

2019 ജൂലൈയിൽ ജമൈക്കൻ സുപ്രീംകോടതി, ആധാറിന് സമാനമായ അവിടുത്തെ ബയോമെട്രിക് തിരിച്ചറിയൽ പദ്ധതിയെക്കുറിച്ചുള്ള കേസിൽ വിധിയെഴുതിയപ്പോൾ മാതൃകയാക്കിയത് ഈ വിയോജനമാണ്. ജമൈക്കൻ കോടതി ഇന്ത്യൻ സുപ്രീംകോടതിയുടെ "സ്വകാര്യത വിധി'യും ‘ആധാർ വിധി'യും വിശദമായി ചർച്ച ചെയ്യുന്നുണ്ട്. പിന്നീട് കെനിയൻ ആധാറായ ‘ഹിഡുംബ നമ്പ’യുടെ ഭരണഘടനാസാധുത പരിശോധിച്ച അവരുടെ സുപ്രീംകോടതി ഏറ്റവും കൂടുതൽ ആശ്രയിച്ചത് ജസ്റ്റിസ് ചന്ദ്രചൂ​ഢിന്റെ നിരീക്ഷണങ്ങളെയാണ്. ഇന്ത്യൻ സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി ആധുനിക കാലത്തിന്റെ യുക്തിക്ക് നിരക്കുന്നതല്ല എന്നുകൂടി എഴുതിച്ചേർത്തു കെനിയൻ കോടതി.

ജസ്റ്റിസ് അന്റോണിൻ സ്‌കാലിയ

ആധാർ പുനഃപരിശോധനാ ഹർജിയിന്മേലുള്ള വാദം തുറന്ന കോടതിയിൽ ആകണം എന്ന ഹർജിക്കാരുടെ ആവശ്യം പോലും പരിഗണിക്കാതെ തള്ളിയ സുപ്രീംകോടതി നടപടിയെ നാളത്തെ നിയമവൈജ്ഞാനികചരിത്രം രേഖപ്പെടുത്തുക സുവർണലിപികളാലാകില്ല എന്നുറപ്പാണ്. സുപ്രീംകോടതി അഭിഭാഷകനും നിയമ വിചക്ഷണനുമായ ഗൗതം ഭാട്ടിയ എഴുതിയതുപോലെ സുപ്രീംകോടതി ഒരു എക്‌സിക്യൂട്ടീവ് കോടതിയായി മാറിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആധാർ റിവ്യൂ കേസ്​ വിധി. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിൽ നിന്ന് പൗരരെ രക്ഷിക്കുന്ന കവചം എന്നിടത്തു നിന്ന് എക്‌സിക്യൂട്ടീവിന്റെ നടപടികൾക്ക് നിലമൊരുക്കുന്ന തരത്തിലേക്കുള്ള കോടതിയുടെ പരിണാമം ജനാധിപത്യത്തിന് ഒട്ടും ആശ്വാസ്യമല്ല.

1950-ൽ എ. കെ. ഗോപാലൻ കേസിൽ കരുതൽ തടങ്കലിനെ ശരിവെച്ച ഭൂരിപക്ഷ വിധിയോട് വിയോജിച്ച്​ മൗലികാവകാശങ്ങൾ പരസ്പരബന്ധിതമായ അവകാശങ്ങളുടെ നൈരാന്തര്യമാണ് എന്നു വിധിയെഴുതിയ ജസ്റ്റിസ് ഫസൽ അലി, ഖരക് സിംഗ് കേസിൽ ഭൂരിപക്ഷത്തോട് വിയോജിച്ച്​ സ്വകാര്യത ഒരു മൗലികാവകാശമാണെന്നും അനുച്ഛേദം 21-ന്റെ തുടർച്ചയാണെന്നും വിലയിരുത്തി യു.പി പൊലീസ് റെഗുലേഷൻസ് പൂർണമായും റദ്ദുചെയ്ത ജസ്റ്റിസ് സുബ്ബറാവു, എ. ഡി. എം. ജബൽപൂർ കേസിൽ സഹ ജഡ്ജിമാർ എല്ലാവരും ഇന്ദിരാഗാന്ധി ഭരണകൂടത്തിന്റെ അധികാര പ്രമത്തതയ്‌ക്കൊപ്പം നിന്നപ്പോഴും തലയുയർത്തി നിന്ന് അടിയന്തരവസ്ഥക്കാലത്തും ജീവിക്കാനുള്ള അവകാശം (അനുച്ഛേദം 21) റദ്ദു ചെയ്യാനാകില്ല എന്ന് പ്രസ്താവിച്ച ജസ്റ്റിസ് എച്ച്. ആർ. ഖന്ന എന്നിവർക്കൊപ്പം ചരിത്രം ആധാർ കേസിലെ വിയോജന വിധിയുടെ പേരിൽ ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂ​ഢിന്റെ പേരും എഴുതിചേർക്കും എന്നതിൽ സംശയമില്ല.

കോടതികളുടെ പല നിലപാടുകളും ഭീകരമായ തെറ്റുകളായിരുന്നുവെന്നു ചരിത്രം അടയാളപ്പെടുത്തുമ്പോൾ, അപൂർവം ചില ന്യായാധിപരെങ്കിലും അപകടം തിർച്ചറിഞ്ഞിരുന്നുവെന്നും കാലാതിവർത്തിയായ നിലപാടുകൾ സ്വീകരിച്ചിരുന്നുവെന്നും അറിയുന്നത് വലിയൊരാശ്വാസമായിരിക്കും എന്നു പറഞ്ഞത് ജസ്റ്റിസ് അന്റോണിൻ സ്‌കാലിയ ആണ്. ആധാർ കേസിലും സംഭവിച്ചിരിക്കുന്നത് അത്തരത്തിൽ ഭീകരമായൊരു തെറ്റായിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തും. ചരിത്രത്തിൽ മർദ്ദിതർക്കൊപ്പം നിന്ന ഭൂരിപക്ഷ നീതിബോധത്തിലൂടെയല്ല, ജസ്റ്റിസ്. ഫസൽ അലിയും, ജസ്റ്റിസ്. സുബ്ബറാവുവും, ജസ്റ്റിസ് ഖന്നയും തെളിച്ച നീതിയുടെ ഇത്തിരി വെളിച്ചത്തിലൂടെയാണ് രാജ്യത്തിന്റെ നിയമവൈജ്ഞാനികത വികാസം പ്രാപിച്ചത് എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം. ഈ കാലത്തെയും നമ്മൾ അതിജീവിക്കും.പി.ബി. ജിജീഷ്​

പ്രൈവസിയുമായി ബന്ധപ്പെട്ട നിയമ- ധാർമിക വിഷയങ്ങൾ, ടെക്‌നോളജി, ഭരണഘടനാ ജനാധിപത്യം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Aadhaar: How a Nation is Deceived, ജനാധിപത്യം നീതി തേടുന്നു തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments