ശ്വാസം മുട്ടിക്കുന്ന കേന്ദ്രം, ശ്വാസം നൽകുന്ന സുപ്രീംകോടതി; കോവിഡുകാലത്തെ സുപ്രധാന ഇടപെടൽ

കോവിഡിന്റെ രണ്ടം തരംഗം രാജ്യത്തെ ശ്വാസം മുട്ടിക്കുമ്പോൾ കേന്ദ്ര സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടിയൊളിക്കുകയാണ്. അപ്രിയസത്യങ്ങൾ പൊതുസമൂഹത്തിനുമുന്നിൽ വരാതിരിക്കാൻ ആശയപ്രകാശനവേദികളെ ഇല്ലായ്മ ചെയ്യുകയും അഭിപ്രായം പറയുന്നവരെ അടിച്ചമർത്തുകയും വസ്തുതകളും കണക്കുകളും മറച്ചുവെക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ സ്വമേധയാ ഇടപെടൽ. ഓക്‌സിജൻ വിതരണം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ വീണ്ടും കേസ് പരിഗണിക്കുന്ന മെയ് പത്തിന് തുടർനടപടികളുണ്ടാകുമെന്ന് കരുതാം.

ഹൈക്കോടതികളിൽ നിന്ന് ഓക്‌സിജൻ ക്ഷാമവും കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ കേന്ദ്ര സർക്കാർ നിശിത വിമർശനം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന സന്ദർഭത്തിൽ, ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡേയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബഞ്ച് അതേ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയും, ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റേണ്ടി വരും എന്ന് സൂചിപ്പിക്കുകയും ചെയ്തത് ആശങ്കക്ക് വഴിവച്ചിരുന്നു. വർഷങ്ങളായി സുപ്രീംകോടതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പലരെയും അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

എന്നാൽ കോടതിയിൽ ജനാധിപത്യ സംവിധാനത്തിന് അനുഗുണമായ ചില മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ് എന്നതിന് ചില സൂചനകൾ ലഭിച്ചുതുടങ്ങിയിരിക്കുന്നു. ‘മാസ്റ്റർ ഓഫ് ദി റോസ്റ്റർ' എന്ന നിലയ്ക്ക് തന്റെ പിൻഗാമികളായ ദീപക് മിശ്രയും രഞ്ജൻ ഗോഗോയിയും ബോബ്‌ഡെയും സഞ്ചരിച്ച വഴികളിൽ നിന്ന് മാറി സഞ്ചരിക്കുവാൻ പുതിയ ചീഫ് ജസ്റ്റിസ് വി. രമണ തയ്യാറാകുന്നുവെന്നാണ് നാം കാണുന്നത്. പാരമ്പര്യബലത്തിൽ ന്യായാധിപസ്ഥാനത്തേക്ക് എത്തിച്ചേർന്ന വ്യക്തിയല്ല അദ്ദേഹം. കർഷക കുടുംബത്തിൽ നിന്നാണ് വരുന്നത്. ന്യായാധിപസ്ഥാനത്ത് എത്തുന്നതിനു മുൻപ് കർഷകരുടെയും വ്യവസായ തൊഴിലാളികളുടെയും അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഭൂതകാലം കൂടിയുണ്ട് അദ്ദേഹത്തിന്. അതൊക്കെ സുപ്രീംകോടതിയിൽ എന്തുതരം മാറ്റങ്ങളാണ് ഉണ്ടാക്കുക എന്നത് കാത്തിരുന്നു കാണേണ്ടതാണ്. എന്നാൽ തന്നെയും, ഈ വിഷയത്തിൽ സുപ്രീംകോടതി ഇപ്പോൾ നടത്തിയ ഇടപെടലുകൾ ശുഭസൂചകമാണ് എന്നുകാണണം.

ശക്​തമായ ചോദ്യങ്ങൾ

പതിവിൽ നിന്ന് വ്യത്യസ്തമായി ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് നേതൃത്വം കൊടുക്കുന്ന ഒരു ബെഞ്ചിനെ ആണ് കോവിഡ് വിഷയം അദ്ദേഹം ഏൽപ്പിച്ചത്. ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവർകൂടി ചേർന്ന മൂന്നംഗ ബഞ്ച്, ഏപ്രിൽ 30-ന് നടന്ന വാദത്തിനിടെ, സമീപകാലത്തൊന്നും സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചിട്ടില്ലാത്ത തരത്തിലുള്ള ശക്തമായ ചോദ്യങ്ങൾ ഉന്നയിച്ചു. അതിനുശേഷം മെയ് രണ്ടിന് പുറത്തുവന്ന ഇടക്കാല ഉത്തരവ് ജനാധിപത്യത്തിൽ ഭരണഘടനാകോടതിയുടെ സ്ഥാനമെന്തെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നതാണ്.

ഗാസിപൂരിലെ ആശുപത്രിക്ക് പുറത്ത് ഓക്സിജൻ മാസ്കുമായി കോവിഡ് രോഗികൾ / Photo: Pushkar Vyas

എക്‌സിക്യൂട്ടീവിന്റെ പണി ഏറ്റെടുക്കുകയല്ല, എക്‌സിക്യൂട്ടീവ് എന്തുചെയ്യുന്നു എന്നതിനെ വിലയിരുത്തുകയും ഭരണഘടനാ ധാർമികതയുടെ വഴിയിലൂടെ അതിന് ദിശാബോധം നൽകുകയുമാണ് കോടതി. മെയ് പത്തിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാർ നിലപാട് ഇക്കാര്യത്തിൽ അറിയിക്കണം.

ഏപ്രിൽ 22-ന് ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് രാജ്യത്ത് ഓക്‌സിജൻ വിതരണം, അവശ്യമരുന്നുകളുടെ ലഭ്യത, പ്രതിരോധകുത്തിവയ്പ്പിനുള്ള മാനദണ്ഡങ്ങൾ, ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച തീരുമാനം, എന്നിങ്ങനെ നാല് വിഷയങ്ങളെ പറ്റിയാണ് കേന്ദ്ര ഗവൺമെന്റിനോട് അഭിപ്രായം ആരാഞ്ഞത്.

ഏപ്രിൽ മൂന്നിന് കേന്ദ്ര ഗവൺമെന്റിനോട് ഇക്കാര്യങ്ങളെ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു: കോവിഡ് പ്രതിരോധത്തിന് കേന്ദ്ര ഗവൺമെന്റ് ഇതുവരെ സ്വീകരിച്ച നടപടി, ഓക്‌സിജൻ വിതരണം സുഗമമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്? ഇപ്പോഴത്തേക്കും സമീപഭാവിയിലേക്കും ആവശ്യമായ ഓക്‌സിജന്റെ അളവ് എത്ര്? ഓക്‌സിജൻ വിതരണം നിരീക്ഷിക്കുവാനുള്ള സംവിധാനം? ഓക്‌സിജൻ വിഹിതം നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം? ഓരോ സംസ്ഥാനങ്ങളുടെയും ആവശ്യങ്ങൾ യഥാസമയം അറിയുവാൻ സ്വീകരിച്ച നടപടി? രാജ്യത്തെ ചികിത്സാ സംവിധാനം മെച്ചപ്പെടുത്താൻ എന്തൊക്കെയാണ് നാളിതുവരെ ചെയ്തത്? ആശുപത്രി പ്രവേശനത്തിന് ദേശീയ നയമുണ്ടോ? വാക്സിനേഷൻ നയമെന്താണ്? വാക്‌സിന്റെ വിലയും വാക്‌സിനേഷനുള്ള സമയക്രമവും എങ്ങനെയായിരിക്കും?

ഏപ്രിൽ 29ന് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചു. ഏപ്രിൽ 30ന് നടന്ന വാദത്തിനുശേഷമാണ് ഇടക്കാല ഉത്തരവ് വന്നത്. ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ അക്കമിട്ടു നിരത്തുന്നുണ്ട് ഉത്തരവിൽ.

ചീഫ് ജസ്റ്റിസ് എൻ.വി രമണ

നിശ്ചയമായും, 2005-ലെ ദുരന്ത നിവാരണ നിയമത്തിന്റെ വകുപ്പ് 2 (ഡി) ക്കുകീഴിൽ വരുന്നതാണ് കോവിഡ് മഹാമാരി. പ്രസ്തുത നിയമത്തിന്റെ വകുപ്പ് 3 അനുസരിച്ച് പ്രധാനമന്ത്രി അധ്യക്ഷനായി ദേശീയ ദുരന്തനിവാരണ അതോറിറ്റി പ്രവർത്തിക്കുന്നുണ്ട്. വകുപ്പ് 2 (എൻ) പ്രകാരം ദേശീയ ദുരന്ത നിവാരണനയത്തിന് രൂപം നൽകണം. അതുപ്രകാരമുള്ള പദ്ധതികളുടെ നിരന്തരമായ സംഘാടനം, ഏകോപനം, നടപ്പാക്കൽ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ സെക്ഷൻ 2 (ഇ)-യിൽ പറയുംവിധം ഗവണ്മെന്റിനുണ്ട്.

2019 നവംബറിൽ ദേശീയ ദുരന്തനിവാരണ നയം വിജ്ഞാപനം ചെയ്തിരുന്നു. സെക്ഷൻ 11(4)-ലുള്ളതുപോലെ അത് കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. നിയമത്തിലെ 12, 35, 36 വകുപ്പുകളിൽ കേന്ദ്ര ഗവണ്മെന്റിന്റെ കടമകൾ എടുത്തുപറയുന്നുണ്ട്. സംസ്ഥാന ഗവണ്മെന്റുകളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ളതാണ് സെക്ഷൻ 35.

ദുരന്തനിവാരണ പദ്ധതിയുടെ രൂപീകരണം, തയ്യാറെടുപ്പ്, പ്രതികരണ പദ്ധതികൾ, വിവരശേഖരണം, ശേഷി വർദ്ധിപ്പിക്കൽ, പുനരധിവാസം, തുടങ്ങിയ മേഖലകളിലെല്ലാം കേന്ദ്ര സർക്കാരിനുള്ള ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങൾ സെക്ഷൻ 36-ൽ വിശദീകരിക്കുന്നു. 35(ജി) അനുസരിച്ച് സംസ്ഥാനങ്ങൾക്കുള്ള വിഭവവിതരണം ഉറപ്പു വരുത്തേണ്ടതും കേന്ദ്ര ഗവണ്മെന്റിന്റെ കടമയാണ്.

ഇതനുസരിച്ച് 2020 സെപ്തംബർ 11-ന് ഓക്‌സിജൻ, വൈദ്യോപകരണ വിതരണത്തിന്​ വിദഗ്ദ്ധ സമിതിയ്ക്ക് രൂപം നൽകിയിട്ടുമുണ്ട് സർക്കാർ. അതുപോലെ തന്നെ വാക്‌സിൻ വിതരണത്തിനുള്ള എക്‌സ്‌പെർട്ട് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അതിനൊരു ദേശീയ നയവും ഉണ്ടാകേണ്ടതുണ്ട്. അതു സംബന്ധിച്ച സുപ്രധാനമായ ചോദ്യങ്ങൾ സുപ്രീംകോടതി ഉയർത്തിയിരിക്കുന്നു. ഇതൊക്കെ ചെയ്യുമ്പോഴും, ഗവണ്മെന്റിന്റെ ജോലി ഏറ്റെടുക്കാൻ ഉദ്ദേശ്യമില്ല എന്നും കോവിഡ് പ്രതിരോധത്തിൽ സഹായകമായ രീതിയിൽ നിർദേശങ്ങൾ വയ്ക്കുക മാത്രമാണ് ചെയ്യുകയെന്നും അവസാന തീരുമാനമെടുക്കേണ്ടത് ഗവണ്മെൻറ്​ ആണെന്നും വ്യക്തമാക്കുന്നുണ്ട് കോടതി.

വാക്‌സിൻ നയം:വാക്സിൻ വിതരണത്തിന് കോവിൻ പോർട്ടൽ വഴി രജിസ്ട്രേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ഇന്റർനെറ്റും മറ്റു സംവിധാനങ്ങളും പ്രാപ്യമല്ലാത്ത, നിരക്ഷരരായ, അവശ വിഭാഗങ്ങൾ ഒഴിവാക്കപ്പെടുന്നില്ല എന്നുറപ്പു വരുത്താൻ എന്തു മുൻകരുതലാണ് ഗവണ്മെൻറ്​ സ്വീകരിച്ചിട്ടുള്ളത്?
45 വയസിനുമുകളിലുള്ളവർക്ക് സൗജന്യ വാക്സിൻ എന്നുപറയുമ്പോഴും അവർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചെന്ന് വാക്‌സിൻ എടുക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടോ?

കോവിഡ് ഒന്നാം തരംഗത്തിൽ, മുന്നണിപ്പോരാളികളായി നമ്മൾ കണക്കാക്കിയിട്ടില്ലാത്ത ശുചീകരണ തൊഴിലാളികൾ, ശ്മശാന ജീവനക്കാർ എന്നിവർക്ക് പ്രതിരോധമരുന്ന് ലഭ്യമാക്കാൻ പദ്ധതി ഉണ്ടോ?
മുഴുവൻ വാക്‌സിനും കേന്ദ്ര സർക്കാർ തന്നെ വാങ്ങുന്ന സംവിധാനം ഉണ്ടാകുമോ? അതിനുവേണ്ടി നയം മാറ്റുമോ?
വരുന്ന ആറുമാസത്തേക്കുള്ള വാക്‌സിൻ സ്റ്റോക്ക്, ആറുമാസം കൊണ്ട് ലക്ഷ്യംവയ്ക്കുന്ന ആളുകളുടെ എണ്ണം, തുടർ വാക്‌സിനേഷന് ഉള്ള സമയക്രമം എന്നിവ നിശ്ചയിച്ചിട്ടുണ്ടോ?

വാക്‌സിൻ വില:എന്തുകൊണ്ടാണ് ഒരേ വാക്‌സിനു തന്നെ പല വില നിശ്ചയിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള നയം രൂപീകരിച്ചത്? ഗവൺമെന്റ് സത്യവാങ്മൂലത്തിൽ പറയുന്നത് വാക്‌സിൻ ഉത്പാദകർക്ക് കൂടുതൽ വാക്‌സിൻ ഉത്പാദിപ്പിക്കാനുള്ള പ്രചോദനമാകാനും മാർക്കറ്റിൽ കൂടുതൽ മത്സരം ഉറപ്പു വരുത്താനും വേണ്ടിയാണ് ഈ നയം എന്നാണ്.
മനുഷ്യർക്ക് വാക്‌സിൻ നൽകുന്നത് വിലപ്പെട്ട പൊതുനന്മയാണ്. 18- 45 പ്രായമുള്ളവരിലും അവശ വിഭാഗങ്ങളുണ്ട്. അവർ ഗവൺമെന്റിന്റെ നയസമീപനങ്ങളുടെ ദയാദാക്ഷിണ്യത്തിലാണ് ജീവിക്കുന്നതെന്ന് വരുന്ന സാഹചര്യം ഉണ്ടാകും. ഇത് രാജ്യം മുഴുവൻ പ്രതിരോധമരുന്ന് വിതരണത്തിൽ വൻ അസമത്വം സൃഷ്ടിക്കും.

ഗാസിപൂരിലെ ഒരു ശ്മശാനത്തിൽ നിന്നുള്ള ദൃശ്യം / Photo: Pushkar Vyas

സാധാരണഗതിയിൽ, കേന്ദ്രീകൃതമായി വാക്‌സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് നീതിപൂർവ്വമായ രീതിയിൽ വിതരണം ചെയ്യുക എന്നതാണ് യുക്തിപരമായ നടപടി. ഭരണഘടനയുടെ അനുച്ഛേദം 21-ന് കീഴിൽ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശവും. ഗവൺമെന്റിന്റെ വാക്‌സിൻ നയം പ്രഥമദൃഷ്ട്യാ അതിനു വിരുദ്ധമാണ് എന്ന് തോന്നുന്നു. സമത്വം ഉറപ്പുനൽകുന്ന ഭരണഘടനയുടെ അനു:ഛേദം പതിനാലിനും അനു:ഛേദം 21-നും അനുപൂരകമായ തരത്തിൽ ഗവൺമെന്റ് പുനക്രമീകരിക്കാൻ തയ്യാറാണോ?

ഇപ്പോഴത്തെ നയത്തിനുപകരം മറ്റേതെങ്കിലും മാർഗം ആലോചിച്ചിരുന്നോ?
ആലോചിച്ചിരുന്നുവെങ്കിൽ ഈ നയത്തിന് മുൻപ് എന്തായിരുന്നു പദ്ധതി?
വികേന്ദ്രീകൃതമായി വാക്‌സിൻ വാങ്ങുന്നതും, വാക്‌സിന് പല വില നിശ്ചയിക്കുന്നതുമാണ് കൂടുതൽ ഉൽപാദനത്തിന് പ്രചോദനമാകുകയും, മാർക്കറ്റിൽ മത്സരത്തിന് സഹായകമാവുകയും ചെയ്യുക എന്നു ഗവൺമെന്റിന്റെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഇത് ഏതെങ്കിലും പഠനത്തിന്റെയോ കണക്കുകളുടെയോ അടിസ്ഥാനത്തിൽ ആണോ?
ഭാരത് ബയോടെക്കിനും സീറം ഇൻസ്റ്റിറ്റ്യൂട്ടിനും യഥാക്രമം 1500 കോടിയും 3000 കോടി രൂപയും നൽകിയതിനു പുറമേ മറ്റെന്തെങ്കിലും സഹായങ്ങൾ ഗവൺമെന്റ് വാക്‌സിന് നൽകിയിരുന്നോ?

ഈ സഹായങ്ങളും അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടിയുള്ള തുകയുമെല്ലാം ചേർത്താണ് കേന്ദ്ര ഗവൺമെന്റ് കുറഞ്ഞവിലയ്ക്ക് വാക്‌സിൻ നൽകുന്നതെങ്കിൽ, അതേ ആനുകൂല്യം സംസ്ഥാന ഗവൺമെന്റുകൾക്ക് നൽകാത്തത് എന്തുകൊണ്ടാണ്?
വാക്‌സിൻ ഗവേഷണത്തിനും ഉത്പാദനത്തിനും നിലവിലുള്ള വാക്‌സിനുകൾക്കോ, ഇനി വരാൻ ഉള്ള മരുന്നുകൾക്കോ വേണ്ടി എത്ര രൂപ ഗവൺമെന്റ് ചെലവഴിച്ചിട്ടുണ്ട്?

അവശ്യ മരുന്നുകൾ:റംഡസിവിർ പോലുള്ള അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് എന്ത് നടപടികളാണ് ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ളത്?
1970 ലെ പേറ്റന്റ് നിയമത്തിലെ വകുപ്പ് 92 അനുസരിച്ച് ദേശീയ അടിയന്തരാവസ്ഥയിലോ മറ്റ് അവശ്യഘട്ടങ്ങളിലോ നിർബന്ധിത ലൈസൻസിങ് ഏർപ്പെടുത്താവുന്നതാണ്. ഏതെങ്കിലും മരുന്ന് നിർമ്മാതാക്കൾ സമീപിച്ചാൽ, ന്യായമായ ഒരു റോയൽറ്റി നിശ്ചയിച്ചുകൊണ്ട് പേറ്റന്റ് കൺട്രോളർക്ക് പേറ്റന്റ് അനുവദിക്കാവുന്നതാണ്. നിയമത്തിന്റെ വകുപ്പ് 100 അനുസരിച്ച് ഗവൺമെന്റുകൾക്ക് പൊതു ആവശ്യത്തിനായി കമ്പനികൾക്ക് പേറ്റന്റ് നേരിട്ട് അനുവദിക്കാവുന്നതാണ്. അല്ലെങ്കിൽ സെക്ഷൻ 102 അനുസരിച്ച് കേന്ദ്ര ഗവൺമെന്റിന് പേറ്റന്റ് ഏറ്റെടുക്കാവുന്നതോ, സെക്ഷൻ 66 അനുസരിച്ച് പേറ്റന്റ് റദ്ദ് ചെയ്യുകയോ ചെയ്യാവുന്നതാണ്. അതിനുള്ള നടപടികൾ സ്വീകരിക്കുമോ?

ബൗദ്ധിക സ്വത്തവകാശ ഉടമ്പടിയുടെ അനുഛേദം 7, 8, 30 ഒക്കെയനുസരിച്ച് ബൗദ്ധികസ്വത്തവകാശം സാമൂഹിക സാമ്പത്തിക ക്ഷേമത്തിനുവേണ്ടി ആണ് ഉപയോഗിക്കേണ്ടത്. ട്രിപ്‌സ് ഉടമ്പടിയുടെ അനുഛേദം 8 അനുസരിച്ച് പൊതു ആരോഗ്യം സംരക്ഷിക്കുന്നതിനും, പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും, ബൗദ്ധിക സ്വത്തവകാശ ദുരുപയോഗം തടയുന്നതിനും, ദേശീയ അടിയന്തരാവസ്ഥയിലും അതീവ അടിയന്തരഘട്ടങ്ങളിലും നിർബന്ധിത ലൈസൻസിംഗ് ഏർപെടുത്താവുന്നതാണ്. പൊതുജന ആരോഗ്യസംരക്ഷണത്തിനും, ചികിത്സാ സൗകര്യങ്ങൾ സാർവത്രികമായി ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും ഉപയുക്തമായ രീതിയിൽ വേണം ട്രിപ്‌സ് ഉടമ്പടിയെ വ്യാഖ്യാനിക്കേണ്ടത് എന്ന് ദോഹ പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. ഈ അധികാരം ഉപയോഗിക്കണമോയെന്ന് കേന്ദ്രസർക്കാർ തീരുമാനിക്കണം.

അവശ്യ മരുന്നുകൾ എല്ലാവർക്കും ലഭ്യമാകുന്നുണ്ട് എന്ന് ഗവൺമെൻറ്​ ഉറപ്പുവരുത്തണം. ന്യായമായ വിലയ്ക്ക് മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താൻ 2013ലെ പ്രൈസ് കൺട്രോൾ ഉത്തരവിന്റെ ഖണ്ഡിക19, 20 എന്നിവ നൽകുന്ന അധികാരം ഉപയോഗപ്പെടുത്തണമോയെന്ന് ഗവൺമെന്റ് തീരുമാനിക്കണം. ന്യായമായ വില ഉറപ്പുവരുത്തുന്നതിന് മരുന്ന് ഇറക്കുമതി ചെയ്യുന്നതിനോ, പേറ്റന്റ് ആക്റ്റിലെ അധികാരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനോ, കരിഞ്ചന്ത തടയുന്നതിനോ ഉള്ള സാധ്യതകൾ ഗവൺമെന്റ് പരിശോധിക്കണം

സമൂഹ മാധ്യമ നിയന്ത്രണം:രാജ്യം അതി ഗുരുതര പ്രതിസന്ധി അഭിമുഖീകരിക്കുന്ന കാലഘട്ടത്തിൽ, അവശ്യമരുന്നുകൾക്ക് ഓക്‌സിജനും എല്ലാം ക്ഷാമം അനുഭവപ്പെടുന്ന സമയത്ത്, ആളുകൾ സാമൂഹ്യമാധ്യമങ്ങളിൽ, സഹായത്തിനും പരിതാപകരമായ അവസ്ഥയെ സൂചിപ്പിക്കാനും സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത് തടയാനാകില്ല. ദേശത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നു എന്ന പേരിൽ പൗരരെ വേട്ടയാടാൻ കഴിയില്ല. 2017 ലെ, സുപ്രീംകോടതിയുടെ സ്വകാര്യതാ വിധിയിൽ പ്രത്യേകം പ്രസ്താവിച്ചിട്ടുള്ളത് പോലെ ദുരിത കാലത്ത് വിവരങ്ങൾ പങ്കുവെക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചരിത്രം നമ്മളോട് പറയുന്നത് ദുരിതങ്ങൾ ജീവൻ എടുക്കുന്നത് ഭരണാധികാരികളുടെയോ ഭരണ വർഗത്തിന്റെയോ അല്ല, മറിച്ച് സാധാരണ മനുഷ്യരുടെയാണെന്നാണ്. ആ മനുഷ്യരുടെ ശബ്ദം ഉയർന്നു കേൾക്കേണ്ടതുണ്ട്.
ഇത്തരം ശബ്ദങ്ങളെ നിയന്ത്രിക്കാൻ പാടില്ല എന്ന് പറയുന്നതിന് മറ്റൊരു കാരണം, അത് സമൂഹത്തിന്റെ പൊതുസ്മരണകളെ അടയാളപ്പെടുത്തുന്നു എന്നുള്ളതാണ്. അങ്ങനെ മാത്രമാണ് ഇന്നത്തെ തലമുറയുടെ അറിവുകളും അനുഭവങ്ങളും അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. അല്ലെങ്കിൽ അത് നടക്കാതെ പോകും. ഉദാഹരണത്തിന് ഇന്നത്തേതിനു സമാനമായ അടിയന്തര സാമൂഹ്യസാഹചര്യം സ്പാനിഷ് ഫ്‌ലൂവിന്റെ കാലത്ത് ഉണ്ടായിരുന്നുവെങ്കിലും അതിനെക്കുറിച്ചുള്ള ഓർമ്മകൾ പോലും സമൂഹത്തിൽ ഇന്ന് ശേഷിക്കുന്നില്ല.

സന്ദേശങ്ങൾ പങ്കുവയ്ക്കുന്നതിന്റെ പേരിൽ നിയമനടപടി സ്വീകരിച്ചാൽ അത് ഗൗരവതരമായി പരിഗണിച്ച്, ഈ കോടതിയുടെ അധികാരങ്ങൾ പ്രയോഗിക്കുന്നതാണ് എന്ന കാര്യം എല്ലാ സംസ്ഥാന ഡി.ജി.പി.-മാരെയും ചീഫ് സെക്രട്ടറിമാരെയും കേന്ദ്രസർക്കാർ അറിയിക്കണം എന്ന് ഉത്തരവിലുണ്ട്. ഈ ഉത്തരവിന്റെ പകർപ്പ് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ലഭ്യമാക്കാൻ രജിസ്ട്രാർക്കും കോടതി നിർദ്ദേശം നൽകി.

ആരോഗ്യപ്രവർത്തകരിൽ നല്ലൊരു വിഭാഗം മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പോലുമില്ലാതെയാണ് ജോലിചെയ്യുന്നത്. അവരുടെ ജോലിസാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. / Photo: wikimedia Commons

ആരോഗ്യപ്രവർത്തകർ:കേവലം ‘കൊറോണ യോദ്ധാക്കളാ'യല്ല, കാലഘട്ടത്തിന് ഏറ്റവും അനുഗുണമായ രീതികളും ശാസ്ത്രീയസമീപനങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രൊഫഷണലുകളായാണ് ആരോഗ്യപ്രവർത്തകരെ കാണേണ്ടത്. അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിലാണ് കാര്യം. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ഒരുക്കിയിരുന്ന 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് 2021 മാർച്ച് മാസത്തിൽ അവസാനിച്ചു. ഇനിയുമത് തുടരുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗവൺമെന്റ് പറയുന്നത് നല്ല കാര്യം. ഇതുവരെ 287 ക്‌ളയിമുകൾ പരിഹരിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്; ഇനി എത്ര ക്‌ളയിമുകൾ പരിഹരിക്കാതെ അവശേഷിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങൾ കോടതിയെ അറിയിക്കണം.

ആരോഗ്യപ്രവർത്തകരിൽ നല്ലൊരു വിഭാഗം മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പോലുമില്ലാതെയാണ് ജോലിചെയ്യുന്നത്. അവരുടെ ജോലിസാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. അവരുടെ കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം. അവരുടെ ഭക്ഷണം, വിശ്രമം, ആവശ്യമായ ഇടവേളകൾ, ഗതാഗതസൗകര്യങ്ങൾ, ശമ്പളം, മറ്റ് അലവൻസുകൾ, രോഗബാധ ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ, പ്രത്യേക ആരോഗ്യ സുരക്ഷാ പദ്ധതികൾ, എന്നിവയെല്ലാം ഉറപ്പു വരുത്താൻ കഴിയണം. ആരോഗ്യപ്രവർത്തകർ എന്നതുകൊണ്ട് കോടതി ഉദ്ദേശിക്കുന്നത് ഡോക്ടർമാരും നഴ്‌സുമാരും ലബോറട്ടറി ജീവനക്കാരും ശുചീകരണ തൊഴിലാളികളും ശ്മശാനങ്ങളിലെ ജീവനക്കാരും എല്ലാം ഉൾപ്പെടുന്ന വിഭാഗത്തെയാണ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ലോക്ക്ഡൗൺ:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇതുവരെ ഗവൺമെന്റ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ് എന്ന് വിശദീകരിക്കണം. മാരകമായ കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് ലോക്ഡൗൺ അനിവാര്യമാണോ എന്ന കാര്യം ഗവൺമെന്റ് പരിശോധിക്കേണ്ടതുണ്ട്. എന്നാൽ ലോക്ഡൗൺ സാധാരണജനങ്ങൾക്ക്, പ്രത്യേകിച്ചും അവശ വിഭാഗങ്ങൾക്ക്, വലിയ ദുരിതമായി മാറാനും മതി. ഇത് പരിഗണിച്ച് ഇത്തരത്തിലുള്ള വിഭാഗങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഏർപ്പെടുത്തുകയും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തിട്ടുവേണം ലോക്ക്ഡൗണിനെക്കുറിച്ച് ആലോചിക്കുവാൻ.

അങ്ങനെ, രാജ്യം ഒരു ദുരിത കാലത്തെ അഭിമുഖീകരിക്കുമ്പോൾ, ഒരു ഭരണകൂടം എന്തൊക്കെ കാര്യങ്ങൾ ആണോ മുൻകൂട്ടി ആലോചിച്ച് പദ്ധതിയിടേണ്ടിയിരുന്നത് എന്നത് സംബന്ധിച്ച വളരെ വിശാലമായ കാഴ്ചപ്പാടോടുകൂടി സുപ്രധാനമായ ചില ചോദ്യങ്ങൾ ഉന്നയിക്കുകയാണ് സുപ്രീംകോടതി. ഇത് ചരിത്രത്തിൽ, ഈ ദുരിത കാലത്ത്, ഭരണഘടനാകോടതികൾ എങ്ങനെയാണ് ഇടപെടേണ്ടത് എന്നതിന്റെ അടയാളപ്പെടുത്തൽ കൂടി ആകുന്നുണ്ട്. ഗവൺമെന്റാകട്ടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടിയൊളിക്കുന്നതും, അപ്രിയസത്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വരാതിരിക്കാൻ ആശയപ്രകാശനവേദികളെ ഇല്ലായ്മ ചെയ്യുന്നതും, അഭിപ്രായം പറയുന്നവരെ അടിച്ചമർത്തുന്നതും, വസ്തുതകളും കണക്കുകളും മറച്ചു വയ്ക്കുന്നതുമായ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

അത്തരമൊരു സാഹചര്യത്തിൽ സ്വമേധയാ ഈ കേസ് എടുക്കുന്നതിലൂടെ സുപ്രീംകോടതി ഒരു വലിയ ദൗത്യമാണ് നിറവേറ്റുന്നത്. നയകാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ഗവണ്മെന്റ് തന്നെയാണ് എന്ന ശരിയായ നിലപാട് തന്നെയാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ ബി.സി.സി.ഐ.യുടെ ഭരണം മുതൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കൽ വരെ എക്‌സിക്യൂട്ടീവിനെക്കാൾ താത്പര്യത്തോടെ നായകാര്യങ്ങളിൽ തീരുമാനമെടുക്കുകയും നിർവഹണത്തിന് നേതൃത്വം നൽകുകയും ചെയ്ത ചരിത്രമുള്ള കോടതിയാണിത്. അങ്ങനെ നോക്കുമ്പോൾ ജുഡീഷ്യൽ ആക്ടിവിസത്തിന് ഇതിലും വലിയൊരു അവസരം മറ്റൊന്നില്ലായിരുന്നു. രാജ്യം ശ്വാസം കിട്ടാതെ പിടയുമ്പോൾ മറ്റേത് പരിഗണനകളും മാറ്റിവച്ച് തികഞ്ഞ പരാജയമാണ് എന്നു ഇതിനകം തെളിയിച്ചിട്ടുള്ള ഗവണ്മെന്റിന്റെ അഭിപ്രായങ്ങൾക്കായി കാത്തുനിൽക്കാതെ നിർബന്ധിത ലൈസൻസിംഗ് പോലുള്ള കാര്യങ്ങളിൽ നിർദേശങ്ങൾക്കു പകരം നിർബന്ധിതമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാമായിരുന്നു. അതുണ്ടായില്ല എന്നത് കോടതിയെ അവസാന അത്താണിയായി കാണുന്നവരെ നിരാശപ്പെടുത്തുന്നുണ്ട്.

എന്നാലും, ഇത് മെയ് 10 വരെയ്ക്കുള്ള ഇടക്കാല ഉത്തരവ് മാത്രമാണ് എന്ന കാര്യം ഓർക്കണം. പ്രതിസന്ധി കാലത്ത് ഗവണ്മെന്റുമായി നേരിട്ട് ഒരേറ്റുമുട്ടലിന് മുതിരാതെ, ഗവണ്മെന്റ് സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാമായിരിക്കണം എന്നതിന്റെ കൃത്യമായ ഒരു മാർഗരേഖ നൽകുകയാണ് സുപ്രീംകോടതി ഇപ്പോൾ ചെയ്തിരിക്കുന്നത്. മെയ് പത്തിന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ തുടർനടപടികൾ ഉണ്ടാകുമെന്ന് കരുതാം. അതേ സമയം ഉടൻ ഇടപെടൽ ആവശ്യമായിരുന്ന ഓക്‌സിജൻ വിതരണം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ ഉത്തരവ് തന്നെയാണ് ഉണ്ടായിട്ടുള്ളത് എന്നും നാം കാണണം.

ജനങ്ങളുടെ, അവർ അർഹിക്കാത്തതും അനീതിപൂർവ്വകവും തികച്ചും അനാവശ്യവുമായ ദുരിതത്തിന്റെയും മരണത്തിന്റെയും കാഴ്ചബംഗ്ലാവുകളാണ് നീതിന്യായ സംവിധാനങ്ങൾ എന്ന് വിധിയിൽ ഒരിടത്ത് എഴുതിയിരിക്കുന്നു. വർത്തമാനകാലത്തിന്റെ ആഖ്യാനങ്ങളിലൂടെ ചരിത്രത്തെ രേഖപ്പെടുത്തുവാനും അങ്ങനെ നിഷേധങ്ങൾക്കു മുന്നിൽ ഓർമപ്പെടുത്തലുകളായി ഉറച്ചുനിൽക്കാനുമുള്ള അവസരങ്ങളാണ് ഓരോ കോടതി വ്യവഹാരവും. അത്തരമൊരു ചരിത്രപരമായ ദൗത്യം ഏറ്റെടുക്കാൻ കോവിഡിന്റെ ഒന്നാം തരംഗത്തിൽ, ആയിരക്കണക്കിന് ഹതാശരായ മനുഷ്യർ നിരാലംബരായി തെരുവിലൂടെ അലഞ്ഞപ്പോൾ സുപ്രീം കോടതി തയ്യാറായിരുന്നില്ല; ഇന്ന്, കോടതി അതിന് തയ്യാറാകുമ്പോൾ ഗവൺമെൻറ്​ എങ്ങനെ പ്രതികരിക്കുന്നു എന്ന് നമുക്ക് കാത്തിരുന്നുകാണാം.


Comments