Graphic Design: Internet Freedom Foundation

സുപ്രീംകോടതിക്ക്​ ​ഒരു പഴയ തെറ്റ്​
​തിരുത്താമായിരുന്നു

സർക്കാരിന്റെ പുനഃപരിശോധന നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ, അതിനു സമാന്തരമായി നമ്മുടെ പരമോന്നത നീതിപീഠം 124 (എ)-യുടെ ഭരണഘടനാപരത പരിശോധിച്ച് പോവുകതന്നെ വേണമായിരുന്നു. അതിനു തയ്യാറാകാതിരുന്നത് കോടതിയുടെ പ്രാഥമികകടമയിൽ നിന്നുള്ള ഒളിച്ചോട്ടമാണ് എന്നുപറയാതെ വയ്യ. ദേശദ്രോഹ കുറ്റം നിർവചിക്കുന്ന, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 (എ) വകുപ്പ് താൽക്കാലികമായി മരവിപ്പിച്ച സുപ്രീംകോടതി വിധിയുടെ വായന.

റെ മാധ്യമശ്രദ്ധ നേടിയ ഒരു തീരുമാനത്തിലൂടെ, ദേശദ്രോഹ കുറ്റം നിർവചിക്കുന്ന, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 (എ) വകുപ്പ് താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ് സുപ്രീംകോടതി. കോടതിയുടെ ‘ധീരമായ' ഇടപെടലിനെ പ്രകീർത്തിക്കുന്ന ആഘോഷങ്ങളെല്ലാം അവസാനിച്ചെങ്കിൽ ഉത്തരവിനെ സമചിത്തതയോടെ വിലയിരുത്താൻ നമുക്ക് ശ്രമിക്കാം.

124 (എ) യുടെ ഇരകളായ മാധ്യമപ്രവർത്തകർ, കിഷോർ ചന്ദ്ര വംഖേം, കനയ്യ ലാൽ ശുക്ല എന്നിവരുടേതുൾപ്പെടെ എട്ടു ഹർജികളാണ് സുപ്രീംകോടതിയുടെ മുന്നിലുണ്ടായിരുന്നത്. നിയമം തങ്ങൾ പുനഃപരിശോധിച്ചുവരികയാണെന്നും, അതുകൊണ്ട് ഈ ഘട്ടത്തിൽ കോടതി ഇടപെടേണ്ടതില്ല എന്നുമായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. എന്നാൽ, കോടതി അത് പൂർണമായും അംഗീകരിച്ചില്ല. പുനഃപരിശോധനയ്ക്കുള്ള സാവകാശം അനുവദിച്ചുവെങ്കിലും, അതോടൊപ്പം ദേശദ്രോഹ നിയമം താത്കാലികമായി മരവിപ്പിക്കുകയും ചെയ്തു, സുപ്രീംകോടതി.

‘124 (എ) കാലഘട്ടത്തിനു യോജിച്ചതല്ലെന്നും പുനഃപരിശോധിക്കമെന്നും സർക്കാർ വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി മുതൽ രാജ്യദ്രോഹക്കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രജിസ്റ്റർ ചെയ്താൽ, ഇന്നത്തെ വിധി ചൂണ്ടിക്കാണിച്ച്​ കോടതിയെ സമീപിച്ച്​ സമാശ്വാസം തേടാം. നിലവിൽ ചാർജ് ചെയ്​ത കേസുകളിൽ എല്ലാ വിചാരണാ നടപടികളും നിർത്തിവെക്കേണ്ടതാണ്. മറ്റു വകുപ്പുകളുണ്ടെങ്കിൽ അത് സംബന്ധിച്ച നടപടി തുടരാം. അതേസമയം, കേന്ദ്ര സർക്കാരിന് സെഡീഷൻ നിയമം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് നൽകാവുന്നതാണ്’- ഇത്രയുമാണ് കോടതിവിധിയിൽ പറയുന്നത്.

സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായപ്രകടനം നടത്തിയതിന് ഒന്നിലധികം തവണ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ മണിപ്പൂരിലെ മാധ്യമപ്രവർത്തകൻ കിഷോർ ചന്ദ്ര വംഖേം

ഈ വർഷം ജൂലൈ വരെയെങ്കിലും ദേശദ്രോഹം പോലെയുള്ള ഒരു നിഷ്ഠൂര നിയമത്തിൽ നിന്ന്​ സംരക്ഷണം ഉറപ്പുവരുത്തുന്നു എന്ന അർഥത്തിൽ സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. കോടതിയുടെ ‘പ്രതീക്ഷ' പോലെ ഇനി ഈ നിയമത്തിനുകീഴിൽ എഫ്‌.ഐ.ആർ. ഉണ്ടാകാതിരിക്കട്ടെ. കുറ്റാരോപിതർക്ക് ജാമ്യം ലഭിക്കട്ടെ.

എന്നാൽ ഇതിനൊരു മറുവശമുണ്ട്. സുപ്രീംകോടതി ഒരു പഴയ തെറ്റ് തിരുത്താനുള്ള അവസരം ഉപേക്ഷിച്ച് പിന്മാറി എന്നതാണത്. അതിലേക്ക് കടക്കുംമുമ്പ് എന്തുകൊണ്ടാണ് രാജ്യദ്രോഹം ഒരു ജനാധിപത്യ സമൂഹത്തിന് അനുയോജ്യമല്ലാത്ത നിയമമാകുന്നത് എന്ന് പരിശോധിക്കാം.

എന്താണ്​ ‘രാജ്യദ്രോഹം’?

‘രാജ്യദ്രോഹം' ആകർഷണീയമായ വകുപ്പ് ആകുന്നത് അതിന്റെ പേരുകൊണ്ടുതന്നെയാണ്. കേൾക്കുമ്പോൾ രാജ്യത്തിനെതിരായ പ്രവർത്തനം. രാജ്യത്തെ ദ്രോഹിക്കുന്നതിനെ ആർക്കാണ് ന്യായീകരിക്കാനാവുക? അതുകൊണ്ടുതന്നെ രാജ്യദ്രോഹക്കുറ്റം അനിവാര്യമാണ് എന്ന പൊതുബോധം നിലവിലുണ്ട്. കോടതിവിധിയോടെ രാജ്യദ്രോഹകുറ്റകൃത്യം ഇല്ലാതായാൽ പിന്നെ, രാജ്യത്തിനെതിരായ പ്രവർത്തനങ്ങളെ ശിക്ഷിക്കുവാൻ നിയമം വേണ്ടേ എന്നാണ് സംശയം. അതിന് ഉത്തരം കണ്ടെത്താൻ എന്തൊക്കെ കുറ്റങ്ങളാണ് രാജ്യത്തിനെതിരെ ഉയർന്നുവരാൻ സാധ്യതയുള്ളത് എന്ന് പരിശോധിക്കാം.

രാജ്യദ്രോഹക്കുറ്റം തന്നിഷ്ടംപോലെ അധികാരികൾ, രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച്, ഉപയോഗിച്ചുപോരുന്നു എന്ന് അനുഭവം നമ്മളോട് പറയുന്നു. അതായത് മാർഗനിർദ്ദേശങ്ങൾ ഇല്ലാത്തതല്ല, ഈ വകുപ്പ് തന്നെയാണ് പ്രശ്‌നം

രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയോ യുദ്ധത്തിന് ശ്രമിക്കുകയോ ചെയ്യുക. രാജ്യത്തിനെതിരായ യുദ്ധത്തിനുവേണ്ടി ഗൂഢാലോചന നടത്തുക, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുവേണ്ടി ആയുധങ്ങൾ ശേഖരിക്കുക, രാജ്യത്തിനെതിരായ യുദ്ധത്തിനുവേണ്ടിയുള്ള പദ്ധതി രഹസ്യമായി സൂക്ഷിക്കുക, രാജ്യത്തിന്റെ പ്രസിഡന്റിനെയോ ഗവർണറെയോ മറ്റുള്ളവരെയോ ആക്രമിക്കുകയും അവരെ ഭരണപരമായ കടമകൾ നിർവഹിക്കുന്നതിൽ തടസ്സപ്പെടുത്തുകയും ചെയ്യുക- ഇക്കാര്യങ്ങളൊക്കെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ആറാം അധ്യായത്തിൽ 121, 122, 123, 124, 125, 126, 127, 128, 129, 130 വകുപ്പുകളിലായി നിർവചിച്ചിട്ടുണ്ട്.

അടുത്ത അധ്യായത്തിൽ, രാജ്യവിരുദ്ധ കലാപം ഉണ്ടാക്കുന്നതുൾപ്പെടെ, രാജ്യത്തെ വിവിധ സേനകൾക്കെതിരായ കുറ്റകൃത്യങ്ങൾ വിവരിക്കുന്നു. എട്ടാം അധ്യായത്തിൽ പൊതുസമാധാനത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ പരാമർശിക്കുന്നു. അനധികൃതമായ ഒത്തുചേരലിനെതിരെയുള്ള 141, കലാപത്തിനെതിരെയുള്ള സെക്ഷൻ 146, വിദ്വേഷപ്രസംഗത്തിനെതിരെയുള്ള 153 (എ), സംഘം ചേരുമ്പോൾ ആയുധം കൈവശം വയ്ക്കുന്നതിനെതിരെയുള്ള 153 (എഎ)- അങ്ങനെ, ഐ.പി.സി. സെക്ഷൻ 141 മുതൽ 160 വരെ വിവിധ കുറ്റകൃത്യങ്ങളെ രേഖപ്പെടുത്തുന്നു. അതിനുപുറമേ, രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങളെ നേരിടാൻ 1961-ലെ ക്രിമിനൽ നിയമ ഭേദഗതി ആക്ടും ഉണ്ട്. 1967-ലെ യു.എ.പി.എ. ഉണ്ട്. ഭരണഘടനയും ദേശീയപതാകയും തുടങ്ങി ദേശീയബിംബങ്ങളെ അപമാനിക്കുന്നതിനെതിരെയുള്ള 1971-ലെ നിയമമുണ്ട്. കോടതിയലക്ഷ്യ നിയമവുമുണ്ട്. ഇതിലൊന്നും പെടാത്ത എന്തു കുറ്റകൃത്യമാണ് രാജ്യത്തിനെതിരെ ഒരാൾ നടത്തുക എന്നാലോചിക്കുമ്പോഴാണ്, പൊതുജനം വിചാരിക്കുന്ന സംഗതിയല്ല ‘ദേശദ്രോഹം' എന്ന്​ ബോധ്യമാവുക.

കർണാടകയിലെ ബിദാറിൽ സി.എ.എ. എൻ.ആർ.സി. നിയമങ്ങളെ വിമർശിച്ചു കൊണ്ട് സ്‌കൂൾ നാടകം അവതരിപ്പിച്ച വിദ്യാർത്ഥിയെയും ടീച്ചറെയും ചോദ്യം ചെയ്യുന്ന പൊലീസ്. പ്രസ്തുത കേസിൽ പൊലീസ് കുട്ടിയുടെ അമ്മ നസ്ബുന്നിസയെയും, അധ്യാപിക ഫരീദ ബീഗത്തെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു.

ഐ.പി.സി. 124 (എ) വായിച്ചുനോക്കിയാൽ ആർക്കും മനസ്സിലാകും, അത് രാജ്യത്തിനെതിരെയുള്ള സായുധ പോരാട്ടത്തെ ക്രിമിനൽവത്കരിക്കുന്ന നിയമം അല്ല എന്ന്​. രാജ്യത്ത് നിലനിൽക്കുന്ന ഗവൺമെൻറിന് അവമതിപ്പുണ്ടാകുന്നതിനെതിരെയുള്ള നിയമമാണ്. രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്യുന്നതിന്​ ഉണ്ടാക്കിയ നിയമമാണ്. രാഷ്ട്രീയ ആയുധമാണ്. അതിന്റെ ചരിത്രപശ്ചാത്തലം അങ്ങനെയാണ്. അതുകൊണ്ടാണ് ഗാന്ധി അതിനെ ‘ഇന്ത്യയിലെ രാഷ്ട്രീയ നിയമങ്ങൾക്കിടയിലെ രാജകുമാരൻ’ എന്ന് വിശേഷിപ്പിച്ചത്.

ടീഷർട്ട് ധരിച്ചതിന്റെ പേരിൽ, ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ, മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ഒക്കെ രാജ്യദ്രോഹം ചാർത്തപ്പെടുന്ന സാഹചര്യത്തിൽ രാജ്യദ്രോഹത്തെ പ്രതി ഗൗരവതരമായ രാഷ്ട്രീയ സംവാദങ്ങൾ ഉയർന്നുവരേണ്ടതുണ്ട്.

ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ്. കേൾക്കുമ്പോൾ തന്നെ അതിഹീനമായ ഒരു കുറ്റകൃത്യം എന്നാണ് നമ്മൾ മനസിലാക്കുക. എന്നാൽ ഏറ്റവും നിസാരമായ കാര്യങ്ങൾക്ക്, ഏറ്റവും നിരാലംബരായ മനുഷ്യരെ വരെ ഈ വകുപ്പ് ഉപയോഗിച്ച് വേട്ടയാടുന്നു എന്നതാണ് യാഥാർഥ്യം.

മാധ്യമപ്രവർത്തകരുടെയും നിയമജ്ഞരുടെയും വൈജ്ഞാനികരുടെയും ഗവേഷക കൂട്ടായ്മയായ ‘ആർട്ടിക്കിൾ 14', ഇന്ത്യയിൽ രാജ്യദ്രോഹം എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ‘ഒരു ഇരുണ്ട പതിറ്റാണ്ട്' എന്ന പേരിൽ പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. കഴിഞ്ഞ പന്ത്രണ്ടുവർഷങ്ങളിൽ രാജ്യമെമ്പാടും നടത്തിയ പഠനത്തിൽ ശ്രദ്ധേയമായ വിവരങ്ങളാണ് പുറത്തുവന്നത്. 876 കേസുകളിലായി 13,000 പേരാണ് സെഡീഷൻ (Sedition) കേസിൽ പെട്ടിട്ടുള്ളത്. ഒരു മോട്ടോർ ബൈക്കിൽ സൈലൻസർ വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പോലും രാജ്യദ്രോഹ കേസായി രജിസ്റ്റർ ചെയ്തിട്ടുണ്ടത്രേ! ടീഷർട്ട് ധരിച്ചതിന്റെ പേരിൽ, ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ, മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ഒക്കെ രാജ്യദ്രോഹം ചാർത്തപ്പെടുന്ന സാഹചര്യത്തിൽ രാജ്യദ്രോഹത്തെ പ്രതി ഗൗരവതരമായ രാഷ്ട്രീയസംവാദങ്ങൾ ഉയർന്നുവരേണ്ടതുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമം, വകുപ്പ് 124 (എ)- ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു വകുപ്പ്​

സംസാരമോ, എഴുത്തോ, ചിഹ്നങ്ങളോ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ദൃശ്യചിത്രീകരണമോ ഉപയോഗിച്ച് ഗവൺമെന്റിനെതിരെ അനാദരവോ വിദ്വേഷമോ വിരോധമോ ഉണ്ടാക്കുകയോ, ഉണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും ജീവപര്യന്തം തടവും പിഴയുമോ, 3 വർഷം വരെ തടവും പിഴയുമോ വരെയുള്ള ശിക്ഷയ്ക്ക് വിധേയമാക്കാവുന്നതാണ്’ ​​​​​​​എന്നതാണ് ഈ നിയമം.
‘വിരോധം' എന്നതിൽ ‘അവിശ്വസ്​തത’യും എല്ലാതരത്തിലുള്ള ‘ശത്രുത'യും ഉൾപ്പെടും എന്ന് വിശദീകരണമുണ്ട്. അനാദരവോ വിദ്വേഷമോ വിരോധമോ ഉണ്ടാക്കാതെ നിയമപരമായ മാർഗത്തിലൂടെ ഗവൺമെൻറ്​ നയങ്ങളെയും നടപടികളെയും മാറ്റാനുള്ള ശ്രമങ്ങൾ ഇതിന്റെ പരിധിയിൽ വരില്ല എന്നും ചേർത്തിട്ടുണ്ട്.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം 2014-2020 കാലയളവിൽ മുൻ വർഷങ്ങളേതിനെ അപേക്ഷിച്ച് വർഷംതോറും രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിൽ 28% വർധനവുണ്ടായി. / Graph: 'A decade of darkness', project by Article 14

നിയമത്തിലെ വിശാലവും അസ്പഷ്ടവുമായ പദപ്രയോഗങ്ങൾ അധികാരികളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചുള്ള വ്യാഖ്യാനങ്ങൾക്കും പ്രയോഗങ്ങൾക്കും വഴിയൊരുക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന വകുപ്പുകളിൽ ഒന്നാണിത്. 2016-ൽ ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥി നേതാക്കളായിരുന്ന കനയ്യ കുമാറും ഉമർ ഖാലിദും മുതൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർ വരെ എത്രയോ വിദ്യാർഥികളെ ഭരണകൂടം ഈ നിയമം ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടിരിക്കുന്നു.

കേന്ദ്രസർക്കാർ കോവിഡ്​ മഹാമാരി കൈകാര്യം ചെയ്ത രീതിയെ വിമർശിച്ചതിനാണ് മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരെ 124 (എ) ചാർത്തിയത്. കൂടംകുളം ആണവനിലയത്തിനെതിരെ പ്രതിഷേധിച്ചതിനാണ് 8,856 ഗ്രാമീണർക്കെതിരെ കേസെടുത്തത്.

2019-ലെ കണക്ക്​ നോക്കിയാൽ കോടതി ശിക്ഷിച്ച കേസുകൾ 3.3 ശതമാനം മാത്രം. എന്നിരുന്നാലും ദീർഘമായ വിചാരണാനടപടികൾ തന്നെ കുറ്റാരോപിതർക്ക് ശിക്ഷയായി മാറുകയാണ് പതിവ്.

ഗ്രെറ്റ തൻബർഗിന്റെ ‘ടൂൾ കിറ്റ്' പ്രചരിപ്പിച്ചു എന്ന കേസിൽ ദിഷ രവിക്കെതിരെ, കാർട്ടൂണിസ്​റ്റ്​ അസീം ത്രിവേദിക്കെതിരെ, അരുന്ധതി റോയിക്കെതിരെ, ബിനായക് സെന്നിനെതിരെ, കർഷക സമരം സംബന്ധിച്ച വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന പേരിൽ, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, മിനാൽ പാണ്ഡെ, അനന്ത് നാഥ്, പരേഷ് നാഥ്, സഫർ ആഘ, വിനോദ് ദുവ, പാർലമെന്റേറിയൻ ശശി തരൂർ- അങ്ങനെ പ്രമുഖരും അല്ലാത്തവരുമായ അനേകർ ഈ വകുപ്പിന്റെ ഇരകളാണ്.

മാധ്യമപ്രവർത്തകർ, പ്രതിഷേധക്കാർ, സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നവർ, മുദ്രാവാക്യം വിളിച്ചവർ, വ്യക്തിപരമായി സന്ദേശങ്ങൾ അയച്ചവർ, ക്രിക്കറ്റിൽ പാകിസ്ഥാൻ ജയിച്ചപ്പോൾ അഭിനന്ദന സന്ദേശം കൈമാറിയവർ തുടങ്ങി നിരവധി പേർ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റം ചാർത്തപ്പെട്ടവരാണ്. അതിൽ നല്ലൊരു ശതമാനം കേസും യാതൊരു തെളിവും നിരത്താനില്ലാത്തവയാണ്. അതുകൊണ്ടുതന്നെ ശിക്ഷിക്കപ്പെടാറുമില്ല. 2019-ലെ കണക്ക്​ നോക്കിയാൽ കോടതി ശിക്ഷിച്ച കേസുകൾ 3.3 ശതമാനം മാത്രം. എന്നിരുന്നാലും ദീർഘമായ വിചാരണാനടപടികൾ തന്നെ കുറ്റാരോപിതർക്ക് ശിക്ഷയായി മാറുകയാണ് പതിവ്.

ദിഷ രവി

സമകാലിക സാഹചര്യങ്ങളിൽ ഈ നിയമത്തിന്റെ പ്രധാന ഉപയോഗം ‘ദുരുപയോഗം' മാത്രമാണെന്ന കാര്യം രാജ്യത്തെ ഭരണഘടനാ കോടതികൾ തന്നെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ‘തങ്ങളുടെ നയങ്ങളോട് വിയോജിക്കുന്നു എന്ന കാരണം കൊണ്ട് ഒരു പൗരനെ ജയിലിലാക്കാൻ ഗവൺമെന്റിന് കഴിയില്ല. ഈ നിയമത്തെ, സർക്കാരിന്റെ ദുരഭിമാനം സംരക്ഷിക്കാനുള്ള ഉപകരണമാക്കാൻ കഴിയില്ല’- ദിഷ രവിയുടെ കേസ് പരിഗണിച്ച്​ ഡൽഹി ഹൈക്കോടതി പ്രസ്താവിച്ചിരുന്നു.

ഭരണഘടനാ ഭേദഗതി

ഇംഗ്ലണ്ടിൽ രാജാവിനെ ദൈവത്തിന്റെ പ്രതിപുരുഷനായി കണക്കാക്കിയിരുന്ന കാലത്താണ് രാജ്യദ്രോഹക്കുറ്റം ഉണ്ടാവുന്നത്. 1837-ൽ മെക്കാളെ, ഇന്ത്യൻ പീനൽ കോഡിന്റെ കരട് തയ്യാറാക്കുമ്പോൾ, വകുപ്പ് 113 ആയി ദേശദ്രോഹം ഉണ്ടായിരുന്നുവെങ്കിലും, 1860-ൽ കോഡ് നിലവിൽ വരുമ്പോൾ അതിൽ ദേശദ്രോഹം എന്ന കുറ്റം ഉണ്ടായിരുന്നില്ല. പിന്നീട് 1870 നവംബർ 25ന് കൂട്ടിച്ചേർത്തതാണിത്. ഇന്ത്യയിലെ മുസ്​ലിം മതനേതൃത്വം ബ്രിട്ടീഷുകാർക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്​ത്​ ഫത്വ ഇറക്കിയതിനുപിന്നാലെയായിരുന്നു ഇത്. 1898-ൽ ഒരു ഭേദഗതിയിലൂടെ വകുപ്പ് വീണ്ടും വിപുലപ്പെടുത്തി.

തുടർന്ന് ഗാന്ധിയും ബാലഗംഗാധര തിലകും ജവാഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ ഈ വകുപ്പ് പ്രയോഗിക്കപ്പെട്ടു. ‘വിയോജിപ്പുകളെ ക്രിമിനൽവൽകരിക്കാൻ സൃഷ്ടിച്ച ഐ.പി.സി. 124 (എ) ഇന്ത്യയിലെ രാഷ്ട്രീയ നിയമങ്ങൾക്കിടയിലെ രാജകുമാരനാണ്. അതുപ്രകാരം ശിക്ഷിക്കപ്പെടുന്നത് ഒരു അംഗീകാരമായി ഞാൻ കണക്കാക്കുന്നു. അതുകൊണ്ട് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ എനിക്ക് നൽകണമെന്നാണ് ഈ കോടതിയോട് എനിക്ക് പറയാനുള്ളത്' ഇങ്ങനെയായിരുന്നു ഗാന്ധി കോടതിയിൽ എഴുതി തയ്യാറാക്കി നൽകിയ പ്രസ്താവന.

124 (എ) യിൽ പറയുന്ന വളരെ വിപുലമായ അർത്ഥതലങ്ങളിൽ നിന്ന് രാജ്യദ്രോഹം എന്ന വകുപ്പ് പ്രയോഗിക്കാൻ കഴിയുന്ന സാഹചര്യങ്ങളെ വലിയ തോതിൽ പരിമിതപ്പെടുത്തി എന്നത് കേസിലെ ഒരു നേട്ടമാണ്.

ഇന്ത്യൻ ഭരണഘടനാ നിർമാണസഭയിലും ‘രാജ്യദ്രോഹം' ഒരു ചർച്ചാ വിഷയമായിരുന്നു. ഭരണഘടനയുടെ അന്തിമരൂപത്തിൽ, ആർട്ടിക്കിൾ 19 ഉറപ്പുനൽകുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങളിൽ, അനുച്ഛേദം 19 (2) ൽ, രാജ്യദ്രോഹം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ഭരണഘടനയുടെ ഡ്രാഫ്റ്റിൽ ‘സെഡീഷൻ' ഉൾപ്പെടുത്തിയിരുന്നു. ഭരണഘടനാ നിർമാണസഭയിൽ, കെ.എം. മുൻഷിയാണ് അതിനെതിരെ ശക്തമായ നിലപാടെടുത്തത്.

പ്രസ്തുത അനുച്ഛേദത്തിൽ രാജ്യദ്രോഹം എന്നതിന് പകരമായി ‘രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതോ ഗവൺമെന്റിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതോ ആയ പ്രവൃത്തി' എന്ന ഭേദഗതി അദ്ദേഹം ആവശ്യപ്പെട്ടു: ‘‘ഗവൺമെന്റിനെതിരെയുള്ള ഏതൊരു പ്രവൃത്തിയും -വിയോജിപ്പും അഭിപ്രായവ്യത്യാസവും എല്ലാം- കുറ്റകൃത്യമായി വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള വാക്കാണ് ‘രാജ്യദ്രോഹം'. സമ്മേളനം സംഘടിപ്പിക്കുന്നതോ ജാഥ നടത്തുന്നതോ പോലും രാജ്യദ്രോഹമായി കണക്കാക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ഒരു ജില്ലാ മജിസ്ട്രേറ്റിനെ വിമർശിച്ചത് 124 (എ)ക്കുകീഴിൽ കുറ്റകൃത്യമായി കണക്കാക്കുന്നതിന് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോൾ നമുക്ക് ഒരു ജനാധിപത്യ ഭരണകൂടമുള്ള സാഹചര്യത്തിൽ, ഗവൺമെന്റിനെതിരായ വിമർശനങ്ങളെയും രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതോ ഭരണകൂടത്തെ അട്ടിമറിക്കുന്നതോ ആയ പ്രവർത്തനങ്ങളെയും വേർതിരിച്ച് കാണേണ്ടതുണ്ട്. അതുകൊണ്ട് ‘രാജ്യദ്രോഹം' എന്ന വാക്ക് ഒഴിവാക്കണം. കാരണം ഗവൺമെന്റിനെതിരായ വിമർശനമാണ് ജനാധിപത്യത്തിന്റെ ആത്മാവ്. ഈ സാഹചര്യത്തിൽ ‘രാജ്യദ്രോഹം' എന്നത് മാറ്റി, ഇന്നത്തെ തലമുറ രാജ്യദ്രോഹം കൊണ്ട് അർഥമാക്കുന്നത് എന്താണോ അതേ വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്നാണ് ഈ ഭേദഗതി നിർദേശിക്കുന്നത്. അല്ലെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 (എ) ഇനിയും നിലനിർത്തണം എന്ന ഒരു തെറ്റായ സന്ദേശമായിരിക്കും അത് നൽകുക’’- 1948 ഡിസംബർ ഒന്നിന് കെ.എം. മുൻഷി മുന്നോട്ടുവെച്ച ഈ ഭേദഗതി അംഗീകരിക്കപ്പെട്ടു. ഭരണഘടനാ നിർമാണസഭയിൽ അന്ന് നടന്ന ചർച്ചയുടെ അന്തഃസത്ത ഇന്ത്യൻ ശിക്ഷാനിയമം 124 (എ) മുന്നോട്ടുവെക്കുന്ന രാജ്യദ്രോഹക്കുറ്റത്തിന് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിൽ സ്ഥാനമുണ്ടാവരുത് എന്നതായിരുന്നുവെന്നുകാണാം. തുടർന്ന് കോടതികളും ഈ വികാരം പങ്കുവെക്കുകയുണ്ടായി.

‘വൈദേശിക ഭരണത്തിന് കീഴിൽ അനിവാര്യമെന്ന് കരുതിയിരുന്ന 'ദേശദ്രോഹ നിയമം', നമ്മുടെ രാജ്യത്ത് സംഭവിച്ചിരിക്കുന്ന വമ്പിച്ച മാറ്റം എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ അനാവശ്യമായി മാറിക്കഴിഞ്ഞു’- താരാ സിംഗ് ഗോപിചന്ദ് കേസിൽ (1950) പഞ്ചാബ് ഹൈക്കോടതി നടത്തിയ പ്രസ്താവന.

രൊമേശ് ഥാപ്പർ കേസ്

‘ക്രോസ് റോഡ്സ്', ‘ഓർഗനൈസർ' എന്നീ പ്രസിദ്ധീകരണങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഗവൺമെന്റിനെതിരെ വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് എച്ച്.ജെ. കനിയ, ജസ്റ്റിസുമാരായ സയ്യിദ് ഫസൽ അലി, എം. പതഞ്ജലി ശാസ്ത്രി, എം.സി. മഹാജൻ, ബി.കെ. മുഖർജി, എസ്.ആർ. ദാസ് എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ ഫുൾ ബെഞ്ച് ഗവൺമെന്റിനെതിരായി വിധിയെഴുതി: ‘‘കരട് ഭരണഘടനയുടെ അനുച്ഛേദം 13 (2) ൽ നിന്ന്​ ‘ദേശദ്രോഹം' എന്ന വാക്ക് നീക്കംചെയ്തതിലൂടെ, ഗവൺമെന്റിനെതിരായ വിമർശനങ്ങളോ അനാദരവോ വിരോധമോ ഒന്നും ദേശസുരക്ഷയ്ക്ക് ഭീഷണി ആവുകയോ ഗവൺമെൻറ്​ അട്ടിമറിക്കപ്പെടാൻ കാരണമാവുകയോ ചെയ്യാത്തിടത്തോളം കാലം, അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനുള്ള ന്യായീകരണമാകുകയില്ല. ‘പൊതുസമാധാനത്തെയോ ഭരണകൂടത്തിന്റെ അധികാരത്തെയോ ദുർബലപ്പെടുത്തുന്ന' എന്ന ഐറിഷ് സങ്കൽപവും ഭരണഘടനാ ശിൽപികൾക്ക് സ്വീകാര്യമായിരുന്നില്ല. അങ്ങനെ അഭിപ്രായസ്വാതന്ത്ര്യത്തെ നിയമം കൊണ്ട് മറികടക്കുന്നതിന് വളരെ കർക്കശമായ നിയന്ത്രണങ്ങളാണ് ഭരണഘടന മുന്നോട്ടുവെക്കുന്നത്. ഒരുപക്ഷേ ക്രമസമാധാനപാലനം ലക്ഷ്യംവെച്ചിട്ടുള്ളതാണെങ്കിൽ പോലും, രാജ്യസുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകുന്ന അഭിപ്രായങ്ങളെ നിരോധിക്കുന്ന നിയമങ്ങളല്ലാതെ മറ്റൊന്നും ഭരണഘടനയുടെ അനുച്ഛേദം 19 (2) നുകീഴിൽ സംരക്ഷണം അർഹിക്കുന്നില്ല’’ എന്നായിരുന്നു കോടതിയുടെ അഭിപ്രായം.
അക്കാലത്ത് അനുച്ഛേദം 19 (2) നുകീഴിലുള്ള നിയന്ത്രണങ്ങളിൽ പൊതുസമാധാനം ഉൾപ്പെട്ടിരുന്നില്ല.

ഈ വിധിയെ മറികടക്കാൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി വരികയും ‘പൊതു സമാധാനം' അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഭരണഘടനയുടെ അനുഛേദം 19 (2) ന്റെ ഭാഗമാവുകയും ചെയ്തു. അതിനുശേഷവും "ദേശദ്രോഹം' ഭരണഘടനയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാവുന്ന ഘടകങ്ങളുടെ ഭാഗമായില്ല. കോടതികളും അങ്ങനെ കരുതിയില്ല. താരാ സിങ് ഗോപിചന്ദ് കേസിൽ പഞ്ചാബ് ഹൈക്കോടതി അത് വ്യക്തമാക്കുകയുണ്ടായി: ‘‘വൈദേശിക ഭരണത്തിന് കീഴിൽ അനിവാര്യമെന്ന് കരുതിയിരുന്ന ‘ദേശദ്രോഹ നിയമം' നമ്മുടെ രാജ്യത്ത് സംഭവിച്ചിരിക്കുന്ന വമ്പിച്ച മാറ്റം എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ അനാവശ്യമായി മാറിക്കഴിഞ്ഞു’’- ഹൈക്കോടതി പ്രസ്താവിച്ചു.

രാം നന്ദൻ കേസിൽ അലഹബാദ് ഹൈക്കോടതിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഭരണഘടനയുടെ ഒന്നാം ഭേദഗതി അവതരിപ്പിക്കവേ, പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പാർലമെന്റിൽ നടത്തിയ പ്രസംഗം ഉദ്ധരിച്ചാണ്, 124 (എ)- ക്കെതിരെയുള്ള നിലപാട് ഹൈക്കോടതി പ്രകടിപ്പിച്ചത്: ‘‘എന്നെ സംബന്ധിച്ച്​ 124 (എ) നിന്ദ്യവും ദോഷകരവുമായ ഒരു വകുപ്പാണ്. നാം നിർമിക്കുന്ന ഒരു നിയമസംഹിതയിലും ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ ഇത്തരമൊരു വകുപ്പിന് ഇടമുണ്ടാകാൻ പാടില്ലാത്തതാണ്. എത്ര പെട്ടെന്ന് ഈ വകുപ്പ് നീക്കംചെയ്യുന്നുവോ അത്രയും നല്ലത്’’- എന്നായിരുന്നു നെഹ്‌റു പ്രസംഗിച്ചത്. (എന്നിരുന്നാലും നെഹ്‌റുവിന്റെ കാലത്ത് പ്രസ്തുത നിയമം നീക്കംചെയ്തില്ല. ശിക്ഷയായുണ്ടായിരുന്ന ‘നാടുകടത്തൽ' ജീവപര്യന്തമാക്കി എന്നതുമാത്രമായിരുന്നു ഒരു മാറ്റം).

‘ഖലിസ്ഥാൻ സിന്ദാബാദ്! ഹിന്ദുസ്ഥാൻ മൂർദാബാദ്!' എന്ന് മുദ്രാവാക്യം മുഴക്കിയതിന്​ രാജ്യദ്രോഹം ചാർത്തപ്പെട്ട വ്യക്തികളുടെ അപ്പീലിൽ സുപ്രീംകോടതി അവരെ കുറ്റവിമുക്തരാക്കുകയും, ‘കേവലം മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമല്ല' എന്ന് പ്രസ്താവിക്കുകയുമുണ്ടായി.

ഭരണഘടനയുടെ അനുഛേദം 13 (1) അനുസരിച്ച്, മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ, മുമ്പ് നിലനിന്നിരുന്ന ഏതൊരു നിയമവും റദ്ദായതായി കണക്കാക്കേണ്ടതാണ്. ‘രാജ്യദ്രോഹം', അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച അനുച്ഛേദം 19 (1)-ന് ഏർപ്പെടുത്തിയിട്ടുള്ള യുക്തിസഹമായ നിയന്ത്രണങ്ങൾ വിവരിച്ചിരിക്കുന്ന, അനുച്ഛേദം 19 (2)-ന്റെ ഭാഗമല്ലാത്തതുകൊണ്ടുതന്നെ, ഐ.പി.സി. 124 (എ) ഭരണഘടനാവിരുദ്ധമാണ്. ഇത് വളരെ ലളിതമായ ഒരു നിയമ പ്രശ്‌നമാണ്. അതാണ് മേൽപ്പറഞ്ഞ വിധികളിലും വിവരിച്ചിട്ടുള്ളത്. എന്നാൽ 1962-ലെ കേദാർനാഥ് കേസിൽ സുപ്രീംകോടതി ഇതിനെയെല്ലാം കീഴ്‌മേൽ മറിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയായിരുന്നു അത്​.

കേദാർനാഥ് കേസ്

1953-ൽ, ബിഹാറിലെ ബഗുസുരായിയിൽ, കേദാർനാഥ് സിങ് നടത്തിയ പ്രസംഗത്തെ തുടർന്നായിരുന്നു അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചേർത്ത് കേസെടുത്തത്. പ്രസംഗത്തിന്റെ പ്രസക്തഭാഗം: ‘‘...ഇന്ന് സി.ബി.ഐ.യുടെ പട്ടികൾ ബറൗനിയിൽ കറങ്ങിനടക്കുന്നുണ്ട്. പല ഔദ്യോഗിക നായ്ക്കളും ഇവിടെയും വന്നിരിക്കുന്നുണ്ട്. ബ്രിട്ടീഷുകാരെ നമ്മൾ തുരത്തിയതുപോലെ ഈ കോൺഗ്രസ് ഗുണ്ടകളെയും തുരത്തേണ്ടതുണ്ട്. ഒരു വിപ്ലവമുണ്ടാവും എന്നുതന്നെ നമ്മൾ വിശ്വസിക്കുന്നു. അതിന്റെ അഗ്നിയിൽ മുതലാളിമാരും ജന്മിമാരും കോൺഗ്രസ് നേതാക്കന്മാരും ഒരുപിടി ചാരമായി മാറും. അവരുടെ ചാരത്തിനു മുകളിലായിരിക്കും നമ്മൾ ഇന്ത്യയിലെ ദരിദ്രരുടെയും പീഡിതരുടെയും ഭരണകൂടം പടുത്തുയർത്തുന്നത്.’’

ഐ.പി.സി. 124 എ, അതിന്റെ വാചികാർഥത്തിലെടുത്താൽ, ഈ പ്രസംഗം രാജ്യദ്രോഹമാണ്. അതാണ് കൊളോണിയൽ നിയമപാരമ്പര്യവും. എന്നാൽ ഒരു ജനാധിപത്യ സംവിധാനത്തിനുകീഴിൽ ഭരണകൂടത്തിനെതിരെ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ പൗരന് അവകാശമുണ്ട് എന്നായിരുന്നു കേദാർനാഥിന്റെ നിലപാട്. അതുകൊണ്ടുതന്നെ, കേദാർനാഥ് സിങ്, ഐ.പി.സി. 124 എയുടെ ഭരണഘടനാ സാധുത സുപ്രീംകോടതിയിൽ ചോദ്യംചെയ്തു. 1962-ൽ ആ പ്രസംഗം ഒരു അക്രമാഹ്വാനമല്ല എന്നുകണ്ട് സുപ്രീംകോടതി അദ്ദേഹത്തെ വെറുതെവിട്ടു. എന്നിരുന്നാലും അതേ വിധിയിൽ തന്നെ 124 എ വകുപ്പിന്റെ ഭരണഘടനാപരത ശരിവെക്കുകയും ചെയ്തു. അങ്ങനെയൊരു തീരുമാനത്തിലെത്താൻ രാജ്യദ്രോഹം എന്ന വകുപ്പിനെയാകെ പുനർനിർവചിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.

രൊമേഷ് ഥാപർ

യഥാർത്ഥത്തിൽ 1950-ലെ രൊമേശ് ഥാപ്പർ വിധിയിൽ നിന്നുള്ള പിൻനടത്തമാണ് 1962-ൽ സംഭവിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 19 (2)-ൽ നിന്ന് രാജ്യദ്രോഹം എന്ന വാക്ക് ഒഴിവാക്കിയത്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 124 (എ) മുന്നോട്ടുവെക്കുന്ന ജനാധിപത്യവിരുദ്ധമായ ആശയത്തെ നിഷേധിക്കുന്നതിനും രാജ്യദ്രോഹം എന്ന കുറ്റത്തെ നിരാകരിക്കുന്നതിനും വേണ്ടിയാണെന്ന ശരിയായ ചരിത്രവായനയാണ് 1950-ലെ കോടതിവിധിയിൽ പ്രതിഫലിച്ചിരുന്നതെങ്കിൽ, 124 (എ) നിലനിർത്തുന്നതിനുവേണ്ടി ചരിത്രത്തെയും നിയമത്തെയും അതിനനുകൂലമായി വ്യാഖ്യാനിക്കുകയാണ് കേദാർനാഥ് കേസിൽ സുപ്രീംകോടതി ചെയ്തത്. വാച്യാർഥത്തിൽ, ആ വകുപ്പ് നിലനിർത്താൻ യാതൊരു മാർഗവും ഇല്ല എന്നുകണ്ട്​, കുറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ‘സത്യബോധത്തിന്റെ പേരാണ് രാമൻ' എന്നൊക്കെ പറയുന്നതുപോലെ, ‘രാജ്യദ്രോഹം' വേറെ എന്തൊക്കെയോ ആണ് എന്ന തരത്തിൽ വകുപ്പിന്റെ അർഥം തന്നെ മാറ്റിയെഴുതി സംരക്ഷിച്ചെടുക്കുകയായിരുന്നു സുപ്രീം കോടതി. അങ്ങനെയാണ് ഭരണഘടനാ നിർമാണസഭ വേണ്ടെന്നുവച്ച രാജ്യദ്രോഹം കോടതി വഴി നമ്മുടെ നാട്ടിൽ തിരിച്ചെത്തുന്നത്. ചീഫ് ജസ്റ്റിസ് എസ്. ഭുവനേശ്വർ പ്രസാദ് സിൻഹ ആണ് വിധിയെഴുതിയത്. രൊമേശ് ഥാപ്പർ കേസിൽ വിധിയെഴുതിയ ബെഞ്ചിലെയും അംഗമായിരുന്ന ജസ്റ്റിസ് എസ്.ആർ. ദാസ്. പക്ഷേ ഇവിടെ വിയോജിപ്പ് രേഖപ്പെടുത്തിയില്ല എന്നത് നമ്മളെ അത്ഭുതപ്പെടുത്തും. ജസ്റ്റിസുമാരായ എ.കെ. സർക്കാർ, എൻ. രാജഗോപാല അയ്യങ്കാർ, ജെ.ആർ. മുധോൽകർ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

എന്തായാലും 124 (എ) യിൽ പറയുന്ന വളരെ വിപുലമായ അർഥതലങ്ങളിൽ നിന്ന് രാജ്യദ്രോഹം എന്ന വകുപ്പ് പ്രയോഗിക്കാൻ കഴിയുന്ന സാഹചര്യങ്ങളെ വലിയതോതിൽ പരിമിതപ്പെടുത്തി എന്നത് കേസിലെ ഒരു നേട്ടവുമാണ്. ഗവൺമെന്റിനെതിരെയുള്ള വിമർശനങ്ങളോ വിയോജിപ്പുകളോ അനാദരവോ ഭരണത്തിലിരിക്കുന്ന വ്യക്തികളോടുള്ള അനാദരവോ ഒന്നും രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരില്ലെന്നും അക്രമത്തിനുള്ള ആഹ്വാനമാണ് കുറ്റകൃത്യത്തിന്റെ മാനദണ്ഡം എന്നും വന്നു. എന്നാൽ, ‘പൊതുസമാധാനമോ പൊതുക്രമമോ ഇല്ലാതാക്കുന്നതിനുള്ള, ഉദ്ദേശ്യമോ പ്രവണതയോ' എന്ന വിധിയിലെ പ്രയോഗം അവ്യക്തതകൾ ബാക്കിയാക്കും.

1995-ലെ ‘ബൽവന്ത് സിങ് കേസ്' കേദാർനാഥ് വിധിയെ പിൻപറ്റി വന്നിട്ടുള്ള മറ്റൊരു തീരുമാനമാണ്. ‘ഖലിസ്ഥാൻ സിന്ദാബാദ്! ഹിന്ദുസ്ഥാൻ മൂർദാബാദ്!' എന്ന് മുദ്രാവാക്യം മുഴക്കിയതിന്​ രാജ്യദ്രോഹം ചാർത്തപ്പെട്ട വ്യക്തികളുടെ അപ്പീലിൽ സുപ്രീംകോടതി അവരെ കുറ്റവിമുക്തരാക്കുകയും, ‘കേവലം മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമല്ല' എന്ന് പ്രസ്താവിക്കുകയുമുണ്ടായി.

എന്നാൽ ഇതുകൊണ്ടൊന്നും 124 (എ) എന്ന നിഷ്ഠൂര നിയമത്തിന്റെ പ്രയോഗത്തിൽ വലിയ മാറ്റമുണ്ടാകില്ല എന്നാണ് അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദേശദ്രോഹ ദുരുപയോഗത്തിന്റെ തോത് ഭീഷണമാംവിധം വർധിച്ചുവരുന്നതായും കാണുന്നു. അങ്ങനെ ഒരു ഘട്ടത്തിലാണ് രാജ്യദ്രോഹ നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണം എന്ന ആവശ്യം സുപ്രീം കോടതിയുടെ മുന്നിലെത്തുന്നത്.

രാഷ്ട്രീയ നേതാക്കന്മാരെ വിമർശിച്ചതിന്​ രാജ്യദ്രോഹം ചാർത്തുന്ന സംഭവങ്ങളിൽ 96 ശതമാനവും ഉണ്ടായത് 2014-നുശേഷമാണ്. അതിൽ ഏറ്റവും കൂടുതൽ കേസുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിനാണ്, 149 എണ്ണം. രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്, 144 കേസുകൾ.

ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ നോക്കുക.
2022, മെയ് അഞ്ചിന് അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ വാദിച്ചത് കേദാർനാഥ് വിധി പുനഃപരിശോധിക്കേണ്ടതില്ല എന്നും ദുരുപയോഗം തടയാൻ ആവശ്യമായ മാർഗനിർദേശങ്ങൾ മതിയെന്നുമാണ്. തൊട്ടടുത്ത ദിവസം സോളിസിറ്റർ ജനറലും ഇതേ വികാരം പ്രകടിപ്പിച്ചു. ദുരുപയോഗത്തിന്റെ, ഒറ്റപ്പെട്ട സംഭവങ്ങൾ നിയമം റദ്ദ് ചെയ്യുന്നതിനുള്ള കാരണമായി കണക്കാക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. അതിനും ശേഷമാണ്, വെളിപാടുപോലെ, ‘ഞങ്ങൾ നിയമം പുനഃപരിശോധിക്കാൻ പോകുന്നു’വെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി കോടതിയെ അറിയിച്ചത്: ‘‘രാജ്യത്ത് നിരവധി കൊളോണിയൽ ശേഷിപ്പുകളുണ്ട്. അത്തരത്തിലുള്ള 1500-ഓളം കാലഹരണപ്പെട്ട നിയമങ്ങൾ ഞങ്ങൾ നീക്കിയിട്ടുണ്ട്. രാജ്യദ്രോഹത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ട നിരീക്ഷണങ്ങളെപ്പറ്റി ഗവൺമെന്റിന് ബോധ്യമുണ്ട്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിച്ച്​, ഇതിൽ ഉൾപ്പെട്ടിട്ടുള്ള പൗരാവകാശ പ്രശ്നങ്ങളും മനുഷ്യാവകാശ പ്രശ്നങ്ങളും പരിഗണിച്ച്​, 124 (എ) പുനഃപരിശോധിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികം പ്രമാണിച്ച് ‘ആസാദി കാ അമൃത്​വർഷ്​’ പരിപാടിയുടെ ഭാഗമായി അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആശങ്കകൾ പ്രധാനമന്ത്രിയും പങ്കുവയ്ക്കുന്നുണ്ട്’’- ഇതായിരുന്നു സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലം.

'കോടതികൾ സർക്കാരിനെ ബഹുമാനിക്കേണ്ടതുണ്ട്. ഞങ്ങൾ കോടതിയെ ബഹുമാനിക്കുന്നുണ്ട്. ഇവിടെ കൃത്യമായ വേർതിരിവുകളും അതിരുകളുമുണ്ട്. ഇതിനിടയിലുള്ള ലക്ഷ്മണരേഖ മുറിച്ചു കടക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്'- ആർട്ടിക്കിൾ 124 (എ) പുനപരിശോധിക്കെ കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു സുപ്രീം കോടതിയോട് നടത്തിയ പ്രതികരണം. / Photo: Wikimedia Commons

ഈ നിലപാട് പക്ഷേ കോടതി നടപടികൾ വൈകിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു എന്ന് വിധിയോടുള്ള നിയമമന്ത്രിയുടെ രൂക്ഷമായ പ്രതികരണത്തിൽ വ്യക്തമാണ്: ‘‘കോടതികൾ സർക്കാരിനെ ബഹുമാനിക്കേണ്ടതുണ്ട്. ഞങ്ങൾ കോടതിയെ ബഹുമാനിക്കുന്നുണ്ട്. ഇവിടെ കൃത്യമായ വേർതിരിവുകളും അതിരുകളുമുണ്ട്. ഇതിനിടയിലുള്ള ലക്ഷ്മണരേഖ മുറിച്ചുകടക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്’’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

2021 ഡിസംബറിൽ അസമിൽ നിന്നുള്ള എം.പി. ബദറുദ്ദീൻ അജ്മൽ ഉന്നയിച്ച ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിൽ സെക്ഷൻ 124 (എ) പുനഃപരിശോധിക്കാനുള്ള യാതൊരു പദ്ധതിയും സർക്കാരിന്റെ മുന്നിലില്ല എന്ന് ഇതേ മന്ത്രി തന്നെ പാർലമെന്റിനെ അറിയിച്ചിരുന്നതാണ്. അതിനുശേഷമാണ് സുപ്രീം കോടതിയിൽ ഇത്തരമൊരു സത്യവാങ്മൂലം സമർപ്പിച്ചത്. കേന്ദ്രസർക്കാർ നിലപാട് മൃദുവായ ഭാഷയിൽ പറഞ്ഞാൽ കാപട്യമാണ്.

‘ആർട്ടിക്കിൾ 14' നടത്തിയ ഗവേഷണത്തിൽ ക്രോഡീകരിച്ച കണക്കുകൾ പരിശോധിച്ചാൽ, രാജ്യദ്രോഹം എങ്ങനെയാണ് നമ്മുടെ രാജ്യത്ത് പ്രയോഗിക്കുന്നത്, ആരൊക്കെയാണ് അതിന്റെ ഇരകൾ, ആർക്കുവേണ്ടിയാണ് ഈ നിയമം നിലനിൽക്കുന്നത്, എന്നെല്ലാം വ്യക്തമാകും. 2010-നു ശേഷം രജിസ്റ്റർ ചെയ്​ത രാജ്യദ്രോഹക്കേസുകളിൽ 65 ശതമാനവും 2016-നുശേഷമുള്ളതാണ് എന്നുകാണാം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യദ്രോഹ കേസുകളുടെ എണ്ണത്തിൽ 190 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. രാഷ്ട്രീയ നേതാക്കന്മാരെ വിമർശിച്ചതിന്​ രാജ്യദ്രോഹം ചാർത്തുന്ന സംഭവങ്ങളിൽ 96 ശതമാനവും ഉണ്ടായത് 2014-നുശേഷമാണ്. അതിൽ ഏറ്റവും കൂടുതൽ കേസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനാണ്, 149 എണ്ണം. രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്, 144 കേസുകൾ. വിദ്യാർഥി നേതാക്കളും മാധ്യമപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും അഭിഭാഷകരും രാഷ്ട്രീയപ്രവർത്തകരുമെല്ലാം ഇതിന്റെ ഇരകളാണ്. ഇത്തരമൊരു ട്രാക്ക് റെക്കോർഡുള്ള ഭരണസംവിധാനത്തിനുകീഴിൽ എന്തുതരം പുനഃപരിശോധനയാണ് ഉണ്ടാവുക എന്നൂഹിക്കാവുന്നതേയുള്ളൂ.

ഈ സാഹചര്യം മനസ്സിലാക്കി ഉയർന്നുവരേണ്ടിയിരുന്ന പ്രധാന ചോദ്യങ്ങൾ കോടതി ഉന്നയിച്ചില്ല. ഈ നിയമം അനുയോജ്യമായ ഫോറം പുനഃപരിശോധിക്കും എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഏത്​ ഫോറമാണ് പുനഃപരിശോധിക്കാൻ പോകുന്നത് എന്ന് കോടതി ചോദിച്ചില്ല. എന്തടിസ്ഥാനത്തിലായിരിക്കും പുനഃപരിശോധന എന്നാരാഞ്ഞില്ല. എത്ര നാൾക്കകം നടപടി പൂർത്തിയാകുമെന്നും കോടതി അന്വേഷിച്ചില്ല. ഇതൊന്നുമറിയാതെ പുനഃപരിശോധനയ്ക്ക്​ അവസരം കൊടുക്കുകയാണ് ഉണ്ടായത്. ഒരുപക്ഷെ പോട്ട മാറി യു.എ.പി.എ. ഭേദഗതി ചെയ്ത് വന്നതുപോലെ കൂടുതൽ നിഷ്ഠൂരമായ ഒരു നിയമം വരാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല. നിയമത്തിന്റെ ദുരുപയോഗങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും, ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചാൽ അത് പരിഹരിക്കപ്പെടുമെന്നുമുള്ള കേന്ദ്ര സർക്കാർ വാദവും ചരിത്രത്തിനു നിരക്കുന്നതല്ല.

ഓപ്പൺ കോർട്ടിൽ പറഞ്ഞിരുന്നതുപോലെ, വിചാരണത്തടവുകാർക്ക് ഈ ഉത്തരവനുസരിച്ച് ജാമ്യത്തിന് കോടതിയെ സമീപിക്കാം എന്ന വാചകം പുറത്തുവന്ന ഉത്തരവിൽ കാണുന്നുമില്ല. കോടതി ഇപ്പോൾതന്നെ 124 (എ) യുടെ ഭരണഘടനാപരത പരിശോധിക്കുവാൻ തയ്യാറായിരുന്നുവെങ്കിൽ ഈയൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു

കോടതികൾ തന്നെ നിരവധി മാർഗനിർദേശങ്ങൾ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. പൊതു സമാധാനത്തിനും രാജ്യത്തിന്റെ സ്ഥിരതയ്ക്കും ഭംഗം വരുത്തുന്ന സംഭവങ്ങൾ മാത്രമേ ഈ വകുപ്പിനുകീഴിൽ വരികയുള്ളൂ എന്ന് കേദാർനാഥ് കേസിൽ കോടതി വ്യക്തമാക്കിയിരുന്നു. അർണേഷ് കുമാർ കേസിൽ, രാജ്യദ്രോഹക്കുറ്റത്തിന് ഒരാൾ ജയിലിലാകുന്നതിനുമുൻപ് മുമ്പ് പ്രഥമദൃഷ്ട്യാ ഇയാൾക്കെതിരെ രാജ്യദ്രോഹ കേസെടുക്കാനുള്ള കാരണങ്ങളുണ്ടെന്ന് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണം എന്ന്​ നിർദേശിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ എക്​സ്​പ്രസ്​നടത്തിയ ഒരു അന്വേഷണത്തിൽ ഇതിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമ്മേളനങ്ങൾക്കുശേഷം ദേശദ്രോഹക്കുറ്റം ചാർത്തിയ സംഭവങ്ങളിൽ ഈ നിർദേശം പാലിച്ചിട്ടില്ല എന്ന് കണ്ടെത്തി. ക്രിമിനൽ നടപടി ക്രമം, വകുപ്പ് 196 അനുസരിച്ച്, രാഷ്ട്രത്തിനെതിരായ കുറ്റകൃത്യങ്ങളിൽ വിചാരണയ്ക്കുമുൻപ് ഗവൺമെന്റിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ, മുദ്രാവാക്യം വിളിച്ചതിനും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനുമെല്ലാം ദേശദ്രോഹം ചാർജ് ചെയ്യുമ്പോൾ, ഗവൺമെൻറ്​ അതിന് അനുമതി നൽകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

കോടതിയുടെ ഇടക്കാല ഉത്തരവിലും കേന്ദ്രസർക്കാരിനാവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാവുന്നതാണ് എന്നുകാണാം. എന്നാൽ മേൽപ്പറഞ്ഞ മാർഗനിർദേശങ്ങളെല്ലാം ഉണ്ടായിട്ടും, രാജ്യദ്രോഹക്കുറ്റം തന്നിഷ്ടംപോലെ അധികാരികൾ, രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച്, ഉപയോഗിച്ചുപോരുന്നു എന്ന് അനുഭവം നമ്മളോട് പറയുന്നു. അതായത് മാർഗനിർദേശങ്ങൾ ഇല്ലാത്തതല്ല, ഈ വകുപ്പ് തന്നെയാണ് പ്രശ്‌നം. വേറെയും അവ്യക്തതകളുണ്ട് കോടതിവിധിയിൽ. ഇപ്പോൾ കോടതി ഐ.പി.സി. 124 (എ) സ്റ്റേ ചെയ്തിട്ടില്ല. മേലിൽ ഈ വകുപ്പിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യരുതെന്ന് സാങ്കേതികമായി നിർദേശിച്ചിട്ടില്ല. ആ സാഹചര്യത്തിൽ ഈ നിയമം ഇനിയും ഉപയോഗിക്കില്ല എന്ന് യാതൊരുറപ്പുമില്ല. 2015-ൽ സുപ്രീംകോടതി റദ്ദ് ചെയ്ത ഐ.ടി. നിയമത്തിലെ സെക്ഷൻ 66 (എ) ഉപയോഗിച്ച് സമീപകാലം വരെ കേസെടുത്തിട്ടുണ്ട്. 2021-ൽ ഇത്തരം 755 സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് പി.യു.സി.എൽ. സുപ്രീംകോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് ഗവണ്മെന്റുകൾ അത് കാര്യമായെടുത്തത്. കോടതി നിയമം റദ്ദ് ചെയ്ത ആറുവർഷത്തിനു ശേഷമുള്ള അവസ്ഥയാണ് ഇതെന്നോർക്കണം. അപ്പോഴാണ് താൽക്കാലികമായി മരവിപ്പിച്ച ഒരു വകുപ്പ്. ഓപ്പൺ കോർട്ടിൽ പറഞ്ഞിരുന്നതുപോലെ, വിചാരണത്തടവുകാർക്ക് ഈ ഉത്തരവനുസരിച്ച് ജാമ്യത്തിന് കോടതിയെ സമീപിക്കാം എന്ന വാചകം പുറത്തുവന്ന ഉത്തരവിൽ കാണുന്നുമില്ല. ഇതൊക്കെ സംബന്ധിച്ച് ചില അവ്യക്തതകൾ ബാക്കിയാണ്.

എന്നാൽ, കോടതി ഇപ്പോൾതന്നെ 124 (എ) യുടെ ഭരണഘടനാപരത പരിശോധിക്കുവാൻ തയ്യാറായിരുന്നുവെങ്കിൽ ഈയൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു. സ്റ്റേ എന്നത് ഹർജിക്കാരുടെ ആവശ്യമേ ആയിരുന്നില്ല. വാദം കേൾക്കുന്നതിന് യാതൊരു തടസവും ഉണ്ടായിരുന്നില്ല. വൈവാഹിക ജീവിതത്തിലെ ബലാത്സംഗം സംബന്ധിച്ച കേസിൽ ഡൽഹി ഹൈക്കോടതി ചെയ്തത് അതാണ്. നിയമം തങ്ങൾ പുനഃപരിശോധിക്കുകയാണെന്നും, അതുവരെ കോടതി കാത്തിരിക്കണമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വാദം കേട്ട്, കേസിൽ വിധി പറയുകയായിരുന്നു. ഈ കേസിലും അതു സാധ്യമാകുമായിരുന്നു. കാരണം 1962-ലെ വിധി കാലഹരണപ്പെട്ടതാണ്. കേദാർനാഥ് വിധിയെ അതുണ്ടായ പ്രത്യേക കാലഘട്ടത്തിൽ നിന്ന്​മനസ്സിലാക്കേണ്ടതാണ്. ഒന്ന്, രൊമേശ് ഥാപ്പർ കേസിലെ വിധി വരുന്നത് നമ്മുടെ ഭരണഘടന നിലവിൽ വന്നതിന് ഒരു വർഷത്തിനുശേഷം മാത്രമാണ്. ദേശീയപ്രസ്ഥാനവും ഭരണഘടനാ നിർമാണപ്രക്രിയയുമൊക്കെ പൊതുബോധത്തിൽ സജീവമായി നിലനിന്നിരുന്ന സമയം. അതിൽ നിന്ന്​വ്യത്യസ്തമായി സ്വാതന്ത്ര്യസമര പ്രസ്ഥാനം നേരിട്ടിരുന്ന രാഷ്ട്രീയ പരിതസ്ഥിതിയെക്കുറിച്ചുള്ള ബോധം പൊതുസമൂഹത്തിൽ നിന്ന്​ മാഞ്ഞുതുടങ്ങിയ ഒരു കാലഘട്ടത്തിലാണ് കേദാർനാഥ് വിധി ഉണ്ടായത്. രണ്ട്, മൗലികാവകാശങ്ങൾ ഇത്രമേൽ വിശാലമായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന കാലത്തുള്ള വിധിയല്ലത്. മൗലികാവകാശങ്ങളെ ഒറ്റപ്പെട്ട തുരുത്തുകളായി നീതിപീഠം കണക്കാക്കിയ എ.കെ. ഗോപാലൻ കേസിന്റെ കാലമാണ്. മൗലികാവകാശങ്ങൾ ഒറ്റപ്പെട്ട കമ്പാർട്ട്മെന്റുകളല്ല എന്നും, അവയെല്ലാം പരസ്പരപൂരകങ്ങളാണെന്നും സുപ്രീംകോടതി വിലയിരുത്തിയ​ മേനകഗാന്ധി കേസിനും, വ്യക്തിയുടെ സ്വയം നിർണയാവകാശവും ഭരണകൂട നടപടികളുടെ ആനുപാതികത സംബന്ധിച്ചും നിർണായക നിലപാടുകൾ മുന്നോട്ടുവെച്ച പുട്ടസ്വാമി കേസിനും, മൗലികാവകാശങ്ങളുടെ വിശാലമാനങ്ങൾ അംഗീകരിക്കപ്പെട്ട നാസ് ഫൗണ്ടേഷൻ (സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമായി കണക്കാക്കിക്കൊണ്ടുള്ള ഐ.പി.സി. വകുപ്പ് 377 റദ്ദ് ചെയ്ത വിധി) വിധിക്കും ഒക്കെ മുന്നേയാണ്, ലോകരാജ്യങ്ങളിലെല്ലാം രാജ്യദ്രോഹക്കുറ്റം നിയമത്തിൽ നിന്ന് നീക്കംചെയ്ത് തുടങ്ങുന്നതിനും മുൻപേയാണ്, ഈയൊരു വിധിയുണ്ടായത് എന്ന് ഓർക്കണം​.

സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ഈ കാലഘട്ടത്തിൽ 124 (എ) പോലൊരു നിയമത്തിന് പ്രസക്തിയില്ല. രാജ്യദ്രോഹം നിയമസംഹിതയുടെ ഭാഗമാക്കിയിരുന്ന ഇംഗ്ലണ്ട് ഉൾപ്പടെയുള്ള പ്രധാന രാജ്യങ്ങളെല്ലാം നിയമപുസ്തകങ്ങളിൽ നിന്ന് അത് നീക്കിക്കഴിഞ്ഞു. ബ്രിട്ടീഷ് പാർലമെന്റിൽ, കൊറോനേഴ്സ് ആൻഡ് ജസ്റ്റിസ് ആക്ട് 2009 അവതരിപ്പിച്ച്​ ജസ്റ്റിസ് മിനിസ്റ്റർ ക്ലെയർ വാർഡ് പറഞ്ഞത് ഇപ്രകാരമാണ്: ‘‘നാമിന്നു കാണുന്നതുപോലെയുള്ള ഒരവകാശമായി ‘അഭിപ്രായസ്വാതന്ത്ര്യം' കണക്കാക്കപ്പെട്ടിരുന്നില്ലാത്ത ഒരു കാലഘട്ടത്തിൽ രൂപംകൊണ്ട പ്രാകൃതമായ വകുപ്പാണ് രാജ്യദ്രോഹം. അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഉരകല്ല് ആയാണ് ഇന്ന് മനസ്സിലാക്കപ്പെടുന്നത്. ഗവൺമെന്റിനെ വിമർശിക്കാനുള്ള ജനങ്ങളുടെ അവകാശം സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ പരമപ്രധാനമാണ്.’’ ബ്രിട്ടീഷുകാർ അവശേഷിപ്പിച്ചുപോയ ഈ കൊളോണിയൽ കുറ്റകൃത്യം ഇനിയും നമ്മൾ ചുമക്കേണ്ടതില്ല.

എങ്ങനെ പരിശോധിച്ചാലും തിരുത്തേണ്ട ഒരു തീരുമാനമായിരുന്നു 1962-ൽ കേദാർനാഥ് കേസിൽ സുപ്രീംകോടതിയിൽ നിന്നുണ്ടായത്. സർക്കാരിന്റെ പുനഃപരിശോധന നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ, അതിനു സമാന്തരമായി നമ്മുടെ പരമോന്നത നീതിപീഠം 124 (എ)-യുടെ ഭരണഘടനാപരത പരിശോധിച്ച് പോവുക തന്നെ വേണമായിരുന്നു. അതിനു തയ്യാറാകാതിരുന്നത് കോടതിയുടെ പ്രാഥമിക കടമയിൽ നിന്നുള്ള ഒളിച്ചോട്ടമാണ് എന്ന് പറയാതെ വയ്യ. വരുന്ന ജൂലൈയിൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതി എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് കാത്തിരുന്നു കാണാം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


പി.ബി. ജിജീഷ്​

പ്രൈവസിയുമായി ബന്ധപ്പെട്ട നിയമ- ധാർമിക വിഷയങ്ങൾ, ടെക്‌നോളജി, ഭരണഘടനാ ജനാധിപത്യം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Aadhaar: How a Nation is Deceived, ജനാധിപത്യം നീതി തേടുന്നു തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments