സ്വാതന്ത്ര്യം ഒരു രാജ്യമല്ല,

കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യയിൽ ചുമത്തിയ 405 രാജ്യദ്രോഹക്കുറ്റങ്ങളിൽ 149 കേസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനും 144 കേസുകൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ വിമർശിച്ചതിനുമാണ്.

അപ്പോൾ രാജ്യദ്രോഹം എന്തായിരിക്കും?

രാജ്യദ്രോഹക്കുറ്റം വാസ്തവത്തിൽ സുപ്രീം കോടതിയെ വരെ ഭയപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു എന്നതാണ് അവസ്ഥ. അതുകൊണ്ടുകൂടിയാണ് ആന്ധ്രയിൽ രണ്ടു ടെലിവിഷൻ ചാനലുകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം (Section 124 A , Indian Penal Code) ചുമത്തിയ സംഭവത്തിലെ തുടർനടപടി അടിയന്തരമായി നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഒപ്പം, രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെക്കുറിച്ച്​ കൂടുതൽ പരിശോധിക്കുകയും കർക്കശ മാനദണ്ഡങ്ങൾ ഉണ്ടാക്കുകയും വേണമെന്ന നിലപാടും കോടതി എടുത്തിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യം ഇന്നോളം നേരിട്ടതിൽ വെച്ച് കടുത്ത ആക്രമണം നേരിടുന്ന ഒരു ഘട്ടത്തിലാണ് ചെറുതെങ്കിലും ഇത്തരത്തിലൊരു നീക്കം കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. എന്താണ് രാജ്യദ്രോഹം എന്നതിന് ഭരിക്കുന്നവർക്ക് ഇഷ്ടമില്ലാത്ത എന്തും രാജ്യദ്രോഹമാകാം എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ആന്ധ്രാപ്രദേശിലെ ഭരണകക്ഷി വിമത എം.പിയുടെ പ്രസ്താവന നൽകിയതാണ് രണ്ടു ചാനലുകളെ രാജ്യദ്രോഹത്തിന്റെ കുരുക്കിൽ ചാടിച്ചത്.

അസംബന്ധം എന്നാണ് നമുക്ക് ആദ്യം തോന്നുകയെങ്കിലും ഇത് വളരെ കൃത്യമായൊരു ഘടന ആസൂത്രിതമായി നടപ്പാക്കുന്ന ഭരണകൂട ഭീകരതയാണ്. രാജ്യദ്രോഹക്കുറ്റം, യു.എ.പി.എ ( UAPA- Unlawful Activities (Prevention) Act, 1967) തുടങ്ങിയവയെല്ലാം സ്വാഭാവികമായി ചുമത്തപ്പെടുന്ന തരത്തിലേക്ക് നിയമസംവിധാനം എത്തിയിരിക്കുന്നു. യു.എ.പി.എയിലെ വകുപ്പുകളനുസരിച്ച് കുറ്റം ചുമത്തപ്പെട്ടാൽ പിന്നെ ആ നിയമത്തിലെ 43 D (5) അനുസരിച്ച് ജാമ്യം പോലും ലഭിക്കില്ല. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ട് എന്ന് യു.എ.പി.എ വകുപ്പുകൾ ചുമത്തുന്നതോടെത്തന്നെ കോടതി കരുതുന്നു. അതുകൊണ്ടുതന്നെ സാമാന്യമായ ജനാധിപത്യ പ്രതിഷേധങ്ങളെയും ആശയപരമായ വിയോജിപ്പുകളേയും വരെ അടിച്ചമർത്തുന്നതിന് കേന്ദ്ര സർക്കാർ ഇപ്പോൾ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയുമാണ്​ ഉപയോഗിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച എത്രയോ പേരെയാണ് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി തടവിലിട്ടിരിക്കുന്നത്. ഭീമ- കൊറേഗാവ് അടക്കമുള്ള കേസുകൾ ഇന്നിപ്പോൾ മുഖ്യധാരാ മാധ്യമങ്ങളിൽ കാണില്ലെങ്കിലും അതിലെ കുറ്റാരോപിതർ മിക്കവരും ജാമ്യം പോലും ലഭിക്കാതെ തടവിലാണ്. യാതൊരു തെളിവുകളുമില്ലാതെ വർഷങ്ങളോളം രാഷ്ട്രീയ പ്രതിയോഗികളെ തടവിലിടാനുള്ള ഒരു മാർഗമായി മാറിയിരിക്കുന്നു ഇത്തരം ജനാധിപത്യ വിരുദ്ധ നിയമങ്ങൾ.

അമൂല്യ ലിയോൺ
അമൂല്യ ലിയോൺ

‘പാകിസ്ഥാൻ സിന്ദാബാദ്’ എന്നുവിളിച്ചതിനാണ് അമൂല്യ ലിയോൺ എന്ന 19-കാരിയായ പെൺകുട്ടിക്കെതിരെ കർണാടക പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മറ്റു നിരവധി രാജ്യങ്ങളുടെ പേരിലും അവർ സിന്ദാബാദ് വിളിച്ചിരുന്നു. രാജ്യസ്നേഹം എല്ലാ രാജ്യങ്ങൾക്കും ബാധകമാണ് എന്ന് കാണിക്കാനാണ് അവർ ശ്രമിച്ചത്. ഇനിയിപ്പോൾ അവർ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിച്ചാൽ പോലും അത് രാജ്യദ്രോഹമൊന്നുമാകുന്നില്ല. പാകിസ്ഥാൻകാർ നല്ല നിലയിൽ ജീവിക്കണം എന്നുതന്നെയാണ് നമ്മളൊക്കെ ആഗ്രഹിക്കുന്നത്. Balwant Singh v State of Punjab (1995) കേസിൽ സുപ്രീം കോടതി ഇത് വ്യക്തമാക്കിയതുമാണ്. ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാൻ കഴിയില്ല എന്ന് കോടതി ആ വിധിയിൽ പറഞ്ഞു. പക്ഷെ എത്രയോ ആഴ്ചകൾ അമൂല്യ തടവിലായി. രാജ്യം ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്നുപോവുകയാണ് എന്നതുകൊണ്ടാണത്.

വേരുകൾ ബ്രിട്ടീഷ്​ കൊളോണിയൽ ഭരണത്തിൽ

രാജ്യദ്രോഹക്കുറ്റത്തിന്റെ ചരിത്രവഴികൾ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ കാലത്തു നിന്നാണ് തുടങ്ങുന്നത്. 1870-ൽ ഈ നിയമം (124-A ) ഇന്ത്യൻ ശിക്ഷാ നിയമത്തിൽ കൂട്ടിച്ചേർക്കുമ്പോൾ കൊളോണിയൽ ഭരണത്തിനെതിരായ പ്രതിഷേധങ്ങളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ അടിച്ചമർത്തുക എന്നൊരു ലക്ഷ്യം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ.

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനു കീഴിൽ മെക്കാളെ പ്രഭു നൽകിയ കരട് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ (1837-39) 113-ാം വകുപ്പായി രാജ്യദ്രോഹം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 1860-ൽ ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിൽ വന്നപ്പോൾ ഈ വകുപ്പ് ഒഴിവാക്കി. എന്നാൽ ഇന്ത്യയിലെ ജനകീയ പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും കർശനമായി അടിച്ചമർത്തേണ്ടതിന് ഇത്തരത്തിലൊരു നിയമം വേണ്ടതിന്റെ ആവശ്യകത 1857-ലെ ഒന്നാം സ്വാതന്ത്ര്യ കലാപം കഴിഞ്ഞതോടെ ബ്രിട്ടീഷുകാർക്ക് ബോധ്യപ്പെട്ടു. 1870-ൽ രാജ്യദ്രോഹം ഇന്ത്യൻ ശിക്ഷാ നിയമത്തിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു. അന്ന് അത് സംബന്ധിച്ച ചർച്ചകളിൽ ജിഹാദിനും ക്രിസ്ത്യൻ വിരുദ്ധ കലാപത്തിനും വഹാബികൾ തയ്യാറെടുപ്പ് നടത്തുന്നു എന്നതായിരുന്നു ഒരു കാരണമായി പറഞ്ഞത്. എന്തായാലും മുസ്​ലിംകൾക്കെതിരെ ഈ നിയമം രൂക്ഷമായി പ്രയോഗിക്കാൻ തുടങ്ങിയത് ബ്രിട്ടീഷുകാരല്ല, സ്വതന്ത്ര ഇന്ത്യയിലെ ഒരു സർക്കാരാണ് എന്നത് മറ്റൊരു ചരിത്ര വൈരുധ്യം.

കൊളോണിയൽ കാലഘട്ടത്തിൽത്തന്നെ രാജ്യദ്രോഹക്കുറ്റത്തിനെ പബ്ലിക്​ ഓർഡറുമായി കൂട്ടിച്ചേർത്തു വായിക്കാനും കേവലമായ അഭിപ്രായ പ്രകടനങ്ങളേയും രാഷ്ട്രീയ വിമർശനങ്ങളെയും ഇതിന്റെ പരിധിയിൽ നിന്നും ഒഴിവാക്കാനുമുള്ള ശ്രമങ്ങൾ ഫെഡറൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

ഗാന്ധിക്കെതിരെയും!

1891-ലാണ് ഈ വകുപ്പനുസരിച്ചുള്ള ആദ്യ കേസെടുക്കുന്നത്. Age of Consent ബില്ലിനെ വിമർശിച്ചതിനായിരുന്നു ജോഗേന്ദ്ര ചന്ദ്ര ബോസിനെതിരെ കുറ്റം ചുമത്തിയത്. അദ്ദേഹം മാപ്പു പറഞ്ഞതോടെ വിചാരണ ഒഴിവായി. എന്നാൽ ദേശീയ വിമോചന സമരത്തിന്റെ രാഷ്ട്രീയ രൂപം ഉരുത്തിരിഞ്ഞുതുടങ്ങിയതോടെ രാജ്യദ്രോഹ വകുപ്പ് കൊളോണിയൽ ഭരണത്തിന്റെ ഒഴിവാക്കാനാകാത്ത ആയുധമായി മാറി. ബാലഗംഗാധര തിലകനെതിരെയുള്ള മൂന്നു രാജ്യദ്രോഹക്കുറ്റ വിചാരണകൾ ഈ വകുപ്പിനെ കൂടുതൽ കർക്കശമായ വ്യാഖ്യാനങ്ങൾ ചമക്കുന്നതിലേക്കായിരുന്നു നയിച്ചത്. കേസരി യിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ സ്വർഗത്തിൽ നിന്ന്​ ശിവജി തന്റെ നാടിനെ വൈദേശിക ശക്തികൾ അടിമപ്പെടുത്തിയതിനെതിരെ പറയുന്ന ഒരു ഭാഗമാണ് തിലകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ കാരണമാക്കിയത്. 1908 ൽ തിലകനെ രാജ്യദ്രോഹക്കുറ്റത്തിന് ആറു വർഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. തിലകന്റെ വിചാരണയിലാണ് ജസ്റ്റിസ് സ്ട്രാഷേ 124A സംബന്ധിച്ച് വളരെ കർക്കശവും കൊളോണിയൽ ഭരണത്തിന് അനുകൂലവുമായ Starchey's Law എന്നറിയപ്പെട്ട വ്യാഖ്യാനം നൽകിയത്. 1922 ൽ ഗാന്ധിയെക്കൂടി ഈ കുറ്റം ചുമത്തി വിചാരണ ചെയ്തതോടെ രാജ്യദ്രോഹക്കുറ്റം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പോരാളികളുടെ അലങ്കാരമായി മാറുകയായിരുന്നു.

എന്നാൽ, കൊളോണിയൽ കാലഘട്ടത്തിൽത്തന്നെ രാജ്യദ്രോഹക്കുറ്റത്തിനെ പബ്ലിക്​ ഓർഡറുമായി കൂട്ടിച്ചേർത്തു വായിക്കാനും കേവലമായ അഭിപ്രായ പ്രകടനങ്ങളേയും രാഷ്ട്രീയ വിമർശനങ്ങളെയും ഇതിന്റെ പരിധിയിൽ നിന്നും ഒഴിവാക്കാനുമുള്ള ശ്രമങ്ങൾ ഫെഡറൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. നിഹാരേന്ദു ദത്ത് മജൂംദാർ (1942) കേസിൽ ഇത്തരത്തിൽ ഈ വകുപ്പിനെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ ഫെഡറൽ കോടതി നടത്തി. The offence of sedition cannot be invoked to minister to the wounded vanity of the governments, (Niharendu Dutt Mazumdar v. Emperor AIR 1942 FC22) എന്നായിരുന്നു നിരീക്ഷണം (പിന്നീട് ഏറ്റവുമൊടുവിൽ രാജ്യദ്രോഹം ചുമത്തപ്പെട്ട് ടൂൾ കിറ്റ് കേസിൽ തടവിലാക്കിയ ദിശാ രവിയുടെ കേസിൽ ജാമ്യം നൽകവേ ഡൽഹി കോടതി എടുത്തുപറഞ്ഞ നിരീക്ഷണം, നിഹാരേന്ദു ദത്ത മജൂംദാർ കേസിലേതായിരുന്നു). എന്നാൽ 1947-ൽ സദാശിവ് ഭലെറാവു കേസിൽ ഫെഡറൽ കോടതിയുടെ നിഹാരേന്ദു ദത്ത് മജൂംദാർ കേസിലെ വ്യാഖ്യാനം തള്ളിയ പ്രിവി കൗൺസിൽ വീണ്ടും ഇടുങ്ങിയ തരം വ്യാഖ്യാനത്തിലേക്ക് തിരിച്ചുപോയി.

രാജ്യദ്രോഹക്കുറ്റം ജനാധിപത്യ സമൂഹത്തിലെ പ്രതിപക്ഷ ശബ്ദങ്ങളെ ഞെരിക്കുമെന്നും അത് ജനാധിപത്യ സംവിധാനത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഉതകുന്നതായിരിക്കില്ലെന്നും ആദ്യ ഘട്ടത്തിൽ ഹൈക്കോടതികൾ വിധിച്ചു

നെഹ്​റുവിനും ഒഴിവാക്കാനായില്ല

സ്വാതന്ത്ര്യം ലഭിക്കുകയും ദേശീയ സ്വാതന്ത്ര്യ സമരത്തിലെ വിവിധ ധാരകളിലെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ സ്വാധീനിക്കുകയും ചെയ്ത ഭരണഘടനാ നിർമ്മാണ വേളയിൽ രാജ്യദ്രോഹക്കുറ്റം പോലുള്ള ജനാധിപത്യവിരുദ്ധ നിയമം ആദ്യം തന്നെ പുറത്തെറിയപ്പെടും എന്നാണ് നാം ന്യായമായും ധരിക്കുക. എന്നാൽ അതുണ്ടായില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അത് നിലനിർത്തപ്പെട്ടു. ഇന്ത്യയെ കേന്ദ്രീകൃത സ്വഭാവം കൂടുതലായുള്ള ഒരു യൂണിയനായി രൂപപ്പെടുത്തിയതോടെ രാജ്യദ്രോഹത്തിന്റെ നിർണായവകാശം അപകടകരമായ വിധത്തിൽ കേന്ദ്രീകരിക്കപ്പെട്ടു. പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 19-ന് ചില ഘട്ടങ്ങളിൽ നിയന്ത്രണമേർപ്പെടുത്താം എന്ന ഉപാധികളിലൊന്നായി രാജ്യദ്രോഹം കടന്നുവരാഞ്ഞത് കെ. എം. മുൻഷിയെപ്പോലെ അന്നത്തെക്കാലത്ത് യാഥാസ്ഥിതികനായിരുന്ന ഒരാൾ ഉയർത്തിയ കടുത്ത എതിർപ്പ് മൂലമാണ് എന്നോർക്കണം. അംബേദ്കർക്കടക്കം ഭരണഘടനയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമുള്ള പിരമിഡ് സമാനമായ അധികാര ശ്രേണീ കാഴ്ചപ്പാടിന്റെ അപകടങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഇടം പിടിച്ചതിന്റെ ഒരു പ്രശ്നം​ കൂടി ഇത് കാണിക്കുന്നുണ്ട്.

ദിശാ രവി
ദിശാ രവി

സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിർമാണ സഭയിൽ നടന്ന ചർച്ചകളുടെ ഫലമായി അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള വ്യവസ്ഥകളിൽ ‘രാജ്യദ്രോഹം’ ഉൾപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 124A പിടിവിടാതെ കിടന്നു. 1951-ലെ ഒന്നാം ഭേദഗതിയിലൂടെ ഭരണഘടനയിൽ 19(2) ൽ public order സ്ഥാനം പിടിച്ചു. റൊമേഷ് ഥാപ്പർ, ബ്രിജ്‌ ഭൂഷൺ കേസുകളിലെ വിധിയെ മറികടക്കാനായിരുന്നു ഈ ഭേദഗതി. കമ്യൂണിസ്റ്റ് പ്രസിദ്ധീകരണമായിരുന്ന ക്രോസ്​റോഡ്​സ്​, ആർ.എസ്.എസിന്റെ ഓർഗനൈസർ എന്നിവക്കുമേലുള്ള നിരോധനത്തിനെതിരായിരുന്നു വിധി. വാസ്തവത്തിൽ ഒന്നാം ഭരണഘടനാഭേദഗതി തന്നെ ജനാധിപത്യവിരുദ്ധമായ ഒരു ആവശ്യത്തിൽ നിന്നാണുണ്ടായതെന്ന് പറയാം. എന്നാലപ്പോഴും sedition /രാജ്യദ്രോഹം എന്നത് ഇന്ത്യയിൽ ഉപയോഗിക്കില്ലെന്നും അതിനുള്ള ജനാധിപത്യ ബോധം നമുക്കുണ്ടെന്നുമൊക്കെയുള്ള ആത്മവിശ്വാസം ജവഹർലാൽ നെഹ്‌റു ഈ ഭേദഗതിയുടെ ചർച്ചാവേളയിൽ പാർലമെൻറിൽ പ്രകടിപ്പിച്ചെങ്കിലും ഇന്ത്യൻ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ സ്വഭാവത്തിന് രാജ്യദ്രോഹക്കുറ്റം നിലനിർത്താതെ കഴിയില്ലായിരുന്നു.

കോൺഗ്രസ് ഭരണത്തിനെതിരെ ആഞ്ഞടിച്ചപ്പോഴാണ് ബിഹാറിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന കേദാർനാഥിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്​. ഭരണകൂടം എതിർ രാഷ്ട്രീയശബ്ദങ്ങളെ അടിച്ചമർത്തുന്നതിന് രാജ്യദ്രോഹനിയമം ഉപയോഗിക്കുന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ഈ കേസ്​

സ്വതന്ത്ര ഇന്ത്യയിൽ ഈ പ്രശ്‌നം കോടതികൾക്കുമുന്നിൽ ഉയർന്നു വന്നു. രാജ്യദ്രോഹക്കുറ്റം ജനാധിപത്യ സമൂഹത്തിലെ പ്രതിപക്ഷ ശബ്ദങ്ങളെ ഞെരിക്കുമെന്നും അത് ജനാധിപത്യ സംവിധാനത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഉതകുന്നതായിരിക്കില്ലെന്നും ആദ്യ ഘട്ടത്തിൽ ഹൈക്കോടതികൾ വിധിച്ചു. 124 A (IPC)-യുടെ ഭരണഘടനാ സാധുത പരിശോധിച്ച രാംനന്ദൻ കേസിൽ (1959) അലഹാബാദ് ഹൈക്കോടതി ഇത് വ്യക്തമാക്കി.
​എന്നാൽ പിന്നീട് ബിഹാറിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന കേദാർനാഥ് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ എടുത്ത രാജ്യദ്രോഹക്കുറ്റക്കേസിൽ (1962) സുപ്രീം കോടതി ഈ നിലപാട്​ തള്ളുകയും 124 A -യുടെ ഭരണഘടനാ സാധുത ശരിവെക്കുകയുമാണ് ഉണ്ടായത്. കേദാർനാഥിന്റെ കേസും ഭരണകൂടം എതിർ രാഷ്ട്രീയശബ്ദങ്ങളെ അടിച്ചമർത്തുന്നതിന് രാജ്യദ്രോഹനിയമം ഉപയോഗിക്കുന്നതിന്റെ ദൃഷ്ടാന്തമായിരുന്നു. കേദാർനാഥ് തന്റെ പ്രസംഗത്തിൽ കോൺഗ്രസ് ഭരണത്തിനെതിരെ ആഞ്ഞടിച്ചപ്പോഴാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

വരവര റാവു, വെർനോൻ ഗോൺസാൽവസ് , സുധ ഭരദ്വാജ്, ഗൗതം നവലാഖ, അരുൺ ഫെറേറിയ
വരവര റാവു, വെർനോൻ ഗോൺസാൽവസ് , സുധ ഭരദ്വാജ്, ഗൗതം നവലാഖ, അരുൺ ഫെറേറിയ

നിയമവാഴ്ചയിൽ ഉണ്ടാകാൻ പാടില്ലാത്ത നിയമബാക്കി

പിന്നീടിങ്ങോട്ട് 124 A രാഷ്ട്രീയ പ്രതിയോഗികൾക്കെതിരായി ഇന്ത്യയിൽ ഉപയോഗിക്കാൻ സർക്കാരുകൾക്ക് ഒരു മടിയുമുണ്ടായില്ല. രാജ്യദ്രോഹം സംബന്ധിച്ച ഈ സങ്കുചിത വ്യാഖ്യാനം ഭരിക്കുന്ന സർക്കാരുകളുടെയും ഭരണവർഗങ്ങളുടെയും താത്പര്യം സംരക്ഷിക്കാൻ ഉപയോഗിച്ചതിന് ലോകത്ത് മറ്റു പലയിടത്തും മാതൃകകളുണ്ടായിരുന്നു. പൗരസമൂഹത്തെയാകെ കമ്യൂണിസ്റ്റ് വേട്ട നടത്തിയ യു. എസിലെ മക്കാർത്തിയൻ കാലത്ത് Schenck v. United States കേസിൽ ജസ്റ്റിസ് ഹോംസ് കൊണ്ടുവന്ന ‘clear and present danger' എന്ന വ്യാഖ്യാനം വെച്ചുള്ള പരിശോധന, ജനാധിപത്യ സ്വാതന്ത്ര്യത്തെ മുഴുവൻ അടിച്ചമർത്താനാണ്​ ഉപയോഗിച്ചത്. പിന്നീട് Brandenburg vs. Ohio കേസിലെ വിധിയാണ് ഈ വ്യാഖ്യാനം തള്ളിക്കളഞ്ഞ്​ കൂടുതൽ ഉദാരമായ രീതി സ്വീകരിച്ചത്. ശ്രേയ സിംഗാൾ കേസിൽ (2015) സുപ്രീം കോടതിവിധിയിൽ Brandenburg കേസ് അതിന്റെ ന്യായവാദങ്ങളിലൊന്നായി പരിഗണിക്കുന്നുമുണ്ട്.

124 A എന്ന വകുപ്പ് എപ്പോഴൊക്കെ ഉപയോഗിക്കണം എന്നതല്ല നമ്മുടെ ചർച്ചയാകേണ്ടത്, മറിച്ച് അത് നമ്മുടെ നിയമവാഴ്ചയിൽ ഉണ്ടാകാൻ പാടില്ലാത്ത ഒരു ജനാധിപത്യ വിരുദ്ധ കൊളോണിയൽ നിയമ ബാക്കിയാണ് എന്നാണ്.

അപ്പോൾ 124 A -യുടെ ചരിത്രവഴി എന്നത് കൊളോണിയൽ ഭരണത്തെ നിലനിർത്തുന്നതിനും അതിനുശേഷം ഭരണവർഗത്തെയും അതിന്റെ സർക്കാരുകളേയും ജനകീയ പ്രതിഷേധങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുമായി ഉപയോഗിക്കുന്ന ഒന്നാണെന്ന് കാണാം. ബൽവന്ത് സിംഗ് കേസിൽ (1995) സുപ്രീം കോടതി വ്യക്തമാക്കിയതുപോലെ, ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്നുവിളിക്കുന്നതൊന്നും രാജ്യ ദ്രോഹമാകില്ല. എന്നാൽ കേദാർനാഥ് കേസിൽ 124 A യുടെ ഭരണഘടനാസാധുത സാധുത ശരിവെച്ച സുപ്രീം കോടതി വിധിയാണ് മറികടക്കേണ്ടത്. അതായത് അടിസ്ഥാനപരമായ പ്രശനം രാജ്യദ്രോഹം എന്നൊരു കുറ്റകൃത്യത്തിന്‌ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ, ജനാധിപത്യ പൗര സമൂഹത്തിൽ ഇടമുണ്ടോ എന്നതാണ്. ഇല്ല എന്നതാകണം ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന്റെ ഉത്തരം. ഭരിക്കുന്ന സർക്കാരും ഭരണകൂടവും എന്നത് ജനാധിപത്യത്തിന്റെ അവസാനവാക്കല്ല. നിലനിൽക്കുന്ന വ്യവസ്ഥ പോലും മാറ്റാനുള്ള രാഷ്ട്രീയ സമരങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിനെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്. അതുകൊണ്ടുതന്നെ 124 A എന്ന വകുപ്പ് എപ്പോഴൊക്കെ ഉപയോഗിക്കണം എന്നതല്ല നമ്മുടെ ചർച്ചയാകേണ്ടത്, മറിച്ച് അത് നമ്മുടെ നിയമവാഴ്ചയിൽ ഉണ്ടാകാൻ പാടില്ലാത്ത ഒരു ജനാധിപത്യ വിരുദ്ധ കൊളോണിയൽ നിയമ ബാക്കിയാണ് എന്നാണ്.

രാജ്യദ്രോഹനിയമത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനിൽ ഈ നിയമം എടുത്തുകളയാൻ 1977-ൽ തന്നെ ശുപാർശ നൽകിയിരുന്നു. 2009-ൽ (section 73 ,Coroners and Justice Act in 2009) ബ്രിട്ടനിൽ രാജ്യദ്രോഹക്കുറ്റം നിയമത്തിൽ നിന്നും നീക്കം ചെയ്തു. അതിനെത്രയോ പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ അതിന്റെ പ്രയോഗം ബ്രിട്ടനിൽ ഇല്ലാതായിരുന്നു.

ഗ്രിഗറി ലീ ജോൺസൺ അഭിഭാഷകനായ വില്യംസ് കുൻസ്ലറിനൊപ്പം
ഗ്രിഗറി ലീ ജോൺസൺ അഭിഭാഷകനായ വില്യംസ് കുൻസ്ലറിനൊപ്പം

രാജ്യദ്രോഹക്കുറ്റം എടുത്തുകളയുന്നതിനുള്ള ബിൽ അവതരിപ്പിച്ച്​ അന്നത്തെ ബ്രിട്ടീഷ് നിയമന്ത്രി ക്ലെയർ വാർഡ് ഇങ്ങനെ പറഞ്ഞു: “രാജ്യദ്രോഹവും രാജ്യദ്രോഹകരമായ അധിക്ഷേപവുമെല്ലാം നിഗൂഢമായ കുറ്റങ്ങളാണ്-അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇന്നത്തെപ്പോലെ ഒരാവകാശമായി കാണാതിരുന്ന ഒരു പോയ കാലത്തിൽ നിന്നുമുള്ളവ. അഭിപ്രായപ്രകടന സ്വാതന്ത്യത്തെ ഇന്ന് ജനാധിപത്യത്തിന്റെ മൂലക്കല്ലായാണ് കണക്കാക്കുന്നത്. വ്യക്തികൾക്ക് ഭരണകൂടത്തെ വിമർശിക്കാനുള്ള ശേഷി സ്വാതന്ത്ര്യത്തെ നിലനിർത്തുന്നതിൽ നിർണ്ണായകമാണ്. ഈ രാജ്യത്ത് ഇത്തരം കാലഹരണപ്പെട്ട നിയമങ്ങൾ നിലനിൽക്കുന്നത് രാഷ്ട്രീയ എതിർപ്പുകളേയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്നതിനുള്ള സമാന നിയമങ്ങൾ ഉപയോഗിക്കുന്നതിനു മറ്റു രാജ്യങ്ങൾ ന്യായീകരണമായി എടുക്കുന്നുണ്ട്.”

യു. എസ് സുപ്രീംകോടതിയും സമാന നിലപാടാണ് പുതിയ കാലത്ത് സ്വീകരിച്ചത്. 1984-ൽ ഡള്ളാസിൽ യു. എസ് ദേശീയ പതാക കത്തിച്ച കേസിൽ ദേശീയപതാകയെ അപമാനിച്ചതിന് ഗ്രിഗറി എന്ന യുവാവിനെ ടെക്‌സാസ് കോടതി ശിക്ഷിച്ചു. പതാക കത്തിക്കവെ അയാൾ പറഞ്ഞത് “America, the red, white, and blue, we spit on you. You stand for plunder, you will go under,” എന്നാണ്. എന്നാൽ 1989-ൽ യു. എസ് സുപ്രീം കോടതി ഇയാളെ വെറുതെ വിട്ടു. ദേശീയപതാകയെ അപമാനിക്കൽ സംബന്ധിച്ച നിയമങ്ങൾ അസാധുവായി. സമൂഹത്തിന് ഒരാശയം യോജിക്കാനാവാത്തതാണ് എന്ന് തോന്നുന്നു എന്ന ലളിതമായ കാരണത്താൽ സർക്കാരിന് ഒരു ആശയ പ്രകാശനത്തെ തടയാനാകില്ല” എന്ന് ഭൂരിപക്ഷ വിധിന്യായത്തിൽ ജസ്റ്റിസ് ബ്രെന്നൻ വ്യക്തമാക്കി.

സ്വാതന്ത്ര്യമില്ലാത്ത രാജ്യം നിലനിൽക്കാൻ അർഹതയില്ലാത്തതാണ്. സ്വാതന്ത്ര്യത്തിനപ്പുറമുള്ള ഒരു രാജ്യവുമില്ല. സ്വാതന്ത്ര്യത്തിനു രാജ്യാതിർത്തികളുമില്ല. അതുകൊണ്ട് രാജ്യദ്രോഹം സ്വതന്ത്രമനുഷ്യന്റെയും ജനാധിപത്യ പൗരന്റെയും ജന്മാവകാശമാണ്

മുദ്രാവാക്യം വിളിയും രാജ്യദ്രോഹം

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ഇന്ത്യയുടെ രാഷ്ട്രീയക്രമം പ്രത്യക്ഷത്തിൽത്തന്നെ സമഗ്രാധിപത്യത്തിന്റെ നടപ്പുരീതികളിലേക്ക് മാറി. ഫാസിസ്റ്റ് ഭീകരതയുടെ സാമൂഹ്യ- രാഷ്ട്രീയ ഘടന അതിവേഗം വ്യാപിക്കാൻ തുടങ്ങി. സ്വാഭാവികമായും സമൂഹത്തിൽ അതിനെതിരെ ഉയർന്നുവരുന്ന എല്ലാ വിധത്തിലുള്ള എതിർപ്പുകളേയും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മോദി സർക്കാർ അടിച്ചമർത്തുകയാണ്. രാജ്യദ്രോഹക്കുറ്റം അതിനവർക്ക് എളുപ്പത്തിലുപയോഗിക്കാവുന്ന ഒന്നുകൂടിയാണ്. അത് സംഘപരിവാറിന്റെ അതിദേശീയതയുടെയും ഹിന്ദു രാഷ്ട്രവാദത്തിന്റെയും പ്രത്യയശാസ്ത്ര വ്യവഹാരങ്ങളിൽ എളുപ്പം ചേർത്തുവെക്കാനാകും.

കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യയിൽ ചുമത്തിയ രാജ്യദ്രോഹക്കുറ്റങ്ങളിൽ (405) 96% വും മോദി സർക്കാർ ആദ്യമായി അധികാരത്തിൽ വന്ന 2014 മുതൽക്കുള്ള കാലഘട്ടത്തിലാണ്. ഇതിൽത്തന്നെ 149 കേസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനും 144 കേസുകൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ വിമർശിച്ചതിനുമാണ്. രാജ്യദ്രോഹത്തിന്റെ ഫാസിസ്റ്റ് ഭാവനകൾ! മോദി സർക്കാർ അധികാരമേറ്റതുമുതൽ ഓരോ വർഷവും രാജ്യദ്രോഹക്കേസുകളിൽ 28% മാണ് വർദ്ധനവ്. മുദ്രാവാക്യം വിളിയും പോസ്റ്റർ പതിക്കലും സർക്കാരിനെതിരായ എഴുത്തുകളും സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളും എല്ലാം നിങ്ങളെ രാജ്യദ്രോഹിയാക്കി മാറ്റും എന്നതാണ് അവസ്ഥ.

സർക്കാരിനെതിരായ വിമർശനങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കുക എന്നതാണ് ഈ കേസുകളുടെ ലക്ഷ്യം. 2019-ൽ രേഖപ്പെടുത്തിയ 124 A കേസുകളിൽ വെറും 17%-ത്തിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. അതിൽത്തന്നെ 3.3%ത്തിൽ മാത്രമാണ് ശിക്ഷ വിധിച്ചത്. അതും വിചാരണ കോടതികളിലാണ്. അപ്പീലിൽ ആ ശിക്ഷ പോലും റദ്ദാക്കാനാണ് എല്ലാ സാധ്യതയും. സമാനമാണ് യു.എ.പി.എ കേസുകളിലെ അവസ്ഥയും. വിചാരണ പോലുമില്ലാതെ അന്തമില്ലാത്ത തടവുശിക്ഷയിലൂ​ടെയും കോടതി നടപടിക്രമങ്ങളിലൂടെയും കേവലമൊരു രാഷ്ട്രീയാഭിപ്രായത്തിന്റെ പേരിൽ നിങ്ങളുടെ ശിഷ്ടജീവിതം മുഴുവൻ നരകിക്കേണ്ടിവരും എന്ന അവസ്ഥയാണ് മോദി സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്.

നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്
നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്

ഡിജിറ്റൽ, സോഷ്യൽ മീഡിയകൾക്കെതിരെ

ഇപ്പോൾ ഡിജിറ്റൽ മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളേയും അഭിപ്രായ പ്രകടനത്തിന്റെ രാഷ്ട്രീയ വേദിയാകുന്നതിൽ നിന്ന്​ തടയുക എന്ന പ്രാഥമിക ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന ‘Intermediary Guidelines and Digital Media Ethics Code’ രാജ്യദ്രോഹക്കുറ്റ വകുപ്പിനും യു.എ.പി.എക്ക്​ സമാനമായ നടപടികൾക്കാണ് സർക്കാർ ഉപയോഗിക്കാൻ പോകുന്നത്.

തങ്ങളുടെ കുഴലൂത്തുകാരല്ലാത്ത മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെ പ്രത്യക്ഷ ആക്രമണമാണ് മോദി സർക്കാർ നടത്തുന്നത്. ന്യൂസ്​ ക്ലിക്ക്​ പത്രാധിപർ പ്രബീർ പുർകായസ്ഥയുടെ വീട്ടിൽ 114 മണിക്കൂറാണ് സർക്കാർ ഏജൻസികൾ തുടർച്ചയായ പരിശോധന നടത്തിയത്. വിനോദ് ജോസ്, രാജ്‌ദീപ് സർദേശായി, മൃണാൾ പാണ്ഡെ എന്നീ മാധ്യമപ്രവർത്തകർക്കെതിരെ പല സംസ്ഥാനങ്ങളിലായാണ് കർഷക സമരം സംബന്ധിച്ച വാർത്തയുടെ പേരിൽ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി കേസെടുത്തിരിക്കുന്നത്. ദി വയർ റിപ്പോർട്ടർ ഇസ്​മത്​ ആരയ്ക്കും എഡിറ്റർ സിദ്ധാർത്ഥ് വരദരാജനുമെതിരെയും കർഷക സമരവുമായി ബന്ധപ്പെട്ട വാർത്തയുടെ പേരിൽ കേസുണ്ട്.

വാർത്തകളുടെ പേരിൽ കേസെടുക്കുന്നതിലൂടെ മാത്രമല്ല, കോർപറേറ്റ് ഉടമകൾ വഴി കൂടിയാണ് മോദി സർക്കാർ ഇപ്പോൾ മാധ്യമങ്ങളേയും വാർത്താ വ്യവഹാരത്തെയും നിയന്ത്രിക്കുന്നത്. റിലയൻസ് അടക്കമുള്ള കോർപറേറ്റ് സ്ഥാപനങ്ങളാണ് രാജ്യത്തെ ഭൂരിഭാഗം മാധ്യമ സ്ഥാപങ്ങളുടെയും ഉടമകൾ. മറ്റൊരു വിഭാഗം മാധ്യമങ്ങളുടെ ഉടമകളാകട്ടെ ബി. ജെ. പിയുമായി നേരിട്ട് രാഷ്ട്രീയബന്ധമുള്ളവരുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ സംഘ്പരിവാറിനും മോദി സർക്കാരിനും എതിരായ വാർത്തകളും അഭിപ്രായങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്ന പോലുമില്ലെന്ന് അവർ ഉറപ്പുവരുത്തുന്നു. ഹിന്ദുസ്​ഥാൻ ടൈംസിൽ രാമചന്ദ്ര ഗുഹ തന്റെ പംക്തി നിർത്താനുള്ള കാരണം ഇത്തരത്തിലൊന്നായിരുന്നു. പുതിയ പാർലമെൻറ്​ മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയുമൊക്കെ നിർമ്മിക്കുന്ന ‘സെൻട്രൽ വിസ്ത’ പദ്ധതിയെ വിമർശിച്ച്​ ഗുഹ എഴുതിയ ലേഖനം നൽകാൻ പത്രാധിപർ തയ്യാറായിട്ടും പത്ര മുതലാളിമാർ വിലക്കുകയായിരുന്നു. അതായത് ഒരു പത്രത്തിൽ എന്തൊക്കെയാണ് അച്ചടിച്ചു വരേണ്ടതെന്ന് ദൈനംദിനം നിശ്ചയിക്കുന്ന രീതിയിൽ ഇന്ത്യയിലെ മാധ്യമ നിയന്ത്രണം മാറിയിരിക്കുന്നു. മാധ്യമങ്ങൾ മുട്ടിലിഴയുകയല്ല, ഭരണകൂടത്തിന്റെ പകർപ്പുകളായി മാറിയിരിക്കുകയാണ്.

മാധ്യമ പ്രവർത്തനം മാത്രമല്ല പൊതുസമൂഹത്തിന്റെ രാഷ്ട്രീയ ആശയവിനിമയവും സാമൂഹ്യ വ്യവഹാരങ്ങളും വരെ നിയന്ത്രിക്കുന്ന തരത്തിലേക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സർക്കാർ മാറിക്കഴിഞ്ഞിരിക്കുന്നു.

അച്ചടി, ഓൺലൈൻ മാധ്യമങ്ങളെ മാത്രമല്ല സമൂഹത്തിന്റെ ആശയവിനിമയ ഉപാധികളെയെല്ലാം ഭരണകൂടം ഇത്തരത്തിൽ കർക്കശമായി നിയന്ത്രിക്കുകയാണ് മോദി സർക്കാർ. ഇന്റർനെറ്റ് പ്രാപ്യത നിരന്തരമായി തടസപ്പെടുത്തിയാണ് സർക്കാർ ഓരോ സമരത്തെയും നേരിടുന്നത്. ജമ്മു കാശ്മീരിൽ മാധ്യമ പ്രവർത്തകരെ തടവിലാക്കുകയും പത്രങ്ങൾ നിരോധിക്കുകയും ചെയ്തതോടൊപ്പം നൂറുകണക്കിന് ദിവസങ്ങളാണ് ഇന്റർനെറ്റ് പൂർണമായും റദ്ദാക്കിയത്. ഇതുതന്നെ കർഷക പ്രക്ഷോഭത്തിനെ നേരിടാനും മോദി സർക്കാർ ഉപയോഗിച്ചു. Temporary Suspension of Telecom Services (Public Emergency or Public Safety) Rules, 2017 അനുസരിച്ചാണ് സർക്കാർ ഇന്റർനെറ്റ് തടസപ്പെടുത്തുന്ന ഉത്തരവിറക്കുന്നത്. കർഷക പ്രക്ഷോഭം ശക്തിപ്പെട്ടപ്പോൾ ഹരിയാനയിലും ഡൽഹിയിലും അടക്കമുള്ള നിരവധി പ്രദേശങ്ങളിൽ സർക്കാർ ഈ ചട്ടമുപയോഗിച്ചുകൊണ്ട് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. മാധ്യമ പ്രവർത്തനം മാത്രമല്ല പൊതുസമൂഹത്തിന്റെ രാഷ്ട്രീയ ആശയവിനിമയവും സാമൂഹ്യ വ്യവഹാരങ്ങളും വരെ നിയന്ത്രിക്കുന്ന തരത്തിലേക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സർക്കാർ മാറിക്കഴിഞ്ഞിരിക്കുന്നു.

Reporters Without Borders പ്രസിദ്ധീകരിച്ച 2021-ലെ ആഗോള പത്ര സ്വാതന്ത്ര്യ ഇ
ൻഡെക്​സ്​ അനുസരിച്ച് 180 രാജ്യങ്ങളിൽ ഇന്ത്യ 142-ാം സ്ഥാനത്താണ്. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ, അടിച്ചമർത്തലുകൾ, സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനെതിരായി ഭരണകൂടം ഏർപ്പെടുത്തുന്ന വിലക്കുകൾ എന്നിവയിലെല്ലാം ഇന്ത്യ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സ്വഭാവങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

മൃണാൾ പാണ്ഡെ, രാജ്‌ദീപ് സർദേശായി, വിനോദ് ജോസ്
മൃണാൾ പാണ്ഡെ, രാജ്‌ദീപ് സർദേശായി, വിനോദ് ജോസ്

മാധ്യമങ്ങളുടെ ഹിന്ദുത്വ പ്രത്യയശാസ്​ത്രം

മാധ്യമങ്ങളുടെ കാര്യത്തിൽ ഭരണകൂടത്തിന്റെ നേരിട്ടുള്ള അടിച്ചമർത്തലാണ് ഏറ്റവും പ്രത്യക്ഷത്തിലുള്ള പ്രശ്നം. അതാണ് നമ്മൾ പല ഉദാഹരണങ്ങളിലായി നേരത്തെ കണ്ടതും. രണ്ടാമത്തേത് സംഘപരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം മാധ്യമങ്ങളുടെ പ്രവർത്തനത്തിലും വാർത്തകളും അഭിപ്രായങ്ങളും രൂപപ്പെടുത്തുന്നതിലും ചെലുത്തുന്ന സ്വാധീനമാണ്. കേരളത്തിലെ ശബരിമല ലഹളക്കാലം ഇതിന്റെ ഏറ്റവും ഭീതിദമായ ഉദാഹരണമാണ്. മാതൃഭൂമി, ഏഷ്യാനെറ്റ്, മനോരമ തുടങ്ങിയ മിക്ക ചാനലുകളും സംഘപരിവാർ രാഷ്ട്രീയത്തെയും അതിന്റെ സ്ത്രീവിരുദ്ധതയേയും ഒരു മടിയുമില്ലാതെ പ്രോത്സാഹിപ്പിക്കുകയും പിന്താങ്ങുകയും ചെയ്തു. സംഘപരിവാറിന് വേണ്ടി സവിശേഷ രീതിയിൽ വാർത്തകൾ അവതരിപ്പിക്കുന്ന വാർത്താവതാരകർ ഇപ്പറഞ്ഞ വാർത്താ ചാനലുകളിൽ രൂപപ്പെട്ടു. അത്തരം ചർച്ചകൾക്കായി ബി. ജെ. പിക്ക് പുറത്തുനിന്നുള്ള നിരീക്ഷകരെ സംഘപരിവാർ എത്തിച്ചുകൊടുത്തു. പൊതുസമൂഹത്തിൽ മാധ്യമങ്ങൾക്ക് വലിയ ദൃശ്യതയുള്ള കേരളം പോലൊരു സമൂഹത്തിൽ എങ്ങനെയാണ് സംഘപരിവാർ അതിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുന്നതിന് മാധ്യമങ്ങളെ ഉപയോഗിക്കുന്നത് എന്നതിന്റെ ഏറ്റവും കൃത്യമായ ചരിത്രമാതൃകയാണ് കേരളത്തിലെ ദൃശ്യ വാർത്താ മാധ്യമങ്ങൾ. മാധ്യമങ്ങളുടെ നടത്തിപ്പ് തന്നെ ഭരണകൂടവും സംഘപരിവാറും അവരുടെ കോർപ്പറേറ്റ് പങ്കാളികൾ വഴി ഏറ്റെടുക്കുക എന്നതാണ് മൂന്നാമത്തെ പ്രശ്നം. ദേശീയ മാധ്യമങ്ങളിൽ മിക്കതും റിലയൻസ് അടക്കമുള്ള കോപ്പറേറ്റുകളുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ കോർപ്പറേറ്റുകളുടെയോ മോദി സർക്കാരിന്റെയോ താത്പര്യങ്ങളെ ഹനിക്കുന്ന ഒരു വാർത്തയും അഭിപ്രായവും അത്തരത്തിലുള്ള മാധ്യമങ്ങൾ വഴി പുറത്തുവരില്ല. ഒപ്പം തന്നെ റിപ്പബ്ലിക് ടി. വി പോലെ സമ്പൂർണമായും സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള വാർത്താ ചാനലുകൾ ഭരണകൂടവും മാധ്യമങ്ങളും ഹിന്ദുത്വ പ്രത്യയശാസ്ത്രവും ചേർത്തുണ്ടാക്കുന്ന ഏറ്റവും മാരകമായ മിശ്രിതം ഇടതടവില്ലാതെ പുറത്തുവിടുന്നു.

പ്രബീർ പുർകായസ്ഥ
പ്രബീർ പുർകായസ്ഥ

തുറന്ന ആക്രമണമാണ് മോദി സർക്കാരും സംഘപരിവാറും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനു നേരെ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ ജനാധിപത്യ, മതേതര ശക്തികളുടെ എതിർപ്പും ചെറുത്തുനിൽപ്പും വിട്ടുവീഴ്ചയില്ലാത്തവിധം രാഷ്ട്രീയസ്ഥൈര്യം നിറഞ്ഞതും തീവ്രവുമാകണം. ഇന്ത്യ എന്നുള്ള ആശയം തന്നെ ഇല്ലാതാവുകയാണ്. രാജ്യം ഫാസിസ്റ്റുകളുടെ ഭരണകൂടശരീരമാകുമ്പോൾ ആ രാജ്യത്തിന്റെ നിലനിൽപ്പ് ഏതു തരത്തിലാകണം എന്ന് പുനരാലോചന നടത്താനുള്ള ചരിത്രപരമായ ചുമതല ജനങ്ങൾക്കുണ്ട്.

നിരന്തരമായി ഫാസിസ്റ്റ് ഭീഷണിയെക്കുറിച്ചും മോദി സർക്കാരിന്റെ അധിനിവേശത്തെക്കുറിച്ചും നാം പറയേണ്ടതുണ്ട്. മറ്റു മധുരഭാഷണങ്ങൾക്ക് സമയമില്ലാത്തവിധം നിശബ്ദമാക്കപ്പെടുന്നൊരു കാലത്ത് ഫാസിസം ആവർത്തനവിരസതയില്ലാത്ത ഭീഷണിയാണ്. സ്വാതന്ത്ര്യം ഒരു രാജ്യമല്ല, അതൊരു രാഷ്ട്രീയമാണ്, മാനവ വികാസത്തിന്റെ മൂല്യമാണ്, മനുഷ്യന് ഒരു സമൂഹമായി നിലനിൽക്കാനുള്ള അടിസ്ഥാനമാണ്. സ്വാതന്ത്ര്യമില്ലാത്ത രാജ്യം നിലനിൽക്കാൻ അര്ഹതയില്ലാത്തതാണ്. സ്വാതന്ത്ര്യത്തിനപ്പുറമുള്ള ഒരു രാജ്യവുമില്ല. സ്വാതന്ത്ര്യത്തിനു രാജ്യാതിർത്തികളുമില്ല. അതുകൊണ്ട് രാജ്യദ്രോഹം സ്വതന്ത്രമനുഷ്യന്റെയും ജനാധിപത്യ പൗരന്റെയും ജന്മാവകാശമാണ്.▮

Comments