Photo: Wikimedia Commons, peakpx.com, newsclick.in

രാജ്യദ്രോഹ വകുപ്പ് ശിക്ഷാ നിയമത്തിൽ
​തുടരുമോ? അതത്ര എളുപ്പമല്ല

രാജ്യദ്രോഹ വകുപ്പിന്റെ ഭരണഘടനാസാധുത പരിശോധിക്കപ്പെടാതെ പോവുകയും കൂടുതൽ നിയന്ത്രണങ്ങളോടെയാണെങ്കിലും ഈ വകുപ്പ് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ തുടരുകയും ചെയ്യും എന്നൊരു സാധ്യതയാണ്​ ഇപ്പോൾ അവശേഷിക്കുന്നത്​. എന്നാൽ അതത്ര എളുപ്പമല്ല എന്നാണ് സുപ്രീംകോടതി തുടർച്ചയായി പുറപ്പെടുവിച്ച നിരീക്ഷണങ്ങളും പുതിയ ഉത്തരവും സൂചിപ്പിക്കുന്നത്.

രാജ്യദ്രോഹത്തിന്റെ ഭൂതങ്ങളെ താത്ക്കാലികമായി തളച്ചിട്ടിരിക്കുന്നു സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (Indian Penal Code -IPC) 124 എ എന്ന, രാജ്യദ്രോഹത്തെ നിർവചിക്കുകയും ശിക്ഷ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന വകുപ്പ് സുപ്രീംകോടതി താത്കാലികമായി മരവിപ്പിച്ചിരിക്കുന്നു. 2022 മെയ് 11-ന്​പുറപ്പെടുവിച്ച കോടതി ഉത്തരവ് പ്രകാരം മറിച്ചൊരുത്തരവുണ്ടാകുന്നതുവരെ ഐ.പി.സി. 124 എ അനുസരിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പൗരന്മാർക്കുമേൽ കുറ്റം ചുമത്താനാകില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകളിലെ പ്രതികൾ തടവിലാണെങ്കിൽ അവർക്ക് അതാത് കോടതികളെ ജാമ്യം അടക്കമുള്ള നടപടികൾക്ക്​ സമീപിക്കാം. അത്തരം കേസുകളിൽ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോടതികൾ ഉത്തരവ് നൽകും. നിലവിൽ 124 എ ചുമത്തി നടക്കുന്ന വിചാരണകൾ, അപ്പീലുകൾ, മറ്റു നടപടിക്രമങ്ങൾ എന്നിവയെല്ലാം താത്കാലികമായി നിർത്തിവെക്കണം. 1870 മുതൽ 2022 വരെയുള്ള 152 വർഷങ്ങൾ നീണ്ട ഒരു കൊളോണിയൽ, ജനാധിപത്യവിരുദ്ധ നിയമത്തിന്റെ പ്രയോഗപ്രയാണത്തിന് താത്കാലികമായി തടയിട്ട ഈ സുപ്രീംകോടതി ഉത്തരവ് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുപ്രധാനമായ ഒന്നാണ്.

രാജ്യദ്രോഹക്കുറ്റം ഭരണഘടനാപരമായി നിലനിൽക്കുമോ എന്ന ചോദ്യത്തിലേക്ക് കടക്കുന്നതിൽ നിന്ന്​ കോടതിയെ തടയാനുള്ള അവസാനശ്രമമായാണ് കേന്ദ്ര സർക്കാർ പ്രസ്തുത വകുപ്പിന്റെ ദുരുപയോഗം കർക്കശമായി തടയാൻ ശ്രമിക്കുന്നതിനുള്ള നടപടിക്രമം രൂപപ്പെടുത്താൻ സാവകാശം ആവശ്യപ്പെട്ടത്. എന്നാൽ അത്തരത്തിലൊരു നീക്കം എന്ന് പൂർത്തിയാക്കും എന്നതുസംബന്ധിച്ച സമയപരിധി പറയാൻ കേന്ദ്രസർക്കാർ സന്നദ്ധമായില്ല. അപ്പോഴാണ്, ആ വകുപ്പിന്റെ പ്രയോഗം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി ഇറക്കിയത്.

യു.എ.പി.എ. പോലുള്ള നിയമങ്ങളുപയോഗിച്ച്​നൂറുകണക്കിന് രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരെയാണ് ഇന്ത്യൻ ഭരണകൂടം തടവിലിട്ടിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ഇല്ലാതായാൽപ്പോലും എല്ലാവിധ പ്രതിഷേധങ്ങളെയും തടവിലിടാൻ പാകത്തിൽ യു.എ.പി.എ നിലനിൽക്കുന്നുണ്ട്.

രാജ്യദ്രോഹ വകുപ്പിന്റെ ഭരണഘടനാസാധുത പരിശോധിക്കപ്പെടാതെ പോവുകയും കൂടുതൽ നിയന്ത്രണങ്ങളോടെയാണെങ്കിലും ഈ വകുപ്പ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ തുടരുകയും ചെയ്യും എന്നൊരു സാധ്യത ഇതവശേഷിപ്പിക്കുന്നുണ്ട്. എന്നാൽ അതത്ര എളുപ്പമല്ല എന്നാണ് ഈ വകുപ്പ് സംബന്ധിച്ച തർക്കങ്ങളിൽ സുപ്രീംകോടതി തുടർച്ചയായി പുറപ്പെടുവിച്ച നിരീക്ഷണങ്ങളും പുതിയ ഉത്തരവും സൂചിപ്പിക്കുന്നത്.

നിലവിൽ, രാജ്യദ്രോഹ വകുപ്പ് പുനഃപരിശോധിക്കുകയോ നീക്കംചെയ്യുകയോ വേണ്ടതില്ല എന്ന നിലപാടാണ് കേന്ദ്രസർക്കാർ കോടതിയിൽ സ്വീകരിച്ചത്. കേദാർ നാഥ് കേസിൽ (1962) 124 എ -യുടെ ഭരണഘടനാസാധുത സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ശരിവെച്ചതാണെന്നും അത് പുനഃപരിശോധിക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാർ വാദിച്ചത്. ഒപ്പം, ഏതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്യുന്നു എന്നത് ഒരു നിയമത്തെയോ വകുപ്പിനെയോ റദ്ദാക്കാനുള്ള കാരണമായി കാണാനാകില്ലെന്നും സർക്കാർ വാദിച്ചു. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിർത്താൻ ഇത്തരത്തിലൊരു വകുപ്പ് നിലനിൽക്കേണ്ടതുണ്ടെന്നും സർക്കാർ സൂചിപ്പിച്ചു. കോടതി അന്തിമവിധിയിലേക്കെത്തുംവരെ രാജ്യദ്രോഹ വകുപ്പ് താത്കാലികമായി മരവിപ്പിക്കാനുള്ള നിർദേശവും സർക്കാരിന് സ്വീകാര്യമായിരുന്നില്ല. ഈ തടസ്സവാദങ്ങളൊന്നും നിലനിൽക്കില്ല എന്ന് കണ്ടപ്പോഴാണ് 124 എ പുനരവലോകനം ചെയ്യാനുള്ള തങ്ങളുടെ സന്നദ്ധത സർക്കാർ അറിയിക്കുകയും അതിന്​ സമയം ചോദിക്കുകയും ചെയ്തത്.

രാജ്യദ്രോഹ വകുപ്പിന്റെ ഭരണഘടനാസാധുത മറ്റൊരു ഭരണഘടനാ ബെഞ്ചിന് വിട്ട്​ തീർപ്പാക്കാനുള്ള സാധ്യത തത്കാലത്തേക്കുമാത്രമാണ് നീട്ടിയിരിക്കുന്നത്. അത്തരത്തിലൊരു പുതുകാല നീതിവിചാരത്തിൽ നിന്ന്​ ഈ ജനാധിപത്യവിരുദ്ധ കൊളോണിയൽ നിയമത്തിന് രക്ഷപ്പെടാനാകില്ല എന്നുതന്നെ നമുക്കിപ്പോൾ കരുതാം.

രാജ്യദ്രോഹക്കുറ്റം എടുത്തുകളയുന്നതിനുള്ള ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് നിയമമന്ത്രി ക്ലെയർ വാർഡ്
രാജ്യദ്രോഹക്കുറ്റം എടുത്തുകളയുന്നതിനുള്ള ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് നിയമമന്ത്രി ക്ലെയർ വാർഡ്

രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനാണ് എന്ന് രാജാവും പൗരോഹിത്യവും ചേർന്ന് തീർപ്പാക്കിയ കാലത്തിൽ നിന്നാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ ഉറവ് പൊട്ടുന്നത്. ആധുനിക രാഷ്ട്രീയ സമൂഹത്തിനു മുമ്പുള്ള ഫ്യൂഡൽ സാമൂഹ്യബന്ധങ്ങൾ നിലനിന്നിരുന്ന ഇംഗ്ലണ്ടിലാണ് ഇന്നിപ്പോൾ ഇന്ത്യയിൽ തർക്കവിഷയമായ രാജ്യദ്രോഹനിയമത്തിന്റെ വേരുള്ളത്. 2009-ൽ യു.കെ. രാജ്യദ്രോഹം ഒരു കുറ്റമല്ലാതാക്കി. അതിനുമുമ്പുള്ള കാലത്തും പ്രത്യേകിച്ചും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വളരെ വിരളമായേ ഉപയോഗിച്ചിരുന്നുള്ളൂ. 1997-ൽത്തന്നെ ഈ നിയമം എടുത്തുകളയാനുള്ള ശുപാർശ ബ്രിട്ടനിൽ നൽകി. 2009-ൽ Coroners and Justice ആക്ട് - 2009 സെക്ഷൻ 73 പ്രകാരം ബ്രിട്ടനിൽ രാജ്യദ്രോഹക്കുറ്റം നിയമവ്യവസ്ഥയിൽ നിന്ന്​ നീക്കി. രാജ്യദ്രോഹക്കുറ്റം എടുത്തുകളയുന്നതിനുള്ള ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച്​ ബ്രിട്ടീഷ് നിയമമന്ത്രി ക്ലെയർ വാർഡ് പറഞ്ഞത് ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ പ്രസക്തമാണ്: ‘‘രാജ്യദ്രോഹവും രാജ്യദ്രോഹകരമായ അധിക്ഷേപവുമെല്ലാം നിഗൂഢമായ കുറ്റങ്ങളാണ്. അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഇന്നത്തെപ്പോലെ ഒരവകാശമായി കാണാതിരുന്ന ഒരു പോയകാലത്തുനിന്നുള്ളവ. അഭിപ്രായപ്രകടന സാതന്ത്ര്യത്തെ ഇന്ന് ജനാധിപത്യത്തിന്റെ മൂലക്കല്ലായാണ് കാണുന്നത്. വ്യക്തികൾക്ക് ഭരണകൂടത്തെ വിമർശിക്കാനുള്ള ശേഷി സ്വാതന്ത്ര്യത്തെ നിലനിർത്തുന്നതിൽ നിർണായകമാണ്. ഈ രാജ്യത്ത് ഇത്തരം കാലഹരണപ്പെട്ട നിയമങ്ങൾ നിലനിൽക്കുന്നത് രാഷ്ട്രീയ എതിർപ്പുകളെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്നതിനുള്ള സമാന നിയമങ്ങൾ ഉപയോഗിക്കുന്നതിന്​ മറ്റു രാജ്യങ്ങൾ ന്യായീകരണമായി എടുക്കുന്നുണ്ട്.’’

​​​​​​​രാജ്യദ്രോഹക്കുറ്റം മാത്രമല്ല ഇന്ത്യയിലെ ജനാധിപത്യ, പൗരാവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങൾ. യു.എ.പി.എ പോലുള്ള നിയമങ്ങളുപയോഗിച്ച്​നൂറുകണക്കിന് രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരെയാണ് ഇന്ത്യൻ ഭരണകൂടം തടവിലിട്ടിരിക്കുന്നത്.

രാജ്യദ്രോഹക്കുറ്റം എടുത്തുകളയും മുമ്പ് ഇംഗ്ലണ്ടിൽ മൂന്നുതരം പ്രവൃത്തികളാണ് രാജ്യദ്രോഹക്കുറ്റങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്. രാജ്യദ്രോഹകരമായ എഴുത്തുകളുടെ പ്രസിദ്ധീകരണം, രാജ്യദ്രോഹകരമായി സംസാരിക്കാൻ, രാജ്യദ്രോഹകരമായ ലക്ഷ്യത്തോടെ ഒരു പ്രവൃത്തി ചെയ്യുന്നതിന്​ ഗൂഢാലോചന നടത്തൽ എന്നിവയായിരുന്നു അവ. രാജാവിനെതിരെ ചിന്തിക്കുന്നതുപോലും രാജ്യദ്രോഹമായിക്കണ്ടിരുന്ന 13-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലാണ് ഇപ്പോഴത്തെ ഇന്ത്യൻ നിയമം അഭയം തേടുന്നത്. രാജാവിന്റെ ദൈവികമായ പ്രതിനിധാന വിശുദ്ധി ഉയർത്തിപ്പിടിക്കുന്ന 1275-ലെ Statute of Westminster -ലാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ ആദ്യരൂപം വന്നത്. രാജാവിനും ജനങ്ങൾക്കുമിടയിൽ അകൽച്ചയുണ്ടാക്കുകയോ അസ്വാരസ്യം വളർത്തുകയോ അപകീർത്തി പരത്തുകയോ ചെയ്യുന്നത് ശിക്ഷാർഹമാക്കുന്നതായിരുന്നു ഈ നിയമം. 1606-ൽ De Libellis Famosis വിധിയിൽ Star Chamber രാജ്യദ്രോഹമെന്നാൽ, അധികാരത്തിലിരിക്കുന്നവർക്കെതിരായ ഏതുതരം വിമർശനത്തെയും ഉൾക്കൊള്ളുന്ന വിധത്തിൽ വിപുലമാക്കി. രാജാവിനെതിരായ കുറ്റകൃത്യങ്ങൾ കൂടുതലായും വിചാരണ ചെയ്തിരുന്നത് Treason laws -നു കീഴിലായിരുന്നു.

GRAPHICS BY JAMEELA AHMED / article-14.com
GRAPHICS BY JAMEELA AHMED / article-14.com

രാജാവിന്റെയും രാജകുടുംബത്തിന്റെയും മരണം സങ്കല്പിക്കുകയോ, അവർക്കെതിരെ യുദ്ധം നടത്താൻ ഒരുങ്ങുകയോ അത്തരക്കാരെ സഹായിക്കുകയോ ചെയ്യുന്നവർക്കെതിരെ ഉപയോഗിച്ചിരുന്ന ഈ നിയമം 1351 മുതൽ പ്രയോഗിച്ചുവന്നു. രാജ്യദ്രോഹക്കുറ്റം / Sedition രൂപപ്പെട്ടുവരുന്നത് ഈ സംവിധാനത്തിലൂടെയാണ്. രാജാവിന്റെ പരമാധികാരം സംരക്ഷിക്കുകയും രാജവാഴ്ചയെ വിമർശനാതീതമാക്കി നിലനിർത്തുകയുമായിരുന്നു ഈ നിയമങ്ങളുടെയെല്ലാം ലക്ഷ്യം. വിമർശനാതീതമായ അധികാരം എന്നത് ജനാധിപത്യത്തിന്റെ ചരിത്രശത്രുവാണ്. അതുകൊണ്ടുതന്നെ രാജവാഴ്ചയെ സംരക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഒരു നിയമം എങ്ങനെയാണ് ചരിത്രത്തിലുടനീളം ജനാധിപത്യവിരുദ്ധ അടിച്ചമർത്തലുകൾക്ക് ഉപയോഗിക്കുന്നത് എന്നത് സമഗ്രാധിപത്യ ഭരണകൂടങ്ങൾക്ക് ആ നിയമത്തോടുള്ള പ്രതിപത്തി വ്യക്തമാക്കുന്നുണ്ട്.

ബ്രിട്ടീഷുകാർക്കെതിരായി, ഇന്ത്യയെ ചൂഷണം ചെയ്യുന്നവർക്കെതിരായി സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും താനൊരു കുറ്റമായി കാണുന്നില്ല എന്നായിരുന്നു ഗാന്ധി ആവർത്തിച്ചു പറഞ്ഞത്.

രാജാവിൽ നിന്ന്​ ജനാധ്യപത്യത്തിലേക്കെത്തുമ്പോൾ സ്വാഭാവികമായും ഈ നിയമം ഇല്ലാതാവേണ്ടതാണ്. എന്നാൽ അതിനുപകരം രാഷ്ട്രത്തെ രാജാവിന് പകരമായി സങ്കൽപ്പിക്കുന്ന ഒരു കുറുക്കുവഴിയാണ് ഇരുപതാം നൂറ്റാണ്ടിലെ ജനാധിപത്യവ്യവസ്ഥയുടെ ദുർബല പരീക്ഷണങ്ങളിലെല്ലാം നമുക്ക് കാണാൻ കഴിയുക. രാഷ്ട്രമാകട്ടെ അതിനെ പ്രതിനിധാനം ചെയ്യുന്നത് അധികാരത്തിലിരിക്കുന്ന ഭരണാധികാരികളിലൂടെയാണെന്ന് സ്ഥാപിക്കപ്പെടുകയും ഭരണകൂടത്തിനും നിലവിലുള്ള സർക്കാരുകൾക്കുമെതിരായ എല്ലാ പ്രതിഷേധങ്ങളും എപ്പോൾ വേണമെങ്കിലും രാജ്യദ്രോഹത്തിന്റെ പട്ടികയിലേക്ക് എഴുതിച്ചേർക്കാവുന്ന ഒന്നായി മാറുകയും ചെയ്യുന്നു.

രാജാധികാരത്തിനെതിരെ ഇംഗ്ലണ്ടിലെ ബൂർഷ്വാസിയുടെ വെല്ലുവിളി ശക്തിപ്രാപിച്ച പതിനേഴാം നൂറ്റാണ്ടിൽ അതിനെ അടിച്ചമർത്താൻ രാജ്യദ്രോഹക്കുറ്റം വ്യാപകമായി പ്രയോഗിച്ചു. 1689-ലെ ‘ബിൽ ഓഫ്​ റൈറ്റ്​സ്’ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് രാജാവിൽ നിന്നുള്ള അധികാരഭീഷണിയെ ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ രാജ്യദ്രോഹ നിയമത്തിന്റെ ഉപയോഗം വിപുലപ്പെടുകയാണുണ്ടായത്. മുമ്പ് രാജാവിനെ നിന്ദിക്കുന്നതായിരുന്നു പ്രശ്‌നമെങ്കിൽ പുതിയ തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തങ്ങൾക്കെതിരായ വിമര്ശനങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ഒരു പരിചയാക്കിമാറ്റി.

തൊമസ് പെയ്ൻ. 1880 ലെ ചിത്രീകരണം / Photo : Wikimedia Commons
തൊമസ് പെയ്ൻ. 1880 ലെ ചിത്രീകരണം / Photo : Wikimedia Commons

ഫ്രഞ്ച് വിപ്ലവത്തിന്റെ രാഷ്ട്രീയമുദ്രാവാക്യങ്ങൾ ഇംഗ്ലണ്ടിൽ മുൻകൈ നേടുന്നത് തടയാനും രാജ്യദ്രഹക്കുറ്റം ഉപയോഗിക്കപ്പെട്ടു. ‘റൈറ്റ്​സ്​ ഓഫ്​ മാൻ’ എഴുതിയ തോമസ്​ പെയ്​നെതിരെപ്പോലും രാജ്യദ്രോഹക്കുറ്റം ചാർത്തി. ജനങ്ങളുടെ നാച്ചുറൽ റൈറ്റ്​സ്​ സംരക്ഷിക്കാൻ കഴിയാത്തൊരു സർക്കാരിന് ഭരിക്കാൻ അവകാശമില്ല എന്നായിരുന്നു ഫ്രഞ്ച് വിപ്ലവത്തിന്റെ അനുകൂലിച്ചിരുന്ന തോമസ്​ പെയ്​ൻ പറഞ്ഞത്. വാസ്തവത്തിൽ രാജാധികാരത്തിനെതിരെ വലിയ വിപ്ലവാഹ്വാനമൊന്നും നടത്തിയിരുന്നില്ല അദ്ദേഹം. കേസെടുത്ത കാലത്ത് ഫ്രാൻസിലായിരുന്നു എന്നതുകൊണ്ടും പിന്നീടൊരിക്കലും ഇംഗ്ലണ്ടിലേക്ക് തിരിച്ചുവരാത്തതുകൊണ്ടുമാണ് പെയ്​ൻ വിചാരണയിൽ നിന്ന്​ രക്ഷപ്പെട്ടത്.

രണ്ടാം ലോകമഹായുദ്ധകാലം വരെയുള്ള കാലത്ത് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിക്കും മറ്റ് വിപ്ലവകാരികൾക്കുമൊക്കെ എതിരായി രാജ്യ​ദ്രോഹ നിയമം പല രീതിയിൽ പ്രയോഗിക്കപ്പെട്ടെങ്കിലും താരതമ്യേന അതിന്റെ പ്രയോഗം ഇംഗ്ലണ്ടിൽ ചുരുക്കമായിരുന്നു. 2009-ൽ രാജ്യദ്രോഹക്കുറ്റം പൂർണമായും നിയമവ്യവസ്ഥയിൽ നിന്ന്​ എടുത്തുകളയുമ്പോഴേക്കും ഒരു കേസ് പോലും രാജ്യദ്രോഹക്കുറ്റ വകുപ്പനുസരിച്ച് അടുത്തകാലത്തൊന്നും രേഖപ്പെടുത്താത്ത സ്ഥിതിയായിരുന്നു.

Illustration: Library of Congress (092.00.00)
Illustration: Library of Congress (092.00.00)

തങ്ങളുടെ കോളനിയായ ബ്രിട്ടീഷ് ഇന്ത്യയിൽ രാജ്യദ്രോഹം സംബന്ധിച്ച ബ്രിട്ടീഷ് സർക്കാരിന്റെ വ്യവസ്ഥകൾ തികച്ചും മറ്റൊരു രീതിയിലായിരുന്നു എന്നതിന് അത്ഭുതമില്ല. തദ്ദേശീയരെ (natives ) ബ്രിട്ടീഷ് പൗരന്മാരെപ്പോലെയല്ല ബ്രിട്ടൻ കണ്ടത് എന്നതാണ് കൊളോണിയൽ ഭരണത്തിന്റെ അടിസ്ഥാന പ്രമാണം എന്നതിലും തർക്കമില്ല. ബ്രിട്ടീഷ് പൗരന്മാർക്കുള്ള ജനാധിപത്യാവകാശങ്ങളൊന്നും ഇന്ത്യക്കാർക്കുണ്ടാകില്ല എന്നത് കോളനി ഭരണത്തിന്റെ പ്രമാണമാണ്. 1837-ൽ മെക്കാളെ തയ്യാറാക്കിയ ശിക്ഷാനിയമത്തിന്റെ കരടിൽ 113-ാം വകുപ്പിലെ ഒരു ഉപ ഭാഗമായിരുന്നു രാജ്യദ്രോഹം. എന്നാൽ ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിലാക്കിയപ്പോൾ ഈ ഭാഗം അതിലുണ്ടായില്ല. പിന്നീട് 1870-ൽ ഇത് കൂട്ടിച്ചേർക്കുകയായിരുന്നു. ഇപിസി- ഭേദഗതിക്കായി ബിൽ അവതരിപ്പിച്ച ജെയിംസ് സ്റ്റീഫൻ പറഞ്ഞത്, ആദ്യ കരാറിൽ നിന്ന്​ ഇതൊഴിവായത് ഒരബദ്ധമായിരുന്നു എന്നാണ്. എന്നാൽ അത് മാത്രമായിരുന്നില്ല രാജ്യദ്രോഹക്കുറ്റം ശിക്ഷാനിയമത്തിൽ സ്ഥാനം പിടിക്കാൻ കാരണം. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലും തുടർന്നും ബ്രിട്ടീഷുകാർക്കെതിരെ സംഘടിച്ച വഹാബികളുടെ പ്രവർത്തനം തടയുക എന്നതായിരുന്നു രാജ്യദ്രോഹനിയമം വീണ്ടും കൊണ്ടുവരാനുള്ള കാരണം. തുടർന്നുള്ള അതിന്റെ ജീവിതം മുഴുവൻ ആ നിയമം ബ്രിട്ടീഷുകാർ ഉപയോഗിച്ചത് സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താനാണ്.

ഫോർവേഡ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായ കേദാർ നാഥ് സിങ്ങിനെതിരെ സർക്കാരിനും കോൺഗ്രസിനുമെതിരായി നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് 124 എയുടെ ഭരണഘടനാ സാധുത ഉറപ്പിച്ച വിധി പറഞ്ഞത്

ബ്രിട്ടീഷ് കൊളോണിയൽ ഇന്ത്യയിലെ ആദ്യത്തെ രാജ്യദ്രോഹക്കേസ് രേഖപ്പെടുത്തിയത് 1891-ൽ ബംഗോബാസി എന്ന പത്രത്തിന്റെ പത്രാധിപരായിരുന്ന ജോഗേന്ദ്ര ചന്ദർ ബോസിനെതിരെയാണ്. വിവാഹിതരോ അവിവിഹാതിരോ ആയ പെൺകുട്ടികൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള കുറഞ്ഞ പ്രായം 10-ൽ നിന്നും12-ആക്കി ബ്രിട്ടീഷുകാർ കൊണ്ടുവന്ന Age of Consent Bill നെതിരെ ലേഖനമെഴുതി പ്രസിദ്ധീകരിച്ചു എന്നതായിരുന്നു ജോഗേന്ദ്ര ബോസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ കാരണം. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയെങ്കിലും ബോസ് മാപ്പപേക്ഷ സമർപ്പിച്ചതോടെ തുടർനടപടി ഉപേക്ഷിച്ചു.

ബ്രിട്ടീഷുകാർക്കെതിരായ രാഷ്ട്രീയസമരത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഏറ്റവും വലിയ സംഭവങ്ങളിലൊന്ന് ബാലഗംഗാധര തിലകിനെതിരെ എടുത്തതാണ്. 1897-ജൂൺ 15-ന്​ കേസരിയിൽ പ്രസിദ്ധീകരിച്ച രണ്ടു ലേഖനങ്ങൾ ബ്രിട്ടീഷ് സർക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാൻ ഉദ്ദേശിച്ചായിരുന്നു എന്നായിരുന്നു കുറ്റാരോപണം. ഈ കേസിലാണ് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് സ്ട്രേച്ചി രാജ്യദ്രോഹം സംബന്ധിച്ച കർക്കശമായ മാനദണ്ഡങ്ങൾ വ്യാഖ്യാനിച്ചത്. സർക്കാരിനോടുള്ള വിപ്രതിപത്തി (Disaffection) എന്നതിലുപരി സർക്കാരിനോടുള്ള വിധേയത്വം (Loyalty) ഒരു മാനദണ്ഡമായി മാറി. ഇതേ വിധേയത്വ മാനദണ്ഡമാണ് നരേന്ദ്ര മോദിയെ വിമർശിച്ചതിന് 144 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്തിലെയും യുക്തി എന്നത് എങ്ങനെയാണ് കൊളോണിയൽ- കൊളോണിയലാനന്തര കാലങ്ങളിലും അധികാരത്തിന്റെ സ്വഭാവം ജനാധിപത്യവിരുദ്ധമായി തുടരാനുള്ള സമാന പ്രവണതകൾ കാണിക്കുന്നത് എന്നതിന്റെ തെളിവാണ്.

Courtesy : article-14.com
Courtesy : article-14.com

അതിനുശേഷം രാജ്യദ്രോഹക്കുറ്റം ചാർത്തിയ രണ്ടു പ്രധാന കേസുകളും ബ്രിട്ടീഷ് സർക്കാരിനെതിരായ എഴുത്തുകളുടെ പേരിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുക എന്നതാണ് വാസ്തവത്തിൽ രാജ്യദ്രോഹവകുപ്പ് നടത്തിക്കൊടുക്കുന്ന സേവനം എന്നത് പിൽക്കാലത്തേക്ക് വന്നപ്പോഴും നടന്നുപോന്നത് ഈ ചരിത്രബലത്തിലാണ്. ബോംബേ ഹൈക്കോടതിയിലെ രാമചന്ദ്ര നാരായൺ കേസും അലഹാബാദ് ഹൈക്കോടതിയിലെ അംബ പ്രസാദ് കേസുമായിരുന്നു ഇവ. ‘സ്വതന്ത്രരാകാനുള്ള ഒരുക്കങ്ങൾ' എന്ന പേരിൽ ലേഖനമെഴുതി പ്രസിദ്ധീകരിച്ചതിനാണ് പ്രതോട് പത്രത്തിന്റെ പത്രാധിപരായിരുന്ന രാമചന്ദ്ര നാരയണിനെതിരെ കേസെടുത്തത്. ജാമി-ഉൽ-ഉലം പത്രാധിപരായിരുന്ന അംബ റാം മുസ്​ലിംകളെ സർക്കാരിനെതിരെ തിരിക്കുന്ന വിധത്തിൽ എഴുതുന്നു എന്നാരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. രണ്ടു കേസും വെറുതെവിട്ടു എങ്കിലും രാജ്യദ്രോഹക്കുറ്റം പിന്നീട് ഗാന്ധിയെ പിടിക്കാനും ‘ഇന്ത്യൻ നിയമങ്ങളിലെ രാഷ്ട്രീയവകുപ്പുകളുടെ രാജകുമാരൻ’ എന്ന് ഗാന്ധിക്ക് വിശേഷിപ്പിക്കാനും പാകത്തിൽ ശക്തമായി തുടർന്നു.

ബ്രിട്ടീഷുകാർക്കെതിരായി, ഇന്ത്യയെ ചൂഷണം ചെയ്യുന്നവർക്കെതിരായി സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും താനൊരു കുറ്റമായി കാണുന്നില്ല എന്നായിരുന്നു ഗാന്ധി ആവർത്തിച്ചുപറഞ്ഞത്. രാജ്യദ്രോഹം എന്നത് ഭരിക്കുന്നവരുടെ മാത്രം വ്യാഖ്യാനമാണെന്നും ജനാധിപത്യത്തിൽ അത്തരത്തിലൊരു ഏകപക്ഷീയമായ വ്യാഖ്യാനത്തിനു സ്ഥാനമില്ലെന്നുമുള്ള നീതിബോധത്തിന്റെ മറ്റൊരു സ്ഥലമായിരുന്നു ഗാന്ധി ഉയർത്തിയത്. 1929-ൽ യങ്​ ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ രാജ്യദ്രോഹ വകുപ്പിനെതിരെ ഗാന്ധി ശക്തമായ വിമർശനം ഉന്നയിച്ചു. നിയമം എന്ന വാക്കിനെ ബലാൽക്കാരം ചെയ്യുന്ന ഈ വകുപ്പ്, ജനങ്ങൾക്ക് യാതൊരുവിധ നിയമാവകാശവുമില്ലാത്ത ഏകപക്ഷീയരായ ഭരണാധികാരികളുടെ തന്നിഷ്ടത്താൽ നമുക്കുമുകളിൽ ഊരിയ വാളുകൊണ്ട് അടിച്ചേൽപ്പിച്ചതാണെന്നായിരുന്നു ഗാന്ധി 124 എ-യെ വിശേഷിപ്പിച്ചത്.

മജിസ്ട്രേറ്റിനു കമ്യൂണിസം ഇഷ്ടമല്ലായിരിക്കും, ഹൈക്കോടതിക്കും ഇഷ്ടമല്ല, പക്ഷെ 124 എ അനുസരിച്ചുള്ള വിചാരണ നടത്താൻ അത്തരം ഇഷ്ടക്കേടുകൾ കാരണമായിക്കൂടാ എന്നുകൂടി ബ്രിട്ടീഷ് ഭരണകാലത്തുപോലും കൊൽക്കത്ത ഹൈക്കോടതി പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയേയും തൊഴിലാളി യൂണിയനുകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ 1934 നവംബർ 22-ന്​കൊൽക്കത്തയിലെ ശ്രദ്ധാനന്ദ് മൈതാനത്ത് പ്രസംഗിച്ച കമൽ കൃഷ്ണ സർക്കാരിനെതിരെ രാജ്യദ്രോഹത്തിന്​ കേസെടുത്തു. കമ്യൂണിസ്റ്റ് സംഘമായ ബംഗാൾ യൂത്ത്​ ലീഗായിരുന്നു യോഗം സംഘടിപ്പിച്ചത്. വിചാരണ കോടതി സർക്കാർ കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷിച്ചെങ്കിലും കൊൽക്കത്ത ഹൈക്കോടതി അന്നത്തെ സാഹചര്യത്തിൽ ഉദാരമായൊരു വ്യാഖ്യാനത്തിലൂടെ സർക്കാരിനെ കുറ്റവിമുക്തനാക്കി. ഇത്തരം പ്രസംഗങ്ങൾ രാജ്യദ്രോഹമാണ് എന്നുകണ്ടാൽ നിലവിലുള്ള ഭരണസംവിധാനത്തിനുപകരം മറ്റൊരു സംവിധാനം വേണമെന്ന ഏതൊരു വാദവും രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടും എന്നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് വിധിയിൽ ചൂണ്ടിക്കാട്ടിയത്. അവിടംകൊണ്ടും കോടതി നിർത്തിയില്ല, മജിസ്ട്രേറ്റിന് കമ്യൂണിസം ഇഷ്ടമല്ലായിരിക്കും, ഹൈക്കോടതിക്കും ഇഷ്ടമല്ല, പക്ഷെ 124 എ അനുസരിച്ചുള്ള വിചാരണ നടത്താൻ അത്തരം ഇഷ്ടക്കേടുകൾ കാരണമായിക്കൂടാ എന്നുകൂടി ബ്രിട്ടീഷ് ഭരണകാലത്തുപോലും കൊൽക്കത്ത ഹൈക്കോടതി പറഞ്ഞു.

പിന്നീട് രാജ്യദ്രോഹം സംബന്ധിച്ച കേസുകളിൽ നിർണായക വിധിയുണ്ടാകുന്നത് 1942-ൽ നിഹാരേന്ദു ദത്ത് മജൂംദാർ കേസിലാണ്. ഫെഡറൽ കോടതിയിൽ ജസ്റ്റിസ് മൗറിസ് ഗോയറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് രാജ്യദ്രോഹക്കുറ്റം കേവലമായ സർക്കാർ വിമർശനത്തിന്റെ പേരിൽ ചുമത്താനാവില്ലെന്ന ഉദാര നിലപാടാണ് എടുത്തത്. സർക്കാരിന്റെ പൊങ്ങച്ചധാരണകൾ മുറിപ്പെട്ടാൽ അതിനെ ലേപനം ചെയ്യാൻ ഉപയോഗിക്കേണ്ട ഒന്നല്ല രാജ്യദ്രോഹക്കുറ്റം എന്നാണ്​ഫെഡറൽ കോടതി പറഞ്ഞത്. കൊളോണിയൽ ഭരണകാലത്ത് ഒരു കോടതിക്ക് നടത്താവുന്ന ഏറ്റവും ഉദാരമായ വിധിന്യായമായിരുന്നു അതെന്ന് നമുക്ക് കരുതാവുന്നതായിരുന്നു അത്.

Courtesy : article-14.com
Courtesy : article-14.com

പിന്നീട് 1947-ൽ സദാശിവ് നാരായൺ ഭലേറാവു കേസിൽ പ്രിവി കൗൺസിലിൽ Lord William Thankerton -ന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് നിഹാരേന്ദു ദത്ത് കേസിലെ ഫെഡറൽ കോടതിയുടെ രാജ്യദ്രോഹ വകുപ്പിന്റെ വ്യാഖ്യാനത്തെ നിരാകരിച്ചു. തിലകിന്റെ കേസിൽ ജസ്റ്റിസ് സ്ട്രാച്ചി നൽകിയ വ്യാഖ്യാനത്തെ പ്രിവി കൗൺസിൽ പുനഃസ്ഥാപിച്ചു. അതായത് വിപ്രതിപത്തി (Disaffection) എന്നത് അവിശ്വസ്തത (Disloyalty) എന്നതായി സമീകരിക്കപ്പെട്ടു.

ശേഷം സ്വാതന്ത്ര്യത്തിലേക്ക് അധിക മാസങ്ങളുണ്ടായില്ല. 1947 ഫെബ്രുവരി 18-നാണ് ഭലേറാവു കേസിൽ വിധി പറഞ്ഞത്. ആ വർഷം ആഗസ്റ്റ് 15-ന്​ ഇന്ത്യ സ്വതന്ത്രമായി. സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ അടിച്ചമർത്താൻ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം ഉപയോഗിച്ച രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പ് അപ്രത്യക്ഷമാകുന്നതിന് കാലതാമസമില്ല എന്ന് നാം കരുതും. എന്നാൽ 1947 ഏപ്രിൽ 29-ന്​ ഭരണഘടനാ നിർമാണസഭയിലെ സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള മൗലികാവകാങ്ങൾക്കായുള്ള ഉപസമിതി സമർപ്പിച്ച കരടിൽ രാജ്യദ്രോഹം അഭിപ്രായസ്വാതന്ത്ര്യത്തിനെ തടയാനുള്ള ഒരു മാനദണ്ഡമായി വീണ്ടും നിവർന്നുവന്നു. ഭരണഘടനാ നിർമാണസഭയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏക പ്രതിനിധിയായ സോമനാഥ് ലാഹിരി ഇതിനെ എതിർത്ത്​പറഞ്ഞത്, ‘ഒരു പൊലീസ് കോൺസ്റ്റബിളിന്റെ കാഴ്ചപ്പാടിലൂടെയാണ് മൗലികാവകാശങ്ങൾ തയ്യാറാക്കിയത്' എന്നാണ്​. ഇംഗ്ലണ്ടിൽ പ്രകടമായ ഒരു അക്രമം ഉണ്ടായില്ലെങ്കിൽ, ഒരു പ്രസംഗം അതെത്ര രാജ്യദ്രോഹമെന്നു വിശേഷിപ്പിച്ചാലും കുറ്റകരമല്ലായെങ്കിൽ, ഇന്ത്യയിൽ അത്തരമൊരു പ്രസംഗത്തിന് സർദാർ പട്ടേലിന് തന്നെ അറസ്റ്റ് ചെയ്യാനാകും എന്നാണ്​ അവസ്ഥയെന്ന്​ ലാഹിരി വിമർശനമുയർത്തി. എന്നാൽ രാജ്യദ്രോഹക്കുറ്റം കൂടുതൽ കർക്കശമാക്കാനുള്ള ഭേദഗതി കൊണ്ടുവന്ന രാജഗോപാലാചാരിയെ വിമർശിച്ച്​ ലാഹിരി പറഞ്ഞത് ‘നമ്മൾ പ്രസംഗിച്ചാലാണ് സർദാർ പട്ടേൽ ശിക്ഷിക്കുക, എന്നാൽ നമ്മൾ പ്രസംഗിക്കും മുമ്പുതന്നെ രാജാജി നമ്മളെ ശിക്ഷിക്കും. അദ്ദേഹത്തിന്റെ മഹത്തായ ബുദ്ധിയിൽ ഇയാൾ ഒരു രാജ്യദ്രോഹ പ്രസംഗം നടത്തും എന്ന് തോന്നിയാൽ തന്നെ പ്രസംഗം തടയാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്' എന്നാണ്​.

കടുത്ത വിമർശനത്തെത്തുടർന്ന് sedition എന്ന വാക്ക് പട്ടേൽ ഒഴിവാക്കിയെങ്കിലും 1948 ഫെബ്രുവരി 21-ന്​ ഭരണഘടനാ നിർമാണസഭയുടെ മേശപ്പുറത്തുവെച്ച കരടിൽ പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യം നൽകുന്ന അനുഛേദത്തിൽ sedition വീണ്ടും അഭിപ്രായസ്വാതന്ത്ര്യത്തിന്​ Reasonable restriction ഏർപ്പെടുത്താവുന്ന ഒരു ഘടകമായി സ്ഥാനം പിടിച്ചു. കെ.എം. മുൻഷി, സർദാർ ഹുക്കുംസിങ്, സേത്ത് ഗോവിന്ദ് ദാസ് അടക്കമുള്ളവർ ഉയർത്തിയ എതിർപ്പുകൾ ഫലം കണ്ടപ്പോൾ വീണ്ടും sedition ഭരണഘടനയിൽ നിന്ന്​ പടിയിറങ്ങി. എന്നാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രാജ്യദ്രോഹം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമായി തുടർന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ ചൂടും വേവും നിലനിൽക്കുമ്പോഴും രാജ്യദ്രോഹക്കുറ്റം എങ്ങനെയാണ് കൊളോണിയൽ ഭരണകൂടം വിമോചനസമരത്തെ അടിച്ചമർത്താൻ ഉപയോഗിച്ചത് എന്നത് സ്വന്തം അനുഭവങ്ങളിൽക്കൂടി അറിയുമ്പോഴും, Sedition അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാവുന്ന ഒരു ഘടകമായി ഭരണഘടനയിൽ ഉൾപ്പെടുത്താൻ അന്നത്തെ രാഷ്ട്രീയനേതൃത്വം ശ്രമിച്ചത്, അധികാരം അഭിപ്രായസ്വാതന്ത്ര്യത്തെയും സ്വതന്ത്രരായ മനുഷ്യരെയും എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ കൂടി തെളിവാണ്.

124 എയുടെ ഭരണഘടനാസാധുത സംബന്ധിച്ച ഏറ്റവും കാതലായ തർക്കമാണ് ഇപ്പോൾ സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിയാണ് കേദാർ നാഥിൽ ഉണ്ടായത് എന്നതുകൊണ്ടുതന്നെ അതിനെ മറികടക്കാൻ ഏഴംഗ ബെഞ്ച് വേണം എന്ന്​ ഊഹിക്കാം.

സ്വാതന്ത്ര്യത്തിനുശേഷം അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച കേസുകൾ ഉയർന്നുവന്നത് രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു. റൊമേഷ് ഥാപ്പർ (1950), ബ്രിജ് ഭൂഷൺ (1950) കേസുകളിൽ സുപ്രീംകോടതിയും താര ഗോപിചന്ദ് കേസിൽ പഞ്ചാബ് ഹൈക്കോടതിയും അഭിപ്രായസതന്ത്ര്യത്തിനുള്ള പരമാവകാശം അംഗീകരിക്കുന്ന വിധികൾ നൽകി. ഭരണഘടനാ നിർമാണസഭ ആർട്ടിക്കിൾ 13-ൽ നിന്ന്​ (പിന്നീട് ആർട്ടിക്കിൾ 19) Sedition എന്ന വാക്ക് എടുത്തുകളഞ്ഞത് ചൂണ്ടിക്കാട്ടി 124 എ വകുപ്പ് ഭരണഘടനാസാധുതയില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ അതൊരു നിരീക്ഷണമായിട്ടായിരുന്നു പറഞ്ഞത്. കാരണം ആ കേസുകളിൽ കോടതിയുടെ മുന്നിലുള്ള തർക്കം അതല്ലായിരുന്നു. ഈ വിധികളെ മറികടക്കാനും അഭിപ്രായസ്വാതന്ത്ര്യത്തിൽ കൂടുതൽ നിബന്ധനകൾ ബാധകമാക്കാനുമായി 1951-ൽ ഒന്നാം ഭരണഘടനാ ഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവന്നു.

ഒന്നാം ഭരണഘടനാ ഭേദഗതിക്കുശേഷം 124 എ വകുപ്പിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ആദ്യ കേസ് പട്‌ന ഹൈക്കോടതിയിൽ നടന്ന ദേബി സോറെൻ കേസ് (1954) ആണ്. ബിഹാർ സർക്കാരിനെതിരെ ആദിവാസി മഹാസഭയിൽ പ്രസംഗിച്ചു എന്നതിനായിരുന്നു രാജ്യദ്രോഹകുറ്റം ചുമത്തിയത്. പട്‌ന ഹൈക്കോടതി എന്നാൽ 124 എയുടെ ഭരണഘടനാസാധുത ശരിവെക്കുകയാണ് ചെയ്തത്. ഒന്നാം ഭരണഘടനാ ഭേദഗതിയിൽ ‘Public order' ഉൾപ്പെടുത്തിയതോടെ 124 എ സാധുവായി എന്നാണ്​ കോടതി കണ്ടത്.

ഫോർവേഡ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായ കേദാർനാഥ് സിങ്ങിനെതിരെ സർക്കാരിനും കോൺഗ്രസിനുമെതിരായി നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് 124 എയുടെ ഭരണഘടനാസാധുത ഉറപ്പിച്ച വിധി പറഞ്ഞത് (1962). രാജ്യദ്രോഹക്കുറ്റത്തിന്റെ പരിശോധനയിൽ ‘പബ്ലിക്​ ഓർഡർ' ഒരു നിർണായകഘടകമാണെന്നും 124 എ ആർട്ടിക്കിൾ 19 (2) പറയുന്ന ‘reasonable restrictions' നുള്ളിൽ നിൽക്കുന്നതാണെന്നും സുപ്രീംകോടതി വിധിച്ചു.

ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ നേതാവ് ഉമർ ഖാലിദ്. ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്തപ്പെട്ട ഉമർ ഖാലിദ് ഇപ്പോൾ വിചാരണത്തടവുകാരനായി തിഹാർ ജയിലിൽ കഴിയുന്നു
ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ നേതാവ് ഉമർ ഖാലിദ്. ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്തപ്പെട്ട ഉമർ ഖാലിദ് ഇപ്പോൾ വിചാരണത്തടവുകാരനായി തിഹാർ ജയിലിൽ കഴിയുന്നു

അതിനുശേഷം 124 എയുടെ ഭരണഘടനാസാധുത സംബന്ധിച്ച ഏറ്റവും കാതലായ തർക്കമാണ് ഇപ്പോൾ സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിയാണ് കേദാർനാഥിൽ ഉണ്ടായത് എന്നതുകൊണ്ടുതന്നെ അതിനെ മറികടക്കാൻ ഏഴംഗ ബെഞ്ച് വേണം എന്നതാണ് സാധാരണയായി ഊഹിക്കാവുന്നത്. എന്നാൽ കേസ് ഭരണഘടനാബെഞ്ചിന് വിടണോ എന്ന പ്രാഥമിക തർക്കത്തിൽ തീർപ്പുണ്ടാകുന്നതിനു മുമ്പാണ് 124 എ എന്ന ജനാധിപത്യവിരുദ്ധ കൊളോണിയൽ വകുപ്പിനെ സംരക്ഷിച്ചെടുക്കാൻ കേന്ദ്ര സർക്കാർ തങ്ങളെത്തന്നെ ഈ വകുപ്പിന്റെ പ്രയോഗത്തിന്റെ കാര്യത്തിൽ ചില പുനരാലോചനകൾ നടത്താമെന്ന് കോടതിയെ അറിയിക്കുകയും കോടതി അത്​ അനുവദിക്കുകയും ചെയ്തത്. എന്നാൽ അത്രയും കാലം രാജ്യദ്രോഹക്കുറ്റം പ്രയോഗിക്കുന്നതിൽ നിന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിട്ടുനിൽക്കണമെന്ന് പറഞ്ഞ്​, ഫലത്തിൽ ഈ വിഷയത്തിൽ മറ്റൊരുത്തരവുണ്ടാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്.

കേദാർനാഥിനുശേഷമുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ സർക്കാരിനെതിരായ അഭിപ്രായം പറയുകയോ പ്രവർത്തിക്കുകയോ ചെയ്ത നിരവധിപേർക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. രാഷ്ട്രീയ, മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തഗർ, വിദ്യാർഥികൾ എന്നിങ്ങനെ നിരവധി പേര് തുറങ്കിലടക്കപ്പെട്ടു. നിരവധി കേസുകളിൽ സുപ്രീംകോടതിയും ഹൈക്കോടതികളും 124 എ ചുമത്തിയ കേസുകൾ അവയുടെ ദുർബലമായ ഉള്ളടക്കം കൊണ്ട് നിലനിൽക്കില്ലെന്ന് വിശദമായ വിധികളെഴുതി. ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് ബൽവന്ത് സിങ് കേസിൽ സുപ്രീംകോടതി വിധിച്ചിട്ടും ഒരു പ്രസംഗത്തിനിടെ ഒരു ഉദാഹരണം പോലെ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിച്ച കൗമാരക്കാരിയെ രാജ്യദ്രോഹത്തിന്​കർണാടകയിൽ തടവിലിട്ടു. സ്‌കൂൾ വിദ്യാർഥികൾ വരെ 124 എ എന്ന ജനാധിപത്യവിരുദ്ധ നിയമത്തിന്റെ പിടിയിൽപ്പെട്ടു.

നരേന്ദ്ര മോദി / ബി.ജെ.പി. സർക്കാർ അധികാരത്തിലെത്തിയതോടെ രാജ്യദ്രോഹക്കുറ്റം സർക്കാരിനെതിരെ മാത്രമല്ല ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സംസാരിച്ചാലും ചാർത്തിക്കിട്ടാവുന്ന കുറ്റമായി മാറി. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകൾ പരിശോധിച്ചാൽ അതിൽ കൃത്യമായി കാണാൻ കഴിയുന്നത് ദലിതർ, കർഷകത്തൊഴിലാളികൾ, ആദിവാസികൾ, മാവോവാദികൾ എന്ന് സർക്കാർ വിളിക്കുന്ന രാഷ്ട്രീയപ്രവർത്തകർ, മുസ്​ലിംകൾ, മാധ്യപ്രവർത്തകർ എന്നിവരാണ് ഈ നിയമത്തിന്റെ പ്രധാന ഇരകളെന്നാണ്.

മോദി സർക്കാർ 2014 -2020 കാലത്ത് ചുമത്തിയ രാജ്യദ്രോഹക്കേസുകൾ മിക്കവയും ജനാധിപത്യപരമായി പ്രസംഗിക്കുകയും എഴുതുകയും വിമതാഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തവർക്കെതിരെയായിരുന്നു.

2010- 2021 കാലയളവിൽ 13000 പേർക്കെതിരെയാണ് രാജ്യ​ദ്രോഹക്കുറ്റം ചുമത്തിയത്. ബി.ജെ.പി. അധികാരത്തിൽ വന്നശേഷം സ്ത്രീകൾക്കെതിരെ 124 എ ചുമത്തുന്നതിൽ 190% വർധനവാണുണ്ടായത്. അധികാരസ്ഥാനങ്ങളിലുള്ളവരെ വിമർശിച്ചതിന് 2010-നും 2021-നും ഇടയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകളിൽ 96%-വും 2014-നുശേഷമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന് 149 പേർക്കെതിരെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ചതിന്​ 144 പേർക്കെതിരെയും രാജ്യദ്രോഹക്കുറ്റ ചുമത്തി.

തമിഴ്നാട്ടിൽ ആണവനിലയവിരുദ്ധ സമരം നടത്തിയവർക്കെതിരെയാണ് 2010-2014 കാലഘട്ടത്തിൽ യു.പി.എ സർക്കാർ ചുമത്തിയ രാജ്യദ്രോഹക്കേസുകളിൽ 39% വും. ശേഷമുള്ളവ മിക്കവയും മാവോവാദികൾ എന്ന ആരോപണമുന്നയിച്ചാണ്. മോദി സർക്കാർ 2014 -2020 കാലത്ത് ചുമത്തിയ രാജ്യദ്രോഹക്കേസുകൾ മിക്കവയും ജനാധിപത്യപരമായി പ്രസംഗിക്കുകയും എഴുതുകയും വിമതാഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തവർക്കെതിരെയായിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവർ ശരാശരി 50 ദിവസം തടവിൽ കഴിയുന്നുണ്ട്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകേണ്ട അവസ്ഥയിൽ ഇത് 200 ദിവസംവരെ എത്താറുണ്ട്. 2010-2021 കാലയളവിലെ രാജ്യദ്രോഹക്കേസുകളിലെ ശിക്ഷാനിരക്ക് കേവലം 0.1%മാണ്.

ഇത്തരം കണക്കുകളൊക്കെ കാണിക്കുന്നത് ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം എന്ത് യുക്തിയാണോ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഉപയോഗിച്ചിരുന്നത് അതേ യുക്തി തന്നെയാണ് സ്വതന്ത്ര ഇന്ത്യയിലെ സർക്കാരുകളും ഉപയോഗിക്കുന്നത് എന്നാണ്. എന്നാൽ മോദി സർക്കാരിന്റെ കീഴിലുള്ള ഇന്ത്യ മറ്റൊരു പ്രതിസന്ധിയും അപകടവും കൂടി ഇക്കാര്യത്തിൽ നേരിടുന്നുണ്ട്. ഒരു രാജ്യം എന്നാൽ ഒരു രാഷ്ട്രീയനിർമിതിയാണ്. അത് സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ജനസമൂഹമല്ല. പലതരത്തിലുള്ള ചരിത്രസംഭവങ്ങളുടെ അനന്തരഫലമായാണ് നാമിന്നു കാണുന്ന ഇന്ത്യ ഇന്നത്തെ രൂപത്തിലുണ്ടായത്. അത്തരത്തിലൊരു രാജ്യത്തിന്റെ രാഷ്ട്രീയശരീരത്തെ വളരെ വേഗം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പകർപ്പാക്കിമാറ്റുകയും ഭരണകൂടം ഹിന്ദുത്വ - കോർപ്പറേറ്റ് കൂട്ടുകെട്ടായി മാറുകയും ചെയ്യുന്ന അവസ്ഥയിൽ രാജ്യം എന്നതിന് സർക്കാർ എന്നും ഭരണകൂടം എന്നും അർഥം വെക്കുന്നത് ഭീകരമായ അടിച്ചമർത്തലിനെ ന്യായീകരിക്കാൻ മാത്രമാണ് സഹായിക്കുക.

ഒരു ജനാധിപത്യ നീതിന്യായവ്യവസ്ഥക്കുവേണ്ടത് ജനാധിപത്യ സമൂഹമാണ്. നിയമങ്ങളിൽ മാത്രമായി നീതിയും ജനാധിപത്യവും ഉണ്ടാവുക എന്നത് അസംഭവ്യമാണ്.

ഒരു ദേശരാഷ്ട്രം എന്ന നിലയിൽ അന്താരാഷ്ട്ര ഭൗമാതിർത്തികളിൽ നിലനിൽക്കുന്ന ഒരു രാജ്യത്തിലെ ഭരണസംവിധാനത്തിന് അന്നാട്ടിലെ ജനങ്ങളിൽ നിന്ന്​ യാതൊരു സുരക്ഷയും സവിശേഷമായി ലഭിക്കാൻ അവകാശമില്ല. ഇപ്പോൾ ഇന്ത്യയിൽ നിലനിൽക്കുന്ന ഭരണസംവിധാനവും വ്യവസ്ഥയും ധനികരെയും അവരുടെ കൈയാളുകളായ രാഷ്ട്രീയനേതൃത്വത്തെയും മാത്രം മെച്ചപ്പെടുത്തുന്നതാണെന്നും അതിനെ അപ്പാടെ മാറ്റിമറിക്കണമെന്നും തോന്നാനും അതിനുവേണ്ടി പ്രവർത്തിക്കാനും കൂടിയുള്ള അവകാശത്തെയാണ് നമ്മൾ ജനാധിപത്യ പൗരാവകാശം എന്ന് വിളിക്കുന്നത്.

രാജ്യദ്രോഹക്കുറ്റം മാത്രമല്ല ഇന്ത്യയിലെ ജനാധിപത്യ, പൗരാവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങൾ. യു.എ.പി.എ. പോലുള്ള നിയമങ്ങളുപയോഗിച്ച്​നൂറുകണക്കിന് രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരെയാണ് ഇന്ത്യൻ ഭരണകൂടം തടവിലിട്ടിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ഇല്ലാതായാൽപ്പോലും എല്ലാവിധ പ്രതിഷേധങ്ങളെയും തടവിലിടാൻ പാകത്തിൽ യു.എ.പി.എ. നിലനിൽക്കുന്നുണ്ട്. യു.എ.പി.എ. പ്രയോഗിക്കുന്ന കാര്യത്തിൽ ഇപ്പോൾ 124 എ ക്കെതിരെ നിലപാടെടുത്ത ഇടതുകക്ഷികൾ പോലും പ്രായോഗികമായി കേന്ദ്ര സർക്കാരിനൊപ്പമാണ്.

ഒരു ജനാധിപത്യ നീതിന്യായവ്യവസ്ഥയ്ക്കുവേണ്ടത് ജനാധിപത്യസമൂഹമാണ്. നിയമങ്ങളിൽ മാത്രമായി നീതിയും ജനാധിപത്യവും ഉണ്ടാവുക എന്നത് അസംഭവ്യമാണ്. അതുകൊണ്ടുതന്നെ, ആധുനിക ജനാധിപത്യ സമൂഹമെന്ന നിലയിലുള്ള നീതിവിചാരങ്ങൾ സാധ്യമാകണമെങ്കിൽ ജനാധിപത്യ സമൂഹത്തിന്റെ ജൈവലോകത്ത് അത്തരം രാഷ്ട്രീയ-സാമൂഹ്യജീവിതം സദാ ജാഗ്രതയോടെ വിക്ഷുബ്ധമായി നിൽക്കണം. സുപ്രീംകോടതി ഭരണഘടനാ കോടതിയാണ്. ഭരണഘടന ഒരു രാഷ്ട്രീയരേഖയാണ്. രാജ്യം ഒരു രാഷ്ട്രീയനിർമിതിയാണ്. ആ രാഷ്ട്രീയം എന്തായിരിക്കണം എന്നതാണ് നിർണായകപ്രശ്‌നം. അത് ജനാധിപത്യത്തിന്റെയും ആധുനിക സാമൂഹ്യബോധത്തിന്റേതുമായിരിക്കുക എന്നുറപ്പുവരുത്തലാണ് ഇന്ത്യയിൽ ഇന്ന് നടക്കേണ്ട വലിയ സമരം. ആ സമരം ഇന്നിപ്പോൾ അതീവദുർബലമാണ്. എങ്കിലും അതിന് ഇനിയും ജീവനുണ്ട് എന്നുറപ്പിക്കുന്നതാണ് 124 എ താത്കാലികമായി മരവിപ്പിക്കുന്ന സുപ്രീംകോടതി ഉത്തരവ്.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments