ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി; സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ

സംസ്ഥാന നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകൾ നിയമമാക്കാൻ അനുവദിക്കാതെ അനന്തമായി നീട്ടുന്ന രീതി അവസാനിപ്പിക്കാൻ സുപ്രീം കോടതി. ഗവർണർമാർക്ക് പിന്നാലെ രാഷ്ട്രപതിക്കും ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി നിശ്ചയിച്ചിരിക്കുകയാണ് നിർണായക ഇടപെടലിലൂടെ. 10 ബില്ലുകൾ ഒരുമിച്ച് നിയമമാക്കി ചരിത്രം രചിച്ച് തമിഴ്നാട് സർക്കാരും.

News Desk

സംസ്ഥാന നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. നിയമസഭ പാസ്സാക്കിയ ശേഷം ഗവർണർമാർ വഴി രാഷ്ട്രപതിക്ക് മുന്നിലെത്തുന്ന ബില്ലുകളിൽ കുറഞ്ഞത് മൂന്ന് മാസത്തിനുള്ളിൽ തീരുമാനം ഉണ്ടാവണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. തമിഴ്നാട് സർക്കാരും ഗവർണർ ആർ.എൻ രവിയും തമ്മിലുള്ള കേസിൽ വിധി പറയവേയാണ് സുപ്രീം കോടതി ഇക്കാര്യവും വ്യക്തമാക്കിയത്. ജസ്റ്റിസ് ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. തമിഴ്നാട് നിയമസഭ പാസ്സാക്കിയ പത്ത് ബില്ലുകൾ ഗവർണർ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെച്ചിരുന്നു.

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ തമിഴ്നാട് സർക്കാർ പത്ത് ബില്ലുകൾ നിയമമാക്കി മറ്റൊരു ചരിത്രവും രചിച്ചു. സുപ്രീം കോടതി വിധി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തതിന് പിന്നാലെയാണ് തമിഴ്നാടിൻെറ ചരിത്രനീക്കം. അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ബില്ലുകളെല്ലാം നിയമമാക്കിയിരിക്കുന്നത്. സർവകലാശാല ഭേദഗതി ബില്ലും ഈ 10 നിയമങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു. ഇനി തമിഴ്നാട്ടിലെ സംസ്ഥാന സർവകലാശാലകളുടെ ചാൻസിലർ മുഖ്യമന്ത്രിയായിരിക്കും. ഗവർണറെ ഈ സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ ബിൽ പാസ്സാക്കിയിരുന്നു. ഇതാണ് നിയമമായത്.

ഭരണഘടനയുടെ 201ാം അനുച്ഛേദത്തിലാണ് ഗവർണർമാർ ബില്ലുകൾ പരിഗണിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുന്നത്. എന്നാൽ ഇതിൽ സമയപരിധി പറഞ്ഞിരുന്നില്ല. തിഴ്നാടിൻെറ കേസ് പരിഗണിച്ച കോടതി ബില്ലുകൾ നിയമമാക്കാതെ അനന്തമായി നീട്ടുന്നതിനെതിരെ വിധിയിലൂടെ രൂക്ഷവിമർശനമാണ് ഉയർത്തിയത്. സംസ്ഥാന നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ മന്ത്രിസഭയുടെ ഉപദേശപ്രകാരം ഒരു മാസത്തിനുള്ളിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയോ അനുമതിയ്ക്ക് വിടുകയോ ചെയ്തിരിക്കണമെന്ന് വിധിയിൽ പറയുന്നുണ്ട്. ബില്ലിന് അനുമതി നൽകുന്നില്ലെങ്കിൽ മൂന്ന് മാസത്തിനകം അത് വ്യക്തമാക്കി തിരിച്ചയച്ചിരിക്കണം. മന്ത്രിസഭയുടെ ശുപാർശയ്ക്ക് വിരുദ്ധമായി ബിൽ രാഷ്ട്രപതിയ്ക്ക് അയയ്ക്കുകയാണെങ്കിൽ അതിന് പരമാവധി മൂന്ന് മാസമാണ് സമയപരിധി. തിരിച്ചയച്ച ബിൽ വീണ്ടും നിയമസഭ പരിഗണിച്ച് പാസ്സായി ഗവർണറുടെ മുന്നിലെത്തിയാൽ ഒരു മാസത്തിനുള്ളിൽ അംഗീകരിക്കണം. അവിടെ പിന്നീട് ഗവർണറുടെ വിവേചനാധികാരം ഉപയോഗിക്കാൻ സാധിക്കില്ലെന്നും കോടതിവിധി വ്യക്തമാക്കുന്നുണ്ട്.

ഒന്നാം നരേന്ദ്ര മോദി സർക്കാരിൻെറ കാലം മുതൽ ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്ന തന്ത്രപരമായ നയം നടപ്പിലാക്കി പോന്നിരുന്നു. ബിജെപിയിതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഗവർണർമാരുടെ ഇടപെടൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. ഇതിൽ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സർക്കാരുകളും ഗവർണർമാരും തമ്മിൽ നിരന്തര ഏറ്റുമുട്ടലുകളും വെല്ലുവിളികളും നടന്നിരുന്നു. സംസ്ഥാന നിയമസഭകൾ പാസ്സാക്കിയ സുപ്രധാന ബില്ലുകൾ നിയമമാക്കാതെ തടഞ്ഞുവെച്ച് കൊണ്ടായിരുന്നു ഗവർണർമാർ സംസ്ഥാനങ്ങളിലെ ഭരണതീരുമാനങ്ങളെ ബുദ്ധിമുട്ടിച്ചിരിക്കുന്നത്. അതിന് തടയിടുന്നതായിരുന്നു തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി.

ഗവർണർമാർക്ക് പിന്നാലെ ഇപ്പോൾ രാഷ്ട്രപതിക്കും ബില്ലുകൾ അനന്തമായി പിടിച്ചുവെക്കാൻ യാതൊരുവിധ അധികാരവുമില്ലെന്ന് അസന്ദിഗ്ദമായി പ്രഖ്യാപിച്ചിരിക്കുകയാണ് സുപ്രീം കോടതി. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ ഒരുപടി കൂടി മുന്നോട്ട് നയിക്കുകയാണ് ഈ വിധി ചെയ്യുന്നത്. തങ്ങൾക്ക് സ്വാധീനമില്ലാത്തതും എതിർ രാഷ്ട്രീയകക്ഷി ഭരിക്കുന്നതുമായ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി, ഗവർണർമാർ എന്നിവരുടെ ഇടപെടലുകളിലൂടെ ഭരണനിയന്ത്രണത്തിന് ശ്രമിച്ചിരിക്കുന്ന കേന്ദ്രസർക്കാരിന് ഈ വിധി വലിയ തിരിച്ചടിയായിരിക്കുകയാണ്. നേരത്തെ തന്നെ ഗവർണർ ബില്ലുകളിൽ അടയിരിക്കുന്നതിനെതിരെ വന്ന വിധി, എല്ലാ സംസ്ഥാനങ്ങളുടെയും വിജയമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചിരുന്നു. അനന്തമായി ബില്ലുകൾ നീട്ടുന്ന പ്രവണത തുടർന്നാൽ സംസ്ഥാനങ്ങൾക്ക് കോടതികളെ സമീപിക്കാമെന്നും വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ കോടതിക്ക് ഇടപെടാമെന്നും പറയുന്നുണ്ട്. “സംസ്ഥാന ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതിക്ക് രണ്ട് തീരുമാനങ്ങൾ എടുക്കാനാണ് അധികാരമുള്ളത്. ഒന്നുകിൽ ബില്ലിനോട് വിയോജിച്ച് തിരിച്ചയക്കാം. അല്ലെങ്കിൽ ബില്ലിനോട് അനുകൂലിച്ച് നിയമമാക്കാൻ അനുമതി നൽകാം,” കോടതി പറയുന്നു. രണ്ട് തീരുമാനങ്ങളിലൊന്ന് മൂന്ന് മാസത്തിനുള്ളിൽ എടുക്കണമെന്നാണ് ഇപ്പോൾ വന്നിരിക്കുന്ന സുപ്രധാനവിധിയിൽ പറയുന്നത്.

ചില സാങ്കേതികത്വങ്ങളിൽ തൂങ്ങി ഗവർണർമാരെയും രാഷ്ട്രപതിയെയും ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ നിയന്ത്രിച്ചിരുന്ന കേന്ദ്രസർക്കാർ നയം ഇനി അവസാനിപ്പിക്കേണ്ടി വരും. കേരളം, തമിഴ്നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ എ.എ.പി ഭരിച്ചിരുന്ന ഡൽഹിയും രാജ്യത്തെ പ്രതിപക്ഷകക്ഷികൾ ഒന്നാകെയും രാഷ്ട്രീയമായും നിയമപരമായും നടത്തിയിരുന്ന പോരാട്ടങ്ങൾ കൂടിയാണ് വിജയം കാണുന്നത്.


Summary: In a historic and first verdict Supreme Court Of India decides time limit for President of India to take decisions on bills send by state governors.


Comments