എസ്. സുദീപ്

അന്തിമ തീരുമാനം സർക്കാരിന്റേതാകുമ്പോൾ
​ലോകായുക്തയുടെ പ്രസക്തി എന്താണ്?

ഏറ്റവും വലിയ സാമൂഹിക വിപത്തിനെ തീരുമാനിക്കാനുള്ള മത്സരത്തിൽ വർഗീയതയും അസഹിഷ്ണുതയും അഴിമതിയുമൊക്കെ പരസ്പര സൗഹാർദ്ദത്തോടെ ഒന്നാം സ്ഥാനം പങ്കിട്ടെടുക്കുക തന്നെയാണു ചെയ്യുന്നത്.

മനില സി. മോഹൻ: ലോകായുക്ത നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ഓർഡിനൻസ് ഇറക്കിയത് രാഷ്ട്രീയവും നിയമപരവുമായ വലിയ ചർച്ചകൾക്ക് കാരണമായിരുക്കുകയാണ്. സ്റ്റാറ്റ്യൂട്ടി സ്ഥാപനമായ ലോകായുക്തയ്ക്ക് ഭരണഘടനാ സ്ഥാപനത്തേക്കാൾ അധികാരം നൽകുന്നത് ശരിയല്ല എന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിന് പ്രസക്തിയുണ്ടെന്നും ആ പ്രസക്തി പ്രയോഗത്തിൽ വരുത്തുന്നതാണ് പുതിയ ഓർഡിനൻസ് എന്നുമാണല്ലോ സർക്കാർ വാദം. അത് ഈ സ്റ്റാറ്റ്യൂട്ടറി ബോഡിയുടെ അടിസ്ഥാന ആശയത്തേയോ അധികാരത്തേയോ തന്നെ തകർക്കുന്ന ഒന്നാണ് എന്നതാണ് മറുവാദം. താങ്കൾ തന്നെ എഴുതിയ പോലെ, ഭരണഘടനാ കോടതി ജഡ്ജിമാരായിരുന്നവർ എടുക്കുന്ന തീരുമാനത്തിന്റെ അപ്പീൽ അധികാരം ഗവർണർ/മുഖ്യമന്ത്രി/ഉദ്യോഗസ്ഥർ തലത്തിലെ എക്സിക്യൂട്ടീവിനു നൽകുന്നതിൽ എന്തു യുക്തിയാണുള്ളത് എന്ന ചോദ്യവും പ്രസക്തമായി നിലനിൽക്കുന്നു. വിഷയം നിയമപരമായിത്തന്നെ സങ്കീർണമാവുകയാണ്. പുതിയ ഓർഡിനൻസ് ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കുകയാണോ ചെയ്യുക?

എസ്. സുദീപ്​: ലോകായുക്തയുടെ തീരുമാനങ്ങളിൽ അപ്പീലിനുള്ള അവകാശം നിഷേധിക്കപ്പെടുന്നത്​ നീതിനിഷേധമാണ്. അതുകൊണ്ടുതന്നെ ലോകായുക്ത നിയമത്തിൽ അപ്പീൽ ഫോറം കൊണ്ടുവരുന്ന ഭേദഗതി എതിർക്കപ്പെടേണ്ട ഒന്നല്ല. അക്കാര്യത്തിൽ ബഹുമാന്യനായ പ്രതിപക്ഷ നേതാവിനും എതിർപ്പുള്ളതായി തോന്നുന്നില്ല.

പക്ഷേ, ആരായിരിക്കണം ആ അപ്പീൽ അധികാരി എന്നതാണു തർക്കവിഷയം. സുപ്രീംകോടതി ജഡ്ജി/ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഒരാളാണ്​ നിലവിൽ ലോകായുക്ത. നിർദ്ദേശിക്കപ്പെട്ട ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജി ആയിരുന്നവർക്കും യോഗ്യത വരുന്നു. അപ്രകാരമൊരു ഫോറത്തിന്റെ അപ്പീൽ അധികാരി, ഗവർണർ/മുഖ്യമന്ത്രി/ഉന്നത ഉദ്യോഗസ്ഥർ എന്നിവരാകുന്ന ഭേദഗതിയെ ശരിയായ ദിശയിലുള്ള ഒരു മാറ്റമെന്നു വിശേഷിപ്പിക്കാനാവില്ല. ഹൈക്കോടതിയെ അപ്പീൽ ഫോറമാക്കുന്നതിൽ പ്രതിപക്ഷവും വിയോജിക്കുന്നില്ല. ഹൈക്കോടതിക്ക് അപ്പീൽ അധികാരം നൽകാതെ, എക്സിക്യൂട്ടീവ് ആ അധികാരം കവർന്നെടുക്കുമ്പോൾ, അന്തിമ തീരുമാനം സർക്കാരിന്റേതാകുകയാണ്​ചെയ്യുന്നത്. അപ്പോൾ ലോകായുക്തയുടെ പ്രസക്തി എന്താണ്? എല്ലാ പരാതികളും സർക്കാരിൽ തന്നെ സമർപ്പിച്ച്, സർക്കാർ തന്നെ തീർപ്പാക്കിയാൽ മതിയല്ലോ!
അതുപോലെ തന്നെ സുപ്രീംകോടതി ജഡ്ജിമാരായിരുന്നവരോ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായിരുന്നവരോ ലഭ്യമല്ലാത്ത ഒരു സാഹചര്യത്തിലല്ല ഹൈക്കോടതി ജഡ്ജിമാരായിരുന്നവർക്ക്​ ലോകായുക്തയാകാൻ ഭേദഗതി വഴി യോഗ്യത നൽകാനുള്ള നീക്കം. മതിയായ നീതീകരണം അവിടെയുമില്ല. നിയമങ്ങളിൽ കാലാനുസൃതമായി ഭേദഗതികളാവാം. പക്ഷേ നിലവിലെ ഭേദഗതികൾ ലോകായുക്ത നിയമത്തിൽ വെള്ളം ചേർക്കുന്നവ തന്നെയാണ്.

ഇന്ത്യൻ ജുഡീഷ്യറിയിൽ ഇരുപതു ശതമാനം അഴിമതിക്കാരാണെന്നു പറഞ്ഞത് നമ്മളാരുമല്ല, ഇന്ത്യൻ ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിയാണ്.

ഭരണ നേതൃത്വത്തിലുള്ളവരുടെ അഴിമതിയെ പ്രതിരോധിക്കുക എന്നതാണല്ലോ ലോകായുക്ത എന്ന സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യം. ഒരു സമൂഹത്തിൽ പ്രത്യേകിച്ച്, ഇന്ത്യ പോലെ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമുള്ള ഒരു രാജ്യത്ത് അഴിമതിയാണോ ഏറ്റവും വലിയ സാമൂഹിക വിപത്ത്? നിയമ സംവിധാനത്തിന്റെ ഭാഗമായിരുന്ന ഒരാൾ എന്ന നിലയിൽ ഭരണകർത്താക്കളുടെ, ഉദ്യോഗസ്ഥരുടെ അഴിമതി ഏത് ഗ്രേഡിൽ പരിഗണിക്കേണ്ട ഒന്നാണ് എന്നാണ്​ അഭിപ്രായം?

രജിസ്ട്രേഷൻ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അശോകൻ ചരുവിൽ, ‘ദൈവം കഥ വായിക്കുന്നുണ്ട്' എന്ന തന്റെ ഓർമപ്പുസ്തകത്തിൽ പറയുന്നു:‘നവോത്ഥാനത്തിന്റെയും ദേശീയ സമരത്തിന്റെയും പൈതൃകമുള്ള കേരളത്തിലെ ഉന്നതമായ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിനും അതിന്റെ സംസ്‌കാരത്തിനും നമ്മുടെ സർക്കാർ സർവീസ് മേഖലയിൽ മാത്രം യാതൊരു പരിവർത്തനവും സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല.'

ഇന്ത്യൻ ജുഡീഷ്യറിയിൽ ഇരുപതു ശതമാനം അഴിമതിക്കാരാണെന്നു പറഞ്ഞത് നമ്മളാരുമല്ല, ഇന്ത്യൻ ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിയാണ്.
അഴിമതി താഴെത്തട്ടു മുതൽ ഏറ്റവും മുകളിൽ വരെയുണ്ടെന്നർത്ഥം, ഏറ്റക്കുറച്ചിലുകളോടെ. ഏറ്റവും വലിയ സാമൂഹിക വിപത്തിനെ തീരുമാനിക്കാനുള്ള മത്സരത്തിൽ വർഗീയതയും അസഹിഷ്ണുതയും അഴിമതിയുമൊക്കെ പരസ്പര സൗഹാർദ്ദത്തോടെ ഒന്നാം സ്ഥാനം പങ്കിട്ടെടുക്കുക തന്നെയാണു ചെയ്യുന്നത്.

അശോകൻ ചരുവിൽ ജോലി ചെയ്തിരുന്ന സബ് രജിസ്ട്രാർ ഓഫീസിൽ ശിപായി ആയിരുന്ന അമ്മിണിച്ചേച്ചി സ്വമനസാലെയല്ല അഴിമതിക്കാരിയാകുന്നത്, മറിച്ച് അഴിമതി എന്ന വ്യവസ്ഥിതിയോടു പൊരുതി നിൽക്കാൻ കഴിയാതെ അതിനു കീഴ്പ്പെടുകയാണ്. അമ്മിണിച്ചേച്ചി കരഞ്ഞുകൊണ്ടാണു പറയുന്നത്:
‘ഒറ്റയ്ക്കു നിക്കാമ്പറ്റാഞ്ഞിട്ടാ സാറെ, ഞാനീ കാശു വാങ്ങണത്. ഇത്ര കാലോം പാടത്തു ഞാറു നട്ടും കൊയ്തും മണ്ണു ചോന്നിട്ടുവാണു ജീവിച്ചത്. പണീടുക്കാണ്ടും അന്യായപ്പണി ചെയ്തട്ടും ഞാനും വീട്ടുകാരും ജീവിച്ചിട്ടില്ല. ഇപ്പക്കിട്ടണ ഈ കൈക്കൂലിക്കാശുണ്ടല്ലോ, അതോണ്ടു മേടിക്കണ ചോറ് എറക്കാമ്പറ്റില്ല.'
ആ ചോറ് ഇറക്കാൻ കഴിയാതിരുന്നിട്ടും അഴിമതിയുടെ ഭാഗമാകേണ്ടി വരുന്നത് അഴിമതി എന്നത് അംഗീകരിക്കപ്പെട്ട ഒരു വ്യവസ്ഥിതിയായി നിലനിൽക്കുന്നതുകൊണ്ടാണ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments