അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 2022 ഏപ്രിൽ അവസാന വാരത്തിൽ ‘വോയിസ് ഓഫ് അമേരിക്ക' പുറത്തിറക്കിയ ‘India's Shackled Press' എന്ന ഡോക്യുമെന്ററിയിൽ ഒരു മലയാളി പെൺകുട്ടി പറയുന്നുണ്ട്; ‘എനിക്ക് പഠിച്ച് വലുതായി ഭാവിയിൽ ഒരു വക്കീലാകാനാണ് ആഗ്രഹം, എന്നിട്ട് എന്റെ ഉപ്പച്ചിയെപ്പോലെ ഒരു തെറ്റും ചെയ്യാതെ ജയിലിൽ കിടക്കുന്ന പാവങ്ങളെ രക്ഷിക്കണം' എന്ന്. മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള നൊട്ടപ്പുറം ജി.എൽ.പി.എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയും സ്‌കൂളിന്റെ ലീഡറുമായ മെഹനാസ് കാപ്പൻ എന്ന ആ പെൺകുട്ടി, ഉത്തർ പ്രദേശിലെ ഹാഥ്റസിൽ ദലിത് പെൺകുട്ടി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോകവെ യു.പി. ഭരണകൂടം കസ്റ്റഡിയിലെടുത്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകളാണ്.
മെഹനാസ് കാപ്പനും സഹോദരൻമാരായ മുസമ്മിൽ, മുഹമ്മദ് സിദാൻ എന്നിവരും വളർന്നുകൊണ്ടിരിക്കുന്നത് അവരുടെ നാട്ടിലെ മറ്റ് കുട്ടികളെ പോലെയല്ല. ഈ കാലത്തെയും ഈ ലോകത്തെയും അവർ ജീവിക്കുന്ന ചുറ്റുപാടിനെയും അവരുടെ പിതാവ് നേരിടുന്ന അനീതിയുടെ കാരണങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ടാണ് അവർ മുന്നോട്ടുപോകുന്നത്. അവരുടെ ആ ബോധ്യങ്ങൾക്ക് കാരണം അവരുടെ ഉപ്പ ജയിലിൽ അടക്കപ്പെട്ടത് മാത്രമല്ല, അതിന് ശേഷം റൈഹാനത്ത് സിദ്ദീഖ് എന്ന അവരുടെ ഉമ്മ നയിച്ച പോരാട്ട ജീവിതം കൂടിയാണ്.
അപ്രതീക്ഷിതമായി സംഭവിച്ച അസാധാരണത്വങ്ങളിൽ പെട്ട് ജീവിതം തകിടം മറിഞ്ഞുപോകേണ്ടിയിരുന്ന ആ മൂന്ന് കുട്ടികളെയും ചേർത്തുപിടിച്ച് റൈഹാനത്ത് എന്ന സ്ത്രീ നടത്തിയ ജീവിതസമരത്തിന്റെയും വിശ്രമമില്ലാത്ത പോരാട്ടത്തിന്റെയും ഫലമാണ് വൈകിയെങ്കിലും സിദ്ദീഖ് കാപ്പന് ലഭിച്ച നീതി. 2022 സെപ്തംബർ 9 ന് സുപ്രീം കോടതി സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചിരിക്കുന്നു.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്തുള്ള ചെമ്മാട് എന്ന സ്ഥലത്തായിരുന്നു റൈഹാനത്തിന്റെ വീട്. സാധാരണ ഇടത്തരം മുസ്ലിം കുടുംബത്തിൽ ജനിച്ചു. പ്ലസ് ടു വിന് ശേഷം ലാബ് ടെക്‌നിഷ്യൻ കോഴ്‌സ് പഠിച്ചെങ്കിലും തുടർ പഠനങ്ങൾക്കോ ജോലിക്കോ പോകാൻ സാധിച്ചില്ല. വേങ്ങരക്കടുത്തുള്ള അൽ അഹ്‌സാൻ സ്‌കൂളിലെ കംപ്യൂട്ടർ അധ്യാപകനായിരുന്ന സിദ്ദീഖ് കാപ്പൻ റൈഹാനത്തിന്റെ വീട്ടിൽ വിവാഹാലോചനയുമായി വന്നു. വൈകാതെ വിവാഹം നടന്നു.
സ്‌കൂളിലെ കംപ്യൂട്ടർ അധ്യാപകനായിരുന്ന സിദ്ദീഖിന് അന്ന് തുച്ഛമായ ശമ്പളമായിരുന്നു ഉണ്ടായിരുന്നത്. നന്നായി വായിച്ചിരുന്ന, വാരികകളിൽ കവിതകളും ലേഖനങ്ങളുമൊക്കെ എഴുതിയിരുന്ന, പൊതുവിഷയങ്ങളിൽ എപ്പോഴും വാചാലനാകുന്ന സിദ്ദീഖിനെ റൈഹാനത്ത് ആഴത്തിൽ മനസ്സിലാക്കി. ദാരിദ്ര്യം വലിയ രീതിയിൽ വേട്ടയാടിയപ്പോഴും അവയോടെല്ലാം പൊരുത്തപ്പെട്ട് ജീവിക്കാൻ പഠിച്ചു. അവർക്ക് മൂന്ന് കുട്ടികളുണ്ടായി. സാമ്പത്തിക പ്രയാസങ്ങൾ വർധിച്ചതോടെ സിദ്ദീഖ് കാപ്പൻ സൗദി അറേബ്യയിൽ പ്രവാസ ജീവിതം തെരഞ്ഞെടുക്കേണ്ടി വന്നെങ്കിലും 7 വർഷത്തിനുശേഷം പിതാവിന്റെ മരണം മൂലം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തന്നെ മടങ്ങി. ഇതിനു ശേഷമാണ് തന്റെ അഭിരുചികളെ കൂടി കണക്കിലെടുത്തുകൊണ്ട് സിദ്ദീഖ് കാപ്പൻ മാധ്യമപ്രവർത്തന രംഗത്തേക്ക് വരുന്നത്.
ആദ്യം തേജസ് പത്രത്തിന്റെ കോഴിക്കോട് ലേഖകൻ, പിന്നീട് ദൽഹി ലേഖകൻ എന്നീ നിലകളിൽ ജോലി ചെയ്തു. സുപ്രീം കോടതി റിപ്പോർട്ടിംഗായിരുന്നു അദ്ദേഹത്തിന്റെ ചുമതല. തേജസ് പത്രം നിർത്തിയപ്പോൾ തത്സമയം പത്രത്തിന് വേണ്ടി ഇതേ ജോലി ചെയ്തു. അതിനും ശേഷമാണ് അഴിമുഖം എന്ന ഓൺലൈൻ പോർട്ടലിൽ ജോലിയിൽ പ്രവേശിച്ചത്. അഴിമുഖത്തിനുവേണ്ടി ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവേ ആണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ കസ്റ്റഡിയിലെടുത്തത്.
സാമ്പത്തികമായി അസ്ഥിരതയുള്ള ശമ്പളത്തിന് പലപ്പോഴും മുടക്കം സംഭവിക്കുന്ന താരതമ്യേന ചെറിയ സ്ഥാപനങ്ങളിലാണ് എക്കാലും സിദ്ദീഖ് കാപ്പൻ ജോലി ചെയ്തത് എന്നതിനാൽ ദാരിദ്ര്യവും കഷ്ടതകളും എന്നും സിദ്ദീഖ് കാപ്പന്റെ കൂടപ്പിറപ്പായിരുന്നു. ദൽഹിയിൽ താമസിക്കാൻ പോലും ഒരിടം ഉണ്ടായിരുന്നില്ല. പല സുഹൃത്തുക്കളുടെയും ഔദാര്യത്തിലാണ് പല മുറികളിൽ താമസിച്ചുകൊണ്ടിരുന്നത്. മാസങ്ങളോളം ശമ്പളം പോലും ലഭിക്കാതെ പ്രയാസപ്പെട്ട് കഴിഞ്ഞിരുന്ന കാലത്തും മാധ്യമ പ്രവർത്തനത്തോട് സിദ്ദീഖ് കാണിച്ചിരുന്ന അളവറ്റ സ്‌നേഹത്തിനും അർപ്പണബോധത്തിനും സാക്ഷിയാണ് റൈഹാനത്ത്. വർഷങ്ങളോളം ഒപ്പം കഴിഞ്ഞ, ഓരോ ദിവസും തന്നോട് മണിക്കൂറുകൾ സംസാരിക്കുന്ന തന്റെ പ്രിയപ്പെട്ടവന്റെയുള്ളിലെ നീതി ബോധത്തെക്കുറിച്ച് ആഴത്തിൽ ബോധ്യമുള്ളതിനാൽ സിദ്ദീഖ് കാപ്പന് അന്നെന്താണ് സംഭവിച്ചത് എന്നതിൽ റൈഹാനത്തിന് ഉറച്ച ധാരണയുണ്ട്. അതുകൊണ്ട് തന്നെ 2020 ഒക്ടോബർ 5 മുതൽ റൈഹാനത്തിന്റെ ജീവിതം മറ്റൊന്നാണ്.
2020 ഒക്ടോബർ നാലിന് സിദ്ദീഖ് കാപ്പനെ ഫോണിൽ പല തവണ വിളിച്ചിട്ടും കിട്ടാതായപ്പോൾ, വാട്‌സ് ആപ്പ് സന്ദേശങ്ങൾക്ക് മറുപടി ലഭിക്കാതായപ്പോൾ റൈഹാനത്ത് കരുതിയത് പ്രമേഹ രോഗിയായ സിദ്ദീഖിന് ആരോഗ്യപരമായ വല്ല അപകടവും സംഭവിച്ചിട്ട് ആരും ശ്രദ്ധിക്കാനില്ലാതെ എവിടെയെങ്കിലും പെട്ടുപോയി കാണും എന്നാണ്. ജോലിയുടെ സ്വഭാവം കൊണ്ടും സാമ്പത്തിക പരാധീനതകൾ കൊണ്ടും പലപ്പോഴും ഭക്ഷണം കഴിക്കാതിരിക്കുന്ന ശീലം സിദ്ദീഖ് കാപ്പനുണ്ടായിരുന്നു. ദൽഹിയിലുള്ള മറ്റാരുമായും ബന്ധമില്ലാത്തതിനാൽ ആ രാത്രി അത്രമേൽ ഭയത്തോടെ, ഉറങ്ങാതെ കഴിച്ചുകൂട്ടി. പിറ്റേ ദിവസമാണ് ഏതാനും ബന്ധുക്കൾ വന്ന് സിദ്ദീഖ് കാപ്പൻ അറസ്റ്റ് ചെയ്യപ്പെട്ട് വിവരം അറിയിക്കുന്നത്. അപ്പോഴും കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ പുറത്തുവരും എന്ന പ്രതീക്ഷയിലായിരുന്നു. അതിനിടയിലാണ് ‘സിദ്ദീഖ് കാപ്പന് നേരെ യു.എ.പി.എ' എന്ന വാർത്ത റൈഹാനത്ത് കാണുന്നത്. വിവിധ പത്രങ്ങൾക്ക് വേണ്ടി സുപ്രീം കോടതി ലേഖകൻ ആയി പ്രവർത്തിച്ച സിദ്ദീഖ് കാപ്പൻ തയ്യാറാക്കുന്ന വാർത്തകൾ സ്ഥിരമായി വായിക്കാറുള്ള റൈഹാനത്തിനെ ഇന്നത്തെ ഇന്ത്യയിൽ യു.എ.പി.എ എന്ന വാക്കിന്റെ അർത്ഥ വ്യാപ്തി എത്രമാത്രമാണെന്ന് മറ്റാരും പറഞ്ഞറിയിക്കേണ്ടിയിരുന്നില്ല.
കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതായി തോന്നിയെങ്കിലും കടുത്ത രോഗാവസ്ഥയിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ ഉമ്മയെയും, പ്രായമാകാത്ത കുട്ടികളെയും ഓർത്ത് ധൈര്യത്തോടെ നിന്നു. ഭരണകൂടവും പൊലീസും മാധ്യമങ്ങളിൽ ചിലരുമെല്ലാം സിദ്ദീഖ് കാപ്പനെ തീവ്രവാദിയാക്കി മാറ്റിയപ്പോൾ സിദ്ദീഖ് കാപ്പൻ എന്താണ്, ആരാണ് എന്ന് ഈ ഭൂമിയിൽ ഏറ്റവും നന്നായി അറിയുമായിരുന്ന റൈഹാനത്ത് വീടു വിട്ടിറങ്ങി. കൊടിയ പ്രാരാബ്ധങ്ങൾക്കിടയിലും നിയമയുദ്ധത്തിനിറങ്ങിത്തിരിച്ച റൈഹാനത്തിന്റെ കൂടെ കേരള പത്രപ്രവർത്തക യൂണിയനിലെ മാധ്യമപ്രവർത്തകരും, സിദ്ദീഖ് കാപ്പൻ ഐക്യദാർഡ്യ സമിതിയിലെ സാമൂഹ്യപ്രവർത്തകരും നിലയുറപ്പിച്ചു.
സാധ്യമായ എല്ലാ വഴികളും അവർ തേടി. ഭരണ-രാഷ്ട്രീയ-ഉദ്യോഗസ്ഥ തല സമ്മർദങ്ങൾക്കായുള്ള ശ്രമങ്ങൾ നടത്തി. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വാർത്താ വിതരണ മന്ത്രി, യു.പി-കേരള മുഖ്യമന്ത്രിമാർ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, ഇരു സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികൾ, കേരളത്തിൽനിന്നുള്ള 30 പാർലമെന്റ് അംഗങ്ങൾ എന്നിവർക്കൊപ്പം എല്ലാ ദേശീയ പാർട്ടികളുടെയും ദേശീയ അധ്യക്ഷൻമാർ, സി.പി.ഐ.എം, സി.പി.ഐ ജനറൽ സെക്രട്ടറിമാർ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർക്കെല്ലാം അവർ നിവേദനങ്ങൾ അയച്ചു. കേരള പത്രപ്രവർത്തക യൂണിയൻ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ നടത്തി. യുണിയന്റെ തന്നെ സഹായത്തോടെ സുപ്രീംകോടതിയിൽ നിയമപോരാട്ടവും ആരംഭിച്ചു.
നിരവധി പ്രതിസന്ധികളെ വീണ്ടും നേരിടേണ്ടി വന്നു. സിദ്ദീഖ് കാപ്പന് വേണ്ടി തീവ്രവാദ ഫണ്ടുകൾ വരുന്നു എന്ന തരത്തിൽ വരെ പ്രചരണങ്ങൾ നടന്നു. ആ ദിവസങ്ങളിൽ തന്റെ കുട്ടികൾ എങ്ങിനെയാണ് പട്ടിണിയാകാതിരുന്നത് എന്നത് നന്നായറിയുന്ന റൈഹാനത്ത് ആക്ഷേപങ്ങളുടെ കൂരമ്പുകൾക്കിടയിലും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കൃത്യതയോടെ ഉറച്ചുനിന്നു. മുമ്പൊരിക്കലും വീടുവിട്ടിറങ്ങി ശീലമില്ലാത്ത, പൊലീസ് സ്റ്റേഷനിൽ ഒരിക്കൽ പോലും പോയിട്ടില്ലാത്ത തനിക്ക്
എങ്ങിനെയാണ് ഇത്രയും കാര്യങ്ങൾ ചെയ്യാൻ സാധിച്ചതെന്നത് റൈഹാനത്തിന് പോലും പിടിയില്ല.
ഞങ്ങൾ ജീവിതത്തിൽ രണ്ട് ഉമ്മയെ കണ്ടിട്ടുണ്ട് എന്നാണ് റൈഹാനത്തിന്റെ മക്കൾക്ക് പറയാനുള്ളത്. 2020 ഒക്ടോബർ 5 ന് മുമ്പും ശേഷവും എന്ന തരത്തിൽ, അവരുടെ ഉമ്മ അവർക്ക് രണ്ട് തരം അനുഭവമാണ്. വീടുപണി, കുട്ടികളുടെ പഠനം, അടുക്കളയിലെ കാര്യങ്ങൾ, വല്യുമ്മയെ പരിചരിക്കുന്നത് പോലുള്ള വീട്ടുകാര്യങ്ങളുമായി ജീവിച്ചിരുന്ന ഒരു സാധരണത്തെ മുസ്ലിം സ്ത്രീ. പിന്നീട് കോടതി രേഖകളും കേസിന്റെ ഫയലുകളുമെല്ലാമായി ഇന്ത്യയുടെ തലസ്ഥാന നഗരത്തിൽ ചെലവഴിക്കുന്നു, പൊതുയോഗങ്ങളിലും മീറ്റിംഗുകളിലും സംസാരിക്കുന്നു, മാധ്യമങ്ങൾക്ക് മുന്നിൽ പക്വതയോടെ കാര്യങ്ങൾ വിശദീകരിക്കുന്നു, ഇന്ത്യയിലെ ഉന്നത അഭിഭാഷകരുമായി ഇടപെടുന്നു.
നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനെ പോലെ രോഹിത് വെമുലയുടെ രാധിക വെമുലയെ പോലെ ഈ കാലം പോരാളിയാക്കി മാറ്റിയ മറ്റൊരു സ്ത്രീയാണ് ഇന്ന് റൈഹാനത്ത് സിദ്ദീഖ്. ജീവിതത്തിന്റെ കടുത്ത യാഥാർത്ഥ്യങ്ങളിൽ നിന്ന്, നീതി രാഹിത്യത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളിൽ നിന്ന് അവർ ഇന്നത്തെ ഇന്ത്യയെ തിരിച്ചറിഞ്ഞിരിക്കുന്നു. പോരാടി വിജയം നേടിയിരിക്കുന്നു. ‘രണ്ട് വഷത്തെ നിയമ പോരാട്ടത്തിൽ എനിക്ക് പിന്തുണയും പ്രാർത്ഥന കൊണ്ടും കൂടെ നിന്ന എല്ലാവർക്കും നന്ദി' എന്നാണ് സിദ്ദീഖ് കാപ്പന്റെ ജാമ്യ ഉത്തരവിന് പിന്നാലെ റൈഹാനത്ത് ഫേസ്ബുക്കിൽ എഴുതിയത്.