മൗലികാവകാശമായ മതസ്വാതന്ത്ര്യത്തിന് അതിർവരമ്പ് വേണോ?

ഇന്ത്യയുടെ ഭാവിസർക്കാർ മതേതരമായിരിക്കണം എന്ന ആഗ്രഹം ജവഹർലാൽ നെഹ്റുവിനുണ്ടായിരുന്നു. സംഘടിത വോട്ടു ശക്തിക്കുമുന്നിൽ രാജ്യത്തിൻ്റെ ഭാവിയും ആദർശവും കാറ്റിൽ പറത്തുന്ന ആശങ്കാജനകമായ അന്തരീക്ഷമാണ് ഇന്ന് സംജാതമായിരിക്കുന്നത്. അതുകൊണ്ടുതന്നെ മൗലികാവകാശങ്ങളായി തുടരുന്ന മതസ്വാതന്ത്ര്യത്തിന് ചില അതിർവരമ്പുകൾ നിർദ്ദേശിക്കേണ്ടതിൻ്റെ ആവശ്യകത ഇന്ന് ശക്തമായിരിക്കുകയാണ്- പ്രേംലാൽ കൃഷ്ണൻ എഴുതുന്നു.

1976 ഒക്ടോബറിൽ പ്രധാന പ്രതിപക്ഷ നേതാക്കൾ അടിയന്തരാവസ്ഥക്കെതിരെ ശബ്ദമുയർത്തി ജയിലിൽ കഴിയുന്ന സമയത്താണ് ഭരണഘടനയുടെ പ്രതിഛായ തന്നെ മാറ്റിയ പ്രധാനപ്പെട്ട പല ഭേദഗതികളും അടങ്ങിയ 42-ാം ഭരണഘടന ഭേദഗതി ബിൽ പാസ്സാക്കിയത്. സ്വരൺ സിങ്ങിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച 12 അംഗ സമിതിയുടെ നിർദ്ദേശം അനുസരിച്ചാണ് ഈ ഭേദഗതികൾ കൊണ്ടുവന്നത്. ഈ ബില്ലിലൂടെ 36 ആർട്ടിക്കിളുകൾ ഭേദഗതിക്കിരയാവുകയും, പുതിയ 15 ആർട്ടിക്കിളുകൾ തിരുകിക്കയറ്റുകയും നാല് ആർട്ടിക്കിളുകൾ പകരം വെക്കുകയും ചെയ്തു.

1977- ൽ മൊറാർജി മന്ത്രിസഭ അധികാരത്തിൽ എത്തിയ ശേഷം 42-ാം ഭരണഘടന ഭേദഗതി റദ്ദ് ചെയ്യപ്പെടും എന്ന് കരുതിയിരുന്നു എങ്കിലും അതുണ്ടായില്ല. 42ാം ഭരണഘടനാ ഭേദഗതി പിന്നീട് ചർച്ച ചെയ്തത് മിനർവ മിൽ കേസിലാണ്. ആ സുപ്രധാന കേസിൻ്റെ വിധിയിലൂടെ പല ഭേദഗതികളും അസാധുവാക്കപ്പെട്ടു, എങ്കിലും പ്രധാനപ്പെട്ട പല ഭേദഗതികളും ഇന്നും നിലനിലക്കുന്നുണ്ട്. 42ാം ഭരണഘടനാ ഭേദഗതിയിൽ പ്രധാനപ്പെട്ടത് ഭരണഘടനയുടെ പ്രീ ആമ്പിളിൽ ‘സോഷ്യൽ, സെക്യുലർ’ എന്നീ വാക്കുകൾ എഴുതിച്ചേർത്തതുതന്നെയാണ്. ഇന്ത്യ പരമാധികാര ജനാധിപത്യ രാഷ്ട്രം എന്നതിൽ നിന്ന് , സോഷ്യലിസ്റ്റ്, മതേതര, പരമാധികാര രാഷ്ട്രം എന്നാക്കി മാറ്റി.
മറ്റൊന്ന്, മുൻപ് ഭരണഘടനയുടെ ഭാഗമാകാതിരുന്ന പൗരരുടെ പ്രാഥമിക കർത്തവ്യങ്ങൾ ഈ ഭേദഗതിയിലൂടെ ആർട്ടിക്കിൾ 51A മുഖാന്തിരം ജനുവരി മൂന്ന് 1977 മുതൽ പ്രാബല്യത്തിൽ കൊണ്ടുവന്നു.

മതനിരപേക്ഷത എന്നത് സർവ്വമത തിരസ്കാരമല്ല, മറിച്ച് സർവ്വമത സ്വീകാര്യതയാണ് എന്ന് ഭരണഘടനയുടെ മറ്റ് ആർട്ടിക്കിളുകൾ- പ്രത്യേകിച്ച് ആർട്ടിക്കിൾ 25 മുതൽ ആർട്ടിക്കിൾ 30 വരെ- നോക്കിയാൽ മനസ്സിലാക്കാം. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആ മതത്തിൻ്റെ ആചാരങ്ങൾ പിന്തുടരാനും പ്രചരിപ്പിക്കാനും അനുവദിക്കുന്നതാണ് ഈ ആർട്ടിക്കിളുകൾ. മതം പിടിമുറുക്കിയിരിക്കുന്ന ജനനം, മരണം, വിവാഹം എന്നീ ജീവിതത്തിൻ്റെ പ്രധാന ഘട്ടങ്ങളെ മതങ്ങൾക്കുള്ളിൽ തന്നെ നിലനിർത്താനുള്ള വകുപ്പുകൾ ഭരണഘടനയിൽ നിലനിൽക്കെ, മത നിരപേക്ഷത എന്ന വാക്ക് പ്രീ ആമ്പിളിൽ കൊണ്ടു വന്നതിലൂടെ എന്ത് വ്യത്യാസമാണ് രാഷ്ട്രത്തിന് സംഭവിച്ചത് എന്നത് ഇന്നും അവ്യക്തമാണ്.

സെക്യുലർ അല്ലെങ്കിൽ ‘മതനിരപേക്ഷത’ എന്ന പദം ലാറ്റിൻ ഭാഷയിൽ നിന്ന് കൈ കൊണ്ടതാണെന്ന് പറയപ്പെടുന്നു. വാക്കിനർത്ഥം മതത്തിന് എതിര് എന്നല്ല, മറിച്ച് മതകാര്യങ്ങളിൽ നിഷ്പക്ഷത പുലർത്തുക എന്നുമാത്രമാണ്. അതേസമയം ദൈവത്തിനോടുള്ള എതിർപ്പോ നിന്ദയോ ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നുമില്ല. ഒരു ദൈവവിശ്വാസിക്കുപോലും മതനിരപേക്ഷതയോടെ പ്രവർത്തിക്കാം. ഭരണഘടനയുടെ പ്രീ ആമ്പിളിൽ ‘മതനിരപേക്ഷത’ എന്ന വാക്ക് ചേർക്കാൻ ശ്രമം ആദ്യമേ ഉണ്ടായിരുന്നു. 1948-49 കാലത്ത് നടന്ന ഭരണഘടനാ ചർച്ചകളിൽ മതനിരപേക്ഷത എന്ന വാക്ക് സജീവമായി തന്നെ നിലനിന്നിരുന്നു. കെ.ടി. ഷാ ഈ വാക്ക് പ്രീ ആമ്പിളിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭരണഘടന കമ്മിറ്റി ആ വാക്ക് എന്തോ കാരണത്താൽ ഉൾപ്പെടുത്തിയില്ല.

ഇന്ത്യയുടെ ഭാവിസർക്കാർ മതേതരമായിരിക്കണം എന്ന ആഗ്രഹം ജവഹർലാൽ നെഹ്റുവിനുണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് മതേതരം എന്നുവെച്ചാൽ സർക്കാർ മതവിശ്വാസങ്ങളിൽ നേരിട്ട് ഇടപെടാതെ എല്ലാവിധ മതചടങ്ങുകൾക്കും പൗരർക്ക് സ്വാതന്ത്ര്യം അനുവദിക്കുക എന്നതാണ്. അതേസമയം മഹാത്മാഗാന്ധി ഹിന്ദ് സ്വരാജിൽ എഴുതിയത് ഇങ്ങനെയായിരുന്നു:

മഹാത്മാഗാന്ധി

‘‘ഇന്ത്യയിൽ ജനങ്ങൾ വ്യത്യസ്ത മതക്കാരായതുകൊണ്ട് ഒരൊറ്റ രാജ്യമായി നിലനിൽക്കാനാവില്ല എന്നത് തെറ്റാണ്. ലോകത്തിൻ്റെ ഒരു ഭാഗത്തും ദേശീയത മതത്തിന് പര്യായമല്ല, ഇന്ത്യയിലും അങ്ങനെ തന്നെയാണ്’’. പിന്നീട് 1946- ൽ ഹരിജൻ മാസികയിൽ ഗാന്ധിജി എഴുതി: ‘‘ഞാൻ എൻ്റെ മതത്തിൻ്റെ പേരിൽ ശപഥം ചെയ്യും, ഞാനതിന് വേണ്ടി മരിക്കാനും തയ്യാറാണ്. പക്ഷെ അതെൻ്റെ വ്യക്തിപരമായ കാര്യമാണ്. രാജ്യത്തിൻ്റെ സർക്കാറിന് അക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. രാജ്യം കൈകാര്യം ചെയ്യേണ്ടത് മതേതര ജനക്ഷേമം, ആരോഗ്യം, വാർത്താ വിനിമയം, വൈദേശിക ബന്ധങ്ങൾ, നാണയം തുടങ്ങിയ കാര്യങ്ങൾ ആയിരിക്കണം. പക്ഷെ എൻ്റെ മതത്തിൽ സർക്കാർ കൈവക്കേണ്ടതില്ല. മതം എല്ലാവരുടേയും വ്യക്തിപരമായ കാര്യമാണ്’’.

പക്ഷെ വ്യക്തികളുടെ മതാധിഷ്ഠിത കൂട്ടായ്മ രാഷ്ട്രീയ താല്പര്യമായി മാറുകയും അതിന് ഭരണഘടന തന്നെ സംരക്ഷണം നൽകുകയും ചെയ്യുമ്പോൾ രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് എന്തും സംഭവിക്കാം എന്ന് ഒരുപക്ഷെ അന്ന് ഗാന്ധിജി ഓർത്തു കാണില്ല. ഇന്ന് രാഷ്ട്രീയ ശക്തിയായി മാറിയ മതാധിഷ്ഠിത സംഘടനകൾ മതത്തിനെ വ്യക്തിയിൽനിന്ന് മാറ്റി സംഘടിത പ്രസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്. സംഘടിത വോട്ടു ശക്തിക്കുമുന്നിൽ രാജ്യത്തിൻ്റെ ഭാവിയും ആദർശവും കാറ്റിൽ പറത്തുന്ന ആശങ്കാജനകമായ അന്തരീക്ഷമാണ് ഇന്ന് സംജാതമായിരിക്കുന്നത്. അതുകൊണ്ടുതന്നെ മൗലികാവകാശങ്ങളായി തുടരുന്ന മതസ്വാതന്ത്ര്യത്തിന് ചില അതിർവരമ്പുകൾ നിർദ്ദേശിക്കേണ്ടതിൻ്റെ ആവശ്യകത ഇന്ന് ശക്തമായിരിക്കുകയാണ്.

മതം പിടിമുറുക്കിയിരിക്കുന്ന ജനനം, മരണം, വിവാഹം എന്നീ ജീവിതത്തിൻ്റെ പ്രധാന ഘട്ടങ്ങളെ മതങ്ങൾക്കുള്ളിൽ തന്നെ നിലനിർത്താനുള്ള വകുപ്പുകൾ ഭരണഘടനയിൽ നിലനിൽക്കെ, മത നിരപേക്ഷത എന്ന വാക്ക് പ്രീ ആമ്പിളിൽ കൊണ്ടു വന്നതിലൂടെ എന്ത് വ്യത്യാസമാണ് രാഷ്ട്രത്തിന് സംഭവിച്ചത് എന്നത് ഇന്നും അവ്യക്തമാണ്.

അയോധ്യ വിധിയിൽ സുപ്രീംകോടതി പറയുന്നത് ഇങ്ങനെയാണ്: ‘‘എല്ലാ വിശ്വാസങ്ങളുടേയും സ്വീകാര്യതയാണ് ഭരണഘടന അംഗീകരിച്ചിരിക്കുന്നത്. സഹനവും സഹവർത്തിത്വവും രാജ്യത്തിൻ്റേയും ജനങ്ങളുടേയും മതേതര പ്രതിബദ്ധതയാണ് ആർട്ടിക്കിൾ 51A ലൂടെ ആഹ്വാനം ചെയ്യുന്നത്. രാജ്യത്തെ പൗരർക്ക് ഇത്തരം കടമകൾ നിർവ്വഹിക്കാൻ സന്നദ്ധരാകണം. ഭരണഘടനാ പ്രതിബദ്ധത നടപ്പിലാക്കുന്നത് കർത്തവ്യ നിർവഹണങ്ങളിലൂടെയാണ് അതിലൂടെ എല്ലാ മതങ്ങളേയും തുല്യമായി കാണാനും മതേതര മൂല്യം ഉയർത്തിപ്പിടിക്കാനും കഴിയുന്നു. ഭരണഘടനയുടെ അടിസ്ഥാന ലക്ഷണങ്ങൾ ഇതൊക്കെയാണ്".

പ്രമാദമായ കേസുകളിൽ ഒന്നായ എസ്.ആർ. ബൊമ്മൈയുടെ വിധിന്യായത്തിൽ പറയുന്നത് മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയാണ് എന്നാണ്. മറ്റൊന്ന്, രാഷ്ട്രീയ പാർട്ടികൾ മതേതരമായി പ്രവർത്തിക്കുന്നില്ല എങ്കിൽ അത് ഭരണഘടനാവിരുദ്ധമായി കണക്കാക്കാം എന്നും, രാഷ്ട്രീയ കക്ഷികൾ ഇലക്ഷൻ ജയിക്കാൻ മതപരമായ പ്രവർത്തികൾ നടത്തുകയാണെങ്കിൽ അവരെ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ബാദ്ധ്യസ്ഥരാക്കാം എന്നുമാണ്.

എച്ച്. ജി. വുഡ്

അനവധി പാർട്ടികൾ പ്രത്യേകം പ്രത്യേകം ജാതി മത വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യക്ഷ്യാ നിലകൊള്ളുന്നു എങ്കിലും ഈ പാർട്ടികളെ ഭരണഘടനാവിരുദ്ധരായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 1993- ൽ 80ാം ഭരണഘടനാ ഭേദഗതി ബില്ലിലൂടെ മതസ്പർദ്ധ വളർത്തുന്ന രാഷ്ട്രീയ പാർട്ടികളേയും സംഘങ്ങളേയും നിരോധിക്കാനുള്ള അധികാരം പാർലമെൻ്റിന് നൽകുന്നതിന് നിയമനിർമാണം നടത്താനുള്ള ശ്രമം നടന്നിരുന്നു പക്ഷെ അത് പാസ്സായില്ല.

റിലീജിയസ് ലിബർട്ടി ടു ടേ എന്ന പുസ്തകത്തിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രൊഫസർ കൂടിയായ എച്ച്. ജി. വുഡ് പറയുന്നത്, ‘എല്ലാവിധ മതസ്വാതന്ത്ര്യവും എന്ന് പറഞ്ഞാൽ പ്രാർത്ഥനാസ്വാത്രന്ത്ര്യം മാത്രമല്ല, മറിച്ച് തൻ്റെ മതം പ്രചരിപ്പിക്കാനും, അതിനുവേണ്ടി സംഘടിക്കാനും മറ്റുമുള്ള സ്വാതന്ത്ര്യമാണ്. അതിനെ രണ്ടായി വിഭജിക്കാം ഒന്ന് വ്യക്തിപരമായി ദൈവത്തെ പ്രാപിക്കാനുള്ള സ്വാതന്ത്ര്യം രണ്ട് സാമൂഹികമായി മതത്തെ പ്രചരിപ്പിക്കാനും, പ്രാർത്ഥനാ വേദികൾ നിർമ്മിക്കാനും മറ്റുമുള്ള സ്വാതന്ത്ര്യം’.

അതുകൊണ്ടുതന്നെ മതസ്വാതന്ത്ര്യത്തെ നിസ്സാരമായി കാണാൻ കഴിയില്ല. മതസ്വാതന്ത്ര്യം എന്നതിലൂടെ മതാധിഷ്ഠിതവിദ്യാഭ്യാസം നൽകുന്നതിനുള്ള സ്വാതന്ത്ര്യം പോലും ഭരണഘടന നൽകുന്നു. ഇന്ത്യയുടെ മതേതരരാജ്യം എന്ന വീക്ഷണത്തെ ഇത് പല വിധത്തിൽ ഇല്ലാതാക്കുന്നുണ്ട് എന്ന് നിസ്സംശയം പറയാം. ഭരണഘടനയുടെ പ്രി ആമ്പിളിൽ തന്നെ പറഞ്ഞിരിക്കുന്നത് ചിന്തകൾക്കും, പ്രകാശനത്തിനും, വിശ്വാസത്തിനും, അഭയത്തിനും, പ്രാർത്ഥനക്കും ഉള്ള സ്വാതന്ത്ര്യം എന്നാണ്. അതിനോട് കൂറുപുലർത്തിയാണ് ആർട്ടിക്കിൾ 25, 26, 27, 28 എന്നിവ നിലനിൽക്കുന്നത്. ആർട്ടിക്കിൾ 27 പ്രകാരം മതപരമായ കാര്യങ്ങൾക്ക് !ചെലവഴിക്കുന്ന തുകക്ക് നികുതി അടക്കേണ്ട ആവശ്യമില്ല.

പ്രമാദമായ കേസുകളിൽ ഒന്നായ എസ്.ആർ. ബൊമ്മൈയുടെ വിധിന്യായത്തിൽ പറയുന്നത് മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയാണ് എന്നാണ്. മറ്റൊന്ന്, രാഷ്ട്രീയ പാർട്ടികൾ മതേതരമായി പ്രവർത്തിക്കുന്നില്ല എങ്കിൽ അത് ഭരണഘടനാവിരുദ്ധമായി കണക്കാക്കാം എന്നും, രാഷ്ട്രീയ കക്ഷികൾ ഇലക്ഷൻ ജയിക്കാൻ മതപരമായ പ്രവർത്തികൾ നടത്തുകയാണെങ്കിൽ അവരെ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ബാദ്ധ്യസ്ഥരാക്കാം എന്നുമാണ്

ആർട്ടിക്കിൾ 28 പ്രകാരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപഠനം നടത്താൻ സ്വാതന്ത്ര്യമുണ്ട്. ശരിയായ വിദ്യാഭ്യാസം എന്നാൽ വ്യക്തിത്വ വികസനം കൂടിയാണ് ആ അർത്ഥത്തിൽ ധാർമ്മികബോധം വളർത്തുന്നതിന് ചില മതചിന്തകളെ പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തേണ്ടി വരും എന്ന് ജോർജ് ബെർണാഡ് ഷാ പറഞ്ഞിട്ടുണ്ട്. പക്ഷെ എന്താണ് സ്വീകാര്യമതം എന്നതിനെ കുറിച്ച് യാതൊരുവിധ ധാരണകളും ആർക്കുമില്ല.

ഭരണഘടനപ്രകാരം, സംസ്ഥാന സർക്കാറുകൾക്ക് നിഷ്പക്ഷ വിദ്യാഭ്യാസം നൽകാൻ സാധിക്കും പക്ഷെ മതവിഭാഗങ്ങൾ നയിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ രീതിയിൽ മതചിന്തകൾ കുരുന്നു മനസ്സിൽ കുത്തിയിറക്കാൻ കഴിയും. അതുതന്നെയാണ് നാം നേരിടുന്ന പ്രധാന വെല്ലുവിളിയും. മതാധിഷ്ഠിത സംഘടനകൾക്ക് വിദേശത്തുനിന്നും മറ്റും മതപ്രചാരകരെ വിളിച്ചു വരുത്തുന്നതിനും അവർക്ക് പ്രഭാഷണം ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നതിനും ആർട്ടിക്കിൾ 25 അനുസരിച്ച് സാധിക്കും. അത് നിയമപ്രകാരം തടയാനാവില്ല. മതം വ്യക്തിയുടെ സ്വകാര്യജീവിതത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നാകണം അല്ലെങ്കിൽ ആയിരിക്കും എന്ന് ഒരുപക്ഷെ ഭരണഘടനാനിർമ്മാതാക്കൾ വിചാരിച്ചു കാണും. മതങ്ങൾ രാഷ്ട്രീയത്തിൽ കയറുകയും മതാധിഷ്ഠിത രാഷ്ട്രനിർമ്മാണം അവരുടെ കാര്യപരിപാടിയാവുകയും ചെയ്യും എന്ന് ഭരണഘടനാ നിർമാതാക്കൾ അന്ന് കരുതിയിരിക്കില്ല. അത്തരം പ്രതീക്ഷകൾക്ക് വിപരീതമായി മതമൗലികവാദികൾ രാഷ്ട്രത്തെ തന്നെ മതരാഷ്ട്രമാക്കി മാറ്റാൻ പ്രയത്നിക്കുമ്പോൾ അതിനെ മതപ്രചാരണം എന്ന മൗലികാവകാശത്തിൻ്റെ പരിധിയിൽ പെടുത്തി ഭരണഘടനാസംരക്ഷണം കൊടുക്കുന്നതിലൂടെ ഭരണഘടനയുടെ അന്തസ്സത്ത തന്നെ മാറ്റപ്പെടാം എന്ന ഭീതിജനകമായ അവസ്ഥ ഭരണഘടനയിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന വിരോധാഭാസം ഇനിയും കാണാതിരുന്നുകൂടാ.

ജോർജ് ബെർണാഡ് ഷാ

എന്താണ് മതം, എന്തൊക്കെ പ്രവർത്തികളും പ്രചാരങ്ങളുമാണ് മതകാര്യങ്ങളിൽ ഉൾപ്പെടുത്താവുന്നത് അല്ലെങ്കിൽ എന്തൊക്കെ പ്രവർത്തികൾ ഉൾപ്പെടുത്താതിരിക്കാം എന്നതിനെ കുറിച്ച് ഒരു നിർവചനവും ലഭ്യമല്ല. മതനിരപേക്ഷത നിരീശ്വരവാദമല്ല എന്ന വാദം അംഗീകരിക്കുമ്പോൾ തന്നെ ദൈവം എന്ന സങ്കല്പം നിലനിൽക്കുന്നത് മതാതീതമായല്ല എന്നും ഓരോ മതങ്ങൾക്കും ഓരോ തരം ദൈവസങ്കല്പമാണുള്ളതെന്നും നമ്മൾ തിരിച്ചറിയുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ദൈവസങ്കല്പം മതങ്ങൾക്ക് അതീതമാണ് എന്നാണ് സുപ്രീംകോടതിയുടെ പല വിധികളിലും കാണാൻ കഴിയുന്നത്. മതമൗലികവാദികളാകട്ടെ തങ്ങളുടെ ദൈവസങ്കല്പമാണ് ശരി എന്ന് സ്ഥാപിക്കാൻ ഭരണഘടനയെ തന്നെ കൂട്ടുപിടിക്കുകയാണ്. രാഷ്ട്രീയക്കളത്തിലിറങ്ങിയ മതമൗലികവാദികൾക്ക് ഭരണഘടനയുടെ മൗലികാവകാശങ്ങളെ, പ്രത്യേകിച്ച് ആർട്ടിക്കിൾ 25 മുതൽ ആർട്ടിക്കിൾ 30ത് വരെയുള്ള ആർട്ടിക്കിളുകളെ, ചില ഭേദഗതികളിലൂടെ തങ്ങളുടെ മതത്തിനുമാത്രം അനുകൂലമാക്കി മാറ്റാൻ നിഷ്പ്രയാസം സാധിക്കും. മതസ്വാതന്ത്ര്യം എന്ന മൗലികാവകാശം ഒരു മതത്തിൽ പെട്ടവർക്ക് മാത്രമായി നിഷ്കർഷിച്ചാൽ മതേതരത്വത്തിൽനിന്ന് മതരാഷ്ട്രമായി രാജ്യം മാറും. അതിനുള്ള സാഹചര്യവും സ്വാതന്ത്ര്യവും ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. ആ സ്വാതന്ത്ര്യത്തിൻ്റെ ദുരുപയോഗം നമുക്ക് ചുറ്റിലും കാണാം. ആർട്ടിക്കിൾ 19-ലെ അഭിപ്രായസ്വാതന്ത്ര്യത്തിന് ചില പരിധികൾ നിശ്ചയിക്കാൻ ഭരണഘടനാ ഭേദഗതികൾ കൊണ്ടു വന്നെങ്കിലും ആർട്ടിക്കിൾ 25 ന് ഇതുവരെ ഒരു ഭേദഗതിയും കൊണ്ടുവരാൻ രാഷ്ട്രീയ കക്ഷികൾ ധൈര്യപ്പെട്ടിട്ടില്ല. അതേസമയം, ഇത്രയധികം ദുരുപയോഗം ചെയ്യുന്ന മറ്റ് മൗലികാവകാശങ്ങൾ ഉണ്ടോ എന്ന് സംശയമാണ്.

മതവിശ്വാസ സ്വാതന്ത്ര്യം ഒട്ടു മിക്ക രാഷ്ട്രങ്ങളും അനുവദിക്കുന്നുണ്ട് എങ്കിലും മതപ്രചാരണം മിക്ക രാജ്യങ്ങളും അനുവദിക്കുന്നില്ല. മതപ്രചാരണം മൗലികാവകാശമാക്കാൻ പാടില്ല എന്ന് ഭരണഘടനാ ചർച്ചയിൽ പങ്കെടുത്ത പലരും വാദിച്ചിരുന്നുവെങ്കിലും പ്രചാരണം എന്ന വാക്ക് ഒഴിവാക്കപ്പെട്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്. അതിൻ്റെ ഭവിഷ്യത്ത് രാജ്യം ഇന്ന് നേരിടുന്നുമുണ്ട്.

ഉഗാണ്ട എന്ന ആഫ്രിക്കൻ രാജ്യം ജൂൺ മൂന്നിന് രക്തസാക്ഷിദിനമായി ആചരിക്കാറുണ്ട്. 1885-1887 കാലയളവിൽ പുതുതായി മതം മാറിയ 45- ൽ പരം ക്രിസ്തീയവിശ്വാസികളെ മതപരിവർത്തനത്തിൻ്റെ പേരിൽ തൂക്കിക്കൊല്ലുകയും ചുട്ടുകൊല്ലുകയും മറ്റും ചെയ്തതിൻ്റെ അനുസ്മരണാർത്ഥമാണ് എല്ലാ വർഷവും ജൂൺ മൂന്നിന് അവർ രക്തസാക്ഷിദിനം ആചരിക്കുന്നത്. ദ വേൾഡ് വാച്ച് ലിസ്റ്റ് എന്ന ക്രിസ്തു മത വിശ്വാസികളുടെ സംഘടനയുടെ 2024-ലെ വാർഷിക പതിപ്പിൽ പറയുന്നത് ഏകദേശം 5621 ക്രിസ്ത്യൻ മത വിശ്വാസികൾ 2023- ൽ മാത്രം മതത്തിൻ്റെ പേരിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്. അതിൽ തന്നെ നോർത്ത് കൊറിയ, സോമാലിയ, ലിബിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ അതി ക്രൂരമായ പീഡനമാണ് ഇതര മതക്കാർ നേരിടുന്നത് എന്ന​ത്രേ. ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നത് ആഫ്രിക്കയിലാണെന്ന് ക്രിസ്റ്റ്യാനിറ്റി റ്റുഡേ എന്ന മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മെയ് 31 ന് ജർമനിയിൽ പ്രകടനം നടത്തിയവർക്കെതിരെ നടത്തിയ കത്തിപ്രയോഗം പൊതുവെ മതകാര്യങ്ങളിൽ ശാന്തമായിരുന്ന യൂറോപ്പിനേയും മതഭ്രാന്തിലേക്ക് വലിച്ചിഴക്കപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു.

ഭരണഘടന വിഭാവനം ചെയ്യുന്ന ദൈവസങ്കല്പം മതങ്ങൾക്ക് അതീതമാണ് എന്നാണ് സുപ്രീംകോടതിയുടെ പല വിധികളിലും കാണാൻ കഴിയുന്നത്. മതമൗലികവാദികളാകട്ടെ തങ്ങളുടെ ദൈവസങ്കല്പമാണ് ശരി എന്ന് സ്ഥാപിക്കാൻ ഭരണഘടനയെ തന്നെ കൂട്ടുപിടിക്കുകയാണ്. രാഷ്ട്രീയക്കളത്തിലിറങ്ങിയ മതമൗലികവാദികൾക്ക് ഭരണഘടനയുടെ മൗലികാവകാശങ്ങളെ, പ്രത്യേകിച്ച് ആർട്ടിക്കിൾ 25 മുതൽ ആർട്ടിക്കിൾ 30ത് വരെയുള്ള ആർട്ടിക്കിളുകളെ, ചില ഭേദഗതികളിലൂടെ തങ്ങളുടെ മതത്തിനുമാത്രം അനുകൂലമാക്കി മാറ്റാൻ നിഷ്പ്രയാസം സാധിക്കും

എന്തിനാണ് ചില മതവിശ്വാസികൾ മറ്റുള്ളവരെ തങ്ങളുടെ വിശ്വാസങ്ങളിലേക്ക് വരുത്താൻ ഇത്ര കഷ്ടപ്പെടുന്നത് എന്നാലോചിച്ചാൽ ഒരുത്തരവും ഇല്ല. അയൽക്കാരുടെ സ്വത്തിലും സുഖത്തിലും അസൂയാലുക്കളാകുന്നവർ പക്ഷെ അപരർ, തൻ്റെ മതം സ്വീകരിക്കാത്തതുകൊണ്ടുമാത്രം സ്വർഗ്ഗം നഷ്ടപ്പെടുത്തുന്നു എന്ന് വേവലാതിപ്പെടുന്നത് തികച്ചും വിരോധാഭാസമാണ്. പക്ഷെ അതാണ് ചുറ്റിലും നടക്കുന്നത്.

ആർട്ടിക്കിൾ 25 പ്രകാരം മനഃസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കാനും, ഏത് മതത്തിൽ വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിക്കാനും, തൻ്റെ വിശ്വാസ സമ്പ്രദായങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും, മതം പ്രചരിപ്പിക്കാനുമുള്ള അവകാശം പൗരർക്ക് നൽകിയിട്ടുണ്ട്. ഇതിൽ മതപ്രചാരണവും, സമ്പ്രദായങ്ങളും പലപ്പോഴും പൊതുബോധത്തിന് എതിരായാണ് പ്രവർത്തിക്കുന്നത്. അതേസമയം ആർട്ടിക്കിൾ 28 പ്രകാരം മതപഠനത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട ട്രസ്റ്റോ മറ്റ് നിധികളോ നടത്തുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളിൽ മതപഠനം നടത്തുന്നതിനും അല്ലെങ്കിൽ അത്തരം ക്ലാസുകൾ കേൾക്കുന്നതിനും അവകാശമുണ്ട്. മതചിന്ത പ്രചരിപ്പിക്കുന്നത് മൗലികാവകാശമാണെങ്കിലും എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ നിർബന്ധപൂർവ്വം മതപഠനം നടത്തിക്കുന്നത് കുഞ്ഞുങ്ങളുടെ മൗലികാവകാശങ്ങൾക്ക് എതിരാണ് എന്ന് നാം ആലോചിക്കാറില്ല. അവരുടെ മൗലികാവകാശങ്ങളെ ഹനിച്ചുകൊണ്ടാണ് മതപഠനങ്ങൾ പല വിദ്യഭ്യാസസ്ഥാപനങ്ങളിലും നടത്തുന്നത്. ഭരണഘടനയിലെ ഈ മൗലികാവകാശങ്ങൾ ചിലരുടെ അവകാശമോ അവകാശലംഘനമോ എന്ന് ആര് തീരുമാനിക്കും?

ഒരു മത കുടുബത്തിലെ കുഞ്ഞുങ്ങളുടെ ജനനം അവരിൽ മതവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുന്നതിനുള്ള അവകാശമായി ഇന്ന് നാം കാണുന്നുണ്ട്!. പക്ഷെ യാഥാർത്ഥ്യത്തിൽ അങ്ങനെ കാണാൻ കഴിയുമോ? ഒരാളുടെ അവകാശം മറ്റൊരാളുടെ അവകാശ ലംഘനമായാൽ കോടതി അവകാശങ്ങളുടെ പക്ഷത്ത് നിൽക്കുമോ അതോ അവകാശ ലംഘനത്തിന് എതിര് നിൽക്കുമോ?. അപരരുടെ സാമീപ്യം പോലും ഒരാളുടെ ദൈവീക പ്രാർത്ഥനകൾക്ക് വിഘാതം സൃഷ്ടിക്കും എന്നിരിക്കെ തികച്ചും വ്യക്തിപരമായ മതകാര്യങ്ങളുടെ പേരിൽ സംഘടിക്കുന്നത് മതങ്ങളുടെ തന്നെ ഘടനക്ക് വിരുദ്ധമാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അത്തരം സംഘടനകൾക്ക് അംഗീകാരമോ ഭരണഘടനാ സംരക്ഷണമോ കൊടുക്കുന്നത് ആ മതത്തോട് തന്നെ ചെയ്യുന്ന പാതകമായിരിക്കും.

ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷൻ v സ്റ്റേറ്റ് ഓഫ് കേരള (ശബരിമല വിഷയം) സുപ്രീം കോടതിക്ക് മുന്നിലെത്തിയത്, യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാനുള്ള അവകാശം ആർട്ടിക്കിൾ 25 (1) ൽ പറയുന്ന മൗലികാവകാശങ്ങളുടെ ഭാഗമായതുകൊണ്ട്, യുവതികളുടെ പ്രവേശനം ഭരണഘടനാപരമായി തടയാൻ കഴിയുമോ എന്ന ചോദ്യവുമായാണ്. അതേ സമയം യുവതികളുടെ പ്രവേശനനിഷേധം ഒരു വിശ്വാസത്തിൻ്റെ ഭാഗമായതുകൊണ്ട് ഒരു വിഭാഗത്തിൻ്റെ അവകാശ സംരക്ഷണം മറ്റൊരു വിഭാഗത്തിൻ്റെ അവകാശലംഘനമാകുമോ? രണ്ട് പേരുടെ അവകാശങ്ങളും തുല്ല്യമല്ലേ? യുവതികളെ പ്രവേശിപ്പിക്കരുത് എന്നുപറയുന്നത് എല്ലാവർക്കും തുല്യനീതി എന്ന മൗലികാവകാശലംഘനമാണ് എന്ന് കോടതി കണ്ടെത്തി. അതേസമയം യുവതികളെ പ്രവേശിപ്പിക്കാതിരിക്കുക എന്നത് ശബരിമലയിലെ അത്യാവശ്യ സമ്പ്രദായങ്ങളിൽ ഒന്നാണോ? ആരാണ് ഒരു മതത്തിൻ്റെ ആചാരങ്ങൾ ആവശ്യമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് എന്നും മറ്റും കോടതി ചോദിച്ചു. പങ്കെടുത്ത അഞ്ച് ജഡ്ജിമാരിൽ ഒരാളൊഴികെ എല്ലാവരും യുവതി പ്രവേശനം തടയുന്നത് നിയമപരമല്ല എന്നുപറഞ്ഞപ്പോൾ സ്ത്രീയായ ജഡ്ജി മാത്രം എതിരഭിപ്രായം പ്രകടിപ്പിച്ചു. ഈ വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ കൊടുത്തത് 9 അംഗ ബഞ്ചിന് വിട്ടുകൊടുത്തിരിക്കയാണ്.

ഒരു പ്രത്യേക വിശ്വാസസമ്പ്രദായം ശരിയല്ല എന്നുപറയാൻ കോടതിക്കാകുമോ? ആർട്ടിക്കിൾ 25 (1) ലെ മൗലികാവകാശം പരിപൂർണ അവകാശമല്ല, മറിച്ച്, അത് പൊതുക്രമീകരണം, ധാർമികത, ആരോഗ്യം, തുടങ്ങിയവ ഹനിക്കാതെ എല്ലാ പൗരർക്കും അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യമാണ്. അതുപോലെ, ആർട്ടിക്കിൾ 26 പ്രകാരം പൊതു ക്രമീകരണം, ധാർമികത, ആരോഗ്യം എന്നിവ ഹനിക്കാതെ എല്ലാ മതവിഭാഗക്കാർക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്ഥാപിക്കാനും അതിന്റെ സ്വതന്ത്രമായ നടത്തിപ്പിനും അതിനുവേണ്ടി വസ്തുവകകൾ വാങ്ങിക്കാനും മറ്റും അവകാശമുണ്ട്.

അപരരുടെ സാമീപ്യം പോലും ഒരാളുടെ ദൈവീക പ്രാർത്ഥനകൾക്ക് വിഘാതം സൃഷ്ടിക്കും എന്നിരിക്കെ തികച്ചും വ്യക്തിപരമായ മതകാര്യങ്ങളുടെ പേരിൽ സംഘടിക്കുന്നത് മതങ്ങളുടെ തന്നെ ഘടനക്ക് വിരുദ്ധമാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അത്തരം സംഘടനകൾക്ക് അംഗീകാരമോ ഭരണഘടനാ സംരക്ഷണമോ കൊടുക്കുന്നത് ആ മതത്തോട് തന്നെ ചെയ്യുന്ന പാതകമായിരിക്കും.

‘കൃഷ്ണാ സിങ്ങ് v മധുര അഹിർ’ എന്ന കേസിൻ്റെ വിധിയിൽ സുപ്രീംകോടതി മറ്റ് ജസ്റ്റിസുമാരോട് ഇത്തരം കേസുകൾ തീരുമാനിക്കുമ്പോൾ സ്വന്തം ധാരണകൾവെച്ച് മതനിയമങ്ങളെ വ്യാഖ്യാനിക്കാൻ ശ്രമിക്കരുത് എന്നുപറഞ്ഞിട്ടുണ്ട്. അതുപോലെ മൈക്കിലൂടെയുള്ള ബാങ്ക് വിളികൾക്കും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള മത ആചാരങ്ങൾക്കും സാംസ്കാരിക സമുദായത്തിൽ വിലക്ക് കല്പിക്കാം എന്ന് ‘മൗസാദ് ആലം v കമ്മീഷൻ ഓഫ് പോലീസ്’ എന്ന കേസിലും ‘ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ v കെ.കെ. ആർ. മെജസ്റ്റിക് കോളനി വെൽഫയർ അസോസിയേഷൻ’ എന്ന കേസിൻ്റെ വിധിയിലും പറഞ്ഞിട്ടുണ്ട്.
അതേസമയം ബക്രീദിന് പശുവിനെ കൊല്ലുന്നതിന് ഇളവനുവദിച്ച് ‘പ്രൊഹിബിഷൻ ഓഫ് കൗ സ്ലോട്ടർ ആൻ്റ് ആനിമൽ പ്രിസർവേഷൻ ആക്ടി’ന് പശ്ചിമ ബംഗാൾ സർക്കാർ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി റദ്ദാക്കി, പശുവിനെ അറക്കുന്നത് മതം ആവശ്യപ്പെടുന്ന ചടങ്ങുകളിൽ ഒന്നല്ല എന്ന് വിധിച്ചിരുന്നു. അതേസമയം ‘ബിജോ ഇമ്മാനുവൽ v സ്റ്റേറ്റ് ഓഫ് കേരള’ എന്ന കേസിൽ ദേശീയഗാനം മറ്റു വിദ്യാർത്ഥികൾ ആലപിക്കുമ്പോൾ മതപരമായ കാരണത്താൽ ദേശീയഗാനം ആലപിക്കാതിരിക്കുന്നത് ‘പ്രിവൻഷൻ ഓഫ് ഇൻസൽറ്റ് ടു നാഷണൽ ഓണർ ആക്ട്- 1971’ പ്രകാരം കുറ്റകരമാവില്ല എന്ന് വിധിച്ചിരുന്നു. ദേശീയഗാനം ആലപിക്കാതിരുന്നത് മതപരമായ കാരണത്താൽ ആയിരുന്നതുകൊണ്ട് ഈ വിദ്യാർത്ഥികളെ സ്കൂളിൽനിന്ന് പുറത്താക്കുക പോലും ചെയ്തിരുന്നു.
സാഹിറാബാനു കേസിൽ മുസ്‍ലിം സ്ത്രീകളെ മൂന്ന് തവണ തലാക്ക് ചൊല്ലി വിവാഹമോചനം നടത്തുന്നത് നിരോധിച്ചു. പക്ഷെ അന്നത്തെ ചീഫ് ജസ്റ്റിസ് കെഹർ തൻ്റെ വിരുദ്ധാഭിപ്രായ വിധിയിൽ പറയുന്നത്, ‘‘മുത്തലാക്ക് ആർട്ടിക്കിൾ 25 പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണ്. മതം ഒരു വിശ്വാസത്തിൻ്റെ ഭാഗമാണ്, അത് ഒരിക്കലും യുക്തിയുടെ ഭാഗമായിരിക്കില്ല. തുടർന്നുവരുന്ന ഒരു മത ആചാരത്തിൻ്റെ യുക്തിസഹചമായ ആവശ്യകത ചോദ്യം ചെയ്യാൻ കോടതികൾക്കാവില്ല. വിശ്വസിക്കുന്ന മതത്തിൻ്റെ ആചാരങ്ങളെ പിൻതുടരുവാൻ പൗരർക്ക് ഭരണഘടന അനുവാദം നൽകുന്നുണ്ട് അത്തരം ആചാരങ്ങൾ മറ്റുള്ളവരുടെ കണ്ണിൽ യുക്തിരഹിതമോ അസ്വീകാരമോ ആയിരിക്കാം".

മുഖാവരണം ധരിച്ചതുകൊണ്ട് പരീക്ഷ എഴുതാൻ അനുവാദിക്കാതിരുന്ന കന്യാസ്ത്രീ കൊടുത്ത പൊതുതാല്പര്യ ഹർജിയും ഹിജാബ് ധരിക്കണം എന്ന് ആവശ്യപ്പെട്ട് കൊടുത്ത പൊതുതാല്പര്യ ഹർജിയും പരിഗണിക്കപ്പെട്ടിരുന്നില്ല. ‘ഒരു ദിവസം ഹിജബ് ധരിച്ചില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം ഇടിഞ്ഞുപോകില്ല’ എന്ന് സുപ്രീംകോടതി നിരീക്ഷിക്കകൂടി ചെയ്തിരുന്നു. പക്ഷെ ഇത്തരം പ്രതിസന്ധികളെല്ലാം സൃഷ്ടിച്ചെടുക്കുന്നത് 25 മുതൽ 30 വരെയുള്ള മൗലികാവകാശങ്ങളാണെന്നും തികഞ്ഞ മതേതരത്വ രാഷ്ട്ര രൂപീകരണത്തിന് ഈ ആർട്ടിക്കിളുകളിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്നും കൃത്യമായി കാണാൻ സാധിക്കും.

മതകാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയുന്നത് മൂന്നു കാര്യങ്ങളിൽ മാത്രമാണ്:
പൊതു ക്രമീകരണം, ധാർമ്മികത, ആരോഗ്യം.
അതിൽ കവിഞ്ഞുള്ള കോടതി ഇടപെടലുകൾ യഥാർത്ഥത്തിൽ അതിക്രമമായിരിക്കും. അഹമ്മദാബാദ് സെൻ്റ് സേവിയേഴ്സിൻ്റെ കേസിൽ സുപ്രീംകോടതി 25 മുതൽ 30 വരെയുള്ള ആർട്ടിക്കിളുകളെ കുറിച്ച് പരാമർശിച്ചത് ശ്രദ്ധേയമാണ്: ‘‘ആർട്ടിക്കിൾ 25 മുതൽ 30 വരെ ഭരണഘടനയിൽ കൊണ്ടുവന്നതിൻ്റെ ഉദ്ദേശ്യം ഭാഷാപരമായും മതപരമായും ന്യൂനപക്ഷമായ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയാണ്’’.
ഭരണഘടന ഇന്നത്തെ പോലെ തുടരുന്നിടത്തോളം കാലം അതിൻ്റെ ദുരുപയോഗം ചെറുക്കാൻ സാധിക്കും എന്ന ആത്മവിശ്വാസവും കോടതി പ്രകടിപ്പിച്ചു.
ഹാദിയ ജഹാൻ്റെ വിവാഹവുമായി ബന്ധപ്പെട്ട ‘ഷാഫിൻ ജഹാൻ v അശോകൻ കെ.എം’ എന്ന കേസിൽ, വിവാഹം കഴിക്കാനുള്ള വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾ ആർട്ടിക്കിൾ 21- ൻ്റെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞതോടൊപ്പം, വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്ന സ്വകാര്യ തീരുമാനങ്ങൾക്ക് സമൂഹത്തിൻ്റെ അംഗീകാരം ആധാരമാക്കാൻ കഴിയില്ല എന്നും എതിർക്കുന്ന സമൂഹത്തിൽ നിന്നുമുള്ള സംരക്ഷണം ഭരണഘടന പ്രദാനം ചെയ്യുന്നുണ്ട് എന്നും ജീവിത പങ്കാളിയെ തെരെഞ്ഞെടുക്കാനുള്ള അവകാശം മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
‘റവ: സ്റ്റെയിൻ സ്ലോസ് v സ്റ്റേറ്റ് ഓഫ് മധ്യ പ്രദേശ്’ പ്രധാനപ്പെട്ട മറ്റൊരു കേസാണ്. മധ്യപ്രദേശ് ഗവൺമെൻ്റ് കൊണ്ടുവന്ന ‘ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്- 1968’ പ്രകാരം നിർബന്ധിത മത പരിവർത്തനം തടയപ്പെട്ടിടുണ്ടായിരുന്നു. ആ നിയമ പ്രകാരം സ്റ്റെയിൻ സ്ലോയിസിനെതിരെ സർക്കാർ കേസെടുത്തു. അദ്ദേഹം ‘ഫ്രീഡം ഓഫ് റിലീജിയൻ ആക്ടി’ൻ്റെ ഭരണഘടനാസാധുത തന്നെ ചോദ്യം ചെയ്ത് പെറ്റീഷൻ കൊടുത്തു. മധ്യപ്രദേശ് ഹൈക്കോടതി അത് തള്ളിയെങ്കിലും സുപ്രീം കോടതി അത് അംഗീകരിച്ചു, ആ നിയമം ആർട്ടിക്കിൾ 25- ൻ്റെ ലംഘനമാണെന്ന് കണ്ടെത്തി നിയമം റദ്ദാക്കി. അതിൻ്റെ വിധിന്യായത്തിൽ മത പ്രചാരണം മൗലികാവകാശമാണെന്ന് ഊന്നിപ്പറയുന്നുണ്ട്. അതേസമയം ഒരാളെ ഭയപ്പെടുത്തിയോ, ചതിയിലൂടെയോ, പ്രലോഭനങ്ങളിലൂടെയോ മതം മാറ്റാനുള്ള അവകാശം ഭരണഘടന നൽകുന്നില്ല എന്ന വ്യാഖ്യാനവും നൽകി. ഈ വ്യാഖ്യാനമാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾക്ക് അടിസ്ഥാനം.

മതങ്ങളും മതവിശ്വാസങ്ങളും നിയമവ്യവസ്ഥയുമായി അഭേദ്യബന്ധം പുലർത്തുന്നവയാണ് നിയമനിർമ്മാണത്തിൽ മത ആചാരങ്ങളുടെ നീതീകരണങ്ങൾ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിൽ പ്രധാനം നിയമവും ധാർമികതയുമാണ്. രണ്ടും സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നവയാണ്. പക്ഷെ മതനിയമങ്ങളുടെ അപര്യാപ്തത തന്നെയാണ് ജനഹിത യുക്തിസഹജ നിയമവ്യവസ്ഥ ആവശ്യമാക്കി മാറ്റിയത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അനേകം വിശ്വാസങ്ങൾക്കിടയിലേക്ക് ഏവർക്കും സ്വീകാര്യമായ യുക്തിസഹജമായ, നീതിബോധത്തിലൂന്നിയ നിയമങ്ങൾ വരുന്നതിലൂടെ മതനിരപേക്ഷ സ്വീകാര്യതയാണ് സംഭവിക്കുന്നത്. യഥാർത്ഥത്തിൽ മതനിയമങ്ങൾക്കുപകരം തന്നെയാണ് ജനഹിത യുക്തിനിയമങ്ങൾ. പക്ഷെ അടിയുറച്ച വിശ്വാസപ്രമാണങ്ങളെ നിരാകരിക്കാനുള്ള സങ്കോചം ഒരു തരം ഒത്തുതീർപ്പ് വ്യവസ്ഥക്ക് പാത്രമാക്കി. അങ്ങനെ പൊതുവെയുള്ള കാര്യങ്ങൾക്ക് ജനഹിത യുക്തി നിയമങ്ങളും വ്യക്തിഗതകാര്യങ്ങൾക്ക് മതനിയമങ്ങളും എന്ന വ്യവസ്ഥ വന്നു. പലപ്പോഴും ഇവ രണ്ടും പരസ്പരം ഏറ്റുമുട്ടും. വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും. മരണാനന്തര ശിക്ഷയിലൂന്നിയുള്ള മതനിയമങ്ങൾ കോടതി വിധിയിലൂന്നിയുള്ള നിയമങ്ങളുമായി സംയോജിച്ചാണ് ഇന്ന് പ്രവർത്തിക്കുന്നത് എങ്കിലും പതുക്കെ പതുക്കെ ദൈവഹിതത്തിൽനിന്ന് കോടതിവിധിയിലേക്ക് മാറിയതുപോലെ മതനിയമങ്ങൾ മാറിക്കൊണ്ടിരിക്കുന്നുണ്ട്. മേൽ പറഞ്ഞ മുത്തലാക്ക് നിരോധനം പോലുള്ള പല മതനിയമങ്ങൾക്കും മേലെ ജനഹിത യുക്തിനിയമങ്ങൾ മേൽക്കോയ്മ സ്ഥാപിക്കും. അത് കാലത്തിൻ്റെ നീതിയാണ്. അവിടെ പക്ഷെ സഹിറാ ബാനു കേസിലെ വിരുദ്ധ നിലപാടുപോലെ ഭണഘടനയുടെ വാക്കുകളിൽ ഉറച്ചുനിന്ന് വിധി പറഞ്ഞാൽ യുക്തിസഹജ മാനവികപുരോഗതിക്ക് കോടതികൾ തടസ്സം നിൽക്കുകയായിരിക്കും ചെയ്യുന്നത്.

നിലനിൽക്കുന്ന നിയങ്ങൾക്കനുസരിച്ച് നീതി നിർവഹണം നടത്താൻ മാത്രമേ കോടതികൾക്ക് കഴിയൂ എന്നിരിക്കെ പുരോഗമന യുക്തി സഹജ നീതിന്യായ സംഹിതക്ക് തടസ്സമാവുന്ന ഭരണഘടനാ വ്യവസ്ഥകൾ കാലാനുസരണ ഭേദഗതിക്ക് വിധേയമാക്കി മതേതരത്വത്തിൻ്റെ അന്തഃസ്സത്ത കാത്തുസൂക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.

അനേകം വിശ്വാസങ്ങൾക്കിടയിലേക്ക് ഏവർക്കും സ്വീകാര്യമായ യുക്തിസഹജമായ, നീതിബോധത്തിലൂന്നിയ നിയമങ്ങൾ വരുന്നതിലൂടെ മതനിരപേക്ഷ സ്വീകാര്യതയാണ് സംഭവിക്കുന്നത്. യഥാർത്ഥത്തിൽ മതനിയമങ്ങൾക്കുപകരം തന്നെയാണ് ജനഹിത യുക്തിനിയമങ്ങൾ. പക്ഷെ അടിയുറച്ച വിശ്വാസപ്രമാണങ്ങളെ നിരാകരിക്കാനുള്ള സങ്കോചം ഒരു തരം ഒത്തുതീർപ്പ് വ്യവസ്ഥക്ക് പാത്രമാക്കി. അങ്ങനെ പൊതുവെയുള്ള കാര്യങ്ങൾക്ക് ജനഹിത യുക്തി നിയമങ്ങളും വ്യക്തിഗതകാര്യങ്ങൾക്ക് മതനിയമങ്ങളും എന്ന വ്യവസ്ഥ വന്നു.

കഴിഞ്ഞ കാലത്ത് സുപ്രീം കോടതി നടത്തിയ പല സുപ്രധാന ഇടപെടലുകളും നില നിൽക്കുന്ന നിയമങ്ങളുടെ പുനർവായന പ്രകാരമാണ്. ഉദാഹരണത്തിന്, കരാറുകളിലെ ആർബിട്രേഷൻ നടത്തണമെങ്കിൽ കരാർ ആശ്യപ്പെടുന്ന സ്റ്റാമ്പ് ഡ്യൂട്ടി അടക്കണം എന്ന അഞ്ചംഗ ബെഞ്ചിൻ്റെ വിധി മറികടക്കാൻ അപ്പീൽ, റിവ്യൂ തുടങ്ങിയ നിയമമാർഗങ്ങൾ തള്ളപ്പെട്ട ഒരു കേസിൽ നിയമവ്യവസ്ഥയിൽ ഒരിടത്തും പറയാത്ത ക്യുറേറ്റീവ് പെറ്റീഷൻ എന്ന അത്യപൂർവമായ മാർഗ്ഗമുപയോഗിച്ച് തിരുത്തി എഴുതി. വിവാഹേതര ലൈംഗികബന്ധത്തെ ക്രിമിനൽ കുറ്റമല്ലാതാക്കി, സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കാൻ പറ്റുമോ എന്ന് പരിശോധിച്ചു.

ക്യുറേറ്റീവ് പെറ്റീഷൻ്റെ അനന്തസാധ്യതകൾ ഉപയോഗിച്ച് നിലനിലക്കുന്ന ചട്ടക്കൂട് പൊളിച്ച് നീതി നടപ്പാക്കാൻ സുപ്രീം കോടതി ശ്രമിക്കുന്നത് കാലം ആവശ്യപ്പെടുന്നതിനനുസരിച്ച് നിയമങ്ങൾ മാറാത്തതുകൊണ്ടാണ്. ഇന്ത്യൻ നിയമചരിത്രം പരിശോധിച്ചാൽ കോടതിവിധികൾ മറികടക്കാനാണ് പലപ്പോഴും ഭേദഗതികളും നിയമ നിർമാണങ്ങളും നടത്തുന്നത്, അല്ലാതെ നിതിനിർവ്വഹണത്തിന് സഹായകമാവാൻ നിയമനിർമാണം നടത്തുകയല്ല എന്ന് കണ്ടെത്താൻ കഴിയും. നിയമവ്യവസ്ഥ പുരോഗമന പാതയിലേക്ക് മാറുമ്പോൾ പഴഞ്ചൻ നിയമങ്ങളുടെ ബാധ്യതകൾ നീക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വം നിയമനിർമാതാക്കൾക്കുണ്ട്. ദാർശനികതയിൽ നിന്ന് പ്രാവർത്തികതയിലേക്ക് മതേതരത്വത്തെ നയിക്കാൻ നിയമനിർമാതാക്കൾക്ക് കഴിയണം.

Comments