സ്വകാര്യത മൗലികാവകാശമാക്കിയ ചരിത്രവിധി, ജസ്റ്റിസ് പുട്ടസ്വാമി ഇനി ഓർമ

മുൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.എസ് പുട്ടസ്വാമി തൻെറ 86ാം വയസ്സിൽ നടത്തിയ നിയമപോരാട്ടമാണ് സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതിയുടെ ചരിത്രവിധിയിലേക്ക് നയിച്ചത്.

News Desk

ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുകയെന്നതാണ് ന്യായാധിപരുടെ കടമയെന്ന് ഉത്തമബോധ്യമുള്ള വ്യക്തിയായിരുന്നു ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി (KS Puttaswamy). തൻെറ 86ാം വയസ്സിൽ അദ്ദേഹം നടത്തിയ നിയമപോരാട്ടമാണ് സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്രവിധിയിലേക്ക് നയിച്ചത്. 2012-ലാണ് ആധാർ കാർഡിന്റെ നിയമസാധുത ചോദ്യം ചെയ്ത് പുട്ടസ്വാമി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഈ കേസ് പരിഗണിയ്ക്കവേ സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണെന്ന് വ്യക്തമാക്കിയ കോടതി ആധാർ കാർഡ് റദ്ദാക്കാൻ വിസമ്മതിക്കുകയായിരുന്നു. കർണാടക ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസായിരുന്ന പുട്ടസ്വാമി 1952-ലാണ് അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. ഹൈക്കോടതിയിൽ സർക്കാരിന്റെ എ.ജി ആയി പ്രവർത്തിച്ചിരുന്ന അദ്ദേഹം 1977 നവംബർ എട്ടിനാണ് പുട്ടസ്വാമി ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1986-ൽ വിരമിക്കുന്നത് വരെ അദ്ദേഹം ജഡ്ജിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഭരണഘടനയിലെ 14,19,21 വകുപ്പുകൾ പ്രകാരം സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച സുപ്രീം കോടതിയുടെ സുപ്രധാന വിധി അറിയപ്പെടുന്നത് തന്നെ ജസ്റ്റിസ് പുട്ടസ്വാമി കേസ് എന്ന പേരിലാണ്. കേന്ദ്ര സർക്കാർ നടപ്പാക്കിയ ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത പുട്ടസ്വമി ഈ പദ്ധതി വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നാണ് വാദിച്ചത്. ഭരണഘടനയുടെ വ്യാഖ്യാനത്തിന് തന്നെ വലിയ വെല്ലുവിളിയുയർത്തിയ കേസായി ഇത് മാറി. ആധാർ കാർഡിലൂടെ വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഹനിക്കപ്പെടുകയാണെന്നും സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്നും ആധാർ നടപടിക്രമം ഈ നടപടി ക്രമങ്ങളുടെ ലംഘനമാണെന്നുമായിരുന്നു പുട്ടസ്വാമിയുടെ വാദം. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പ് നൽകുന്ന വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്നും അദ്ദേഹം വാദിച്ചു. അതിനാൽ ഈ അവകാശം സംരക്ഷിക്കാൻ കോടതിക്ക് ബാധ്യതയുണ്ടെന്നും വ്യക്തമാക്കി.

ഇന്ത്യൻ ഭരണഘടന സ്വകാര്യതയ്ക്കുള്ള അവകാശം ഉറപ്പു നൽകുന്നുണ്ടോയെന്ന് വലിയ ഒരു ബഞ്ച് തീരുമാനിക്കുമെന്നായിരുന്നു മൂന്നംഗ ബെഞ്ചിന്റെ വിധി. 2017 ഓഗസ്റ്റ് നാലിനാണ് സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് കേസിൽ വിധി പറഞ്ഞത്. ജസ്റ്റിസ് ജെ.എസ് ഖെഹാർ (സിജെഐ), ജസ്റ്റിസ് ജാസ്തി ചെലമേശ്വർ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് റോഹിന്റൺ നരിമാൻ, ജസ്റ്റിസ് ആർ.കെ അഗർവാൾ, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എ നസീർ, ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എ. എം സപ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. സ്വകാര്യതയുടെ അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 12 പ്രകാരം മൗലികാവകാശത്തിന്റെ പരിധിയിൽ വരുമെന്നാണ് അന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

1926 ഫെബ്രുവരി എട്ടിന് ജനിച്ച പുട്ടസ്വാമി മൈസൂരു മഹാരാജാസ് കോളജ്,ബെംഗളൂരു ലോ കോളജ് എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. തിങ്കളാഴ്ച ബെംഗളൂരുവിലെ വസതിയിലായിരുന്നു പുട്ടസ്വാമി (98) അന്തരിച്ചത്.


Summary: Former Karnataka High court chief justice KS Puttaswamy, who was a key figure in the legal battle against Aadhaar card and right to privacy as a fundamental right passed away.


Comments