ജനിച്ചുവീഴുന്നത് ഒരു മതത്തിലേക്കാണ് എന്നതുകൊണ്ടുമാത്രം പ്രത്യേക മതവിശ്വാസികളായി മുദ്ര കുത്തപ്പെടുന്ന മനുഷ്യർ. പിന്നീട്, മതത്തിന്റെ മനുഷ്യവിരുദ്ധത തിരിച്ചറിഞ്ഞ്, അതുപേക്ഷിച്ച് പുറത്തുവന്നാൽ, രാജ്യത്തെ സെക്യുലർ നിയമപ്രകാരം ജീവിക്കാനുള്ള അവകാശം അവർക്ക് ലഭിക്കേണ്ടത് സ്വാഭാവികനീതി മാത്രമാണ്. എന്നാൽ, ഇത് സെക്യുലർ എന്നറിയപ്പെടുന്ന നമ്മുടെ നിയമ- നീതിന്യായ സംവിധാനങ്ങൾക്ക് ഉറപ്പുവരുത്താനാകുന്നുണ്ടോ? ഇല്ല എന്നാണ്, സഫിയ പി.എം എന്ന ആലപ്പുഴ സ്വദേശിയുടെ ജീവിതം പറയുന്നത്. ഈ അവകാശത്തിനായി അവർ നൽകിയ കേസ് സുപ്രീംകോടതിയിൽ നിർണായക ഘട്ടത്തിലാണ്.
ഉപേക്ഷിച്ചാലും
പിന്തുടരുന്ന മതം
ജനനം കൊണ്ട് മുസ്‌ലിമാണ് 51 വയസ്സുള്ള സഫിയ. അവരുടെ പിതാവ് ഇസ്‌ലാം പ്രാക്ടീസ് ചെയ്യാത്ത വ്യക്തിയാണ്. സഫിയയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മതത്തിന്റെ കോളത്തിൽ ഇസ്‌ലാം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് സഫിയയുടെ തെരഞ്ഞെടുപ്പായിരുന്നില്ല. മാതാപിതാക്കളുടെ മതം നോക്കിയാണ് ഇങ്ങനെയൊരു രേഖപ്പെടുത്തലുണ്ടായത്. വിശ്വാസം ഉപേക്ഷിച്ചെങ്കിലും സഫിയയ്ക്കും പിതാവിനും ‘ഔദ്യോഗികമായി' ഇസ്‌ലാം വിടാനുമായിട്ടില്ല. കാരണം, അതിനുള്ള സംവിധാനം ഇല്ല.
വിവാഹമോചിതയായ സഫിയ 25 വയസ്സുള്ള മകൾക്കൊപ്പമാണ് കഴിയുന്നത്. മുസ്‌ലിം വ്യക്തിനിയമപ്രകാരം സഫിയയുടെ സ്വത്തിന്റെ പകുതിയേ മകൾക്ക് കിട്ടുകയുള്ളൂ. ബാക്കി അവരുടെ സഹോദരനാണ് കിട്ടുക. ഇസ്‍ലാം അല്ലാത്ത സഫിയയ്ക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം (Indian Succession Act, 1925) സ്വത്ത് പൂർണമായും മകൾക്ക് നൽകാനാണ് ആഗ്രഹം.
മതമില്ലാത്ത തനിയ്ക്ക് സെക്യുലറായ ഒരു നിയമമാണ് പിന്തുടർച്ചയുടെ കാര്യത്തിൽ ആവശ്യമെന്നാണ് സഫിയയുടെ വാദം. എന്നാൽ, മതം ഉപേക്ഷിക്കുന്ന വ്യക്തിയെ സംബന്ധിച്ച് മതനിയമങ്ങളോ സെക്യുലർ നിയമങ്ങളോ അവരുടെ പരിരക്ഷയ്ക്ക് എത്താത്ത അപകടകരമായ സ്ഥിതിയാണുളളത്.
എന്നാൽ, ഇതിന് തടസ്സങ്ങളുണ്ട്. മതമില്ലാത്ത വ്യക്തിയാണെങ്കിലും, മതം സഫിയയ്ക്കു പുറകിൽ തന്നെയുണ്ട്. കാരണം, മുസ്‌ലിമായി ജനിച്ച ഏതൊരാളും മുസ്‌ലിം വ്യക്തിനിയമം പിന്തുടരാൻ ബാധ്യസ്ഥരാണ്. അവർക്ക് മറ്റൊരു ഓപ്‌നഷനില്ല. അതായത്, മതം വിട്ടു എന്നതുകൊണ്ടുമാത്രം സഫിയക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം ബാധകമാകുന്നില്ല. അതുകൊണ്ടുതന്നെ, നിലവിലെ അവസ്ഥയിൽ അവർക്ക് തന്റെ സ്വത്ത് പൂർണമായും മകൾക്ക് നൽകണം എന്ന ആഗ്രഹം സാക്ഷാൽക്കരിക്കാനുമാകില്ല. അതുകൊണ്ട് മതമില്ലാത്ത തനിയ്ക്ക് പിന്തുടർച്ചയുടെ കാര്യത്തിൽ ഇന്ത്യൻ പിന്തുടർച്ചാവകാശനിയമം ബാധകമാക്കണമെന്ന ഹർജിയാണ്, അഡ്വ. പ്രശാന്ത് പത്മനാഭൻ മുഖേന സഫിയ സുപ്രീകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ഭരണഘടന സ്ത്രീകൾക്ക് ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്ന ഒന്നാണ് മുസ്‌ലിം വ്യക്തിനിയമം എന്നാണ് സഫിയയുടെ അനുഭവം. ജീവിതത്തിന്റെ എല്ലാ തുറകളിലും, പ്രത്യേകിച്ച് പിന്തുടർച്ചാവകാശങ്ങളിൽ, സ്ത്രീകളോട് വിവേചനമുണ്ട് എന്ന തിരിച്ചറിവിലാണ് സഫിയ ഇസ്‌ലാം ഉപേക്ഷിച്ചത്. പിന്തുടർച്ചാവകാശത്തിൽ രണ്ട് സ്ത്രീകളെ ഒരു പുരുഷന് തുല്യമായി കണക്കാക്കുന്ന വ്യവസ്ഥകളാണ് ശരീഅത്തിലേത്. ഇതൊരു അനീതിയാണെന്ന തിരിച്ചറിവിലാണ് അവർ ഇത്തരമൊരു തീരുമാനമെടുത്തത്.
മതമില്ലാത്ത തനിയ്ക്ക് സെക്യുലറായ ഒരു നിയമമാണ് പിന്തുടർച്ചയുടെ കാര്യത്തിൽ ആവശ്യമെന്നാണ് സഫിയയുടെ വാദം. എന്നാൽ, മതം ഉപേക്ഷിക്കുന്ന വ്യക്തിയെ സംബന്ധിച്ച് മതനിയമങ്ങളോ സെക്യുലർ നിയമങ്ങളോ അവരുടെ പരിരക്ഷയ്ക്ക് എത്താത്ത അപകടകരമായ സ്ഥിതിയാണുളളത്.

ഭരണഘടനയിൽ മതസ്വാതന്ത്ര്യത്തെപ്പറ്റി പറയുന്നത് 25ാം വകുപ്പാണ്. വിശ്വസിക്കാൻ മാത്രമല്ല, വിശ്വസിക്കാതിരിക്കാൻ കൂടിയുള്ള അവകാശം ഇതിൽ ഉൾപ്പെടുന്നുണ്ട് എന്ന് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ഇന്ത്യയിൽ മുസ്‍ലിമായി ജനിക്കുന്ന വ്യക്തിക്ക്, മുസ്‍ലിം വ്യക്തിനിയമമാണ് (Muslim Personal Law- Shariat- Application Act, 1937) ബാധകം.
ഈ നിയമത്തിലെ സെക്ഷൻ 2 അനുസരിച്ച് വിൽപത്രം എഴുതിവയ്ക്കാതെ മരിക്കുന്ന (intestate succession) സംഭവങ്ങളിൽ എല്ലാ മുസ്‍ലിംകൾക്കും മുസ്‍ലിം വ്യക്തിനിയമം ബാധകമാണ്. വിൽപത്രം എഴുതിവെച്ചിട്ടുള്ള പിന്തുടർച്ചാവകാശത്തിൽ (testamentary succession) കൂടി ഈ നിയമം ബാധകമാക്കാൻ ഒരു വിശ്വാസിക്ക് സെക്ഷൻ 3 പ്രകാരം അപേക്ഷിക്കാം.
എന്നാൽ, വിശ്വാസിയല്ലാത്ത വ്യക്തിക്ക് ഈ നിയമമേ വേണ്ട എന്നു പറയാൻ നിലവിൽ സംവിധാനമില്ല. അതിനുള്ള അവകാശം കൂടി വേണം എന്നാണ് സഫിയയുടെ ആവശ്യം. നിലവിൽ ഇത്തരമൊരു സംവിധാനമില്ലാത്തത് നിയമത്തിലെ ഒരു വിടവ് (vacuum) ആണെന്നും, അത് നികത്താൻ ഭരണഘടനാമൂല്യങ്ങളുടെ വെളിച്ചത്തിൽ നിയമം വ്യാഖ്യാനിച്ച്, തനിക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശനിയമം ബാധകമാക്കാൻ വഴി തുറന്നുതരണമെന്നാണ് ഹർജിയിൽ സഫിയയുടെ ആവശ്യം.
മുസ്‍ലിം വ്യക്തിനിയമം വേണം എന്നു പറയാനുള്ള അവകാശം പോലെ വേണ്ട എന്നു പറയാനും അവകാശമുണ്ടെങ്കിലേ തുല്യത വരുന്നുള്ളൂ. അതുകൊണ്ടാണ് നിയമത്തിൽ ഇത്തരമൊരു വ്യാഖ്യാനം വേണമെന്ന ആവശ്യമുന്നയിച്ചത്. അതാണ് ഈ കേസിന്റെ സവിശേഷത.
ഇന്ത്യൻ പിന്തുടർച്ചാവകാശത്തിലെ 29, 58 സെക്ഷനുകൾ മുസ്‍ലിംകളെ ഒഴിവാക്കിയിരിക്കുന്നതുമൂലം ആ വകുപ്പുകൾ കൂടി ഭരണഘടനയുടെ വെളിച്ചത്തിൽ വ്യാഖ്യാനിക്കണം എന്ന് Amendment Application-ൽ സഫിയ ആവശ്യപ്പെടുന്നുണ്ട്.
ഭരണഘടനാവിരുദ്ധമായ
വകുപ്പുകൾക്കെതിരെ
ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതക്കെതിരായി ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലുള്ള ചില വ്യവസ്ഥകൾക്കെതിരായ പോരാട്ടം കൂടി സഫിയ നടത്തുന്നുണ്ട്. മുസ്‌ലിംകളെ ഒഴിവാക്കുന്ന ഇന്ത്യൻ പിന്തുടർച്ചാവകാശനിയമത്തിലെ 29, 58 വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവും അഡ്വ. പ്രശാന്ത് പത്മനാഭൻ സഫിയയ്ക്കുവേണ്ടി മുന്നോട്ടുവെക്കുന്നുണ്ട്.
മതവിശ്വാസം ഉപേക്ഷിച്ച തനിയ്ക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശം ബാധകമാക്കണം എന്ന സഫിയയുടെ ആവശ്യത്തിന് ചില നിയമക്കുരുക്കുകളുണ്ട്.
ഇന്ത്യൻ പിന്തുടർച്ചാവകാശനിയമത്തിലെ സെക്ഷൻ 29 അനുസരിച്ച്, ഒസ്യത്ത് എഴുതിവെക്കാത്ത പിന്തുടർച്ചയുമായി (intestate succession) ബന്ധപ്പെട്ട വ്യവസ്ഥകൾ മുസ്‌ലിംകൾക്ക് ബാധകമല്ല. വിൽപത്രം എഴുതിവെക്കാതെ മരിക്കുന്ന വ്യക്തികളുടെ സ്വത്ത്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി വീതിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് സെക്ഷൻ 29.
സെക്ഷൻ 58 അനുസരിച്ച്, ഒസ്യത്തുള്ള പിന്തുടർച്ചയുമായി (testamentary succession) ബന്ധപ്പെട്ട വ്യവസ്ഥകളും മുസ്‌ലിംകൾക്ക് ബാധകമല്ല.
മുസ്‌ലിംകളെ ഒഴിവാക്കുന്ന 29, 58 വകുപ്പുകൾ ഭരണഘടനയുടെ 14, 15, 19, 21 ആർട്ടിക്കിളുകളുടെ ലംഘനമായതിനാൽ, അത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന Amendment Application-നും സഫിയയ്ക്കുവേണ്ടി സമർപ്പിച്ചിട്ടുണ്ട്. മുസ്‌ലിമായി ജനിക്കുകയും ഇസ്‌ലാം ഉപേക്ഷിച്ചശേഷവും ശരീഅത്ത് നിയമത്താൽ പിന്തുടർച്ചാവകാശം തീരുമാനിക്കപ്പെടുകയും ചെയ്യുന്നവരെ സംബന്ധിച്ച് ഈ രണ്ട് വകുപ്പുകളും ഭരണഘടനാവിരുദ്ധമാണെന്നാണ് അഡ്വ. പ്രശാന്ത് പത്മനാഭന്റെ വാദം.

ഈ കേസ് കഴിഞ്ഞ ഏപ്രിലിൽ ആദ്യ വാദത്തിനെത്തിനെത്തിയപ്പോൾ, സുപ്രീംകോടതി ഹർജിക്കാരിയുടെ വാദം കേട്ട ശേഷം, അറ്റോർണി ജനറലിന് നോട്ടീസയച്ചു. ഇന്ത്യൻ പിന്തുടർച്ചാവകാശത്തിലെ 29, 58 സെക്ഷനുകൾ മുസ്‍ലിംകളെ ഒഴിവാക്കിയിരിക്കുന്നതുമൂലം ആ വകുപ്പുകൾ കൂടി ഭരണഘടനയുടെ വെളിച്ചത്തിൽ വ്യാഖ്യാനിക്കണം എന്ന് ഹർജിയിൽ ഭേദഗതി അപേക്ഷ സമർപ്പിക്കാൻ, കോടതി Amendment Application ഫയൽ ചെയ്തത്.
സഫിയയുടെ ഹർജി, വ്യക്തിപരം എന്നതിനേക്കാൾ സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യമുള്ളതാകുന്നത് ഈയൊരു Amendment Application കൊണ്ടുകൂടിയാണ്. സഫിയയ്ക്ക് അർഹമായ പൗരാവകാശങ്ങൾ, അവർ ഒരു മതവിശ്വാസവും പിന്തുടരുന്നില്ല എന്നതുകൊണ്ട് നിഷേധിക്കപ്പെടാൻ പാടില്ല എന്ന് Amendment അപേക്ഷയിൽ പ്രത്യേകം ആവശ്യപ്പെടുന്നു.
സഫിയയ്ക്ക് അർഹമായ പൗരാവകാശങ്ങൾ, അവർ ഒരു മതവിശ്വാസവും പിന്തുടരുന്നില്ല എന്നതുകൊണ്ട് നിഷേധിക്കപ്പെടാൻ പാടില്ല എന്ന് Amendment അപേക്ഷയിൽ പ്രത്യേകം ആവശ്യപ്പെടുന്നു.
‘‘In a secular country such as India, a non-believer, an atheist, an agnostic, ritualistic or a spiritualist person all have the right to expression’’ എന്ന് നേരത്തെയും സുപ്രീംകോടതി അർഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞിട്ടുണ്ട്. ഒരു വിശ്വാസത്തിലും പെടാതെ ജീവിക്കാനും സെക്യുലർ പിന്തുടർച്ചാവകാശനിയമങ്ങൾ തെരഞ്ഞെടുക്കാനുമുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം എല്ലാതരം വിശ്വാസങ്ങൾക്കും ബാധകമാക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, സഫിയയുടെ കേസിൽ വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു.

ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം, ഹിന്ദുയിസത്തിൽനിന്ന് മാറുന്നവർക്ക് പിന്തുടർച്ചാവകാശം നഷ്ടമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ നിയന്ത്രണങ്ങൾക്കുപുറത്ത് ഒരാൾക്ക് ഒസ്യത്ത് എഴുതിവെക്കാവുന്നതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ, ഒസ്യത്ത് ഇല്ലാത്ത സാഹചര്യങ്ങളും കൂട്ടുകുടുംബങ്ങളുടെ സ്വത്തിന്റെ കാര്യവും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
മതമില്ലാത്തവർക്ക്
ഏതു നിയമം?
മതം ഉപേക്ഷിച്ച വ്യക്തികൾക്ക്, പിന്തുടർച്ചയുടെ കാര്യത്തിൽ ഏത് നിയമമാണ് ബാധകം എന്ന ചോദ്യമാണ് സഫിയയുടെ ഹർജി പ്രധാനമായും ഉന്നയിക്കുന്നത്.
മുസ്‌ലിം വ്യക്തിനിയമത്തിലെ സെക്ഷൻ 2 അനുസരിച്ച്, ഒരു മുസ്‌ലിമിന്റെ ദത്തെടുക്കൽ (adoption), ഒസ്യത്ത് (Will), അനന്തരാവകാശം (legacies) തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ഈ നിയമമനുസരിച്ചാണ്. അതേസമയം, ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യക്തിനിയമ വ്യവസ്ഥകൾ ബാധകമാകണമെങ്കിൽ ഓരോ വ്യക്തിയും നിശ്ചിത അപേക്ഷാഫോമിൽ താൻ മുസ്‌ലിമാണ് എന്ന് നിശ്ചിത അധികാരിയുടെ മുമ്പാകെ ഡിക്ലയർ ചെയ്യണം. (Power to make a declaration: (1) Any person who satisfies the prescribed authority: (a) that he is a Muslim; and (b) that he is competent to contract within the meaning of section 11 of the Indian Contract Act, 1872 (9 of 1872); and (c) that he is a resident of the territories to which this Act extends).
എന്നാൽ, അത്തരമൊരു ഡിക്ലറേഷൻ നടത്താത്ത വ്യക്തികളുടെ കാര്യമോ? ഇങ്ങനെയൊരു സാക്ഷ്യപ്പെടുത്തൽ നടത്താത്തിടത്തോളം കാലം ഈ മൂന്ന് കാര്യങ്ങളിലും മുസ്‌ലിം വ്യക്തിനിയമം ബാധകമല്ല എന്നാണർഥം.
മതം ഉപേക്ഷിച്ച വ്യക്തികൾക്ക്, പിന്തുടർച്ചയുടെ കാര്യത്തിൽ ഏത് നിയമമാണ് ബാധകം എന്ന ചോദ്യമാണ് സഫിയയുടെ ഹർജി പ്രധാനമായും ഉന്നയിക്കുന്നത്.
കേരളത്തിൽ അടുത്തകാലം വരെ ഡിക്ലറേഷൻ നടത്താനുള്ള അധികൃത സംവിധാനം നിലവിലുണ്ടായിരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് 2018-ൽ ഹൈക്കോടതിയിൽ ഒരു ഹർജി വന്നിരുന്നു (Thadevoos @ Abu Thalib v. State of Kerala being W.P. (C) No.6403 of 2018). ഇതു സംബന്ധിച്ച് അനുയോജ്യമായ ചട്ടങ്ങളുണ്ടാക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ഈ വിഷയം പരിശോധിച്ച സബോർഡിനേറ്റ് ലെജിസ്‌ലേഷൻ സമിതി (2019- 2021) സമർപ്പിച്ച റിപ്പോർട്ടിൽ, മുസ്‌ലിം വ്യക്തിനിയമത്തിലെ സെക്ഷൻ മൂന്ന് പ്രത്യേകമായി പരിശോധിക്കുമ്പോൾ, ഡിക്ലറേഷൻ നൽകിയാൽ മാത്രമേ സെക്ഷൻ രണ്ടിലെ വ്യവസ്ഥ ബാധകമാകുകയുള്ളൂ എന്ന അർഥം വരുമെന്നും അതിനാൽ ഈ ചട്ടത്തിന് കൂടുതൽ വ്യക്തത വരുത്താൻ, ദത്തെടുക്കൽ, ഒസ്യത്ത്, അനന്തരാവകാശം എന്നിവയ്ക്ക് ആചാര നിയമത്തിനുപകരം ശരീഅത്ത് നിയമം മതി എന്ന declaration നൽകാനാഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാൻ കഴിയുന്ന രീതിയിൽ ചട്ടം ഭേദഗതി ചെയ്യണമെന്ന അഭിപ്രായമുയർന്നതായി സൂചിപ്പിക്കുന്നുണ്ട്.
അതാതു കക്ഷികൾ സ്ഥിരതാമസമുള്ള പരിധിയിലെ തഹസീർദാറെ നിശ്ചിത അതോറിറ്റിയാക്കിയാണ് ഒടുവിൽ സർക്കാർ ചട്ടം രൂപീകരിച്ചത്.
സഫിയയുടെ കേസിൽ, അവർ മുസ്‌ലിമായാണ് ജനിച്ചതെങ്കിലും അവർ ആ മതം ഉപേക്ഷിച്ച വ്യക്തിയാണ്. അതുകൊണ്ടുതന്നെ മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയിൽ അവർ വരുന്നില്ലെന്നതുകൊണ്ട് ഇത്തരമൊരു declaration അവരെ സംബന്ധിച്ച് അസാധ്യവുമാണ്.
▮
മതം ഉപേക്ഷിച്ചവർക്ക്
സംരക്ഷണമുണ്ടോ?
സഫിയയുടെ ഹർജിയിലെ നിയമവശങ്ങളെപ്പറ്റി, അവർക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്ന അഡ്വ. പ്രശാന്ത് പദ്മനാഭൻ ട്രൂ കോപ്പി വെബ്‌സീനിനോട് വിശദീകരിച്ചു. .
നിലവിലെ ഇന്ത്യൻ നിയമസംവിധാനത്തിൽ സഫിയയുടെ ആവശ്യം അംഗീകരിച്ചുകിട്ടാനുള്ള അനുകൂല ഘടകം എന്താണ്?
അഡ്വ. പ്രശാന്ത് പത്മനാഭൻ: ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പുനൽകുന്ന, മതത്തിൽ വിശ്വസിക്കാനും പ്രാക്ടീസ് ചെയ്യാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിൽ, വിശ്വാസിയല്ലാത്ത വ്യക്തികളുടെ അവകാശം കൂടി ഉൾപ്പെടുന്നുണ്ട്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇത് അംഗീകരിച്ചിട്ടുണ്ട്.

‘മതം ഉപേക്ഷിച്ച വ്യക്തി' എന്ന ക്ലോസ് നിയമപരമായി സംരക്ഷണം ലഭിക്കുന്ന ഒന്നാണോ? ഒരു വ്യക്തി മതം ഉപേക്ഷിച്ചു എന്നത് നിയമപരമായ വ്യവഹാരങ്ങളിൽ പരിഗണിക്കപ്പെടുന്ന ഒന്നാണോ?
അഡ്വ. പ്രശാന്ത് പത്മനാഭൻ: മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷക സ്‌നേഹ പാർത്ഥിബരാജയ്ക്ക് No Caste No Religion സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. വിശാസികളല്ലാത്തവർക്ക് നിയമപരമായ അംഗീകാരവും സംരക്ഷണവും ലഭിക്കണമെന്ന കാര്യത്തിൽ സംശയമില്ല. സ്‌റ്റേറ്റ്, പൗരരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും അവ രേഖകളായി സൂക്ഷിക്കുകയും ചെയ്യുന്നതിനാൽ ഇത് അനിവാര്യവുമാണ്. മാത്രമല്ല, മതങ്ങൾ പൗരരുടെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങളിൽ ഇടപെടുന്നതിനാൽ ഇത്തരമൊരു സംരക്ഷണം നിർണായകവുമാണ്. ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിൽ ഡോ. ബി.ആർ. അംബേദ്കർ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
അദ്ദേഹം പറഞ്ഞതിന്റെ സംഗ്രഹം ഇതാണ്: നമ്മുടെ രാജ്യത്ത് ജനനം മുതൽ മരണം വരെ എല്ലാ കാര്യങ്ങളിലും മതത്തിന്റെ സ്വാധീനമുണ്ട്. മതം അനുശാസിക്കുന്ന വ്യക്തിനിയമങ്ങളെല്ലാം ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമെന്ന് പറഞ്ഞാൽ പിന്നെ, പൗരാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സാമൂഹ്യ പരിഷ്കരണം അസാധ്യമായിത്തീരും. അതുകൊണ്ട്, മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇങ്ങനെയൊരു നിലപാടെടുക്കുന്നത് അസ്വീകാര്യമാണ്. വിശ്വാസങ്ങളിലും അതുമായി ബന്ധപ്പെട്ട മതപരമായ കാര്യങ്ങളിലും മാത്രമായി മതത്തിന്റെ നിർവചനം പരിമിതപ്പെടുത്തണമെന്ന് പറയേണ്ടിയിരിക്കുന്നു. tenancy, പിന്തുടർച്ച മുതലായവയുമായി ബന്ധപ്പെട്ട നിയമങ്ങൾ, മതത്താൽ ഭരിക്കപ്പെടുന്നവയായിരിക്കരുത്.

മതത്തിൽ വിശ്വസിക്കാനുള്ള അവകാശം പോലെ മതത്തിൽ വിശ്വസിക്കാതിരിക്കാനുള്ള അവകാശത്തിന് നമ്മുടെ നിയമസംവിധാനങ്ങൾ പ്രായോഗിക തലത്തിൽ വേണ്ടത്ര സംരക്ഷണം നൽകുന്നുണ്ടോ?
അഡ്വ. പ്രശാന്ത് പത്മനാഭൻ: ഇപ്പോഴത്തെ സാഹചര്യത്തിൽ, വിശ്വാസങ്ങളുടെ യാഥാസ്ഥിതികമായ വഴി പിന്തുടരാത്തവർക്ക് വേണ്ടത്ര അംഗീകാരവും സംരക്ഷണവും ലഭിക്കുന്നില്ല.
▮
No Religion No Caste
സർട്ടിഫിക്കറ്റിനായുള്ള പോരാട്ടം
മതങ്ങളുടെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ അതിനകത്തുനിന്നുതന്നെ ഇപ്പോൾ പലതരം പ്രതികരണങ്ങളുണ്ടാകുന്നുണ്ട്.
No Religion No Caste സർട്ടിഫിക്കറ്റ്, ജാതി- മത രഹിത ജീവിതത്തിനുള്ള രേഖയാണ്. എന്നാൽ, ഈയൊരു സർട്ടിഫിക്കറ്റ് നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമായിട്ടില്ല. ഒമ്പതു വർഷത്തെ നിയമപോരാട്ടത്തിനുശേഷമാണ്, തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശിയായ അഭിഭാഷക സ്നേഹ പാർത്ഥിബരാജ തഹസീൽദാറിൽനിന്ന് രാജ്യത്ത് ആദ്യമായി No Religion No Caste സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്.
ജാതിയിലോ മതത്തിലോ വിശ്വസിക്കാത്ത, മാർക്‌സിന്റെയും അംബേദ്കറുടെയും പെരിയാറിന്റെയും പുസ്തകങ്ങൾ വായിച്ചിരുന്ന ആനന്ദകൃഷ്ണന്റെയും മണിമൊഴിയുടെയും മകളായാണ് സ്‌നേഹ ജനിച്ചത്. അവരുടെ ജനന സർട്ടിഫിക്കറ്റിലും സ്‌കൂൾ സർട്ടിഫിക്കറ്റുകളിലും ജാതി- മത കോളങ്ങളിൽ ‘ഇന്ത്യൻ’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മാത്രമല്ല, ആ മാതാപിതാക്കൾ മൂന്ന് പെൺമക്കൾക്കും മൂന്നുതരം പേരുകളാണിട്ടത്: സ്‌നേഹ, ജന്നിഫർ, മുംതാസ്. എന്നാൽ, മുതിർന്നപ്പോൾ ഔദ്യോഗിക ആവശ്യങ്ങൾക്ക്, അധികൃതർ, സ്‌നേഹയ്ക്കുമേൽ അതുവരെയില്ലാതിരുന്ന മതം അടിച്ചേൽപ്പിക്കാൻ തുടങ്ങി. അവരുടെ മാതാപിതാക്കളുടെ ജാതിയും മതവും അതിനായി ചികഞ്ഞെടുത്തു. ജുഡീഷ്യൽ പരീക്ഷയ്ക്കും നോട്ടറി പബ്ലിക് പരീക്ഷയ്ക്കും അയച്ച അപേക്ഷകൾ കമ്യൂണിറ്റി സർട്ടിഫിക്കറ്റില്ലാത്തതിനാൽ തിരിച്ചയച്ചു. No Caste No Religion എന്നൊരു പൊസിഷന് കീഴ്‌വഴക്കമില്ല എന്നതായിരുന്നു അവരുടെ വിശദീകരണം. എന്നാൽ, സ്‌നേഹ അത് സമ്മതിച്ചുകൊടുത്തില്ല. താലൂക്ക് ഓഫീസുമുതൽ അവർ അപേക്ഷകളയച്ച് നടത്തിയ പോരാട്ടം ഒടുവിൽ അംഗീകരിക്കപ്പെട്ടു. ഏതെങ്കിലും സർക്കാർ നേട്ടങ്ങൾക്കോ മറ്റ് ആനുകൂല്യങ്ങൾക്കോ ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കില്ല എന്നും അവർ തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടമാണ് അവർക്ക് സർട്ടിഫിക്കറ്റ് നൽകിയത്. സ്‌നേഹ നൽകിയ രേഖകൾ പരിശോധിക്കുകയും അവരുടെ കുടുംബ പാശ്ചാത്തലവും ജീവിതരീതിയും അന്വേഷിക്കുകയും ചെയ്തശേഷമാണ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ തീരുമാനിച്ചതെന്ന് തിരുപ്പത്തൂർ സബ് കലക്ടർ പ്രിയങ്ക പങ്കജം വ്യക്തമാക്കിയിരുന്നു.
‘‘ഒരു ജാതിരഹിത സമൂഹം അസാധ്യമല്ല എന്ന് ഉറച്ച് പ്രഖ്യാപിക്കുന്ന മനുഷ്യർക്കുകൂടി നമ്മുടെ ഇടങ്ങൾ റിസർവ് ചെയ്യാം’’ എന്നാണ് നടൻ കമൽഹാസൻ സ്‌നേഹയെ അഭിവാദ്യം ചെയ്ത് ട്വീറ്റ് ചെയ്തത്.

എന്നാൽ, സ്നേഹയ്ക്ക് അനുവദിച്ച No Caste No Religion സർട്ടിഫിക്കറ്റ് അവിടുത്തെ സബ് കലക്ടറുടെ പുരോഗമനപരമായ മുൻകൈ എന്നതിനപ്പുറം സംവിധാനങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയില്ല.
2024 ഫെബ്രുവരിയിൽ മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്.എം. സുബ്രഹ്മണ്യത്തിന്റെ ഒരു വിധിയുണ്ടായി. സ്‌നേഹയുടെ ജില്ലയായ തിരുപ്പത്തൂരിൽനിന്നുതന്നെ മറ്റൊരാൾ ഇതേ സർട്ടിഫിക്കറ്റ് അനുവദിക്കാൻ അധികൃതർക്ക് നിർദേശം നൽകണമെന്ന ആവശ്യവുമായി ഹർജി നൽകി. എന്നാൽ, ഇത്തരം സർട്ടിഫിക്കറ്റ് അനുവദിക്കാൻ റവന്യൂ വകുപ്പ് അധികൃതർക്ക് നിർദേശം നൽകാൻ നിയമപ്രകാരം വ്യവസ്ഥയില്ല എന്നായിരുന്നു, ഹർജി തള്ളി കോടതി ഉത്തരവിട്ടത്: ‘‘No Caste No religion സർട്ടിഫിക്കറ്റിനുള്ള ശ്രമത്തെ അഭിനന്ദിക്കുന്നു. എന്നാൽ, ഈ സർട്ടിഫിക്കറ്റ് അനുവദിക്കാൻ സർക്കാർ തഹസീൽദാർക്ക് ഒരുവിധ അധികാരവും നൽകിയിട്ടില്ല'' എന്ന് കോടതി പറഞ്ഞു.
സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ ജാതി, മതം കോളങ്ങൾ ഒഴിച്ചിടാം. അതിനെ അധികൃതർക്ക് ചോദ്യം ചെയ്യാനാകില്ല. എന്നാൽ, ഇത്തരമൊരു സർട്ടിഫിക്കറ്റ് അനുവദിക്കാൻ റവന്യൂ അധികൃതർക്ക് നിയമപ്രകാരം കഴിയില്ല എന്നും നിയമവിരുദ്ധമായി അനുവദിക്കുന്നത് അഡ്മിനിസ്‌ട്രേറ്റീവ് അനാർക്കിക്കിടയാക്കുമെന്നും കോടതി പറഞ്ഞു. മാത്രമല്ല, വ്യക്തിനിയമപ്രകാരമുള്ള പിന്തുടർച്ച, പൈതൃകാവകാശം, സംവരണ നിയമങ്ങൾ എന്നീ വിഷയങ്ങളിൽ ഈ സർട്ടിഫിക്കറ്റ് ചില പ്രത്യാഘാതങ്ങളുണ്ടാക്കും, തിരിച്ചടികളെക്കുറിച്ച് മനസ്സിലാക്കാതെ എടുക്കുന്ന ചില തീരുമാനങ്ങൾ ഭാവി തലമുറകളെ ബാധിക്കും എന്നെല്ലാം കോടതി മുന്നറിയിപ്പും നൽകി.
അതായത്, ജാതിയും മതവും ഉപേക്ഷിച്ചവരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് വ്യക്തിനിയമങ്ങൾ ഇടപെടുക എന്ന വ്യാഖ്യാനമാണ് ഈ കോടതി ഉത്തരവ് നൽകുന്നത്.

സഫിയയുടെ കേസിൽ, അവർക്കും ഇത്തരമൊരു സർട്ടിഫിക്കറ്റ് ലഭിച്ചാൽ മതമില്ലാത്ത ഒരാളാണെന്ന് ഔദ്യോഗികമായി ഡിക്ലയർ ചെയ്യാൻ പറ്റും. എന്നാൽ, ഈ സർട്ടിഫിക്കറ്റുകൊണ്ടുമാത്രം സഫിയയുടെ പ്രശ്നം അവസാനിക്കില്ല. കാരണം, സഫിയയ്ക്ക് രാജ്യത്തെ ഏതെങ്കിലും സെക്യുലർ നിയമം ബാധകമല്ലാത്തതിനാൽ, അവർക്ക് ഔദ്യോഗികമായി No Caste No Religion സർട്ടിഫിക്കറ്റ് ലഭിച്ചാലും, ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം ബാധകമാകില്ല. സ്‌റ്റേറ്റിന്റെ ഭാഗത്തുനിന്ന് അത്തരമൊരു സംരക്ഷണമില്ലാത്തതിനാൽ, ഭരണഘടനയിലെ 25ാം വകുപ്പ് പൗരർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശം സഫിയയ്ക്ക് ഫലത്തിൽ നിഷേധിക്കപ്പെടുകയാണ്.
സ്പെഷൽ മാര്യേജ് ആക്റ്റ് പ്രകാരമുള്ള വിവാഹമാണ്, ശരീഅത്തിലെ സ്ത്രീവിവേചനം മറികടക്കാനുള്ള മറ്റൊരു പരിഹാരം. ഇപ്പോൾ കേരളത്തിലടക്കം, നേരത്തെ മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിച്ച ദമ്പതിമാർ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹം രജിസ്റ്റർ ചെയ്യുന്നുണ്ട്.
എന്നാൽ, സിംഗിൾ മദറായ സഫിയക്ക് ഈ മാർഗം തേടാനാകില്ല. കാരണം, സ്പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം മറ്റൊരു വിവാഹം കഴിച്ചാലും അതിലെ മക്കൾക്കേ ആ നിയമം ബാധകമാകൂ. മുമ്പത്തെ വിവാഹബന്ധത്തിലുണ്ടായ കുഞ്ഞിന് അത് ബാധകമല്ല.
മുസ്‌ലിം എന്നു പറയുമ്പോൾ, മുസ്‍ലിംകളിൽ ഏതു വിഭാഗത്തെയാണ് മുസ്‌ലിം വ്യക്തിനിയമം സൂചിപ്പിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. സഫിയ ഉന്നയിക്കുന്ന വിഷയത്തിൽ ഈ പ്രശ്‌നം കൂടി അഭിമുഖീകരിക്കേണ്ടിവരും’’- അഡ്വ. സി. ഷുക്കൂർ പറയുന്നു.
വിശ്വാസം ഉപേക്ഷിച്ചാലും
വിടാതെ പിന്തുടരുന്ന മതം
സഫിയ സുപ്രീംകോടതിയിൽ ഉന്നയിക്കുന്ന വിഷയം മതപരമായും സാമൂഹികമായും ഏറെ പ്രാധാന്യമുള്ള ഒന്നാണെന്ന് മുസ്‍ലിം വ്യക്തിനിയമത്തിലെ വിവേചനങ്ങൾക്കെതിരെ വ്യക്തിപരവും നിയമപരവുമായ ഇടപെടലുകൾ നടത്തുന്ന അഭിഭാഷകൻ സി. ഷുക്കൂർ ചൂണ്ടിക്കാട്ടുന്നു.
‘‘ഇന്ത്യയിലെ എല്ലാ മുസ്‌ലികൾക്കും ബാധകമാകുന്ന നിയമമാണ് മുസ്‌ലിം വ്യക്തിനിയമം. വിവാഹം, വിവാഹമോചനം, ദത്ത്, അനന്തരാവകാശം, മെയിന്റനൻസ് എന്നീ കാര്യങ്ങളിൽ ശരീഅത്ത് ആയിരിക്കും ബാധകം എന്നാണ് ഈ നിയമം പറയുന്നത്. എന്നാൽ, മുസ്‌ലിം ആരാണ് എന്ന് വ്യക്തമായി നിർവചിക്കുന്നില്ല എന്നത് നിയമത്തിന്റെ പ്രധാന പരിമിതിയാണ്. നിലവിലെ സാഹചര്യത്തിൽ മുസ്‌ലിമായ പിതാവിനും മാതാവിനും ജനിക്കുന്ന കുഞ്ഞ് മുസ്‌ലിമാണ്. അല്ലാഹുവിലും പ്രവാചകനിലും വിശ്വസിക്കുന്നവരെയാണ് മുസ്‌ലിം എന്നു പറയുന്നത്. അതേസമയം, ഇസ്‌ലാമിൽ ഒരു പാട് വിഭാഗങ്ങളുണ്ട്. വിശാലാർഥത്തിൽ സുന്നി, ഷിയ വിഭാഗങ്ങളുണ്ട്. ഇന്ത്യയിൽ ഈ രണ്ടു വിഭാഗവുമുണ്ട്. കേരളത്തിൽ സുന്നി മുസ്‌ലികളാണ് കൂടുതൽ, ഷിയ വളരെ കുറവാണ്. മുഹമ്മദ് നബി അന്ത്യപ്രവാചകനാണ് എന്ന് പരിപൂർണമായ അർഥത്തിൽ വിശ്വസിക്കാത്ത അഹമ്മദിയ എന്ന ചെറിയ സെക്റ്റുമുണ്ട്. ഈ വിഭാഗങ്ങൾക്കെല്ലാം ശരീഅത്ത് വ്യത്യസ്തമാണ് എന്നത് ഈ നിയമത്തെ സങ്കീർണമാക്കുന്നു. ഷിയാക്കൾക്ക് ബാധകമായ പല വ്യവസ്ഥകളും സുന്നികൾക്ക് ബാധകമല്ല. കേരളത്തിൽ സുന്നികളിൽതന്നെ നാല് പ്രധാന സെക്റ്റുകളുണ്ട്. ഷാഫി വിഭാഗമാണ് കൂടുതൽ. ഹനഫി, ഹൻബലി, മാലിക് തുടങ്ങിയ വിഭാഗങ്ങൾ വേറെ. ഇവർ തമ്മിൽ പല കാര്യങ്ങളിലും വ്യത്യസ്ത കാഴ്ചപ്പാടാണ്. ഷാഫി വിഭാഗത്തിൽ, മുസ്‌ലിം പെൺകുട്ടികൾക്ക് വിവാഹത്തിൽ വലിയ റോളില്ല. എന്നാൽ, ഹനഫികൾ പെൺകുട്ടികൾക്ക് കുറെക്കൂടി സ്വാതന്ത്ര്യം അനുവദിക്കുന്നു. മുൻകാല ചെലവ് ലഭിക്കാനുള്ള ഭാര്യയുടെ അവകാശത്തിൽ ഷാഫി, ഹനഫി സെക്റ്റുകൾ തമ്മിൽ ഭിന്നതയുണ്ട്. അതുപോലെ പല വിഭാഗങ്ങളുടെ നിസ്‌കാര സമയത്തിലും ഭാര്യമാർക്ക് ചെലവിന് കൊടുക്കുന്നതിലും ഭർത്താവിനെ ഉപേക്ഷിക്കാനുള്ള അവകാശത്തിലുമെല്ലാം (ഫസ്ഖ്) വ്യത്യസ്ത വ്യവസ്ഥകളാണ്. മുസ്‌ലിം എന്നു പറയുമ്പോൾ ഇവരിൽ ഏതു വിഭാഗത്തെയാണ് മുസ്‌ലിം വ്യക്തിനിയമം സൂചിപ്പിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. അങ്ങനെ വരുമ്പോൾ മുസ്‍ലിം വ്യക്തിനിയമം അതീവ സങ്കീർണമായ ഒന്നായി മാറുന്നു. സഫിയ ഉന്നയിക്കുന്ന വിഷയത്തിൽ ഈ പ്രശ്‌നം കൂടി അഭിമുഖീകരിക്കേണ്ടിവരും’’- അഡ്വ. ഷുക്കൂർ പറയുന്നു.

താൻ ഇസ്‌ലാം വിട്ടയാളാണ് എന്ന് സഫിയ പറഞ്ഞാലും അവരെ ഇസ്‌ലാം വിടുന്നില്ല എന്ന പ്രശ്നം കൂടിയുണ്ടെന്ന് അഡ്വ. ഷുക്കൂർ ചൂണ്ടിക്കാട്ടുന്നു: ‘‘വിശ്വാസം ഉപേക്ഷിക്കുക എന്നത് നിയമപ്രകാരം നിലവിലില്ലാത്ത ഒന്നാണ്. മതത്തിൽ വിശ്വസിക്കുന്നതോ അല്ലാത്തതോ ഒരാളുടെ ലീഗൽ സ്റ്റാറ്റസ് തീരുമാനിക്കുന്നതിന് കാരണമായി പറയാനാകില്ല. ഒരു വ്യക്തി വിശ്വാസിയാണോ അവിശ്വാസിയാണോ എന്നത് പൂർണമായും വ്യക്തിപരമാണ്. മുസ്‌ലിമായി ജനിച്ചാൽ കൾചറൽ മുസ്‌ലിമായി നിങ്ങൾ ഐഡന്റിഫൈ ചെയ്യപ്പെടും. എന്റെ ഉള്ളിൽ ഞാൻ മുസ്‌ലിമാണോ അല്ലയോ എന്നത് എനിക്കുമാത്രം അറിയുന്ന സംഗതിയാണ്. സമൂഹം ഒരു വ്യക്തിയെ എങ്ങനെ കാണുന്നു എന്ന സങ്കീർണപ്രശ്‌നം കൂടിയാണിത്. പ്രത്യക്ഷത്തിൽ കാണുന്നതേ സമൂഹത്തിന് പറയാൻ കഴിയൂ. അങ്ങനെ പ്രത്യക്ഷത്തിൽ കാണുന്ന ഒരാളെന്ന നിലയ്ക്കാണ്, മുസ്‌ലിമായ ഒരാൾക്ക് ബാധകമാകുന്ന നിയമം ശരീഅത്ത് ആണെന്ന് സമൂഹം പറയുന്നത്. അതേസമയം, മതത്തിൽ വിശ്വസിക്കുക എന്നതിന്റെ ഉപാധികൾ വളരെ ദുർബലമാണ്. ദൈവത്തിന് തുല്യനായി മറ്റൊരു ദൈവമുണ്ട് എന്നു പറഞ്ഞാൽ, ഇസ്‌ലാമിൽനിന്ന് പുറത്താകും. പിന്നെ തിരിച്ചുവരണമെങ്കിൽ ഹൃദയത്തിൽ വിശ്വസിച്ച് നാവു കൊണ്ട് ഉച്ചരിക്കണം. വിശ്വാസം സ്വീകരിക്കലും ഉപേക്ഷിക്കലും വളരെ വ്യക്തിപരമായ സംഗതിയായതിനാൽ അതിൽ മാനദണ്ഡം വെക്കാൻസമൂഹത്തിന് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഒരാൾ ജനിച്ച സമുദായത്തെ ഒരാളുടെ സമുദായമായി പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, നിയമസംവിധാനത്തിന് അവിശ്വാസിയെ നിർവചിക്കാൻ കഴിയില്ലേ എന്ന ചോദ്യം ചോദിക്കാം. അത് വ്യക്തിനിയമത്തിനുള്ള പരിമിതിയാണ് എന്നു പറയേണ്ടിവരും’’.
‘‘ഇസ്‌ലാം ആചാരപ്രകാരം വിവാഹം കഴിച്ച വ്യക്തി ഇസ്‌ലാം വിട്ടാൽ ആ വ്യക്തിയും അവരുടെ പങ്കാളിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കും? ശരീഅത്ത് പ്രകാരം അത് നിലനിൽക്കില്ല. എന്നാൽ, സാമൂഹികമായി ആ ബന്ധം ഉപേക്ഷിക്കാൻ കഴിയുമോ? രണ്ടാം വിവാഹം കഴിക്കാൻ മാത്രം മുസ്‌ലിമായി മാറിയ ചില പുരുഷന്മാരുടെ കേസുകൾ മുമ്പ് സുപ്രീംകോടതിയിലെത്തിയിരുന്നു. വിവാഹം കഴിക്കാൻ വേണ്ടി മതം മാറുന്നതിനെ സുപ്രീംകോടതി വളരെ കർശനമായി വിമർശിച്ചിട്ടുണ്ട്’’.
ശരീഅത്ത് നിയമം ദത്തിനെ നിരോധിച്ചിട്ടുപോലും ദത്ത് ആവശ്യമുള്ള മുസ്‌ലിം വിശ്വാസികൾ സുപ്രീംകോടതിയിൽ പോയാൽ, നമ്മുടെ സംവിധാനം അതിന് അനുവാദം നൽകും. ഇങ്ങനെ സാമൂഹിക ജീവിതത്തിലെ ഓരോ കാര്യത്തിലും ശരീഅത്ത് മുസ്‌ലിം ജീവിതത്തിൽനിന്ന് ഇല്ലാതായിപോകുകയാണ്’’.
ഇല്ലാതായിക്കൊണ്ടിരിക്കുന്ന
ശരീഅത്ത്
സെക്യുലർ നിയമങ്ങൾ കൂടുതൽ ശക്തമാകുകയും അതിനനുസരിച്ച് കോടതി വ്യാഖ്യാനങ്ങളുണ്ടാകുകയും ചെയ്തപ്പോൾ ശരീഅത്ത് നിയമത്തിലെ പല വ്യവസ്ഥകളും ദുർബലമായിക്കഴിഞ്ഞതായി അഡ്വ. ഷുക്കൂർ പറയുന്നു: ‘‘1985-ലെ ഷാബാനു കേസിൽ സുപ്രീംകോടതി പറഞ്ഞത് വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽനിന്ന് ജീവനാംശത്തിന് അവകാശമുണ്ട് എന്നാണ്. ആ വിധി സെക്യുലർ വിധിയായിരുന്നു. എന്നാൽ മുസ്‌ലിം മതമൗലികവാദികൾ അത് ശരീഅത്തിനെതിരാണെന്നു പറഞ്ഞ് വിവാദമുണ്ടാക്കി. ആ സമ്മർദത്തിൽ രാജീവ് ഗാന്ധി സർക്കാർ 1986-ൽ Muslim Women (Protection of Rights on Divorce) Act കൊണ്ടുവന്നു. ഈ നിയമമനുസരിച്ച്, മുസ്‌ലിം സ്ത്രീക്ക് 'ഇദ്ദ' കാലയളവ് വരെ മാത്രമേ ജീവനാംശത്തിന് അർഹതയുള്ളൂ. (വിവാഹമോചനം നേടുന്ന സ്ത്രീ അനുഷ്ഠിക്കേണ്ട നിശ്ചിത കാലയളവാണ് ഇദ്ദ. ഇത് സാധാരണ മൂന്നു ആർത്തവ കാലമാണ്).
എങ്കിലും സുപ്രീംകോടതി പിന്നീടും 1985-ലെ വിധിന്യായം ആവർത്തിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 2024 ജൂലൈ പത്തിന്, തെലങ്കാന സ്വദേശിയായ അബ്ദു സമദിന്റെ കേസിൽ വളരെ കർശനമായ നിലപാടാണ് കോടതിയെടുത്തത്. 2017-ൽ വിവാഹമോചിതയായ തനിക്ക് രാജ്യത്തെ ഏതൊരു സ്ത്രീക്കും ജീവനാംശത്തിനുള്ള അവകാശം നൽകുന്ന CrPC 125 പ്രകാരം, ജീവനാംശം വേണമെന്നാണ് സമദിന്റെ പങ്കാളി ആവശ്യപ്പെട്ടത്. വിചാരണക്കോടതി 20,000 രൂപ ജീവനാംശം നൽകണമെന്ന് വിധിക്കുകയും ഹൈക്കോടതി 10,000 രൂപയായി അത് കുറയ്ക്കുകയും ചെയ്തു. ഇതേതുടർന്നാണ് അബ്ദുൽ സമദ് സുപ്രീംകോടതിയെ സമീപിച്ചത്. വിവാഹം മുസ്ലിം വ്യക്തി നിയമപ്രകാരമായതിനാൽ, 1986-ലെ നിയമമാണ് കേസിൽ ബാധകമാകുക എന്നതായിരുന്നു സമദിന്റെ വാദം. എന്നാൽ, ഏത് നിയമമനുസരിച്ചാണ് ജീവനാംശം ആവശ്യപ്പെടേണ്ടത് എന്ന തീരുമാനം സ്ത്രീയുടെ മാത്രം അവകാശമാണെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്.

Cr PC 125 മുസ്‌ലിംകൾക്ക് ബാധകമാണെന്നും 1986-ലെ മുസ്‌ലിം വിവാഹമോചനസംരക്ഷണ നിയമത്തിന്റെ ആനുകൂല്യങ്ങൾക്കൊപ്പം CrPC കൂടി ലഭിക്കാൻ മുസ്‌ലിം സ്ത്രീക്ക് അർഹതയുണ്ടെന്നുമായിരുന്നു വിധി. മുസ്‌ലിം സ്ത്രീയ്ക്ക് ഇരട്ടി നേട്ടം ലഭ്യമാക്കുന്ന വിധിയായിരുന്നു ഇത്. എന്നാൽ, ഇതിനെതിരെ വലിയ പ്രതിഷേധമുണ്ടായില്ല. കാരണം, ഇപ്പോൾ മുസ്‌ലിം വിഭാഗത്തിലെ പുരുഷന്മാരിൽ വലിയ വിഭാഗം പുരോഗമന ചിന്തയാൽ സ്വാധീനിക്കപ്പെടുന്നുണ്ട്. ശരീഅത്തിന്റെ പേരിൽ പുറകോട്ടുപോകുന്ന അവസ്ഥയുണ്ടാകരുതെന്ന് അവരുടെ ഉള്ളിലുണ്ട്. അതുകൊണ്ടാണ് മുസ്‌ലിം വ്യക്തിനിയമബോർഡ് ആഹ്വാനം നടത്തിയിട്ടും ഈ വിധിക്കെതിരെ വലിയ പ്രതിഷേധങ്ങളുണ്ടാകാതെ പോയത്. മുസ്‌ലിം സമുദായം മുന്നോട്ടുപോകുന്ന സമുദായമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്’’.
ഒരു ഭർത്താവ് രണ്ടാം വിവാഹം കഴിക്കുമ്പോൾ, സ്ത്രീപങ്കാളിയ്ക്ക് സ്വാഭാവികമായും ഇമോഷണൽ, സെക്ഷ്വൽ അബ്യൂസ് ഉണ്ട്. അവരുടെ ഡിഗ്‌നിറ്റി കുറയും. അതുകൊണ്ടുതന്നെ മുസ്‌ലിം പുരുഷന് നൽകുന്ന ബഹുഭാര്യാത്വം അപകടം പിടിച്ചതാണ്. അത് നിയമപരമായി നിരോധിക്കേണ്ട കാര്യമാണ്.
ദത്തെടുക്കുന്ന
മുസ്‍ലിംകൾ
‘‘ഇസ്‌ലാമിൽ ദത്ത് ഹറാമാണ്. എന്നാൽ, ഇപ്പോൾ മക്കളില്ലാത്ത നിരവധി മുസ്‌ലിംകൾ ദത്തെടുക്കാൻ മുന്നോട്ടുവരുന്നുണ്ട്. ഈയിടെ ഖത്തറിൽനിന്ന് ഒരാൾ എന്നെ വിളിച്ചിരുന്നു. ഇസ്‌ലാം പ്രാക്ടീസ് ചെയ്യുന്ന, സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ആളാണ്. എട്ടൊമ്പതുവർഷം മുമ്പ് അദ്ദേഹം നമ്മുടെ നിയമമനുസരിച്ച് ഒരു കുട്ടിയെ ദത്തെടുത്തിരുന്നു’’.
‘‘സഫ്ദർ ഹാഷ്മിയുടെ സഹോദരി ശബ്‌നം ഷാഷ്മി ഗുജറാത്ത് വംശഹത്യയിൽ ഇരയാക്കപ്പെട്ട ഒരു കുട്ടിയെ ദത്തെടുത്തിരുന്നു. മുസ്‌ലിമായതിനാൽ പറ്റില്ല എന്ന് കുടുംബകോടതി നിലപാടെടുത്തപ്പോൾ, സുപ്രീംകോടതി പറഞ്ഞത്, ദത്ത് എന്നത് ജുവനൈൽ ജസ്റ്റിസ് കെയർ ആന്റ് പ്രൊട്ടക്ഷൻ നിയമപ്രകാരമുള്ള അവകാശമാണ് എന്നാണ്. അത് ഇന്ത്യയിലെ ഏതുതരം വിശ്വാസം പിന്തുടരുന്നവർക്കും ബാധകമാണ്, ഇക്കാര്യത്തിൽ മുസ്‌ലിം വ്യക്തിനിയമം ബാധകമല്ല എന്നാണ്. അതായത്, ശരീഅത്ത് നിയമം ദത്തിനെ നിരോധിച്ചിട്ടുപോലും ദത്ത് ആവശ്യമുള്ള മുസ്‌ലിം വിശ്വാസികൾ സുപ്രീംകോടതിയിൽ പോയാൽ, നമ്മുടെ സംവിധാനം അതിന് അനുവാദം നൽകും. ഇങ്ങനെ സാമൂഹിക ജീവിതത്തിലെ ഓരോ കാര്യത്തിലും ശരീഅത്ത് മുസ്‌ലിം ജീവിതത്തിൽനിന്ന് ഇല്ലാതായിപോകുകയാണ്’’.
‘‘അനന്തരാവകാശ നിയമത്തിലാണ് വിവേചനം തുടരുന്നത്. മുസ്‌ലിം വ്യക്തിനിയമപ്രകാരം പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ ഇരട്ടി അവകാശം ലഭിക്കുന്നു. ഇത്, ആണും പെണ്ണും തുല്യരാണ് എന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21 എന്നിവയുടെ ലംഘനമാണ്. മുസ്‌ലിം സ്ത്രീക്ക് സ്വത്തിൽ പകുതി എന്ന വ്യവസ്ഥ വിവേചനപരമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് ശരീഅത്ത് പ്രകാരം നിഷേധിക്കപ്പെടുന്നത്. 2015-ൽ നിലവിൽവന്ന ഗാർഹിക പീഡന നിരോധന നിയമമനുസരിച്ച് പാർട്ണർക്ക് ഇമോഷണൽ, സെക്ഷ്വൽ, വെർബൽ, ഫിസിക്കൽ അബ്യൂസ് ഉണ്ടാകാൻ പാടില്ല. ഒരു ഭർത്താവ് രണ്ടാം വിവാഹം കഴിക്കുമ്പോൾ, സ്ത്രീപങ്കാളിയ്ക്ക് സ്വാഭാവികമായും ഇമോഷണൽ, സെക്ഷ്വൽ അബ്യൂസ് ഉണ്ട്. അവരുടെ ഡിഗ്‌നിറ്റി കുറയും. അതുകൊണ്ടുതന്നെ മുസ്‌ലിം പുരുഷന് നൽകുന്ന ബഹുഭാര്യാത്വം അപകടം പിടിച്ചതാണ്. അത് നിയമപരമായി നിരോധിക്കേണ്ട കാര്യമാണ്. ഇത്തരം ചർച്ചകളാണ് മുസ്‌ലിം സ്ത്രീകളുടെ വിഷയവുമായി ബന്ധപ്പെട്ട് നടക്കേണ്ടത്. എന്നാൽ, അത് വരുന്നില്ല’’- അഡ്വ. സി. ഷുക്കൂർ പറയുന്നു.
ജാതിയും മതവുമില്ലാത്ത
കുട്ടികൾ, പക്ഷേ…
തങ്ങൾ ഒരു മതത്തിലും പെട്ടവരല്ല എന്ന് തീരുമാനമെടുക്കുന്ന ദലിത് വിഭാഗക്കാർക്ക് തങ്ങളുടെ ജാതി മാത്രമായി നിലനിർത്താനാകുമോ?. 2020-ൽ പത്തനംതിട്ടയിൽ ഒരു ദലിത് കുടുംബമാണ് ഈ വിഷയം പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്.

പുലയ സമുദായാംഗമായ വടശ്ശേരിക്കര സ്വദേശി പി. കേശവദേവിന്റെ പേരക്കുട്ടികൾ സ്കൂൾ അഡ്മിഷന് മതത്തിന്റെ കോളത്തിൽ 'സെക്യുലർ' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മതം ‘സെക്യുലർ’ എന്നും ജാതി ‘പുലയ’ എന്നുമായിരുന്നു. പേരക്കുട്ടിയുടെ കോളേജ് പ്രവേശനത്തിന് കേശവദേവ് ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ റാന്നി തഹസീൽദാർ നിരസിച്ചു. എന്നാൽ, മുമ്പ് ഇവർക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ട്. 2015-ൽ, താലൂക്ക് അധികൃതർ ജാതി സർട്ടിഫിക്കറ്റ് നിരസിച്ചപ്പോൾ സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിച്ച് കേശവദേവ് അനുകൂല ഉത്തരവ് നേടിയിരുന്നു. അതിൽ മതത്തിന്റെ കോളത്തിൽ nil എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ഭരണഘടനയനുസരിച്ച് ഹിന്ദുയിസം, ബുദ്ധിസം, സിഖ് എന്നീ മതവിശ്വാസങ്ങൾ പിന്തുടരുന്നവരെ മാത്രമേ എസ്.സി അല്ലെങ്കിൽ ദലിത് ആയി പരിഗണിക്കാനാകൂ എന്നായിരുന്നു തഹസീർദാറുടെ വിശദീകരണം.
ഇത്തരത്തിൽ ജാതി, മത വിശ്വാസങ്ങളെ പ്രശ്നവൽക്കരിക്കുന്ന, സെക്യുലർ പക്ഷത്തുനിന്ന് ചോദ്യം ചെയ്യുന്ന ഇടപെടലുകൾ വ്യാപകമാണിന്ന്. പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല എന്ന് വ്യക്തമാക്കുന്ന വിദ്യാർഥികളുടെ എണ്ണം കേരളത്തിൽ കൂടിവരികയാണ് എന്ന് 2018-ൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞിരുന്നു. ആ വർഷം സംസ്ഥാനത്ത് 1.24 ലക്ഷം വിദ്യാർഥികളാണ് പ്രവേശന സമയത്ത് ജാതി, മത കോളങ്ങൾ ഒഴിച്ചിട്ടത്.
സ്കൂൾ അഡ്മിഷന് ജാതി- മത കോളങ്ങൾ ഒഴിച്ചിടാൻ അനുവാദമുണ്ട്. എന്നാൽ, ജാതി- മത രഹിത സ്കൂൾ സർട്ടിഫിക്കറ്റുകളുമായി പുറത്തുവരുന്ന വിദ്യാർഥികളോട് ഇതേ സംവിധാനങ്ങൾ തന്നെ ജാതിയും കമ്യൂണിറ്റിയും ചോദിക്കുന്നു. അവർക്ക് No Caste No Religion സർട്ടിഫിക്കറ്റിനായി നിയമയുദ്ധം തന്നെ നടത്തേണ്ടിവരുന്നു.
മറ്റു സംസ്ഥാനങ്ങളിലും ജാതി- മത രഹിത മനുഷ്യരുടെ എണ്ണം കൂടിവരുന്നുണ്ട്. എന്നാൽ, ഇവർ നിയമ- ഭരണകൂട സംവിധാനങ്ങളുടെ വൻതോതിലുള്ള എക്സ്ക്ലൂഷന് വിധേയരാകുകയാണ്.
സ്കൂൾ അഡ്മിഷൻ അപേക്ഷയിൽ ജാതി- മത കോളങ്ങൾ ഒഴിച്ചിടാൻ അനുവാദം നൽകുന്ന വ്യവസ്ഥ സംസ്ഥാന സർക്കാറുകൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ജാതിയും മതവും ഇല്ലാത്ത സ്കൂൾ സർട്ടിഫിക്കറ്റുകളുമായി പുറത്തുവരുന്ന വിദ്യാർഥികളോട് ഇതേ സംവിധാനങ്ങൾ തന്നെ ജാതിയും കമ്യൂണിറ്റിയും ചോദിക്കുന്നു. അവർക്ക് No Caste No Religion സർട്ടിഫിക്കറ്റിനായി നിയമയുദ്ധം തന്നെ നടത്തേണ്ടിവരുന്നു. കോടതികൾ വരെയെത്തുന്ന നിയമപോരാട്ടത്തിലൂടെ മാത്രമേ ഈ മനുഷ്യർക്ക് തങ്ങളുടെ ഐഡന്റിറ്റിയും പൗരാവകാശവും സ്ഥാപിച്ചെടുക്കാനാകുന്നുള്ളൂ എന്ന് മാധ്യമ റിപ്പോർട്ടുകൾ തന്നെ തെളിയിക്കുന്നു.

എന്നാൽ, ഇന്ത്യയിൽ ജാതിയും മതവും രേഖപ്പെടുത്താത്ത, ഔദ്യോഗികമായ പൊതു ഐഡന്റിറ്റി പൗരർക്ക് സാധ്യമാണ് എന്ന് തെളിയിക്കുന്നതാണ് ആധാർ. പൗരരുടെ ജാതിയും മതവും രേഖപ്പെടുത്താത്ത തിരിച്ചറിയൽ രേഖയാണിത്. വ്യക്തിഗത വിവരങ്ങൾ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തിനിടയാക്കുന്നത് ഇതുവഴി തടയാനാകുമെന്നാണ്, ആധാർ കേസിൽ വാദം കേൾക്കുന്ന ഭരണഘടനാബെഞ്ചിനു മുമ്പാകെ UIDAI വിശദീകരിച്ചത്. മാത്രമല്ല, ദൈവത്തിലും മതത്തിലും വിശ്വസിക്കാത്ത തന്റെ പേരിനൊപ്പം Atheist എന്ന് ആധാറിൽ രേഖപ്പെടുത്താൻ ഹരിയാന സ്വദേശിയായ രവികുമാറിന് അനുമതി നൽകിയ കോടതി ഉത്തരവുണ്ടായതുപോലും ആധാറിന്റെ ഈ അർഥത്തിലുള്ള സാധ്യതയ്ക്ക് അടിവരയിടുന്നതായിരുന്നു.
▮
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം നമ്മുടെ സംവിധാനങ്ങളെ അടിമുടി കീഴടക്കിയ സാഹചര്യമാണ് സഫിയയുടെ ഇടപെടലിനെ പ്രസക്തമാക്കുന്നത്. പൗരർക്ക് ലഭിക്കേണ്ട ഭരണഘടനാപരവും അടിസ്ഥാന മനുഷ്യാവകാശത്തിലൂന്നിയുമുള്ള വിഷയങ്ങളാണ് എക്‌സ് മുസ്‌ലിംസ് ഓഫ് കേരള ജനറൽ സെക്രട്ടറി കൂടിയായ സഫിയയുടെ ഹർജിയിലുള്ളത്. അതുകൊണ്ടുതന്നെ ഉന്നത നീതിപീഠത്തിന്റെ വിധി സെക്യുലർ ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച് നിർണായകമാണ്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച്, സഫിയയുടെ ഹർജിയിൽ കേന്ദ്രത്തോട് വിശദീകരണം തേടിയിരിക്കുകയാണ്. വിഷയം ഗൗരവമുള്ളതാകയാൽ 'എല്ലാ കാര്യങ്ങളും പരിഗണിച്ചശേഷമുള്ള' മറുപടി അറിയിക്കാമെന്നാണ് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയെ അറിയിച്ചത്. മെയ് അഞ്ചിനാണ് അടുത്ത ഹിയറിങ്.