ഇന്ത്യയുടെ 51ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായിരിക്കുകയാണ് സഞ്ജീവ് ഖന്ന (Sanjiv Khanna). നവംബർ പത്തിന് വിരമിച്ച ഡി.വൈ. ചന്ദ്രചൂഢിൻെറ (DY Chandrachud) പിൻഗാമിയായാണ് 65ാം വയസ്സിൽ ഖന്ന ചീഫ് ജസ്റ്റിസാവുന്നത്. നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിട്ടുള്ള ഖന്നയ്ക്ക് വളരെ ചുരുങ്ങിയ കാലം മാത്രമേ പരമോന്നത നീതിപീഠത്തിൻെറ ന്യായാധിപനായി ഇരിക്കാൻ സാധിക്കുകയുള്ളൂ. ആറ് മാസങ്ങൾക്ക് ശേഷം 2025 മെയ് 13ന് അദ്ദേഹം സ്ഥാനമൊഴിയും. ഡൽഹി ഹൈക്കോടതി ജഡ്ജി ദേവരാജ് ഖന്നയുടെയും ലേഡി ശ്രീരാം കോളേജ് അധ്യാപിക സരോജിൻെറയും മകനായി 1960 മെയ് 14-ന് ജനിച്ച സഞ്ജീവ് മോഡേൺ സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിയമത്തിൽ ബിരുദവും പൂർത്തിയാക്കി. 1983-ലാണ് ഡൽഹി ബാർ കൗൺസിലിലൂടെ അഭിഭാഷകനായി കരിയർ ആരംഭിക്കുന്നത്. ഭരണഘടനാ നിയമം, നികുതി, ആർബിട്രേഷൻ, വാണിജ്യ നിയമം, പരിസ്ഥിതി നിയമം തുടങ്ങിയ വിഷയങ്ങളിൽ നല്ല പരിജ്ഞാനമുണ്ട്. 2005-ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായ ശേഷം 2006-ൽ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സുപ്രീം കോടതി ജഡ്ജിയാവുന്നത്. അഞ്ച് വർഷങ്ങൾക്കിപ്പുറം സുപ്രീം കോടതി ചീഫ് ജസ്റ്റായി നിയമിതനായിരിക്കുകയാണ്.
സുപ്രധാന വിധികൾ
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിൽ ഖന്നയും ഉണ്ടായിരുന്നു. ആർട്ടിക്കിൾ 370 ഇന്ത്യയുടെ ഫെഡറൽ വ്യവസ്ഥയിലെ അസമത്വം സൂചിപ്പിക്കുന്നതാണെന്നും അതിനാൽ ഇത് റദ്ദാക്കുന്നതിനാൽ ഫെഡറൽ വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്യുകയെന്ന നിലപാടായിരുന്നു ഖന്നയ്ക്ക് ഉണ്ടായിരുന്നത്. മദ്യനയ അഴിമതിക്കേസിൽ ജയിലിലായിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനായി ഇടക്കാലജാമ്യം അനുവദിച്ചത് ഖന്ന ഉൾപ്പെട്ടിരുന്ന ബെഞ്ചായിരുന്നു. സുപ്രധാന കേസുകളിൽ വിധിപ്രഖ്യാപനം വൈകുന്നത് മനുഷ്യാവകാശ നിഷേധമാണെന്ന നിരീക്ഷണം അന്ന് അദ്ദേഹം നടത്തിയിരുന്നു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയത്തിലും ഖന്നയുടെ നേതൃത്വത്തിൽ സുപ്രധാന വിധിന്യായം ഉണ്ടായിട്ടുണ്ട്. ഇ.വി.എമ്മിൽ പോൾ ചെയ്യുന്ന എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹർജി കോടതി തള്ളുകയായിരുന്നു. ഇന്ത്യയിൽ നിലവിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അപാകതയില്ലെന്നും വേഗതയിലും തെറ്റില്ലാതെയുമാണ് പോളിങ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഖന്ന അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന സ്വീകരിക്കാൻ വേണ്ടിയുള്ള ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച ബെഞ്ചിലും ഖന്ന ഭാഗമായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢിൻെറ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയത്.
ഭരണഘടന വെല്ലുവിളി നേരിടുമ്പോൾ
മൂന്നാം മോദി സർക്കാർ രാജ്യം ഭരിക്കുമ്പോൾ, ഭരണഘടന തന്നെ പലപ്പോഴും വെല്ലുവിളികൾ നേരിടുന്ന ഒരു കാലത്താണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസാവുന്നത്. അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ നടപടികളോട് നീതിന്യായ വ്യവസ്ഥയിൽ നിന്ന് വിയോജിപ്പ് രേഖപ്പെടുത്തിയതിൻെറ പേരിൽ ചീഫ് ജസ്റ്റിസ് സ്ഥാനം തന്നെ നഷ്ടമായിപ്പോയ എച്ച്.ആർ. ഖന്നയുടെ സഹോദരീപുത്രനാണ് സഞ്ജീവ് ഖന്ന. സുപ്രീം കോടതി ജഡ്ജിയായിരുന്ന എച്ച്.ആർ.ഖന്ന, എ.ഡി.എം ജബൽപുർ കേസിലെ വിധിക്ക് വിയോജനക്കുറിപ്പെഴുതിയ ഏക ജഡ്ജിയായിരുന്നു. അന്യായമായി തടങ്കലിൽ വെക്കുന്നതിന് പൗരർക്കുള്ള അവകാശം സർക്കാരിന് റദ്ദ് ചെയ്യാമെന്ന വിധിയോടാണ് എച്ച്.ആർ.ഖന്ന വിയോജിപ്പ് രേഖപ്പെടുത്തിയത്. ഇതോടെ സീനിയോരിറ്റി മറികടന്ന് എം.എച്ച്.ബെയ്ഗിനെ അക്കാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കിയ സാഹചര്യവും ഉണ്ടായിരുന്നു. ജഡ്ജി പദവിയിൽ നിന്ന് തന്നെ പിൻമാറിയാണ് എച്ച്.ആർ.ഖന്ന ഈ നീതിനിഷേധത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.
നീതിന്യായവ്യവസ്ഥയെ അധികാരികൾ തന്നെ വരുതിയിലാക്കുകയും, പ്രത്യക്ഷത്തിൽ തന്നെ പക്ഷപാതിത്വപരമായ വിധികൾ ഉണ്ടാവുന്നുവെന്ന് വിമർശനം ഉയരുകയും ചെയ്യുന്ന കാലത്ത് ഭരണഘടനയിൽ ഉറച്ചുനിന്ന് സഞ്ജീവ് ഖന്ന എങ്ങനെയാണ് സുപ്രീം കോടതിയെ നയിക്കുകയെന്നത് വിലയിരുത്തപ്പെടേണ്ട കാര്യമാണ്. അയോധ്യയിലെ ബാബരി മസ്ജിദ് കേസ് വിധിയുമായി ബന്ധപ്പെട്ടുള്ള വിധിപ്രസ്താവത്തിന് മുമ്പ് താൻ ദൈവത്തോട് പ്രാർഥിച്ചുവെന്നും അങ്ങനെയാണ് പരിഹാരം ലഭിച്ചതെന്നും തുറന്നുപറഞ്ഞ ഡി.വൈ.ചന്ദ്രചൂഢാണ് ഖന്നയുടെ മുൻഗാമി. നേരത്തെ ചന്ദ്രചൂഢിൻെറ വസതിയിൽ ഗണപതി പൂജ നടത്തിയ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചതും പൂജയിൽ പങ്കെടുത്തതും വലിയ ചർച്ചയായിരുന്നു. മോദിയുടേത് വ്യക്തിപരമായ സന്ദർശനമായിരുന്നുവെന്നും അതിൽ തെറ്റില്ലെന്നുമാണ് ചന്ദ്രചൂഢ് പിന്നീട് പ്രതികരിച്ചത്. 2018 ഒക്ടോബർ മുതൽ 2019 നവംബർ വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയ് സ്ഥാനമൊഴിഞ്ഞ് അധികം വൈകാതെ ബി.ജെ.പിയിൽ ചേരുകയും പിന്നീട് എം.പിയാവുകയും ചെയ്തതും സമീപകാല യാഥാർഥ്യമാണ്. ഭരണഘടനാ മൂല്യങ്ങളിൽ ഉറച്ചുനിന്ന് സ്വതന്ത്രവും നീതിയുക്തവുമായി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ നയിക്കേണ്ട ഉത്തരവാദിത്വമാണ് സഞ്ജീവ് ഖന്നയ്ക്കുള്ളത്.