ആര്‍ത്തവ അവധി; ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി -
"അവധി നിര്‍ബന്ധിതായാല്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കുന്നതില്‍ താല്‍പര്യമുണ്ടാവില്ല”

ആർത്തവ അവധിക്ക് നയം രൂപീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിർദ്ദേശം നൽകണമെന്ന ഹർജി തള്ളി സുപ്രീംകോടതി. അത്തരത്തിലുള്ള നയരൂപീകരണം വിപരീതഫലം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ആവശ്യം സുപ്രീം കോടതി തള്ളിയത്. ആർത്തവ അവധികൾ നൽകാൻ നിർബന്ധിതമായാൽ തൊഴിലുടമകൾ സ്ത്രീകൾക്ക് ജോലി നൽകുന്നതിൽ താൽപര്യം കാണിക്കില്ലെന്നും കോടതി പറഞ്ഞു. നയപരമായ കാര്യത്തിൽ ഇടപെടനാവില്ലെന്നും കോടതി വ്യക്തമാക്കി.

'ഇത് കേന്ദ്രവും സംസ്ഥാനങ്ങളും ശ്രദ്ധാപൂർവ്വം ആലോചിക്കേണ്ട നയപരമായ തീരുമാനമാണ്. സ്ത്രീകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നടപടികൾ അശ്രദ്ധമായി നടപ്പിലാക്കി അവര്‍ക്ക് ദോഷകരമായി പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.' ഹർജി പരിഗണിച്ച ബെഞ്ച് പറഞ്ഞു.

സർക്കാർ നയരൂപീകരണത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണിതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആർത്തവ അവധി ആവശ്യം ഉന്നയിച്ച് ഹർജിക്കാർ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനെ സമീപിക്കാൻ കോടതി നിർദ്ദേശം നൽകുകയും ചെയ്തു.

വിദ്യാർഥിനികൾക്കും വനിതാ ജീവനക്കാർക്കും ആർത്തവ അവധി അനുവദിക്കുന്നതിന് ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സുപ്രീം കോടതി ഫെബ്രുവരിയിൽ തള്ളിയിരുന്നു. ആർത്തവ അവധി സംബന്ധിച്ചുള്ള ചോദ്യങ്ങൾ നേരത്തെ പാർലമെന്റിൽ ഉയർന്നപ്പോൾ നിലവിൽ ഈ വിഷയം പരിഗണനയിലില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. രണ്ടാം മോദി സർക്കാറിലെ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രിയായിരുന്ന സ്മൃതി ഇറാനി ശമ്പളത്തോടുകൂടിയ ആർത്തവ അവധി എന്ന ആശയത്തിനെതിരെ പാർലമെന്റിൽ സംസാരിക്കുകയും ചെയ്തിരുന്നു.

ആർത്തവമുള്ള സ്ത്രീ എന്ന നിലയിൽ, ആർത്തവവും ആർത്തവചക്രവും ഒരു ശാരീരിക പ്രശ്‌നമല്ലെന്നും അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു. ആർത്തവ ദിവസങ്ങളിൽ പ്രത്യേക അവധി നൽകുന്നത് തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. അതേസമയം, ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയം രൂപീകരിക്കുമെന്ന് സ്മൃതി ഇറാനി പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ സർവ്വകലാശാലകളിൽ ആർത്തവ അവധി അനുവദിച്ച സാഹചര്യത്തിലായിരുന്നു പാർലമെന്റിൽ അത്തരത്തിലൊരു സംവാദം ഉയർന്നുവന്നത്.

Comments