ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് സുപ്രീംകോടതി. ഭരണഘടനയുടെ സംരക്ഷണം മുതൽ പൗരരുടെ മൗലികവകാശങ്ങൾ വരെയുള്ള കാര്യങ്ങളിൽ നിതാന്തജാഗ്രത പുലർത്താൻ ബാധ്യസ്ഥമാണ് സുപ്രീംകോടതി. അതുകൊണ്ടുതന്നെ ഈ പരമോന്നത നീതിന്യായസംവിധാനം സ്വതന്ത്രമായി നിലനിൽക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യവുമാണ്. ഒപ്പം, രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ അർഹമായ പ്രാതിനിധ്യവും സുപ്രീംകോടതിയിൽ ഉറപ്പാക്കേണ്ടതുണ്ട്.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്, ആർട്ടിക്കിൾ 124, 217, 233, 234, 235 പ്രകാരം ഭരണഘടനയിൽ വളരെ വ്യക്തവും വിപുലവുമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർട്ടിക്കിൾ 124, 217, 224 എന്നിവ പ്രകാരമാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നത്. ഈ നിയമനങ്ങൾക്ക് സംവരണം ബാധകമല്ല. ഇത്, സാമൂഹിക തുല്യതയുടെയും പ്രാതിനിധ്യത്തിന്റെയും ഭരണഘടനാ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രതിബന്ധമായി നിലനിൽക്കുന്നു.
ചരിത്രത്തിലാദ്യമായി, ജൂൺ 24ന് സുപ്രീംകോടതി, ജീവനക്കാരുടെ നിയമനത്തിലും പ്രമോഷനിലും ഒരു സംവരണ നയം പ്രഖ്യാപിച്ചു. പരമോന്നത നീതിപീഠത്തിലേക്കുള്ള നിയമനത്തിൽ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ച് തുല്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംവരണ നയപ്രഖ്യാപനം നടത്തിയത്.

പട്ടികജാതിക്കാർക്ക് 15 ശതമാനവും പട്ടികവർഗക്കാർക്ക് 7.5 ശതമാനവുമാണ് നിയമനങ്ങളിൽ സംവരണം നൽകുക. രജിസ്ട്രാർ, സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂനിയർ കോടതി അസിസ്റ്റന്റ്, ചേംബർ അറ്റൻഡൻറ് എന്നിവരെയും സംവരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗം, പൊതുവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരിക്കും സുപ്രീംകോടതി രേഖകളിലുണ്ടായിരിക്കുക.
1995-ൽ ആർ.കെ. സഭർവാൾ Vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിൽ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിപ്പിച്ച വിധി പ്രകാരമാണ് പുതിയ സംവരണനയം നിലവിൽ വന്നിരിക്കുന്നത്. സർക്കാർ നിയമനങ്ങളിൽ സംവരണം വകുപ്പിലെ ആകെ തസ്തികകളുടെ എണ്ണം അടിസ്ഥാനമാക്കിയായിരിക്കണമെന്നും ഓരോ വർഷവും വരുന്ന ഒഴിവ് അടിസ്ഥാനമാക്കിയായിരിക്കരുതെന്നും അതേ കേസിലെ വിധിയിൽ കോടതി വ്യക്തമാക്കിയിരുന്നു. അതുപോലെ, പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും സ്ഥാനക്കയറ്റത്തിനും പ്രത്യേക പട്ടികകൾ- അതായത് റോസ്റ്ററുകൾ- ഉണ്ടായിരിക്കണമെന്നും വിധിയിൽ കോടതി പറയുന്നു. റോസ്റ്റർ സമ്പ്രദായമനുസരിച്ച് ഒരു തസ്തിക എസ്.സി, എസ്.ടി, ഒ.ബി.സി പോലുള്ള പ്രത്യേക വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ടെങ്കിൽ നിലവിൽ ജോലി ചെയ്യുന്ന വ്യക്തി വിരമിച്ചാലും അത് ആ വിഭാഗത്തിന് സംവരണം ചെയ്തതായി തുടരും. പട്ടികയിലോ രജിസ്റ്ററിലോ തെറ്റ് കണ്ടെത്തിയാലോ ഏതെങ്കിലും തരത്തിലുള്ള എതിർപ്പുകളോ ഉണ്ടെങ്കിൽ സ്റ്റാഫ് അംഗങ്ങൾക്ക് ആ വിവരം രജിസ്ട്രാറെ അറിയിക്കാം.
ഇപ്പോൾ സുപ്രീം കോടതിയിൽ 2577 ജീവനക്കാരാണുള്ളത്. 334 ഗസറ്റഡ് ഓഫീസർമാരുണ്ട്. 1117 നോൺ ഗസറ്റഡ് ജീവക്കാരും 1126 നോൺ ക്ലറിക്കൽ സ്റ്റാഫുമുണ്ട്. ഇവയിലൊന്നിലും സംവരണമില്ല. വനിതാ സംവരണവും ബാധകമാക്കിയിട്ടില്ല.
ഇന്ത്യയിൽ ജുഡീഷ്യൽ പദവികളിലേക്കെത്തുന്നവരിൽ ഭൂരിഭാഗവും സാമൂഹ്യ- ജാതി ഘടനയിൽ മുന്നാക്ക വിഭാഗത്തിൽപ്പെടുന്നവരാണ്. എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും സംവരണപരിധിയിൽ വരുമ്പോൾ ജുഡീഷ്യൽ പദവികളിലും അത്തരത്തിൽ സംവരണം നടപ്പാക്കണമെന്നത് ജനാധിപത്യപരമായ ആവശ്യമാണ്.
പട്ടികജാതിവിഭാഗത്തിൽനിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസായ ബി.ആർ. ഗവായിയുടെ കാലത്താണ് ഈ സംവരണ നയം കൊണ്ടുവന്നത് എന്നതും ശ്രദ്ധേയമാണ്. പട്ടിക വിഭാഗക്കാർക്ക് നേരിട്ടുള്ള നിയമനത്തിനും സ്ഥാനക്കയറ്റത്തിനും അവസരമൊരുക്കുന്ന സുപ്രീംകോടതിയുടെ സംവരണ നയപ്രഖ്യാപനം ഏറെ ചർച്ചയാവുകയും ആഘോഷിക്കപ്പെടുകയും ചെയ്തു. അതോടൊപ്പം, ചർച്ചയിൽ വരേണ്ട വിഷയമാണ്, കോടതികളിൽ നിലനിൽക്കുന്ന, ദലിത്- പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലായ്മ. സാമൂഹ്യനീതിയെക്കുറിച്ചുള്ള ചർച്ചകളിൽ ജുഡീഷ്യറിയിലെ സംവരണം ഇപ്പോഴും ‘കോടതിയലക്ഷ്യ’മായി തുടരുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് ജുഡീഷ്യൽ പദവികളിൽ അർഹമായ പ്രാതിനിധ്യമുണ്ടോ എന്ന പരിശോധന കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ്.
ഹൈക്കോടതികളിലും സുപ്രീംകോടതിയിലും പട്ടികജാതി / പട്ടികവർഗ ജീവനക്കാരുടെ പ്രാതിനിധ്യം ദയനീയമാണ്. 15.03.2000 ന് പാർലമെന്റിൽ അവതരിപ്പിച്ച കരിയ മുണ്ട റിപ്പോർട്ടിൽ ഇതു സംബന്ധിച്ച കണക്കുകളുണ്ട്. 18 ഹൈക്കോടതികളിൽ 16 ഇടത്തും സ്റ്റാഫ് റിക്രൂട്ട്മെന്റിൽ എസ്.സി- എസ്.ടി സംവരണ നിയമങ്ങൾ ഒരുപരിധിവരെ പാലിക്കുന്നുണ്ട് എന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ കോടതികൾ തങ്ങളുടെ സ്വന്തം മാനദണ്ഡങ്ങൾക്കനുസരിച്ചാണ് അത് നടപ്പിലാക്കുന്നത്.
ബോംബെ, ഡൽഹി ഹൈക്കോടതികൾ 61 വർഷമായി സംവരണനയം പാലിക്കുന്നില്ല.
ഗസറ്റഡ്, പ്രൊമോഷണൽ തസ്തികകളുടെ കാര്യത്തിൽ മദ്രാസ്, രാജസ്ഥാൻ ഹൈക്കോടതികളിൽ എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് സംവരണം നൽകുന്നില്ല. അലഹബാദ്, ആന്ധ്രാപ്രദേശ്, കേരളം, പഞ്ചാബ്, ഹരിയാന, പട്ന, മധ്യപ്രദേശ് ഹൈക്കോടതികൾ സ്ഥാനക്കയറ്റത്തിൽ സംവരണത്തിനുള്ള വ്യവസ്ഥകൾ പാലിക്കുന്നില്ല.

ജീവനക്കാരുടെ നിയമനങ്ങളിൽ സംവരണതത്വം കൊണ്ടുവരുമ്പോൾ ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരുടെ നിയമനങ്ങളിൽ സംവരണം വേണമെന്ന ആവശ്യം കൂടി ഉയരുന്നുണ്ട്. ലഭ്യമായ കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയിൽ ജുഡീഷ്യൽ പദവികളിലേക്കെത്തുന്നവരിൽ ഭൂരിഭാഗവും സാമൂഹ്യ- ജാതി ഘടനയിൽ മുന്നാക്ക വിഭാഗത്തിൽപ്പെടുന്നവരാണ്. എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും സംവരണപരിധിയിൽ വരുമ്പോൾ ജുഡീഷ്യൽ പദവികളിലും അത്തരത്തിൽ സംവരണം നടപ്പാക്കണമെന്നത് ജനാധിപത്യപരമായ ആവശ്യമാണ്.
2011-ൽ പുറത്തുവന്ന കണക്കു പ്രകാരം രാജ്യത്തെ 21 ഹൈക്കോടതികളിൽ 850 ജഡ്ജിമാരാണ് ഉണ്ടായിരുന്നത്. ഇവരിൽ 24 പേർ മാത്രമാണ് എസ്.ടി- എസ്.സി വിഭാഗങ്ങളിൽ നിന്നുണ്ടായിരുന്നത്. 14 ഹൈക്കോടതികളിലാകട്ടെ എസ്.സി- എസ്.ടി പ്രാതിനിധ്യം വട്ടപ്പൂജ്യമായിരുന്നു. സുപ്രീംകോടതിയുടെ അവസ്ഥയിലും മാറ്റമുണ്ടായിരുന്നില്ല. 2011-ൽ, ആകെയുണ്ടായിരുന്ന 31 ജഡ്ജിമാരിൽ ഒരാൾ പോലും എസ്.സി- എസ്.ടി വിഭാഗത്തിൽ നിന്നുണ്ടായിരുന്നില്ല.
നിലവിലുള്ള ജഡ്ജിമാരിൽ 40.7 ശതമാനം പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മണിപ്പൂർ, ഗുജറാത്ത് ഹൈക്കോടതികളിൽ മാത്രമാണ് എസ്.ടി വിഭാഗത്തിൽ നിന്ന് വനിത ജഡ്ജിമാരുള്ളൂ. എസ്.സി വിഭാഗത്തിൽ നിന്നുള്ള വനിത ജഡ്ജി ആന്ധ്രപ്രദേശിൽ മാത്രവും.
എല്ലാറ്റിനുമുപരി, ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ടായിട്ടും, പട്ടികജാതി / പട്ടികവർഗ സംവരണത്തിന് അനുയോജ്യമായ നിയമന നിയമങ്ങൾ രൂപപ്പെടുത്താൻ സുപ്രീം കോടതി ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. ഭരണഘടനയുടെ ആർട്ടിക്കിൾ 16 പ്രദാനം ചെയ്യുന്ന അവസര സമത്വത്തിന്റെ നിഷേധമാണ് ജുഡീഷ്യൽ പദവികളിൽ അടിത്തട്ടിലുള്ള വിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലായ്മ.
എസ്.സി- എസ്.ടി വിഭാഗത്തിന്റെ കാര്യത്തിൽ മാത്രമല്ല, സ്ത്രീപ്രാതിനിധ്യവും സാമൂഹിക നീതി ഉറപ്പാക്കുന്ന തലത്തിലേക്കുയർന്നിട്ടില്ല. സുപ്രീംകോടതി സ്ഥാപിച്ച് 75 വർഷം പിന്നിട്ടിട്ടും ഇന്ത്യക്ക് വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടായിട്ടില്ല. ആദ്യ വനിതാ ജഡ്ജിയുണ്ടാകുന്നത് 1989-ലാണ്, മലയാളിയായ എം. ഫാത്തിമാ ബീവി. ഉന്നത ജുഡീഷ്യൽ പദവിയിലെത്തുന്ന ആദ്യത്തെ മുസ്‍ലിം സ്ത്രീയും അവരായിരുന്നു.

1950-ൽ സ്ഥാപിക്കപ്പെട്ട നാൾ മുതൽ 2025 വരെ 279 പേർ സുപ്രീംകോടതി ജഡ്ജിമാരായിട്ടുണ്ട്. ഇവരിൽ 252 പേരും സവർണ വിഭാഗത്തിൽ നിന്നായിരുന്നു. മതം തിരിച്ചുള്ള കണക്കെടുത്താൽ 237 ഹിന്ദുക്കളും 19 മുസ്‍ലിംകളും 11 ക്രിസ്ത്യാനികളുമാണ് സുപ്രീം കോടതി ജഡ്ജിമാരായിട്ടുള്ളത്.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കുശേഷവും, ഉന്നത നീതിന്യായസംവിധാനങ്ങളിൽ ഏറ്റവും അടിസ്ഥാന വർഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യമില്ലാത്ത അവസ്ഥ അങ്ങേയറ്റത്തെ നീതിനിഷേധമാണ്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജി നിയമങ്ങളിൽ പിന്നാക്ക വിഭാഗ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വ്യക്തമായ നയം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ച 221 ഹൈക്കോടതി ജഡ്ജിമാരുടെ പട്ടികയിൽ എട്ടു പേർ മാത്രമാണ് പട്ടികജാതിക്കാർ, പട്ടികവർഗക്കാർ ഏഴുപേരും. 2022 നവംബർ ഒമ്പതുമുതൽ 2025 മെയ് അഞ്ചുവരെയുള്ള കാലയളവിലെ കണക്കാണിത്.
2018 മുതൽ ഏഴു വർഷം രാജ്യത്തെ ഹൈക്കോടതികളിൽ നടന്ന ജഡ്ജി നിയമനങ്ങളിൽ 78 ശതമാനവും ഉയർന്ന ജാതിയിൽനിന്നായിരുന്നുവെന്ന് കഴിഞ്ഞ മാർച്ചിൽ നിയമന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു.
ഇതേ കാലഘട്ടത്തിൽ രാജ്യത്തെ ഹൈക്കോടതി കൊളീജിയങ്ങൾ 406 ജഡ്ജിമാരുടെ പേരുകൾ സുപ്രീംകോടതി കൊളീജിയത്തിന് അയച്ചു. ഇവരിൽ 303 പേരുടെ പട്ടിക മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ കാലത്തും 103 പേരുടെ പട്ടിക മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കാലത്തുമായിരുന്നു. 406 പേരിൽ 221 പേർക്ക് സുപ്രീംകോടതി കൊളീജിയം അംഗീകാരം നൽകി. 185 പേരുടെ ലിസ്റ്റ് പരിശോധനയിലാണ്. ഈ പട്ടികയിലെ പിന്നാക്കവിഭാഗ പ്രാതിനിധ്യം ഇങ്ങനെയാണ്: ഒ.ബി.സി: 32 (14.5 ശതമാനം), എസ്.സി: 8 (3.6 ശതമാനം), എസ്.ടി: 7 (3.2 ശതമാനം), അതീവ പിന്നാക്ക വിഭാഗം: 7 (3.2 ശതമാനം).
'Details of Collegium Decisions (Nov 2022 - Nov 2024)' എന്ന റിപ്പോർട്ടിലെ ഡാറ്റ പ്രകാരം, 2022 നവംബർ മുതൽ 2024 നവംബർ വരെ ആകെ 303 ജഡ്ജിമാരെയാണ് ശുപാർശ ചെയ്തത്. ഇതിൽ 170 പേരെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ കാലത്താണ് ശുപാർശ ചെയ്തത്. മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കീഴിൽ 51 പേരെയാണ് ശുപാർശ ചെയ്തത്. ചില ശുപാർശകൾ ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. 170 അംഗീകൃത നിയമനങ്ങളുടെ ആദ്യ ബാച്ചിൽ വ്യത്യസ്ത സമുദായങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള എത്ര പേരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആ കണക്ക് ഇപ്രകാരമാണ്:
സ്ത്രീകൾ- 28 (ഏകദേശം 9.24%), എസ്.സി- 7 (ഏകദേശം 2.31%), എസ്.ടി- 5 (ഏകദേശം 1.65%), ഒ ബി സി- 21 (ഏകദേശം 6.93%), എം ബി സി /ബി സി- 7 (ഏകദേശം 2.31%), ന്യൂനപക്ഷ സമുദായങ്ങൾ- 23 (ഏകദേശം 7.59%).

നിലവിലുള്ള ജഡ്ജിമാരിൽ 40.7 ശതമാനം പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മണിപ്പൂർ, ഗുജറാത്ത് ഹൈക്കോടതികളിൽ മാത്രമാണ് എസ്.ടി വിഭാഗത്തിൽ നിന്ന് വനിത ജഡ്ജിമാരുള്ളൂ. എസ്.സി വിഭാഗത്തിൽ നിന്നുള്ള വനിത ജഡ്ജി ആന്ധ്രപ്രദേശിൽ മാത്രവും.
2018 മുതൽ ഏഴു വർഷം രാജ്യത്തെ ഹൈക്കോടതികളിൽ നടന്ന ജഡ്ജി നിയമനങ്ങളിൽ 78 ശതമാനവും ഉയർന്ന ജാതിയിൽനിന്നായിരുന്നുവെന്ന് കഴിഞ്ഞ മാർച്ചിൽ നിയമന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു. ഈ കാലഘട്ടത്തിൽ 715 ഹൈക്കോടതി ജഡ്ജമാരെയാണ് നിയമിച്ചത്. അവരിൽ എസ്.സി- 22, എസ്.ടി- 16, ഒ.ബി.സി- 89, ന്യൂനപക്ഷം- 37 എന്നിങ്ങനെയായിരുന്നു പ്രാതിനിധ്യം.
സുപ്രീംകോടതി ജീവനക്കാരുടെ നിയമനത്തിൽ ഇപ്പോൾ കൊണ്ടുവന്ന സംവരണ നയത്തിന് സമാനമായ സംവരണ വ്യവസ്ഥ, ജഡ്ജി നിയമനങ്ങളിലും അനിവാര്യമാണെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഇന്ത്യയെപ്പോലെ, പിന്നാക്ക വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ഒരു സാമൂഹികാവസ്ഥയിൽ, അവരെ കൃത്യമായി പ്രതിനിധീകരിക്കാത്ത ഉന്നത ജുഡീഷ്യറി ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹികനീതിയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കും.