സ്വകാര്യസ്വത്തും സുപ്രീംകോടതി വിധിയും
സാമൂഹിക നീതിയെക്കുറിച്ചുള്ള ആശങ്കകളും

ഭരണഘടനയുടെ ‘സ്വഭാവികമായ’ സമകാലിക വ്യാഖ്യാനമാണ് ഒരർഥത്തിൽ ഭരണഘടനയുടെ 39(ബി) അനുച്ഛേദം വ്യാഖ്യാനിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് നടത്തിയ ഭൂരിപക്ഷ വിധിയെന്നു പറയാം. എന്നാൽ, ഇത്തരം 'സ്വഭാവിക സമകാലിക വ്യാഖ്യാനങ്ങൾ' ഏതു വിഭാഗം മനുഷ്യർക്കാണ് ഗുണകരമാകുക എന്ന വലിയ ആശങ്ക ബാക്കിയാകുന്നു.

National Desk

മൂഹനന്മക്കവേണ്ടിയെന്നു പറഞ്ഞ് ഏതു സ്വകാര്യസ്വത്തും ഏറ്റെടുത്ത് വിതരണം ചെയ്യാൻ സർക്കാറുകൾക്കാകില്ല എന്ന സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാബെഞ്ചിന്റെ വിധി നിരവധി പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ്. ഭരണഘടനയുടെ 39(ബി) അനുച്‌ഛേദത്തിലെ 'സാമൂഹിക വിഭവം' എന്ന പ്രയോഗത്തിന്റെ വ്യാഖ്യാനം കൂടിയാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. സ്വകാര്യ സ്വത്തിനെ പൊതുവിഭവമായി കണക്കാക്കുന്ന രീതി ഏതെങ്കിലുമൊരു സാമ്പത്തിക പ്രത്യയശാസ്ത്രത്തെയോ നിയതമായ സാമ്പത്തിക ഘടനയെയോ മുന്നോട്ടുവക്കുന്ന ഒന്നാണെന്നും അത് കോടതിയുടെ ചുമതലയിൽപെട്ടതല്ല എന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. ജസ്റ്റിസ് ബി.വി. നാഗരത്ന വിധിയോട് ഭാഗികമായി വിയോജിച്ചു. ജസ്റ്റിസ് സുധാംശു ധൂലിയ പൂർണമായി വി​യോജിച്ച് ഭിന്നവിധിയെഴുതി.

എല്ലാ സ്വകാര്യസ്വത്തും സമൂഹനന്മയ്ക്കായി ഏറ്റെടുക്കാമെന്ന് 1978- ൽ രംഗനാഥ് റെഡ്ഡി കേസിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നടത്തിയ വിധിയും 1982-ൽ സഞ്ജീവ് കോക് കേസിൽ ജസ്റ്റിസ് ചിന്നപ്പ റെഡ്ഡി നടത്തിയ ഉത്തരവുകളോട് വിയോജിച്ചാണ് ഭരണഘടനാ ബെഞ്ച് വിധി. സമൂഹത്തിന്റെ ഭൗതിക സ്വത്തിൽ ‘സൈദ്ധാന്തികമായി’ സ്വകാര്യസ്വത്തും ഉൾപ്പെടുമെങ്കിലും അത് സാഹചര്യത്തിന് വിധേയമായിരിക്കുമെന്ന് വിധിയിൽ പറയുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

പൊതുനന്മക്കായി ഏത് സ്വത്തും സർക്കാറിന് ഏറ്റെടുത്ത് വിതരണം ചെയ്യാം എന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സിദ്ധാന്തം ഭരണഘടനയുടെ വിശാലമായ അന്തസ്സത്തയ്ക്ക് ദോഷം ചെയ്യുന്ന ഒന്നാണെന്നുകൂടി ചീഫ് ജസ്റ്റിസ് വിമർശിക്കുന്നുണ്ട്. കൃഷ്ണയ്യരുടെ നിരീക്ഷണം, സവിശേഷമായ സാമ്പത്തിക പ്രത്യയശാസ്ത്ര അടിത്തറയിൽനിന്നുള്ളതാണെന്നും അത് ഭരണഘടനാപരമായി ഇന്ത്യയ്ക്ക് ബാധകമല്ല എന്നുമാണ് ചന്ദ്രചൂഡിന്റെ വ്യാഖ്യാനം. ഇതിനോട്, ഇതേ ബഞ്ചിലെ ജസ്റ്റുസുമാരായ സുധാംശു ധൂലിയയും ബി.വി. നാഗരത്‌നയും വിയോജിക്കുകയും ചെയ്തു. മാത്രമല്ല, ജനങ്ങളോടുള്ള സഹാനുഭൂതിയിൽ അധിഷ്ഠിതമായ ഒരു നീതിന്യായ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് വി.ആർ. കൃഷ്ണയ്യരുടെ നിരീക്ഷണമെന്ന അഭിപ്രായവും ധൂലിയ കൃത്യമായി മുന്നോട്ടുവക്കുന്നു. നീതിന്യായത്തിന്റെ അടിസ്ഥാനമാകേണ്ട സാമൂഹിക നീതിയെയും മനുഷ്യപക്ഷത്തെയും കുറിച്ചുള്ള ആശങ്ക കലർന്ന ചോദ്യം കൂടി ഈ വിയോജനങ്ങൾ മുന്നോട്ടുവക്കുന്നുണ്ട്. അത്, എട്ടിനെതിരെ ഒന്ന് എന്ന ന്യൂനപക്ഷത്തിന്റെ വിയോജനമായല്ല, ഏകകണ്ഠമായ സ്വരത്തിലായിരുന്നു ഉന്നയിക്കപ്പെടേണ്ടിയിരുന്നത്.

ചീഫ് ജസ്റ്റിസായിരുന്ന വൈ.വി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബഞ്ച്, 1985-ൽ പുറപ്പെടുവിച്ച ഒരു വിധിയെ, അദ്ദേഹത്തിന്റെ മകൻ കൂടിയായ ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ ഈ വിധിയുമായി ചേർത്തുപരിശോധിക്കുന്നത് പ്രസക്തമായിരിക്കും.

1985-ലെ കേസിൽ (Olga Tellis v Bombay Municipal Corporation) പരാതിക്കാർ ബോംബെ മുനിസിപ്പൽ കോർപറേഷനും സംസ്ഥാന സർക്കാറുമായിരുന്നു. ബോംബെ നഗരത്തിലെ ചേരിനിവാസികളെ, നഗരത്തിനുപുറത്തേക്ക് മാറ്റുന്നതിന്റെ ഭാഗമായി അവരെ മുന്നറിയിപ്പില്ലാതെയും ബലം പ്രയോഗിച്ചും ഒഴിപ്പിക്കാനുള്ള നീക്കമാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. വഴിയോരത്ത് താമസിക്കുന്നവരെ അതിക്രമിച്ച് കഴിയുന്നവരായി ചിത്രീകരിച്ചു.

ജീവിക്കാനുള്ള ഉപാധികൾ ഉറപ്പാക്കുന്നില്ലെങ്കിൽ, ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 21-ാം വകുപ്പുകൊണ്ട് അർഥമില്ലെന്ന് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. തായത്, Right to Life എന്നത്, Right to Livelihood കൂടി അടങ്ങുന്നതാണ്. ഭക്ഷണവും വാസയോഗ്യമായ ഇടവും ഭൂമിയും അടക്കമുള്ള ജീവനോപാധികൾ നൽകാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിന്റേതാണ് എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നതായിരുന്നു ആ വിധി.

എന്നാൽ, ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് പുറപ്പെടുവിച്ച പുതിയ വിധിയിൽ അടിസ്ഥാന ജനതയുടെ വിഭവാധികാരത്തെ റദ്ദാക്കിക്കളയുന്ന നിരവധി ഘടകങ്ങളുണ്ട്.

ജസ്റ്റിസ് സുധാംശു ധൂലിയ
ജസ്റ്റിസ് സുധാംശു ധൂലിയ

സോഷ്യലിസ്റ്റ് നയങ്ങളിൽനിന്നും വി.ആർ. കൃഷ്ണയ്യരുടെ 'ഇടുങ്ങിയ' സാമ്പത്തിക നയങ്ങളിൽനിന്നും മാറി തൊണ്ണൂറുകളോടെ നിലവിൽ വന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച് ഡി.വൈ. ചന്ദ്രചൂഡ് വാചാലനാകുന്നുണ്ട്.
അറുപതുകളിലും എഴുപതുകളിലും ആഭിമുഖ്യമുണ്ടായിരുന്ന സോഷ്യലിസ്റ്റ് സാമ്പത്തികനയങ്ങളിൽനിന്ന് രാജ്യം വിപണിവൽകൃതമായ സാമ്പത്തിക നയങ്ങളിലേക്ക് മാറിയെന്നത് ഒരു യാഥാർഥ്യമായി വിശദീകരിക്കുന്ന സുപ്രീംകോടതി, ഏതെങ്കിലും പ്രത്യേക തരം സാമ്പത്തിക സിദ്ധാന്തം ഇന്ത്യക്ക് ഭരണഘടന ബാധകമാക്കിയിട്ടില്ലെന്നും ഊന്നിപ്പറയുന്നുണ്ട്. രാജ്യം പിന്തുടരേണ്ട സാമ്പത്തിക നയം എന്തായിരിക്കണം എന്ന് പറയുക സുപ്രീംകോടതിയുടെ ജോലിയല്ല എങ്കിലും, അതേ നയങ്ങളുടെ ഇരകളെന്ന നിലയ്ക്ക് ആ രാജ്യത്തെ മനുഷ്യർ തങ്ങളുടെ മുന്നിലെത്തുമ്പോൾ ആ നയങ്ങളെ വിമർശനാത്മകമായി വ്യാഖ്യാനിക്കുക എന്നതും ആ മനുഷ്യരുടെ പക്ഷത്തോട് ചേരുക എന്നതും നീതിനടത്തിപ്പിന്റെ അടിസ്ഥാനമാകേണ്ടതല്ലേ?

സുപ്രീംകോടതി പരാമർശിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള വികസനനയങ്ങളും പുറന്തള്ളിയ അടിസ്ഥാന ജനത ഭൂമിയടക്കമുള്ള വിഭവങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കും സമ്പത്തിന്റെ നീതിപൂർവകമായ വിതരണത്തിനുമായി പൊരുതിക്കൊണ്ടിരിക്കുന്ന കാലമാണിത്. വികസനത്തിൽനിന്ന് പുറന്തള്ളപ്പെട്ട ദലിതരും ആദിവാസികളും പിന്നാക്കക്കാരുമായവരെ ഉൾക്കൊള്ളുന്ന സ്വത്തുടമസ്ഥത ഒരു അവകാശമായി, ഭരണഘടന ആർട്ടിക്കിൾ 21ന്റെ ഭാഗമായി കൊണ്ടുവരണമെന്നതാണ് കീഴാള മുന്നേറ്റങ്ങളുടെ പ്രധാന മുദ്രാവാക്യം. ആധുനിക കാലത്തെ ഇത്തരം മനുഷ്യാവകാശങ്ങൾക്ക് വലിയ തിരിച്ചടി നൽകുന്ന ഒന്നാണ്, പൊതുവിഭവങ്ങൾക്ക് ഇടുങ്ങിയ നിർവചനം കൊണ്ടുവരുന്ന ഈ വിധി. മാറുന്ന കാലത്തിന്റെ വെല്ലുവിളികൾക്കനുസരിച്ച് ഇന്ത്യൻ ഭരണഘടനക്ക് 'അയവുള്ള വ്യാഖ്യാനം' വേണമെന്നും അതൊരു 'ഓർഗാനിക് ടെക്‌സ്റ്റ്' ആയി മാറണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന തന്റെ വിധിന്യായത്തിൽ പറയുന്നുണ്ട്. ഭരണഘടനയുടെ ‘സ്വഭാവികമായ’ ഒരു സമകാലിക വ്യാഖ്യാനമാണ് ഒരർഥത്തിൽ ഈ ഭൂരിപക്ഷ വിധിയെന്നു പറയാം. എന്നാൽ, ഇത്തരം 'സ്വഭാവിക സമകാലിക വ്യാഖ്യാനങ്ങൾ' ഏതു വിഭാഗം മനുഷ്യർക്കാണ് ഗുണകരമാകുക എന്ന വലിയ ചോദ്യം ബാക്കിയാകുന്നു.

​തൊട്ടുമുന്നി​ലെ വസ്തുതകളെ ഉപരിപ്ലവമായി വിശദീകരിക്കുകയാണ് ഈ വിധി ചെയ്യുന്നത്. ചിലതരം സ്വകാര്യ സ്വത്തുക്കളെ, അവയുടെ സ്വഭാവവും പ്രാധാന്യവും പൊതുനന്മക്ക് അവ എങ്ങനെ ഉപയോഗപ്പെടുന്നു എന്ന് നോക്കിയും ആർട്ടിക്കിൾ 39(ബി)യുടെ പരിധിയിൽ വരികയുള്ളൂ എന്ന് വിധിയിൽ പറയുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിഭവം സ്വകാര്യ ഉടമസ്ഥതയിലാകുമ്പോൾ അത് പൊതുനന്മക്ക് കാരണമാകുമെന്നതിന്റെ ഉദാഹരണമായി സു​പ്രീംകോടതി ചൂണ്ടിക്കാണിക്കുന്ന ഒരു ഉദാഹരണം സ്​പെക്ട്രം ആണ്. ഇവ ഉയർന്ന തുകയ്ക്ക് ലേലത്തിൽ വാങ്ങുന്ന സ്വകാര്യ കമ്പനി, കൂടുതൽ മെച്ചപ്പെടുത്തി ‘പൊതുനന്മയ്ക്ക്’ ഉപയോഗിക്കുന്നു എന്ന് വിധി ഉദാഹരിക്കുന്നുണ്ട്. എന്നാൽ, ജനവിരുദ്ധമായി കൈയടക്കിവക്കുകയും ദുർവിനിയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന അടിസ്ഥാന വിഭവങ്ങളുടെ കാര്യത്തിൽ വിധി നിശ്ശബ്ദത പുലർത്തുന്നു.

കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറിന്റെ സാമ്പത്തിക നയങ്ങളോടും വിഭവങ്ങളുടെ മേലുള്ള കുത്തകവൽക്കരണത്തോടും ഒത്തുപോകുന്ന ഒന്നു കൂടിയാണ് സുപ്രീംകോടതി വിധി. ഒരു മാർക്കറ്റ് ഇക്കോണമിയിൽ സ്വകാര്യ മേഖലയുടെ പ്രാധാന്യമാണ് വിധി സൂചിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ ഇടപെടലിന് പരിധി കൽപ്പിക്കുന്ന ഒരുതരം ബാലൻസിങ്. ഒരു ക്രോണി കാപ്പിറ്റലിസ്റ്റ് ഭരണത്തിൽ ഈ ബാലൻസിങിന്റെ ഗുണഭോക്താക്കൾ ആരാണെന്ന് വിശദീകരിക്കേണ്ടതുമില്ല.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് നരേന്ദ്രമോദി, രാഹുൽ ഗാന്ധിയുടെ ഒരു പ്രസ്താവനക്കുനേരെ നടത്തിയ വിമർശനവും ഈ വിധിയുടെ പാശ്ചാത്തലത്തിൽ പ്രസക്തമാണ്. വിവിധ വിഭാഗങ്ങളുടെ സാമൂഹിക- സാമ്പത്തിക അവസ്ഥ മനസ്സിലാക്കാൻ ജാതി സെൻസസ് നടത്തണമെന്ന് രാഹുൽ ആവശ്യപ്പെട്ടപ്പോൾ, കോൺഗ്രസ് അധികാരത്തിൽ വന്നാൽ സമ്പന്നരിൽനിന്ന് സ്വത്ത് പിടിച്ചെടുത്ത് ദരിദ്രർക്ക് പുനർവിതരണം നടത്തുമെന്ന്, ഒരു ആശങ്കയായി മോദി ഉയർത്തി. ജാതി സെൻസസിലൂടെ പുറത്തുവരുന്ന ഡാറ്റ, വിഭവങ്ങളുടെ പുനർവിതരണം അനിവാര്യമാക്കുമെന്നതായിരുന്നു മോദിയുടെ പേടിക്ക് കാരണം. ജോലിയിലും ക്ഷേമപദ്ധതികളിലും ഒതുങ്ങിനിൽക്കാതെ സമ്പത്തിന്റെ പുനർവിതരണത്തിലേക്കുകൂടി ജാതി സെൻസസ് അജണ്ട വ്യാപിച്ചാൽ അത് അപകടം ചെയ്യുമെന്ന് മോദിക്ക് മണക്കാനായി. ഇത്തരം ഭരണകൂട ആശങ്കകളുടെ പ്രതിഫലനങ്ങൾ കൂടി സുപ്രീംകോടതി വിധിയിൽ പ്രകടമാണ്.


Summary: The Supreme Court ruled that private properties are not automatically considered "material resources of the community" and cannot be acquired by the State. How this verdict affect social justice?


Comments