ഇന്ത്യ കണ്ട ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായ എം.എഫ്.ഹുസൈന് അവസാന നാളുകളിൽ ഇന്ത്യയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ചില വ്യക്തികളുടെ മതവികാരം വ്രണപ്പെടുത്തിയത് കാരണം അദ്ദേഹത്തിനെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കേസ് കൊടുക്കുകയായിരുന്നു. ഇന്ത്യയിൽ നിന്ന് മാറി നിന്നില്ലെങ്കിൽ കോടതികളിൽ നിന്ന് കോടതികളിലേക്കും സ്റ്റേഷനുകളിൽ നിന്ന് സ്റ്റേഷനുകളിലേക്കും സഞ്ചരിച്ച് അവസാനകാലം തീർന്നുപോയേനെ. ഹുസൈനെതിരെ ആരെങ്കിലും ഒരു കേസ് കൊടുക്കുകയൂം അത് കോടതി ന്യായപൂർവം പരിഗണിക്കുകയും ചെയ്തിരുന്നെങ്കിൽ, അതായിരുന്നു സംഭവിച്ചിരുന്നതെങ്കിൽ,ഒരു പക്ഷെ ഹുസൈൻ ശിക്ഷിക്കപ്പെടില്ലായിരുന്നു. കാരണം ഇന്ത്യൻ മതനിന്ദാനിയമങ്ങൾ പ്രകാരം മതനിന്ദാപരം എന്ന് പറയാവുന്ന എന്തെങ്കിലും എഴുതുന്നതോ പറയുന്നതോ വരയ്ക്കുന്നതോ അല്ല കുറ്റകരം എന്നാണ് മനസിലാക്കുന്നത്. മറിച്ച് മനഃപൂർവമായി മതത്തെ നിന്ദിക്കണം എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവർത്തികൾ ആണ് കുറ്റകരം. (അങ്ങനെയുള്ള നിയമത്തിന്റെ ശരിതെറ്റുകൾ അവിടെ നിൽക്കട്ടെ). ഒരേ സമയം ഒന്നിലധികം കേസുകളിൽ പെടുകയും അതിൽ തന്നെ ഒന്നിലെങ്കിലും വാറണ്ട് പുറപ്പെടുവിക്കുകയും ഒക്കെ ചെയ്തതിലൂടെയാണ് സ്വാഭാവികനീതി ഹുസൈന് നിഷേധിക്കപ്പെട്ടത്.
118 എ, അറിഞ്ഞിടത്തോളം അങ്ങേയറ്റം കുഴപ്പം പിടിച്ച രീതിയിൽ തയ്യാറാക്കിയ ഒന്നാണ്. ലക്ഷ്യം എന്തുമാവട്ടെ, നിരപരാധികളായ അനേകർക്ക് പണി വാങ്ങിച്ച് കൊടുക്കാൻ പറ്റിയ ഒന്ന്. മനഃപൂർവമായി വ്യാജമാണെന്ന് അറിഞ്ഞ് ഹാനികരമായ വാർത്ത പ്രചരിപ്പിച്ചാലേ കുറ്റമാവുകയുള്ളൂ എന്നാണ് ഈ ഓർഡിനൻസിനെ ന്യായീകരിച്ച് പല ഇടങ്ങളിലും കണ്ട വാദങ്ങൾ. ഇത് പറയാൻ എളുപ്പമാണ്. ആർക്കും 118 എ വഴി പരാതി കൊടുക്കാം, ഏത് സ്റ്റേഷനിൽ വേണമെങ്കിലും കൊടുക്കാം, എത്ര പേർക്ക് വേണമെങ്കിലും കൊടുക്കാം എന്നൊക്കെയാണ് അവസ്ഥയെങ്കിൽ പിന്നെ ശരിതെറ്റുകൾ തെളിയിക്കുന്നതൊക്കെ രണ്ടാമത്തെ കാര്യമാണ്. തെറ്റായ കേസിൽ പെട്ടയാൾ ആദ്യമേ തന്നെ ഇതിന്റെ നൂലാമാലകളിൽ പെട്ട് ശിക്ഷിക്കപ്പെട്ട് കഴിഞ്ഞിരിക്കും. അയാളുടെ നിരപരാധിത്വം പിന്നെ തെളിയുമോ എന്നതൊക്കെ രണ്ടാമത്തെ കാര്യമാണ്. ഒരു നിയമം കരിനിയമാവുന്നത് ഇങ്ങനെയാണ്. കാര്യങ്ങൾ ഇവ്വിധമാണെങ്കിൽ കൂടി നിയമങ്ങൾ ദുരുപയോഗം ചെയ്യില്ല എന്ന രാഷ്ട്രീയനേതൃത്വത്തിന്റെ ഉറപ്പാണ് ഈ വിഷയത്തിൽ ഇതിനെ ന്യായീകരിച്ച് കൊണ്ടുള്ള രണ്ടാമത്തെ വാദം. ഒരു നിയമം ഉണ്ടാക്കി വെച്ച ശേഷം അത് ദുരുപയോഗം ചെയ്യില്ല എന്ന് വാക്കാൽ ഉറപ്പ് തരുന്നതിന് ഒരു സാധുതയുമില്ല. ഇനി ഇത് വിശ്വാസത്തിൽ എടുക്കാം എന്ന് തന്നെ വെയ്ക്കുക. ടേം ലിമിറ്റ് ഉള്ള ഒരു സർക്കാറിന് ഇങ്ങനെ ഒരു വാഗ്ദാനം ചെയ്യാൻ ലോജിക്കലി സാധ്യമല്ല, ആ വാഗ്ദാനത്തിന് നിലനില്പുമില്ല. ഭരണവും രാഷ്ട്രീയനേതൃത്വവും എപ്പോൾ വേണമെങ്കിലും മാറാവുന്ന ഒന്നാണ്. അത് മനസ്സിലാക്കിത്തന്നെ ആണ് ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കുന്ന ഏത് നിയമവും നിർമിക്കേണ്ടത്.
ഉത്തരവാദിത്വബോധമുള്ള ഒരു രാഷ്ട്രീയകക്ഷി ചെയ്യേണ്ട കർതവ്യമാണത്.
ഓർഡിനൻസ് നടപ്പാക്കുന്നതിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നു എന്ന സർക്കാർ തീരുമാനം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അത്തരമൊരു പുനർവിചിന്തനത്തിനായി സർക്കാറിനെ പ്രേരിപ്പിക്കും വിധം ഈ വിഷയത്തിൽ അഭിപ്രായരൂപീകരണം സാധ്യമാക്കിയ, ഈ ഓർഡിനെതിരെ പ്രതികരിച്ച എല്ലാവരോടും നന്ദിയുമുണ്ട്. ഈ നിയമം ഈ രൂപത്തിൽ പൂർണമായും ഉപേക്ഷിക്കപ്പെടുകയും വേണം. ഈ വിഷയത്തിലടക്കം പ്രധാനപ്പെട്ട കാര്യങ്ങളിൽ എല്ലാത്തിലും നിയമനിർമാണം സഭയിലെയും പൊതുസമൂഹത്തിലെയും ചർച്ചകൾക്ക് ശേഷമായിരിക്കണം ഉണ്ടാവേണ്ടത് എന്ന് ജനാധിപത്യത്തിന്റെ നിലനില്പിന് അത്യാവശ്യമാണ്. അതിന് മുൻകൈ എടുക്കാൻ ഇടതുപക്ഷം എന്നുമുണ്ടാവണം എന്നും ആഗ്രഹിക്കുന്നു.