കഴിഞ്ഞ 12 വർഷമായി ജനവിരുദ്ധ സർഫാസി നിയമത്തിനും കിടപ്പാട ജപ്തിക്കും അതിനായി സജ്ജമാക്കപ്പെട്ട എ.ആർസി. സി.ജെ.എം, തുടങ്ങിയ റിക്കവറി സംവിധാനങ്ങൾക്കുമെതിരെ ദലിത്, പിന്നാക്ക മനുഷ്യർ തെരുവിലാണ്. കിട്ടാക്കടമെന്ന വിഭാഗത്തിൽപ്പെടുത്തി കോർപറേറ്റ് മൂലധന ശക്തികൾക്ക് ഒത്താശ ചെയ്യുന്ന സർഫാസി നിയമം ഉപയോഗിച്ച്, ഡെപ്റ്റ് റിക്കവറി ട്രീബ്യൂണൽ സംവിധാനം വഴി കടത്തിൽപ്പെട്ടവർക്ക് സിവിവൽ കോടതികളെ സമീപിക്കാനുള്ള അവകാശം തന്നെ റദ്ദാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ നിയമത്തിലൂടെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തന്നെ ബാങ്കുകളുടെ റിക്കവറി ഏജന്റായി മാറുന്നുവെന്നാണ് സമരക്കാർ ആരോപിക്കുന്നത്. സർഫാസി എന്ന ജനവിരുദ്ധ നിയമത്തിലൂടെ ദിവസവും എത്രയോ കുടുംബങ്ങളാണ് ജപ്തിക്ക് വിധേയമായി കേരളത്തിൽ മാത്രമായി കുടിയൊഴിപ്പിക്കപ്പെടുന്നത്. അക്കൂട്ടത്തിൽ ഒരാളാണ് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന കൂലിപ്പണിക്കാരനായ സജീവൻ.