ഷേക്‌സ്‌പിയറുടെ ഏറ്റവും ഉത്‌കൃഷ്ടനായ ദുരന്ത കഥാപാത്രമാണ് ഹാംലെറ്റ്. ഡെന്മാർക്കിലെ യുവരാജാവ്. നിരവധി ഗുണങ്ങളും എന്നാൽ പോരായ്മകളുമുള്ള സങ്കീർണ കഥാപാത്രം. ഈ സങ്കീർണതകൾ ഹാംലെറ്റിനെ ലോകസാഹിത്യത്തിലെ ഏറ്റവും മികവാർന്നതും അവിസ്മരണീയവുമായ കഥാപാത്രങ്ങളിൽ ഒരാളായി മാറ്റുന്നു.
ഹാംലെറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ ഗുണം ആ കഥാപാത്രത്തിന്റെ ദാർശനിക സ്വഭാവവും ബുദ്ധിയുടെ ആഴവുമാണ്. ഹാംലെറ്റിന്റെ ഏറ്റവും സുപ്രസിദ്ധമായ ആത്മഭാഷണം (soliloquy): to be or not to be എന്നതാണ്. ആകണോ വേണ്ടയോ എന്നാണ് സാമാന്യ മൊഴിമാറ്റം. ഹാംലെറ്റിന്റെ നാടകസന്ദർഭത്തിൽ ഇതിനു മറ്റൊരു അർത്ഥതലം കൂടിയുണ്ട്;
ചെയ്യണോ വേണ്ടയോ,
പ്രവർത്തിക്കണോ വേണ്ടയോ?
ഹാംലെറ്റിന്റേതിൽ നിന്ന് കടകവിരുദ്ധ ദിശയിൽ ചിന്തിച്ചിരുന്ന മഹാത്മാഗാന്ധി ആഹ്വാനം ചെയ്തത് do or die എന്നാണ്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. പ്രയോഗത്തിനായിരുന്നു ഗാന്ധിയൻ ചിന്തയിൽ പ്രാമുഖ്യം. എന്നാൽ ദാർശനികമായ പ്രാദുർഭാവം പ്രകടിപ്പിക്കുന്ന ഹാംലെറ്റ് തീരുമാന സന്ദിഗ്ധതയിൽ അഭയം തേടുകയാണ്. ഭീരുത്വമല്ല, ദാർശനികമായ അവലംബത്വമാണ് ഇതിനു നിദാനമാകുന്നത് എന്ന് നീരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഹാംലെറ്റിന്റെ പ്രസിദ്ധമായ വായനകളും സ്ഥിരീകരിക്കുന്നത് ഇതാണ്.
ഹാംലെറ്റിന്റെ ഈ തീരുമാനസന്നിഗ്ദ്ധതയെക്കുറിച്ച് ലോകചിന്തകനായ നിത്ഷേ പറഞ്ഞതിപ്രകാരമാണ്: ഹാംലെറ്റ് ഡയോനീഷ്യൻ വ്യക്തിത്വത്തിന്റെ അനുഭവമാകുന്നു. അവർ അറിവിന്റെ ആഴങ്ങൾ കണ്ടവരാണ്. ആയതിനാൽ തന്നെ അവർ തീരുമാനമെടുക്കാൻ വിമുഖരാണ്. ലോകത്തിന്റെ ചിരന്തനമായ അവസ്ഥയിൽ തങ്ങളുടെ തീരുമാനങ്ങൾ ഒരു മാറ്റവും വരുത്തില്ലെന്ന ദാർശനിക ബോധ്യമാണ് അവരെ തീരുമാനങ്ങളിൽനിന്ന് പിൻവലിപ്പിക്കുന്നത്. വിശ്ലേഷിതമായ കാലവും ലോകവും പുനർയോജിപ്പിക്കാൻ കഴിയില്ലെന്ന ഉത്തമവിശ്വാസം അവരെ ദാർശനികമായ ധർമസങ്കടത്തിലാഴ്ത്തുന്നു. അറിവ് പ്രവർത്തനത്തിനു തടസ്സമാകുന്നു. തീരുമാനമെടുക്കാൻ അല്ലെങ്കിൽ പ്രവർത്തനോന്മുഖമാകാൻ മിഥ്യാധാരണയുടെ മൂടുപടം അനിവാര്യമാണ്.
നിത്ഷേയുടെ നീരിക്ഷണത്തിൽ, ഭയാനകമായ സത്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച പ്രവർത്തിക്കാനുള്ള ഏതൊരു വാഞ്ജയെയും മറികടക്കാൻ കെല്പുള്ളതാണ്.
ഷേക്‌സ്‌പിയറുടെ ഹാംലെറ്റിന്റെ മുഖ്യ പ്രമേയം പ്രതികാരമാണ്. പിതാവിനെ കൊന്ന് അമ്മയെ വേട്ട് രാജാധികാരാഭിഷിക്തനായ തന്റെ തന്നെ ചെറിയച്ഛനോടുള്ള പ്രതികാരവാഞ്ജയാണ് ഹാംലെറ്റിനെ ആകുലചിത്തനാക്കുന്നതും ഭ്രാന്തനായി അഭിനയിക്കാനും പ്രേരിപ്പിക്കുന്നത്. നാടകം തുടങ്ങുന്നത്, മരിച്ച പിതാവിന്റെ പ്രേതം ഹാംലെറ്റിനെ രഹസ്യമായി സന്ദർശിച്ച്, തന്നെ കൊന്ന സഹോദരനോട് പ്രതികാരം ചെയ്യാൻ ആവശ്യപ്പെടുന്നതോടെയാണ്. പിതാവിന്റെ ഭൂതത്തെക്കുറിച്ച് ഹാംലെറ്റിന് സംശയമുണ്ട്, എങ്കിലും പിതാവിന്റെ ഭൂതം വെളിപ്പെടുത്തിയത് സത്യമാണെന്ന് ഹാംലെറ്റ് മനസ്സിലാക്കുകയാണ്.
ഹാംലെറ്റ് നാടകത്തിന് ഭിന്നമായ നിരവധി ആവിഷ്ക്കാരങ്ങളായിട്ടുണ്ട്. അത്രതന്നെ ഭിന്നമായ വ്യാഖ്യാനങ്ങളും. 20-ാം നൂറ്റാണ്ടിലെ ആശയലോകത്തെ സ്വാധീനിച്ച ഓരോ സവിശേഷ സിദ്ധാന്തങ്ങളും ഹാംലെറ്റിൽ സ്വന്തം നിക്ഷേപം നടത്തിയിട്ടുണ്ട്. ഫ്രോയ്ഡിന്റെ മനോവിശകലനത്തിന് സവിശേഷമായവിധം പാത്രീഭൂതമായിട്ടുണ്ട്, ഹാംലെറ്റ്. ഈഡിപ്പസ് രതി, ലൈംഗികത, മനുഷ്യാവസ്ഥയുടെ ദുരന്താത്മകത, കലാസൃഷ്ടിപരമായ പരിപാകത, ഉൾബോധമുള്ള ആധുനിക മനുഷ്യന്റെ ആവിർഭാവം എന്നിങ്ങനെ വ്യത്യസ്ത വ്യഖ്യാനങ്ങളുണ്ടായിട്ടുണ്ട്, ഹാംലെറ്റിന്.
പരമാധികാരം, നീതി, പ്രതിനിധാന പ്രതിസന്ധി തുടങ്ങിയ രാഷ്ട്രീയതത്വചിന്തയുടെ കാഴ്ചപ്പാടിൽ ഹാംലെറ്റ് മറ്റൊരു യാഥാർഥ്യത്തെയും അനാവരണം ചെയ്യുന്നുവെന്നും മനസിലാക്കാം. ഹാംലെറ്റ് നീതിമാനാണ്. അധികാരം യഥാർത്ഥത്തിൽ കൈവരേണ്ടത് ഹാംലെറ്റിനാണ്. എന്നാൽ നീതിമത്കൃതമായ മൂല്യങ്ങളെ നിരസിച്ചുകൊണ്ടാണ് തന്റെ പിതാവിന്റെ സഹോദരൻ അച്ഛനെ കൊന്ന് അമ്മയെ വിവാഹം കഴിച്ച് അധികാരം പിടിച്ചെടുത്തിരിക്കുന്നത്. നീതിയുടെ ഉൾവിളികളാണ് ഭൂതമായി തന്നോടുതന്നെ രാജാവിനെ നിഗ്രഹിക്കാൻ കല്പിക്കുന്നത്. രാജ്യത്തിൽ നീതി പുനഃസ്ഥാപിക്കപ്പെടേണ്ടതാണ് എന്ന് ഹാംലെറ്റ് ആത്മാർത്ഥമായും വിശ്വസിക്കുന്നു. എന്നാൽ ആ ദിശയിൽ ഏകാഗ്രചിത്തതയോടെ ഹാംലെറ്റിന് സഞ്ചരിക്കാനാവുന്നില്ല. കാരണം, പരമാധികാരത്തിന്റെ രീതിശാസ്ത്രം ഹാംലെറ്റിനും കൂടി ബാധകമാണ്. രാജവ്യവസ്ഥയുടെ അംഗീകൃത പാഠങ്ങൾ ലംഘിക്കപ്പെട്ടിരിക്കുന്നു, മാത്രമല്ല നീതിയുടെ നിരാസമായി, കൊല്ലപ്പെട്ട രാജാവിന്റെ രാജ്ഞിയെ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ അധികാരം ഉറവയെടുക്കുന്നതും വ്യവസ്ഥയിൽ നിന്നല്ല രാജാവിൽ നിന്നുതന്നെയാണെന്ന് ഹാംലെറ്റ് മനസിലാക്കുന്നു.
പ്രബുദ്ധതയുടെ പ്രസരിപ്പുകൾ പുതിയ പ്രജായത്ത സമ്പ്രദായത്തിനുള്ള ആരംഭം കുറിച്ചെങ്കിലും രാജവാഴ്ച്ച പരമാധികാരമായി തുടരുന്നതിലെ ഉത്തരം കിട്ടാത്ത സങ്കീർണതകളാണ് ഹാംലെറ്റിനെ ചിത്തസ്ഥിതത നഷ്ടപ്പെട്ടതുപോലെ അഭിനയിക്കാൻ പ്രേരിപ്പിക്കുന്നത്. സത്യവും യാഥാർഥ്യവും തമ്മിലുള്ള പിളർപ്പാണ് ഹാംലെറ്റിനെ, ‘ആകണോ വേണ്ടയോ’, ‘ചെയ്യണോ വേണ്ടയോ’ എന്ന ധാർമിക സന്നിഗ്ദ്ധഗതയിൽ അകപ്പെടുത്തുന്നത്. തനിക്ക് തന്റേതായ അധികാരമുണ്ടെന്നുള്ള നിശ്‌ചയം ഹാംലെറ്റിനുണ്ട് എങ്കിലും അത് പ്രയോഗിക്കുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം, പരമാധികാരഘടനയെക്കുറിച്ചുള്ള ശ്രേണിബദ്ധബോധമാണ്.
ഹാംലെറ്റ് ബുദ്ധിമാനാണ്. മൂർച്ചയുള്ള ബുദ്ധിയാണ്. ഭാഷ ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധനും സമർത്ഥമായ പദപ്രയോഗങ്ങൾ നടത്താൻ നിപുണനുമാണ്. എന്നാൽ നിർണായക ഘട്ടങ്ങളിൽ, പ്രവർത്തി ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ ഹാംലെറ്റ് മന്ദഗതിയാകുന്നു. പരമാധികാരത്തെ ചോദ്യം ചെയ്യാനുള്ള ധൈര്യവും പ്രചോദനവും കണ്ടെത്താൻ പാടുപെടുന്നു. വിവേചനബുദ്ധിയോടെ പ്രവർത്തിക്കാനുള്ള വിമുഖത തന്നെയും ചുറ്റുമുള്ളവരെയും ദാരുണമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു. സ്വന്തം തീരുമാനങ്ങളെ (judgements) ഈ വിഹ്വലബോധം കീഴ്പ്പെടുത്തുന്നു.
മനുഷ്യതയുടെ പ്രഭാവമാണ് ഹാംലെറ്റ് രചനയുടെ പ്രത്യേകത. ചരാചരങ്ങളിൽവെച്ച് ഏറ്റവും ഉത്തമം എന്നാണ് മനുഷ്യനെ പ്രകീർത്തിക്കുന്നത്. എങ്കിലും ഒരുപിടി മണ്ണ് മാത്രമാണെന്നും പറയുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവാണ് മനുഷ്യരെ വ്യതിരിക്തമാക്കുന്നത്. പിതാവിന്റെ പ്രേതാത്മാവ് പ്രതികാരത്തിനായി ആവശ്യപ്പെടുമ്പോഴും തന്റെ അകമേ ആ ചിന്ത കിടന്ന് പൊള്ളുകയാണ്. ഹാംലെറ്റിന്റെ നിസ്സഹായാവസ്ഥയുടെ മാനുഷികവശം താൻ അനുഭവിക്കുന്ന ചിന്തയുടെ അലട്ടലുകളാണ്. ‘വേണോ വേണ്ടയോ’, ‘ചെയ്യണോ വേണ്ടയോ’- എന്ന ധാർമിക സന്ദിഗ്ധാവസ്ഥയിൽ ഹാംലെറ്റിനെ അകപ്പെടുത്തുന്നത് ഇതാണ്. നേരത്തെ സൂചിപ്പിച്ച പോലെ ബുദ്ധികൂർമതയും അഗാധജ്ഞാനവും വിഷമവൃത്തത്തിലാക്കുമ്പോഴും ഹാംലെറ്റ് അതിവാചാലനാണ്. ഇഹപരജ്ഞാനത്തിൽ ഹാംലെറ്റിനെ വെല്ലാൻ ആരുമില്ല. അനീതി സംഭവിച്ചിരിക്കുന്നുവെന്ന് ഹാംലെറ്റിന് നിശ്‌ചയമുണ്ട്. വ്യവസ്ഥയെ നീതിപൂർവ്വകമായി പുനഃസ്ഥാപിക്കാൻ താൻ യുവരാജാവ് എന്ന നിലയിൽ ബാധ്യതപ്പെട്ടിരിക്കുന്നുവെന്നും ഹാംലെറ്റിന് തിരിച്ചറിവുണ്ട്. എങ്കിലും മനഃസാക്ഷിയും പരമാധികാരത്തെ വെല്ലാനുള്ള വിമുഖതയും ഹാംലെറ്റിന്റെ തീരുമാനനിശ്‌ചയങ്ങളെ അനിശ്ചിതമാക്കുന്നു.
വിശ്വാസങ്ങൾ (രഹസ്യാത്മകമായല്ല) തീർത്തും സ്വകാര്യമായിരിക്കേണ്ടത് പ്രധാനമായിരിക്കെ, അത് പ്രകടമാക്കപ്പെടുന്നത് പരമോന്നത നീതിപീഠത്തിലെ ഏറ്റവും ഉന്നതനായ വ്യക്തിത്വമാകുമ്പോൾ, അത് ആശയക്കുഴപ്പം സൃഷ്ടിക്കും.
15-ാം നൂറ്റാണ്ടിലെ ഷേക്‌സ്‌പിയറിന്റെ ഈ വിശ്രുത രചനയ്ക്ക് എത്രയോ പുനരാഖ്യാനങ്ങളുണ്ടായി. കാലത്തിന്റെ പ്രേരണകളും പുനരാഖ്യാനത്തിന്റെ ചരിത്രസന്ദർഭങ്ങളും ഇതിന് മിഴിവ് നൽകി. നമ്മുടെ അനുഭവൈകലോകവുമായി ഹാംലെറ്റ് ഇപ്പോഴും സംവദിക്കുന്നത് അതുകൊണ്ടാണ്. കലയുടെ സർഗാത്മകതയെക്കുറിച്ചുള്ള നിദർശനവും ഇതിൽ ഉള്ളടങ്ങിയിട്ടുണ്ട്.
അഗാധചിന്തകനായ ഹാംലെറ്റിന്റെ തീരുമാന സന്ദിഗ്ദ്ധത കാലികാനുഭവമായത്, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സമീപകാലത്ത് വെളിപ്പെടുത്തിയ ആത്മപ്രതിസന്ധിയെക്കുറിച്ചുള്ള ഒരു പ്രസ്താവം വായിച്ചപ്പോഴാണ്. ഒരു വസ്തുതർക്കമെന്നതിനപ്പുറം ഏറെ സങ്കീർണതകളുള്ളതാണ് ബാബ്‌റി മസ്ജിദ് -അയോദ്ധ്യ രാമക്ഷേത്ര നിർമാണത്തെക്കുറിച്ചുള്ള വിധിയെന്നത് വസ്തുതയാണ്. അഞ്ചുപേരടങ്ങിയ ഭരണഘടനാബെഞ്ചിലുണ്ടായിരുന്ന ഓരോ ന്യായാധിപരും ഈ സങ്കീർണത അനുഭവിച്ചിരിക്കാം. ജസ്റ്റിസ് ചന്ദ്രചൂഡ് മാത്രമാണ് താൻ അനുഭവിച്ച ആത്മപ്രതിസന്ധി ഇപ്രകാരം അവതരിപ്പിച്ചത്: ‘‘പലപ്പോഴും, ഞങ്ങൾക്ക് കേസുകളുണ്ട് (വിധി പറയാൻ), എന്നാൽ ഒരു പരിഹാരത്തിലേക്ക് എത്തുന്നില്ല. അയോധ്യ കേസ് (രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം) മൂന്ന് മാസത്തോളം എന്റെ മുന്നിലുണ്ടായിരുന്നു. സമാനമായ ചിലത് സംഭവിച്ചു. ഞാൻ ദൈവത്തിന്റെ മുമ്പിൽ ഇരുന്നു, ഒരു പരിഹാരം കാണണമെന്ന് പ്രാർത്ഥിച്ചു’’. വിശ്വാസത്തിലുളള തന്റെ വിശ്വാസത്തെ ഊന്നിപ്പറഞ്ഞ്, ‘‘എന്നെ വിശ്വസിക്കൂ, നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ, ദൈവം എപ്പോഴും ഒരു വഴി കണ്ടെത്തും" എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. ഫലദായകനായ ദൈവം കനിഞ്ഞാൽ നിയമവും ന്യായവും എന്താണെന്നു വെളിപ്പെടുത്തും. അത് പകർത്തുക മാത്രമാണ് ന്യായാധിപന് ചെയ്യാനുള്ളൂ.
ജസ്റ്റിസ് ചന്ദ്രചൂഡ് ഭരണഘടനയിലും നിയമസംഹിതകളിലും മഹാപണ്ഡിതനാണെന്ന് പ്രത്യേകമെടുത്തുപറയേണ്ട കാര്യമില്ല. ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമായും പറഞ്ഞത്, മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തതും, അദ്ദേഹം ദൈവത്തെ പ്രാർത്ഥിച്ചുവെന്നല്ല, ദേവനെ (diety) പ്രാർത്ഥിച്ചുവെന്നാണ്. ദേവതസങ്കല്പനം മതപരമാണ്. ദൈവം സാർവലൗകിക മതസങ്കല്പനത്തിന്റെ ഭാഗമാണെങ്കിലും ദേവൻ സങ്കല്പം ഹിന്ദു വിശ്വാസക്രമത്തിന്റെ ഭാഗമാണ്. അഞ്ച് അംഗങ്ങളുള്ള ബെഞ്ചിൽ ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിയതാണ് ബാബ്‌റി മസ്ജിദ് -അയോദ്ധ്യ വിധി എന്ന വാദം മുമ്പേ പറഞ്ഞുകേട്ടതാണ്. അതിനുള്ള സ്ഥിരീകരണം കൂടിയാകുന്നു ഈ പ്രസ്താവം.
അയോദ്ധാ വിധി എന്നറിയപ്പെടുന്നത്, ബാബ്‌റി മസ്ജിദ് ഇരുന്നയിടത്തിൽ രാമക്ഷേത്രം പണി ചെയ്യാൻ അനുവദിച്ച സുപ്രീംകോടതി വിധിയെയാണ്. മതപരമായ വിവക്ഷകളുള്ള ഒരു വിഷയത്തിൽ വിധിപ്രസ്താവത്തിന് നിമിത്തമായി, വിശ്വാസപരമായി ദൈവത്തെ (ദേവനെ- diety) കൊണ്ടുവരുന്നത്, മതേതര ഭരണഘടനാധിഷ്ഠിത നിയമവാഴ്ച്ചയുള്ള ഒരു രാജ്യത്ത്, വ്യത്യസ്ത മതസമൂഹങ്ങളിൽ സൃഷ്ടിച്ചേക്കാവുന്ന അനുരണനങ്ങൾ ആര് ആലോച്ചിലെങ്കിലും, ഉന്നതനീതിപീഠത്തിന്റെ പരമോന്നത പദവിയിൽ ഉപവിഷ്ടനായ വ്യക്തി ആലോചിക്കേണ്ടതാണ്. മാത്രമല്ല, ഭരണഘടനയിൽ അഗാധപണ്ഡിത്യമുള്ള ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തിനായി ആശ്രയിച്ചിട്ടുണ്ടാവുക ഭരണഘടനയ്ക്ക് വിധേയമായ സിവിൽ നിയമങ്ങളെയാണല്ലോ. അപ്പോൾ ദൈവത്തെ ആശ്രയിക്കേണ്ടിവരുന്ന വിധമുള്ള തിരുമാനമെടുക്കാനുള്ള സന്നിഗ്ദ്ധത എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന ചോദ്യം തീർച്ചയായും ഉയരുന്നുണ്ട്.
ജാമ്യമാണ് നിയമമെന്ന് പ്രഖ്യാപിക്കുന്നു, അതേസമയം ജയിലിൽ കുറ്റവിചാരണ കൂടാതെ തുടരുന്ന ഉമ്മർ ഖാലിദ്, ഷർജിൽ ഇമാം, ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതരായ ഹനി ബാബു, റോണാ വിൽസൺ ഉൾപ്പെടെയുള്ളവർ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ തുടരുകയും ചെയ്യുന്നു.
ഒരു ജഡ്ജി എന്ന നിലയിൽ ഭരണഘടനയുടെ ഉഗ്രനായ പരിരക്ഷകനാണ് ജസ്റ്റിസ് ചന്ദ്രചൂഡ് എന്ന് അനുഭവപ്പെടുത്തുന്ന വിധിപ്രസ്താവമായിരുന്നു പുട്ടസ്വാമി കേസ് എന്നറിയപ്പെടുന്ന, സ്വകാര്യത മൗലികാവകാശമാക്കിയ വിധി. മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ആരെയും പുളകം കൊള്ളിക്കുന്നതായിരുന്നു ആധാർ കേസിലെ വിധി. ഈ വിധിപ്രസ്താവത്തിനുശേഷം സ്വകാര്യത ഏതൊക്കെ തലത്തിൽ ലംഘിക്കപ്പെട്ടുവെന്നു നമുക്കറിയാം. പെഗാസസ് ഉൾപ്പെടെയുളള കേസുകളിൽ സ്വകാര്യതാലംഘനം ആരോപിക്കപ്പെട്ടപ്പോഴൊന്നും ആധാർ കേസിലെ പ്രസ്തുത വിധി ഒരു പ്രതിവിധിയായി വന്നില്ല എന്നതും വാസ്തവമാണ്. പക്ഷെ, അത് പ്രസ്തുത വിധിയുടെ സന്ദിഗ്ധതകൊണ്ട് സംഭവിച്ചതല്ല. എങ്കിലും സിദ്ധാന്തവും പ്രയോഗവും രണ്ടു തട്ടിലാകുന്ന അവസ്ഥയാണ് സംജാതമായത്. വിധി പ്രസ്താവത്തിൽ തന്നെ സിദ്ധാന്തവും പ്രയോഗവും രണ്ടു നിലയിലാകുന്ന സ്ഥിതിവിശേഷം അനിശ്ചിതത്വത്തിനു കാരണമാകുന്നു. പരൻജോയ് ഗുഹ താക്കൂർത പറയുന്നത്, ബാബ്‌റി മസ്‌ജിദ് വിധി സഹരചിച്ചെങ്കിലും ഒപ്പിടാൻ ജസ്റ്റിസ് ചന്ദ്രചൂഡ് തയ്യാറായില്ല എന്നാണ്. ഇങ്ങനെയുള്ള അനിശ്ചിതത്വം ഇനിയും കാണാം.
ഇലക്ടറൽ ബോണ്ട് വിധി പ്രസ്താവമാണ് മറ്റൊരു സുപ്രധാന വിധി. എങ്കിലും ഇലക്ടറൽ ബോണ്ടിലൂടെ അനധികൃതമായി സമാഹരിച്ച പണം തിരിച്ചുപിടിക്കാൻ വ്യവസ്ഥ ചെയ്തില്ല.
ബി.ജെ.പി ക്കുവേണ്ടി വോട്ട് കൃത്രിമം ചെയ്ത ചണ്ഡീഗഡ് ഇലക്ഷൻ ഓഫിസറെ ക്രിമിനൽ എന്ന് വിളിക്കുകയും എന്നാൽ തുടർനടപടികളെടുക്കാൻ നിർദേശിക്കാതിരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിൽ ഫ്ലോർ ടെസ്റ്റ് നടത്താതെ ഷിൻഡെ സർക്കാരിനെ അധികാരത്തിലേറ്റിയ ഗവർണറുടെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും എന്നാൽ ഷിൻഡെ സർക്കാർ പിരിച്ചുവിടാനുള്ള ഉത്തരവ് നൽകാതിരിക്കുകയും ചെയ്തു.
ജാമ്യമാണ് നിയമമെന്ന് പ്രഖ്യാപിക്കുന്നു, അതേസമയം ജയിലിൽ കുറ്റവിചാരണ കൂടാതെ തുടരുന്ന ഉമ്മർ ഖാലിദ്, ഷർജിൽ ഇമാം, ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതരായ ഹനി ബാബു, റോണാ വിൽസൺ ഉൾപ്പെടെയുള്ളവർ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ തുടരുകയും ചെയ്യുന്നു.
അനിശ്ചിതത്വങ്ങൾ നീളുന്നു. ഹാംലെറ്റിയൻ രീതി ‘ചെയ്യണോ വേണ്ടയോ’ എന്നാണെങ്കിൽ ഇവിടെ കാണുന്നത്, ‘ചെയ്യാം, പക്ഷെ പരിധിയുണ്ട്’ എന്ന നിലയിലാണ്. ഹാംലെറ്റ് ദർശനിക ധർമസങ്കടത്തിലാണ് അകപ്പെട്ടതെങ്കിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രായോഗികമായ ബുദ്ധിയാണ് ഈ വ്യത്യസ്തതയ്ക്ക് കാരണമായതെന്ന് അനുമാനിക്കാം.
കാണുന്നത് വിവേചനത്തിന് ഹേതുവാകുന്നില്ല എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നത്. ശരിയായിരിക്കാം. പക്ഷെ നമുക്കറിയാവുന്ന വസ്തുത, കോടതിവ്യവഹാരം ഫലത്തിൽ, സമ്പന്നർക്ക് സഹായമാകുന്നുവെന്നാണ്.
കോടതിനിയമവ്യവസ്ഥയിൽ ചരിത്രപരമായ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കിയ ന്യായാധിപൻ കൂടിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. വീഡിയോ കോൺഫറൻസിങ് വ്യവസ്ഥാപിതമാക്കി. എ.ഐ സാങ്കേതികവിദ്യ ജസ്റ്റിസ് ഡെലിവറി സിസ്റ്റത്തിന്റെ വേഗതകൂട്ടാൻ ഉപയുക്തമാക്കാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു. അത്തരം സാങ്കേതിക തീരുമാനങ്ങളിൽ അനിശ്ചിതത്വത്തിന്റെ ആവശ്യമുണ്ടാവേണ്ട കാര്യമില്ല.
മറ്റൊരു സുപ്രധാന പരിഷ്‌ക്കാരം നടപ്പാക്കിയത്, നീതിദേവതയുടെ കണ്ണ് മൂടിയിരുന്നത് അഴിച്ചുവെന്നതാണ്. കണ്ണ് മൂടിയിരുന്നത്, തന്റെ മുമ്പിൽ നീതി തേടി വരുന്ന മനുഷ്യരെ പണക്കാരനെന്നോ പാമരനെന്നോ വെളുത്തവൻ എന്നോ കറുത്തവൻ എന്നോ പെണ്ണെന്നോ ആണെന്നോ വേർതിരിക്കാതെ, നിയമവും വസ്തുതയും മാത്രം കണക്കാക്കി, തുലാസിൽ ഏത് കൂടുതൽ തൂങ്ങുന്നുവോ അവർക്ക് നീതി ലഭ്യമാക്കുക എന്ന സങ്കല്പത്തിലായിരുന്നു.
കാണുന്നത് വിവേചനത്തിന് ഹേതുവാകുന്നില്ല എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നത്. ശരിയായിരിക്കാം. പക്ഷെ നമുക്കറിയാവുന്ന വസ്തുത, കോടതിവ്യവഹാരം ഫലത്തിൽ, സമ്പന്നർക്ക് സഹായമാകുന്നുവെന്നാണ്. മൂന്നു സെന്റുകാരന് കോടതികയറിറങ്ങാനുള്ള ആവത് തുലോം പരിമിതമാണ്. എന്നാൽ ഏറ്റവും വിലപിടിപ്പുള്ള വക്കീലിനെവെച്ച് കേസ് വാദിച്ചു കയറാൻ സമ്പന്നർക്ക് സാധിക്കുന്നു. വ്യവഹാരികമായ ഈ അസമത്വം പരിഹരിക്കുക എന്നത് ഏറ്റവും അടിയന്തരമായി നടക്കേണ്ട കാര്യമാണ്, അല്ലാത്തപക്ഷം ബഹുജനത്തിന് നീതിനിർവഹണപ്രക്രിയയിൽ വിശ്വാസം നഷ്ടപ്പെടാൻ ഇടവരുത്തും.
ഹാംലെറ്റ് നാടകത്തിലെ മറ്റൊരു സുപ്രധാന ഭാഷണമാണ്, പൊളോണിയസിന്റെ ചോദ്യമായ ‘പ്രഭുവേ, അങ്ങ് എന്താണ് വായിക്കുന്നത്’ എന്നതിന് മറുപടിയായി ഹാംലെറ്റ് ഉച്ചരിക്കുന്ന, ‘വാക്കുകൾ വാക്കുകൾ വാക്കുകൾ’ (words. words, words) എന്ന മറുപടി. അഗാധവായനക്കാരനായ ഹാംലെറ്റ് വാക്കുകളേക്കാൾ കൂടുതലായി മറ്റൊന്നും ഇഷ്ടപ്പെടുന്നില്ല. വാക്കുകളിൽ മുഴുകിയിരിക്കുന്ന ഒരാൾ. പക്ഷെ വാക്കുകൾ തന്റെ അനിശ്ചിതവിചാരങ്ങൾക്ക് പ്രതിവിധിയാകുന്നില്ല. സ്റ്റാറ്റ്യൂട്ട് പുസ്തകങ്ങൾ വാക്കുകളുടെ സമാഹാരങ്ങളാണ്. സ്റ്റാറ്റ്യൂട്ട് വ്യാഖ്യാനമെന്നാൽ ഓരോ വാക്കും സന്ദർഭത്തിന്റെ അർത്ഥപ്രാധാന്യത്തോടെ വ്യാഖ്യാനിക്കണമെന്നാണ്. അത്രമേൽ പാവനമായ വാക്കുകൾ പോലും തന്റെ തീരുമാനബലക്ഷയത്തെ മറികടക്കാൻ അപര്യാപ്‌തമാകുന്നു.
പെഗാസസ് ഉൾപ്പെടെയുളള കേസുകളിൽ സ്വകാര്യതാലംഘനം ആരോപിക്കപ്പെട്ടപ്പോഴൊന്നും ആധാർ കേസിലെ വിധി ഒരു പ്രതിവിധിയായി വന്നില്ല എന്നത് വാസ്തവമാണ്.
ഹാംലെറ്റ് ഭയചകിതനാണ്. പരമാധികാരം രാജാവിൽ കേന്ദ്രിതമാണ്. വ്യവസ്ഥയെ പുനഃസ്ഥാപിക്കാൻ നിയോഗിതനാണെന്നു ബോധ്യമുണ്ടായിരിക്കുമ്പോഴും പരമോന്നതമായ പരമാധികാരത്തെ ഭേദിക്കാനാകില്ല എന്ന ആകുലതയാണ് ബുദ്ധിമാനമായ ഹാംലെറ്റിനെ മഥിക്കുന്നത്. അതിവാചാലത ഹാംലെറ്റിന്റെ പ്രത്യേകതയായിരുന്നു. വാക്കുകൾ അർത്ഥശൂന്യങ്ങളാവുകയും നാടകം മഹാദുരന്തത്തിൽ കലാശിക്കുകയും ചെയ്യുന്നു. നീതിപൂർവകമായ വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെട്ടില്ല എന്നുമാത്രമല്ല, നിഷ്കളങ്കർക്കും ജീവൻ ബലിയർപ്പിക്കേണ്ടിവന്നു. നാടകാന്തം ഹാംലെറ്റ് ഉറ്റ ചങ്ങാതിയായ ഹൊറാഷിയോവിനോട് പറയുന്നത് ഇത്ര മാത്രം: ശേഷം നിശ്ശബ്ദത.
ഷേക്‌സ്‌പിയറിന്റെ അനശ്വരനായ ദുരന്തനായകൻ ഹാംലെറ്റിനെ നമ്മുടെ നീതിമണ്ഡലത്തിലെ ഏറ്റവും പ്രതീക്ഷയുർത്തിയ അഗാധപണ്ഡിതനും നീതിനിഷ്ഠനുമായ ഒരു ന്യായാധിപനുമായി സാദൃശ്യപ്പെടുത്തുക പ്രയാസകരമാണ്. വ്യക്തിത്വത്തിന്റെ ഔത്കൃഷ്ട്യത്തെ അനുഭവവേദ്യമാക്കാൻ താരതമ്യങ്ങൾ സഹായകമാകാം.
സ്വകാര്യതയെ മൗലികാവകാശമാക്കിക്കൊണ്ടുള്ള വിധിന്യായവും ജാമ്യമാണ് നിയമമെന്ന നീതിസാരവും ഇലക്ടറൽ ബോണ്ട് അവസാനിപ്പിച്ചുകൊണ്ടുള്ള ധീരമായ നീതിനിർവഹണവും, അതേപോലെ സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന മദ്രസ്സകൾ പൂട്ടാനുള്ള ദേശീയ ബാലാവകാശ കമീഷന്റെ ഉത്തരവ് സ്റ്റേ ചെയ്തുള്ള വിധിപ്രസ്താവവും ഭരണഘടനദത്തമായ ഉയർന്ന മൂല്യങ്ങളെ പരിരക്ഷിക്കുന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധികളാണ്. എങ്കിലും അപൂർണമായി അവശേഷിക്കുന്ന വിധിപ്രസ്താവങ്ങളുമുണ്ട്.
വിശ്വാസങ്ങൾ (രഹസ്യാത്മകമായല്ല) തീർത്തും സ്വകാര്യമായിരിക്കേണ്ടത് പ്രധാനമായിരിക്കെ, അത് പ്രകടമാക്കപ്പെടുന്നത് പരമോന്നത നീതിപീഠത്തിലെ ഏറ്റവും ഉന്നതനായ വ്യക്തിത്വമാകുമ്പോൾ, അത് ആശയക്കുഴപ്പം സൃഷ്ടിക്കും. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അന്യാദൃശമായ പാണ്ഡിത്യവും മികവും വിധിപ്രസ്താവങ്ങളിലെ ധീരതയും തന്നെ പിന്തുടർന്നുവരുന്നവർക്ക് അനുകരണീയമായിരിക്കുമെന്നാണ് സിവിൽ സമൂഹം പ്രതിക്ഷീച്ചിരിക്കുക. അദ്ദേഹം ഉന്നതമായ സ്ഥാനത്തിരിക്കുന്ന വ്യക്തിത്വമാകയാൽ, ആ വ്യക്തി ചെയ്യുന്നത് മറ്റുള്ളവർക്ക് മാതൃകയാകും. വീട്ടിലെ ഒരു സ്വകാര്യ ചടങ്ങിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യം രാഷ്ട്രീയ അധികാരവുമായുള്ള അടുപ്പമായിട്ടല്ല, പകരം, സാധാരണ കാര്യമായിട്ടാണ് ജസ്റ്റിസ് ചന്ദ്രചൂഡ് കണ്ടിട്ടുണ്ടാവുക. പക്ഷെ ഇത് മാതൃകയാക്കാൻ പോകുന്ന മറ്റൊരു ഉന്നതാധികാരി, ഇതിൽനിന്ന് ഭിന്നമായി, അധികാരസേവയാണ് ലക്ഷ്യമാക്കുന്നതെങ്കിൽ ഏതോ നിലയിൽ ഇതിനുള്ള നീതിമത്കരണമാകാം, ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ സ്വകാര്യ മതപരമായ ചടങ്ങിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യം. അതൊരു ഇടർച്ചയാകുന്നു.
സമകാലിക ഇന്ത്യയിൽ ഏറ്റവും ആകർഷമായ ഒരു വ്യക്തിത്വത്തിന്റെ ഭിന്നഭാവങ്ങളെ നോക്കിക്കാണുമ്പോൾ ലോകസാഹിത്യത്തിലെ ഏറ്റവും അറിവുള്ള, എന്നാൽ, അറിവ് ധീരതയ്ക്ക് ആത്മപ്രതിബന്ധമായ ഷേക്‌സ്‌പിയറുടെ ഹാംലെറ്റ് എന്ന കഥാപാത്രത്തെ എങ്ങനെ അനുസ്മരിക്കാതിരിക്കും?