‘മനുഷ്യത്വരഹിതമായ വിധി, ജഡ്ജിയുടെ വിവരക്കേട്’,
മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന വിധി തള്ളി സുപ്രീംകോടതി

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി.

News Desk

ലാത്സംഗശ്രമവുമായി ബന്ധപ്പെട്ട അലഹാബാദ് ഹൈക്കോടതിയുടെ വിവാദ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതോ, പൈജാമയുടെ കെട്ട് അഴിക്കുന്നതോ ബലാത്സംഗശ്രമമായി കരുതാനാവില്ലെന്ന അലഹാബാദ് കോടതിയുടെ വിധിക്കാണ് സ്റ്റേ.

തീർത്തും മനുഷ്യത്വരഹിതവും അശ്രദ്ധവുമായ വിധിയാണ് കീഴ്ക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ബി.ആർ. ഗവായ്, എ. ജി. മസിഹ് എന്നിവർ കുറ്റപ്പെടുത്തി. കേസിൽ കേന്ദ്രസർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം വിധിപ്രസ്താവങ്ങൾ അനുവദിക്കാൻ സാധിക്കില്ലെന്നും ഗൌരവത്തോടെയാണ് ഇത് കണക്കാക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജഡ്ജിയുടെ ഭാഗത്ത് നിന്നുണ്ടായത് ശുദ്ധ വിവരക്കേടാണ്. ഇത്രയും രൂക്ഷമായി സംസാരിക്കുന്നതിൽ ഖേദമുണ്ട്.

ഒരു പോക്സോ കേസ് പരിഗണിക്കവേ അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര വിവാദ വിധിപ്രസ്താവം നടത്തിയത്. പവൻ, ആകാശ് എന്നീ പ്രതികളാണ് കീഴ്ക്കോടതിയിൽ നിന്നും പ്രതികൂലവിധി ഉണ്ടായതിനെ തുടർന്ന കേസിൽ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്. അമ്മയ്ക്കൊപ്പം നടന്നുപോകവേയാണ് 11 വയസ്സുകാരിയായ പെൺകുട്ടിയെ മോട്ടോർ ബൈക്കിലെത്തിയ യുവാക്കൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ യുവാക്കൾ പിന്നീട് കുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുകയും പൈജാമ അഴിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന്, കുട്ടിയുടെ അമ്മ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് കീഴ്ക്കോടതി യുവാക്കൾക്കെതിരെ പോക്സോ കേസ് നിലനിൽക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനെതിരെ യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള വിധി അലഹാബാദ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.

ഒരു പോക്സോ കേസ് പരിഗണിക്കവേ അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര വിവാദ വിധിപ്രസ്താവം നടത്തിയത്.
ഒരു പോക്സോ കേസ് പരിഗണിക്കവേ അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര വിവാദ വിധിപ്രസ്താവം നടത്തിയത്.

കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട് മറ്റൊരാൾ രക്ഷിക്കാനെത്തിയതോടെയാണ് പ്രതികൾ ഓടിരക്ഷപ്പെട്ടത്. അതിനാൽ തന്നെ ബലാത്സംഗശ്രമമെന്ന് ഉറപ്പിച്ച് പറയാൻ പറ്റുന്ന തരത്തിൽ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നായിരുന്നു ഹൈക്കോടതിയിൽ കേസ് പരിഗണിച്ച റാം മനോഹർ മിശ്രയുടെ വിധി. ഇത് രാജ്യത്താകെ തന്നെ വലിയ ചർച്ചയായി മാറിയിരുന്നു.

അഭിഭാഷക ശോഭ ഗുപ്ത നൽകിയ കത്തിൻെറ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഇപ്പോൾ കേസ് പരിഗണിച്ചത്. ഇതേകേസിൽ നേരത്തെ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതിയിലെ തന്നെ ജഡ്ജിമാരായ ബേല എം.ത്രിവേദി, പി.ബി. വരാലെ എന്നിവർ വിസമ്മതിച്ചതും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

Comments