Photo: Two circles

മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി, യു.പി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ചു

ഏതെങ്കിലും നിയമനിർമാണത്തിൽ മതപരമായ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ഭരണഘടനാ വിരുദ്ധമാണെന്നു പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.

National Desk

2004-ലെ യു.പി മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം (Uttar Pradesh Board of Madarsa Education Act 2004) റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. 2004-ലെ യു.പി മദ്രസ എഡ്യുക്കേഷൻ നിയമത്തിന്റെ നിയമസാധുത ശരിവച്ച സുപ്രീംകോടതി, മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും പ്രവർത്തനം തുടരാമെന്നും വ്യക്തമാക്കി. സുപ്രീംകോടതി വിധിയോടെ, യു.പിയിലെ 13,000-ഓളം മദ്രസകൾക്ക് സംസ്ഥാന സർക്കാൻ നിഷ്‌കർഷിക്കുന്ന വിദ്യാഭ്യാസ നിലവാരത്തോടെ പ്രവർത്തിക്കാൻ സാഹചര്യമൊരുങ്ങി.

മതവിദ്യാഭ്യാസത്തിനൊപ്പം സ്‌കൂൾ വിദ്യാഭ്യാസം കൂടി നൽകുന്നതാണ് യു.പി അടക്കമുള്ള പല സംസ്ഥാനങ്ങളിലെയും മദ്രസകൾ. സർക്കാർ സഹായത്തോടെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. യു.പിയിൽ ആകെ 23,500 മദ്രസകളാണുള്ളത്. ഇവയിൽ 16,513 മദ്രസകൾക്കാണ് സംസ്ഥാന സർക്കാർ അംഗീകാരമുള്ളത്. അംഗീകാരമുള്ളവയിൽ 560 എണ്ണത്തിന് സർക്കാർ ധനസഹായവും ലഭിക്കുന്നുണ്ട്.

ഏതെങ്കിലും നിയമനിർമാണത്തിൽ മതപരമായ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ഭരണഘടനാ വിരുദ്ധമാണെന്നു പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരും ബഞ്ചിലുണ്ടായിരുന്നു.
മദ്രസ ബോര്‍ഡ് നിയമത്തിന്റെ നടപടിക്രമങ്ങള്‍, മദ്രസ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ളതാണ്. അല്ലാതെ, മദ്രസകളുടെ ദൈനംദിന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ളതല്ല. മദ്രസകളില്‍നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് മാന്യമായ ജീവിതത്തിനുള്ള വഴി ഉറപ്പാക്കുകയെന്ന സംസ്ഥാനത്തിന്റെ ബാധ്യതക്കും ന്യൂനപക്ഷ അവകാശസംരക്ഷണത്തിന്റെ മാര്‍ഗനിര്‍ദേശത്തിനും അനുസൃതമായാണ് ഈ നിയമം പ്രവര്‍ത്തിക്കുന്നത്- വിധിയിൽ സുപ്രീംകോടതി പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ മദ്രസ മാനേജർമാരുടെയും അധ്യാപകരുടെയും സംഘടനകളാണ് അപ്പീൽ നൽകിയത്.

ഏതെങ്കിലും നിയമനിർമാണത്തിൽ മതപരമായ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ഭരണഘടനാ വിരുദ്ധമാണെന്നു പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച്.
ഏതെങ്കിലും നിയമനിർമാണത്തിൽ മതപരമായ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ഭരണഘടനാ വിരുദ്ധമാണെന്നു പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച്.

ആധുനിക കാലത്തിനനുസരിച്ച് വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുംവിധം മദ്രസകളെ നിയന്ത്രിക്കുന്നതിൽ സംസ്ഥാനത്തിന് സജീവമായ പങ്കാളിത്തമുണ്ടെന്നും അത് ന്യൂനപക്ഷ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ച് നടത്തുന്നതിനുള്ള അവകാശത്തിന്റെ നിഷേധമാകരുത് എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

യു.ജി.സി നിയമവുമായി ഒത്തുപോകാത്ത കാമിൽ, ഫാസിൽ സർട്ടിഫിക്കറ്റുകൾക്ക് യു.പി മദ്രസ വിദ്യാഭ്യാസ ബോർഡിന് അംഗീകാരം നൽകാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കാരണം, ഇവ പന്ത്രണ്ടാം ക്ലാസിനുശേഷം നൽകുന്ന സർട്ടിഫിക്കറ്റുകളാണ്. മദ്രസകൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ബിരുദം നൽകാനാകില്ലെന്നും അത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

മദ്രസ ബോർഡ് രൂപവത്കരണം മതനിരപേക്ഷതക്ക് എതിരാണ് എന്ന ഹൈക്കോടതി നിലപാട് പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. മദ്രസ വിദ്യാർഥികൾക്ക് നിലവാരമുള്ളതും മതനിരപേക്ഷവുമായ വിദ്യാഭ്യാസം ഉറപ്പാക്കലാണ് ലക്ഷ്യമെങ്കിലും അതിനുള്ള പോംവഴി നിയമം റദ്ദാക്കലല്ല, പകരം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കലായിരുന്നു എന്ന് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയിരുന്നു.

യു.പി മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിയിലെ പ്രധാന പരാമർശങ്ങൾ ഇതായിരുന്നു: യു.ജി.സി നിയമത്തിനും ഭരണഘടനയിലെ തുല്യത എന്ന സങ്കൽപ്പത്തിനും എതിരാണ് മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം.
14 വയസ്സ് വരെയുള്ളവർക്ക് ഗുണനിലവാരമുള്ള നിർബന്ധിത വിദ്യാഭ്യാസം നൽകുന്നതിൽ യു.പി മദ്രസ നിയമം പരാജയപ്പെട്ടു.
മറ്റ് സ്‌കൂൾ വിദ്യാർഥികളെ പോലെ ഇവർക്ക് തുല്യ വിദ്യാഭ്യാസം ലഭിക്കുന്നില്ല. ഒന്നു മുതൽ എട്ടുവരെ ഖുർആനും ഇസ്‌ലാമിക നിയമങ്ങളുമാണ് നിർബന്ധമായി പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മദ്രസ വിദ്യാഭ്യാസം ഗുണനിലവാരമുള്ളതോ സാർവത്രികമോ അല്ല.
ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21, 21 എ എന്നിവയുടെ ലംഘനവും 1956-ലെ യു.ജി.സി നിയമത്തിലെ 22-ാം വകുപ്പിന്റെ ലംഘനവുമാണ് ഈ നിയമം.
മദ്രസകൾ പോലുള്ള മതസ്ഥാപനങ്ങളുടെ ഭരണത്തിലും ധനസഹായത്തിലും സംസ്ഥാനം നേരിട്ട് ഇടപെടുന്നത് ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷ സ്വഭാവത്തിന് വിരുദ്ധമാണ്.
മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി, മദ്രസകളില്‍ പഠിക്കുന്നവര്‍ക്ക് ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരിക്കാന്‍ യു.പി. സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ആധുനിക കാലത്തിനനുസരിച്ച് വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുംവിധം മദ്രസകളെ നിയന്ത്രിക്കുന്നതിൽ സംസ്ഥാനത്തിന് സജീവമായ പങ്കാളിത്തമുണ്ട്.  Photo: Two circles
ആധുനിക കാലത്തിനനുസരിച്ച് വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുംവിധം മദ്രസകളെ നിയന്ത്രിക്കുന്നതിൽ സംസ്ഥാനത്തിന് സജീവമായ പങ്കാളിത്തമുണ്ട്. Photo: Two circles

മദ്രസകൾക്ക് ധനസഹായം നൽകരുതെന്ന ദേശീയ ബാലാവകാശ കമീഷൻ നിർദേശത്തെയും സുപ്രീംകോടതി നിശിതമായി വിമർശിച്ചിരുന്നു. കമീഷന് മദ്രസകളിൽ മാത്രം എന്താണ് താൽപര്യമെന്നാണ് സുപ്രീംകോടതി ചോദിച്ചത്: ''കുട്ടികൾക്ക് മതപഠനം പാടില്ല എന്നാണോ ബാലവകാശ കമീഷൻ നിലപാട്? ഒരു മതത്തിന്റെയും പാഠശാലകളിലേക്ക് കുട്ടികളെ അയക്കരുത് എന്നാണോ നിലപാട്? കുട്ടികളെ സന്യാസി മഠങ്ങളിലേക്ക് അയക്കുന്നതിനെക്കുറിച്ച് എന്താണ് നിലപാട്?''
ബാലാവകാശ കമീഷൻ നിർദേശത്തെതുടർന്ന് യു.പിയും ത്രിപുരയും നടപടി തുടങ്ങുകയും ചെയ്തു.

നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കി വിദ്യാർഥികളെ സ്ഥലം മാറ്റാനായിരുന്നു ഹൈക്കോടതി നിർദേശം. ഇത് 17 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.

മദ്രസകളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന ബോർഡുകളെ ശക്തിപ്പെടുത്താനാണ് 2004-ൽ യു.പി മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം കൊണ്ടുവന്നത്. അറബി, ഉറുദു, പേർസ്യൻ, ഇസ്‌ലാമിക പഠനം, തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ മദ്രസ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. പാഠ്യപദ്ധതി രൂപീകരിച്ച് പരീക്ഷകൾ നടത്തുന്നതിനും ബോർഡുകൾക്ക് അധികാരമുണ്ട്.
മദ്രസകളുടെ പ്രവർത്തനം നിയന്ത്രിക്കാനും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുമാണ് സർക്കാർ മേൽനോട്ടം ഏർപ്പെടുത്തിയത്. ഏകീകൃതവും വിദ്യാഭ്യാസ മാനദണ്ഡങ്ങൾ പാലിക്കുന്നതും സർക്കാരിനെ അനുവദിച്ചു.

മദ്രസാ ബോർഡ് നിയമം റദ്ദാക്കാൻ ഹൈക്കോടതിക്ക് അവകാശമില്ലെന്ന് മദ്രസ വിദ്യാഭ്യാസ ബോർഡിനുവേണ്ടി ഹാജരായ അഭിഷേക് സിംഗ്‌വി പറഞ്ഞു. മതവിദ്യാഭ്യാസം എന്നത് മതപരമായ പ്രബോധനമല്ലെന്നും ഹൈക്കോടതി ഉത്തരവ് 10,000 മദ്രസ അധ്യാപകരെയും 17 ലക്ഷം വിദ്യാർഥികളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു.

ആധുനിക വിഷയങ്ങൾ ഉൾപ്പെടുത്തി മദ്രസകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും അതുവഴി വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 21 എ പ്രകാരമുള്ള സംസ്ഥാനത്തിന്റെ ബാധ്യത നിറവേറ്റാനുമാണ് യു.പി മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ഉദ്ദേശിക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു. ആർട്ടിക്കിൾ 30 പ്രകാരം മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അവകാശമുണ്ടെന്നും അവർ വാദിച്ചു.

എന്നാൽ, മതവിദ്യാഭ്യാസത്തിൽ ഭരണകൂടം ഇടപെടുന്നത് അഭികാമ്യമല്ല എന്നായിരുന്നു എതിർവാദം. സംസ്ഥാന സർക്കാർ മദ്രസകളെ നിയന്ത്രിക്കുന്നതും അവയ്ക്ക് ധനസഹായം നൽകുന്നതും ഭരണകൂടവും മതവും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതാക്കുമെന്നും അത് മതേതര ചട്ടക്കൂടിന്റെ ലംഘനത്തിലേക്ക് നയിക്കുമെന്നുമായിരുന്നു എതിർവാദം. മാത്രമല്ല, ഈ നിയമം ഒരു സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രത്യേകാവകാശങ്ങൾ അനുവദിച്ചുവെന്നും മറ്റുള്ളവരോട് വിവേചനം കാണിക്കാൻ സാധ്യതയുണ്ടെന്നും വാദമുയർന്നു.

Comments