Photo: SLpixeLS / flickr

CrPC 125 വകുപ്പനുസരിച്ച് മുസ്‌ലിം സ്ത്രീക്ക് ജീവനാംശം തേടാം- സുപ്രീംകോടതി

സി ആർ പി സി 125-ാം വകുപ്പ്, വിവാഹിതരായ സ്ത്രീകൾക്കു മാത്രമല്ല, എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നു വ്യക്തമാക്കിയാണ് നിർണായക വിധി. 1986-ലെ മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണ നിയമം, സി ആർ പി സി 125-ാം വകുപ്പിനുമീതെയല്ല എന്നും സുപ്രീം​കോടതി.

National Desk

വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് മുൻ ഭർത്താവിൽനിന്ന്, ക്രിമിനൽ നടപടിചട്ടത്തിലെ 125ാം വകുപ്പുപയോഗിച്ച് (സി ആർ പി സി 125) ജീവനാംശം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി. 1986-ലെ മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണ നിയമം, സി ആർ പി സി 125-ാം വകുപ്പിനുമീതെയല്ല എന്നും സുപ്രധാന വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി.

സെക്ഷൻ 125 പ്രകാരം താൻ വിവാഹമോചനം നടത്തിയ മുൻ ഭാര്യക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന തെലങ്കാന ഹൈകോടതി വിധിക്കെതിരായ മുഹമ്മദ് അബ്ദുൽ സമദ് എന്നയാളുടെ ഹർജിയിലാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബഞ്ചിന്റെ വിധി. സി ആർ പി സി 125-ാം വകുപ്പ് വിവാഹിതരായ സ്ത്രീകൾക്കു മാത്രമല്ല, എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നു വ്യക്തമാക്കിയാണ് നിർണായക വിധി. ജൂലൈ ഒന്നിന് മുമ്പുള്ള കേസുകൾക്കായിരിക്കും ഇത് ബാധകമാകുക.

1986-ലെ മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണ നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് സെക്ഷൻ 125 സി.ആർ.പി.സി പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, മുൻ ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്നും ജീവനാംശം ലഭിക്കുന്നതിനായി ക്രിമിനൽ നടപടി ചട്ടത്തിലെ 125ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജീവനാംശം എന്നത് ചാരിറ്റിയല്ലെന്നും വിവാഹിതകളുടെ അവകാശമാണെന്നും അത് ഏതു മതത്തിലെയും വിവാഹിതരായ സ്ത്രീകൾക്ക് ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. സെക്ഷൻ 125 പ്രകാരമുള്ള കേസിനിടെ, ഒരു മുസ്‍ലിം സ്ത്രീ വിവാഹമോചനം നേടിയാൽ, അവർക്ക് 2019-ലെ മുസ്‍ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമത്തെ ആശ്രയിക്കാമെന്ന് കോടതി വ്യക്തമാക്കി.

സി ആർ പി സി 125-ാം വകുപ്പ് മതേതര സ്വഭാവത്തിലുള്ളതാണെന്നും അത് മുസ്‌ലിം സ്ത്രീക്കും ബാധകമാണെന്നുമാണ്, ചരിത്രപ്രസിദ്ധമായ ഷാബാനു കേസ് വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാൽഇതിനെ മറിടകടക്കാനായി 1986-ൽ സർക്കാർ നിയമനിർമാണം നടത്തുകയായിരുന്നു. ഈ നിയമം ചൂണ്ടിക്കാട്ടിയാണ്, ഈ കേസിലെ ഹർജിക്കാരൻ വാദിച്ചത്.

Comments