സംസ്ഥാന നിയമസഭകൾ അംഗീകരിക്കുന്ന ബില്ലുകൾക്ക് അനുമതി നൽകുന്നതിന് ഗവർണർക്കും പ്രസിഡണ്ടിനും സമയക്രമം നിശ്ചയിച്ച സുപ്രീം കോടതി വിധിയിന്മേലുള്ള പ്രസിഡണ്ടിന്റെ reference -ൽ സുപ്രീം കോടതി ഇന്ന് തങ്ങളുടെ അഭിപ്രായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സമയക്രമം നിശ്ചയിച്ച രണ്ടംഗ ബഞ്ചിന്റെ വിധി ശരിയല്ല എന്നാണ് reference-നുള്ള മറുപടിയിൽ ഇപ്പോൾ സുപ്രീം കോടതി പറയുന്നത്. ഇന്ത്യയിലെ ഭരണഘടനയുടെ ദുർബ്ബലമായ ഫെഡറൽ സ്വഭാവത്തെ ഒന്നുകൂടി ദുർബ്ബലമാക്കാൻ മാത്രമേ സുപ്രീം കോടതിയുടെ ഈ വ്യാഖ്യാനം സഹായിക്കുകയുള്ളൂ.
സംസ്ഥാന നിയമസഭകൾ അംഗീകരിച്ച ബില്ലുകൾക്ക് അനുമതി നൽകുന്നതിന് ഗവർണമാർക്കും പ്രസിഡണ്ടിനും സമയക്രമം നിശ്ചയിക്കുകയും സമയക്രമത്തിനപ്പുറം കാരണങ്ങൾ കൂടാതെ അനുമതി നൽകാതിരിക്കുന്ന ബില്ലുകൾക്ക് സ്വാഭാവികമായി അനുമതി കിട്ടിയതായി കണക്കാക്കുകയും ചെയ്യുമെന്നാണ് State of Tamil Nadu v The Governor of Tamil Nadu & Anr (2025) കേസിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിധിച്ചത്. സംസ്ഥാന നിയമസഭകൾ അംഗീകരിക്കുന്ന ബില്ലുകൾ മടക്കി അയക്കാനും നിയമസഭാ അവ വീണ്ടും അംഗീകരിച്ച് അനുമതിക്കയച്ചാൽ അവയ്ക്ക് അനുമതി നൽകാനും പ്രസിഡണ്ടിന്റെ അനുമതിക്കയക്കുന്നതിനും പ്രസിഡണ്ട് അനുമതി നൽകുന്നതിനുമുള്ള സമയക്രമം ഭരണഘടനയിൽ കൃത്യമായി പറഞ്ഞിട്ടില്ല. സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾക്ക് മുകളിൽ ജനാധിപത്യവിരുദ്ധമായ തരത്തിൽ കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായി ബില്ലുകൾക്ക് അനുമതി നൽകാതിരിക്കലും വൈകിപ്പിക്കലും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഒരു രാഷ്ട്രീയ പദ്ധതിയായി മാറ്റിയിരുന്നു. തമിഴ്‌നാട് സർക്കാർ അനുമതിക്കായി സമർപ്പിച്ച പത്ത് ബില്ലുകൾ ഇത്തരത്തിൽ വർഷങ്ങളായി വൈകിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ പോയതിനെത്തുടർന്നാണ് മേൽപ്പറഞ്ഞ വിധിയുണ്ടാകുന്നത്. വിധിയിൽ പറയുന്ന സമയക്രമത്തിനപ്പുറം വൈകിയാൽ അനുമതി “deemed assent” ആയി കണക്കാക്കുമെന്നും കോടതി പറഞ്ഞു. അങ്ങനെ തമിഴ്നാട് സർക്കാരിന്റെ ബില്ലുകൾക്ക് അംഗീകാരവും നൽകി.
ഇതിനെത്തുടർന്നാണ് കേന്ദ്രം വിധി പുനഃപരിശോധിക്കാനുള്ള വഴി ഉപയോഗിക്കാതെ രാഷ്ട്രപതിയുടെ reference എന്ന കുറുക്കുവഴിയിലൂടെ നീങ്ങിയത്. ബില്ലുകൾക്ക് അനുമതി നൽകുന്നതിലുള്ള ഗവർണറുടെയും പ്രസിഡണ്ടിന്റെയും ചുമതലകളെക്കുറിച്ച് വിശദമാക്കുന്ന ഭരണഘടനയുടെ 200, 201 അനുഛേദം ഈ നടപടികൾക്ക് മുകളിൽ അനുഛേദം 142 എന്ന സുപ്രീം കോടതിയുടെ judicial review -നുള്ള അധികാരത്തിന്റെ സാധ്യതയും പരിമിതിയുമാണ് പ്രധാനമായും പ്രസിഡണ്ട് നൽകിയ 14 ചോദ്യങ്ങളിലുള്ളത്. ഇതിനുള്ള ഉത്തരങ്ങളിലാണ് സുപ്രീം കോടതി തമിഴ്നാട് കേസിലെ വിധിയെ ഏതാണ്ട് പൂർണ്ണമായും തള്ളിപ്പറയുന്നത്.
സുപ്രീം കോടതി തങ്ങളുടെ judicial review -നുള്ള സാധ്യതയെ സ്വയം പരിമിതപ്പെടുത്തുന്ന ഒന്നാണ് ഇത്. വളരെ പരിമിതമായ തോതിൽ, ബില്ലുകൾക്കുള്ള അനുമതി വൈകുന്ന ഘട്ടത്തിൽ judicial review സാധ്യമാണ് എന്ന് കോടതി ഒതുക്കത്തിൽ പറയുന്നുണ്ട് എന്നത് മറ്റൊരു കാലത്ത് ഈ ദുരവസ്ഥയിൽ നിന്നുള്ള മറ്റൊരു ജനാധിപത്യ വ്യാഗധ്യാനത്തിനുള്ള സാധ്യത അവശേഷിപ്പിക്കുന്നു എന്ന് മാത്രം.

ഗവർണർ സംസ്ഥാന സർക്കാരിന്റെ ഉപദേശങ്ങൾക്കനുസരിച്ചാണ് തീരുമാനങ്ങളെടുക്കേണ്ടതെന്നും ഗവർണറുടെ തീരുമാനമെന്നത് വ്യക്തിഗതമായ discretionary power അല്ലെന്നും ഷംഷേർ സിങ് കേസടക്കം ഏറ്റവും പുതിയതായുള്ള തമിഴ്നാട്, പഞ്ചാബ് കേസുകളിലടക്കം സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർമാരുടെ വിവേചനാധികാരം സംസ്ഥാനങ്ങളുടെ നിയമനിർമ്മാണാധികാരത്തിനെ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ഉപയോഗിക്കുന്ന ഒരു സാഹചര്യത്തെ നേരിടാനുള്ള check and balance സംവിധാനം ഭരണഘടനയിൽ പറഞ്ഞിട്ടില്ല എന്നതൊരു പോരായ്മായാണ്. ആ പോരായ്മയെ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ ഭരണഘടനയെ കാലാനുസൃതമായി വ്യാഖ്യാനിക്കുകയും പ്രയോഗഗതികളിലുണ്ടാകുന്ന പ്രതിസന്ധികളെ ക്രിയാത്മകമായി മറികടക്കുകയും ചെയ്യുക എന്നത് സചേതനമായൊരു ജനാധിപത്യ ഭരണഘടനാ സംവിധാനത്തിന്റെ ചുമതലയാണ്. ഗവർണർമാർ സംസ്ഥാനങ്ങൾക്ക് മുകളിൽ വൈസ്രോയിമാരായി വാഴുന്ന ഒരു രാഷ്ട്രീയാധികാരാവസ്ഥയിൽ ഭരണഘടനയെ നിഷ്ക്കളങ്കമായ പ്രയോഗസാധ്യതകൾക്ക് വിട്ടുകൊടുക്കുന്നതല്ല ഒരു ഭരണഘടനാ കോടതിയുടെ ചുമതല.
ഗവർണർമാർ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ ഉപദേശ, നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കണം പ്രവർത്തിക്കേണ്ടതെന്ന ഭരണഘടനാ സങ്കല്പനത്തെയും അതിനെ പുരോഗമനപരമായി വ്യാഖ്യാനിക്കുന്ന തുടർ കോടതിവിധികളെയും പൂർണ്ണമായും തള്ളിക്കളയുന്നില്ല Presidential reference -ലെ കോടതിയുടെ അഭിപ്രായങ്ങൾ എന്നതൊരാശ്വാസമാണ്. എന്നാൽ unionistic ആയ തരത്തിലാണ് കോടതി സംസ്ഥാന-ഗവർണർ ബന്ധങ്ങളെ വ്യാഖ്യാനിക്കുന്നതെന്നത് ഇതിലെ വലിയ അപകടസൂചനകൾ തരുന്നു.

സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സംഘർഷം ഇന്ത്യയിൽ ഇനിയും രൂക്ഷമാകും. തെക്കേ ഇന്ത്യയും ബംഗാൾ അടക്കമുള്ള ഹിന്ദിപ്രദേശ ഇതര സംസ്ഥാനങ്ങളുമായിരിക്കും ഈ സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ നിൽക്കുന്നത്. ഇത് ഇന്ത്യയെന്ന രാഷ്ട്രീയ സങ്കല്പ്പനത്തെത്തന്നെ ഉലച്ചെടുക്കുന്നതായിരിക്കും.
Judicial review -നുള്ള ഭരണഘടനാ കോടതിയുടെ അധികാരങ്ങൾ ചരിത്രപരമായി ഉരുത്തിരിഞ്ഞുവന്നതാണ്. ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസൃതമായി അതിനെ ചുരുക്കിക്കളയുന്ന, കയ്യൊഴിയുന്ന ഒളിച്ചോട്ടമാണ് സുപ്രീം കോടതി നടത്തിയത്. Presidential reference പിന്നീടുവരുന്ന വ്യവഹാരങ്ങളിൽ നിർബന്ധമായും കണക്കിലെടുക്കേണ്ട ഒന്നല്ലെങ്കിലും പ്രായോഗികമായി രാജ്യത്തെ രാഷ്ട്രീയാധികാരത്തിന്റെ ഒപ്പം നിൽക്കുന്ന പ്രവണതയാണ് സുപ്രീം കോടതി കാണിക്കുന്നത്. അതുകൊണ്ടുതന്നെ വരുംകാലത്ത് ഇന്ത്യയുടെ ഫെഡറൽ ഘടന കൂടുതൽ കടുത്ത ആക്രമണത്തിന് വിധേയമാകും. ആ സംഘർഷത്തിൽ തങ്ങൾ വെറും കാണി മാത്രമായിരിക്കുമെന്ന സന്ദേശം കൂടിയാണ് സുപ്രീം കോടതി ഇന്നിപ്പോൾ നൽകിയത്.
