കെട്ടിട നിർമാണ ചട്ടങ്ങളിൽ മാറ്റം, പെർമിറ്റ് 15 വർഷത്തേക്ക്

തദ്ദേശവകുപ്പുകളിൽ വിവിധ ആവശ്യങ്ങളുമായെത്തുന്നവർക്ക് സേവനങ്ങൾ ഉറപ്പുവരുത്താതെ അനാവശ്യമായി വൈകിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി

News Desk

കെട്ടിട നിർമാണ ചട്ടങ്ങളിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് തദ്ദേശവകുപ്പ്. പെർമിറ്റ് കാലാവധി 15 വർഷത്തേക്ക് വർധിപ്പിച്ചതടക്കമുള്ള മാറ്റങ്ങളാണ് വരുത്തുന്നത്. കെട്ടിട നിർമാണ പെർമിറ്റിന് നിലവിൽ അഞ്ച് വർഷമാണ് കാലാവധി. അത് അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ നിലിവിൽ വ്യവസ്ഥയുണ്ട്. പ്രവൃത്തിയുടെ ആവശ്യാനുസരണം അഞ്ച് വർഷത്തേക്ക് കൂടി (മൊത്തം 15 വർഷം) ലളിതമായ നടപടികളിലൂടെ കാലാവധി നീട്ടാനാണ് തീരുമാനം.

നിർമാണം നടക്കുന്ന പ്ലോട്ടിൽ പാർക്കിങ്ങ് വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്തി. കെട്ടിടം ഉടമയുടെ പേരിലുള്ള തൊട്ടടുത്ത പ്ലോട്ടിൽ കൂടി പാർക്കിങ്ങിന് അനുമതി നൽകുന്നതിനാണ് തീരുമാനം. 25 ശതമാനം പാർക്കിങ്ങെങ്കിലും നിർമാണം നടക്കുന്ന പ്ലോട്ടിലും 75 ശതമാനം വരെ പാർക്കിങ്ങ് സമീപ പ്ലോട്ടിലുമാകാമെന്നാണ് നിബന്ധന.

പാർക്കിങ്ങിന് ഉപയോഗിക്കുന്ന ഭൂമി മറ്റ് നിർമാണ പ്രവർത്തനത്തിന് ഉപയോഗിക്കില്ല, മറ്റാർക്കും കൈമാറില്ലെന്ന് ഉടമയും തദ്ദേശസ്ഥാപന സെക്രട്ടറിയും കരാറിൽ ഏർപ്പെടണം
പാർക്കിങ്ങിന് ഉപയോഗിക്കുന്ന ഭൂമി മറ്റ് നിർമാണ പ്രവർത്തനത്തിന് ഉപയോഗിക്കില്ല, മറ്റാർക്കും കൈമാറില്ലെന്ന് ഉടമയും തദ്ദേശസ്ഥാപന സെക്രട്ടറിയും കരാറിൽ ഏർപ്പെടണം

കെട്ടിടമുള്ള പ്ലോട്ടിന്റെ 200 മീറ്ററിനുള്ളിലാകണം, വാഹനങ്ങൾക്ക് വരാനും പോകാനും സൗകര്യമുണ്ടായിരിക്കണം, പാർക്കിങ്ങിന് ഉപയോഗിക്കുന്ന ഭൂമി മറ്റ് നിർമാണ പ്രവർത്തനത്തിന് ഉപയോഗിക്കില്ലെന്നും മറ്റാർക്കും കൈമാറില്ലായെന്ന് ഉടമയും തദ്ദേശസ്ഥാപന സെക്രട്ടറിയും കരാറിൽ ഏർപ്പെടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇളവ് നടപ്പിലാക്കുന്നത്. സ്കൂൾ, കോളേജ്, ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് ഫ്ലോർ ഏരിയ അനുസരിച്ചുള്ള കാർ പാർക്കിങ്ങ് സൗകര്യം ആവശ്യമാണ് എന്നതിലെ നിബന്ധനകളും ലഘൂകരിക്കും.

ഗാലറിയില്ലാത്ത ടർഫുകളുടെ പാർക്കിംഗ് വ്യവസ്ഥയിലും ഇളവ് നൽകാനാണ് തീരുമാനം. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് മാത്രം 106 ചട്ടങ്ങളിലായി സർക്കാറിന് മുന്നിൽ വന്ന 351 ഭേദഗതി നിർദേശങ്ങളിൽ നിന്നാണ് ഈ ഇളവുകൾ പ്രഖ്യാപിക്കുന്നതെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.

വിൽപന, ദാനം, റോഡിന് വിട്ടുനൽകൽ, ഭൂമി അധികമായി ആർജിക്കൽ തുടങ്ങിയതുപോലെ ഏതെങ്കിലും കാരണത്താൽ പ്ലോട്ടിന്റെ അളവിൽ വ്യത്യാസം വന്നാൽ അനുവദിച്ച പെർമിറ്റ് റദ്ദാക്കുക എന്നതാണ് നിലവിലെ രീതി. എന്നാൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കെട്ടിട ചട്ടലംഘനം ഇല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ഭേദഗതി കൊണ്ടുവരും.

25 ശതമാനം പാർക്കിങ്ങെങ്കിലും നിർമാണം നടക്കുന്ന പ്ലോട്ടിലും 75 ശതമാനം വരെ പാർക്കിങ്ങ് കെട്ടിടത്തിന്റെ ഉടമസ്ഥന്റെ പേരിലുള്ള സമീപ പ്ലോട്ടിലുമാകാമെന്നാണ് നിബന്ധന.

 തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ്
തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ്

പെർമിറ്റ് അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലും പരിഷ്കരണങ്ങൾ നിർദേശിച്ചിട്ടുണ്ട്. കെട്ടിട നിർമാണ പെർമിറ്റുകൾക്കുള്ള അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകാൻ ജില്ലാതലത്തിൽ സംവിധാനമൊരുക്കുന്നത് പരിശോധിക്കും. നിലവിൽ അപ്പീൽ നൽകേണ്ടത് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തദ്ദേശസ്ഥാപന ട്രൈബ്യൂണലിലാണ്. ഒറ്റ കേന്ദ്രം മാത്രമുള്ളതിനാൽ ഇത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ വിൽക്കുന്ന ചെറുപ്ലോട്ടുകൾക്ക് കെട്ടിട നിർമാണ പെർമിറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ട്. അത് ഒഴിവാക്കാൻ ആവശ്യമായ തരത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്തും.

അതോടൊപ്പം തന്നെ തദ്ദേശവകുപ്പുകളിൽ വിവിധ ആവശ്യങ്ങളുമായെത്തുന്നവർക്ക് സേവനങ്ങൾ ഉറപ്പുവരുത്താതെ അനാവശ്യമായി വൈകിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. അപേക്ഷകളിന്മേൽ ആവശ്യമായ രേഖകളുടെ ചെക്‌ലിസ്റ്റ് ഓൺലൈനായാലും അല്ലെങ്കിലും ആദ്യമെ അപേക്ഷകന് നൽകണമെന്നതടക്കം സമയബന്ധിത സേവനം ഉറപ്പാക്കാനും അഴിമതി തടയാനും സംവിധാനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.


Summary: The kerala government local department has announced reforms in the building regulations, including the extension of building permits for 15 years, m b rajesh


Comments