ഏകീകൃത സിവില്‍ നിയമം
ആര്‍.എസ്.എസിന്റെ ഹിന്ദുത്വ മേധാവിത്വ സൂത്രം

അതാത് സമൂഹങ്ങളില്‍ നിന്ന് വ്യക്തിനിയമങ്ങളിലെ വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളും സംവാദങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന് പരിഷ്‌ക്കരണങ്ങളിലേക്ക് സമൂഹങ്ങളെ സജ്ജരാക്കുകയെന്നതാണ് ജനാധിപത്യപരമായ സമീപനമെന്ന നിലപാട്​ വ്യക്തമാക്കുകയാണ്​, ഏക സിവിൽ കോഡ്​ ചർച്ചയിൽ പ​ങ്കെടുത്ത്​ കെ.ടി. കുഞ്ഞിക്കണ്ണൻ.

തീവ്ര ഹിന്ദുത്വ അജണ്ടയില്‍ നിന്ന് മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഏക സിവില്‍കോഡിനെതിരായ മതനിരപേക്ഷ പ്രതിരോധത്തിന്റെ വിശാലവേദികളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ജനാധിപത്യ ശക്തികള്‍ ഇന്ന് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. ആ ദിശയിലുള്ള നീക്കമാണ് സി.പി.ഐ (എം) ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാർട്ടികളും സാമൂഹ്യ- സാംസ്കാരിക സംഘടനകളും ചേര്‍ന്ന് ജൂലൈ15-ന് കോഴിക്കോട്ട്​ നടത്തുന്ന ദേശീയ സെമിനാര്‍. അത് ലക്ഷ്യമിടുന്നത് ഹിന്ദുത്വശക്തികള്‍ക്കെതിരായ പ്രതിരോധത്തിന്റെ വിശാലവേദിയാണ്.

ഏക സിവില്‍ കോഡ് ഉള്‍പ്പെടെ ബി.ജെ.പി സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടക്കെതിരായി നിലപാട് കടുപ്പിക്കാതെ ഇന്നത്തെ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തം നിര്‍വ്വഹിക്കാനാവില്ല. അയഞ്ഞ സമീപനങ്ങള്‍ക്കും ഔപചാരിക പ്രതികരണങ്ങള്‍ക്കുമപ്പുറം ഉറച്ച ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയ നിലപാടാണ് രാജ്യം ഇന്ന് ആവശ്യപ്പെടുന്നത്. ഹൈന്ദവദേശീയതയുടെ ഏകാത്മകതയിലേക്ക് ഇന്ത്യയുടെ ബഹുത്വത്തെയും ജനതയുടെ വിശ്വാസ വൈജാത്യങ്ങളെയും വിലയിപ്പിച്ചെടുക്കാനുള്ള ആസൂത്രിതമായ ഭരണനടപടികളുടെ ഭാഗമാണ് ഏക സിവില്‍ കോഡെന്ന് തിരിച്ചറിയണം. ആ തിരിച്ചറിവില്‍ നിന്നാണ് സി.പി.ഐ (എം) ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ഏക സിവില്‍കോഡിനെതിരായി ശക്തമായ നിലപാട് സ്വീകരിച്ചത്.

എന്നാല്‍ ചില കോണ്‍ഗ്രസ് നേതാക്കളും നവ നാസ്തികരും സംഘ്​പരിവാറുകാരും അവരുടെ മറുപുറം കളിക്കുന്ന മൗദൂദിസ്റ്റുകളും ഏക സിവില്‍കോഡിനെ എതിര്‍ക്കാന്‍ സി.പി.ഐ (എം)- ന് ധാര്‍മ്മികമായി അവകാശമില്ലെന്ന പ്രചാരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. അക്കാര്യങ്ങള്‍ വിശദമാക്കുന്നതിനുമുമ്പ് ഏക സിവില്‍കോഡിനോടുള്ള ഇടതുപക്ഷത്തിന്റെ സമീപനമെന്താണ് എന്നറിയേണ്ടതുണ്ട്​.

ഇ.എം.എസ് ഏക സിവില്‍ കോഡിനുവേണ്ടി ആവശ്യപ്പെട്ടിരുന്നു എന്നൊക്കെയുള്ള വസ്തുതാടിസ്ഥാനമില്ലാത്ത നുണകള്‍ തള്ളുകയാണ് മൗദൂദിസ്റ്റ് ഗ്രൂപ്പുകളും അവരുടെ സ്വാധീനത്തില്‍പ്പെട്ടവരും.

21-ാം ലോ കമീഷന്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സര്‍ക്കാരിന്റെ മുമ്പില്‍ വെച്ചിട്ടുള്ളതാണ്. ഏക സിവില്‍ നിയമം ഇപ്പോള്‍ ആവശ്യമോ അഭിമതമോ അല്ല എന്നാണ് ലോ കമീഷന്‍ പറയുന്നത്​. വിവിധ സാമൂഹ്യവിഭാഗങ്ങളിലെ സ്ത്രീപുരുഷ വിവേചനം പരിഹരിക്കാനാവശ്യമായ പരിഷ്‌കരണങ്ങള്‍ അതാത് മത- സാമൂഹ്യ വിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളില്‍ കൊണ്ടുവരുന്നതിനാവശ്യമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നാണ് ലോ കമീഷന്‍ നിര്‍ദ്ദേശം. 2018-ലെ ലോ കമീഷന്‍ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞാണ്​ 22-ാം ലോ കമീഷനോട് ഏക സിവില്‍ നിയമം ഉണ്ടാക്കാനാവശ്യമായ ബില്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യക്തി നിയമ പരിഷ്‌കരണത്തിന്റെ മറവില്‍ ആര്‍.എസ്.എസിന്റെ ‘ഏക രാജ്യം ഏക നിയമ’ സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനോട് ഭരണഘടനയുടെ മൗലികാവകാശങ്ങളോടും അതിന്റെ സാമൂഹ്യലക്ഷ്യങ്ങളോടും പ്രതിബദ്ധതയുള്ള ഒരാള്‍ക്കും യോജിക്കാനാവില്ല. ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കാവശ്യമായ പ്രത്യയശാസ്ത്ര പരിസരത്തില്‍ നിന്നാണ് അവര്‍ ഏക സിവില്‍ കോഡ് വാദം കാലാകാലങ്ങളായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് അവര്‍ക്ക് ലഭ്യമായ കേന്ദ്രാധികാരം ഉപയോഗിച്ച് ഏക സിവില്‍ കോഡ് അടിച്ചേല്‍പിക്കാനുള്ള ജനാധിപത്യവിരുദ്ധമായ നീക്കങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അത് 2024-ലെ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള ഭൂരിപക്ഷ സമുദായ ധ്രുവീകരണലക്ഷ്യത്തോടുകൂടിയുള്ളതാണ്. എല്ലാവിധ ആധുനിക സിവില്‍ സമൂഹ സങ്കല്‍പങ്ങളെയും നിരാകരിക്കുന്ന കൃത്യമായ വര്‍ഗീയ അജണ്ടയില്‍ നിന്നാണ് മോദി സര്‍ക്കാര്‍ ഏക സിവില്‍ നിയമവാദം ഉയര്‍ത്തുന്നതെന്ന കാര്യമാണ് മതനിരപേക്ഷ ശക്തികള്‍ ഗൗരവാവഹമായി കാണേണ്ടത്.

വിക്രമാദിത്യ സിംഗ്

കോണ്‍ഗ്രസുകാരുടെ പ്രശ്‌നം, അവരുടെ ദേശീയ നേതൃത്വത്തിന് ഈ വിഷയത്തില്‍ ഏകീകൃത നിലപാട് എടുക്കാന്‍ കഴിയുന്നില്ല എന്നതാണ്. മാത്രമല്ല, ഹിമാചല്‍ മന്ത്രിസഭാംഗമായ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗിനെപോലുള്ള പലരും ബി.ജെ.പിയുടെ ഏക സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയിട്ടുമുണ്ട്. മതനിരപേക്ഷ ജനാധിപത്യഘടനയെ തകര്‍ക്കുന്ന ആര്‍.എസ്.എസ് അജണ്ടക്കെതിരായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലാപടുകള്‍ സ്വീകരിക്കാന്‍ പലപ്പോഴും കോണ്‍ഗ്രസ് മടിച്ചുനില്‍ക്കുന്നതാണ് കഴിഞ്ഞ ഒമ്പതുവര്‍ഷമായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ പല കാര്യങ്ങളിലും കോണ്‍ഗ്രസ് ഹിന്ദുത്വത്തിന്റെ മാപ്പുസാക്ഷികളായി അധഃപതിക്കുന്നതാണ് നാം കണ്ടത്.

എന്‍.ഐ.എ, യു.എ.പി.എ നിയമഭേദഗതി, മുത്തലാഖ് നിരോധന നിയമം, 370-ാം വകുപ്പ് എടുത്തുകളയല്‍ ഈ പ്രശ്‌നങ്ങളിലെല്ലാം പ്രതിപക്ഷ പാർട്ടികളെ യോജിപ്പിച്ച് രാജ്യസഭയില്‍ നിയമഭേദഗതികളെ പരാജയപ്പെടുത്താനുള്ള ഒരു മുന്‍കൈയും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 370-ാം വകുപ്പ് എടുത്തുകളയുന്ന നീക്കത്തോട് തത്വത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നാണല്ലോ രാജ്യസഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാർട്ടി ലീഡര്‍ തന്നെ വ്യക്തമാക്കിയത്. അതായത് 370-ാം വകുപ്പ് റദ്ദാക്കുന്നതിനോട് വിയോജിപ്പില്ലെന്നും അത് പാര്‍ലമെന്റില്‍ അവതരിപ്പിച്ച രീതിയോടുമാത്രമാണ് എതിര്‍പ്പെന്നുമാണല്ലോ കോണ്‍ഗ്രസ് പറഞ്ഞത്.

370-ാം വകുപ്പ് റദ്ദ് ചെയ്യുന്ന പ്രമേയം വോട്ടിനിടണമെന്ന ആവശ്യം ഇടതുപക്ഷം ഉയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് അതിനെ അനുകൂലിക്കാന്‍ തയ്യാറായില്ല. രാഷ്ട്രപതിയുടെ വിജ്​ഞാപനം അംഗീകരിക്കണമെന്ന പ്രമേയം വോട്ടെടുപ്പില്ലാതെ പാസ്സാക്കണമെന്ന അഭിപ്രായമായിരുന്നല്ലോ കോണ്‍ഗ്രസിനും. ആ ഒരു സാഹചര്യത്തിലാണല്ലോ രാജ്യസഭാ അദ്ധ്യക്ഷന്‍ വോട്ടെടുപ്പിനുള്ള ഇടതുപക്ഷ ആവശ്യം പരിഗണിക്കാന്‍ വിസമ്മതിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധിയോട് ഒരു നിലപാട് പറയാന്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. മാത്രമല്ല, കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൈയില്‍ അയോധ്യയില്‍ നടക്കുന്ന ക്ഷേത്രനിര്‍മ്മാണത്തില്‍ തങ്ങളെക്കൂടി പങ്കെടുപ്പിക്കാത്തതില്‍ പരിഭവം പറഞ്ഞുനടക്കുകയാണ് സമുന്നതരായ പല കോണ്‍ഗ്രസ് നേതാക്കളും. പലരും ക്ഷേത്രനിര്‍മ്മാണത്തിനായി വെള്ളിശിലകള്‍ നല്‍കി ആര്‍.എസ്.എസിന്റെ അയോധ്യ അജണ്ടയ്ക്ക് ഒപ്പം നില്‍ക്കുന്നതാണ് നമ്മള്‍ കണ്ടത്.

അയോധ്യാ ക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏക സിവില്‍ കോഡിന്റെ കാര്യത്തിലും കോണ്‍ഗ്രസ് നേതൃത്വം ഒളിച്ചോടുകയാണെന്നാണ് ഇതുവരെയുള്ള സംഭവഗതികള്‍ കാണിക്കുന്നത്. നേരത്തെ രാജ്യസഭയില്‍ സ്വകാര്യബില്ലായി ഇത്​ വന്നപ്പോഴും ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് മാത്രമാണ് രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളുടെ ഭാഗത്തുനിന്ന് ഔപചാരിക പ്രതികരണമുണ്ടായത്. മാത്രമല്ല, ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കാണിക്കുന്ന ഉദാസീന നിലപാടിനെ മുസ്​ലിം ലീഗ് എം.പി പി.വി. അബ്​ദുൽ വഹാബ് പരസ്യമായിതന്നെ വിമര്‍ശിച്ചിരുന്നുവല്ലോ. തങ്ങളുടെ നിലപാടില്ലായ്മയും അവസരവാദ സമീപനവും മറച്ചുവെക്കാനാണ് ഏക സിവില്‍കോഡ് വിഷയത്തില്‍ സി.പി.ഐ (എം)- നെതിരായി കോണ്‍ഗ്രസ് നേതൃത്വവും അവരോട് രാഷ്ട്രീയ ബാന്ധവം പങ്കിടുന്ന മൗദൂദിസ്റ്റുകളും ആക്ഷേപങ്ങള്‍അഴിച്ചുവിടുന്നത്.

പി.വി. അബ്​ദുൽ വഹാബ് എം.പി.

ശരിഅത്ത് വിവാദ കാലത്ത് ഇ.എം.എസ്, ഏക സിവില്‍ കോഡിനുവേണ്ടി ആവശ്യപ്പെട്ടിരുന്നു എന്നൊക്കെയുള്ള വസ്തുതാടിസ്ഥാനമില്ലാത്ത നുണകള്‍ തള്ളുകയാണ് മൗദൂദിസ്റ്റ് ഗ്രൂപ്പുകളും അവരുടെ സ്വാധീനത്തില്‍പ്പെട്ടവരും.
എന്നാല്‍ എന്താണ് വസ്തുത?
ഇ.എം.എസോ സി.പി.ഐ- എമ്മോ ഒരിക്കലും ഏക സിവില്‍ കോഡ് ഇന്ത്യയുടെ സാഹചര്യത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. 1985 ജൂലൈ 12 ലെ ദേശാഭിമാനിയില്‍ ഇക്കാര്യത്തില്‍ പാര്‍ടി നിലപാട് വ്യക്തമാക്കി ഇ.എം.എസ് എഴുതുകയും ചെയ്തു.

ഭൂരിപക്ഷ ഹൈന്ദവതയില്‍ ഇന്ത്യയുടെ ബഹുസ്വരതയെയും സാംസ്കാരിക വൈവിധ്യങ്ങളെയും വിലയിപ്പിച്ചെടുക്കാനുള്ള സംഘപരിവാര്‍ അജണ്ടയില്‍ നിന്നുള്ള ഏക സിവില്‍ കോഡ് വാദത്തെ 1956 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായിതന്നെ പ്രതിരോധിച്ചുപോന്നിട്ടുണ്ട്. മാത്രമല്ല സാമൂഹ്യ- സാംസ്കാരിക വിഭാഗങ്ങളുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്തി വ്യക്തിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല എന്നതാണ് സി.പി.ഐ (എം)- യുടെ പ്രഖ്യാപിത നിലപാട്. വിവിധ സമൂഹങ്ങളിലെ വ്യക്തിനിയമങ്ങളില്‍ നിലനില്‍ക്കുന്ന ലിംഗപരമായ വിവേചനങ്ങള്‍ പരിഹരിക്കാനാവശ്യമായ പരിഷ്‌കാരങ്ങള്‍ക്ക് അതാത് സമൂഹങ്ങളില്‍ നിന്നുതന്നെ ഉണര്‍വ്വകളുണ്ടാവുകയാണ് വേണ്ടത്. അതിനവരെ സജ്ജരാക്കുകയാണ് വേണ്ടത്. അല്ലാതെ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്ന നിലപാടുകളോട് ജനാധിപത്യശക്തികള്‍ക്ക് ഒരിക്കലും യോജിക്കാനാവില്ല.

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തങ്ങളുടെ അവസരവാദ നിലപാട് മറച്ചുവെക്കാൻ, ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ ഏക സിവില്‍ കോഡിനുവേണ്ടിയുള്ള നിര്‍ദ്ദേശമുണ്ടായിട്ടും ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് അത് നടപ്പാക്കിയില്ലല്ലോ എന്നൊക്കെ ദയനീയമായി വാദിക്കുന്നുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ സ്വാധീനം ചെലുത്തിയിരുന്ന ഒരു ചരിത്രകാലഘട്ടത്തില്‍ നിന്ന്​ രാജ്യം ഹിന്ദുത്വശക്തികളുടെ ഭരണത്തിലെത്തിയിരിക്കുകയാണ്. മാത്രമല്ല പൊതുബോധത്തില്‍ ഹിന്ദുത്വം പിടിമുറുക്കിയിരിക്കുന്നുവെന്ന കാര്യവും കോണ്‍ഗ്രസുകാര്‍ക്ക് കാണാന്‍ കഴിയുന്നില്ല. അവരും ഹിന്ദുത്വ പൊതുബോധത്തിന്റെ ഭാഗമാകാനാണ് പല വിഷയങ്ങളിലും നോക്കുന്നത് എന്നതാണ് അയോധ്യ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അവരുടെ നിലപാട് വെളിവാക്കുന്നത്. ഇ.എം.എസിന്റെ പ്രസ്താവനകളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത വാചകങ്ങള്‍ പ്രചരിപ്പിച്ച് ആര്‍.എസ്.എസുകാരും മൗദൂദിസ്റ്റുകളും അവരോടൊപ്പം ചേര്‍ന്ന കോണ്‍ഗ്രസുകാരും സി.പി.ഐ (എം), ഏക സിവില്‍കോഡിന് അനുകൂലമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുത്സിത ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ശാഖയ്ക്ക് കാവല്‍ നിന്ന ചരിത്രം അഭിമാനകരമായി പറഞ്ഞുനടക്കുന്ന ഒരാള്‍ കെ.പി.സി.സി പ്രസിഡണ്ടായിരിക്കുന്ന കോണ്‍ഗ്രസില്‍ നിന്ന് ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാനുള്ളത്.

കെ. സുധാകരന്‍

ഇന്ത്യ എന്നത് ജവഹര്‍ലാല്‍ നെഹ്‌റു നിര്‍വചിച്ചതുപോലെ നാനാത്വത്തിലെ ഏകത്വമാണ്. ആറോളം നരവംശ വിഭാഗങ്ങളും 55 ഗോത്രവിഭാഗങ്ങളും ആറ് മതങ്ങളും ആയിരക്കണക്കിന് ജാതികളും ഉപജാതികളും നിലനില്‍ക്കുന്ന സമൂഹമാണ് ഇന്ത്യയുടേത്. മുസ്​ലിം, ക്രിസ്ത്യന്‍ മതങ്ങളെയൊഴിച്ച് ബുദ്ധ, ജൈന, സിഖ് മതങ്ങളെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഹിന്ദുമതത്തിന്റെ ഭാഗമായിട്ടാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. ഇന്ത്യയിലിപ്പോള്‍ 7 വ്യക്തിനിയമങ്ങളാണ് നിലവിലുള്ളത്.
1. ഹിന്ദു വ്യക്തിനിയമം.
2. ഹിന്ദു, ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളുടെ നാട്ടാചാര നിയമങ്ങള്‍.
3. ഹിന്ദുക്കളുടെ ഗോത്രനിയമങ്ങള്‍.
4. ക്രിസ്ത്യന്‍ വ്യക്തി നിയമം.
5. പാര്‍സി വ്യക്തിനിയമം.
6. ജൂത വ്യക്തിനിയമം.
7. മുസ്​ലിം വ്യക്തിനിയമം.

ഇവയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, രക്ഷാകര്‍തൃത്വം, ദത്തെടുക്കല്‍, ഒസ്യത്ത് എന്നിവ നിര്‍ണയിക്കുന്നത്.

ഹിന്ദു വ്യക്തിനിയമത്തിനുപുറത്ത് ഹിന്ദുക്കള്‍ക്ക് ബാധകമായ നാലോളം വ്യക്തി നിയമങ്ങള്‍ വേറെയുമുണ്ട്.
1. 1955- ലെ ഹിന്ദു വിവാഹ നിയമം.
2. 1956-ലെ ഹിന്ദു പിന്തുടര്‍ച്ചാ നിയമം.
3. 1955- ലെ ഹിന്ദു ദത്തെടുക്കല്‍- പരിപാലന നിയമം.
4. 1956- ലെ ഹിന്ദു രക്ഷാകര്‍തൃത്വ നിയമം.

യഥാര്‍ത്ഥത്തില്‍ ഈ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം അജ്ഞതയില്‍ നിര്‍ത്തിക്കൊണ്ടാണ് ഹിന്ദുത്വവാദികള്‍ ഏക സിവില്‍കോഡിനു വേണ്ടിയുള്ള വിചിത്രവാദങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞതുപോലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള 371-ാം വകുപ്പും എടുത്തുകളയാനുള്ള ആസൂത്രിത നീക്കങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍. അതിനായുള്ള ബാള്‍ക്കണൈസേഷന്‍ നീക്കങ്ങളാണ് മണിപ്പൂരില്‍ ഹിന്ദുത്വവാദികള്‍ ആരംഭിച്ചിരിക്കുന്ന വംശീയ കലാപങ്ങളെന്നും തിരിച്ചറിയേണ്ടതുണ്ട്. ഭരണഘടന നല്‍കുന്ന സംവരണാവകാശങ്ങളെയും മതഭാഷാ ന്യൂനപക്ഷാവകാശങ്ങളെയും പട്ടികപ്രദേശങ്ങളെയും പ്രത്യേക പദവി പ്രദേശങ്ങളെയും കുടിയേറ്റവിഭാഗങ്ങളുടെ സംരക്ഷണത്തെയും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

മണിപ്പുര്‍ കലാപത്തിനിടെ

ഹൈന്ദവ ദേശീയതയുടെയും ബഹുസ്വരതയെ നിഷേധിക്കുന്ന ഏകനിയമ സിദ്ധാന്തങ്ങളുടെയും പ്രയോഗവല്‍ക്കരണമാണ് ആര്‍.എസ്.എസ് തങ്ങളുടെ കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഒന്നുമാത്രമാണ് അനുച്ഛേദം 44. ഭരണഘടനയില്‍ 36 മുതല്‍ 51 വരെയുള്ള 16 വകുപ്പുകള്‍ നിര്‍ദ്ദേശക തത്വങ്ങളായി മുന്നോട്ടുവെച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ സാമ്പത്തികവും സാമൂഹികവും നിയമപരവും വിദ്യാഭ്യാസപരവും സാര്‍വ്വദേശീയവുമായ പ്രശ്‌നങ്ങളെ സമാശ്ലേഷിച്ചുകൊണ്ടുള്ള നിരവധി വിഷയങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഈ നിര്‍ദ്ദേശകതത്വങ്ങള്‍.

14 വയസ്സിനുകീഴെയുള്ള എല്ലാവരെയും സ്കൂളുകളിലെത്തിക്കാനും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കാനും പൊതുനന്മയ്ക്കായി ജനസഞ്ചയത്തിന്റെ ഭൗതികവിഭവങ്ങള്‍ ശരിയായി വിതരണം ചെയ്യാനും എല്ലാ പൗരര്‍ക്കും ആവശ്യമായ ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കാനും നിര്‍ദ്ദേശക തത്വങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. പൊതു ദ്രോഹത്തിനിടയാക്കുന്ന രീതിയില്‍ സ്വത്ത് വ്യക്തികളില്‍ കേന്ദ്രീകരിക്കുന്നത് തടയണമെന്ന് നിര്‍ദ്ദേശകതത്വങ്ങളില്‍ വ്യവസ്ഥയുണ്ട്.
സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും നിര്‍ദ്ദേശകതത്വങ്ങളിലെ ഇക്കാര്യങ്ങളൊന്നും നടപ്പിലാക്കാന്‍ ഒരു നീക്കവും നടത്താത്തവരാണ് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യതയെക്കുറിച്ച് വാചകമടിക്കുന്നത്. രാജ്യത്ത് ഒരു മിനിമം കൂലി വ്യവസ്ഥപോലും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മോദി ഭരണത്തിനുകീഴില്‍ ലോകത്തിലെ ഏറ്റവും നിരക്ഷരരും ദരിദ്രരുമുള്ള രാജ്യമായി മാറുകയാണ് ഇന്ത്യ. വിലക്കയറ്റവും തൊഴിലില്ലായ്മയും തടയാനും ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ അനുശാസിക്കുന്ന രീതിയില്‍ ജനങ്ങള്‍ക്ക് ജീവനോപാധികള്‍ ഉറപ്പുവരുത്താനും അവശ്യസാധനങ്ങള്‍ എത്തിക്കാനും ഒരു നടപടിയും സ്വീകരിക്കാത്തവരാണ് ഏക സിവില്‍കോഡിനെക്കുറിച്ച് പര്‍വ്വതപ്രസംഗം നടത്തുന്നത്. സ്ത്രീ- പുരുഷ വിവേചനം അവസാനിപ്പിക്കുകയെന്നത് ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയല്ലെന്നും കൃത്യമായ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് അവര്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം നടത്തുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്.

മോദി ഭരണത്തിനുകീഴില്‍ ലോകത്തിലെ ഏറ്റവും നിരക്ഷരരും ദരിദ്രരുമുള്ള രാജ്യമായി മാറുകയാണ് ഇന്ത്യ.

ഹിന്ദു രാഷ്ട്ര നിലപാടിലൂന്നിയുള്ള ഏകീകൃത വ്യക്തി നിയമങ്ങള്‍ക്കാണ് ബി.ജെ.പി സര്‍ക്കാർ മുകൈയെടുക്കുന്നതെന്ന് തിരിച്ചറിയാന്‍ പുരോഗമന ശക്തികള്‍ക്ക് കഴിയണം. ഇപ്പോള്‍തന്നെ അമിത്ഷാ നാഗാലാന്റ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ ഗോത്രവിഭാഗങ്ങളെയും ക്രിസ്ത്യാനികളെയും ചില സംസ്ഥാനങ്ങളെയും ഏക സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കുമെന്ന് ഉറപ്പുകൊടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. കൃത്യമായ ഇസ്​ലാമോഫോബിയ എന്ന രാഷ്ട്രീയ അജണ്ടയില്‍ നിന്നാണ് ആര്‍.എസ്.എസും അവരോടൊപ്പം ചേരുന്ന നവനാസ്തിക വിഭാഗങ്ങളെല്ലാം ഏക സിവില്‍കോഡ് വാദം ഉയര്‍ത്തുന്നത്.

പല നിയമവിദഗ്ധന്മാരും ചൂണ്ടിക്കാണിക്കുന്ന വസ്തുത, ഇന്ത്യന്‍ നിയമങ്ങളില്‍ ഏറെയും ഇപ്പോള്‍തന്നെ ഏകീകൃതം തന്നെയാണ് എന്നാണ്. സിവില്‍ പ്രൊസീജിയർ കോഡ്- 1908 (സി.പി.സി), ഈസ്മെന്റ്‌സ് ആക്ട് - 1882, ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട്- 1872, മെജോറിറ്റി ആക്ട്- 1875, പാര്‍ട്ണര്‍ഷിപ്പ് ആക്ട്- 1932, പാസ്പോര്‍ട്ട് ആക്ട്- 1967, രജിസ്​ട്രേഷൻ ആക്ട്- 1908, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് തുടങ്ങി ആയിരക്കണക്കിന് സുപ്രധാന സിവില്‍നിയമങ്ങളുള്ളതില്‍ ഭൂരിപക്ഷവും ഏകീകൃതം തന്നെയാണ്. അതായത് ഈ നിയമങ്ങള്‍ ജാതിമതഭേദമന്യേ രാജ്യത്തെ എല്ലാ പൗരര്‍ക്കും ഒരുപോലെ ബാധകമായ സിവില്‍ നിയമങ്ങളാണ്.

ഏകീകൃതമല്ലാത്ത സിവില്‍നിയമങ്ങളെപോലെ ഏകീകൃതമല്ലാത്ത ക്രിമിനല്‍ നിയമങ്ങളും രാജ്യത്തുണ്ട്. ക്രിമിനല്‍ നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അനുസൃതമായി വ്യത്യസ്തമായി നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉദാഹരണമായി, ഗോവധം ക്രിമിനല്‍ കുറ്റമാകുന്ന നിയമങ്ങള്‍ ചില സംസ്ഥാനങ്ങളിലുണ്ട്. സമ്പൂര്‍ണ മദ്യനിരോധനമുള്ള സംസ്ഥാനങ്ങളില്‍ മദ്യപാനം ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ മദ്യനിരോധനമില്ലാത്ത സംസ്ഥാനങ്ങളില്‍ മദ്യനിരോധനം കുറ്റകൃത്യമേയല്ല. ക്രിമിനല്‍ നടപടികള്‍ക്കും സിവില്‍നടപടികള്‍ക്കും ഒരുപോലെ ബാധകമായ 1872-ലെ ഇന്ത്യന്‍ തെളിവ് നിയമം ഏകീകൃത നിയമമാണ്. എന്നാല്‍ ഇന്ത്യന്‍ തെളിവ് നിയമം പൂര്‍ണമായി ബാധകമല്ലാത്ത നിയമനടപടികളും രാജ്യത്തുണ്ട്.

ഏകീകൃത സിവില്‍ നിയമം എന്നതുകൊണ്ട് ആര്‍.എസ്.എസ് ലക്ഷ്യം വെക്കുന്നത് തങ്ങളുടെ ഹിന്ദുത്വമേധാവിത്വം ഉറപ്പിക്കാനാവശ്യമായ ഏക വ്യക്തിനിയമമാണ് (യൂണിഫോം പേഴ്‌സണല്‍ ലോ). എന്നുപറഞ്ഞാല്‍ ഭരണഘടനയുടെ 44-ാം ആര്‍ട്ടിക്കിളിനെക്കുറിച്ചുള്ള വാചകമടികളിലൂടെ ഏകീകൃതനിയമമെന്ന പേരില്‍ മനുകോഡ് നടപ്പാക്കാനാണ് ആര്‍.എസ്.എസ് ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നതെന്ന് പുരോഗമനവാദികള്‍ തിരിച്ചറിയണം. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഹിന്ദുനിയമങ്ങള്‍ സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുന്നുണ്ടെന്നാണ്. മുസ്​ലിം സ്ത്രീകളുടെ അവകാശത്തെയും ശാക്തീകരണത്തെയുമൊക്കെ സംബന്ധിച്ച വാചകമടികളില്‍ പൊതിഞ്ഞാണല്ലോ മോദി ഏക സിവില്‍ കോഡ്​ വാദമുയർത്തുന്നത്.

ഭരണഘടനയുടെ പാര്‍ട്ട് നാലിലാണ് അതായത് ആര്‍ട്ടിക്കിള്‍ 36 മുതല്‍ ആര്‍ട്ടിക്കിള്‍ 51 വരെയുള്ള നിര്‍ദ്ദേശകതത്വങ്ങള്‍ വ്യവസ്ഥ ചെയ്തിരിക്കുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. പൗരരുടെ മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ പാര്‍ട്ട് മൂന്നിലല്ല എക സിവില്‍കോഡിനെക്കുറിച്ച് പറയുന്നതെന്നും ചര്‍ച്ചകളില്‍ ആര്‍.എസ്.എസ് അനുകൂലികള്‍ മറന്നുപോകുകയാണ്. ഭരണഘടനയുടെ പാര്‍ട്ട് മൂന്നില്‍ ആര്‍ട്ടിക്കിള്‍ 25 നല്‍കുന്ന മതവിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ആര്‍ട്ടിക്കിള്‍ 26-ല്‍ പറയുന്ന സമൂഹത്തിന്റെ പൊതുതാല്‍പര്യവും ആരോഗ്യകരമായ നിലനില്‍പ്പിനും വിധേയമായിട്ടേ വ്യക്തിനിയമ പരിഷ്‌ക്കരണത്തെ ഭരണഘടനാപരമായി സമീപിക്കാനാവൂ. അതോടൊപ്പം, ആര്‍ട്ടിക്കിള്‍ 29-ല്‍ പറയുന്ന ന്യൂനപക്ഷാവകാശങ്ങളും പരിഗണിച്ചുകൊണ്ടേ വ്യക്തിനിയമ പരിഷ്‌ക്കരണം ചര്‍ച്ചചെയ്യാനാവൂ.

ഏക സിവില്‍കോഡ് നിര്‍ദ്ദേശം ഭരണഘടനയുടെ പാര്‍ട്ട് മൂന്നിലെ മൗലികാവകാശങ്ങളില്‍പ്പെടുത്താതെ പാര്‍ട്ട് നാലിലെ നിര്‍ദ്ദേശതത്വങ്ങളിലേക്ക് മാറ്റിയത് ഇന്ത്യയുടെ ബഹുസ്വരതയെയും വിശ്വാസവൈജാത്യങ്ങളെയും കണ്ടുകൊണ്ടാണെന്ന് മനസ്സിലാക്കാം. 1853-ലെ രണ്ടാം ലോ കമീഷന്‍ മുതല്‍ ഇന്ത്യയിലെ സിവില്‍ നിയമങ്ങളുടെ ഏകീകരണം പലപ്പോഴായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. വ്യക്തിനിയമങ്ങള്‍ മത ഗോത്ര ജീവിതവുമായി ബന്ധപ്പെട്ടതുകൊണ്ടുതന്നെ, അവയെ പരിഷ്‌ക്കരിക്കുകയെന്നത് അതാത് സാമൂഹ്യവിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന ജനാധിപത്യവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായിട്ടു മാത്രമെ സാധ്യമാവൂ.

വ്യക്തിനിയമങ്ങള്‍ ഒരു കാരണവശാലും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നതാണ് സി.പി.ഐ (എം)- യുടെ നിലപാട്. അതാത് സമൂഹങ്ങളില്‍ നിന്ന് വ്യക്തി നിയമങ്ങളിലെ വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളും സംവാദങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന് പരിഷ്‌ക്കരണങ്ങളിലേക്ക് സമൂഹങ്ങളെ സജ്ജരാക്കുകയെന്നതാണ് ജനാധിപത്യപരമായ സമീപനം.

സംഘപരിവാര്‍ തങ്ങളുടെ ഹിന്ദുരാഷ്ട്രനിര്‍മ്മിതിക്കാവശ്യമായ ‘ഏക രാജ്യ ഏക നിയമ’ സിദ്ധാന്തത്തില്‍നിന്നാണ് ഏക സിവില്‍ കോഡ് വാദം ഉയര്‍ത്തുന്നത്. അയോധ്യ, 370-ാം വകുപ്പ്, ഏക സിവില്‍ കോഡ്, ഭരണഘടനയിലെ ന്യൂനപക്ഷ പരിരക്ഷാ വ്യവസ്ഥകള്‍ എടുത്തുകളയല്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ആര്‍.എസ്.എസിന്റെ മൗലികമായ രാഷ്ട്രീയ പരിപാടിയാണ്. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതികള്‍ ഓരോന്നോരോന്നായി നടപ്പാക്കുകയാണ് തങ്ങള്‍ക്ക് ലഭ്യമായ കേന്ദ്രഭരണാധികാരമുപയോഗിച്ച് മോദി- അമിത്ഷാ കൂട്ടുകെട്ട്.

Comments