ഹിന്ദു വിവാഹ നിയമം: സുപ്രീംകോടതി പറഞ്ഞതും
ചില ആശയക്കുഴപ്പങ്ങളും

ആചാരപ്രകാരമുള്ള ചടങ്ങുകളോടെയുള്ള വിവാഹങ്ങള്‍ക്കുമാത്രമേ 1955-ലെ ഹിന്ദു നിയമപ്രകാരം സാധുതയുള്ളൂ എന്ന സുപ്രീംകോടതി വിധി പലതരം ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ കോടതിവിധിയെ അതിന്റെ വസ്തുനിഷ്ഠ സാഹചര്യത്തിൽ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്- പി.ബി. ജിജീഷ് എഴുതുന്നു.

ചാരപ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയാക്കിയാൽ മാത്രമേ ഹൈന്ദവ വിവാഹത്തിന് നിയമസാധുതയുള്ളൂ എന്ന സുപ്രീം കോടതി വിധി രാജ്യത്തെമ്പാടുമുള്ള ഹൈന്ദവർക്കിടയിൽ ഞെട്ടലും ആശയക്കുഴപ്പവും ഉളവാക്കിയിട്ടുണ്ട്. തങ്ങളുടെ വിവാഹം നിയമപ്രകാരം നിലനിൽക്കുന്നതാണോ എന്ന സംശയവും ആശങ്കയും പലർക്കുമുണ്ട്. അതുകൊണ്ടുതന്നെ കോടതിവിധിയെ അതിന്റെ വസ്തുനിഷ്ഠ സാഹചര്യത്തിൽ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

“ഇന്ത്യൻ സമൂഹത്തിൽ ഉന്നതമായ പദവി അർഹിക്കുന്ന, ഒരു സംസ്കാരവും ദൈവികശുശ്രൂഷയുമാണ് വിവാഹം. അതുകൊണ്ടുതന്നെ യുവതീയുവാക്കൾ വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് കുടുംബവ്യവസ്ഥയെ കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. ഹിന്ദു വിവാഹം കേവലം ‘ആട്ടവും പാട്ടും സൽക്കാരവും’ നടത്തുവാനുള്ള മുഹൂർത്തമല്ല, അതൊരു വ്യാപാര ഇടപാടുമല്ല, സ്ത്രീധനവും സമ്മാനങ്ങളും കൈമാറ്റം ചെയ്യാനുള്ള സന്ദർഭവുമല്ല, കൃത്യമായ ചടങ്ങുകളില്ലാതെ വിവാഹം നിയമപരമായി അംഗീകരിക്കാൻ കഴിയില്ല. ചടങ്ങുകൾ കൃത്യമായി പൂർത്തീകരിക്കാതെ വിവാഹിതരാണെന്ന് സാക്ഷ്യപത്രം ലഭിച്ചു എന്നതുകൊണ്ടു മാത്രം നിയമപരമായ വിവാഹം നടന്നുവെന്നു പറയാനാവില്ല’’- കോടതി വിധിയെഴുതി.

ഇന്ത്യൻ സമൂഹത്തിൽ വിവാഹത്തിനും കുടുംബങ്ങൾക്കുമുള്ള പ്രാധാന്യവും, ഹൈന്ദവ വിവാഹ സംവിധാനങ്ങളുടെ പ്രത്യേകതകളുമെല്ലാം വിശദീകരിക്കുന്ന ഈ വിധി വലിയ ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിവാഹത്തിന് നിയമ പ്രാബല്യം നൽകുന്നില്ല എന്ന നിരീക്ഷണം. എന്നാൽ കേസിന്റെ വസ്തുതകൾ പരിശോധിക്കുമ്പോൾ, കോടതി നിലപാടിന് കൂടുതൽ വ്യക്തത വരുന്നതായി കാണാം.

കൊമേഴ്സ്യൽ പൈലറ്റുമാരായ യുവതിയുവാക്കൾ നൽകിയ ജോയിൻറ് പെറ്റീഷനിലാണ് സുപ്രീംകോടതി വിധി. 2021-ൽ ഇവർ ഇരുവരും വിവാഹിതരാകാൻ തീരുമാനമെടുക്കുന്നു. 2022 ഡിസംബറിൽ ഇരു വീട്ടുകാരും ചേർന്ന് കല്യാണം നടത്താമെന്ന ധാരണയിൽ, ‘വേദിക് കല്യാൺ സമിതി'യിൽ നിന്ന് സർട്ടിഫിക്കറ്റ് തരപ്പെടുത്തി ഹിന്ദു വിവാഹ നിയമത്തിന്റെ എട്ടാം വകുപ്പ് അനുസരിച്ച് രജിസ്റ്റർ ചെയ്യുന്നു. 2017-ലെ ഉത്തർപ്രദേശ് മാരേജ് രജിസ്ട്രേഷൻ ചട്ടങ്ങൾ അനുസരിച്ച് വിവാഹ രജിസ്ട്രേഷൻ സാക്ഷ്യപത്രം അവർക്ക് ലഭിക്കുകയും ചെയ്തു. ഇരുവരും അവരവരുടെ വീടുകളിൽ തന്നെയാണ് താമസിച്ചു പോന്നത്. പിന്നീട് ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവരികയും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന ഘട്ടത്തിലെത്തുകയും ചെയ്തു. ഇതേത്തുടർന്ന് ഗാർഹിക പീഡനത്തിനത്തിന്റെ പേരിലും സ്ത്രീധന നിരോധനനിയമത്തിന്റെ കീഴിലും യുവതി യുവാവിനെതിരെ കേസ് ഫയൽ ചെയ്യുന്നു. ഇരുവരും ‘വിവാഹമോചനം’ നേടുവാൻ തീരുമാനിക്കുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിലിരിക്കവെയാണ് ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ച് തങ്ങളുടെ വിവാഹബന്ധം നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്ന് വിധിയെഴുതണം എന്ന ആവശ്യവുമായി ഇരുവരും സുപ്രീംകോടതിയിലെത്തുന്നത്. നിയമപരമായ അവ്യക്തതയും ശൂന്യതയുമുള്ള അവസരങ്ങളിൽ ‘സമ്പൂർണ നീതി’ നടപ്പിലാക്കുന്നതിനുവേണ്ടി ഏതൊരു കാര്യത്തിലും തീരുമാനമെടുക്കാൻ സുപ്രീംകോടതിയെ അധികാരപ്പെടുത്തുന്ന ഭരണഘടനയുടെ അനുച്ഛേദമാണ് 142.

വിവാഹ രജിസ്‌ട്രേഷനെ, പലരും, രജിസ്റ്റർ വിവാഹമായി തെറ്റിദ്ധരിക്കുന്നുണ്ട് എന്ന് ഈ വിധിയെ സംബന്ധിച്ച് നടക്കുന്ന പല ചർച്ചകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഇത് രണ്ടും തികച്ചും വ്യത്യസ്തമാണ്.

ഹിന്ദു വിവാഹനിയമത്തിന്റെ വകുപ്പ് 7(1) അനുസരിച്ച് ഹിന്ദു വിവാഹങ്ങൾ ‘മാമൂൽ അനുസരിച്ചുള്ള’ ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിക്കേണ്ടതാണ്. വകുപ്പ് 7(2)-ൽ ഇത് കൂടുതൽ വ്യക്തമാക്കുന്നുണ്ട്. ‘സപ്‌തപദി’ അഥവാ വധുവിന്റെ കൈപിടിച്ച് അഗ്നിയ്ക്കു ചുറ്റും ഏഴു തവണ പ്രദക്ഷിണം ചെയ്യുന്നത് ചടങ്ങുകളുടെ ഭാഗമാണ്. വിവാഹച്ചടങ്ങുകൾ ഉറപ്പിക്കുന്നതും പൂര്ണമാകുന്നതും, ഏഴാമത്തെ പ്രദക്ഷിണം കഴിയുമ്പോഴാണെന്നും നിയമത്തിൽ പറയുന്നു. അതുകൊണ്ടുതന്നെ ചടങ്ങുകൾ, പ്രത്യേകിച്ച് സപ്തപദി, ഹൈന്ദവ വിവാഹ ചടങ്ങുകളിൽ പരമപ്രധാനമാണ്. ഇവിടെ, ഈ ദമ്പതികൾ ആചാരങ്ങളനുസരിച്ച് വിവാഹം ചെയ്ത് ഒരുമിച്ചു താമസിച്ചുപോന്നിരുന്നവരായിരുന്നില്ല. ആചാരപ്രകാരമുള്ള കല്യാണം പിന്നീട് നടത്താമെന്ന ധാരണയിൽ രജിസ്റ്റർ ചെയ്യുകയാണുണ്ടായത്.

വിവാഹ രജിസ്‌ട്രേഷനെ, പലരും, രജിസ്റ്റർ വിവാഹമായി തെറ്റിദ്ധരിക്കുന്നുണ്ട് എന്ന് ഈ വിധിയെ സംബന്ധിച്ച് നടക്കുന്ന പല ചർച്ചകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഇത് രണ്ടും തികച്ചും വ്യത്യസ്തമാണ്. ഇന്ത്യയിൽ, ഓരോ മതവിശ്വാസികൾക്കും അവരുടേതായ വ്യക്തി നിയമങ്ങളുണ്ട്. വിവാഹത്തെ സംബന്ധിച്ചാണെങ്കിൽ, ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം, മുസ്‌ലിം വ്യക്തിനിയമം, ഹിന്ദു വിവാഹനിയമം എന്നിങ്ങനെ. ഇതുകൂടാതെ എല്ലാവർക്കും ഒരുപോലെ പിന്തുടരുവാൻ കഴിയുന്ന മതേതര വിവാഹനിയമമായ ‘സ്‌പെഷ്യൽ മാരേജ് ആക്ടു’മുണ്ട്. ഈ നിയമത്തിനു കീഴിലാണ് നമ്മൾ പൊതുവെ ‘രജിസ്റ്റർ വിവാഹങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്ന വിവാഹങ്ങൾ നടക്കുന്നത്. എന്നാലിവിടെ, ഹിന്ദു വിവാഹനിയമത്തിന്റെ എട്ടാം വകുപ്പ് അനുസരിച്ചുള്ള രജിസ്‌ട്രേഷനാണ് നടന്നിട്ടുള്ളത്. സംസ്ഥാന ഗവണ്മെന്റുകൾ രൂപം നൽകിയ ചട്ടങ്ങൾ അനുസരിച്ചാണ് രജിസ്‌ട്രേഷൻ. ഹിന്ദു നിയമപ്രകാരം വിവാഹം നടന്നു എന്ന കാര്യമാണ് സാക്ഷ്യപ്പെടുത്തുന്നത്. അതിന് ഫോട്ടോയോ, മറ്റു സംഘടനകളുടെ സർട്ടിഫിക്കറ്റോ ഒക്കെ തെളിവായി സ്വീകരിക്കാം. ഇവിടെ ആചാരപ്രകാരമുള്ള വിവാഹം നടന്നിട്ടില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയ സ്ഥിതിയ്ക്ക് വിവാഹത്തിന് നിയമസാധുതയില്ല. സെക്ഷൻ 7 അനുസരിച്ചുള്ള വിവാഹം നടന്നിട്ടുണ്ട് എന്ന ഉറപ്പ് നൽകുക മാത്രമാണ് വിവാഹ സർട്ടിഫിക്കറ്റ് ചെയ്യുന്നത്. വിവാഹം നടന്നിട്ടില്ലെന്നിരിക്കെ, ചടങ്ങുകൾക്കനുസരിച്ച് ഇവർ വിവാഹിതരായിട്ടുണ്ടെന്ന സാക്ഷ്യപത്രത്തിനും വിലയൊന്നുമില്ല എന്നാണ് കോടതിയുടെ നിലപാട്. അതായത് ഹിന്ദു വിവാഹനിയമത്തിന്റെ ഏഴാം വകുപ്പ് അനുശാസിക്കുംവിധം വിവാഹച്ചടങ്ങുകൾ നടക്കാതെ, എട്ടാം വകുപ്പ് അനുസരിച്ചു നൽകുന്ന സർട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്ന്.

ഹിന്ദു വിവാഹനിയമം കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ പാര്ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും ഭാഗത്തു നിന്നുണ്ടാവണം. കേവല ആചാരങ്ങൾക്കപ്പുറം, കൃത്യമായ ധാരണകളുടെ പാരസ്പര്യത്തിൽ ജീവിതം പങ്കിടാൻ വ്യക്തികൾക്ക് ഇടം അനുവദിക്കുന്നതാകണം വ്യക്തി നിയമങ്ങൾ.

നിലവിലെ നിയമസംഹിതയ്ക്കുള്ളിൽ നിന്ന്, മറിച്ചൊരു വിധി കോടതിയ്ക്ക് സാധ്യമാവുകയില്ലായിരുന്നു. ഹിന്ദു വിവാഹനിയമം സംവിധാനം ചെയ്തിരിക്കുന്നത് അങ്ങനെയാണ്. 1955-ലാണ് ഹിന്ദു വിവാഹ നിയമം നിലവിൽ വരുന്നത്. അതിനുമുൻപ് ഹിന്ദു കോഡ് ബില്ല് കൊണ്ടുവരുന്നതിനുള്ള ശ്രമമുണ്ടായിരുന്നു. നിരവധി നിയമസംഹിതകളിലും ആചാര പ്രമാണങ്ങളിലും ശ്രുതികളിലും സ്മൃതികളിലും ആയി വിഭജിച്ചുകിടക്കുന്ന ഹൈന്ദവ വ്യക്തിനിയമങ്ങളെ ആധുനിക സമൂഹത്തിന് നിരക്കുന്ന തരത്തിൽ പരിഷ്കരിച്ച് ക്രോഡീകരിക്കുക എന്നതായിരുന്നു ഹിന്ദു കോഡ് ബില്ലിന്റെ ഉദ്ദേശ്യം. 1940-കൾ മുതൽ ഈ ദിശയിലുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യലബ്ദിയ്ക്കുശേഷം നിയമമന്ത്രിയായിരുന്ന ഡോ.ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളെ കോൺഗ്രസ് പ്രസിഡന്റ് സീതരാമയ്യരും, രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദും ഉൾപ്പടെയുള്ള യാഥാസ്ഥിതിക ഹിന്ദു നേതൃത്വം എതിർത്ത് തോൽപ്പിച്ചു. അംബേദ്കർക്ക് രാജിവയ്‌ക്കേണ്ടിവന്നു. അദ്ദേഹത്തെ അടിമുടിയുലച്ചുകളഞ്ഞ അനുഭവമായിരുന്നു അത്. ഹിന്ദു കോഡ് നടപ്പിലാകാതെ വന്ന ഘട്ടത്തിലാണ് ഒരു വികാരത്തള്ളിച്ചയിൽ "ഈ ഭരണഘടന കത്തിച്ചു കളയുന്ന ആദ്യത്തെയാൾ ഞാനായിരിക്കും" എന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.

പിന്നീട് പല നിയമങ്ങളായി ഹിന്ദു കോഡ് സാവധാനത്തിൽ നടപ്പിലാക്കും എന്ന വാഗ്ദാനം നെഹ്റു പാലിച്ചു. 1955-ലെ ഹിന്ദു മാരേജ് ആക്ട്; 1956-ലെ ഹിന്ദു സക്സഷൻ, അഡോപ്ഷൻ ആൻഡ് മെയിൻറനൻസ് ആക്ട്; മൈനോരിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് ആക്ട് എന്നിവ നിലവിൽ വന്നു. എന്നിരുന്നാലും നേരത്തെ ആലോചിച്ചിരുന്ന കരട് ബില്ലുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇത്. രാജ്യമെമ്പാടും ഉയർന്നുവന്ന ഹിന്ദു മൗലീകവാദികളുടെ എതിർപ്പിനെ മറികടക്കുന്നതിന് വലിയ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നിട്ടുണ്ട്. ഒരു ദൈവിക ശുശ്രൂഷയായിട്ടാണ് ഹിന്ദു നിയമം വിവാഹത്തെ സമീപിക്കുന്നത്. ആചാരങ്ങൾക്ക് അതിൽ അദ്വിതീയ സ്ഥാനമുണ്ട്. എണ്ണമറ്റ ആചാരവൈജാത്യങ്ങൾ ഹിന്ദുമതത്തിലുണ്ടെങ്കിലും, നിയമത്തിലിടം പിടിച്ചത് ഉത്തരേന്ത്യൻ ഉന്നതജാതിക്കാരുടെ ആചാരങ്ങളാണ്. ചുരുക്കത്തിൽ ഉത്തരേന്ത്യൻ സവർണജാത്യാചാരങ്ങളുടെ സാമാന്യവത്കരണമായി നിയമം മാറി. ശാസ്ത്രിക് ആചാരങ്ങൾക്ക് നിയമപരമായ ദൃഢത കൈവന്നു. കോടതിയ്ക്ക് അത് അംഗീകരിക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. എന്നാൽ വിധിയിലുടനീളം നിറഞ്ഞുനിൽക്കുന്ന, വിവാഹത്തെക്കുറിച്ചുള്ള പിന്തിരിപ്പൻ ആശയങ്ങൾക്ക് ഇതൊരു എക്സ്ക്യൂസല്ല.

ഇത്തരമൊരു വിധി സൃഷ്ടിക്കാനിടയുള്ള ‘മറ്റു പ്രശ്നങ്ങ’ളെക്കുറിച്ചും കോടതിവിധിയിൽ ഒറ്റ വാക്കിലൊരു പരാമർശമുണ്ട്. എങ്കിലും അക്കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള അവസരം ഇതല്ലെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് പിന്നീട് അവഗണിക്കുകയാണുണ്ടായത്. ദമ്പതികൾ ഇരുവരും ഒരുപോലെ ഉന്നയിച്ച ആവശ്യം എന്ന നിലയ്ക്ക് ഈ കേസിൽ ഈ തീരുമാനം യുക്തിസഹമാണെങ്കിലും, വിവാഹിതരായ പല സ്ത്രീകളുടെയും വൈവാഹികപദവിയെ തുലാസിൽ നിർത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നതിന് ഈ വിധി കാരണമായിക്കൂടാ എന്നുകണ്ട് ആവശ്യമായ മാനദണ്ഡങ്ങൾ വിധിയിൽ ചേർക്കുവാൻ കോടതിയ്ക്ക് കഴിയണമായിരുന്നു.

ഈ കേസിൽ ഹർജിക്കാർ ഒരുമിച്ചു താമസിച്ചിട്ടില്ല എന്നതും ഇരുവരും ഒരുമിച്ചാണ് കോടതിയ്ക്ക് മുന്നിലെത്തിയതും എന്നത് കോടതിയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയെന്നത് നേരുതന്നെ. ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. അനുച്ഛേദം 142-നു കീഴിൽ വലിയ അധികാരങ്ങളാണ് സുപ്രീംകോടതിക്കുള്ളത്. ‘പരിപൂർണ നീതി’ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പ്രസ്തുത വകുപ്പ്. നീതി ഏകശിലാത്മകമല്ലെന്നും സമഗ്രമായ അർത്ഥത്തിൽ അതിനെ മനസ്സിലാക്കേണ്ടതുണ്ടെന്നും നമ്മുടെ നീതീന്യായ സംവിധാനം തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദു വിവാഹനിയമം കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ പാര്ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും ഭാഗത്തു നിന്നുണ്ടാവണം. കേവല ആചാരങ്ങൾക്കപ്പുറം, കൃത്യമായ ധാരണകളുടെ പാരസ്പര്യത്തിൽ ജീവിതം പങ്കിടാൻ വ്യക്തികൾക്ക് ഇടം അനുവദിക്കുന്നതാകണം വ്യക്തി നിയമങ്ങൾ. മനുഷ്യർക്ക് വിവാഹമെന്നാൽ ആട്ടവും പാട്ടും സത്കാരവുമൊക്കെ കൂടിയാണ്. ആനന്ദവും ആഘോഷവുമാണ്. അതിനെ സവർണ ജാത്യാചാരങ്ങളിൽ തളച്ചിടുന്ന നിയമം മാറിയേ തീരൂ.


പി.ബി. ജിജീഷ്​

പ്രൈവസിയുമായി ബന്ധപ്പെട്ട നിയമ- ധാർമിക വിഷയങ്ങൾ, ടെക്‌നോളജി, ഭരണഘടനാ ജനാധിപത്യം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Aadhaar: How a Nation is Deceived, ജനാധിപത്യം നീതി തേടുന്നു തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments