അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ച് വേണ്ടത്ര ചർച്ച ചെയ്യാത്ത ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തും ബില്ലുകൾ പാസാക്കിയും രാജ്യത്തെ ജനാധിപത്യവ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു കഴിഞ്ഞ പത്ത് വർഷത്തെ ബി.ജെ.പി ഭരണം. പ്രതിപക്ഷമില്ലാതെ എങ്ങനെ ഭരിക്കാമെന്ന ചോദ്യങ്ങളുടെ മുനയൊടിച്ചു കൊണ്ടാണ് ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നത്. തൽഫലമായി പാർലമെന്റിൽ ചർച്ച പോലും വേണ്ടെന്ന പതിവ് രീതിയിൽ നിന്നു മാറി ബില്ലുകൾ ചർച്ചയില്ലാതെ കടത്തിവിടില്ലെന്ന സ്ഥിതി വന്നു. വഖഫ് നിയമഭേദഗതി ബില്ലിന് മേലുള്ള ചർച്ചകളാണ് മൂന്നാം മോദി സർക്കാരിനേറ്റ ആദ്യ തിരിച്ചടി. രാജ്യസഭയിലും ലോക്‌സഭയിലും ബിൽ അവതരിപ്പിച്ചശേഷം ആ ബിൽ പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് സംയുക്ത സമിതിക്ക് വിടേണ്ട സാഹചര്യമുണ്ടായിരിക്കുന്നു. ലോക്‌സഭയിൽ ഭൂരിപക്ഷമുള്ള എൻ.ഡി.എ സർക്കാർ ഇരു സഭയിലും ബിൽ അവതരിപ്പിച്ച് പാസാക്കുന്ന രീതിയായിരുന്നു കഴിഞ്ഞ രണ്ട് സർക്കാറുകളുടെ കാലത്തും നടന്നിരുന്നത്. എന്നാൽ ഇത്തവണ ഭരണപക്ഷത്തെ വരച്ചവരയിൽ നിർത്തിയാണ് പ്രതിപക്ഷം തുടങ്ങിയത്.
‘മാഫിയ ഭരണം അവസാനിപ്പിക്കണ’മെന്ന് പറഞ്ഞാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ വഖഫ് നിയമഭേദഗതി ബിൽ അവതരിപ്പിച്ചത്. കോൺഗ്രസ്, സമാജ് വാദി പാർട്ടി, ഡി എം കെ, തൃണമൂൽ, ഇടത് പാർട്ടികൾ എന്നിവരടക്കമുള്ള പ്രതിപക്ഷ നിരയിൽ നിന്ന് 18 പേർ ബില്ലിനെ എതിർത്ത് സംസാരിച്ചു. ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കപ്പെട്ടിരുന്ന കാലത്ത് നിന്ന് 20- ഓളം പേർ എതിർത്ത് സംസാരിക്കുന്ന സാഹചര്യമുണ്ടായി. വഖഫ് ബോർഡുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ തർക്കത്തിൽ ഏർപ്പെടുന്ന അവസ്ഥ വരെ ഉണ്ടായി.
രാജ്യസഭയിൽ നടന്ന ചർച്ചയിലും ജോൺ ബ്രിട്ടാസ്, എ. പി. അബ്ദുൽ വഹാബ് തുടങ്ങിയവരും ബില്ലിനെ എതിർത്ത് സംസാരിച്ചു. വഖഫ് സ്വത്തുക്കൾ (അനധികൃതമായി താമസിക്കുന്നവരുടെ ഒഴിപ്പിക്കൽ) ബിൽ- 2014 രാജ്യസഭയിൽ നിന്ന് പിൻവലിച്ചതിനെതിരെ ജോൺ ബ്രിട്ടാസും പി.വി. അബ്ദുൽ വഹാബും നോട്ടീസ് നൽകി. 10 കൊല്ലമായിട്ടും ഈ ബില്ല് പാസാക്കാതെ, കടകവിരുദ്ധമായ പുതിയ ബില്ലുമായി വരുന്നത് കേന്ദ്രസർക്കാറിന്റെ ഇരട്ടത്താപ്പും കാപട്യവുമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. രാജ്യസഭയിലും ലോക്‌സഭയിലും ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും അംഗബലം കുറഞ്ഞതോടെ ചർച്ചകളില്ലാതെ ഇനി ബില്ലുകൾ പാസാകില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് വഖഫ് നിയമഭേദഗതിയിൽ നടന്ന ചർച്ച. ചർച്ചകൾക്കൊടുവിൽ ഭേദഗതിയുടെ മേൽ സൂക്ഷമപരിശോധന വേണമെന്ന പ്രതിപക്ഷ ആവശ്യം കണക്കിലെടുത്ത് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടുകയായിരുന്നു.
വഖഫ് സ്വത്തും വഖഫ് ബോർഡും
ഇസ്‍ലാം വിശ്വാസി, തന്റെ സ്ഥലമുൾപ്പെടെയുള്ള സ്ഥാവരജംഗമ സ്വത്ത് മതപരമോ ജീവകാരുണ്യപരമോ ആയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനാണ് വഖഫ് ചെയ്തു കൊടുക്കുന്നത്. മസ്ജിദുകൾക്കും മദ്രസകൾക്കും പുറമെ ഭക്ഷണം, വെള്ളം, പാർപ്പിടം, വിദ്യാഭ്യാസം, വസ്ത്രം എന്നിവക്കും വസ്തുക്കൾ വഖഫ് ചെയ്യാറുണ്ട്. ഒരു വസ്തു വഖഫ് സ്വത്താക്കിയാൽ പിന്നെ അത് തരം മാറ്റാനോ വഖഫിന്റെ ലക്ഷ്യമല്ലാത്ത മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ല. ഇത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തന്നതിന് സ്ഥാപിതമായ സ്റ്റാറ്റ്യൂട്ടറി ബോർഡുകളാണ് സെൻട്രൽ വഖഫ് കൗൺസിലുകളും സംസ്ഥാനങ്ങൾക്ക് കീഴിലുള്ള വഖഫ് ബോർഡുകളും.
ഇസ്‍ലാം വിശ്വാസി, തന്റെ സ്ഥലമുൾപ്പെടെയുള്ള സ്ഥാവരജംഗമ സ്വത്ത് മതപരമോ ജീവകാരുണ്യപരമോ ആയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനാണ് വഖഫ് ചെയ്തു കൊടുക്കുന്നത്. മസ്ജിദുകൾക്കും മദ്രസകൾക്കും പുറമെ ഭക്ഷണം, വെള്ളം, പാർപ്പിടം, വിദ്യാഭ്യാസം, വസ്ത്രം എന്നിവക്കും വസ്തുക്കൾ വഖഫ് ചെയ്യാറുണ്ട്.
1994- ലാണ് രാജ്യത്ത് ആദ്യമായി വഖഫ് നിയമം നിലവിൽ വരുന്നത്. 1995 ലും 2013 ലും ആ നിയമം ഭേദഗതി ചെയ്യുകയും ചെയ്തു. വഖഫ് സ്വത്തുകൾ കൈകാര്യം ചെയ്യുന്നതിന്റെ ചുമതല ആ മതവിഭാഗത്തിന് തന്നെ നൽകികൊണ്ടായിരുന്നു വഖഫ് നിയമം പ്രാബല്യത്തിൽ വന്നത്. 1995-ൽ കേന്ദ്രം അംഗീകരിച്ച വഖഫ് നിയമമനുസരിച്ച് ഒരു വഖഫ് സ്വത്തിന്റെ കാര്യത്തിൽ തർക്കം വന്നാൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരം വഖഫ് ബോർഡിന് നൽകുന്നുണ്ട്. എന്നാൽ പുതിയ ഭേദഗതി, വഖഫിൽ കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരം നൽകുന്നു.
പുതിയ നിയമഭേദഗതി
റെയിൽവേയും പ്രതിരോധ മന്ത്രാലയവും കഴിഞ്ഞാൽ രാജ്യത്താകെ ഏറ്റവും കൂടുതൽ ഭൂസ്വത്തുക്കളുള്ളത് വഖഫ് ബോർഡുകൾക്കാണ്. രാജ്യത്താകെ 9.4 ലക്ഷം ഏക്കർ ഭൂമിയാണ് വഖഫിന്റെതായിട്ടുള്ളത്. 8.7 ലക്ഷത്തിലധികം വസ്തുവകകളും വഖഫായിട്ടുണ്ട്. മുസ്ലിം താൽപര്യം സംരക്ഷിക്കാനാണെന്ന് പറഞ്ഞാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. ഏതെങ്കിലും വഖഫ് ഭൂമിയിൽ തർക്കമുണ്ടാവുകയാണെങ്കിൽ അതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരായിരിക്കണമെന്നാണ് പുതിയ ഭേദഗതിയിൽ പറയുന്ന പ്രധാന കാര്യം. ഇതോടെ വഖഫ് ബോർഡിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന അധികാരം കേന്ദ്ര സർക്കാരിന് ലഭിക്കുന്നു. വഖഫ് നിയമത്തിലെ സെക്ഷൻ 40 റദ്ദ് ചെയ്യുന്നതോടെ വഖഫുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ട്രൈബ്യൂണുകളുടെ തീരുമാനം അന്തിമമായിരിക്കുമെന്ന വ്യവസ്ഥയും പുതിയ ഭേദഗതിയിൽ എടുത്തുകളയുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ ആർക്കും തന്റെ സ്വത്ത് വഖഫായി വിട്ടുനൽകാനുള്ള അവസരം എടുത്തുകളയുകയും അഞ്ചു വർഷം മുസ്ലിം ആചാരപ്രകാരം ജീവിച്ചവർക്ക് മാത്രമായി നിചപ്പെടുത്തുകയും ചെയ്യുന്നു. വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ പെട്ട ആളുകൾക്ക് അംഗത്വം നൽകും. വാക്കാൽ വഖഫ് നൽകുന്നത് ഇനി അംഗീകരിക്കില്ല, പകരം വഖഫ് അംഗീകരിക്കാൻ പുതിയ ഭേദഗതി പ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമാക്കി. അതുപോലെ പുതിയ വഖഫ് ഭേദഗതിയിൽ വന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണ് വഖഫുകളെ സുന്നി വഖഫെന്നും ശിയാ വഖഫെന്നുമുള്ള തരംതിരിക്കൽ. ബോറ, ആഗാഖാൻ വിഭാഗങ്ങൾക്കും പ്രത്യേക ബോർഡുകൾ രൂപവത്കരിക്കും. ഇതിന് സംസ്ഥാനസർക്കാരുകൾക്ക് വെവ്വേറെയുള്ള ബോർഡുകൾ കൊണ്ടുവരാമെന്നും ഭേദഗതിയിൽ പറയുന്നു.
പുതിയ ഭേദഗതി നിർദേശങ്ങൾ ഭരണഘടനാവിരുദ്ധവും അസ്ഥാനത്തുള്ളതുമാണെന്ന് കേരള വഖഫ് ബോർഡ് അംഗം പി ഉബൈദുള്ള എം എൽ എ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘ധൃതി പിടിച്ച് ഭേദഗതി കൊണ്ടുവരേണ്ട കാര്യം ഇപ്പോൾ വഖഫ് ബോർഡിനില്ല. വളരെ ഫലപ്രദമായാണ് വഖഫ് ബോർഡുകൾ പ്രവർത്തിക്കുന്നത്. ഇതിന് മുമ്പ് റഹ്‌മാൻ ഖാൻ ചെയർമാനായ ജോയിന്റ് പാർലിമെന്ററി കമ്മിറ്റി വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് ഭേദഗതി കൊണ്ടുവന്നതാണ്. വഖഫ് സ്വത്തുക്കൾ ദാനം ചെയ്തു കഴിഞ്ഞാൽ പിന്നെ അവർക്കോ, കുടുംബങ്ങൾക്കോ ആ സ്വത്തിൽ യാതൊരു അവകാശവുമില്ല. ദാനം ചെയ്യപ്പെട്ട സ്വത്തുക്കളുടെ സംരക്ഷണമാണ് വഖഫ് ബോർഡുകൾ നിർവഹിക്കുന്നത്. എന്നാൽ വഖഫ് ബോർഡിന് നേരിട്ട് സ്വത്തുക്കളില്ല. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത പ്രാദേശിക സ്ഥാപനങ്ങളുടെ കീഴിലാണ് വഖഫ് സ്വത്തുക്കൾ. ആ വഖഫ് സ്വത്തുക്കള്ളുടെ നിയന്ത്രണം, സംരക്ഷണം എന്നീ ചുമതലകളാണ് വഖഫ് ബോർഡ് നിർവഹിക്കുന്നത്. വഖഫ് ബോർഡ് ആണെങ്കിലും ദേവസ്വം ബോർഡ് ആണെങ്കിലും അതാത് മതവിഭാഗങ്ങളിൽപെട്ട ആളുകളാണ് ഇതെല്ലാം കൈകാര്യം ചെയ്യുന്നത്. ഓരോ മതവുമായി ബന്ധപ്പെട്ട ഇത്തരം സ്ഥാപനങ്ങളിൽ അതാത് മതവിശ്വാസികളാണുള്ളത്. ഭേദഗതി ഇതിന്റെ അടിസ്ഥാന തത്വത്തെ നിരാകരിക്കുന്നതാണ്. വഖഫ് ബോർഡിൽ മറ്റ് മത വിഭാഗങ്ങളെ ഉൾപെടുത്തുന്നത് വിഭാഗീയത കൊണ്ടുവരാനുള്ള നീക്കമായല്ലാതെ നല്ല ഉദ്ദേശ്യമായി കാണാൻ കഴിയില്ല. ഇപ്പോൾ ഉണ്ടാക്കിയ 31 അംഗ ജോയിന്റ് പാർലിമെന്ററി കമ്മിറ്റിയിൽ കൂടുതൽ വഖഫു സ്വത്തുക്കൾ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ നിന്ന് ഒരംഗം പോലുമില്ല എന്നത് ഈ നിയമഭേദഗതിയുടെ ദുരുദ്ദേശ്യം കാണിക്കുന്നു -പി. ഉബൈദുള്ള എം എൽ എ പറഞ്ഞു.
പ്രതിപക്ഷവും മുസ്ലിം സംഘടനകളും ഈ ബില്ലിനെ എതിർക്കുമ്പോഴും ആൾ ഇന്ത്യ സൂഫി സജ്ജദനാശിൻ കൗൺസിൽ (AISSC) അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. ദർഗകൾ ഭരിക്കാൻ പ്രത്യേക നിയമമോ ബോഡിയോ വേണമെന്നും കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജുജുവിനെ കൗൺസിൽ അംഗങ്ങൾ നേരിട്ട് കണ്ട് ബില്ലിൻമേലുള്ള പിന്തുണ അറിയിച്ചിട്ടുമുണ്ട്. സംസ്ഥാന വഖഫ് ബോർഡുകളിൽ സജ്ജദാനിശിയൻ കൗൺസിലിന്റെ പ്രതിനിധി ഉണ്ടാവണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്തുകൊണ്ട് പ്രതിപക്ഷം എതിർക്കുന്നു
‘ഇന്ത്യ സഖ്യ’ത്തോടൊപ്പമല്ലാത്ത വൈ എസ് ആർ കോൺഗ്രസടക്കം ബില്ലിനെ എതിർത്തുകൊണ്ടാണ് സംസാരിച്ചത്. രാജ്യസഭയിൽ 11 അംഗങ്ങളുള്ള വൈ എസ് ആർ കോൺഗ്രസടക്കം വഖഫ് നിയമ ഭേദഗതിയെ എതിർത്തത് എൻ ഡി എക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇരു സഭകളിലും ബില്ലിൻമേൽ ചർച്ചകളും വാഗ്വാദങ്ങളും നടന്നു. ഈ ലോക്‌സഭയിലെ ഏറ്റവും സങ്കടകരമായ ദിവസമാണിതെന്നാണ് ലോക്‌സഭയിൽ വഖഫ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഡി എം കെ എം പി കനിമൊഴി പറഞ്ഞത്: ഈ ലോക്‌സഭയിൽ പലരും ഇന്ത്യൻ ഭരണഘടന കൈയ്യിലേന്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടനയാണ് ഏറ്റവും വലുതെന്നും അത് സംരക്ഷിക്കണമെന്നും ആഗ്രഹിച്ചാണ് അവർ ഭരണഘടന കൈയ്യിലേന്തി സഭയിൽ വന്നത്. എന്നാൽ സർക്കാർ ഭരണഘടനക്കെതിരാണെന്ന് ഇന്ന് തെളിയിക്കപ്പെട്ടു. ആർട്ടിക്കിൾ 25,26 ന്റെ ലംഘനം കൂടിയാണ് വഖഫ് ബിൽ. ഈ ഭേദഗതി മുസ്ലിം വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണ്- കനിമൊഴി ലോക്‌സഭയിൽ പറഞ്ഞു. വഖഫ് ബോർഡിനും വഖഫ് കൗൺസിലിനുമുള്ള അധികാരം എടുത്തു കളയുന്നതാണ് ഈ ബില്ലെന്ന് ചർച്ചയിൽ സി പി എം പ്രതിനിധി കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു. ആർട്ടിക്കിൾ 14, 15, 25, 26, 30 എന്നിവയുടെ ലംഘനമാണ് ബില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീറും സഭയിൽ പറഞ്ഞു. ഈ രൂപത്തിൽ ലോക്‌സഭയിൽ വലിയ ചർച്ചകൾക്കാണ് വഖഫ് നിയമഭേദഗതി ബിൽ വഴിതുറന്നത്.
പുതിയ നിയമ ഭേദഗതി ഭരണഘടനയെ ആക്രമിക്കുന്ന ഒന്നാണെന്ന് കോൺഗ്രസ് എം പി കെ.സി. വേണുഗോപാൽ ലോക്‌സഭയിൽ പറഞ്ഞു: നിങ്ങൾ അയോധ്യയിൽ രാം മന്ദിറിൽ ഒരു മുസ്ലിമിനെ അംഗമാക്കുമോ. ഗുരുവായൂർ അമ്പലത്തിൽ മുസ്ലിങ്ങൾക്ക് പ്രാതിനിധ്യം കൊടുക്കുമോ. നിങ്ങൾ എന്തിനാണ് മുസ്ലിങ്ങളെ ലക്ഷ്യം വെക്കുന്നത്,അവരുടെ മതസ്വാതന്ത്ര്യം തടയുന്നത്. വഖഫ് ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന നൽകുന്ന മതസ്വത്രന്ത്ര്യത്തിന് എതിരാണ്. ഇന്ന് നിങ്ങൾ മുസ്ലിമിന്റെ അവകാശങ്ങൾ കവരുന്നു. നാളെ ക്രിസ്ത്യാനിക്കും പാഴ്‌സിക്കും ജൈനർക്കുമെതിരെ നിങ്ങൾ നീങ്ങും. പുതുക്കിയ വഖഫ് ഭേദഗതി ബില്ലിനെ ഞങ്ങൾ ശക്തമായി എതിർക്കുന്നു - പാർലമെന്റിൽ കെ.സി. വേണുഗോപാൽ പറഞ്ഞു
വഖഫ് നിയമഭേദഗതി ബിൽ പൂർണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം പി ട്രൂകോപ്പിയോട് പറഞ്ഞു: ഈ നിയമഭേദഗതിയിലൂടെ മുസ്ലിം മതവിഭാഗത്തിന്റെ മതപരമായ സ്വാതന്ത്രങ്ങളിലേക്ക് സർക്കാർ കടന്നുകയറുന്ന പ്രവണതയാണ് ഉണ്ടാക്കുന്നത്. മുസ്ലിം ജനവിഭാഗത്തെ ടാർഗറ്റ് ചെയ്യുന്നതാണ് ഈ നിയമം. ഈ ബിൽ നിയമമായി വരുന്നതോടെ വഖഫ് ബോർഡും കൗൺസിലും പൂർണമായും അധികാരമില്ലാതെയാകുന്നു. വഖഫിന് മേലുള്ള എല്ലാ അധികാരവും സർക്കാരിന് കീഴിലാകുന്നു. ഇതോടെ വഖഫ് ബോർഡ് എന്നൊരു ബോർഡിന്റെ തന്നെ ആവശ്യമില്ലാതാവുന്ന സ്ഥിതി വരുത്തുകയാണ് ചെയ്യുന്നത്. ലോക്‌സഭയിൽ ബില്ലിന്റെ കരട് രേഖ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ബിൽ കോടതിയിലെത്തിയാൽ തള്ളിപ്പോകുമെന്ന് ഉറപ്പാണ്.- എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള ജോൺ ബ്രിട്ടാസിനും പി.വി അബ്ദുൽ വഹാബിനുമാണ് സംസാരിക്കാൻ അനുമതി ലഭിച്ചത്. 2014- ലെ യു.പി.എ സർക്കാരിലെ ന്യൂനപക്ഷ മന്ത്രിയായിരുന്ന കെ റഹ്‌മാൻ ഖാൻ അവതരിപ്പിച്ച ബിൽ പിൻവലിക്കാനുള്ള പാർലമെന്ററി മന്ത്രി കിരൺ റിജിജുവിന്റെ പ്രമേയത്തിനെതിരെയാണ് ഇരുവരും രാജ്യസഭയിൽ സംസാരിച്ചത്. ഇരുവരുടെയും എതിർപ്പിനിടെ ശബ്ദവോട്ടോടെ 2014- ലെ ബിൽ യു.പി.എ സർക്കാർ കൊണ്ടുവന്ന ബിൽ രാജ്യസഭയിൽ നിന്ന് പിൻവലിച്ചു. വഖഫ് സ്വത്തുക്കളിൽ നി്ന്ന് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനാണ് അന്നത്തെ ന്യൂനപക്ഷ മന്ത്രിയായിരുന്ന കെ. റഹ്‌മാൻ ഖാൻ ബിൽ അവതരിപ്പിച്ചത്. 10 കൊല്ലം ബിൽ പാസാക്കാതെയിട്ട് പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്. വഖഫ് നിയമത്തിൽ വെള്ളം ചേർക്കാനും ഇസ്‍ലാം ഇതര മതസ്ഥരെ വഖഫുമായി ബന്ധപ്പെട്ട ഭരണസംവിധാനത്തിൽ കൊണ്ടുവരാനുമാണ് കേന്ദ്ര ശ്രമിക്കുന്നത്. ബുൾഡോസർ പൊളിറ്റിക്‌സിന് പകരം രാജ്യത്തെ സാമൂഹിക ഐക്യം ഊട്ടിഉറപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഇരുസഭകളിലും വഖഫ് നിയമഭേദഗതിക്കെതിരെ വലിയ ചർച്ചകളാണ് നടന്നത്. പ്രതിപക്ഷത്തിന്റെ ചർച്ചകൾക്കൊടുവിൽ ബിൽ സംയുക്ത സമിതിക്ക് വിട്ടു. ഇനി മതിയായ ചർച്ചകളില്ലാതെ ഒരു ബില്ലും പാർലമെന്റ് കടക്കില്ലെന്ന് കൂടിയാണ് വഖഫുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ പത്തു വർഷമായുള്ള മുസ്ലിം വിഭാഗത്തിന്റെ മതകാര്യങ്ങളിൽകേന്ദ്രം ഇടപെടുന്നതിന്റെ തുടർച്ചയാണ് ഈ ബില്ലെന്നാണ് പി.വി അബ്ദുറഹ്‌മാൻ പറഞ്ഞത്. വഖഫ് ഭൂമി തുച്ഛമായ തുകക്ക് പാട്ടത്തിന് കൊടുത്ത സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. അത്തരം ചൂഷണങ്ങളിൽ നടപടിയെടുക്കാൻ വഖഫ് ബോർഡിന് അധികാരം നൽകുന്ന ബിൽ പിൻവലിക്കുന്നതിലൂടെ വീണ്ടും ഭൂ മാഫിയകൾ ശക്തിപ്പെടുമെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.
ഇരുസഭകളിലും വഖഫ് നിയമഭേദഗതിക്കെതിരെ വലിയ ചർച്ചകളാണ് നടന്നത്. പ്രതിപക്ഷത്തിന്റെ ചർച്ചകൾക്കൊടുവിൽ ബിൽ സംയുക്ത സമിതിക്ക് വിട്ടു. ഇനി മതിയായ ചർച്ചകളില്ലാതെ ഒരു ബില്ലും പാർലമെന്റ് കടക്കില്ലെന്ന് കൂടിയാണ് വഖഫുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂണ്ടിക്കാട്ടുന്നത്. രാജ്യസഭയിലും ലോക്‌സഭയിലും ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും അംഗബലം കുറഞ്ഞതോടെ ചർച്ചകളില്ലാതെ ഇനി ബില്ലുകൾ പാസാകില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് വഖഫ് നിയമഭേദഗതിയിൽ ഇരു സഭകളിലും നടന്ന ചർച്ചകൾ.