രാഷ്ട്രത്തിന്റെ ഭരണഘടനയോട് ഒരു തരത്തിലുമുള്ള കൂറോ വിധേയത്വമോ ഇല്ല എന്ന് ആവർത്തിച്ചുറപ്പിക്കുന്ന നിലപാടാണ് എക്കാലവും സംഘപരിവാറിനുള്ളത്. "സങ്കരവും ഭാരിച്ചതുമായ ഈ ഭരണഘടന നമ്മുടെ സ്വന്തമല്ലെന്ന് നിസ്സംശയം പറയാം' എന്ന് പ്രഖ്യാപിച്ചത് എം.എസ്. ഗോൾവാൽക്കറാണ്. ദേശീയ പതാകയോടും ദേശീയ ഗാനത്തോടും അതേ നിലപാടാണ് ഗോൾവർക്കറിനും അതിലൂടെ സംഘപരിവാറിനും ഉള്ളത്.
വിമർശനത്തിന്റേത് എന്ന് വ്യാഖ്യാനിക്കാനാവാത്ത, പരിഹാസത്തിന്റേയും ആക്ഷേപത്തിന്റെയും ഭാഷയിൽ സജി ചെറിയാൻ ഭരണഘടനയെക്കുറിച്ച് പറഞ്ഞത് കേട്ട് സംഘികൾ ഉള്ളിൽ സന്തോഷിക്കും. കാരണം "വിദേശ ഭരണഘടനകളുടെ സങ്കരം' എന്ന വാദമാണ് "ഭരണഘടന തൊഴിലാളിവിരുദ്ധമാണ്' എന്ന വിമർശനത്തിന് താങ്ങായി സജി ചെറിയാൻ കൊടുക്കുന്നത്. ആ വാദത്തിലൂന്നിയ ചർച്ച സംഘപരിവാർ ആഗ്രഹിക്കുന്നത് തന്നെയാണ്. അവരിത് അഴിച്ചു പണിയാനുള്ള തിടുക്കത്തിലുമാണ്.
ജനാധിപത്യത്തെയും ഭരണഘടനയെയും ജനാധിപത്യത്തിലെ പഴുതുകൾ തന്നെ പ്രയോജനപ്പെടുത്തി എങ്ങനെ അട്ടിമറിക്കാം എന്ന് സംഘപരിവാർ ഫലപ്രദമായി പരീക്ഷിച്ച് വിജയിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. ഭരണഘടന വിമർശനത്തിന് അതീതമല്ല. പക്ഷേ ഭരണഘടനയുടെ പോരായ്മകളേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമിതല്ലെന്ന് സമകാലിക ഇന്ത്യൻ സാഹചര്യത്തേക്കുറിച്ച് പരിമിതമായ ആശങ്കയുള്ളവർക്ക് പോലും അറിയാം,
കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉറപ്പായും അറിയാം. അതും കാലം തെളിയിക്കുന്നുണ്ട്.
"ധർമ്മ സങ്കൽപത്തെ അവഗണിച്ച ഭരണഘടന' എന്ന് ഹൈക്കോടതി ജസ്റ്റിസ് നഗരേഷ് ദേശീയ അഭിഭാഷക പരിഷത്തിന്റെ യോഗത്തിൽ അടുത്തിടെ പറഞ്ഞതായി വാർത്ത കണ്ടതും ഇപ്പോൾ ഓർക്കുന്നു.