‘പെട്രോൾ പമ്പ് ശുചിമുറി ഉപഭോക്താക്കൾക്കുമാത്രം’;
കോടതി ഉത്തരവ് അവകാശനി​ഷേധമെന്ന്
വിമർശനം

‘‘പെട്രോൾ പമ്പിന് ലൈസൻസ് കൊടുക്കുമ്പോൾ തന്നെ ഉപഭോക്താക്കൾക്കും അല്ലാത്തവർക്കും, അതായത് യാത്രക്കാർക്കുൾപ്പടെയുള്ളവർക്കും, ടോയ്ലറ്റ് സൗകര്യം ഉപയോഗിക്കാൻ അനുമതി നൽകണമെന്ന നിർദേശം നൽകുന്നുണ്ട്. അത് നിരാകരിക്കുവാൻ കോടതിക്കാകില്ല. അത് പൗരരുടെ മൗലികാവകാശമാണ്’’- അഡ്വ. പി.എ. പൗരൻ പറയുന്നു.

സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുശുചിമുറികളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ച് കേരള ഹൈക്കോടതി. പെട്രോളിയം ട്രേഡേഴ്‌സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജിയിലാണ് കോടതി ഉത്തരവ്. ദൂരയാത്ര ചെയ്യുന്ന സ്ത്രീകളടക്കം ഉപയോഗിച്ചുപോരുന്ന പെട്രോൾ പമ്പുകളിലെ ശുചിമുറി സൗകര്യം ഉപഭോക്താക്കൾക്ക് മാത്രമെ തുറന്നുകൊടുക്കേണ്ടതുള്ളൂ എന്ന ഹൈക്കോടതി വിധി പൊതുജനങ്ങളെ പ്രതിസന്ധിയിലാക്കും. ഇത്തരത്തിൽ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളാക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹർജി. കേരള സർക്കാരാണ് കേസിൽ എതിർസ്ഥാനത്തുള്ളത്.

പൊതുവിടങ്ങളിൽ ശുചിമുറി സൗകര്യങ്ങൾ സുലഭമല്ലാത്ത കേരളം പോലെയുള്ള സംസ്ഥാനത്ത് ഇത്തരമൊരു വിധി സാമൂഹിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ള ഇ-ടോയ്‌ലറ്റ് സംവിധാനം പോലും കൃത്യമായി നടപ്പിലാക്കപ്പെടാത്ത സാഹചര്യത്തിൽ കൂടിയാണ് ഈ പുതിയ നടപടി.

സ്വച്ഛ് ഭാരത് മിഷന് കീഴിൽ പൊതു ശുചിമുറികൾ നിർമ്മിക്കേണ്ടതിനേക്കുറിച്ച് തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷന് നിർദ്ദേശം നൽകിയ ഹൈക്കോടതി, പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനത്തിന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ലെന്ന് കോർപ്പറേഷനോടും സംസ്ഥാന സർക്കാരിനോടും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷനും മറ്റ് ചില പ്രാദേശിക ഭരണകൂടങ്ങളും പെട്രോൾ റിട്ടെയിലർമാർക്ക് പൊതുജനങ്ങൾക്ക് ശുചിമുറികൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് തങ്ങൾ കോടതിയെ സമീപിച്ചതെന്നാണ് പരാതിക്കാർ പറയുന്നത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതുശൗചാലയമായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവശ്യ സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനായാണ് പെട്രോൾ പമ്പുകളിൽ ശുചിമുറികൾ നിർമ്മിച്ചിട്ടുള്ളതെന്നുമാണ് പരാതിക്കാർ തങ്ങളുടെ ഹർജിയിലുയർത്തിയ പ്രധാന വാദം.

ഹൈക്കോടതി ഉത്തരവ് നീതിനിഷേധമാണെന്നും ഇത്തരത്തിലൊരു വിധി പ്രസ്താവിക്കാൻ ഹൈക്കോടതിക്ക് കഴിയില്ലെന്നും അഭിഭാഷകനായ പി. എ. പൗരന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്വമേധയ പിന്‍വലിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു:

“ടോയ്ലറ്റ് സൗകര്യം നിഷേധിക്കാൻ ഹൈക്കോടതിക്ക് കഴിയില്ല. കാരണം അത് നിയമത്തിൽ പറയുന്നതാണല്ലോ. ഹൈക്കോടതി ഇത്തരത്തിലൊരു വിധി പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിയമത്തെ വളച്ചൊടിക്കലാണ്. പെട്രോൾ പമ്പിന് ലൈസൻസ് കൊടുക്കുമ്പോൾ തന്നെ ഉപഭോക്താക്കൾക്കും അല്ലാത്തവർക്കും, അതായത് യാത്രക്കാർക്കുൾപ്പടെയുള്ളവർക്കും ടോയ്ലറ്റ് സൗകര്യം ഉപയോഗിക്കാനുള്ള അനുമതി നൽകണമെന്ന നിർദേശം നൽകുന്നുണ്ട്. അത് നിരാകരിക്കുവാൻ ഒരു കോടതിക്കും അധികാരമില്ല. അത് പൗരരുടെ മൗലികാവകാശമാണ്. എന്തുകൊണ്ടാണ് ഹൈക്കോടതി അങ്ങനെയൊരു വിധി പറഞ്ഞതെന്ന് മനസിലാകുന്നില്ല. സുപ്രീംകോടതി സ്വമേധയാ ഈ വിധി ദുർബലപ്പെടുത്തുകയോ പിൻവലിക്കുകയോ ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്’’.

അഡ്വ. പി.എ. പൗരൻ
അഡ്വ. പി.എ. പൗരൻ

‘‘കോഴിക്കോടിനടുത്തുള്ള ഒരു പെട്രോൾ പമ്പിൽ ഒരു സ്ത്രീ പെട്രോളടിക്കാൻ ചെന്നപ്പോൾ അവർ അവിടുത്തെ ടോയ്ലറ്റ് സൗകര്യം ആവശ്യപ്പെട്ടു. എന്നാൽ പമ്പുകാർ താക്കോൽ കൊടുക്കാൻ തയാറായില്ല. തുടർന്ന് അവർ കേസുമായി മുന്നോട്ടുപോവുകയും കൺസ്യൂമർ കോടതിയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്ന വിധി വരുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലായിരിക്കും അവർ കോടതിയെ സമീപിച്ചിരിക്കുന്നത്. പെട്രോൾ പമ്പുകളിൽ ശുചിമുറി സൗകര്യം ഉറപ്പുവരുത്തണമെന്ന് ലൈസൻസ് നൽകുമ്പോൾ തന്നെ സർക്കാർ നിർദേശം നൽകുന്നതാണ്. സ്ത്രീകൾക്ക് അത് പ്രത്യേകിച്ച് അനിവാര്യവുമാണ്. അത് നൽകാത്ത ധാരാളം പെട്രോൾ പമ്പുകളുണ്ട്. ടോയ്‌ലറ്റ് റിപ്പയറിങ് നടത്തുകയാണ് അല്ലെങ്കിൽ താക്കോൽ മാറ്റാരുടെയെങ്കിലും കയ്യിലാണ് എന്നൊക്കെയാണ് അത്തരം സന്ദർഭങ്ങളിൽ ഇവർ നൽകുന്ന മറുപടി. ഇത്തരം നടപടികൾക്കെതിരെയാണ് മുമ്പ് പറഞ്ഞ സ്ത്രീധീരമായി പോരാടിയത്.”

പെട്രോൾ പമ്പ് ജീവനക്കാരും ശുചിമുറി ഉപയോഗിക്കുന്നവരും തമ്മിൽ വാക്കേറ്റമുണ്ടാകുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ പെട്രോൾ പമ്പിലെ ശുചിമുറിയുടെ താക്കോൽ നൽകാത്തതിനെ തുടർന്ന് അധ്യാപികയായ സി.എൽ. ജയകുമാരി പമ്പ് ഉടമക്കെതിരെ ഉപഭോക്തൃ തർക്കപരിഹാര കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് 1,65,000 രൂപ ജയകുമാരിക്ക് നൽകാൻ കോടതി വിധിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് പയ്യോളിയിലുളള തെനംകാലിൽ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്നയ്‌ക്കെതിരെയാണ് കമ്മീഷൻ ഉത്തരവിട്ടത്. പെട്രോൾ പമ്പ് അനുവദിക്കുമ്പോൾ ടോയ്‌ലറ്റ് സൗകര്യങ്ങൾ ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ് പെട്രോൾ പമ്പ് പ്രവർത്തിച്ചു വരുന്നതെന്ന് കമ്മീഷൻ വിലയിരുത്തിയ ശേഷമായിരുന്നു പിഴയിട്ടത്.

Comments