ഭരണഘടനാ നിർമാണ സഭയുടെ കാലം,
ശരീഅത്ത്​ വിവാദ കാലം, മോദിയുടെ കാലം

ഏക സിവിൽ കോഡിനുവേണ്ടി ഭരണഘടനാ നിര്‍മ്മാണ സഭ ചർച്ച നടത്തിയ സമയത്തും ശരീഅത്ത് വിവാദം കൊടുമ്പിരിക്കൊണ്ട സമയത്തുമുള്ള ഇന്ത്യയല്ല ഇന്നത്തേത്​ എന്ന്​ ചൂണ്ടിക്കാട്ടി, ഏക സിവിൽ കോഡിനുപുറകിലെ ബി.ജെ.പി- സംഘ്​പരിവാർ അജണ്ടയെക്കുറിച്ച്​ എഴുതുകയാണ്​ പ്രീജിത്​ രാജ്​.

ബി.ജെ.പി നേതൃത്വത്തിലുള്ള മോദി സര്‍ക്കാര്‍ ഒമ്പതുവര്‍ഷം പിന്നിടുമ്പോള്‍ സമാനതകളില്ലാത്ത ജനരോഷത്തിനാണ് വിധേയരാവുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരു കേന്ദ്ര സര്‍ക്കാരും ഈ വിധം ജനദ്രോഹനടപടികള്‍ കൈക്കൊണ്ടിട്ടില്ല, കോര്‍പ്പറ്റുകളുമായി കൈകോര്‍ത്ത് മുന്നോട്ടുപോയിട്ടില്ല.

സാമ്രാജ്യത്വ ശക്തികള്‍ക്ക് ലാഭം കുന്നുകൂട്ടാനുള്ള ഒരു കോളനി രാജ്യം പോലെ ഇന്ത്യയെ വിട്ടുകൊടുത്ത കേന്ദ്ര ഭരണത്തിനെതിരെ രാജ്യമെമ്പാടും ജനം രോഷാകുലരാവുമ്പോള്‍, ആ പ്രതിഷേധം വഴിതിരിച്ചുവിടാൻ ഏക സിവില്‍കോഡിനെ ഉപയോഗിക്കാമെന്ന രാഷ്ട്രീയതന്ത്രമാണ് ആര്‍.എസ്.എസ് - ബി.ജെ.പി- സംഘപരിവാരം പയറ്റുന്നത്.

വരാന്‍ പോകുന്ന നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ മോദിയുടെ നേതൃത്വത്തില്‍ സംഘപരിവാരം മുന്നോട്ടുവെക്കുന്ന പ്രചരണായുധം ഏക സിവില്‍ കോഡ് ആയിരിക്കും. ജനതയെ ഭിന്നിപ്പിക്കാനും വോട്ടുബാങ്ക് ഉറപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ആര്‍.എസ്.എസ് കേന്ദ്രീയ നേതൃത്വം വിലയിരുത്തി, ബി.ജെ.പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളോട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആ രാഷ്ട്രീയ തന്ത്രമാണ് വരും നാളുകളില്‍ അവര്‍ പ്രയോഗിക്കുക.

44-ാം അനുച്ഛേദവും
പൊതുസിവില്‍ നിയമവും

ഭരണഘടനയുടെ 44-ാം അനുച്ഛേദം മുഴുവന്‍ പൗരര്‍ക്കും ബാധകമായ പൊതു സിവില്‍ നിയമം വിഭാവനം ചെയ്യുന്നുണ്ട്. അത് ഭരണഘടന മുന്നോട്ടുവെക്കുന്ന നിര്‍ദേശക തത്വമാണ്. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തും അവരുമായുള്ള വിപുലമായ കൂടിയാലോചനകളിലൂടെയും സാമൂഹ്യ സമവായത്തിലൂടെയും ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ വിപുലമായ സാമൂഹ്യ പരിഷ്‌കരണം ആവശ്യമാണ്. ഭരണഘടനയ്ക്ക് രൂപം നല്‍കിയ കോണ്‍സ്റ്റിറ്റ്യവന്റ് അസംബ്ലി തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെയാണ് പൊതു സിവില്‍ നിയമത്തെ നിര്‍ദേശക തത്വത്തിന്റെ ഭാഗമാക്കിയത്.

ഭരണഘടനാ നിര്‍മ്മാണ സഭ ഏറെ ഗൗരവത്തോടെയാണ് ഏകീകൃത സിവില്‍ നിയമത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്തത്. നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുയര്‍ന്നു. അതിന്റെ ചുരുക്കമെന്നത്, മതം ഭാഷ, സംസ്‌കാരം തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട ജനസാമാന്യത്തിന്റെ പിന്തുണയില്ലാതെ ഭരണകൂടം ഇടപെടലുകള്‍ നടത്തിയാല്‍ തിരിച്ചടിയുണ്ടാവുമെന്നാണ്. ഇതേ അഭിപ്രായമായിരുന്നു ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച ഉപസമിതിയും പ്രകടിപ്പിച്ചത്. തുടര്‍ന്നാണ് യൂനിഫോം സിവില്‍ കോഡ് നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നത്. ''ഇന്ത്യയിലാകെ ഏക സിവില്‍ നിയമം കൊണ്ടുവരാന്‍ ഗവണ്‍മെന്റ് പരിശ്രമിക്കണം'' എന്നാണ് ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ പറയുന്നത്. അതിനേക്കാള്‍ പ്രാധാന്യത്തോടെ ഭരണഘടന പറയുന്ന കാര്യങ്ങളാണ്, വിഭവങ്ങളുടെ നീതിപൂര്‍വ്വകമായ വിതരണം, രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ നീതി, വിദ്യാഭ്യാസവും മികച്ച തൊഴില്‍ സൗകര്യം എന്നിവ. ഇതൊക്കെ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ല. അത്തരം കാര്യങ്ങളൊക്കെ നടപ്പിലാക്കുമ്പോഴാണ് സമൂഹത്തില്‍ പരിഷ്‌കരണം നടക്കുക.

വ്യക്തിനിയമ പരിഷ്‌കാരങ്ങള്‍

18-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഇന്ത്യയില്‍ സര്‍ വില്യം ജോണിന്റെ നേതൃത്വത്തില്‍ ഹിന്ദു- മുസ്​ലിം നിയമങ്ങൾ ക്രോഡീകരിക്കാന്‍ ശ്രമമുണ്ടായി. വ്യക്തിനിയമവുമായി ബന്ധപ്പെട്ട് ആശ്രയിക്കാവുന്ന നിയമസംഹിതകളും സഹായത്തിനുള്ള നിയമ പുസ്തകങ്ങളും ഇല്ലാത്തതിനാല്‍ ജഡ്ജിമാര്‍ അന്ന് ഏറെ ബുദ്ധിമുട്ടിയിരുന്നു. അതൊക്കെ കാരണമാണ് ആ കാലത്ത് ആംഗ്ലോ- ഹിന്ദു നിയമവും ആംഗ്ലോ- മുഹമ്മദന്‍ നിയമവും ക്രോഡീകരിച്ചത്. ഇവ പ്രധാനമായും കൈകാര്യം ചെയ്തത് വ്യക്തിനിയമങ്ങളായിരുന്നു.

ക്രിസ്​ത്യാനികള്‍ക്കും അവരുടേതായ വ്യക്തിനിയമം ഉണ്ടായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് നീതിന്യായ സംവിധാനം ക്രിമിനല്‍ നടപടിക്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ ശക്തമായ നിയമനിര്‍മാണവും ഏകീകരണവും നടപ്പിലാക്കിയിരുന്നു. വ്യക്തിനിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതിനുശേഷവും ജനങ്ങള്‍ക്ക് അവരവരുടെ വിശ്വാസപ്രമാണം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം കൊളോണിയലിസ്റ്റുകള്‍ അനുവദിച്ചു. 1829-ലെ സതി റഗുലേഷന്‍ ആക്റ്റും 1856-ലെ ഹിന്ദു വിധവാ പുനര്‍വിവാഹ നിയമവും ഹിന്ദു വ്യക്തിനിയമത്തിലെ ഇടപെടലിന്റെ ഭാഗമായിരുന്നു. 19ാം നൂറ്റാണ്ടില്‍ സജീവമായ നവോത്ഥാന പ്രസ്ഥാനത്തിന്റേയും അതിന് നേതൃത്വം നല്‍കിയവരുടേയും പിന്തുണ ഇത്തരം പരിഷ്‌കാരങ്ങള്‍ക്ക് ലഭിച്ചിരുന്നു.

മുസ്​ലിം വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട് കോടതികളില്‍ വരുന്ന വ്യവഹാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ നിയമോപദേശങ്ങള്‍ ലഭിക്കാനുള്ള നിയമസംഹിതകളും പുസ്തകങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മതപണ്ഡിതന്‍മാരെയാണ് ജഡ്ജിമാര്‍ ആശ്രയിച്ചിരുന്നതെന്ന് ഫ്ലാവിയ ആഗ്‌നസിന്റേയും മറ്റും പഠനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. തുടര്‍ന്നാണ് മുസ്​ലിം നിയമജ്ഞരുടേയും മറ്റും സഹായത്തോടെ 1937-ലെ ശരീഅത്ത് ആക്ട് എന്നറിയപ്പെടുന്ന ദ മുസ്​ലിം പേഴ്‌സണല്‍ ലോ ആപ്ലിക്കേഷന്‍സ് ആക്ടും 1939-ലെ ദി ഡിസൊല്യൂഷൻ ഓഫ്​ മുസ്​ലിം മാര്യേജസ്​ ആക്​റ്റും നിലവില്‍ വരുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ വ്യക്തിനിയമങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടു.

ബി.ആർ അംബേദ്ക്കർ

അവിഭക്ത ഇന്ത്യ, പാക്കിസ്ഥാനും ഇന്ത്യയുമായി വിഭജിക്കപ്പെട്ടശേഷം മുസ്​ലിം വ്യക്തിനിയമങ്ങള്‍ക്ക് ഇന്ത്യയില്‍ സംരക്ഷണമുണ്ടാവില്ലെന്ന വിഹ്വലത സര്‍വ്വേന്ത്യാ ലീഗ് പങ്കുവെച്ചു. ആ വേവലാതി ഇല്ലാതാക്കാന്‍ ഗാന്ധിയും നെഹ്രുവുമൊക്കെ വിഷയത്തില്‍ സജീവമായി ഇടപെട്ടു. ഇന്ത്യയില്‍ മുസ്​ലിം വ്യക്തിനിയമത്തിന് സ്ഥാനമുണ്ടാവില്ലെന്ന പ്രചാരണം വെറുതെയാണെന്നും ഏകീകൃത സിവില്‍നിയമത്തിന് സര്‍ക്കാര്‍ തയ്യാറാവില്ലെന്നും അവര്‍ വ്യക്തമാക്കി. ഭരണഘടനാ നിര്‍മാണസഭയില്‍ തുടര്‍ന്നും വ്യക്തിനിയമങ്ങളെ സംബന്ധിച്ച ചൂടേറിയ ചര്‍ച്ച നടന്നു. ഏകീകൃത സിവില്‍ കോഡിനുവേണ്ടിയുള്ള ആവശ്യം ഉന്നയിക്കപ്പെട്ടു. വ്യക്തിനിയമങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയാല്‍ സാമൂഹ്യ പരിഷ്‌കരണം ദുര്‍ബലപ്പെടുമെന്ന അംബേദ്കറുടെ വാദം പ്രസക്തമാണെന്ന് കണ്ടാണ്, സിവില്‍ നിയമ ഏകീകരണമെന്ന നിര്‍ദേശം ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളിലൊന്നായി ഉള്‍ക്കൊള്ളിച്ചത്​.

ഹിന്ദുമതം അപകടത്തിലെന്ന്
കോണ്‍ഗ്രസ് മന്ത്രിമാര്‍

ചില കോണ്‍ഗ്രസ്​ നേതാക്കളും ആര്‍.എസ്.എസ് അനുകൂലികളും ഹിന്ദു വ്യക്തിനിയമത്തില്‍ പരിഷ്‌കരണം നിര്‍ദേശിച്ചുകൊണ്ടുള്ള ഹിന്ദു കോഡ് ബില്‍പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ''ഹിന്ദുമതം അപകടത്തില്‍'' എന്ന് മുദ്രാവാക്യം വിളിച്ച് ബില്ലിന് തടസം നിന്നു. നെഹ്രു മന്ത്രിസഭയിലെ നിയമ മന്ത്രിയായിരുന്ന അംബേദ്കര്‍ 1951 ഫെബ്രുവരി 5ന് ബില്ലവതരിപ്പിക്കുമ്പോള്‍ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഹിന്ദുമഹാസഭയുടെ നേതാവും വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന പട്ടാഭി സീതാരാമയ്യ, പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ന്നത്.

ദല്‍ഹിയില്‍ ഹിന്ദുകോഡ് ബില്ലിന്റെ ചര്‍ച്ചയില്‍ അംബേദ്ക്കര്‍ / Photo: Ministry of External Affairs

ഹിന്ദു കോഡ് ബില്ലിന്റെ കരട് 1947- ല്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ഡോ. രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. സ്വത്തവകാശം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ ഹിന്ദു സ്ത്രീകള്‍ക്ക് അവകാശം ലഭിക്കുമ്പോള്‍ സമുദായത്തിന്റെ ചട്ടക്കൂട് തന്നെ തകരുമെന്ന അഭിപ്രായമാണ് അന്ന് വിമര്‍ശകര്‍ മുന്നോട്ടുവെച്ചത്. അത് സംബന്ധിച്ച സംവാദങ്ങള്‍ വിവാദമായി മാറുകയും ഭിന്നതയായി മൂര്‍ച്ഛിക്കുകയും ചെയ്തപ്പോഴാണ് ഭരണഘടനാ ശില്‍പ്പിയെന്ന് അറിയപ്പെടുന്ന ഡോ. അംബേദ്കര്‍ക്ക് മന്ത്രിസഭയില്‍നിന്ന് രാജിവെക്കേണ്ടി വന്നത്.

മുസ്​ലിം വ്യക്തി നിയമ ബോര്‍ഡിന്റെ ആവിര്‍ഭാവം

സോഷ്യലിസ്റ്റ് മനോഗതിയോടെ മുന്നോട്ടുപോയ ജവഹര്‍ലാല്‍ നെഹ്രു, കോണ്‍ഗ്രസിലെ തീവ്രവലതുപക്ഷക്കാരുടെ എതിര്‍പ്പ്​ മറികടന്ന്​ 1955-ല്‍ ഹിന്ദു മാര്യേജ് ആക്ടും 1956-ല്‍ ഹിന്ദു അഡോപ്ഷന്‍സ് ആന്റ് മെയിന്റനന്‍സ് ആക്ടും നിയമമാക്കി. ആ ഘട്ടങ്ങളിലെല്ലാം വലിയ എതിര്‍പ്പുയര്‍ന്നുവന്നു എന്നത് ചരിത്രമാണ്. മുസ്​ലിം വ്യക്തിനിയമം പൊളിച്ചെഴുതണമെന്ന ആവശ്യം​ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ അപ്പോഴാണ് ഒരു കാമ്പയിനായി ശക്തമായി ഉയര്‍ന്നുവന്നത്. 1963-ലും 1972-ലുമൊക്കെ അതിനായുള്ള പരിശ്രമങ്ങള്‍ സര്‍ക്കാരിന്റേയും ചില സംഘടനകളുടേയും ഭാഗത്തുനിന്നുണ്ടായി. ഈ ഘട്ടത്തിലെല്ലാം തീവ്ര വലതുപക്ഷ നേതാക്കളും സംഘടനകളുമാണ് ഏക സിവില്‍ കോഡ് ആലോചനകളേതുമില്ലാതെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടത്. 1973-ല്‍ അഖിലേന്ത്യാ മുസ്​ലിം വ്യക്തി നിയമ ബോര്‍ഡ് സ്ഥാപിക്കുന്ന പശ്ചാത്തലം അതാണ്. ഷിയ, സുന്നി, ബറേല്‍വി വിഭാഗങ്ങളുടെയെല്ലാം പ്രതിനിധികള്‍ ആ ബോര്‍ഡിലുണ്ടായിരുന്നു. ഇസ്​ലാമിക നിയമസംഹിത അഥവാ ശരീഅത്ത് സംരക്ഷണമായിരുന്നു വ്യക്തി നിയമ ബോര്‍ഡ് ലക്ഷ്യമിട്ടത്.

Photo: twocircles.net

ഷാബാനു കേസും
കോണ്‍ഗ്രസിന്റെ
വോട്ടുബാങ്ക് രാഷ്ട്രീയവും

1985 ഏപ്രില്‍ 23ന് അഹമദ് ഖാന്‍ - ഷാബാനു കേസില്‍ ജസ്റ്റിസ് വൈ.ബി. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധി പ്രസ്താവിച്ചു. മുസ്​ലിം വിവാഹമോചിതയ്ക്ക് പുനര്‍വിവാഹം വരെ മുന്‍ ഭര്‍ത്താവ് ചെലവിന് കൊടുക്കണമെന്നും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ രാജ്യം തയ്യാറാകണമെന്നും സുപ്രീം കോടതി അന്ന് പറഞ്ഞു. ഇത് ശരീഅത്ത് വിവാദമായി രാജ്യമാകെ പടര്‍ന്നുപിടിച്ചു. കോടതി വിധി ദൈവനിര്‍മിതമായ ശരീഅത്തിനെതിരാണെന്നും ഇത് മറികടക്കാന്‍ പുതിയ നിയമനിര്‍മാണം വേണമെന്നും ആവശ്യപ്പെട്ട് വ്യക്തിനിയമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മുസ്​ലിം സംഘടനകള്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയേയും കോണ്‍ഗ്രസ് നേതൃത്വത്തേയും സമീപിച്ചു. മുസ്​ലിം ലീഗ്​ നേതാവ് ബനാത്ത് വാലയും സയ്യിദ് ശഹാബുദ്ദീനും ലോകസഭയിലും രാജ്യസഭയിലും സ്വകാര്യ ബില്ലുകള്‍അവതരിപ്പിച്ചു. അപ്പോഴാണ് ആ സ്വകാര്യ ബില്ലുകള്‍പിന്‍വലിച്ച്​ രാജീവ് ഗാന്ധി സര്‍ക്കാര്‍ തന്നെ, 1986-ലെ മുസ്​ലിം വുമണ്‍സ് റൈറ്റ് ടു പ്രൊട്ടക്ഷന്‍ ഓണ്‍ ഡിവോഴ്​സ്​ ആക്റ്റ് കൊണ്ടുവന്നത്. മുസ്​ലിം വോട്ടുബാങ്കില്‍ കണ്ണുനട്ടാണ് രാജീവ് ഗാന്ധി അന്ന് ആ സമീപനം കൈക്കൊണ്ടത് എങ്കില്‍ ഇന്ന്, ഹിന്ദു വോട്ടുബാങ്കില്‍ കണ്ണുനട്ടു നില്‍ക്കുന്ന എ.ഐ.സി.സി, ഏക സിവില്‍ കോഡ് വേണ്ടെന്ന് പറയാന്‍ ധൈര്യം കാണിക്കുന്നില്ല.

ഇന്നത്തെ ഇന്ത്യയും
പൊതു സിവില്‍ നിയമവും

ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധി, ഫാഷിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുന്ന കേന്ദസര്‍ക്കാരാണ് നിലവിലുള്ളത് എന്നതാണ്. 1925-ല്‍ സ്ഥാപിതമായ ആര്‍.എസ്.എസ് 2025-ല്‍ നൂറുവര്‍ഷം തികയ്ക്കുകയാണ്. ആ വേളയില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന് ആര്‍.എസ്.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് ആര്‍.എസ്.എസ് പ്രചാരകന്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ നിര്‍മ്മാണ സഭ ഏക സിവില്‍ കോഡിനുവേണ്ടി ചര്‍ച്ച നടത്തിയ സമയത്തും ശരീഅത്ത് വിവാദം കൊടുമ്പിരിക്കൊണ്ട സമയത്തുമുള്ള ഇന്ത്യയല്ല ഇന്നുള്ളത്.

ഷാബാനു ബീഗം

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് ഗുജറാത്ത് വംശഹത്യ നടന്നത്. മുസ്​ലിംകളെ കൂട്ടക്കുരുതി നടത്തിയ ഹിന്ദു ഭീകരവാദികളുടെ ഫാഷിസ്റ്റ് മനോഭാവം ലോകത്തെയാകെ നടുക്കിയതാണ്. മണിപ്പുരില്‍ ഇപ്പോള്‍ നടക്കുന്നത് ക്രിസ്​ത്യന്‍ വംശഹത്യയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ആ സംസ്ഥാനം ഭരിക്കുന്നത് ബി. ജെ.പിയാണ്. പ്രധാനമന്ത്രി മോദി മണിപ്പുരിലെ കലാപം ഇല്ലാതാക്കാനോ, അവിടെയുള്ള ജനങ്ങളെ അഭിസംബോധന ചെയ്യാനോ ഇതുവരെ തയ്യാറായിട്ടില്ല.

മണിപ്പുരില്‍ വംശഹത്യ അരങ്ങേറുന്ന വേളയിലാണ്​, ഭോപ്പാലില്‍ വെച്ച്, പത്തു ലക്ഷം ബി.ജെ.പി പ്രവര്‍ത്തകരോട് തത്സമയം സംസാരിച്ച മോദി, ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിലൂടെ തീര്‍ത്തും വര്‍ഗീയ അജണ്ട പയറ്റാനാണ് ആര്‍.എസ്.എസ് - ബി.ജെ.പി സംഘപരിവാരവും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഏകീകൃത സിവില്‍ കോഡിനെതിരെ രംഗത്തുവരുന്നതാണ് രാഷ്ട്രീയ ശരി. അതിന് തയ്യാറാവാത്ത കോണ്‍ഗ്രസ് കുറേക്കാലമായി മികച്ച ബി.ജെ. പിയാവാനാണ് പരിശ്രമിക്കുന്നത്. കോണ്‍ഗ്രസിന് രാജ്യത്തിന് മുമ്പാകെ ഒരു നിലപാട് മുന്നോട്ടുവെക്കാനാവുന്നില്ല. വിവിധ കോണ്‍ഗ്രസ് നേതാക്കള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ പറയുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഇന്ത്യന്‍ സമൂഹം പ്രാപ്തമായില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനില്ലാതെ പോയി.

ഗുജറാത്ത് കലാപം

ഇ.എം.എസ്​ പറഞ്ഞത്​

ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിലൂടെ മുസ്​ലിംകളെയാണ് ലക്ഷ്യമിടുന്നത് എന്ന സന്ദേശമാണ് മോദിയും ആര്‍.എസ്.എസ് - ബി.ജെ.പി സംഘപരിവാരവും തന്ത്രപൂര്‍വ്വം മുന്നോട്ടുവെക്കുന്നത്. ഹിന്ദുത്വ വര്‍ഗീയതയെ മുസ്​ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അണിനിരത്തി തങ്ങളുടെ വര്‍ഗീയ അജണ്ട സാക്ഷാത്കരിക്കുന്നതിനൊപ്പം ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുബാങ്കുറപ്പിക്കാന്‍ സാധിക്കുമെന്നും ആര്‍.എസ്.എസ് - ബി.ജെ.പി സംഘപരിവാരം കണക്കുകൂട്ടുന്നു.

ഏക സിവില്‍ കോഡ് മുസ്​ലിംകളെ മാത്രമല്ല ബാധിക്കുന്നത്. രാജ്യത്തെ ഗോത്ര വിഭാഗങ്ങളടക്കമുള്ള വൈവിധ്യമാര്‍ന്ന ജനസമൂഹങ്ങള്‍ക്കും സിവില്‍ കോഡ് പ്രശ്‌നമാവും. നൂറ്റാണ്ടുകളായി പിന്തുടരുന്ന സാമൂഹ്യക്രമങ്ങള്‍ വെല്ലുവിളിക്കപ്പെടും. ഹിന്ദുമതത്തില്‍ തന്നെ വ്യത്യസ്ത ജാതി വിഭാഗങ്ങളുണ്ട്. പട്ടികജാതി - വര്‍ഗ വിഭാഗങ്ങളില്‍ തന്നെ വ്യത്യസ്ത ജാതികള്‍ക്ക് വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളാണ്. ഇതൊക്കെ ആര്‍.എസ്.എസ് - ബി.ജെ.പി സംഘപരിവാരം മുന്നോട്ടുവെക്കുന്ന മനുസ്മൃതിയിലധിഷ്ഠിതമായി കൈകാര്യം ചെയ്യപ്പെടുക എന്നത് ഒരു വെല്ലുവിളി തന്നെയാവും. രാഷ്ട്രീയലാഭത്തിന് വിനാശകരമായ നീക്കമാണ് നരേന്ദ്ര മോദിയും സംഘവും നടത്തുന്നത്.

‘ശരീഅത്തും മതഭ്രാന്തന്‍മാരും' എന്ന ലേഖനത്തില്‍ ഇ.എം.എസ്​ എഴുതിയത് ഇവിടെ പ്രസക്തമാണ്: ''മുസ്​ലിം സമുദായത്തിലെ പൊതുജനാഭിപ്രായം - സ്ത്രീകളുടെ വിശേഷിച്ചും- ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായിക്കൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരുകയും ചെയ്യും. അങ്ങനെ മാത്രമേ ഏതാനും പതിറ്റാണ്ടുകള്‍ക്കകത്ത് 'എല്ലാ സമുദായങ്ങള്‍ക്കും ബാധകമായ പൊതു സിവില്‍ നിയമം' എന്ന ഭരണഘടനയിലെ ലക്ഷ്യപ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. അതിനുവേണ്ട ക്ഷമ കാണിക്കാതെ ഇപ്പോള്‍ തന്നെ പൊതു സിവില്‍ നിയമം നടപ്പിലാക്കണമെന്ന് ശഠിക്കുന്നത് ന്യായമോ പ്രായോഗികം പോലുമോ അല്ല.''

ഇ.എം.എസ് ഇത് എഴുതുന്നത് രാജ്യത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പാണ്. അതിനുശേഷം ഹിന്ദുത്വ വര്‍ഗീയത രാജ്യത്ത് അധികാരത്തില്‍ വന്നു. ബി.ജെ.പി സര്‍ക്കാര്‍, ജനാധിപത്യത്തേയും മതനിരപേക്ഷതയേയും വെല്ലുവിളിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. അവര്‍ ഭരണഘടന തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയും ചെയ്യുന്നു. മതഭ്രാന്ത് തലക്കുപിടിച്ച കൂട്ടമാണ് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്നത്. അവര്‍ ഏകീകൃത സിവില്‍ കോഡിനായി ശബ്ദമുയര്‍ത്തുമ്പോള്‍ അതിന്റെ പിന്നിലുള്ള വര്‍ഗീയ രാഷ്ട്രീയ ലക്ഷ്യം മനസ്സിലാക്കി പ്രതിരോധിക്കുക എന്നതാണ് ഇന്നത്തെ കടമ.

Comments