സിവില്‍ കോഡിനാൽ ‘ഏക’മാക്കാൻ കഴിയാത്ത ആദിവാസി ജീവിതം

സാംസ്കാരിക വൈവിധ്യങ്ങളെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെയും തിരിച്ചറിയാതെ, പ്രത്യേക മതവിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ട്​, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനുതകുന്ന രീതിയില്‍ സിവില്‍ നിയമങ്ങള്‍ രൂപപ്പെടുത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഏക സിവില്‍ കോഡ് ചര്‍ച്ചകള്‍ ആരംഭിച്ച ആദ്യ നാളുകളില്‍ത്തന്നെ ഭരണകൂടത്തിന് ബോധ്യമായിരിക്കുന്നുവെന്നാണ് സൂചന.

1946 ഡിസംബർ 19.
സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാലക്ഷ്യങ്ങളെ സംബന്ധിച്ച് ജവാഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കുകയാണ്. ബീഹാറില്‍നിന്നുള്ള (ഇപ്പോള്‍ ഝാര്‍ഘണ്ഡ്) ആദിവാസി നേതാവും പാര്‍ലമെന്റേറിയനുമായ ഡോ. ജയ്പാല്‍സിംഗ് മുണ്ട സംസാരിക്കുന്നു: “Mr. Chairman, Sir, I rise to speak on behalf of millions of unknown hordes—yet very important—of unrecognised warriors of freedom, the original people of India who have variously been known as backward tribes, primitive tribes, criminal tribes and everything else, Sir, I am proud to be a Jungli, that is the name by which we are known in my part of the country....”

ദീര്‍ഘമായ ഈ പ്രഭാഷണത്തില്‍ രാജ്യത്തിന്റെ മുഖ്യധാര, ആദിവാസി- ഗോത്ര വിഭാഗങ്ങളോട് എങ്ങനെയാണ് പെരുമാറിക്കൊണ്ടിരിക്കുന്നതെന്നും സ്വതന്ത്ര ഇന്ത്യയില്‍ ആദിവാസികള്‍ക്ക് തങ്ങളുടെ ഭാഗധേയം സ്വയം നിര്‍ണയിക്കാനുള്ള അവസരം ലഭ്യമാകേണ്ടതിനെക്കുറിച്ചും വസ്തുനിഷ്ഠമായി വിശദീകരിച്ച്​ ഡോ. ജയ്പാല്‍സിംഗ് മുണ്ട തുടര്‍ന്നു: ‘‘ഒരു കാടന്‍ എന്ന നിലയില്‍, ഒരു ആദിവാസി എന്ന നിലയില്‍ ഈ പ്രമേയത്തിന്റെ സങ്കീര്‍ണതകളെ മനസിലാക്കാന്‍ എനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ എന്റെ സാമാന്യബുദ്ധി എന്നോട് പറയുന്നത്, സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലൂടെ നമുക്ക് മുന്നേറുകയും ഒരുമിച്ചുനിന്ന് പോരാടുകയും വേണം. സര്‍, ഇന്ത്യയിലെ ഏതെങ്കിലും ഒരു വിഭാഗം ആളുകളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ ആളുകളോടാണ്. അവരെ അവമതിക്കുന്ന രീതിയില്‍പെരുമാറി, കഴിഞ്ഞ 6000 വര്‍ഷങ്ങളായി അവരെ അവഗണിച്ചുകൊണ്ടിരിക്കുന്നു...’’

ഡോ. ജയ്പാല്‍സിംഗ് മുണ്ട
ഡോ. ജയ്പാല്‍സിംഗ് മുണ്ട

‘‘എന്റെ ജനങ്ങളുടെ ചരിത്രം, കുടിയേറിവന്നവരാല്‍ നയിക്കപ്പെട്ട കലാപങ്ങളുടെയും ക്രമരാഹിത്യങ്ങളുടെയും ഫലമായി നിരന്തര ചൂഷണങ്ങള്‍ക്കും കുടിയിറക്കലിനും വിധേയമാക്കപ്പെട്ടതിന്റെ ചരിത്രമാണ്. എന്നിട്ടും പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ വാക്കുകള്‍ ഞാന്‍ വിശ്വസിക്കുന്നു. നമ്മളൊരു പുതിയ അദ്ധ്യായം കുറിക്കുകയാണെന്ന നിങ്ങളോരോരുത്തരുടെയും വാക്കുകള്‍ ഞാന്‍ വിശ്വസിക്കുന്നു. തുല്യാവസരങ്ങളുള്ള, ഒരാളും അവഗണിക്കപ്പെടാത്ത സ്വതന്ത്ര ഇന്ത്യ എന്ന പുതിയ അദ്ധ്യായം...''
(Constituent Assembly debate- Vol-1, page 9)

സമാന സിവില്‍ നിയമ സംഹിതയ്ക്കായി സംഘപരിവാര്‍ ഭരണകൂടം ധൃതിപ്പെടുമ്പോള്‍, എന്താണ് നടപ്പിലാക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച യാതൊരു ധാരണയും ജനങ്ങള്‍ക്കോ, ജനപ്രതിനിധികള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഇല്ല

22-ാം ലോ കമ്മീഷന്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ട് 2023 ജൂണ്‍ 14ാം തീയ്യതി പുതിയൊരു സര്‍ക്കുലര്‍ ഇറക്കിയതോടെ ഏക സിവില്‍ നിയമം (Uniform Civil Code) സംബന്ധിച്ച് വിപുലമായ ചര്‍ച്ച ഉയര്‍ന്നുവന്നിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍, 77 വർഷം മുമ്പ്​ ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ ഡോ. ജയ്പാല്‍സിംഗ് മുണ്ട നടത്തിയ പ്രസംഗം ഓര്‍മ്മയിലുണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് കരുതുന്നു. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെയും സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലങ്ങളെയും പരിഗണിച്ച്​ ആദിവാസി മുന്‍തൂക്ക പ്രദേശങ്ങള്‍ക്ക് സവിശേഷപദവി നല്‍കാന്‍ ഭരണഘടനാ ശില്പികള്‍ തീരുമാനിച്ചതിനുപിന്നിലെ കാരണങ്ങള്‍ തിരിച്ചറിയാന്‍ ജയ്പാല്‍സിംഗ് മുണ്ടയുടെ പ്രസംഗം സഹായിക്കും.

രാജ്യമൊട്ടാകെ സമാന സിവില്‍ നിയമ സംഹിതയ്ക്കായി സംഘപരിവാര്‍ ഭരണകൂടം ധൃതിപ്പെടുമ്പോള്‍, എന്താണ് നടപ്പിലാക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച യാതൊരു ധാരണയും ജനങ്ങള്‍ക്കോ, ജനപ്രതിനിധികള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഇല്ല എന്നതാണ് വസ്തുത. ഏക സിവില്‍ കോഡ്​ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ബി.ജെ.പി മുന്നോട്ടു വെക്കാറുണ്ടെങ്കിലും ഭരണത്തിലിരുന്ന ഒമ്പത് വര്‍ഷം ഇതുസംബന്ധിച്ച് കരടുരേഖ തയ്യാറാക്കാനോ പൊതുചര്‍ച്ചയ്ക്കായി അവതരിപ്പിക്കാനോ തയ്യാറായിട്ടില്ല. 21ാം ലോ കമ്മീഷന്‍ പ്രസിദ്ധീകരിച്ച കുടുംബ നിയമ പരിഷ്‌കരണങ്ങള്‍ സംബന്ധിച്ച കൂടിയാലോചനാ രേഖ (Consultation paper on Reform of Family Law, August, 2018) മാത്രമാണ് ഔദ്യോഗിക ഭരണ സംവിധാനത്തിന്റേതായി ഈ വിഷയത്തിന്മേലുള്ള സംഭാവന!

നിര്‍ദ്ദേശക തത്വമെന്ന നിലയില്‍, ഭരണഘടനയുടെ അനുച്ഛേദം 44 അനുസരിച്ച്, രാജ്യത്ത് ഏക സിവില്‍ കോഡ് തയ്യാറാക്കുന്നതിന്റെ പ്രാരംഭ നടപടിയെന്ന നിലയില്‍ 2016 ഒക്ടോബര്‍ 7ന് പതിനാറോളം ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ലോ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. വലിയൊരുഭാഗം ചോദ്യങ്ങളും ''അതെ / അല്ല'' എന്ന ഉത്തരം മാത്രം പ്രതീക്ഷിക്കുന്ന ഈ ചോദ്യാവലി ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളുടെ സ്വഭാവം ശ്രദ്ധിച്ചാലും ഇക്കാര്യം പ്രകടമാണ്​.

ആദിവാസി- ഗോത്ര ജനതയുടെ അടിസ്ഥാനാവകാശങ്ങള്‍ കവരുകയാണ് രാജ്യത്താകമാനം സമാന സിവില്‍ നിയമം നടപ്പിലാക്കുന്നതിലൂടെ സംഭവിക്കുന്നതെന്ന കാര്യം അധികമാരും ചര്‍ച്ച ചെയ്തതായി കാണുന്നില്ല.

അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 9 ശതമാനത്തോളം വരുന്ന ആദിവാസി- ഗോത്ര ജനതയുടെ അടിസ്ഥാനാവകാശങ്ങള്‍ കവരുന്നതും അവരുടെ ജീവിതത്തെയും സംസ്കാരത്തെയും അങ്ങേയറ്റം പ്രതിസന്ധിയിലേക്ക് നയിക്കുന്നതുമാണ് രാജ്യത്താകമാനം സമാന സിവില്‍ നിയമം നടപ്പിലാക്കുന്നതിലൂടെ സംഭവിക്കുന്നതെന്ന കാര്യം അധികമാരും ചര്‍ച്ച ചെയ്തതായി കാണുന്നില്ല. 800- ലധികം ഗോത്ര /ഉപഗോത്ര വിഭാഗങ്ങളിലായി 10 കോടിയിലധികം വരുന്ന ആദിവാസി വിഭാഗങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിലേക്കായിരിക്കും ഇത്തരമൊരു നീക്കം കൊണ്ടുചെന്നെത്തിക്കുക എന്നതില്‍ സന്ദേഹമില്ല. സിവില്‍ നിയമങ്ങളുടെ ഏകതാനത ആദിവാസി വിഭാഗങ്ങളെ എങ്ങനെ ബാധിക്കും എന്ന് മനസ്സിലാക്കുന്നതിനുമുമ്പ് ഇന്ത്യന്‍ ആദിവാസി- ഗോത്ര ജീവിതങ്ങളെക്കുറിച്ച് പൊതുവായൊരു ധാരണ ഉണ്ടാകേണ്ടത് പ്രധാനമാണ്.

ഗോത്രജീവിതം: ചരിത്രവും നരവംശശാസ്​ത്രവും

ആദിവാസി- ഗോത്ര ജനതയുടെ സാമൂഹ്യ ജീവിതക്രമം നിര്‍വ്വചിക്കുക എന്നത് ശ്രമകരമാണെന്ന് ആ മേഖലയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ബോദ്ധ്യമുള്ള കാര്യമാണ്. സാമൂഹ്യ സംഘടനയെന്ന നിലയില്‍ മറ്റ് സമൂഹങ്ങളെ അപേക്ഷിച്ച് കൃത്യമായ, അധികാര ഘടനകളും ശ്രേണികളും ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ ഇല്ല എന്നതാണ് ഇതിന് പ്രധാന കാരണം. ഭാഷ, സംസ്കാരം, ആചാരാനുഷ്ഠാനങ്ങള്‍, കുടുംബബന്ധം, ജീവിതോപാധി തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി നിശ്ചിത ഭൂപരിധിക്കുള്ളില്‍ ജീവിക്കുന്ന തദ്ദേശീയ ഗോത്ര വിഭാഗങ്ങളെയാണ്‌ ട്രൈബ്​സ്​ എന്ന പദം കൊണ്ട് പൊതുവില്‍ വിവക്ഷിക്കുന്നത്. സാധാരണ ഗതിയില്‍ ഇത്തരം ഗോത്രങ്ങള്‍ ചെറുചെറു സമൂഹങ്ങളാണെങ്കിലും വിരലിലെണ്ണാവുന്ന ആദിവാസി വിഭാഗങ്ങളെങ്കിലും ജനസംഖ്യയില്‍ വളര വലുതാണെന്ന് കാണാം.

Photos: Shafeeq Thamarassery
Photos: Shafeeq Thamarassery

ഭാഷാപരവും ആചാരപരവുമായ വ്യത്യസ്തതകള്‍ കാരണം ഒരു പരിധിവരെ മറ്റ് ഗോത്രവിഭാഗങ്ങളില്‍ നിന്ന്​ അകന്നാണ് ഓരോ സമൂഹവും കഴിയുന്നത്. ഒരു ഗോത്രവിഭാഗത്തെ പൊതുവില്‍ ബന്ധപ്പെടുത്തി നില്‍ക്കുന്നത് കുടുംബന്ധങ്ങളാണ്. പിന്തുടര്‍ച്ച, പ്രത്യേക അധികാരം, അധികാര വിഭജനം, തൊഴില്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയും ഗോത്രങ്ങളുടെ സംഘാടനം സംഭവിക്കുന്നതായി മാന്‍ഡെല്‍ബൗം (Mandelbaum- 1972) നിരീക്ഷിക്കുന്നുണ്ട്.

ആദിവാസി മേഖലകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഈ മേഖലകളെ ഭരണഘടനയുടെ അഞ്ചും ആറും ഷെഡ്യൂളുകളില്‍ ഉള്‍പ്പെടുത്തി പ്രത്യേക സംരക്ഷണം നല്‍കാന്‍ ഭരണഘടനാ ശില്പികള്‍ തയ്യാറായിട്ടുണ്ട്.

ഓരോ ഗോത്ര സമൂഹത്തിനും അവരുടേതായ നൈതിക മൂല്യങ്ങളും ലോകവീക്ഷണവും ആചാരാനുഷ്ഠാനങ്ങളും ഉണ്ടായിരിക്കും. ജീവിതോപാധികള്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവയെ ആധാരമാക്കിയായിരിക്കും ഈ മൂല്യങ്ങള്‍ രൂപപ്പെട്ടുവരുന്നത്. തങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ഭൂമിശാസ്ത്രപരമായി കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടില്ലായെങ്കില്‍ കൂടിയും അവ സ്വയംഭരണ പ്രദേശങ്ങളായിട്ടാണ് ആദിവാസികള്‍ കരുതിപ്പോരുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രദേശങ്ങളിലേക്കുള്ള കടന്നുകയറ്റങ്ങളെ ഏതുരീതിയിലും അവര്‍ ചെറുത്തുതോല്‍പ്പിക്കും. ആദിവാസി ഗോത്ര ജനവിഭാഗങ്ങളുടെ ഈയൊരു സ്വയംഭരണ / പരമാധികാര മനോഭാവത്തെ മനസിലാക്കാന്‍ സാധിക്കാത്ത കൊളോണിയല്‍ ഭരണാധികാരികള്‍ തങ്ങളുടെ നിയമങ്ങള്‍ ആദിവാസി മേഖലകളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും വന്‍തോതിലുള്ള ചെറുത്തുനില്‍പ്പുകള്‍ ആദിവാസികളില്‍ നിന്ന് നേരിടേണ്ടിവന്നിട്ടുണ്ട്.

ജനസംഖ്യയില്‍ ന്യൂനപക്ഷമെങ്കിലും ജീവിതശൈലി, ആചാരാനുഷ്ഠാനങ്ങള്‍, ഭാഷ- വേഷ ഭൂഷാദികള്‍ എന്നിവകളില്‍ വൈവിധ്യങ്ങളുടെ കലവറയാണ് ആദിവാസി- ഗോത്രവിഭാഗങ്ങള്‍. എണ്ണത്തില്‍ ഏറ്റവും കൂടുതലായ ഗോണ്ട് (7.4 ദശലക്ഷം) വിഭാഗം തൊട്ട് 19 പേര്‍ മാത്രം അവശേഷിക്കുന്ന ഗ്രേറ്റ്​ ആൻഡമാനീസ്​ വരെയുള്ള 716 മുഖ്യ ഗോത്ര വിഭാഗങ്ങളും നൂറുകണക്കിന് ഉപവിഭാഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ആദിവാസി സമൂഹം. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ, ഛത്തീസ്ഗഢ്, ഝാര്‍ഘണ്ഡ്​, തെലങ്കാന തുടങ്ങി ഒമ്പതോളം സംസ്ഥാനങ്ങളിലാണ് ആദിവാസി സമൂഹം കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത്.

ഗോണ്ട് ഗോത്രവിഭാഗം / Photo: People’s Archives of Rural India
ഗോണ്ട് ഗോത്രവിഭാഗം / Photo: People’s Archives of Rural India

ചരിത്രപരവും സാമൂഹ്യശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ ബന്ധങ്ങള്‍ പരിഗണിച്ച്, ഇന്ത്യയിലെ ആദിവാസി ഗോത്ര- വിഭാഗങ്ങളെ സാമൂഹ്യശാസ്ത്രനായ റോയ് ബര്‍മന്‍ (B.K. Roy Burman- 1972) അഞ്ച് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പ്രധാനമായും ഭൂപ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയും ഗോത്രവിഭാഗങ്ങള്‍ പൊതുവായി പങ്കുവെക്കുന്ന സാമൂഹ്യ- സാംസ്കാരിക മൂല്യങ്ങളെ കണക്കിലെടുത്തുമാണ് ഈ വര്‍ഗ്ഗീകരണം.

1. ആസാം, മണിപ്പൂര്‍, അരുണാചല്‍പ്രദേശ്, നാഗാലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വടക്കു- കിഴക്കന്‍ ഇന്ത്യയിലെ ഗോത്രവിഭാഗങ്ങള്‍.
2. ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മലയോര ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ ഹിമാലയന്‍ മേഖലയിലെ ആദിവാസി സമൂഹം.
3. ഒറീസ്സ, ഛത്തീസ്​ഗഢ്​, ഝാര്‍ഘണ്ഡ്​, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന മധ്യ-പൂര്‍വ്വ ഇന്ത്യയിലെ ആദിവാസികള്‍.
4. തമിഴ്‌നാട്, കേരളം, കര്‍ണ്ണാടകം എന്നിവ ചേര്‍ന്ന ദക്ഷിണേന്ത്യന്‍ ആദിമ സമൂഹം.
5. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ഇന്ത്യയിലെ ആദിവാസി-ഗോത്ര ജനത.

റോയ് ബര്‍മന്‍
റോയ് ബര്‍മന്‍

ജനസംഖ്യയില്‍ കൂടുതലുള്ള ഇന്ത്യയിലെ പ്രമുഖ ആദിവാസി- ഗോത്ര വിഭാഗങ്ങള്‍ സാന്താള്‍, മുണ്ട, ഓറോണ്‍, ഹോ (ഝാര്‍ഘണ്ഡ്​) ഭൂമിജ്, ഭൂയ്യ, ഗോണ്ട്, കന്ധ, സൗര (ഒഡീഷ), ഭൂമിജ്, സാന്താള്‍, കോറ, ലെപാച്ച, ഭൂടിയ, മുണ്ട, ഓറോണ്‍ (പശ്ചിമ ബംഗാള്‍), കച്ചാറി, മിറി, റാഭ (ആസാം), ആഭി, നിഷി, അപാതാനി, മോന്‍പാ, പാന്‍ചോ (അരുണാചല്‍പ്രദേശ്), നാഗാ (നാഗാലാന്റ്), ഗാരോ, ഖാസി (മേഘാലയ), മിസോ (മിസോറം), ചൗധരി, വസാവ, ഭീല്‍, ഗാമീത്, കോത്വാളിയ (ഗുജറാത്ത്), കോക്ണി, ഭീല്‍, ഭിലാല (മഹാരാഷ്ട്ര), ഭീല്‍, ഭിലാല (മധ്യപ്രദേശ്), കൊണ്ട റെഡ്ഡി, ചെച്ചെന്‍ (ആന്ധ്രപ്രദേശ്) എന്നിവയാണ്.

ഉപജീവനത്തെ അടിസ്ഥാനമാക്കി പ്രമുഖ സാമൂഹ്യശാസ്ത്രനായ ആന്ദ്രേ ബെറ്റില്ലേ, ഇന്ത്യയിലെ ആദിവാസികളെ മൂന്ന് വിധത്തില്‍ വര്‍ഗ്ഗീകരിച്ചിട്ടുണ്ട്.
1. നായാട്ട്, മത്സ്യബന്ധനം എന്നിവ നടത്തുന്നവർ.
2. പൂനംകൃഷി ചെയ്യുന്നവര്‍.
3. ഒരിടത്ത് താമസിച്ച് കൃഷി ചെയ്യുന്നവര്‍.
(Andre Betteille-1978).

സാന്താള്‍ ഗോത്രവിഭാഗം / Photo: Wikipedia
സാന്താള്‍ ഗോത്രവിഭാഗം / Photo: Wikipedia

ഇന്ത്യയിലെ ഭൂരിഭാഗം ആദിവാസികളും, പ്രത്യേകിച്ച് ജനസംഖ്യയില്‍ കൂടുതലുള്ള സാന്താള്‍, ഗോണ്ട്‌സ്, ഓറോണ്‍, മുണ്ട, ഭീല്‍ തുടങ്ങിയ വിഭാഗങ്ങള്‍, സ്ഥിരം കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ആദിവാസികള്‍ക്കിടയിലെ വ്യത്യസ്ത വിഭാഗങ്ങളെ ജാതി എന്ന് വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ഹിന്ദു വര്‍ണവ്യവസ്ഥയിലെ ജാതിയുമായി ബന്ധമില്ലെന്ന് നിഹാരഞ്ജന്‍ റേ (Niharanjan Ray-1972) വ്യക്തമാക്കുന്നു. ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് ജാതി പ്രവര്‍ത്തിക്കുന്നത്.

ആധുനിക ലോകത്തിന്റെ നിയമങ്ങളോടും നിയന്ത്രണങ്ങളോടും പുറംതിരിഞ്ഞുനില്‍ക്കാന്‍ ആദിവാസികളെ ​പ്രേരിപ്പിച്ച പ്രധാന ഘടകം, സ്വാശ്രയത്വത്തിനും സ്വാതന്ത്ര്യത്തിനും അവര്‍ നല്‍കുന്ന മുന്‍ഗണനകളാണ്

ആദിവാസി- ഗോത്ര വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും അവരെ രാഷ്ട്രത്തിന്റെ മുഖ്യധാരയിലെത്തിക്കാനും ഭരണഘടനാപരവും നിയമപരവുമായ ഒട്ടനവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ആദിവാസികളുടെ ഉദ്​ഗ്രഥനത്തിന്​ ജവാഹര്‍ലാല്‍ നെഹ്രു പഞ്ചശീല തത്വങ്ങള്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ക്കായി നെഹ്രു നിര്‍മ്മിച്ച പഞ്ചശീല തത്വങ്ങള്‍ക്ക് പുറമെയാണിത്. പ്രശസ്ത നരവംശശാസ്ത്രനായ വെരിയര്‍ എല്‍വിന്റെ ഫിലോസഫി ഫോര്‍ നേഫാ (Philosophy for NEFA, Elwin, V) എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ആദിവാസികളുടെ പ്രതിഭയ്ക്ക് അനുരൂപമായ രീതിയിലായിരിക്കണം വികസന പദ്ധതികള്‍ രൂപപ്പെടുത്തേണ്ടതെന്ന് തന്റെ പഞ്ചശീലതത്വങ്ങള്‍ അവതരിപ്പിച്ച്​ നെഹ്രു പറയുന്നുണ്ട്.

നിഹാരഞ്ജന്‍ റേ
നിഹാരഞ്ജന്‍ റേ

ആദിവാസി മേഖലകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഈ മേഖലകളെ ഭരണഘടനയുടെ അഞ്ചും ആറും ഷെഡ്യൂളുകളില്‍ ഉള്‍പ്പെടുത്തി പ്രത്യേക സംരക്ഷണം നല്‍കാന്‍ ഭരണഘടനാ ശില്പികള്‍ തയ്യാറായിട്ടുണ്ട്. ഇതിനുപുറമെ ആദിവാസി ഭൂമിയുടെ കൈമാറ്റം തടയുന്നത് സംബന്ധിച്ച നിയമം, വനാവകാശ നിയമം, പഞ്ചായത്തീരാജ് ആക്ട്, ഷെഡ്യൂള്‍ഡ് ഏരിയ ആക്ട് എന്നിവയും ഓരോ സംസ്ഥാനങ്ങളും ഭണഘടനയ്ക്കും ദേശീയനിയമങ്ങള്‍ക്കും നയങ്ങള്‍ക്കും അനുസൃതമായ രീതിയില്‍ പ്രത്യേകം നിയമനിര്‍മ്മാണങ്ങളും നടത്തിയിട്ടുണ്ട്. ദേശീയ- സംസ്ഥാന തലങ്ങളില്‍ ഡസന്‍ കണക്കിന് നിയമനിര്‍മ്മാണങ്ങള്‍ നടന്നിട്ടും സ്വാതന്ത്ര്യം ലഭിച്ച് ആറര പതിറ്റാണ്ടിനുശേഷവും ആദിവാസി-ഗോത്രവിഭാഗങ്ങളുടെ അവസ്ഥ മുന്‍കാലങ്ങളെക്കാളും പരിതാപകരമായി മാറിയിരിക്കുന്നതെന്തുകൊണ്ട് എന്ന് പരിശോധിക്കുവാന്‍ നാം മെനക്കെടാറില്ല.

ആദിവാസി - ഗോത്ര ജനതയെ രാഷ്ട്രീയപരമായി ഉയര്‍ത്തിക്കൊണ്ടുവരുവാനും മുഖ്യധാരയുമായി ബന്ധപ്പെടുത്തുവാനുമായി, പ്രത്യേക പദവി നല്‍കേണ്ടതിന്റെ ആവശ്യം സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടനാശില്പികള്‍ മനസിലാക്കിയിരുന്നു.

ആധുനിക ലോകത്തിന്റെ നിയമങ്ങളോടും നിയന്ത്രണങ്ങളോടും പുറംതിരിഞ്ഞുനില്‍ക്കാന്‍ ആദിവാസികളെ ​പ്രേരിപ്പിച്ച പ്രധാന ഘടകം, സ്വാശ്രയത്വത്തിനും സ്വാതന്ത്ര്യത്തിനും അവര്‍ നല്‍കുന്ന മുന്‍ഗണനകളാണ് എന്ന് നരവംശ ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. വ്യക്തി ജീവിതത്തെക്കാളും സാമൂഹ്യജീവിതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ജീവിതരീതികളും വിഭവങ്ങളുടെ പൊതുവായ ഉപഭോഗവും സ്വായത്ത ഭരണക്രമങ്ങളും അടിയറ വെക്കാനുള്ള വിമുഖത തന്നെയായിരുന്നു, ബ്രിട്ടീഷ് ഭരണാധികാരികളുടെ ഭീഷണികളെയും പ്രലോഭനങ്ങളെയും എതിരിടാന്‍ അവരെ പ്രേരിപ്പിച്ചത്​. ബ്രിട്ടീഷ് ഭരണത്തിനുമുമ്പുള്ള രാജഭരണകാലത്തുപോലും ആദിവാസി മേഖലകളെ തങ്ങളുടെ സ്വാധീനമേഖലകളായി കണക്കാക്കാന്‍ രാജാക്കന്മാര്‍ വളരെയൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്.

തങ്ങളുണ്ടാക്കിയ നിയമങ്ങളും നിയന്ത്രണങ്ങളും അംഗീകരിക്കുവാന്‍ ആദിവാസി ജനത തയ്യാറല്ലെന്ന് തിരിച്ചറിയാന്‍ കൊളോണിയല്‍ ഭരണാധികാരികള്‍ നിര്‍ബ്ബന്ധിതമാക്കപ്പെട്ടതിനെത്തുടര്‍ന്നാണ് 1835- ലെ ഷെഡ്യൂള്‍ഡ് ഡിസ്ട്രിക് നിയമം (Scheduled District Act- 1835) പാസാക്കപ്പെടുന്നത്. ഈ നിയമം അനുസരിച്ച് ആദിവാസി - ഗോത്ര ജനത താമസിക്കുന്ന പ്രദേശങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ട (Excluded) മേഖലകളെന്നും, ഭാഗികമായി ഒഴിവാക്കപ്പെട്ട (Partially Excluded) മേഖലകളെന്നും വിഭജിച്ചു. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ നടപ്പിലാക്കപ്പെട്ട നിയമങ്ങളില്‍ നിന്ന് ഈ പ്രദേശങ്ങളെ ഒഴിവാക്കുക എന്നതായിരുന്നു ഈ നിയമത്തിന്റെ ഉദ്ദേശ്യം. ഈ നിയമത്തിന്റെ മറ പറ്റിയാണ് ഇന്ത്യയില്‍ ആദ്യമായി ഛോട്ടാ നാഗ്പൂര്‍ ഷെഡ്യൂള്‍ഡ് ഡിസ്ട്രിക് ആയി പ്രഖ്യാപിച്ചത്.

Photo: People’s Archives of Rural India
Photo: People’s Archives of Rural India

ആദിവാസി ജനതയെ തങ്ങളുടെ നിയന്ത്രണങ്ങളില്‍കൊണ്ടുവരുന്നതില്‍ സംഭവിച്ച പരാജയം, ആദിവാസി ജനതയുടെ ഭാഗത്തു നിന്നുമുണ്ടായ തിരസ്കാരം നിറഞ്ഞ പ്രതികരണം, സാമ്പത്തിക താല്‍പര്യങ്ങളുടെ അഭാവം എന്നിവ ഈ മേഖലകളെ തങ്ങളുടെ നിയന്ത്രണങ്ങളുടെ പരിധിക്ക് പുറത്തുനിര്‍ത്താന്‍ ബ്രിട്ടീഷ് ഭരണാധികാരികളെ പ്രേരിപ്പിക്കുകയായിരുന്നു. പ്രാദേശിക ഭരണകാര്യങ്ങളില്‍ തങ്ങളുടെ നേരിട്ടുള്ള ഇടപെല്‍ സാധ്യമാക്കുന്നതിനും അവയുടെ നിയന്ത്രണങ്ങള്‍ കൈവശപ്പെടുത്തുന്നതിനും ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടില്‍ (The Government of India Act- 1919) വ്യവസ്ഥകള്‍ സൃഷ്ടിച്ചിരുന്നു. ഈ നിയമത്തിന്റെ പിന്‍ബലത്തോടെ മദ്രാസ്, ബോംബെ, സെന്‍ട്രല്‍ പ്രൊവിൻസ്​, ബേറാര്‍, യു.പി എന്നിവിടങ്ങളില്‍ 1920-ല്‍ വില്ലേജ് പഞ്ചായത്ത് ആക്ടും, ബംഗാള്‍ (1919), ബീഹാര്‍ (1920), ആസാം (1922) എന്നിവിടങ്ങളില്‍ സ്വയംഭരണ നിയമവും നിര്‍മ്മിച്ചു. പരിഷ്‌കരണസാധ്യതകളില്‍ നിന്ന് പൂര്‍ണ്ണമായും, ഭാഗികമായും വേര്‍തിരിച്ചാണ്​ 1919- ലെ നിയമം നിലവില്‍ വന്നത്. ഇങ്ങനെ വേര്‍തിരിക്കപ്പെട്ട പ്രദേശങ്ങള്‍ 11 ദശലക്ഷം ആദിവാസികള്‍ അധിവസിക്കുന്ന 1,20,000 ചതുരശ്ര കിലോമീറ്റര്‍ വരുമെന്ന് 1930-ല്‍ രൂപീകരിക്കപ്പെട്ട സൈമണ്‍ കമ്മീഷന്‍ കണ്ടെത്തി. 1935- ല്‍ ഈ നിയമം ഭേദഗതി ചെയ്​തു. പിന്നാക്ക ജില്ലാ പ്രഖ്യാപനത്തിന് അനുമതി നല്‍കി ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍ എന്നീ പ്രദേശങ്ങളിലെ വിവിധ പ്രദേശങ്ങള്‍ ഷെഡ്യൂള്‍ഡ് ഏരിയകളായി പ്രഖ്യാപിക്കപ്പെട്ടു.

ഷെഡ്യൂള്‍ഡ് ഏരിയകളായി ആദിവാസി മേഖലകളെ പ്രഖ്യാപിക്കുന്നതില്‍ പ്രത്യേക മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിരുന്നില്ല എന്നത് വലിയ പോരായ്മയായി ഇന്നും അവശേഷിക്കുന്നുണ്ട്.

ആദിവാസി - ഗോത്ര ജനതയുടെ സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ പരിഗണിച്ച്​ അവരെ രാഷ്ട്രീയപരമായി ഉയര്‍ത്തിക്കൊണ്ടുവരുവാനും മുഖ്യധാരയുമായി ബന്ധപ്പെടുത്തുവാനുമായി, പ്രത്യേക പദവി നല്‍കേണ്ടതിന്റെ ആവശ്യം സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടനാശില്പികള്‍ മനസിലാക്കിയിരുന്നു. ഡോ. അംബേദ്കര്‍, ബീഹാറില്‍ നിന്നുള്ള ജയ്പാല്‍ സിങ് മുണ്ട എന്നിവര്‍ ഭരണഘടനാസമിതിയില്‍ ഇതേക്കുറിച്ചുള്ള സംവാദങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ആദിവാസി മേഖലകള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആദിവാസി- ഗോത്ര ജനത കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളെ ഭരണഘടനയുടെ അഞ്ചും ആറും പട്ടികയില്‍ (Fifth & Sixth Schedule of Indian Constitution) പെടുത്തി രാജ്യത്തിന്റെ പൊതുവായ നിയമങ്ങളില്‍ നിന്ന് അവയെ മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു.

ഡോ. അംബേദ്കര്‍
ഡോ. അംബേദ്കര്‍

മുഖ്യധാരയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഭിന്നമായി ആദിവാസി ജനതയുടെ ജീവിതരീതികളെയും ജനായത്ത ഭരണക്രമങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളായിരിക്കണം ഈ മേഖലയില്‍ നടക്കേണ്ടത് എന്നതായിരുന്നു ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ ചേതോവികാരം. എന്നാല്‍ ഷെഡ്യൂള്‍ഡ് ഏരിയകളായി ആദിവാസി മേഖലകളെ പ്രഖ്യാപിക്കുന്നതില്‍ പ്രത്യേക മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിരുന്നില്ല എന്നത് വലിയ പോരായ്മയായി ഇന്നും അവശേഷിക്കുന്നുണ്ട്. ബ്രിട്ടീഷുകാര്‍ ഷെഡ്യൂള്‍ഡ് ഡിസ്ട്രിക്​റ്റുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളെ, (Excluded, partially excluded areas) അതേ രീതിയില്‍ ഉള്‍പ്പെടുത്തുക മാത്രമായിരുന്നു ഇന്ത്യാ ഗവണ്‍മെന്റ് ചെയ്തിരുന്നത്. ഷെഡ്യൂള്‍ഡ് ഏരിയകളുടെ നിര്‍ണ്ണയത്തില്‍ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ സ്വാഭാവികമായും ഒരു കൊളോണിയല്‍ ഭരണതാല്‍പ്പര്യങ്ങള്‍ക്കനുസൃതമായിരുന്നു എന്ന് തിരിച്ചറിഞ്ഞ് അതിലെ അപാകതകള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യ ഗവണ്‍മെന്റ് വീഴ്ച വരുത്തുകയായിരുന്നു. ഷെഡ്യൂള്‍ഡ് ഏരിയ നിര്‍ണ്ണയത്തില്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ ഇവയായിരുന്നു:
1. ആദിവാസി ജനതയ്ക്ക് മുന്‍തൂക്കമുള്ള പ്രദേശം. 2. ഒതുക്കമുള്ളതും യുകതിഭദ്രവുമായ വലുപ്പം.
3. പ്രദേശത്തിന്റെ അവികസിത സ്വഭാവം.
4. ജനങ്ങളുടെ സാമ്പത്തിക നിലവാരത്തിലെ അസമാനത.

രാജ്യമൊട്ടാകെ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരുമ്പോള്‍ അവക്കുമുന്നില്‍ ഉയരാന്‍ പോകുന്ന ആദ്യ തടസ്സം ഭരണഘടനയിലെ തന്നെ അഞ്ച്, ആറ് ഷെഡ്യൂളും അനുബന്ധ നിയമങ്ങളുമാണ്​.

മേല്‍സൂചിപ്പിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രപ്രദേശ്, ഝാര്‍ഘണ്ഡ്​, ഛത്തീസ്​ഗഢ്​, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളെ ഭരണഘടനയുടെ അഞ്ചാം പട്ടികയിലും ആസാം, അരുണാചല്‍പ്രദേശ്, നാഗാലാന്റ്, മിസോറം, മേഘാലയ, മണിപ്പൂര്‍, ത്രിപുര എന്നിവയെ ആറാം പട്ടികയിലും ഉള്‍പ്പെടുത്തി. ഭരണഘടനയില്‍ പല കാര്യങ്ങളെയും സംബന്ധിച്ച നിര്‍വ്വചനങ്ങള്‍ വ്യക്തമല്ലാത്തതുകൊണ്ടുതന്നെ ഭരണനിര്‍വ്വഹണത്തിന്റെ കാര്യത്തിലും ഷെഡ്യൂള്‍ഡ് ഏരിയകളുടെ നിര്‍ണ്ണയത്തിലും നിരവധി പൊരുത്തക്കേടുകള്‍ സംഭവിച്ചതായി കാണാം. ആദിവാസികള്‍ക്ക് മുന്‍തൂക്കമുള്ള (Prepoderance) എന്ന് ഭരണഘടനയില്‍ സൂചിപ്പിക്കുന്നുണ്ടെങ്കില്‍ കൂടിയും ഈ മുന്‍തൂക്കം നിശ്ചയിക്കുന്നത് അതത് കാലത്തെ ഭരണസംവിധാനങ്ങളുടെയും ഉദ്യോഗസ്ഥ വൃന്ദങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്ക് വിധേയമായിരുന്നു. ആദിവാസി ജനസംഖ്യ കൂടുതലായി നിലനില്‍ക്കുന്ന ദക്ഷിണേന്ത്യയിലെ പല പ്രദേശങ്ങളും ഷെഡ്യൂള്‍ഡ് ഏരിയയില്‍ പെടുന്നില്ലെന്ന് കാണാം. ഇതിനുള്ള പ്രധാന കാരണം, ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ പ്രദേശങ്ങളെ തങ്ങളുടെ ഷെഡ്യൂള്‍ഡ് ഡിസ്ട്രിക്​റ്റുകളിൽ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതാണ്. പ്രത്യേകിച്ചും ആദിവാസി ജനസംഖ്യ വളരെ കൂടുതലുള്ള നീലഗിരി മേഖല. കൊളോണിയല്‍ ഭരണതാല്‍പര്യങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായി ഈ മേഖലയില്‍ പഠനം നടത്തിയ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്ന് ഭരണം സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളുടെ കൈകളിലേക്ക് എത്തിപ്പെട്ടുവെങ്കിലും നിയമപരിപാലനത്തിന്റെയും ഭരണനിര്‍വ്വഹണത്തിന്റെയും കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച അതേ മനോഭാവം തന്നെയായിരുന്നു പുലര്‍ത്തിപ്പോന്നിരുന്നതെന്ന് ആദിവാസികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ധേബര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. (UN Dhebar Committee -1959)

Photo: People’s Archives of Rural India
Photo: People’s Archives of Rural India

ആദിവാസി സ്വയംഭരണ മേഖലകളും ആചാര സംഹിതകളും

രാജ്യമൊട്ടാകെ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരുമ്പോള്‍ അവക്കുമുന്നില്‍ ഉയരാന്‍ പോകുന്ന ആദ്യ തടസ്സം ഭരണഘടനയിലെ തന്നെ അഞ്ച്, ആറ് ഷെഡ്യൂളും അനുബന്ധ നിയമങ്ങളുമാണ്​. രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക കാരണങ്ങളാല്‍ രാജ്യത്തിന്റെ പൊതുവായ ഭരണ- നിയമ നിര്‍വ്വഹണ സംവിധാനങ്ങളില്‍നിന്ന് ഭിന്നമായൊരു പദവി നിലനിലനില്‍ക്കുന്ന ആദിവാസി സ്വയംഭരണ പ്രദേശങ്ങള്‍ക്ക് അത്തരമൊരു സവിശേഷ പദവി നഷ്ടപ്പെടാന്‍ പോകുന്നുവെന്ന ആശങ്ക ഏക സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്നുവന്നിരുന്നു.

ഛോട്ടാ നാഗ്പൂര്‍ ടെനന്‍സി ആക്ട് (1908), സാന്താള്‍ പര്‍ഗാനാസ് ടെനന്‍സി ആക്ട് (1949), ഭരണഘടനയിലെ അഞ്ച്, ആറ് ഷെഡ്യൂളുകള്‍ എന്നിവയാണ് ആദിവാസി സ്വയംഭരണവുമായി ബന്ധപ്പെട്ട സുപ്രധാന നിയമങ്ങള്‍. ആദിവാസി സ്വയംഭരണവുമായി ബന്ധപ്പെട്ട ഈ സവിശേഷ നിയമങ്ങള്‍ / ഉത്തരവുകള്‍ രൂപപ്പെട്ടതിന് പിന്നിലെ രാഷ്ട്രീയ- സാമൂഹിക കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കുമ്പോള്‍ മാത്രമേ ഏക സിവില്‍ കോഡ് രാജ്യമൊട്ടാകെ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതം തിരിച്ചറിയാന്‍ സാധിക്കൂ.

വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമായ നിയമങ്ങളുടെ നിര്‍മ്മാണത്തിന് പിന്നില്‍ ചരിത്രപരമായ കാരണങ്ങളുണ്ടെന്ന കാര്യം വിസ്മരിക്കരുത്.

ഭരണഘടനയിലെ അനുച്ഛേദം 244, 244- എ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആദിവാസി ജനതയ്ക്ക് മുന്‍തൂക്കമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി അഞ്ചാം പട്ടിക (Fifth Schedule) രൂപപ്പെടുത്തുന്നത്. ഛത്തീസ്​ഗഢ്​, ഝാര്‍ഘണ്ഡ്, ഒഡീഷ, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മുന്‍തൂക്ക പ്രദേശങ്ങളാണ് പ്രധാനമായും അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആര്‍ട്ടിക്ക്ള്‍ 244- എ ആസാമിന്​ ബാധകമാകുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടതാണ്.

ഇവ കൂടാതെ, ബ്രിട്ടീഷ് ഭരണകാലത്തെ ബംഗാള്‍ പ്രസിഡന്‍സിയില്‍ ഉള്‍പ്പെടുന്ന ആദിവാസി മേഖലകള്‍ക്ക് ബാധകമാകുന്ന രീതിയില്‍ സാന്താള്‍ പര്‍ഗാനാസ് ടെനന്‍സി ആക്ട് (1876), ബീഹാര്‍ ഉള്‍പ്പെടുന്ന ഛോട്ടാ നാഗ്പൂര്‍ ടെനന്‍സി ആക്ട് (1908) എന്നിവയും സ്വതന്ത്ര ഇന്ത്യയില്‍ വിവിധ ഭേദഗതികളോടെ നിലനിര്‍ത്തുകയുണ്ടായി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട്, ഭൂവുടമസ്ഥത, ഭൂമി കൈമാറ്റം എന്നിവ നിയന്ത്രിക്കുന്നതിനാണ്​ ഷെഡ്യൂള്‍ഡ് ഏരിയ ആക്ടുകള്‍ പ്രധാനമായും നടപ്പില്‍ വരുത്തിയത്​. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പുറത്തുളളവര്‍ക്ക് ഷെഡ്യൂള്‍ഡ് ഏരിയകളിലെ ഭൂമി വാങ്ങുന്നതിനും ക്രയവിക്രയം നടത്തുന്നതിനും സാമ്പത്തിക പണമിടപാടുകള്‍ നടത്തുന്നതിനും ഈ നിയമത്തിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിനുപുറത്ത്, ആദിവാസി ആചാരനിയമങ്ങള്‍ അനുസരിച്ച് പിന്തുടര്‍ച്ചാവകാശം നടപ്പിലാക്കാനുള്ള അവകാശവും മേല്‍പ്പറഞ്ഞ സവിശേഷ പദവി ആദിവാസി ഗോത്രജനതയ്ക്ക് നല്‍കുന്നു.

Photo: Wikimedia Commons
Photo: Wikimedia Commons

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 371 (എ) മുതല്‍ (ഐ) വരെയും ആറാം ഷെഡ്യൂളിലും കുടുംബ നിയമവുമായി ബന്ധപ്പെട്ട് ആസാം, നാഗാലാന്‍ഡ്, മിസോറാം, ആന്ധ്രാപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങള്‍ക്ക് സവിശേഷ പരിരക്ഷകളോ ഒഴിവാക്കലുകളോ നല്‍കുന്നുണ്ട്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്റ്റ്- 1915, ഇന്ത്യന്‍ നിയമങ്ങളുടെ പ്രയോഗങ്ങളില്‍ നിന്ന് 'പിന്നാക്ക പ്രദേശങ്ങളെ' മാറ്റിനിര്‍ത്തി 52 എ വകുപ്പ് കൂടി ഉള്‍പ്പെടുത്തി, 1919-ല്‍ ഭേദഗതി ചെയ്​തു. ഈ അധികാരം ഉപയോഗപ്പെടുത്തി ഗാരോ ഹില്‍ ഡിസ്ട്രിക്റ്റ്, നാഗ ഹില്‍സ് ഡിസ്ട്രിക്റ്റ്, ഷില്ലോങ് മുനിസിപ്പാലിറ്റിയും കന്റോൺമെൻറും ഒഴികെയുള്ള ഖാസി, ജയന്തിയ ഹില്‍സ് ഡിസ്ട്രിക്റ്റ് എന്നിവയുള്‍പ്പെടെ വടക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ ഒരു വലിയ പ്രദേശം പിന്നാക്ക പ്രദേശമായി പ്രഖ്യാപിക്കുകയായിരുന്നു.

അഞ്ചാം ഷെഡ്യൂള്‍, എല്ലാ ഗോത്രവര്‍ഗക്കാരെയും ഇന്ത്യന്‍ 'മുഖ്യധാരയിലേക്ക്' ലയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നുവെങ്കില്‍, ആറാം ഷെഡ്യൂള്‍ വടക്കുകിഴക്കന്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്.

1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍, പിന്നാക്ക പ്രദേശങ്ങള്‍ (backward tract) എന്നതിനുപകരം 'ഒഴിവാക്കപ്പെട്ട' (excluded) അല്ലെങ്കില്‍ 'ഭാഗികമായി ഒഴിവാക്കപ്പെട്ട' (partially excluded) പ്രദേശങ്ങള്‍ എന്ന് വ്യവസ്ഥ ചെയ്യുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയില്‍ ഈ ഉത്തരവ് നിലനിര്‍ത്തുകയും, ഭരണഘടന തയ്യാറാക്കുന്ന അവസരത്തില്‍ ഇന്ത്യയിലെ ഇതര പ്രദേശങ്ങളില്‍ സാധുവാകുന്ന നിയമങ്ങള്‍ ആദിവാസി- ഗോത്ര ജനത താമസിക്കുന്ന ഈ പ്രദേശങ്ങളില്‍ അനുയോജ്യമായിരിക്കുകയില്ലെന്ന് വിലയിരുത്തുകയും ചെയ്തു. ഈയൊരു വിലയിരുത്തലില്‍ നിന്നാണ് സ്വയംഭരണാധികാരമുള്ള ജില്ലകളും സ്വയംഭരണ പ്രദേശങ്ങളും വ്യവസ്ഥ ചെയ്യുന്ന ആറാം ഷെഡ്യൂള്‍ അംഗീകരിക്കപ്പെട്ടത്.

ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ജില്ലാ കൗണ്‍സിലുകള്‍, റീജ്യനൽ കൗണ്‍സിലുകള്‍ എന്നിവയ്ക്ക് പിന്തുടര്‍ച്ചാവകാശം, വിവാഹം, വിവാഹമോചനം, നീതിനിര്‍വഹണം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിയമപരമായ അധികാരങ്ങള്‍ നല്‍കുകയും ചെയ്തു. അഞ്ച് വര്‍ഷക്കാലാവധിയുള്ള, 30 അംഗങ്ങള്‍ വരെയുള്ള, സ്വയംഭരണാധികാരമുള്ള ഈ കൗണ്‍സിലുകളുടെ അധികാരപരിധിയില്‍ ഭൂമി, വനം, ജലം, കൃഷി, ഗ്രാമസഭകള്‍, ആരോഗ്യം, ശുചിത്വം, ഗ്രാമ- നഗര പോലീസ് സംവിധാനങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നു. ഇത്തരം കൗണ്‍സിലുകള്‍ക്ക് സിവില്‍- ക്രിമിനല്‍ കേസുകളുടെ വിചാരണയ്ക്കും ഉത്തരവുകളുടെയും വിധിന്യായങ്ങളുടെയും നിര്‍വ്വഹണത്തിനും അവയ്ക്കുള്ള നടപടിക്രമങ്ങള്‍ രൂപീകരിക്കുന്നതിനുള്ള നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിനും അധികാരമുണ്ട്.

വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന സവിശേഷ സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിച്ച് ഭരണഘടനയിലെ അനുച്ഛേദം 371 എ, അനുച്ഛേദം 371 ബി എന്നിവയിലൂടെ വിവിധ ഇളവുകള്‍ നല്‍കുന്നതായി കാണാം. 1962-ല്‍, ഭരണഘടനയുടെ 13-ാം ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ട അനുച്ഛേദം 371 എ അനുസരിച്ച്, നാഗാ പൗരരുടെ മതപരവും സാമൂഹികവുമായ ആചാരങ്ങള്‍, ആചാരനിയമങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ അനുസരിച്ചുള്ള സിവില്‍- ക്രിമിനല്‍ നീതിനിര്‍വ്വഹണം, ഭൂവുടമസ്ഥതയും കൈമാറ്റവും സംബന്ധിച്ച നിയമം എന്നിവയിൽ നാഗാലാന്‍ഡ് നിയമനിര്‍മ്മാണ സഭ തീരുമാനമെടുക്കാത്തിടത്തോളം അവയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് വ്യവസ്ഥ ചെയ്തു​. ഇതിനര്‍ത്ഥം രാജ്യത്ത് സമാന സിവില്‍ നിയമം നടപ്പിലാക്കണമെങ്കില്‍ ഭരണഘടനയിലെ മേല്‍സൂചിപ്പിച്ച വ്യവസ്ഥകള്‍ ഭേദഗതി ചെയ്യേണ്ടതുണ്ടെന്നാണ്.

ഭരണഘടനാപരമായിത്തന്നെ സവിശേഷ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലേക്കും ആറാം ഷെഡ്യൂളിന് കീഴിലുള്ള സ്വയംഭരണ ജില്ലാ കൗണ്‍സിലുകളിലേക്കും ഏക സിവില്‍ കോഡ് വ്യാപിപ്പിക്കുമോ?

വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമായ ഈ നിയമങ്ങളുടെ നിര്‍മ്മാണത്തിന് പിന്നില്‍ ചരിത്രപരമായ കാരണങ്ങളുണ്ടെന്ന കാര്യം വിസ്മരിക്കരുത്. ഇന്ത്യന്‍ യൂണിയനിലേക്കുള്ള സംസ്ഥാനങ്ങളുടെ 'ലയനം', യുദ്ധക്കരാര്‍, മിസോ കരാര്‍ തുടങ്ങി ഒട്ടനവധി കരാറുകള്‍ ഈ സവിശേഷപദവിയുടെ പിറവിക്ക് പിന്നിലുണ്ട്. ഉദാഹരണത്തിന്, സിക്കിമിന്റെ കാര്യത്തില്‍, ഇന്ത്യ ഗവണ്‍മെന്റും ചോഗ്യാല്‍ രാജ്യത്തിലെ പ്രക്ഷോഭം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗങ്ങളും തമ്മിലുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ വ്യവസ്ഥ അവതരിപ്പിക്കപ്പെട്ടത്. അക്കാലത്ത് തയ്യാറാക്കപ്പെട്ട ഉടമ്പടി അനുസരിച്ച് ഇന്ത്യയുടെ റോള്‍ 'ദയാലുവായ ഓംബുഡ്‌സ്മാന്‍' എന്ന നിലയിലായിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഗോത്രനയങ്ങളെ സംബന്ധിച്ച രണ്ട് ഭിന്ന ധാരകളുടെ ശുപാര്‍ശകള്‍ ഭരണഘടനയുടെ രണ്ട് ഷെഡ്യൂളുകളുടെ നിര്‍മ്മാണത്തില്‍ പ്രതിഫലിച്ചു. അഞ്ചാം ഷെഡ്യൂള്‍, എല്ലാ ഗോത്രവര്‍ഗക്കാരെയും ഇന്ത്യന്‍ 'മുഖ്യധാരയിലേക്ക്' ലയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നുവെങ്കില്‍, ആറാം ഷെഡ്യൂള്‍ വടക്കുകിഴക്കന്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്. ഭരണഘടനാ അസംബ്ലിയുടെ ഉപദേശക സമിതിയുടെ ട്രൈബൽ ആന്‍ഡ് എക്‌സ്ക്ലൂഡഡ് ഏരിയാ സബ് കമ്മിറ്റി തലവന്‍ എന്ന നിലയില്‍ ആസാമീസ് നേതാവ് ഗോപിനാഥ് ബര്‍ദോലോയ്, മലയോര മേഖലകളുടെ ഭരണപരമായ ക്രമീകരണത്തിന് ശുപാര്‍ശ ചെയ്ത മാതൃകയാണ് ആറാം പട്ടിക.

ഗോപിനാഥ് ബര്‍ദോലോയ്
ഗോപിനാഥ് ബര്‍ദോലോയ്

ഏക സിവില്‍കോഡ് നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി കേന്ദ്ര ഭരണകൂടം മുന്നോട്ടുപോകുമ്പോള്‍ സ്വാഭാവികമായും മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലെ ജനങ്ങളില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഭരണഘടനാപരമായിത്തന്നെ സവിശേഷ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലേക്കും ആറാം ഷെഡ്യൂളിന് കീഴിലുള്ള സ്വയംഭരണ ജില്ലാ കൗണ്‍സിലുകളിലേക്കും ഏക സിവില്‍ കോഡ് വ്യാപിപ്പിക്കുമോ എന്നതാണത്.

ഗോത്രസ്വത്വ രൂപീകരണത്തില്‍ അലിഞ്ഞുചേര്‍ന്ന പരമ്പരാഗത നിയമങ്ങളും മാനദണ്ഡങ്ങളും ഉള്‍ച്ചേര്‍ന്ന ഒന്നായാണ് ഗോത്ര ആചാര നിയമങ്ങളെ മനസ്സിലാക്കേണ്ടത്. ഈ നിയമങ്ങളും മാനദണ്ഡങ്ങളും സാമാന്യ സിവില്‍ / ക്രിമിനല്‍ നിയമങ്ങളുടെ പരിധികള്‍ക്കകത്ത് നിലനില്‍ക്കുന്ന പൊതുവായ നിയമവ്യവസ്ഥയില്‍ നിന്ന് പലപ്പോഴും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. 'ഒരു പരിമിതമായ പ്രദേശത്തിനും മേഖലയ്ക്കും ഉള്ളില്‍ വ്യക്തികളുടെയും സംഘങ്ങളുടെയും പെരുമാറ്റം നിയന്ത്രിക്കുന്നതിനുള്ള ഒരു മാതൃകയായി ഇതിനെ കാണാം. തല്‍ഫലമായി, ആചാരങ്ങള്‍ നിയന്ത്രണങ്ങളായി രൂപപ്പെടുകയും അവ ആചാര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളായി മുദ്രകുത്തപ്പെടുകയും ചെയ്യുമെന്ന്' ഗോത്ര ആചാര നിയമത്തെ സംബന്ധിച്ച നിര്‍വചനം സൂചിപ്പിക്കുന്നു.

സ്വത്തവകാശം, വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ മതപരവും ആചാരപരവുമായ നിയമസംഹിതകള്‍ സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കുന്നതില്‍ വിമുഖത കാട്ടുന്നുവെന്ന വസ്തുത നിഷേധിക്കാവുന്നതല്ല.

ആദിവാസി നിയമങ്ങള്‍ (tribal laws) വ്യക്തിനിയമങ്ങള്‍ അല്ലെന്നും അവ ഗോത്രപരമായ സാമൂഹികബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണെന്നും തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഭരണഘടനാ സമിതി ചര്‍ച്ചകള്‍ക്കിടയില്‍ ആദിവാസി നിയമങ്ങളെ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ ഇക്കാര്യം കടന്നുവന്നിരുന്നു. (Constituent Assembly Debates, Volume-VII, 4 November, 1948, 8 January, 1949). ആദിവാസി നിയമങ്ങള്‍ പൊതു നിയമ വ്യവസ്ഥകളില്‍ നിന്ന് വ്യതിരിക്തവും വിപുലവുമാണ്. ഭരണഘടന 13-ാം ആര്‍ട്ടിക്ക്ള്‍ അനുസരിച്ച്, ഇവയ്ക്ക് ‘ആചാരനിയമങ്ങള്‍' എന്ന നിലയില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 13 അനുസരിച്ച്, 'ആചാരങ്ങളും', 'പ്രയോഗങ്ങളും', 'നിയമം' എന്ന പദത്തില്‍ ഉള്‍പ്പെടുത്തിയതായി വിവക്ഷിക്കുന്നു. എന്നിരുന്നാലും ഈ നിയമങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കാനുള്ള അധികാരമില്ലെന്നുകൂടി ഉറപ്പുവരുത്തുന്നുണ്ട്.

പൊതു നിയമവ്യവസ്ഥക്കുകീഴിലെ നിയമവും ആചാരനിയമവും തമ്മില്‍വൈരുദ്ധ്യമുണ്ടെങ്കില്‍, ആദ്യത്തേത് നിലനില്‍ക്കുമെന്നും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 ആചാരപരമായ നിയമങ്ങളെ നിയമത്തിന്റെ ശക്തിയുള്ളതായി അംഗീകരിക്കുന്നുണ്ടെങ്കിലും, നിയമാനുസൃത നിയമങ്ങളെ അപേക്ഷിച്ച് ആചാരപരമായ നിയമങ്ങള്‍ക്ക് കീഴ്​വഴക്ക പദവിയുണ്ടെന്ന് ജുഡീഷ്യല്‍ മുന്‍കരുതലുകള്‍ സാക്ഷ്യപ്പെടുത്തുന്നുവെന്നും രുചി പന്ത് വിശദീകരിക്കുന്നു (Pant 2002).

ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട സുപ്രധാന സംഗതി, മുഖ്യധാരാ സമൂഹങ്ങളുടെ ആചാരനിയമങ്ങളുമായി ബന്ധപ്പെട്ട് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴായി ആവര്‍ത്തിക്കപ്പെടാറുണ്ടെങ്കിലും (ഉദാ: സതി) ആദിവാസി നിയമങ്ങളും പൊതുനിയമ വ്യവസ്ഥയും തമ്മില്‍ സംഘര്‍ഷങ്ങളിലേര്‍പ്പെടേണ്ടിവരുന്ന സാഹചര്യങ്ങള്‍ തുലോം കുറവാണ് എന്നതാണ്.

ആധുനിക സംസ്കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളില്‍ പോലും വൈവാഹിക ബന്ധങ്ങളില്‍ സ്ത്രീകള്‍ക്ക് മേല്‍ക്കെ ലഭിക്കുന്ന ഗോത്ര സമൂഹങ്ങള്‍ ഇന്ത്യയിലുണ്ട്.

ആദിവാസി സമൂഹവും
സ്ത്രീ പദവിയും

ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രധാന വിഷയങ്ങളിലൊന്ന് കുടുംബങ്ങളിലെ സ്ത്രീകളുടെ പദവി സംബന്ധിച്ചാണ്. സ്വത്തവകാശം, വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ മതപരവും ആചാരപരവുമായ നിയമസംഹിതകള്‍ സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കുന്നതില്‍ വിമുഖത കാട്ടുന്നുവെന്ന വസ്തുത നിഷേധിക്കാവുന്നതല്ല. അതേസമയം എല്ലാ സമൂഹങ്ങളിലും സമാന പ്രശ്‌നങ്ങളല്ല സ്ത്രീകള്‍ അനുഭവിക്കുന്നത്​​.

ഒരു സമൂഹത്തിലെ സ്ത്രീകളുടെ പദവി നിര്‍ണ്ണയിക്കുന്നത് അവരെ സമൂഹം എങ്ങനെ പരിഗണിക്കുന്നു, നിയമപരമായി അവര്‍ക്ക് ലഭിക്കുന്ന പദവി, സാമൂഹിക പങ്കാളിത്തത്തിനുള്ള അവസരം, സാമ്പത്തികവും തൊഴില്‍പരവുമായി ലഭിക്കുന്ന തുല്യത എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഏതാനും അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഏതാണ്ടെല്ലാ ഗോത്രസമൂഹങ്ങളിലും സ്ത്രീകള്‍ക്ക് തുല്യമായ അധികാരം ലഭ്യമാണെന്ന് കാണാം. ആധുനിക സംസ്കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളില്‍ പോലും വൈവാഹിക ബന്ധങ്ങളില്‍ സ്ത്രീകള്‍ക്ക് മേല്‍ക്കെ ലഭിക്കുന്ന ഗോത്ര സമൂഹങ്ങള്‍ ഇന്ത്യയിലുണ്ട്. വിവാഹബന്ധം ഉറപ്പിക്കുന്നതിന്റെ മുന്നോടിയായി പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് വെള്ളി ആഭരണങ്ങള്‍ നല്‍കുന്ന ആചാരം പല സമൂഹങ്ങളിലും കാണാം.

വിവാഹമോചനം പോലുള്ള അവസരങ്ങളില്‍ സ്ത്രീകള്‍ സ്വതന്ത്രമായ തീരുമാനമെടുക്കുന്ന അവസ്ഥയും പല സമൂഹങ്ങളിലും കാണാം. വിധവകളുടെ പുനര്‍വിവാഹം ആദിവാസി സമൂഹങ്ങളില്‍ പൊതുവില്‍ കാണാന്‍ കഴിയുന്ന ഒന്നാണ്. സ്ത്രീകള്‍ പൊതുവില്‍ ബുദ്ധിശാലികളാണെന്ന ബോദ്ധ്യം ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അധികാരം പല ഗോത്രങ്ങളിലും സ്ത്രീകളില്‍ നിക്ഷിപ്തമാണ്. ലിംഗപരമായ വിവേചനം ആദിവാസികള്‍ക്കിടയില്‍ കാണാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണങ്ങളിലൊന്ന്, ഇവര്‍ക്കിടയിലെ സ്ത്രീ-പുരുഷ അനുപാതം മറ്റ് സമൂഹങ്ങളെ അപേക്ഷിച്ച് ഏതാണ്ട് തുല്യമാണ് എന്നതാണ്. തൊഴില്‍ മേഖലകളിലോ സാമൂഹ്യമണ്ഡലങ്ങളിലോ ഏതെങ്കിലും നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്കിടയില്‍ കാണാറില്ലെന്നത് ഗോത്ര സമൂഹങ്ങളുടെ പ്രത്യേകതയാണ്. മദ്യപാനം, പുകവലി, ആഘോഷവേളകളില്‍ പുരുഷന്മാരോടൊപ്പം നൃത്തം ചെയ്യല്‍ തുടങ്ങി പൊതുസമൂഹങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കപ്പെട്ട പലതും ആദിവാസി സമൂഹങ്ങളില്‍ സാധ്യമാണെന്നത് യാഥാര്‍ത്ഥ്യം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദിവാസി വനിതാ ആക്ടിവിസ്റ്റുകള്‍, തങ്ങളുടെ പ്രശ്‌നങ്ങളെ ഏകീകൃത സിവില്‍ കോഡിന്റെയും കമ്മ്യൂണിറ്റി കുടുംബ നിയമങ്ങളുടെയും ബൈനറി വീക്ഷണകോണില്‍ നിന്ന് വീക്ഷിക്കുന്നത് അനുചിതമാണെന്ന് വാദിക്കുന്നു.

ഇതര സമൂഹങ്ങളില്‍ നിന്ന് ഭിന്നമായി, ആദിവാസി-ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ ലിംഗ വിവേചനം വളരെ കുറവാണെന്നതിന് നിരവധി തെളിവുണ്ട്​. ഇന്ത്യയിലെ സ്ത്രീ- പുരുഷ അനുപാതത്തെ സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമാകും. ഇന്ത്യയിലെ പൊതുസമൂഹങ്ങളിലെ സ്ത്രീ- പുരുഷ അനുപാതം 1000 / 933 ആണെങ്കില്‍ ആദിവാസി വിഭാഗങ്ങളില്‍ ഇത് 979 ആണ് (2001-ലെ സെന്‍സസ്). ദശാബ്ദങ്ങളായി ഈയൊരനുപാതം ഗണ്യമായ മാറ്റം കൂടാതെ നിലനിര്‍ത്താന്‍ ആദിവാസി സമൂഹങ്ങള്‍ക്ക് സാധിച്ചതിന് പ്രധാന കാരണം, ആ സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള ഉയര്‍ന്ന പദവിയാണ്​. അതേ സമയം 1981-1991 കാലയളവിലെ ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ സംഭവിച്ച സ്ത്രീ-പുരുഷ അനുപാതത്തിലെ നിര്‍ണ്ണായകമായ കുറവിന് മുഖ്യധാരയിലേക്കുള്ള ആദിവാസി സമൂഹത്തിന്റെ ബന്ധം കാരണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട് (Maharatna A, 2005). കുടുംബത്തിനകത്തെ വിവേചനത്തിനും അവഗണനയ്ക്കും പെണ്‍കുട്ടികള്‍ ഇരകളാകുന്നത് മറ്റ് സമൂഹങ്ങളെ അപേക്ഷിച്ച് ആദിവാസി സമൂഹങ്ങളില്‍ വളരെ കുറവാണെന്നതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ആദിവാസി യുവതികളുടെ വിവാഹപ്രായം മറ്റ് സമൂഹങ്ങളെ അപേക്ഷിച്ച് 4 വര്‍ഷം വരെ കൂടുതലാണെന്നതും അവര്‍ക്കിടയില്‍ ശൈശവ വിവാഹം ഒട്ടും തന്നെയില്ലെന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്​. കുടുംബത്തിനകത്ത് നിര്‍ണ്ണായക തീരുമാനമെടുക്കുന്നതിനും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ തുല്യപങ്കാളികളാകുന്നതിനും ഒക്കെ ഇത് ആദിവാസി സ്ത്രീകളെ സഹായിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയിലെ കാണാതാകുന്ന സ്ത്രീകളെ (missing women) കുറിച്ച് പഠനം നടത്തിയ അമര്‍ത്യാസെന്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ച് (anti- female social environment) പ്രതിപാദിക്കുന്നുണ്ട്. ഇത്തരമൊരു സ്ത്രീവിരുദ്ധ സാമൂഹ്യ സാഹചര്യം ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ജനസംഖ്യയിലെ സ്ത്രീ- പുരുഷ അനുപാതത്തിലെ ഉയര്‍ച്ചയ്ക്ക് കാരണം. അങ്ങേയറ്റം ജനാധിപത്യപരമായ ഒരു സാമൂഹ്യ സംവിധാനത്തിലായിരിക്കും ഈയൊരു സ്ഥിതിവിശേഷം നിലനില്‍ക്കുക എന്നുകൂടി മനസിലാക്കേണ്ടതുണ്ട്.

Photo: Muhammed Hanan
Photo: Muhammed Hanan

സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളെ സംബന്ധിച്ച്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദിവാസി വനിതാ ആക്ടിവിസ്റ്റുകള്‍, തങ്ങളുടെ പ്രശ്‌നങ്ങളെ ഏകീകൃത സിവില്‍ കോഡിന്റെയും കമ്മ്യൂണിറ്റി കുടുംബ നിയമങ്ങളുടെയും ബൈനറി വീക്ഷണകോണില്‍ നിന്ന് വീക്ഷിക്കുന്നത് അനുചിതമാണെന്ന് വാദിക്കുന്നു. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള പ്രമുഖ ആക്ടിവിസ്റ്റായ ജര്‍ജും എറ്റെ (Jarjum Ete) എഴുതുന്നു: ''വടക്ക് കിഴക്കന്‍ മേഖലയിലെ സ്ത്രീകളുടെ ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും സത്ത ഉള്‍ക്കൊള്ളുന്ന, ഇനിയും നിര്‍വ്വചിക്കപ്പെട്ടിട്ടില്ലാത്ത, വിശാല പ്രദേശങ്ങളുണ്ട്. -അവരുടെ ഗോത്രങ്ങളുടെ പൈതൃകവും സമ്പന്നമായ സാംസ്കാരിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ട സഹജമായ ആവശ്യമുണ്ട്. പാരമ്പര്യത്തിന്റെ പേരില്‍ തങ്ങളുടെ സമുദായങ്ങള്‍ക്കുള്ളിലെ അടിച്ചമര്‍ത്തലിന്റെ പുതിയ രൂപങ്ങള്‍ക്കെതിരെ അവര്‍ ഒരേസമയം പോരാടിക്കൊണ്ടിരിക്കുകയാണ്'' (Ete 1996: 43).

ആദിവാസി സമൂഹങ്ങളിലെ സ്ത്രീ അവകാശ പ്രവര്‍ത്തകര്‍ പ്രാഥമികമായി ഉയർത്തുന്നത്​ വിവാഹം, വേര്‍പിരിയല്‍, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളാണ്​. ശൈശവ വിവാഹം, ഒന്നിലധികം അല്ലെങ്കില്‍ നിര്‍ബന്ധിത വിവാഹങ്ങള്‍, സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും പൊതുവായ പ്രശ്‌നം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വളരെ ശക്തമായിത്തന്നെ ഉയര്‍ത്തുന്നുണ്ട്. അതത് കമ്മ്യൂണിറ്റികള്‍ക്കകത്തെ വിവാഹങ്ങള്‍ക്ക് ഏകീകൃത സമ്പ്രദായം രൂപപ്പെടുത്താനും അവ രജിസ്റ്റര്‍ ചെയ്യിക്കുവാനും, നിര്‍ബന്ധിത വിവാഹം, ശൈശവ വിവാഹം, ഒന്നിലധികം വിവാഹങ്ങള്‍ തുടങ്ങിയ ആചാരങ്ങള്‍ ഇല്ലാതാക്കുന്നതിനും, അന്തര്‍- ഗോത്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമൊക്കയുള്ള മുന്നേറ്റങ്ങള്‍ ആദിവാസി സ്ത്രീകള്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്നുവരുന്നതും സമൂഹം പൊതുവില്‍ അക്കാര്യത്തില്‍ശ്രദ്ധ നല്‍കുന്നതും കാണാന്‍ കഴിയും.

അസ്വസ്ഥമാകുന്ന ആദിവാസി മേഖല

ഭരണഘടനാപരമായ നിരവധി അവകാശങ്ങളും, നിയമനിര്‍മ്മാണങ്ങളും ആദിവാസി ഗോത്ര സമൂഹങ്ങളുടെ രക്ഷയ്ക്കായി തയ്യാറാക്കപ്പെട്ടിട്ടുണ്ടെങ്കിലും സ്വതന്ത്ര ഇന്ത്യയില്‍ ആദിവാസി ജനതയുടെ സമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ പഴയപടി തുടരുകയാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. രാജ്യത്തിന്റെ സാമ്പത്തിക-വികസന നയങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്ന വസ്തുത അംഗീകരിക്കാന്‍ നാം ഇന്നും തയ്യാറായിട്ടില്ല.

സ്വതന്ത്ര ഇന്ത്യയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി ജനതയുടെ ഏറ്റവും കുറഞ്ഞ കണക്ക് 50 ദശലക്ഷമാണ്. ഷെഡ്യൂള്‍ഡ് ഏരിയ ആക്ടുകള്‍, ടെനന്‍സി ആക്ടുകള്‍, പെസ (Panchayath -Extension of Scheduled Areas- Act-1996), വനാവകാശ നിയമം (Forest Right Act- 2006), ഭൂമി കൈമാറ്റ നിരോധന നിയമം എന്നിവ ഉള്‍പ്പെടെ ഡസന്‍കണക്കിന് നിയമങ്ങള്‍ നിലനില്‍ക്കെയാണ് വനത്തില്‍ നിന്നും സ്വന്തം ഭൂമിയില്‍ നിന്നും ആദിവാസികള്‍ അന്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ സ്വകാര്യ കോര്‍പ്പറേറ്റ് കമ്പനികളെ തുറന്നുവിട്ടത് അടക്കമുള്ള നിരവധി വിഷയങ്ങള്‍ ആദിവാസി മേഖലകളിലെ അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ട്.

അതോടൊപ്പം, ആദിവാസികളുടെ വിശ്വാസപരമായ ആചാരങ്ങളെ ഹിന്ദു ആചാരങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ അടക്കം ആദിവാസി മേഖലകളിലെ മുഖ്യധാരാ സമൂഹങ്ങളുടെ ഇടപെടല്‍അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഈയടുത്ത് തങ്ങളുടെ വിശ്വാസരീതികള്‍ സംരക്ഷിക്കുന്നതിന്​, സര്‍നാ കോഡിന് അംഗീകാരം നല്‍കി, തങ്ങളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കണമന്നാവശ്യപ്പെട്ടുകൊണ്ടുള്ള ആദിവാസി ഗോത്ര വിഭാഗങ്ങളുടെ മുന്നേറ്റം ശകതിയാര്‍ജ്ജിക്കുന്നത് കാണാന്‍ കഴിയും. പുകഞ്ഞുകൊണ്ടിരിക്കുന്ന ആദിവാസി മേഖലകളിലേക്ക് എറിഞ്ഞ തീപ്പന്തമായിട്ടാണ് ഏക സിവില്‍ കോഡ് നിയമത്തെ ആദിവാസി സമൂഹം കാണുന്നത്.

ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ഉത്കണ്ഠകള്‍കണ്ടില്ലെന്നു നടിച്ചാല്‍ ഏറ്റവും കുറഞ്ഞത്, ആറാം പട്ടികയില്‍പ്പെടുന്ന വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളെങ്കിലും ഇന്ത്യന്‍ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല.

ഈ ലേഖനം തയ്യാറാക്കുന്ന വേളയില്‍ രണ്ട് പ്രധാന കാര്യങ്ങള്‍ ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് ആദിവാസി മേഖലകളില്‍ സംഭവിച്ചു. അതിലൊന്ന്, ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്മേലുള്ള തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കി, ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന എല്ലാ സംസ്ഥാനങ്ങളും അവരുടെ നിയമനിര്‍മ്മാണസഭയിലൂടെ പ്രമേയം അവതരിപ്പിച്ചു എന്നതാണ്. അതോടൊപ്പം, മുപ്പതിലധികം ആദിവാസി- ഗോത്ര സംഘടനകള്‍ റാഞ്ചിയില്‍ യോഗം ചേരുകയും ഏക സിവില്‍ കോഡിനെതിരെ പ്രക്ഷോഭത്തിന് തയ്യാറാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസങ്ങളില്‍, ആദിവാസി ഗോത്രവിഭാഗങ്ങളെ സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പിയിൽനിന്നുതന്നെ ആവശ്യമുയർന്നു.

സുശീല്‍കുമാര്‍ മോദി
സുശീല്‍കുമാര്‍ മോദി

രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെയും തിരിച്ചറിയാതെ, പ്രത്യേക മതവിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ട്​, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനുതകുന്ന രീതിയില്‍ സിവില്‍ നിയമങ്ങള്‍ രൂപപ്പെടുത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഏക സിവില്‍ കോഡ് ചര്‍ച്ചകള്‍ ആരംഭിച്ച ആദ്യ നാളുകളില്‍ത്തന്നെ ഭരണകൂടത്തിന് ബോധ്യമായിരിക്കുന്നുവെന്നാണ് ബി.ജെ.പി നേതാവ് സുശീല്‍കുമാര്‍ മോദിയുടെ പ്രസ്താവനയില്‍ നിന്ന് മനസ്സിലാകുന്നത്. ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ഉത്കണ്ഠകള്‍ കണ്ടില്ലെന്നു നടിച്ചാല്‍ ഏറ്റവും കുറഞ്ഞത്, ആറാം പട്ടികയില്‍പ്പെടുന്ന വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളെങ്കിലും ഇന്ത്യന്‍ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാവുന്നതല്ല.

Referencse:
1. Constituent Assembly debate, Vol`1, page 9.
2. Appeal, Law Commission of India, October 7, 2016.
3. Consultation Paper on Family Law, Law Commission of India, August 31, 2018.
4. Socitey in India, Mandelbaum, D.G., 1972, Universtiy of California Prsse.
5. Transformation of Tribes in India: Tersm of discourse, Roy Burman, B.K, 1972.
6. A Philosophy for NEFA, Elwin, Verrier, 1957.
7. U.N. Debhar Committee Report, 1959.
8. The Politics of Personal Law in South Asia: Identtiy, Nationalsim, the Uniform Civil Code, Partha S Gosh, Routledge, 2018.
9. Customs and Conservation: Case of Traditional and Modern Law in India and Nepal., Patn, Ruchi, Kalpavriksh, Pune, 2002.
10. Demographic Pserpecitvse on Indias Tribe, Arup Mahartana, Oxford Universtiy Press, 2005.
11. ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്, കെ.സഹദേവൻ, വിദ്യാർത്ഥി പബ്ലിക്കേഷൻസ്​, 2016.
12. ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ആദിവാസികളും, കെ.സഹദേവൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2019.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments