ഏക സിവിൽ കോഡ്​: ബി.ജെ.പിയുടെ ഇരട്ടത്താപ്പുകൾ

‘പൊതുവായ ധാരണ രൂപപ്പെട്ടശേഷം മാത്രമേ നിയമപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ പാടുള്ളൂ. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന സമീപനം ഇ.എം.എസ് സ്വീകരിച്ചത് എന്നു കാണാം’- ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട സംവാദത്തിൽ ഇടപെട്ട്​ ‘ദേശാഭിമാനി’ ചീഫ്​ എഡിറ്റർ പുത്തലത്ത്​ ദിനേശൻ എഴുതുന്നു.

കീകൃത സിവില്‍ നിയമം രാജ്യത്ത് നടപ്പിലാക്കുമെന്ന്​, കര്‍ണാടക തെരഞ്ഞെടുപ്പു പരാജയത്തിനുശേഷമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതിനായി ജസ്റ്റിസ് ഹൃദ്രാഗ് അഗസ്തി ചെയര്‍മാനായി 22-ാം ലോ കമ്മീഷനെ നിശ്ചയിച്ചിരിക്കുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം ആരാഞ്ഞിരിക്കുകയുമാണ്. ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങി. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ചയായി വരുന്നത് ഈ സാഹചര്യത്തിലാണ്.

ഭരണഘടന വിഭാവനം ചെയ്യുന്നതാണ് ഏകീകൃത സിവില്‍ കോഡ് എന്നും, അത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന പ്രഖ്യാപനവും ഉയര്‍ന്നുവന്നിട്ടുണ്ട്. മുസ്​ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്നതാണ് ഇതിന്റെ ഉദ്ദേശ്യമെന്ന വ്യാഖ്യാനവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇ.എം.എസ് ഏകീകൃത സിവില്‍കോഡിന് അനുകൂലമായിരുന്നുവെന്ന വാദഗതികളും മുന്നോട്ടുവെക്കപ്പെട്ടിട്ടുണ്ട്.

ഏകീകൃത സിവില്‍ നിയമം യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും, വ്യക്തി നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പല മുസ്​ലിം സംഘടനകളും പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കരടുനിയമം വന്നശേഷം അഭിപ്രായം രേഖപ്പെടുത്തുന്നതാവും ഉചിതമെന്ന് പല കോണ്‍ഗ്രസ്​ നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഏകീകൃത സിവില്‍ കോഡ് ഒരു കാരണവശാലും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന നിലപാടാണ് ഇടതുപക്ഷം പൊതുവില്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം സ്ത്രീ - പുരുഷ സമത്വം ഉറപ്പുവരുത്തുന്ന വ്യകതിനിയമങ്ങളിലെ മാറ്റങ്ങളെ സ്വാഗതം ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ പരിശോധി ച്ച് മുന്നോട്ടുപോകേണ്ടതുണ്ട്.

ഭരണഘടനയും
ഏകീകൃത സിവില്‍ കോഡും

ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം വ്യത്യസ്തമായ നിരവധി ധാരകളുടെ മഹാപ്രവാഹം എന്ന നിലയിലാണ് രൂപപ്പെട്ടത്​. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഫോര്‍വേഡ് ബ്ലോക്കും എല്ലാം വ്യത്യസ്ത നിലപാടുകള്‍ മുന്നോട്ടുവെച്ച്​ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി ഇടപെട്ടിട്ടുണ്ട്. ദേശീയ വിപ്ലവകാരികളെന്ന് വിശേഷിപ്പിക്കുന്ന ഭഗദ്‌സിങ്ങിന്റെയും ചന്ദ്രശേഖര്‍ ആസാദിന്റെയും നേതൃത്വത്തിലുള്ള ധാരയും സ്വാതന്ത്ര്യസമരത്തിന്റെ മറ്റൊരു മുഖമായിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനം ശക്തിപ്പെടുമ്പോള്‍ തന്നെ അംബേദ്കറെ പോലുള്ളവര്‍ സാമൂഹ്യനീതിക്കുവേണ്ടിയുള്ള മുദ്രാവാക്യം കേന്ദ്ര പ്രശ്‌നമായി അവതരിപ്പിച്ചും പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്ന ഇത്തരം ധാരകളെയെല്ലാം ഉള്‍പ്പെടുത്തിയാണ്​ ഭരണഘടന നിര്‍മ്മാണത്തിനുള്ള കോണ്‍സ്റ്റിറ്റ്യൂഷൻ അസംബ്ലി വിളിച്ചുചേര്‍ത്തത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ വിവിധ ധാരകളുടേയും, സാമൂഹ്യ നീതിയുടേയും കാഴ്ചപ്പാടുകള്‍ ഭരണഘടനാ രൂപീകരണത്തിന് അടിസ്ഥാനമായിത്തീര്‍ന്നു. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പ്രതിഫലനം കൂടിയാണ് ഇന്ത്യന്‍ ഭരണഘടന.

ഭരണഘടന രൂപപ്പെടുത്തുന്ന ഘട്ടത്തില്‍ പൊതുവായ നിയമത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഭരണഘടനയുടെ 44-ാം അനുച്ഛേദം ''പൗരര്‍ക്ക് ഇന്ത്യയുടെ അതിരുകള്‍ക്കകമേയുള്ള പ്രദേശത്തുടനീളം ഒരു ഏകീകൃത സിവില്‍ കോഡ് ലഭ്യമാക്കാന്‍ ഭരണകൂടം ശ്രമിക്കും'' എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ കോണ്‍സ്റ്റിറ്റ്യൂഷൻ അസംബ്ലിയില്‍ സജീവമായി. പരമ്പരാഗത സമൂഹങ്ങളില്‍ മതവിശ്വാസത്തിന് വിപുലമായ അധികാര പരിധികളുണ്ടായിരുന്നുവെങ്കിലും ആധുനിക സമൂഹത്തില്‍ പരിധി നിർണയിക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടും സജീവമായി. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഏകീകൃത സിവില്‍ കോഡ് ആകാമെന്ന് സ്വയം സമ്മതിക്കുന്നവര്‍ മാത്രം അത് അംഗീകരിച്ചാല്‍ മതിയെന്ന ആശയം അംബേദ്കര്‍ മുന്നോട്ടുവെച്ചു. അതായത്, പൊതുസമ്മതിയോടെ ഏകീകൃത നിയമങ്ങള്‍ നടപ്പാക്കാമെന്ന തീര്‍പ്പിലേക്കാണ്​ അത് എത്തിച്ചേര്‍ന്നത്. നിര്‍ദ്ദേശക തത്വങ്ങളിലേക്ക് അത് മാറ്റപ്പെടുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്.

വിവിധ രീതികളില്‍ നിലനിന്ന ഹിന്ദുക്കള്‍ക്ക് പൊതുവായ ഒരു നിയമം വേണമെന്ന ആശയം ബ്രിട്ടീഷുകാലത്ത് തന്നെ സജീവമായിരുന്നു. 1941-ല്‍ സര്‍ ബി.എന്‍. റാവുവിന്റെ അദ്ധ്യക്ഷതയില്‍ ഒരു സമിതി രൂപീകരിക്കപ്പെട്ടു. രാജ്യമാകമാനം ചുറ്റി സഞ്ചരിച്ച് ഇവര്‍ ചില അഭിപ്രായങ്ങള്‍ സ്വീകരിച്ചു. 1946-ല്‍ അവര്‍ ഹിന്ദുക്കള്‍ക്ക് ബാധകമായ ഒരു വ്യക്തിസംഹിത രൂപീകരിക്കുകയും ചെയ്തു. ഇത്തരമൊരു ഇടപെടലുണ്ടാകുന്നതിന്റെ പ്രധാന കാരണം, ഹിന്ദു മതവിഭാഗങ്ങള്‍ക്കിടയില്‍ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ സജീവമായിരുന്നു എന്നതാണ്​. 1948-ല്‍ നിയമനിര്‍മ്മാണ സഭ ഈ ഹിന്ദു കോഡിനെ പുനരവലോകനം ചെയ്യുന്നതിന്​ അംബേദ്കര്‍ അദ്ധ്യക്ഷനായി കമ്മിറ്റിയുണ്ടാക്കി. റാവു ഉണ്ടാക്കിയ കരട്​ അംബേദ്കര്‍ പരിഷ്‌കരിച്ച്​ ഹിന്ദു കോഡ് എന്ന് പേര് നല്‍കി. എന്നാല്‍ ഇതിനകത്ത് സിഖുകാരും ബുദ്ധമതക്കാരും ജൈനരും ഹിന്ദുക്കളിലെ എല്ലാ ജാതിയിലുള്ളവരും ഉള്‍പ്പെട്ടിരുന്നു.

ഹിന്ദു സ്ത്രീകളുടെ അവകാശങ്ങളും, പദവികളും ഉയര്‍ത്താന്‍ ജാതിപരമായ അസമത്വങ്ങളും, വിടവുകളും ഇല്ലാതാക്കുകയെന്നതുമായിരുന്നു ഇതിന്റെ അടിസ്ഥാനം. ഹിന്ദുക്കളിലെ യാഥാസ്ഥിതിക വിഭാഗത്തിന് ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഇത് അവതരിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അസംബ്ലി കെട്ടിടത്തിലേക്ക് മാര്‍ച്ച് നടത്തി. ഹിന്ദു കോഡ് തുലയട്ടെ, പണ്ഡിറ്റ് നെഹ്‌റു തുലയട്ടെ എന്ന് പ്രഖ്യാപിച്ച അവര്‍ നെഹ്‌റുവിന്റെയും, അംബേദ്കറുടെയും കോലം കത്തിച്ചു. ഷെയ്ഖ് അബ്ദുള്ളയുടെ കാറ് തകര്‍ത്തു. ഹിന്ദു കോഡിനെതിരായി നടന്ന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്​ കര്‍പത്രജി മഹാരാജാവ് എന്ന സ്വാമിയായിരുന്നു. അംബേദ്കറെ പരാമര്‍ശിച്ച്, ഒരു അയിത്ത ജാതിക്കാരന്‍ ബ്രാഹ്​മണരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല എന്നുവരെ അദ്ദേഹം പ്രസംഗിച്ചത്​ രാമചന്ദ്രഗുഹ എടുത്തുപറയുന്നുണ്ട്.

അംബേദ്കര്‍

1949-ല്‍ നിയമനിര്‍മ്മാണ സഭ ഒരു താല്‍ക്കാലിക പാര്‍ലമെന്റായി മാറി. 1950-ലും, 51-ലും നെഹ്‌റുവും, അംബേദ്കറും ഹിന്ദു കോഡ് ബില്‍ നിയമമാക്കാന്‍ പല ശ്രമങ്ങളും നടത്തി. ഹിന്ദു നിയമസംഹിതയല്ല ഇന്ത്യന്‍ നിയമസംഹിതയാണ് നിര്‍മ്മിക്കേണ്ടത് എന്ന വാദമുള്‍പ്പെടെ ഉയര്‍ന്നുവന്നു. ബില്ല് പാസാക്കുന്നതിന് നെഹ്‌റു ശക്തമായ നിലപാട് സ്വീകരിച്ചില്ല എന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച്​ അംബേദ്കര്‍ നിയമമന്ത്രി സ്ഥാനം രാജിവെച്ചു. പിന്നീട്, വിശദ ചര്‍ച്ചകള്‍ക്കുശേഷം അതിലെ വ്യവസ്ഥകള്‍ വിവിധ നിയമങ്ങളെന്ന നിലയില്‍ പാസാക്കപ്പെട്ടു. 1955-ലെ ഹിന്ദു വിവാഹ നിയമം, 1956-ലെ ഹിന്ദു അനന്തരാവകാശം, പ്രായപൂര്‍ത്തിയാവാത്തവരുടെ രക്ഷാകര്‍തൃത്വം, ദത്തെടുക്കല്‍, ചെലവിന് കൊടുക്കല്‍ എന്നീ നിയമങ്ങളായിരുന്നു അത്. അംബേദ്കര്‍ക്ക് ശേഷം നിയമമന്ത്രിയയായിരുന്ന എച്ച്.വി. പടസ്കറാണ് ഈ നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

ഏകീകൃത ഹിന്ദുവിനെക്കുറിച്ച് സംസാരിച്ചിരുന്ന ആര്‍.എസ്.എസുള്‍പ്പെടെ ഏകീകൃത ഹിന്ദു കോഡിന് എതിരായിരുന്നു. ആ എതിര്‍പ്പുകൾ മറികടന്നാണ്​ അതിലെ വ്യവസ്ഥകള്‍ നിയമമായത്. പൊതുവായ ചര്‍ച്ചകളുടേയും, കൂട്ടായ ധാരണകളുടേയും അടിസ്ഥാനത്തില്‍ ഏകീകൃത സിവില്‍ നിയമം പാസാക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനയില്‍ അത് നിര്‍ദ്ദേശക തത്വങ്ങളുടെ ഭാഗമായത്. നിര്‍ദ്ദേശക തത്വങ്ങളില്‍ ഒട്ടനവധി കാര്യങ്ങള്‍ എടുത്തുപറയുന്നുണ്ട്. അവയൊന്നും നടപ്പിലാക്കാന്‍ശ്രമിക്കാതെ ഏകീകൃത സിവില്‍ നിയമത്തെ മാത്രം മുന്നോട്ടുവെക്കുന്നതിനു പുറകിൽ, ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യമാണുള്ളത്​.

ആ രാഷ്ട്രീയ സാഹചര്യം എന്താണ്​?

മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നയങ്ങള്‍ നടപ്പിലാക്കിയതോടെ വിവിധ മേഖലയില്‍ ജനരോഷം ഉയര്‍ന്നുവന്നു. ഇത് ബി.ജെ.പിയുടെ ജനപിന്തുണ വന്‍തോതില്‍ ഇടിയുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. പഞ്ചാബ്, ഹിമാചല്‍, കര്‍ണ്ണാടക തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരാജയപ്പെട്ടു. പതിറ്റാണ്ടുകളായി ഭരിച്ച ദല്‍ഹി കോര്‍പ്പറേഷന്‍ ഭരണവും നഷ്ടപ്പെട്ടു. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുകളിലൂടെയല്ല, എം.എല്‍.എമാരെ കാലുമാറ്റിയാണ് അധികാരമുറപ്പിച്ചത്. യു.പി തെരഞ്ഞെടുപ്പില്‍ നൂറോളം സീറ്റുകളാണ് ബി.ജെ.പിക്ക് നഷ്ടമായത്. തിപ്രമോത ഇല്ലായിരുന്നുവെങ്കില്‍ ത്രിപുരയിലും ബി.ജെ.പി പരാജയപ്പെട്ടേനെ. ബീഹാറിലാവട്ടെ മുന്നണിഭരണവും തകര്‍ന്നു. പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായ തിരിച്ചടികളാണ് ഉപതെരഞ്ഞെടുപ്പുകളിലുണ്ടായത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷകക്ഷികളുടെ ഐക്യനിര ഉയര്‍ന്നുവരുന്ന പാറ്റ്​ന സമ്മേളനം ഉണ്ടാകുന്നത്.

പാറ്റ്ന സമ്മേളനത്തിൽ രാഹുൽഗാന്ധി, മല്ലികാർജ്ജുന ഖാർഗെ, നീതിഷ് കുമാർ, ലാലുപ്രസാദ് യാദവ്, മമത ബാനർജി എന്നിവർ

ജനപിന്തുണ നഷ്ടപ്പെടുകയും, പ്രതിപക്ഷ കക്ഷികള്‍ യോജിച്ചുവരികയും ചെയ്യുന്ന സാഹചര്യം മറികടക്കാന്‍ വര്‍ഗീയ ധ്രുവീകരണ ലക്ഷ്യത്തോടെയാണ് ഏകീകൃത സിവില്‍ നിയമം കൊണ്ടുവരുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ പുല്‍വാമ തീവ്രവാദ ആക്രമണമായിരുന്നു ഇവരുടെ പ്രധാന ആയുധം. ഇപ്പോള്‍ ഏകീകൃത സിവില്‍ നിയമം ആയുധമാക്കാന്‍ അവര്‍ പരിശ്രമിക്കുകയാണ്.

ലോ കമീഷനും

ഏകീകൃത സിവില്‍കോഡും

ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന കാര്യം പരിശോധിക്കുന്നതിന് 2016-ല്‍ ജസ്റ്റിസ് ബി.എസ്. ചൗഹാന്‍ ചെയര്‍മാനായ ലോ കമീഷനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 75,378 നിര്‍ദ്ദേശങ്ങള്‍ കമീഷനുമുമ്പാകെ ഉയര്‍ന്നുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു രൂപരേഖ തയ്യാറാക്കി. 2018-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

ഏകീകൃത സിവില്‍ നിയമത്തെ സംബന്ധിച്ച് ലോ കമീഷൻ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഭരണഘടനയുടെ 244ാം അനുച്ഛേദത്തിന് കീഴിലുള്ള 6-ാം ഷെഡ്യൂള്‍ ത്രിപുര, ആസാം, മിസോറാം, മേഘാലയ സംസ്ഥാനങ്ങളിലെ ചില മേഖലകളുമായി ബന്ധപ്പെട്ടതാണ്. അതിന്റെ ഭാഗമായി പ്രാദേശിക ജില്ലാ കൗണ്‍സിലുകള്‍ക്ക് ഗവര്‍ണറുടെ അനുമതിയോടെ കുടുംബനിയമം നിര്‍മ്മിക്കാമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. 371-ാം അനുച്ഛേദത്തിലെ വിവിധ ഭാഗങ്ങള്‍ ആറ് വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും ഇളവുകളും നല്‍കുന്ന തരത്തിലാണ്.

ജസ്റ്റിസ് ബി.എസ് ചൗഹാന്‍

വിവിധ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യയിലെ ഗോത്ര വര്‍ഗ്ഗങ്ങള്‍ ശക്തമായ അക്രമങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ഇവരെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ നിലവിലുണ്ട്. എന്നിട്ടുപോലും അവരുടെ വനഭൂമിയും കൃഷിഭൂമിയും അന്യാധീനപ്പെടുന്നുവെന്ന പ്രശ്‌നം ഉയര്‍ന്നുവരുന്നു. ഗോത്രവർഗ സംരക്ഷണത്തിന്​ ഭരണഘടന വിഭാവനം ചെയ്യുന്ന കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായ ഒന്നായി ഏകീകൃത സിവില്‍കോഡ് മാറും. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഏകീകൃത സിവില്‍കോഡ് ഇപ്പോള്‍ അനിവാര്യമല്ലെന്ന തീരുമാനത്തില്‍ നിയമ കമ്മീഷന്‍എത്തിച്ചേര്‍ന്നത്.

ലോ കമീഷന്റെ
മറ്റ് ശുപാര്‍ശകള്‍

ഏകീകൃത സിവില്‍ നിയമം പാടില്ലെന്ന് പറഞ്ഞ ലോ കമീഷന്‍, സ്പെഷ്യല്‍ മാരേജ് ആക്​റ്റ്​, ഗാര്‍ഹിക പീഢന നിരോധന നിയമം തുടങ്ങിയ നിയമങ്ങളെ ശാക്തീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. വിവിധ മതവിഭാഗങ്ങളിലെ വിവാഹം, വിവാഹ മോചനം, കുട്ടികളുടെ പരിപാലനം, ദത്തെടുക്കല്‍, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തി നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന നിര്‍ദ്ദേശവും അതേടൊപ്പം മുന്നോട്ടുവെച്ചു.

നിലവിലുള്ള നിയമപ്രകാരം ഹിന്ദു വിഭാഗത്തിലെ സ്ത്രീകള്‍ നേരിടുന്ന കടുത്ത വിവേചനങ്ങള്‍ നിരവധി ഉദാഹരണങ്ങളിലൂടെ കമീഷന്‍ വ്യക്തമാക്കുന്നുണ്ട്. മുസ്​ലിം വ്യക്തിനിയമത്തില്‍ മാത്രം മാറ്റം വരുത്തുകയെന്ന ബി.ജെ.പി നിലപാട് നിയമപരമോ, ജനകീയ താല്‍പര്യത്തിന് അനുയോജ്യമോ അല്ല എന്ന്​ ബോധ്യപ്പെടുത്തുന്നതാണ് അതിലെ നിര്‍ദ്ദേശങ്ങള്‍.

ബി.ജെ.പിയും
സ്ത്രീസംരക്ഷണവും

സ്ത്രീസംരക്ഷണം എന്ന കാര്യമാണ്​ ഏകീകൃത സിവില്‍ നിയമത്തിന്​ ബി.ജെ.പി മുന്നോട്ടുവെക്കുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ആത്മാര്‍ത്ഥത ബി.ജെ.പിക്കില്ല. സ്ത്രീസംവരണ ബില്‍, ദുരഭിമാനക്കൊലക്കെതിരായ ബില്‍, വൈവാഹിക റേപ്പ്​ കുറ്റകരമാക്കുന്ന ബില്‍ തുടങ്ങിയവ മാറ്റിവെച്ച കേന്ദ്ര സര്‍ക്കാരാണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി മുന്നോട്ടുവരുന്നുവെന്ന്​ പ്രഖ്യാപിക്കുന്നത്.

രാജ്യത്ത് നടപ്പിലാക്കിയ സ്ത്രീപക്ഷ നിയമങ്ങളെപ്പോലും കാറ്റില്‍പ്പറത്തുകയാണ് ബി.ജെ.പി ചെയ്യുന്നത്. ബി.ജെ.പി നേതാവ് ഉപമുഖ്യമന്ത്രിയായ സംസ്ഥാനമാണ് നാഗാലാന്റ്. സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കുന്നത് പരമ്പരാഗത നിയമങ്ങള്‍ക്കെതിരാണ് എന്നതാണ് നാഗാലാന്റിലെ ബി.ജെ.പിയുള്‍പ്പെടെയുള്ള പലരുടേയും നിലപാട്. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ കോടതി കേന്ദ്ര ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിച്ചുവെങ്കിലും അവ സമര്‍പ്പിച്ചില്ല. ഈ പശ്ചാത്തലത്തില്‍ കോടതി കടുത്ത ഭാഷയിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇപ്പോള്‍ അവിടെ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നിഷേധിച്ചുകൊണ്ടുള്ള പ്രമേയവും നാഗാലാന്റ് പാസാക്കി. അവരാണ് ഇപ്പോള്‍ ഏകീകൃത സിവില്‍കോഡിന്റെ പേരുപറഞ്ഞ് രംഗത്തിറങ്ങുന്നത്.

ഒരു കാലത്ത് പോര്‍ച്ചുഗീസുകാരുടെ അധീനതയിലുണ്ടായിരുന്നു സംസ്ഥാനമാണ് ഗോവ. ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന പ്രദേശം കൂടിയാണത്. അതില്‍ കത്തോലിക്ക പള്ളിയില്‍ വെച്ച് വിവാഹം കഴിക്കുന്നവര്‍ക്ക് സിവില്‍ നിയമപ്രകാരമുള്ള വിവാഹമോചനത്തില്‍നിന്ന് ഒഴിവ് സാധ്യമാണ്. മുസ്​ലിം പുരുഷന്മാര്‍ക്ക് ബഹുഭാര്യത്വം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഹിന്ദു കുടുംബങ്ങളിലാണെങ്കില്‍ ഭാര്യ 25 വയസ്സിനുള്ളില്‍ അമ്മയായില്ലെങ്കിലോ, 30 വയസ്സിന് മുമ്പ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെങ്കിലോ ഭര്‍ത്താവിന് വീണ്ടും വിവാഹിതനാകാം. ഹിന്ദു സ്ത്രീക്ക് പരപുരഷബന്ധമുണ്ടെങ്കില്‍ ഭര്‍ത്താവിന് വിവാഹമോചനം നേടാം. എന്നാല്‍ സ്ത്രീകള്‍ക്ക് അത്തരമൊരു അവകാശവും അവിടെയില്ല. ഗോവയിലെ ഏകീകൃത സിവില്‍ നിയമം എന്നത് വിവിധ വിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ പരിരക്ഷയും, അടിച്ചമര്‍ത്തലും നല്‍കിയിരിക്കുന്നുവെന്നതാണ് വസ്തുത.

പൊതുനിയമങ്ങ​​ളെ
തകർക്കുന്ന ബി.ജെ.പി

1925-ലെ പിന്തുടര്‍ച്ചാവകാശ നിയമവും, 1954-ലെ സ്പെഷ്യല്‍ മാരേജ് ആക്ടും സര്‍ക്കാര്‍ പൊതുവിലുണ്ടാക്കിയ നിയമമാണ്. എന്നാല്‍ ലൗ ജിഹാദ് തടയാനെന്ന പേരില്‍ വ്യത്യസ്ത മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹം നിരോധിക്കുന്ന നിയമം ബി.ജെ.പി കൊണ്ടുവന്നിട്ടുണ്ട്. ഇത് സ്പെഷ്യല്‍ മാരേജ് ആക്​റ്റിന്​ തികച്ചും വിരുദ്ധമാണ്.

1975-ലാണ് ഹിന്ദു കൂട്ടുകുടുംബ നിയമം തന്നെ മാറ്റിയത്. മുസ്​ലിം വിവാഹവും, വിവാഹ മോചനവും രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം ബംഗാള്‍, ബീഹാര്‍, ഒറീസ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. കാശ്മീരില്‍ മുസ്​ലിംകള്‍ക്കാവട്ടെ ദത്തെടുക്കാന്‍ അവകാശമുണ്ട്. 1954-ലെ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഹിന്ദു മതത്തില്‍പ്പെട്ട പുരുഷനും, സ്ത്രീയും വിവാഹിതരായാല്‍ ഹിന്ദു വ്യക്തിനിയമം ബാധകവുമാണ്. എന്നാല്‍ മുസ്​ലിംകള്‍ക്ക് ആ വ്യക്തിനിയമം ബാധകമല്ല. ഇത്തരത്തില്‍ വൈവിദ്ധ്യങ്ങളുടേയും, വ്യത്യസ്തതകളുടേയും പ്രശ്‌നങ്ങള്‍ വിവിധ വ്യക്തിനിയമങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഈ വൈവിദ്ധ്യങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്നതിനുള്ള സാധ്യതകള്‍ ഭരണഘടന മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങൾക്ക്​ പൊതുവായ ചര്‍ച്ചയിലൂടെ അഭിപ്രായ സമന്വയമുണ്ടാക്കുകയെന്നത് പ്രധാനമായിക്കണ്ട് ഇടപെടുകയാണ് വേണ്ടത്.

നിയമങ്ങള്‍
മാറ്റാന്‍ പറ്റാത്തതല്ല

സമൂഹത്തിന്റെ കാഴ്ചപ്പാടിലും മൂല്യബോധത്തിലുമുണ്ടാകുന്ന വികാസത്തിനനുസരിച്ച് നിയമങ്ങളിലും ഓരോ കാലത്തും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. 1956-ലെ ഹിന്ദു കോഡിലും, പിന്നീട് പൊതുവായ ചര്‍ച്ചയിലൂടെ ഭേദഗതി വരുത്തിയിട്ടുണ്ട്. 2005-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമഭേദഗതി വഴി കൃഷിഭൂമിയിലുള്ള സ്ത്രീകളുടെ അവകാശങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. സ്പെഷ്യല്‍ മാരേജിനകത്തും പിന്നീട് ഭേദഗതി വന്നിട്ടുണ്ട്. വിഖ്യാതമായ മേരി റോയ് കേസില്‍, ക്രിസ്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പൊതുസ്വത്തില്‍ നിലനിന്നിരുന്ന അസമത്വം പരിഹരിച്ച്​, സ്വത്തവകാശം സുപ്രീം കോടതി അംഗീകരിക്കുകയാണ് ചെയ്തത്. പൊതുവായ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലും, കോടതിവിധികളുടെ അടിസ്ഥാനത്തിലും നിയമഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്.

ലക്ഷ്യം മുസ്​ലിം വിരോധം

ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നു എന്ന പ്രശ്‌നം വന്നപ്പോള്‍ വിവിധ ജനവിഭാഗങ്ങള്‍ അവരുടെ ആശങ്കകള്‍ മുന്നോട്ടുവെച്ചു. ഇത് കാണിക്കുന്നത്, ഏകീകൃത സിവില്‍ നിയമം അടിച്ചേല്‍പ്പിക്കുകയെന്നത് മുസ്​ലിംകള്‍ക്ക് മാത്രമല്ല, എല്ലാ ജനവിഭാഗങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്നു എന്നാണ്. ഈ സാഹചര്യത്തിലാണ് വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവർഗ വിഭാഗങ്ങളേയും, ക്രിസ്ത്യന്‍ മതവിശ്വാസികളേയും ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് പാര്‍ലമെന്റ് സമിതി അദ്ധ്യക്ഷനായ സുശീല്‍ മോദി പ്രഖ്യാപിച്ചത്. മുസ്​ലിം ജനവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ച്​ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് ആ വിഭാഗത്തിനെതിരായ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനാണ് എന്ന നിലപാട് ശരിയായിത്തീരുന്നത് ഈ പശ്ചാത്തലത്തിലാണ്.

സുശീൽ കുമാർ മോദി

മുത്തലാഖ് നിയമവിരുദ്ധമാക്കുമ്പോള്‍ സുപ്രീം കോടതി പറഞ്ഞത്, അത് അനിവാര്യമായ മതാചാരമല്ല എന്നായിരുന്നു. എന്നുവച്ചാൽ, അനിവാര്യമായ മതാചാരത്തിന് നിലനില്‍ക്കാനുള്ള സാധ്യത കൂടിയാണ് പ്രഖ്യാപിച്ചത്. ലോ കമീഷന്‍ ഗാര്‍ഹിക പീഡന നിരോധന നിയമം ഫലപ്രദമായി ഉപയോഗപ്പെടുത്തി മുസ്​ലിം സ്ത്രീകളേയും അതിക്രമത്തില്‍ നിന്ന്​ രക്ഷപ്പെടുത്തണമെന്നായിരുന്നു. മുസ്​ലിം വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമത്തെ ക്രിമിനല്‍ നടപടിയില്‍പ്പെടുത്തിയതോടെ സ്ത്രീകളുടെ സംരക്ഷണത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കി മുസ്​ലിംകളെ ജയിലിലടക്കാനുള്ള ഉപാധിയാക്കി മാറ്റാനാണ് ഇവര്‍ ശ്രമിച്ചത്.

മുസ്​ലിം ജനവിഭാഗത്തിനോട് ശത്രുതയോടെ പെരുമാറുന്നതും സിവില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും സ്വാഭാവികമായും ആ വിഭാഗത്തിനകത്തെ വര്‍ഗീയ- തീവ്രവാദ ശക്തികൾക്ക്​ അനുകൂലമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുക. അതുവഴി ആ സമൂഹത്തിനകത്ത് വികസിക്കേണ്ട ജനാധിപത്യപരമായ ധാരകള്‍ ദുര്‍ബലപ്പെടുന്ന സ്ഥതിയുമുണ്ടാകും. അത് രാജ്യത്തിന്റെ മൊത്തത്തിലുള്ള മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ക്ക് കടുത്ത തിരിച്ചടി സൃഷ്ടിക്കുകയും ചെയ്യും.

ഹിന്ദുത്വ രാഷ്ട്രത്തിന്റെ
പടവുകള്‍

രാജ്യത്തെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കുകയും, ഹിന്ദുത്വ രാഷ്ട്രീയം പകരം വെക്കുകയും ചെയ്യുകയെന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. അതിനായി മുസ്​ലിം വിരോധത്തെ വികസിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക, ബാബരി മസ്ജിദ് പൊളിച്ചിടത്ത്​ രാമക്ഷേത്രം പണിയുക എന്നീ ആര്‍.എസ്.എസ് അജണ്ട ഇക്കാലയളവില്‍ ഇവര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം, മതപരിവര്‍ത്തന നിരോധന നിയമം, ഘർവാപസി, ഗോരക്ഷ, ലൗ ജിഹാദ്, വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ ഹിന്ദുത്വ അജണ്ടകളുടെ ഭാഗമാണ് ഇപ്പോഴത്തെ ഏകീകൃത സിവില്‍ കോഡ്​ എന്ന കാഴ്ചപ്പാട്.

ഏകീകൃത സിവില്‍ നിയമം എന്നത് അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. ഓരോ വിഭാഗത്തിനകത്തും രൂപപ്പെടുന്ന ആശയ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍, ആധുനിക സിവില്‍ സമൂഹത്തെ രൂപപ്പെടുത്തുന്നതിനുള്ള ചുവടുകളെന്ന നിലയില്‍, ജനാധിപത്യപരമായ പ്രക്രിയയിലൂടെ മാത്രമേ ഇത്തരം നിയമ പരിഷ്‌കാരങ്ങള്‍ ഉണ്ടാകാന്‍ പാടുള്ളൂ. അതുകൊണ്ട് ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യപരമായ സിവില്‍ സമൂഹത്തിന്റെ വികാസത്തിന് വിഘാതം സൃഷ്ടിക്കും. പൊതുവായ ധാരണ രൂപപ്പെട്ടശേഷം മാത്രമേ നിയമപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ പാടുള്ളൂ. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന സമീപനം ഇ.എം.എസ് സ്വീകരിച്ചത് എന്നു കാണാം.

രാജ്യത്തിന്റെ ബഹുസ്വരതയുടെ സാഹചര്യങ്ങൾ കണക്കിലെടുത്തുവേണം സിവില്‍ നിയമ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍. അല്ലാതെ കോര്‍പ്പറേറ്റുകളുടെ നയങ്ങള്‍ക്കെതിരായി ജനങ്ങള്‍ മുന്നിട്ടിറങ്ങുമ്പോള്‍ അവയെ ശിഥിലമാക്കുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി ഉണ്ടാവേണ്ട ഒന്നല്ല. കോര്‍പ്പറേറ്റ് - ഹിന്ദുത്വ അമിതാധികാര പ്രവണതയുടെ ഭാഗമായി മുന്നോട്ടുവെക്കപ്പെടുന്ന ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നതിനുള്ള നീക്കം ജനാധിപത്യപരമായ ജീവിതക്രമം ശക്തിപ്പെടുത്താനല്ല, ദുര്‍ബലപ്പെടുത്താനേ സഹായിക്കൂ. മണിപ്പൂരില്‍ ജനങ്ങള്‍ തമ്മിലടിച്ച് മരിക്കുമ്പോള്‍ അതിലിടപെടാതെ മാറിനില്‍ക്കുന്ന സര്‍ക്കാരില്‍നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല.

Comments