‘പാകമാകാത്ത’ ഇന്ത്യൻ സമൂഹവും
ഏക സിവിൽ കോഡും

ഏക സിവിൽ കോഡ്​ പുരോഗതി കൈവരിച്ച ഒരു സമൂഹത്തില്‍ നടപ്പിലാക്കേണ്ടതാണെങ്കിലും, ഇപ്പോള്‍ അതിന്​ പാകമായിട്ടില്ല എന്ന്​ ഭരണഘടനാ സമിതിയിലെ ചില അംഗങ്ങള്‍ അന്ന്​ ചൂണ്ടിക്കാട്ടിയിരുന്നു. ആ ‘പാകപ്പെടൽ’ ഇന്ത്യൻ സമൂഹത്തിൽ ഇപ്പോഴും സംഭവിച്ചിട്ടില്ല.

ക സിവിൽ കോഡ്​ പ്രധാനമായും വിവാഹസംബന്ധമായ ആചാരങ്ങളെയും മതപരവും ഗോത്രപരവുമായ പിന്‍തുടര്‍ച്ചാ അവകാശങ്ങളെയും അടിസ്​ഥാനമാക്കിയുള്ളതാണ്, അതുവഴി വ്യക്തികളെ സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും തുല്യതയുടെയും മൂല്യങ്ങളില്‍ നിലയുറപ്പിച്ച് മാറ്റിപ്പണിയുന്ന നിയമവ്യവസ്ഥയാണ്, എന്തിനാണ് ഇത്തരത്തിലുള്ള തുല്യതാബോധത്തെ എതിര്‍ക്കുന്നത്? സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കുന്നതിനെ എതിര്‍ക്കണോ? മതങ്ങള്‍ക്ക് വ്യക്തികളെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ? മതം തുല്യതയ്ക്ക് എതിരായി നില്‍ക്കുന്നുവോ? തുടങ്ങിയ ചോദ്യങ്ങള്‍പൊതുവില്‍ ലിബറല്‍ ചിന്താഗതി പുലര്‍ത്തുന്ന വ്യക്തികളും സംഘടനകളും ഉയര്‍ത്തുന്നുണ്ട്.

ഗോത്ര ജീവിതത്തെയും പട്ടികജാതി വിഭാഗങ്ങളെയും അവരുടെ സാമുദായിക പിന്നാക്കാവസ്ഥയുടെ കാരണങ്ങളെയും ഈ നിയമം കണ്ടില്ലെന്ന്​ നടിക്കുമോ? ഹിന്ദു മതത്തിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള ഏകീകരണം ഈ നിയമത്തിന് കൊണ്ടുവരാന്‍ കഴിയുമോ? എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള ചോദ്യങ്ങൾ ഈ നിയമം അഭിമുഖീകരിക്കുന്നുണ്ട്.

പൊതുവില്‍ ലിബറല്‍ സ്വാഭാവമുള്ള കോണ്‍ഗ്രസിന്റെയും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെയും നിലപാട്​ എന്താണ്? സ്ത്രീവാദികള്‍ക്ക് എന്താണ് പറയാനുള്ളത്? ബി.ജെ.പി പോലുള്ള ഹിന്ദുത്വ ഐഡിയോളജി പിന്‍തുടരുന്ന പാര്‍ട്ടികള്‍ക്ക് എന്താണ്​ ഈ നിയമത്തോട് പ്രിയം തോന്നാൻ കാരണം? ഈ നിയമം കൊണ്ടുവരാന്‍ ബി.ജെ.പിയെ നയിക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്തൊക്കെയായിരിക്കും എന്നീ ചോദ്യങ്ങളും ഉയരുമ്പോള്‍ ഏക സിവിൽ​ കോഡ്​​ ഇന്ത്യന്‍ സമൂഹത്തില്‍ വൈവിധ്യമാർന്ന അനുരണനമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല.

ഇന്ത്യയില്‍ പൂര്‍ണ്ണമായും 'വ്യക്തി' യായത് ആരാണ്? സമൂഹങ്ങളിൽനിന്നും സമുദായങ്ങളില്‍നിന്നും 'വ്യക്തി' വിടുതല്‍ വാങ്ങിയോ? വ്യക്തികള്‍ക്ക് സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക- മൂലധനത്തിന്‍മേല്‍ തുല്യത ലഭിച്ചോ?

2024- ലാണ്​ ലോകസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് കലണ്ടർ മുന്നിൽവച്ചുകൊണ്ടുള്ള ഈ ചര്‍ച്ച, ഏകീകൃത നിയമം നടപ്പിലാക്കാന്‍ വേണ്ടിത്തന്നെയുള്ളതാണോ, അതോ മത- ഗോത്ര അടിസ്ഥാനത്തില്‍ സാമൂഹിക സ്പര്‍ദ്ധയു​ടെ ആഴം കൂട്ടി തെരഞ്ഞെടുപ്പിൽനിന്ന്​ വര്‍ഗീയമായി നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍- ബി.ജെ.പി ഹൈന്ദവ പാര്‍ട്ടികളുടെ തന്ത്രമാണോ?
ഈ ചോദ്യങ്ങള്‍ക്ക്​ ഉത്തരം നല്‍കുമ്പോള്‍ മാത്രമേ ഈ ചര്‍ച്ച പൂര്‍ണ്ണമാകൂ.

ലിബറല്‍ ചിന്താഗതി പുലര്‍ത്തുന്ന പാര്‍ട്ടികളും നിയമവ്യവസ്ഥയില്‍ വിശ്വാസവും നിയമം സമൂഹത്തിന്റെ പുരോഗമനകരമായ മാറ്റത്തിന് ചാലകശക്തിയാണെന്ന് വിചാരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഈ നിയമത്തെ പിന്തുണക്കുന്നതായി കാണുന്നു. യുക്തിവാദികള്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. അവര്‍ യുക്തികൊണ്ട് വാദിക്കുന്നതുകൊണ്ട് വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേക്ക്​ കടന്നുകയറുന്ന അധികാര രൂപങ്ങളെ അവര്‍ എതിര്‍ക്കുന്നു. വ്യക്തിയുടെ യുക്തി എന്നും നീതിയാലും വ്യക്തി സ്വാതന്ത്ര്യത്താലും നയിക്കപ്പെടുന്നതായിരിക്കും എന്നാണ്​ അവര്‍ കരുതുന്നത്.

ഭരണഘടനയില്‍ ഏക സിവിൽ​ കോഡ്​ നടപ്പിലാക്കണമെന്ന പരാമര്‍ശമുണ്ടെങ്കിലും അതിന് സമയമായിട്ടില്ല എന്നതുകൊണ്ടാണ് അത് മാറ്റിവെച്ചത്. ഏകീകൃത നിയമം ഉണ്ടാകണമെങ്കില്‍ ഒരു സമൂഹം പൂര്‍ണമായി സാമൂഹിക ഘടനയ്ക്കുള്ളിലെ ധാര്‍മികതയെ തള്ളിപ്പറഞ്ഞ്​, നിയമത്തിന്റെ ധാര്‍മികത ഉള്‍ക്കൊള്ളണം. ഈ തലത്തിലേക്ക് ഇന്ത്യന്‍ ജനത പരിവര്‍ത്തനപ്പെട്ടോ? ജാതിയും ഗോത്രവും മതവും മതാധികാരവും ആചാരവും വ്യക്തിയെക്കാള്‍ സ്വാധീനിക്കുന്ന ഒന്നായി മാറിയിട്ടില്ലെങ്കില്‍ നമുക്ക്​ വ്യക്തി സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഈ ഏകീകൃത നിയമം നടപ്പിലാക്കാമായിരുന്നു.

സംവരണ ദര്‍ശനത്തിന്റെ കടകവിരുദ്ധമായ ഒരാശയത്തെ സാമാന്യയുക്തിയില്‍ ശരിയെന്ന് തോന്നിപ്പിക്കാന്‍ സാമ്പത്തിക സംവരണത്തിന് കഴിഞ്ഞു. ഏതാണ്ട് അതേ അവസ്ഥയിലാണ് ഏക സിവിൽ കോഡും പുരോഗമന ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും സ്വീകരിക്കാനാവുക.

സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന്​ ആദ്യം വാദിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സി.പി.എമ്മുമായിരുന്നു. സാമുദായിക പിന്നാക്കാവസ്ഥയെ സാമ്പത്തികാടിത്തറയുള്ള ഒന്നാണെന്ന് വ്യാഖ്യാനിച്ചാണ് സാമ്പത്തിക സംവരണത്തെ അവര്‍ നീതീകരിച്ചത്. ജാതിയും ജാതിഘടനയാല്‍ കെട്ടപ്പെട്ട സാമൂഹിക ഘടനയുമാണ് മനുഷ്യര്‍ക്ക് അന്തസ്സും അഭിമാനവും അവസരങ്ങളും നല്‍കുകയോ അല്ലെങ്കില്‍ തടയുകയോ ചെയ്യുന്നത് എന്ന സംവരണത്തിന്റെ അടിസ്ഥാന തത്വത്തെ സാമ്പത്തിക പിന്നാക്കാവസ്ഥയെന്ന വര്‍ഗ്ഗസമീപനത്തിലൂടെ അട്ടിമറിക്കുകയായിരുന്നു. എന്നാല്‍ സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങളില്‍ വന്‍ അന്തരം ഉണ്ടായിരിക്കുകയും, മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് വരുമാനപരിധി കൂടുതലും മറ്റ് ആസ്തിവരുമാനത്തിന്റെ നിരക്ക് പിന്നാക്കക്കാരെ അപേക്ഷിച്ച് കൂടുതലായിരിക്കുകയും ചെയ്യുക തുടങ്ങിയ അടിസ്ഥാന വസ്തുതകളെ മാനിക്കാതെയാണ് സാമ്പത്തിക സംവരണം കേരളത്തില്‍ നടപ്പിലാക്കിയത്. ഈ ആവശ്യം ഉന്നയിച്ച് ആരെങ്കിലും സമരമോ സത്യാഗ്രഹമോ നടത്തിയോ? ഇല്ല. മുന്നാക്കക്കാരുടെ പിന്നാക്കാവസ്ഥ ഇടതുപക്ഷത്തിന്റെ സ്വാഭാവിക അജണ്ടയായി മാറുന്നു. സംവരണ ദര്‍ശനത്തിന്റെ കടകവിരുദ്ധമായ ഒരാശയത്തെ സാമാന്യയുക്തിയില്‍ ശരിയെന്ന് തോന്നിപ്പിക്കാന്‍ സാമ്പത്തിക സംവരണത്തിന് കഴിഞ്ഞു.

ഏതാണ്ട് അതേ അവസ്ഥയിലാണ് ഏക സിവിൽ കോഡും പുരോഗമന ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും സ്വീകരിക്കാനാവുക. അതിനെ അവർക്ക്​ അംഗീകരിക്കേണ്ടി വരും. കോണ്‍ഗ്രസ്​ ഒരു ദേശീയ പാര്‍ട്ടിയാണ്​, അത് ഏറിയും കുറഞ്ഞും ഇന്ത്യയുടെ ദേശീയതാവാദത്തെ അംഗീകരിക്കുകയും ചെയ്യുന്നു. അതിദേശീയതാ വാദമുയർത്തുന്ന ബി.ജെ.പി- സംഘപരിവാര്‍ രാഷ്ട്രീയം ശക്തമായ ഭരണവര്‍ഗമായിനിലനില്‍ക്കുമ്പോള്‍ ദേശീയമായ ഒരു കാഴ്ചയില്ലാതെ കോണ്‍ഗ്രസിന്​ മുന്നോട്ട് പോകാനാകില്ല.

ഇന്ത്യയില്‍ ദേശീയതാവാദം ഹൈന്ദവവും സവര്‍ണവുമാണെന്ന് അതിന്റെ ചരിത്രം വെളിവാക്കുന്നു. ഗാന്ധി ജാതിയെ പോലും അംഗീകരിച്ചത്, ഒരു ദേശീയതാ സമുദായം, ഹിന്ദു സമൂഹത്തിലൂടെയാണ്​ ഇന്ത്യയിൽ പുലരാന്‍ പോകുന്നത് എന്ന യാഥാര്‍ത്ഥ്യം മനസ്സിലായതുകൊണ്ടാണ്​. മാത്രമല്ല, തൊട്ടുകൂടായ്മയെ ഒരു ആഭ്യന്തര പ്രശ്‌നമായി കാണുകയും, ഇന്ത്യ സ്വതന്ത്രമായാല്‍ പരിഹരിക്കാന്‍ കഴിയുന്ന ഒരു സാമുദായിക പ്രശ്‌നവുമായി വിലയിരുത്തുകയും ചെയ്​തു ഗാന്ധി. ഇപ്പോഴും ഏറിയും കുറഞ്ഞും ജാതിയെയും അതിന്റെ അന്തരങ്ങളെയും കുറച്ചുകൊണ്ടുവന്ന്​ ഏകീകൃത ഹിന്ദുസമൂഹത്തെ ഉണ്ടാക്കിയെടുക്കാനാണ് സംഘപരിവാറും മറ്റ് ഹിന്ദു സംഘടനകളും ശ്രമിക്കുന്നത്​. ഏക സിവിൽ കോഡ്​ അത്തരത്തില്‍ ഹിന്ദുസമൂഹത്തെ കാര്യമായി ബാധിക്കുന്ന ഒന്നല്ല. പിന്‍തുടര്‍ച്ചാവകാശം, വിവാഹമോചനം, സത്രീയും പുരുഷനുമുള്ള അവകാശം എന്നിവ ഈ സമൂഹത്തില്‍ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന നിയമത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

കോണ്‍ഗ്രസിനോ ഇടതുപക്ഷത്തിനോ ഏകീകൃത നിയമത്തെ പൂര്‍ണമായും തള്ളിക്കളയാനാകില്ല. അത് നടപ്പിലാക്കുന്നതിലുള്ള വര്‍ഗീയ അജണ്ടയും സംഘപരിവാറിന്റെ ദുഷ്ടലാക്കും വിമര്‍ശിക്കപ്പെടാമെങ്കിലും കാതലായി ഈ നിയമത്തെ എങ്ങനെ തള്ളും എന്നത് കാത്തിരുന്ന് കാണാനേ പറ്റൂ.

എന്നാല്‍, ഹിന്ദുവായ ആര്‍ക്കും ഏത് ഹിന്ദുവിനെയും വിവാഹം കഴിക്കാമോ എന്ന മറുചോദ്യം പ്രസക്തമാണ്. അത് പാടില്ല എന്ന് നിയമത്തില്‍ പറയുന്നില്ല. അങ്ങനെ ആരെങ്കിലും വിവാഹം നടത്തിയാല്‍ നിയമം കൊണ്ട് അത്തരം വിവാഹത്തെ അസാധുവാക്കാന്‍ കഴിയില്ല. എന്നാല്‍ നിലനില്‍ക്കുന്ന നിയമം അതിനെ സാധുവാക്കും. ജാതികള്‍ തമ്മിലുള്ള വിവാഹം സ്വാഭാവികമായി നടക്കുന്ന ഒന്നല്ല. ഹിന്ദു സമൂഹം ഇന്നും ജാതിയേതര വിവാഹത്തെ അനുകൂലിക്കുന്നില്ല. കേരളത്തിലാണെങ്കില്‍ പത്രപരസ്യത്തില്‍ തന്നെ ‘പട്ടികജാതി- വര്‍ഗത്തില്‍പ്പെട്ടവര്‍ വേണ്ട’ എന്ന് യുക്തിവാദിയായ വിവാഹാലോചനക്കാരന്‍ പോലും പറയും. അതിലൊന്നും അസ്വാഭാവികമായി ഒന്നും പൊതുസമൂഹത്തിന് തോന്നാറുമില്ല. ഹിന്ദു മതത്തിലെ ബ്രാഹ്‌മണ്യ മൂല്യങ്ങള്‍ സാമാന്യ ബോധമായി മാറിയിരിക്കുന്നതുകൊണ്ടാണ് ജാതിയെ മറികടന്നുള്ള ജീവിതം അസ്വാഭാവികമായി തോന്നുന്നത്. എന്നാല്‍ നഗരകേന്ദ്രിത ജീവിതം നയിക്കുന്ന വിദ്യാസമ്പന്നരിൽ ജാതി, വിവാഹത്തിന് ഒരു തടസ്സമായി മാറുന്നില്ല. ഗ്രാമങ്ങളില്‍ ജാതിഘടന വലിയതോതില്‍ പൊട്ടിക്കപ്പെടാത്തതുകൊണ്ടാണ് അവിടെ ജാതിക്കുപുറത്തുള്ള വിവാഹം പലപ്പോഴും തടയപ്പെടുന്നത്​.

ഘടനാപരമായി തടസ്സം കല്‍പ്പിക്കുന്ന ഒന്നിനെയും പിന്താങ്ങാൻ ലിബറല്‍ വ്യക്തികള്‍ക്കോ പ്രസ്ഥാനത്തിനോ കഴിയില്ല. അതുകൊണ്ട് കോണ്‍ഗ്രസിനോ ഇടതുപക്ഷത്തിനോ ഏകീകൃത നിയമത്തെ പൂര്‍ണമായും തള്ളിക്കളയാനാകില്ല. അത് നടപ്പിലാക്കുന്നതിലുള്ള വര്‍ഗീയ അജണ്ടയും സംഘപരിവാറിന്റെ ദുഷ്ടലാക്കും വിമര്‍ശിക്കപ്പെടാമെങ്കിലും കാതലായി ഈ നിയമത്തെ എങ്ങനെ തള്ളും എന്നത് കാത്തിരുന്ന് കാണാനേ പറ്റൂ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധമൊന്നും ഈ നിയമത്തിനെതിരെ വരില്ല. കാരണം, ഇന്ത്യന്‍ പൗരരെ രണ്ട് തട്ടിലാക്കിയുള്ള നിര്‍വചനമായിരുന്നു പൗരത്വ ഭേദഗതി ബില്ലെങ്കില്‍ പൗരരിലെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ആഴത്തെ നിര്‍മ്മിച്ചെടുക്കാനുള്ളതാണ് ഏക സിവിൽ കോഡ്. ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ പോലെ ഏത് വ്യക്തിക്കും കുറ്റത്തിനനുസരിച്ച് ശിക്ഷ ലഭിക്കുന്നു എന്ന ഏകീകൃത മാനം ഈ നിയമം പാലിക്കുന്നുണ്ട്. പൗരരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നായിരുന്നു പൗരത്വ ബില്ലെങ്കില്‍ ഇന്ത്യന്‍ പൗരരെ, അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ, മതമോ ജാതിയോ മറ്റ് വേര്‍തിരിവുകളോ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താനാണ് ഏകീകൃത നിയമം സിദ്ധാന്തപരമായി ശ്രമിക്കുന്നത്. അത് നടപ്പിലാക്കുമ്പോള്‍ സമൂഹത്തില്‍ മത-സാമുദായിക കലഹങ്ങള്‍ കൂടാന്‍ സാധ്യതയുണ്ടെങ്കിലും അതുകൊണ്ട് ഒരു നിയമം വേണ്ടെന്ന് വെക്കുന്നത്​ പുരോഗമന സ്വഭാവമുള്ള സമൂഹത്തിനോ ജനാധിപത്യ രൂപങ്ങള്‍ക്കോ യോജിക്കുന്നതല്ല.

എന്നാല്‍, ബി.ജെ.പി ഈ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്​, ഭരണഘടനയുടെ അടിസ്ഥാന ശിലയായ വ്യക്തിസ്വാതന്ത്ര്യത്തെ ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയല്ല. അവരുടെ ഉദ്ദേശ്യം മുസ്​ലിം വിരുദ്ധ രാഷ്ട്രീയമാണെന്നു കരുതുന്നതിലും തെറ്റില്ല. കാരണം, 200 ല്‍ പരം എം.പി മാരുള്ള ബി.ജെ.പിയ്ക്ക് പാര്‍ലമെന്റില്‍ ഒരു മുസ്​ലിം പ്രതിനിധി പോലുമില്ല. അവരുടെ മന്ത്രിസഭയില്‍ ഒരു മുസ്​ലിം പ്രതിനിധിയില്ല. ഗുജറാത്തിലെ 25 സീറ്റില്‍ ഒരു മുസ്​ലിം പ്രതിനിധിയില്ല. യു.പിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കണ്ടുവരുന്ന മുസ്​ലിം വിരുദ്ധതയെ ഒരു ദേശീയ പോരാട്ടമായി വിശേഷിപ്പിക്കുന്ന സംഘപരിവാറുകള്‍ നിയമത്തെയും മുസ്​ലിം അപരവല്‍ക്കരണത്തിനായി ഉപയോഗിക്കുന്നുവെന്നേയുള്ളൂ.

സംഘപരിവാറിന് മുന്‍തൂക്കമുള്ള ഒരു സര്‍ക്കാര്‍ ഏക സിവിൽ കോഡ്​ കൊണ്ടുവരുമ്പോള്‍ പട്ടികജാതിക്കാര്‍ക്ക് ആശങ്കയുണ്ട്.

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഈ നിയമം വലിയ ഭീഷണിയുണ്ടാക്കുന്നില്ല. പിന്തുടര്‍ച്ചാവകാശം, വിവാഹമോചനം എന്നീ കാര്യങ്ങളിൽ ആണ്‍- പെണ്‍ വ്യത്യസ്തതകള്‍ ഇല്ലാതാക്കാനുള്ള ആഗ്രഹം അവരില്‍ പ്രകടമാണ്. സാമ്പത്തിക യുക്തിയും വ്യക്തിസ്വാതന്ത്ര്യവും അരമനകളിലും മറ്റ് അനുഷ്ഠാന കാര്യങ്ങളിലും വരാത്തിടത്തോളം കാലം അവര്‍ ഒരു നിയമത്തെയും എതിര്‍ക്കില്ല. എന്നാല്‍ മണിപ്പൂരിലെ കലാപം ക്രിസ്ത്യന്‍ വംശഹത്യയിലേക്ക് നീങ്ങിയതായി അവര്‍ തിരിച്ചറിയുന്നുണ്ട്​. മേരി റോയിയുടെ നിയമപോരാട്ടവും സ്വത്തില്‍ തുല്യാവകാശം സ്ത്രീകള്‍ക്കും ലഭിക്കണമെന്ന ആവശ്യവും ക്രിസ്ത്യന്‍ സഭകളും സമുദായങ്ങളും വൈകിയെങ്കിലും അംഗീകരിച്ചതായാണ് മനസ്സിലാക്കേണ്ടത്.

സംഘപരിവാറിന് മുന്‍തൂക്കമുള്ള ഒരു സര്‍ക്കാര്‍ ഏക സിവിൽ കോഡ്​ കൊണ്ടുവരുമ്പോള്‍ പട്ടികജാതിക്കാര്‍ക്ക് ആശങ്കയുണ്ട്. ഭരണഘടനയുടെ കാതലായ പലതും- സംവരണതത്വം ഉള്‍പ്പടെ- അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യവിഭാഗങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടിയെന്ന നിലയില്‍ ഭാവിയില്‍, പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ ക്രമേണ ഇല്ലാതാക്കാനുള്ള ആഗ്രഹം ബി.ജെ.പിക്ക് ഉണ്ടാകുമോ? ഈ നിയമം നടപ്പിലാക്കുക വഴി ഭാവിയില്‍ അവരുടെ അവകാശവും ഇല്ലാതാകുമോ എന്നതാണ് ആശങ്കയ്ക്ക് ആധാരം.

മേരി റോയ്

മതരൂപങ്ങള്‍ക്കപ്പുറം സ്ത്രീപക്ഷ ദര്‍ശനം മുന്നോട്ട് വെക്കുന്നവരും ഈ നിയമത്തെ സ്വാഗതം ചെയ്യുന്നുണ്ട്. വിവാഹം എന്ന സാമൂഹ്യസ്ഥാപനത്തെ മതത്തിന്റെ ആചാരത്തില്‍പ്പെടുത്തി ആണിനും പെണ്ണിനും വിവചേനപരമായ പ്രത്യേക പദവിയും അവകാശവും പതിച്ചുനല്‍കി, കുട്ടികളെ പ്രസവിക്കാനും വളര്‍ത്താനും മാത്രം പ്രാഥമികമായി പെണ്ണിനെ പാകമാക്കിയും ആണിനെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പരമാധികാരികളാക്കുകയും ചെയ്യുന്ന വ്യവസ്ഥയെ അടിത്തട്ടില്‍ ഉലയ്ക്കാന്‍ ഏക സിവിൽ​ കോഡിന്​ കഴിഞ്ഞേക്കും. സ്വത്തും അധികാരവും കേന്ദ്രീകൃതമാവുന്ന മത രൂപ- ആണധികാരത്തിന് ഈ നിയമം ഇഷ്ടമല്ല. ഈ യുക്തി സാമാന്യബോധമായി കരുതുന്ന സ്ത്രീകള്‍ക്കും ഇത് ഇഷ്ടപ്പെടില്ല. സമൂഹഘടനയിലെ അധികാരരൂപത്തെ ചോദ്യം ചെയ്യാന്‍ സഹായിക്കുന്ന ഏത് നിയമത്തെയും സ്വാഗതം ചെയ്യാനേ പുരോഗമന ചിന്താഗതിയുള്ള വിഭാഗങ്ങള്‍ക്ക് കഴിയൂ.

ഭൗതികമാറ്റം സാധ്യമല്ലാത്ത ഒരു സമൂഹത്തിന് 'വ്യക്തി' സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനാവുമോ? ഇല്ല എന്നാണുത്തരം.

അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയാണ്. വ്യക്തി സ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കുന്ന ഇത്തരം നിയമങ്ങള്‍ അഭിമുഖീകരിക്കാത്ത കാതലായ ഒരു ചോദ്യമുണ്ട്. ഇന്ത്യയില്‍ പൂര്‍ണ്ണമായും 'വ്യക്തി' യായത് ആരാണ്? സമൂഹങ്ങളിൽനിന്നും സമുദായങ്ങളില്‍ നിന്നും 'വ്യക്തി' വിടുതല്‍ വാങ്ങിയോ? വ്യക്തികള്‍ക്ക് സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക- മൂലധനത്തിന്‍മേല്‍ തുല്യത ലഭിച്ചോ? ഭൂമിയും മറ്റ് വിഭവങ്ങളും ജാതിയുടെയും മതത്തിന്റെയും അധീശത്വരൂപങ്ങളുടെ കൈപിടിയില്‍ നിന്ന്​ വിടുതല്‍ വാങ്ങിയോ? ഭൗതികമാറ്റം സാധ്യമല്ലാത്ത ഒരു സമൂഹത്തിന് 'വ്യക്തി' സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനാവുമോ? ഇല്ല എന്നാണുത്തരം. അതുകൊണ്ടായിരിക്കണം, ഏക സിവിൽ കോഡ്,​ പുരോഗതി കൈവരിച്ച ഒരു സമൂഹത്തില്‍ നടപ്പിലാക്കേണ്ടതാണെങ്കിലും, ഇപ്പോള്‍ അതിന്​ പാകമായിട്ടില്ല എന്ന്​ ഭരണഘടനാ സമിതിയിലെ ചില അംഗങ്ങള്‍ അന്ന്​ ചൂണ്ടിക്കാട്ടിയത്​.

Comments