Photo: Fearless Collective / flickr

‘പൊതു നീതി’യിൽ നിന്ന് പുറത്താകുന്ന
മുസ്​ലിംകൾ എന്തുചെയ്യണം?

ഏക സിവിൽ കോഡ്​ മുസ്​ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ്​ എന്ന വാദം, നിലവിലെ യാഥാർഥ്യങ്ങൾ വച്ചു നോക്കിയാൽ അബദ്ധം നിറഞ്ഞ ഒന്നായിരിക്കുമെന്ന്​ വിശദീകരിക്കുകയാണ്​ മുഹമ്മദലി കിനാലൂർ.

‘ഒരു രാജ്യം ഒരു നിയമം’ എന്നതാണ് ഏകസിവിൽ കോഡിനെ അനുകൂലിക്കുന്നവരുടെ ഭാഷ്യം. അത് ഏതുരാജ്യം എന്ന ചോദ്യം പ്രസക്തമാകുന്ന സാഹചര്യമുണ്ട്, ഇന്ത്യയിൽ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോഴും ഇതായിരുന്നു തുറുപ്പുചീട്ട്. ഒരു സംസ്ഥാനത്തിന് മാത്രമായി പ്രത്യേകാവകാശങ്ങൾ ആവശ്യമില്ല. അങ്ങനെയാണ് 370-ാം വകുപ്പ് എടുത്തുകളയുന്നത്. പക്ഷേ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി വാഗ്ദാനം ചെയ്യുന്ന അനുച്ഛേദം 371 അവിടെത്തന്നെയുണ്ട്. അത് റദ്ദാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതയുമാണ്.
‘ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന് ലഭിച്ചിരുന്ന പ്രത്യേക പദവി റദ്ദാക്കിയതു പോലെ 371-ാം അനുച്ഛേദവും എടുത്തുകളയുമെന്ന് പ്രചാരണമുണ്ട്. പക്ഷേ, അങ്ങനെ സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു’- വടക്കു കിഴക്കൻ സംസ്ഥാന കൗൺസിലിന്റെ 68-ാം പ്ലീനറി സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞതാണിത്. അനുച്ഛേദം 371- നു കീഴിൽ വരുന്ന സവിശേഷാധികാരങ്ങൾ അവസാനിപ്പിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ പൊതുവ്യവസ്ഥ കൊണ്ടുവരണം എന്നാഗ്രഹിക്കാത്ത ബി.ജെ.പിക്ക് ഏക സിവിൽ കോഡിനെക്കുറിച്ച് പൊടുന്നനെ വിചാരമുണ്ടായത് ഒട്ടും നിഷ്കളങ്കമല്ല.

ഏക സിവിൽ കോഡിന്റെ പരിധിയിൽ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി, ഗോത്ര വർഗ വിഭാഗങ്ങളെയും ക്രൈസ്തവരെയും ഒഴിവാക്കുമെന്നാണ് വാർത്തകൾ. അങ്ങനെയെങ്കിൽ, കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന സിവിൽ കോഡ് എങ്ങനെയാണ് 'ഏകം' ആവുക? ക്രൈസ്തവർക്ക് അവരുടെ വ്യക്തിനിയമം പിന്തുടരാം. ആദിവാസികൾക്കും ഗോത്രവർഗങ്ങൾക്കും അതിനു തടസ്സമില്ല. ഇന്ത്യയിലെ ഹിന്ദുസമുദായത്തിൽ നിലനിൽക്കുന്ന ആചാരവൈവിധ്യങ്ങൾ (അതിൽ പലതും ജാതിയാചാരങ്ങളുമാണ്) അതേപടി മുന്നോട്ടുകൊണ്ടുപോകുന്നതിനും വ്യവസ്ഥയുണ്ടാകും. അപ്പോൾപിന്നെ ഈ നിയമം ലക്ഷ്യമിടുന്നതാരെ? നിശ്ചയമായും അത് മുസ്‌ലിംകളെയാകും. അങ്ങനെയങ്കിൽ ഈ നിയമത്തെ നിർദേശക തത്വത്തിലെ 44-ാം വകുപ്പ് വെച്ച് സാധൂകരിക്കാനാകില്ല. അത് കോടതിയിൽ നിലനിൽക്കില്ല. ഏതെങ്കിലും വിഭാഗങ്ങളെ ഒഴിവാക്കിയോ പ്രത്യേക വിഭാഗത്തിനുവേണ്ടി മാത്രമോ ഉള്ള നിയമമായല്ല ഭരണഘടനാ നിർമാതാക്കൾ ഏക സിവിൽ കോഡിനെ വിഭാവന ചെയ്യുന്നത്.

അമിത് ഷാ

എന്തുകൊണ്ട് ആർ.എസ്.എസ് / ബി.ജെ.പി, മുസ്‌ലിംകളെ ലക്ഷ്യം വെക്കുന്നു എന്ന ചോദ്യം ആർ.എസ്.എസിനെ അറിയുന്നവരാരും ഉന്നയിക്കില്ല. 'ഞങ്ങൾക്ക് പേടിക്കാനൊന്നുമില്ല, ഞങ്ങളെ സംഘ്പരിവാർ വെറുതെ വിടും’ എന്നാശ്വസിക്കുന്ന വിഭാഗങ്ങളോട് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്​ എത്രത്തോളം ആർദ്രമാകാൻ കഴിയും എന്ന ചോദ്യമുന്നയിക്കാതെയും പറ്റില്ല. തങ്ങൾക്ക് ക്രൈസ്തവരോട് ശത്രുതയില്ല എന്ന് തെളിയിക്കാൻ ചർച്ചുകളും സഭാനേതാക്കളുടെ അരമനകളും ബി.ജെ.പി നേതാക്കൾ സന്ദർശിച്ചത് വിദൂരകാല ഓർമയല്ല.

കഴിഞ്ഞ ഏപ്രിലിൽ, ഈസ്റ്റർ ദിനത്തിൽ കേരളത്തിലുൾപ്പടെ ക്രൈസ്തവരുടെ വിശ്വാസമാർജിക്കാൻ വീടുകൾതോറും കയറിയിറങ്ങി ബി.ജെ.പി നേതാക്കൾ. സഭാ ആസ്ഥാനങ്ങളിൽ അവർ അതിഥികളായി വരവേൽക്കപ്പെടുന്നതും അന്ന് നമ്മൾ കണ്ടതാണ്. വിചാരധാരയിലെ ക്രൈസ്തവ വിരുദ്ധ പരാമർശങ്ങൾ കൃതി എഴുതപ്പെട്ട കാലത്തെയാണ് സംബോധന ചെയ്യുന്നത് എന്ന് ന്യായീകരിക്കാനും ഇവിടെ ആളുണ്ടായി. എന്നിട്ടോ? ആ ഗാഢാലിംഗനത്തിന്റെ ചൂടണയുംമുമ്പേ മണിപ്പൂരിൽ വംശീയ സംഘർഷം ആരംഭിച്ചു. മെയ് മൂന്നിന് ആരംഭിച്ച കലാപം ഇതുവരേയ്ക്കും അവസാനിച്ചിട്ടില്ല. ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള വംശഹത്യയാണ് മണിപ്പൂരിൽ നടക്കുന്നതെന്ന്, നേരത്തെ ബി.ജെ.പി / ആർ.എസ്.എസ് അനുകൂല നിലപാട് കൈക്കൊണ്ട സഭാധ്യക്ഷന്മാർക്കുതന്നെ പറയേണ്ടിവന്നു.

ഈസ്റ്റര്‍ ദിനത്തില്‍ കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കലിനെ സന്ദര്‍ശിച്ച കെ. സുരേന്ദ്രന്‍

ഭോപ്പാലിൽ ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിക്കുന്ന ബി.ജെ.പി പ്രാദേശിക നേതാവിന്റെ ദൃശ്യം പുറത്തുവന്നത് ഈയിടെയാണ്. കഴിഞ്ഞ ആഴ്ച മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ നടന്ന ക്ഷേത്രോത്സവത്തിൽ ദലിതുകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. പ്രസാദം പ്രതീക്ഷിച്ചെത്തിയ ദലിത് കുടുംബങ്ങൾക്ക് അത് കയ്യിൽ നേരിട്ടു കൊടുക്കാനുള്ള മനസുണ്ടായില്ല ഉന്നത ജാതിക്കാർക്ക്. അവർ പ്രസാദം എറിഞ്ഞുകൊടുത്തു എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആർ.എസ്.എസ് വിഭാവന ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിൽ ദലിതുകളുടെ സ്ഥിതി എന്താകുമെന്നതിന്റെ ഉത്തരമാകുന്നുണ്ട് ഈ സംഭവം.

ഏക സിവിൽ കോഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോഴും ഹിന്ദുത്വ അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ക്രൈസ്തവർക്കോ ദലിതർക്കോ ഗോത്രവിഭാഗങ്ങൾക്കോ കഴിയില്ല. കാരണം ഹിന്ദുത്വയ്ക്ക് ഒരു കാലത്തും അപരരെ ഉൾക്കൊള്ളാൻ കഴിയില്ല. അപരത്വത്തെ നിഷേധിക്കുന്ന, അസഹിഷ്ണുതയെ പ്രമാണമാക്കിയ ഒരു പ്രത്യയശാസ്ത്രം ഇന്നാട്ടിലെ ന്യൂനപക്ഷ- ദലിത് വിഭാഗങ്ങളെ സ്നേഹിക്കുമെന്നു കരുതാനുള്ള ഒരു സന്ദർഭവും സംഘ്പരിവാറിന്റെ ഇതഃപര്യന്തമുള്ള ചരിത്രത്തിലോ വർത്തമാനത്തിലോ ഇല്ല. അതുകൊണ്ട് മുസ്‌ലിംകൾക്കു മാത്രം 'പണി കൊടുക്കാനുള്ളതാണ്' പരിവാറിന്റെ അടുക്കളയിൽ വേവുന്ന നിയമം എന്ന ആശ്വാസം വെറുതെയാണ്.

ഭോപ്പാലില്‍ ആദിവാസി യുവാവിന്റെ മുഖത്തേക്ക് മുത്രമൊഴിച്ച ബി.ജെ.പി നേതാവ്‌ പ്രവേശ് ശുക്ല

ബി.ജെ.പിയുടെ ലക്ഷ്യം 2024- ലെ പൊതുതിരഞ്ഞെടുപ്പാണ് എന്നൊരു വാദം പ്രബലപ്പെടുന്നുണ്ട്. അത് ഭാഗികമായി മാത്രമാണ് ശരിയാകുന്നത്. ഏക സിവിൽ കോഡ് ബിജെപിയുടെ ദീർഘകാല രാഷ്ട്രീയ/ വർഗീയ നിക്ഷേപമാണ്. 2024- ൽ ബി.ജെ.പി ഉയർത്തിക്കാട്ടുക അയോധ്യയിലെ രാമക്ഷേത്രമായിരിക്കും. ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് സുപ്രീംകോടതിയുടെ അനുമതിയോടെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ക്ഷേത്രം ഹിന്ദുവർഗ്ഗീകരണത്തിനു ഉപയോഗിക്കും ബി.ജെ.പി. അതിനുശേഷം എന്ത് എന്ന ചോദ്യത്തിന് ബി.ജെ.പി നൽകുന്ന ഉത്തരമാണ് ഏക സിവിൽ കോഡ്.

കഴിഞ്ഞ ഒമ്പത് വർഷം രാജ്യം ശിരസ്സ് കുനിച്ചുനിന്ന എത്രയോ അവസരങ്ങളുണ്ട്. ആൾക്കൂട്ട കൊലകൾ മുതൽ മണിപ്പൂരിലെ വംശഹത്യ വരെ. തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, മാധ്യമസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണങ്ങൾ, ന്യൂനപക്ഷ വേട്ടകൾ - ഇങ്ങനെ എണ്ണിപ്പറയാൻ എത്രയോ പ്രശ്നങ്ങൾ.

തിരഞ്ഞെടുപ്പുകാലങ്ങളിൽ ബി.ജെ.പി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. പൗരജീവിതത്തിന്റെ പുരോഗതി ഉറപ്പുവരുത്താവുന്ന ഒന്നും എടുത്തുകാട്ടാനില്ല. അതിന്റെയൊന്നും ആവശ്യമില്ലെന്നു ബി.ജെ.പിക്കറിയാം. ജനങ്ങളെ വർഗീയമായി പിളർത്തുന്നതിനുള്ള മരുന്നുകൾ മാത്രം കയ്യിലുള്ള ഒരു പാർട്ടി ഏക സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുന്നത് ഭരണഘടനയിലെ നിർദേശകതത്വം പാലിക്കാനുള്ള തിടുക്കം കൊണ്ടല്ല! കാട്ടുകോഴിക്കെന്ത് സംക്രാന്തി, ബി.ജെ.പിക്കെന്ത് ഭരണഘടന!!

Photo: Wikipedia

അണിയറയിൽ ഒരുങ്ങുന്നത് മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ള നിയമം ആണെന്നുവന്നാലും അത് പ്രതിരോധിക്കപ്പെടേണ്ടത് മതാത്മകമായല്ല, ജനാധിപത്യപരമായാണ്. ഒരു മതവിഭാഗത്തെ അപരവത്കരിക്കുന്നു, അവരെ 'പൊതുനീതി'യിൽ നിന്ന് പുറത്താക്കുന്നു എന്നത് അടിസ്ഥാനപരമായി ഒരു ഭരണഘടനാ പ്രശ്നം തന്നെയാണ്. ഇന്ത്യ എന്ന ആശയത്തെയാണ് അത് അപകടപ്പെടുത്തുക. അത് ആ നിലക്ക് സംബോധന ചെയ്യപ്പെടണം. മുസ്​ലിം പ്രശ്നമായി ഇതിനെ ചുരുക്കുന്നവർ ഫലത്തിൽ സംഘ്പരിവാറിന് മരുന്നിട്ടുകൊടുക്കുകയാണ്. അവർ ആഗ്രഹിക്കുന്നത് ബി.ജെ.പിയും മുസ്‌ലിംകളും തമ്മിലുള്ള ശണ്ഠയായി ഇതിനെ വികസിപ്പിക്കണമെന്നാണ്. പൗരത്വഭേദഗതി നിയമം അങ്ങനെയൊരു ശ്രമമായിരുന്നു. പക്ഷെ ഇന്ത്യ ഒറ്റമനസ്സോടെ ഒത്തുനിന്നാണ് അതിനെതിരെ പ്രതികരിച്ചത്. സമാനമായ പ്രതിഷേധം തന്നെ ഇക്കാര്യത്തിലുമുണ്ടാകേണ്ടത്. ‘മുസ്​ലിംകളെ വേട്ടയാടുന്നേ’ എന്ന നിലവിളിയല്ല, ജനാധിപത്യപരവും നിയമപരവുമായ തീരുമാനങ്ങളാണ് മുസ്​ലിം സമുദായത്തിൽ നിന്നുണ്ടാകുന്നത് എന്നത് ശുഭോദർക്കമാണ്.

ഈ നിയമം രാജ്യത്ത് നടപ്പാക്കാനുള്ളതല്ല, മുസ്‌ലിംകളെ ഭയപ്പെടുത്താനുള്ളതാണ്. അതിനുവേണ്ടിയാണ് ക്രൈസ്തവർ ഉൾപ്പെടെയുള്ളവർക്ക് ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചത്.
'നിങ്ങളുടെ കാര്യം പോക്കാണ്' എന്ന് മുസ്‌ലിംകളോട് പറയുകയാണ് സംഘ്പരിവാർ. അതുമാത്രം മതി ബി.ജെ.പിക്ക് ദീർഘകാലം 'പെഴച്ചുപോകാൻ' എന്ന് പാർട്ടിനേതൃത്വം കണക്കുകൂട്ടുന്നു. ആ കെണിയിൽ വീണുപോകാതിരിക്കാനാണ് മുസ്​ലിം സമുദായം ശ്രദ്ധിക്കേണ്ടത്. ഇന്ത്യ എന്ന ആശയം ദുർബലപ്പെടുത്താൻ, അതിന്റെ വേരുകൾ അറുത്തുമാറ്റാൻ ഒരു പാർട്ടിക്കും കഴിയില്ല. അധികാരം കാലാന്തരേണ ദുഷിക്കും. ആ ദുഷിപ്പ് രാജ്യത്തിന്റെ വ്രണമായി പൊട്ടിയൊലിക്കും. ആ വ്രണം മരുന്നുവെച്ച് നിശ്ചിതകാലംവരേയ്ക്കും മറച്ചുപിടിക്കാൻ കോർപ്പറേറ്റുകൾ ശ്രമിക്കും. കാരണം, അവരുടെ നിലനിൽപിന്റെ പ്രശ്നമാണത്. പക്ഷേ ദുർഗന്ധം അസഹ്യമാകുമ്പോൾ അവരും മാറ്റം ആഗ്രഹിക്കും.

Photo: BJP Website

ദൽഹിയിൽ നിന്നുള്ള ദുർഗന്ധം ഇപ്പോൾ രാജ്യമാകെ പരക്കുന്നുണ്ട്. അതിനോടുള്ള പ്രതികരണമാണ് കർണാടകയിലും കഴിഞ്ഞദിവസം പശ്ചിമബംഗാളിലും കണ്ടത്. അംബാനി- അദാനിമാരുടെ ചങ്ങാത്തം കൊണ്ടുമാത്രം പിടിച്ചുനിൽക്കാൻ കഴിയാത്ത നിലയിലാണ് ബി.ജെ.പി. ദൽഹിയിലെ അധികാര ഇടനാഴികളിൽ നിന്നു വമിക്കുന്ന ദുർഗന്ധത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ആർ.എസ്​.എസിന്റെ / ബി.ജെ.പിയുടെ കുരുട്ടുബുദ്ധിയാണ് ഏക സിവിൽ കോഡ്. വർഗീയ മാലിന്യത്തിൽ അന്നം തിരയുന്ന മനുഷ്യരെ അല്പകാലത്തേക്ക് സന്തോഷിപ്പിക്കാൻ ഇത് മതിയായേക്കും. പക്ഷേ തങ്ങളുടെ പാർട്ടി കുഴിവെട്ടുന്നത് മുസ്​ലിംകൾക്കല്ല, രാജ്യത്തിന് തന്നെയാണ് എന്ന തിരിച്ചറിവിലേക്ക് അവരിലെ അടിത്തട്ട് ജനതയ്ക്കെങ്കിലും ഉണരാതിരിക്കാൻ കഴിയില്ല. അതിനു ഏറെക്കാലം കാത്തിരിക്കേണ്ടിയും വരില്ല.

ഒരു രാജ്യം ഒരു നിയമം എന്നതിനെ നീട്ടിപ്പറഞ്ഞാൽ ഒരു രാജ്യം, ഒരു നേതാവ്, ഒരു പാർട്ടി, ഒരു മതം, ഒരു വിശ്വാസം, ഒരു ഭാഷ, ഒരേ ഭക്ഷണം എന്നൊക്കെയാകും. ഫാഷിസ്റ്റ് സ്വഭാവമുള്ള ഏത് ഭരണകൂടവും അതാഗ്രഹിക്കും. ആ ആഗ്രഹം ചെന്നുതറയ്ക്കുന്നത് ജനാധിപത്യത്തിന്റെ നെഞ്ചിലായിരിക്കും. അത് അനുവദിച്ചുകൊടുക്കണോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ആ ചോദ്യത്തെ അഭിമുഖീകരിക്കാൻ ഇന്ത്യയിലെ ജനാധിപത്യവാദികളെയും മതനിരപേക്ഷ പ്രസ്ഥാനങ്ങളെയും പ്രാപ്തമാക്കുക എന്നതാണ് മുസ്​ലിം സമുദായവും അവർക്കിടയിലെ വിവിധ സംഘാടനങ്ങളും ഇന്നേരത്ത് ചെയ്യേണ്ടത്. അതിനപ്പുറമുള്ള ഏത് വൈകാരിക, മതാത്മക പ്രതികരണവും സന്തോഷിപ്പിക്കുക ആർ.എസ്. എസിനെ മാത്രമായിരിക്കും.

Comments