കുടുംബ കോടതിയിൽ ജഡ്ജിയില്ല, കേസുകൾ നീളുന്നു, പരാതിക്കാർ പ്രതിസന്ധിയിൽ

വൈവാഹിക തർക്കങ്ങൾ ഏറ്റവും വേഗത്തിൽ തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് കുടുംബകോടതികൾ സ്ഥാപിക്കപ്പെട്ടത്. അതിന്റെ തുടർച്ചയിൽ മൂന്ന് വർഷം മുമ്പ് വടകരയിൽ സ്ഥാപിക്കപ്പെട്ട കുടുംബ കോടതി പക്ഷെ ഒമ്പത് മാസത്തോളമായി പ്രവർത്തനം നിലച്ചിട്ട്.

രണ്ടായിരത്തിലധികം കേസുകളാണ് കെട്ടിക്കിടക്കുന്നത്. അനന്തമായി നീളുന്ന കേസുകളിലൂടെ നിരവധി പേർക്കാണ് നീതി നിഷേധിക്കപ്പെടുന്നത്. ജീവനാംശം വിധിച്ച കേസുകളിൽ കോടതി മുഖേന കക്ഷികൾക്ക് തുക നൽകിയിരുന്നതും നിലച്ചിരിക്കുകയാണ്. വടകര കുടുംബ കോടതിയിലെ ജഡ്ജി കഴിഞ്ഞ മേയിൽ സ്ഥലം മാറിപ്പോയ ശേഷം പുതിയ ജഡ്ജിയെ ഇതുവരെ നിയമിച്ചിട്ടില്ല എന്നതാണ് കോടതിയുടെ പ്രവർത്തനങ്ങൾ നിലയ്ക്കാൻ കാരണം.

നിലവിൽ ആഴ്ചയിൽ ഒരു ദിവസം കോഴിക്കോട് കോടതിയിൽ നിന്ന് ജഡ്ജി എത്തി വടകര കുടുംബ കോടതിയിൽ സിറ്റിംഗ് ചേരുന്നുണ്ടെങ്കിലും അടിയന്തര കേസുകൾ മാത്രമാണ് പരിഗണിക്കുന്നത്.

ഡിവോഴ്സ് കേസുകളിൽ അന്തിമ വിധി വൈകുന്നത് പുനർവിവാഹ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ്. കോടതി മുഖേന ജീവനാംശം നൽകുന്നത് നിലച്ചതോടെ ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യവുമാണുള്ളത്.

ജഡ്ജിയുടെ അഭാവം കാരണം കോടതിയുടെ പ്രവർത്തനം തടസ്സപ്പെടുന്നത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാറെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.

Comments