ഭരണകൂടവീഴ്​ചക്കുള്ള പഴി ഭരണഘടനക്കുമേലോ?

വേണ്ടത്ര മുന്നൊരുക്കങ്ങളോടെ നടത്തിയ ഒരു ഭരണഘടനാ വിമർശനം ആയിരുന്നുവെങ്കിൽ സജി ചെറിയാന്റെ പ്രസംഗം, ഭരണഘടന എന്തെന്നുതന്നെ പിടിയില്ലാത്ത ഒരു വിഭാഗം രാഷ്ട്രീയ പ്രതിയോഗികൾക്കും അത് എന്തെന്ന് അറിയാവുന്നതുകൊണ്ടുതന്നെ അതിനെ ഇല്ലാതാക്കണം എന്നുവാദിക്കുന്ന മറ്റൊരു വിഭാഗം പ്രതിയോഗികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു വടിയായി മാറില്ലായിരുന്നു. വിശാഖ്​ ശങ്കർ എഴുതുന്നു.

Truecopy Webzine

രു രാജ്യത്തിന്റെ ഭരണഘടന എന്നത് വിമർശനാതീതമാണോ?
അതിലെ അപര്യാപ്തതകൾ ചൂണ്ടിക്കാണിക്കുന്നത്, തിരുത്തലുകളും പരിഷ്‌കാരങ്ങളും നിർദേശിക്കുന്നത് കുറ്റകരമാണോ? മതരാഷ്ട്രങ്ങളിലെ വിശുദ്ധഗ്രന്ഥങ്ങൾ എന്നപോലെ മനുഷ്യാതീത ശക്തികളാൽ നിർദേശിക്കപ്പെട്ടതും അതുകൊണ്ടുതന്നെ അന്തിമവും അനിഷേധ്യവുമായ ഒന്നാണോ ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഭരണഘടന?- ഭരണഘടനയുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇടപെട്ട്​ വിശാഖ്​ ശങ്കർ എഴുതിയ ലേഖനം ട്രൂ കോപ്പി വെബ്​സീനിൽ.

‘‘ഭരണകൂടവും ഭരണഘടനയും ഒന്നല്ല എന്നതാണ്. നാവുപിഴ എന്ന നിലയിൽ വാക്ക് മാറിപ്പോയതല്ല ഇവിടെ പ്രശ്‌നം, മറിച്ച് കാര്യകാരണ പൊരുത്തമാണ്. എത്ര മനോഹരമായ ഭരണഘടന ഉണ്ടായാലും അത് അതിന്റെ ‘കോൺസ്റ്റിറ്റ്യൂഷനൽ മൊറാലിറ്റി' ഉൾക്കൊണ്ട് നടപ്പിലാക്കാൻ പോന്ന ഒരു ഭരണകൂടം ഇല്ലെങ്കിൽ ഭരണഘടന വെറും സാഹിത്യം മാത്രമാവും. അപ്പോൾ ഒരു ജനാധിപത്യസമൂഹം എന്ന നിലയിൽ നമുക്കുവേണ്ടത് ഭരണഘടന മുമ്പോട്ടുവയ്ക്കുന്ന ‘കോൺസ്റ്റിറ്റ്യൂഷനൽ മൊറാലിറ്റി'ക്ക് അനുസൃതമായി ഭരണകൂടങ്ങൾ പ്രവർത്തിക്കുന്നു എന്നതാണ്. അതാണ് പ്രതിപക്ഷധർമം. ഇടതുരാഷ്ട്രീയം ഇന്ത്യയിൽ എന്നും പ്രതിപക്ഷമായിരുന്നു എന്നതുകൊണ്ടുതന്നെ ഇടത് രാഷ്ട്രീയ സംഘടനകൾ അത് മറക്കാനും പാടില്ല.’’

‘‘തൊഴിലും വേതനവും മാത്രമല്ല, മനുഷ്യയോജ്യമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഭരണഘടനയുടെ നിർദേശകതത്വങ്ങൾ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ മന്ത്രി സൂചിപ്പിക്കുന്ന, 1957-ലെ കേരള സർക്കാർ സ്വന്തമായ തൊഴിൽ നിയമങ്ങൾ ഉണ്ടാക്കാനല്ല, സംരക്ഷിക്കാനാണ് തീരുമാനിച്ചത്. എന്നിട്ടും ലിംഗഭേദമെന്യേ തുല്യജോലിക്ക് തുല്യവേതനം എന്ന ദർശനം സർക്കാർ മേഖലയ്ക്കുപുറത്ത് നടപ്പിലാക്കാൻ നമുക്ക് ഇന്നും കഴിഞ്ഞിട്ടില്ല. മുകളിൽ പറഞ്ഞ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. ലിവിങ് വേജസ് എന്നത് ഇനിയും സാധ്യമായിട്ടില്ലാത്ത തൊഴിൽ മേഖലകളുണ്ട്. ഇതിനൊക്കെ തടസം ഭരണഘടനയാണോ? അതെ എന്ന ധ്വനിയാണ് സജി ചെറിയാന്റെ പ്രസംഗം നൽകുന്നത്.’’

‘‘തൊഴിലാളിപക്ഷത്തുനിന്ന്, അവരുടെ അവകാശങ്ങളുടെ പക്ഷത്തുനിന്ന് ആണ് സജി ചെറിയാൻ സംസാരിക്കുന്നത് എന്നത് മനസിലാക്കാതെയല്ല. എന്നാൽ ഭരണകൂടം വരുത്തുന്ന വീഴ്ചകൾക്കുള്ള പഴി ഭരണഘടനയിൽ ചുമത്തുന്നതരം ഒരു പ്രസംഗം വഴി അദ്ദേഹം വർത്തമാന ഇന്ത്യൻ സാഹചര്യങ്ങളിൽ ഉയർത്തിവിടുന്ന വിപരീത അലകൾക്ക് മറ്റാരെയും പഴിക്കാനാവില്ല.’’

‘‘ഭരണഘടനയെ വാഴ്ത്താൻ ഒന്നര മിനിറ്റ് വേണ്ട, അര മിനിറ്റു മതി. എന്നാൽ അതിനോടുള്ള സാധുവായ ഒരു വിമർശനയുക്തി അവതരിപ്പിക്കാൻ ഒന്നര മിനിറ്റൊന്നും പോരാ. അതുകൊണ്ടുതന്നെ ഭരണഘടന വിമർശനാതീതമോ എന്ന ചോദ്യം തന്നെ ഇവിടെ ഇല്ലാതാവുന്നു. വിമർശിക്കുന്ന വിഷയത്തിന്റെ ഗൗരവവും കാലികപ്രസക്തിയും മനസിലാക്കി വേണ്ടത്ര മുന്നൊരുക്കങ്ങളോടെ നടത്തിയ ഒരു ഭരണഘടനാ വിമർശനം ആയിരുന്നുവെങ്കിൽ സജി ചെറിയാന്റെ പ്രസംഗം, ഭരണഘടന എന്തെന്നുതന്നെ പിടിയില്ലാത്ത ഒരു വിഭാഗം രാഷ്ട്രീയ പ്രതിയോഗികൾക്കും അത് എന്തെന്ന് അറിയാവുന്നതുകൊണ്ടുതന്നെ അതിനെ ഇല്ലാതാക്കണം എന്നുവാദിക്കുന്ന മറ്റൊരു വിഭാഗം പ്രതിയോഗികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു വടിയായി മാറില്ലായിരുന്നു.’’

വിശാഖ് ശങ്കർ
പിടിവള്ളിയാണ് ഭരണഘടന,
തട്ടിപ്പറിച്ച് താമരക്കുളത്തിൽ എറിയരുത്
ട്രൂ കോപ്പി​ വെബ്​സീൻ പാക്കറ്റ്​ 85
വായിക്കാം, കേൾക്കാം

Comments